സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു മാത്രമാക്കിയത്. സ്നേഹമുള്ള സഹാ എന്നായിരുന്നു അന്നൊക്കെ ഞാന്‍ കത്തുകളില്‍ വിളിച്ചിരുന്നത്, സഹദേവന് അതായിരുന്നു ഏറെയിഷ്ടം)

ഒാര്‍മ്മകളില്‍ എത്താറുണ്ടൊ പഴയകാലത്തിന്റെ നന്മകളൊക്കെ? പലതിനും സമയം കിട്ടാറില്ല എന്നെനിക്കറിയാം. പിന്നെ പുതിയതിനു വേണ്ടി കഴിഞ്ഞതിനെയൊക്കെ തൂത്തുവെടിപ്പാക്കാന്‍ ഒത്തിരിയൊന്നും മിനക്കെടേണ്ടതുമില്ല. മുറിവുപാടുകള്‍ ഉണങ്ങിപ്പൊഴിയുന്നതുപോലെ, മുടിയിഴകളില്‍ വെളുപ്പുനിറം പടരുന്നതുപോലെ, ഒക്കെ അറിയാതെതന്നെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍, ജീവിതത്തിലെ വളരെ വലുതും മറക്കാന്‍ കഴിയാത്തതുമായ കുറെയേറെ സംഭവങ്ങള്‍ക്ക് ഇക്കാലയളവിടയാക്കി. എനിക്കിപ്പൊള്‍ കുട്ടികള്‍ മൂന്നുപേരുണ്ട്. നടാഷ ആറാം ക്ലാസ്സില്‍. അവള്‍ക്കിപ്പൊ നിറയെ ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ടാവും, എല്ലാ ദിവസവും. അമേരിക്കയിലെ സ്കൂളുകളിലെ അധ്യായന നിലവാരത്തെക്കുറിച്ച് ജോണിനെന്നും പരാതിയാണ്. നാട്ടിലെ ഡി.പി.ഇ.പി യുടെ ഏതാണ്ടൊരു നേര്‍ഛേദമാണ് ഇവിടത്തെ സര്‍ക്കാരു പള്ളിക്കുടങ്ങളെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. നീതക്കും നയനക്കും രണ്ടു വയസ്സിന്റെ അകലമുണ്ട്. നീത കിന്‍ഡര്‍ ഗാര്‍ട്ടനില്‍ പോയിത്തുടങ്ങിയതെയുള്ളൂ.

 

 ഇക്കഴിഞ്ഞ വലിയ അവധിക്ക് ഞാനും കുട്ടികളും മാത്രം ഈരാറ്റുപേട്ടക്ക് പോയിരുന്നു. ജോണിന് നാടെന്ന് പറഞ്ഞു കേള്‍ക്കുന്നതുപോലും ഇഷ്ടപ്പെടില്ല. പിന്നെയാണോ പോകുന്നതിനെക്കുറിച്ചു പറയുന്നത്. അവസാനമായി ജോണ്‍ നാട്ടില്‍ വന്നത് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, നടാഷമോളുടെ മാമ്മോദീസായ്ക്ക്. എനിക്ക് ശരിക്കും ഒാര്‍മ്മയുണ്ടത്. അന്നു ജോണ്‍ മാത്രമെ അമേരിക്കയില്‍ താമസമാക്കിയിട്ടുള്ളൂ. പിന്നെ അധികകാലം കഴിയുന്നതിനുമുന്‍പേ, ഞാനും മോളും കൂടി ഇങ്ങോട്ടുപോന്നു. വേലത്തുശ്ശേരിയിലെ ഇരുണ്ട മലനിരകളുടെ സ്വകാര്യതകളില്‍ നിന്നും, അമേരിക്കയുടെ കിഴക്കെ തീരദ്വീപായ ലോങ്ങ് ഐലന്റിന്റെ തിരക്കുകളിലേയ്ക്ക്.

 

തനിച്ചായിപ്പോകുന്നതുപോലെ തോന്നുന്നു മിക്കപ്പൊഴും. കുട്ടികളുടെ കുസ്രുതികൂടലുകള്‍ക്ക് ഇടയില്‍പ്പെടുന്നതൊഴിച്ചാല്‍ പിന്നെയൊക്കെ യന്ത്രങ്ങളുടെ ജീവിതമാണ്, കാലത്ത് അഞ്ചുമണിക്ക് ഉറക്കമുണരുന്നതുമുതല്‍. നീതക്കുട്ടികൂടി സ്കൂളില്‍ പോയിത്തുടങ്ങിയതോടെ മണിക്കൂറുകള്‍ക്ക് നീളം കൂടിയതുപോലെ തോന്നുന്നു. ജോണ്‍ വീട്ടില്‍ വന്നിട്ട് ഇന്നു 15 ദിവസങ്ങളായി. ലാസ് വേഗാസില്‍ ഏതോ ബിസ്സിനസ്സ് മീറ്റാണത്രെ. അദ്ദേഹം വീട്ടില്‍ നിന്നു പോയാലിങ്ങനെ തന്നെയാ, എല്ലാത്തവണയും. അങ്ങനെ ഇരുന്നപ്പോഴാണ് വളരെക്കാലം കൂടി പ്രവീണിനെ ഞാന്‍ ഫിലാഡല്‍ഫിയയില്‍ വച്ചു കാണുന്നത്. ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്കിടയില്‍ വച്ച്. ജോണിന്റെ കമ്പനിയുടെ ഒരു വെണ്ടറാണ് പ്രദീപിന്റെ തൊഴില്‍ദാതാക്കള്‍. പ്രദീപിനെ സഹായ്ക്കു, ക്ഷമിക്കണം, സഹദേവന് ഒാര്‍മ്മയില്ലെ? നമ്മള്‍ രണ്ടാം വര്‍ഷ ബിരുദക്ക്ലാസ്സിലായിരിക്കുമ്പോള്‍ എസ്സ് എഫ് ഐ യുടെ തോറ്റ കൌണ്‍സിലര്‍, കക്ഷിയിപ്പൊ കൊണ്‍ഗ്രസ്സായി, ഓവര്‍സീസ് നാഷണല്‍ കൊണ്‍ഗ്രസ്സിന്റെ മിഡ് അറ്റ്ലാന്റിക് പ്രസിഡന്റാണ്. അവസ്താന്തരങ്ങള്‍, അല്ലാതെന്തു പറയാനാ. എം എല്‍ എ ആകണമെന്നാഗ്രഹിച്ച സഹദേവന്റെ സുഹ്രുത്ത് ഷെറിമോനിപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏതോ ഒരു ഗ്രാമത്തിലെ റയില്‍ വേ സ്റ്റേഷനിലാണത്രെ ജോലി. നമ്മളൊക്കെ നേടണമെന്ന് ആഗ്രഹിക്കുന്നതൊന്ന് ലഭിക്കുന്നത് മറ്റൊന്ന്.

 

എങ്ങനെ പോകുന്നു സഹദേവന്റെ വിശേഷങ്ങള്‍? പ്രദീപ് പറഞ്ഞറിഞ്ഞു, സഹായ്ക്ക് രണ്ട് കുട്ടികളാണെന്ന്. ഭാര്യയുടെ പേര് സുമിത്ര എന്നാണല്ലെ. സുമിത്ര സഹദേവന്‍, ഞാന്‍ കേട്ടിട്ടുണ്ട് സുമിത്രയെക്കുറിച്ച്. അവരുടെ രചനകള്‍ ഞാന്‍ ആനുകാലികങ്ങളില്‍ വായിക്കാറുണ്ട്. പെണ്ണെഴുത്തുകളില്‍ സുമിത്രയുടെ ചിന്തകള്‍ എന്തോ വേറിട്ടവഴിയിലൂടെ നടക്കുന്നതുപോലെ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. എവിടെയോ നഷ്ടപ്പെട്ടതിനെ തിരയുന്നതുപോലെ. അവരുടെ രചനകളിലെ, നഷ്ടപ്പെട്ട ഗ്രാമ്യചിന്തകള്‍ക്ക് നിങ്ങളുടെ ദില്ലി ജീവിതം ഒരു ഹേതുവായി എന്നും ഞാന്‍ കരുതുന്നു. സഹദേവന്‍ എനിക്കെഴുതിയ ഒന്നുരണ്ടു കത്തുകള്‍ ഈയിടെ ജോണ്‍ കാണുവാനിടയായി. ലോങ്ങ് ഐലന്റ് സര്‍വ്വകലാശാലയില്‍ നിന്നും എനിക്കുകിട്ടിയ സാമൂഹികശാസ്ത്ര ബിരുദ സര്‍ട്ടിഫിക്കറ്റിനായി പരതിയതിനിടയിലാണ് പഴകി മടങ്ങിയ ആ നീളന്‍ കടലാസ്സ് കക്ഷണങ്ങള്‍ ജോണിനുകിട്ടിയത്. വിശദമായി രണ്ടുകത്തുകളും വായിച്ചതിനു ശേഷം എന്നോടു ചോദിച്ചു, ആരാണീ സഹാ എന്ന്, ഞാന്‍ പറഞ്ഞു “എനിക്കു വഴിയില്‍ നഷ്ടപ്പെട്ടു പോയ ഒരു വിങ്ങലാണയാള്‍” എന്ന്. ഒന്നും പറയാതെ ജോണ്‍ ആഫീസിലെയ്ക്ക് പോയി. വൈകുന്നേരവും ഒക്കെ തലേന്നത്തേതുപൊലെ തന്നെ. ഒക്കെയും ജോണിന് നിര്‍വികാരതകളാണ് സമ്മാനിക്കുന്നത്. പ്രൊഡക്റ്റ് ലോഞ്ചുകളും ബിസ്സിനസ് മീറ്റുകളുമൊഴികെ മറ്റെന്തും.

 

അന്നു നീതക്കുട്ടിയെ സ്കൂളിലാക്കി തിരികെ വണ്ടിയോടിച്ചു വരുന്ന വഴിയില്‍ എനിക്കൊരു ചെറിയ അപകടമുണ്ടായി. വീട്ടു മുറ്റത്തേയ്ക്കു കയറുന്ന വീതികുറഞ്ഞ വഴിയിലേയ്ക്ക് തിരിഞ്ഞ നേരത്ത് എതിരെവന്ന പിക് അപ് വാനിനെ കാണുവാന്‍ ഒരുനിമിഷം താമസിച്ചുപോയി. വേഗം കുറവായിരുന്നതിനാല്‍ ചുണ്ട് സ്റ്റിയറിംഗ് വീലിലിടിച്ച് ചെറുതായൊന്നു പൊട്ടിയതല്ലാതെ അധികമൊന്നും പറ്റിയില്ല. എങ്കിലും ബാല്‍ക്കണിയിലെ ജനാലവിരി നീക്കി സ്വീകരണമുറിയിലെ തുകല്‍ സോഫയില്‍ പുറത്തെ തടാകക്കരയിലേയ്ക്ക് കണ്ണയച്ചു വെറുതെ കിടന്നു. കൂടൊരുക്കാം, കൂട്ടില്‍ നിന്നെയും കൂട്ടാം എന്ന് പരസ്പരം നുണ പറഞ്ഞ് വാത്തയിണകള്‍ കല്‍ക്കെട്ടുകളിളകിയ തടാക മതിലിന്റെ പടവുകളിറങ്ങുന്നു. കോലാഹലമേട് കുന്നുകളില്‍ നിന്നും പശ്ചിമ മലനിരകളുടെ താഴ്വാരങ്ങളിലേയ്ക്ക് പറന്നിറങ്ങുന്ന പാരാഗ്ലൈഡറെപ്പോലെ മനസ്സ് തെന്നിയും പാളിയും നീങ്ങിക്കൊണ്ടിരുന്നു. പതിയെ എണീറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കൂനകള്‍ക്കുള്ളില്‍ നിന്നും സഹാ എഴുതിയ കത്തുകളെടുത്തു, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു, അതിലൊന്നിലുണ്ടായിരുന്ന ഗദ്യശകലങ്ങളില്‍ കണ്ണുടക്കി.

 

“നമ്മളൊക്കെ ഒന്നാണ്, ഒരേ വിചാരങ്ങളും സ്വപ്നങ്ങളും ഉള്ളവര്‍, എന്നാല്‍ ലക്ഷ്യങ്ങളിലെയ്ക്കുള്ള തിടുക്കപ്രയാണങ്ങളില്‍ നാം പലതിനെയും അറിയാതെ വഴിയില്‍ ഉപേക്ഷിക്കൂന്നു. ഒക്കെ കൈവെള്ളയില്‍ നേടിയെന്നോര്‍ത്ത്, വിരലുകള്‍ നിവര്‍ത്തി നോക്കുമ്പോള്‍, നേടിയതൊന്നുമില്ല, കുറെ ചളുങ്ങിയുടഞ്ഞ സ്മ്രുതിരേഖകള്‍മാത്രം.

പരസ്പരം കത്തുകളയച്ചിരുന്നെങ്കിലും ഒരിക്കലൂം നമ്മള്‍ പ്രണയം എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല, വാക്കുകള്‍ക്കുമപ്പുറത്തെങ്ങൊ എത്തിപ്പെട്ട മനസ്സുകളുടെ കൂടിച്ചേരല്‍. “ശരിക്കും സഹദേവന്‍ എന്നെ പ്രണയിച്ചിരുന്നോ?”. തിരിച്ചെന്നോടീ ചോദ്യം സഹദേവന്‍ ചോദിച്ചാല്‍ എനിക്കു മറുപടി പറയാനൊന്നുമില്ല. ഇപ്പൊഴുമെനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്. ബിരുദാവസാനത്തിലെ ആ അവധിക്കാലത്ത് ജോണിന്റെ വിവാഹാലോചന വന്നപ്പൊഴും എനിക്ക് ഈ ചോദ്യത്തിനൊരു വ്യക്തമായ ഉത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

ഇപ്പോള്‍ ഇടയ്ക്കൊക്കെ പ്രവീണ്‍ വരാറുണ്ട്. വിഹിതവും അവിഹിതവും വേര്‍തിരിക്കുന്നതു നമ്മളാണല്ലൊ. തെറ്റുകളിലൂടെ കടന്നുപോകുമ്പൊള്‍ പല ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കയറി ഇറങ്ങാറുണ്ട്. പക്ഷെ ഏറെക്കുറെ ഒന്നിനുംതന്നെ മതിയായ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ എനിക്കാവുന്നില്ല. ഇന്നലെ പ്രവീണ്‍ വന്നപ്പോള്‍ വെറുതെ തോന്നിയ ഒരു ജിജ്ഞാസയില്‍ അയാളുടെ കയ്യില്‍ നിന്നും വിലാസം ചോദിച്ച് കുറിച്ചതാണിതൊക്കെ, വെറുതെ…

 

എനിക്കൊരു ഇ-മെയില്‍ വിലാസം ഉണ്ട്, സമയം കിട്ടുമ്പൊള്‍ നൈര്‍മല്യ.ജെ@ജിമെയില്‍.കോമില്‍ മറുപടി അയയ്ക്കുക.

 

നിര്‍ത്തട്ടെ,

സ്നേഹപൂര്‍വ്വം,
നൈര്‍മല്യ

ദില്ലിയുടെ പകല്‍ച്ചൂട് ആറിത്തുടങ്ങിയതെയുള്ളൂ.

സുമിത്ര കത്തു വായിച്ച് തിരികെ തപാല്‍ക്കവറില്‍ ഇടുന്നതിന്റെ കൂടെ ചോദിച്ചു, “സഹാ, ആരാ ഈ പുതിയ കക്ഷി?”

“എനിക്കു വഴിയില്‍ നഷ്ടപ്പെട്ടു പോയ ഒരു വിങ്ങലാണവള്‍”, മൂന്നായി വഴങ്ങി നിവരുന്ന തവിട്ടുനിറത്തിലുള്ള തുകല്‍ സോഫയില്‍ തലചായ്ച്ചുകിടന്നുകൊണ്ട് സഹദേവന്‍ മറുപടി പറഞ്ഞു. മെട്രൊ റെയിലിന്റെ രാത്രിവണ്ടിയിലൊന്ന് പാളം കുലുക്കി അകലേയ്ക്കോടുന്നതിന്റെ കാതടപ്പിക്കുന്ന സ്വരം വളരെപ്പെട്ടന്ന് അവരെ കടന്നുപോയി….

………………………

സാജന്‍ ആയത്തമറ്റം

22 Responses to “നൈര്‍മല്യ.ജെ@ജിമെയില്‍.കോം”

  1. Akhilesh says:

    ഗ്രേറ്റ്‌ വർക്‌! കഥയില്‍ ചോദ്യം ഇല്ലല്ലൊ… എങ്കിലും ചോദിക്കട്ടെ… വഴിയിൽ കളഞ്ഞുപോയ വിങ്ങലിനെ ഇത്ര ലാഘവത്തോടെ ജീവിതപങ്കാളിയോടു പറയുന്നവരും ഉണ്ടാകുമൊ.. :-)

    ഇനിയും എഴുതുക.. ബെസ്റ്റ്‌ വിഷസ്‌

  2. Sameir Ali says:

    Priyapetta Suhruthe…

    Asooya thonnunu.
    Valare nannayi ezhuthi.
    manassine sparshikunnu.
    99% perum ee kadhayil swantham mugham kanum

  3. Sukanya says:

    good one..

  4. dheen.mohamed says:

    good one , but there are enough room for improvement. i guess u had tried to keep it simple.itz nice.. good work..

  5. arun raj says:

    not interesting ……

  6. visitor says:

    good one

  7. Augustin K. A says:

    Very good. Intresting…..

  8. safdar says:

    Oops
    Here I got a man like me!

  9. Dinesh says:

    Attractive. Taken me to my place.

  10. MOHAMED SANDEEP says:

    lovely…..!!! and thats it.

  11. Fasil says:

    I like this story because it is my life.

  12. Sujith says:

    This is the third time I am reading this .
    I really like it. It resembles my life .
    Is this title has an original owner.
    If yes, can I send a mail to it.
    Expecting ur reply !!!!!

  13. Sujtih says:

    Really nostalgic…
    First of all thank u for making me remember my college days…
    Now I know , I am missing her a lot….

  14. jaya says:

    Now I am feeling something I missed but I can’t realized.

    Manassil enthokeyo nombarappeduthunna oormmakal vannu nirayunnu.

  15. shiny says:

    well !!! I can feel the pain of missing someone very close to you in the path of your life .

  16. Jaison says:

    Simple nice.. try to have some specialities in ur story..

  17. Gibin James says:

    wow… i enjoyed it.

  18. Anonymous says:

    great writing..

  19. neethu says:

    really touching story

  20. prasanth says:

    nice and nostalgic.

Leave a Reply

തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ SocialTwist Tell-a-Friend

കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ [...]

ഉയിര്‍പ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ [...]

നൈര്‍മല്യ.ജെ@ജിമെയില്‍.കോം

സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു [...]

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. [...]

Enter the video embed code here. Remember to change the size to 310 x 250 in the embed code.