ഉയിര്‍പ്പിന്റെ നഷ്ടം

Posted by Admin On August - 18 - 2011

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ തയാറായില്ല. തേടി കണ്ടു പിടിച്ചു ഒരു ഇഗ്ലിഷ് പള്ളി. വീട്ടീന്നു പോരുമ്പോള്‍ അമ്മ പ്രത്യേകം പറഞ്ഞതാണ് തലമുറയായി പിന്തുടരുന്ന ഈ കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന്.

അയര്‍ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഈ ചെറിയ പട്ടണത്തിലെ കൊച്ചു പള്ളിയില്‍ കൂടുതലും ഐറിഷും ബ്രിട്ടിഷുകാരും . ഞാനും കുടുംബവും ഏക ഇന്ത്യാക്കാര്‍. ആരാധനാക്രമങ്ങള്‍ ഒക്കെ എനിക്ക്  വളരെ പരിചിതം.

ഞാനും ഭാര്യയും രണ്ടു കൊച്ചു കുട്ടികളും. പള്ളിയില്‍ എന്റെ കുട്ടികളെ കണ്ടപ്പോള്‍ അവരു പറഞ്ഞു

“ദൈയ്‌ ലുക്ക്‌ വെരി ക്യൂട്ട് ആന്‍ഡ്‌ സ്മാര്‍ട്”

എനിക്ക് സന്തോഷമായി. എന്റെ മക്കളെക്കുറിച്ച് ആദ്യമായിട്ടാണ് ആരെങ്കിലും ഇങ്ങനെയൊരു നല്ല കാര്യം പറയുന്നത്. പക്ഷെ എന്റെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കാരണം ഒരു ഇന്ത്യാക്കാരന്‍ സുഹൃത്ത് എന്നോട് പറഞ്ഞു, അവര്‍ പുറമേ അങ്ങനെ പറഞ്ഞാലും നേരെ എതിരാണ് മനസ്സില്‍ ചിന്തിക്കുന്നതെന്ന്. അതായത് ‘ദൈയ്‌ ലുക്ക്‌ അഗ്ളി’ എന്ന്.

എന്തായാലും കുഴപ്പമില്ല ആദ്യത്തേത് തന്നെ ഞാന്‍ വരവ് വെച്ചിരിക്കുന്നു. എന്റെ കുട്ടികള്‍ക്ക് ആദ്യമായി കിട്ടിയ ഒരു അന്ഗീകാരമല്ലേ. അതും വിദേശികളില്‍ നിന്നും. ഇരിക്കട്ടെ.

ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ഞങ്ങള്‍ മാത്രമേ ആ പള്ളിയില്‍ ഇന്ത്യാക്കാരായി ഉള്ളു. ഒരു ദിവസം പാസ്ടര്‍ പറഞ്ഞു:

“സ്വാഗത (വെല്‍ക്കം) മിനിസ്ത്രിയില്‍ കൂടുതലു പേരെ വേണം”. “ നിന്നെ ഞാന്‍ ശുപാര്‍ശ  ചെയ്തിട്ടുണ്ട്” “നീ സഹകരിക്കണം”. ഞാന്‍ സമ്മതം മൂളി.

‘അഷര്‍’ എന്നൊരു ജോലിയുണ്ട്. പള്ളിയുടെ പ്രധാന കവാടത്തിലൂടെ കടന്നു വരുന്ന മനുഷ്യരെ അഭിവാദനം ചെയ്യണം. ഒരു സായിപ്പിന്റെ കീഴില്‍ പരിശീലനമുണ്ടായിരുന്നു. അയാള്‍ ജോലികള്‍ വിശദീകരിച്ചു. വരുന്നവരെ പുഞ്ചിരിയോടു കൂടി എതിരേല്‍ക്കണം. ആരാധനാ പുസ്തകം കൊടുക്കണം,. അവര്‍ക്ക് ഇരിപ്പിടങ്ങള്‍ കാണിച്ചു കൊടുക്കണം. പള്ളി കഴിയുമ്പോള്‍ പുസ്തകങ്ങള്‍ അടുക്കി വക്കണം, പള്ളി മണിയടിക്കണം തുടങ്ങിയവ.

ഈ രാജ്യത്ത് ഈ ജോലികളെല്ലാം വൈദികനും പള്ളിക്കാരും കൂടി തന്നെ ചെയ്യണം, പ്രതിഫലമില്ലാതെ. പള്ളികള്‍ക്ക് വരുമാനം കുറവ്. പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനികളും കമ്മി.

നാട്ടിലാണെങ്കില്‍ കപ്യാര്‍ എന്നൊരു തസ്ഥികയുണ്ട്. വീടുകളില്‍ പോയി മാസപ്പിരുവ് നടത്തുക, പള്ളിയും പരിസരങ്ങളും വൃത്തിയാക്കുക, പള്ളി മണി അടിക്കുക തുടങ്ങിയവയാണ് തൊഴിലിന്റെ ചുരുക്കം. സാധാരണ പള്ളികളില്‍ ഏറ്റവും നിര്‍ധനരായ ആരെങ്കിലും ആ ജോലി ഏറ്റെടുക്കും. വലിയ വരുമാനമൊന്നുമില്ല. അവര്‍ക്ക് സമൂഹത്തിലും പളളിയിലും വലിയ സ്ഥാനവുമില്ല. പള്ളി കാര്യങ്ങളില്‍ വല്ല കുറ്റവും സംഭവിച്ചാല്‍ കുതിരകയറാന്‍ ഒരാള്‍.

എന്റെ ആദ്യത്തെ ദിവസം വന്നു. രാവിലെ തന്നെ ഞാന്‍ കുളിച്ചൊരുങ്ങി വളരെ നേരത്തെ ചെന്നു സ്ഥാനം പിടിച്ചു. ഞാന്‍ സൂട്ടും ടൈയും ധരിക്കാന്‍ മറന്നില്ല. എന്റെ കൂടെ മറ്റു മൂന്നു പേരുമുണ്ട്.. ലീഡര്‍ എത്തി ഓരോരുത്തരും ചെയ്യേണ്ട ജോലികള്‍ പറഞ്ഞു തന്നു. എനിക്കിന്ന് രണ്ടു ജോലികളാണ്. ആളുകള്‍ക്ക് സീറ്റ് കാണിച്ചു കൊടുക്കുക, മണിയടിക്കുക.

ആളുകള്‍ വന്നു തുടങ്ങുന്നതെയുളളു. അതിനു മുന്‍പ് മണി എവിടെ എന്നു കണ്ടു പിടിക്കാന്‍ ഞാന്‍ ശ്രമം ആരംഭിച്ചു. പുറത്തു നല്ല തണുപ്പുണ്ട്. മഞ്ഞു കാലം. ഞാന്‍ തണുത്തു വിറച്ചു പള്ളിക്ക് ചുറ്റും രണ്ടു പ്രാവശ്യം വലം വെച്ചു. ഓരോ മുക്കിലും മൂലയിലും നോക്കി. പക്ഷെ മണി കണ്ടെത്താനായില്ല.

എന്റെ നാട്ടിലെ പള്ളിയില്‍ മുന്‍പിലെ പ്രധാന കവാടത്തിന്റെ മുകളിലെ കുരിശിന്റെ താഴെയാണ് അതിന്റെ സ്ഥാനം. മണിയുടെ നടുക്കുള്ള ദണ്ടില്‍ നിന്നും ഒരു ചണ ചരട് താഴേക്കു തൂക്കിയിട്ടിരിക്കും. അതില്‍ പിടിച്ചു വലിച്ചാണ് മണി മുഴക്കുന്നത്.

കേരളത്തില്‍ മണി പള്ളിയുടെ പ്രൌഡിയുടെ പ്രതീകമാണ്. ചിലപ്പോള്‍ അത് ആരെങ്കിലും സംഭാവന ചെയ്തതാകാം. അവരുടെ പേരും വീട്ടു പേരും വലിയ അക്ഷരത്തില്‍ മണിയില്‍ കൊത്തി വെക്കും. ‘പാണന്‍തലക്കല്‍ ഇടിച്ചാണ്ടി വക’ അല്ലെങ്കില്‍ ‘മുരുപ്പേല്‍ വറീത് മേമ്മോറിയല്‍’ തുടങ്ങിയവ.

ഞാന്‍ പള്ളി വക എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ മണി അടിക്കുന്നതു ഒരു പ്യൂണ്‍ ജോര്‍ജ് ആയിരുന്നു. ‘ചേങ്ങല’ എന്നാണ് സ്കൂളിലെ മണിക്ക് പറയുന്നത്. വട്ടത്തില്‍ പരന്ന ഒരു ചെമ്പു തകിട്. അതിന്റെ മധ്യ ഭാഗത്ത് തന്നെ അടിക്കണം. അടി കൊണ്ട് മണിയുടെ മധ്യ ഭാഗം വെളുത്തിരുന്നു. അത് അടിക്കുന്നത് ജോര്‍ജിന്റെ മൌലിക അവകാശമാണ്. അതില്‍ കൈകടത്താന്‍ അയാള്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ എന്റെ ഒരു സുഹൃത്ത് ചാണ്ടിയുണ്ടായിരുന്നു. അപ്പന് ചായക്കട  ബിസിനസ്സ്. അവന്‍ ഉഴുന്ന് വടയും ബോളിയും മോഷ്ടിച്ചു കൊണ്ട് വന്നു ജോര്‍ജിനു കൈക്കൂലി കൊടുക്കും. മണിയില്‍ ഒന്ന് കൈവെക്കാന്‍. അങ്ങനെ അവനു ചില അവസരങ്ങള്‍ കിട്ടി. കൂടെ അവന്റെ ഉറ്റ സുഹൃത്തായ എനിക്കും.

ഒരിക്കല്‍ പ്യൂണ്‍ ജോര്‍ജ് അവധിയെടുത്ത ദിവസം. ഞങ്ങള്‍ സ്വയം ആ ഡ്യൂട്ടി ഏറ്റെടുത്തു. ആരും പറയാതെ. അന്ന് ഹെഡ് മാസ്റ്റര്‍ ഐപ്പ് സാറിന്റെ ചൂരലിന്റെ രുചിയറിഞ്ഞു. ആ പാട് ഇപ്പോഴും എന്റെ ചന്തിക്കുണ്ട്. ഹെഡ് മാസ്ടര്‍ക്ക് ഒരു ‘കിലുക്ക് മണി’ ഉണ്ട്. കുട്ടികളെ ‘വെളിക്കു വിടാന്‍ (ഇടവേള)’  സമയത്ത് അത് കിലുക്കും.

എന്റെ നാട്ടിലെ ആലയ മണി ഞയറാഴ്ച നാല് പ്രാവശ്യം ശബ്ദിക്കും. ആദ്യത്തേത് രാവിലെ ആറു മണിക്ക്, ഇന്ന് ഞായറാഴ്ച ആണെന്ന് ഓര്‍മ്മിപ്പിക്കാന്‍.  പിന്നീട് ഒന്‍പതു മുതല്‍ പത്തു വരെ അര മണിക്കൂര്‍ ഇട വിട്ടു മൂന്നു പ്രാവശ്യം. ഒന്നാം മണി അടിക്കുമ്പോള്‍ മുതല്‍ അമ്മ തുടങ്ങും ഞങ്ങളെ ധൃതി വെപ്പിക്കാന്‍.

പിന്നെ ഒരു കൂട്ട മണിയുണ്ട്. എന്തെങ്കിലും ഒരു ചടങ്ങ് കഴിഞ്ഞു എന്നറിയിക്കാന്‍. ആരെങ്കിലും  മരിച്ചാല്‍ ഓരോ അടിയും നിര്‍ത്തി നിര്‍ത്തി ഇടവേള കൊടുത്താണ് അടിക്കാറുള്ളത്. ശവ മണി. ആ മണി കേട്ടാല്‍ എല്ലാവരും പള്ളിയിലേക്ക് ഓടും ആരാ മരിച്ചതെന്ന് അറിയാന്‍.

“ഇത് ആ പാവം സാറാമ്മയാരിക്കും” “കുറെ നാളായി കിടന്നു നരകിക്കുന്നു” “ ഇനിയും കഷ്ട്ടപ്പെടാതെ നേരത്തെയങ്ങു പോയല്ലോ” അല്ലെങ്കില്‍ “ആരാണാവോ ദൈവമേ” “ആരും അസുഖമായി കിടപ്പുളളതായി അറിവില്ലല്ലോ” “പെട്ടെന്നുള്ള വല്ല മരണമായിരിക്കാം” ഇങ്ങനെ പോകുന്നു സംസാരങ്ങള്‍.

ഒരിക്കല്‍ ശവ മണി കേട്ടു ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ മാത്തൂട്ടി മണി അടിക്കുന്നു. “ആരാടോ മരിച്ചത്?” ആള്‍ക്കാര്‍ ആകാംക്ഷപൂര്‍വം ചോദിച്ചു.

“മാത്തൂട്ടി ചത്തു”. അയാള്‍ തനിക്കുവേണ്ടിതന്നെ മണി അടിക്കയാണ്. കളളു കുടിച്ചു പകുതി  ബോധത്തില്‍. പിന്നെ തലതല്ലിയൊരു പൊട്ടിക്കരച്ചിലാണ്.

ചിലപ്പോള്‍ മണി പൊട്ടും. അപ്പോള്‍ അത് അപശബ്ദം കേള്‍പ്പിക്കും. അത് നന്നാക്കുന്നതു വരെ സ്കൂളിലെ ചേങ്ങലയാണ് പകരക്കാരന്‍.

അങ്ങനെ നാട്ടിലെ മണികളെക്കുറിച്ച് കുറെ ഓര്‍മ്മകള്‍.

ക്ഷമിക്കണം ഞാന്‍ കുറെ കാടു കയറിപ്പോയി.  ഞാന്‍ ഇപ്പോഴും ആ ‘പ്രൌഢിയുടെ പ്രതീകത്തെ’ തേടുകയാണ്. കണ്ടെത്താനായില്ല. അവസാനം ലീഡര്‍ സായിപ്പ് തന്നെ ശരണം. പള്ളിക്കകത്ത് പ്രധാന വാതിലിന്റെ ഭിത്തിയുടെ ഒരു മൂലയിലേക്ക് അയാള്‍ ചൂണ്ടി കാണിച്ചു. ഒരു ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന മെലിഞ്ഞ ചെറിയ ഒരു സ്റ്റീല്‍ ദണ്ട്.  ഏകദേശം ഒന്നര അടി നീളം കാണും. എന്റെ തള്ള വിരലും ചൂണ്ട് വിരലും ചേര്‍ത്ത് വളച്ചു പിടിക്കാവുന്നത്ര  വണ്ണവും. കൂടെ തടി കൊണ്ടുള്ള കൊട്ടുവടി പോലുള്ള ഒരു സാധനവും. എനിക്ക് എന്നോട് തന്നെ ഒരു നാണക്കേട് തോന്നി. ഈ മണി യാണോ ഞാന്‍ അടിക്കേണ്ടത്? ഇതൊരു മണിയാണോ? പള്ളിമണി കുടുംബത്തിന് തന്നെ നാണക്കേട് വരുത്തി വെക്കുമല്ലോ ഈ മണി. ഈ സായിപ്പന്മാര്‍ ഇത്ര പിശുക്കന്മാരാണോ? ഒരു ശരിയായ മണി വാങ്ങിക്കാന്‍ ഇവര്‍ക്കാവില്ലേ? .

ഞാന്‍ മണി കൈയില്‍ എടുത്തു. വളരെ കനം കുറവ്. വര്‍ഷങ്ങളായി അടിയേറ്റതിന്റെ പാടുകള്‍ ഉടലില്‍ ഉണ്ട്. അത് അടിക്കുന്ന വിധം ലീഡര്‍ കാണിച്ചു തന്നു. അതിന്റെ ഏറ്റവും മുകളില്‍ ‘കൊട്ടു വടി’ കൊണ്ട് അടിക്കണം. മുകള്‍ ഭാഗത്ത് മാത്രമേ അടിക്കാവു. അപ്പോള്‍ താഴെയുള്ള ഭാഗം പ്രകമ്പനം കൊണ്ട് ശബ്ദം പുറപ്പുടുവിക്കും. ആളുകള്‍ തെറ്റായി മര്‍ദ്ദിച്ചതിന്റെ പാടുകളാണ് താഴേക്കു കാണുന്നത്. ചളുക്കങ്ങള്‍. പള്ളി തുടങ്ങുന്നതിനു പത്തു മിനുട്ട് മുന്‍പും അഞ്ചു മിനിട്ട് മുന്‍പും മണി കൊട്ടണം. ഓരോ പ്രാവശ്യവും എത്ര വീതം അടിക്കണമെന്നു ഞാന്‍ ചോദിച്ചില്ല. അയാള്‍ പറഞ്ഞുമില്ല. പത്ത് എന്ന ഒരു അക്കം ഞാന്‍ തന്നെ തിരഞ്ഞെടുത്തു. ഒരു വിധം ഭംഗിയായി ആ കൃത്യം നിര്‍വഹിച്ചു.

മാസത്തില്‍ ഒരു പ്രാവശ്യമേ എനിക്ക് ഈ ‘അഷര്‍’ ഡ്യൂട്ടി ഉള്ളു. മറ്റു ദിവസങ്ങളില്‍ ഞാന്‍ ഈ ജോലി ചെയ്യുന്നവരെ ശ്രദ്ധിക്കും. ചിലര്‍ മണി അടിക്കാന്‍ മറന്നു പോകും. അതൊരു തെറ്റായി ആരും കാണുന്നില്ല. ചിലര്‍ മണിയുടെ ശരീര ഭാഗത്ത് തന്നെ അടിക്കും, തല ഭാഗത്തിന് പകരം. ചിലര്‍ ഒറ്റപ്രാവശ്യം മാത്രം കൊട്ടും. എന്റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ “എത്തിക്കല്‍ പരിപാടി”. വെറുതെ പേരിനും മാത്രം ചെയ്യുന്നു അഥവാ ചെയ്തു എന്ന് വരുത്തി തീര്‍ക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തി എന്നര്‍ഥം.

ഒരവസരം കിട്ടിയപ്പോള്‍ പാസ്ടറോട് നാട്ടിലെ മണിയെക്കുറിച്ചു പറഞ്ഞു. നാട്ടില്‍ മണി പള്ളിക്ക് പുറത്താണെന്നും മണി നാദം കേട്ടാണ് ആളുകള്‍ ഉണരുന്നതെന്നും, പള്ളിയില്‍ സമയത്ത് വരുന്നതെന്നും പറഞ്ഞു. ഈ നാട്ടില്‍ അതിന്റെ ആവശ്യമില്ലെന്നും, പള്ളിക്കകത്ത് പ്രവേശിച്ച ആളുകള്‍ ‘വരാന്ത’യില്‍ നിന്നും അകത്ത് കടന്നിരിക്കാനുള്ള ഒരു അറിയിപ്പാണ് ഈ മണിയടി എന്നും പാസ്റ്റര് പറഞ്ഞു. മണി നാദം പള്ളിക്ക് പുറത്തു കേട്ടാല്‍ ചുറ്റുപാടുമുള്ള വീട്ടുകാര്‍ പരാതിപ്പെടുമത്രേ. അതവരുടെ ഉറക്കം കെടുത്തും. പിന്നെ ശബ്ദ മലിനീകരണവും..

മൂന്നാല് മാസം കഴിഞ്ഞപ്പോള്‍ ഒരു മലയാളി കുടുംബവും കൂടി പള്ളിയില്‍ എത്തി. എനിക്ക് സന്തോഷമായി. എന്റെ ഇവിടുത്തെ അനുഭവങ്ങള്‍ പങ്കു വെക്കാന്‍ ആളായല്ലോ. അതും നമ്മുടെ സ്വന്തം ഭാഷയില്‍. എന്നാല്‍ എന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. എഞ്ചിനീയറായ അയാളും ഭാരൃയും ഒരു പൊങ്ങച്ചക്കാരാണെന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അയാളുടെ അച്ഛന്‍ നാട്ടില്‍ ജഡ്ജി ആണത്രേ. അത് എന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാന്‍ അയാള്‍ മറന്നില്ല.

താമസിയാതെ എന്റെ കൂടെത്തന്നെ അയാള്‍ പള്ളി സേവനത്തിനു വന്നു. അയാളുടെ മുന്‍പില്‍ എനിക്ക് ഒരു അപകര്‍ഷതാ ബോധം. കാരണം അയാളും ഭാര്യയും നന്നായി ഇഗ്ലിഷ് പറയും. എനിക്കാണെന്കില്‍  ആഗ്ലെയ ഭാഷ ‘സ്വാഹ’. അയാള്‍ ആളുകളെ നന്നായി സ്വാഗതം പറഞ്ഞു,  കുശലം ചോദിച്ചു. പുറത്തെ കാലാവസ്ഥയെക്കുറിച്ചും അയര്‍ലണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പിന്നെ ഐറിഷ് നൃത്തത്തെക്കുറിച്ചും സെയ്ന്റ് പാട്രിക് ദിനത്തെക്കുറിച്ചും. എനിക്ക് പൊതുവിജ്ജാനം നന്നേ കമ്മി. പിന്നെ ഭാഷാ പാടവം കുറവും. ഞാനും ഭാര്യയും വെറും നാട്ടിന്‍ പുറത്തുകാര്‍. ഞാന്‍ മെയില്‍ നേഴ്സ്, ഭാര്യയോ ഹൌസ് വൈഫും. ഞാന്‍ പതുക്കെ ഉള്‍വലിഞ്ഞു. മണി അടിക്കുക, പുസ്തകങ്ങള്‍  അടുക്കി വക്കുക, ജനലുകളുടെ ബ്ലൈണ്ട് (കര്‍ട്ടന്‍) പൊക്കി വക്കുക മുതലായ ജോലികളില്‍ മുഴുകി.

ആദ്യത്തെ ദിവസം തന്നെ മണി അടിക്കുന്ന വിധം ഞാന്‍ അയാളെ കാണിച്ചു.

“ഇതെന്തൊരു കളിയാ?. “ഇവിടെ കപ്യാരൊന്നുമില്ലേ ഈ പണിക്കൊക്കെ”

അയാള്‍ ചോദിച്ചു. അയാള്‍ അതില്‍ തീരെ താല്പര്യം കാണിച്ചില്ല. എന്തോ നാണക്കേട് പോലെ. ജഡ്ജിയുടെ മകന്‍ പള്ളിയില്‍ മണി അടിക്കുകയോ?

മണി അടിക്കുന്ന സമയം വരുമ്പോള്‍ അയാള്‍ തല തിരിച്ചു നില്‍ക്കും. മറ്റു കാര്യങ്ങള്‍ ചെയ്യുന്നതില്‍ ധൃതി കാട്ടും. വെള്ളക്കാരെ കെട്ടിപ്പിടിക്കുന്നതിലും സായിപ്പു കുഞ്ഞുങ്ങളുടെ കവിളില്‍ നുളളുന്നതിലും വ്യാപൃതനാവും. പിന്നെ ഞാന്‍ തന്നെ ആ പ്രവര്‍ത്തി ഏറ്റെടുക്കും.

ഓരോ ഞായറാഴ്ച്ചകള്‍ കഴിയുന്തോറും മണി അടിക്കുന്നതില്‍ ഞാന്‍ കൂടുതല്‍ പ്രാവീണ്യം കാട്ടി. കൂടുതല്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.

“യൂ ആര്‍ ഡൂയിംഗ് എ ഗുഡ് ജോബ്‌”

“യു ആര്‍ ഗ്രയിറ്റ്‌ അറ്റ്‌ ദിസ്‌ ”

“ഐ കം ഏര്‍ലി ടു ഹിയര്‍ ദി ബെല്‍ റിങ്ങിംഗ്” “ഇറ്റ്‌ ബ്രിന്ഗ്സ് ഫോണ്ട് മേമരീസ്‌ ഓഫ് മൈ ഹോം ചര്‍ച്ച്”

അങ്ങനെ പോയി കമന്റുകള്‍. കെട്ടിപ്പിടിക്കലുകള്‍, അഭിനന്ദനങ്ങള്‍. എന്റെ സഹ മലയാളിക്ക് ഇതൊന്നും പിടിച്ചതായി തോന്നുന്നില്ല.

വീണ്ടും ഒരു ഈസ്റര്‍ ദിവസം. കര്‍ത്താവ്‌ മരിച്ചിട്ട് ഉയര്‍ത്തെഴുന്നെററതിന്റെ ഓര്‍മ്മ ദിവസം. ഇന്ന് എനിക്ക് പള്ളിയില്‍ ഡ്യൂട്ടി ഉണ്ട്. ഞാന്‍ ഇന്ന് പുതിയ ഒരു പരീക്ഷണം നടത്തി. വേറെ ഒരു താളത്തില്‍ കുറെ ഏറെ നേരം മണി മുഴക്കി. ദണ്ട് കൊണ്ട് മണിയുടെ ഉച്ചിയില്‍ സാധാരണയിലും ശക്തിയായ പ്രഹരങ്ങള്‍. ഒന്നിന് പകരം ഒന്നര മണി. അതായത് ഒരു കൊട്ടും പിന്നെ ഒരു പകുതി കൊട്ടും. ഓരോ മണിയടിയും പത്തിന് പകരം ഇരുപത്തിയഞ്ചു പ്രാവശ്യം വീതം. പതിവ് രണ്ടു പ്രാവശ്യത്തിനു പകരം ഇന്ന് മൂന്നു പ്രാവശ്യം അഞ്ചു മിനിട്ട് ഇടവേളയിട്ടു്. വീണ്ടും അഭിനന്ദനങളുടെ പൂച്ചെണ്ടുകള്‍. മൂന്നാമത്തെ മണി അടിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ആലോചിച്ചു ഞാന്‍ വിതുമ്പിപ്പോയി.

ആരാധനയുടെ അവസാനം പരസ്യങ്ങള്‍ വായിക്കുന്ന ഒരു സമയമുണ്ട്. ആ സമയത്ത് അടുത്ത ആഴ്ചയിലെ പ്രോഗ്രാമുകള്‍, കഴിഞ്ഞ
ആഴ്ചയിലെ സംഭവങ്ങള്‍ ഒക്കെ പാസ്ടര്‍ പറയും. അതിനിടയില്‍ പാസ്ടര്‍ ഒരു പ്രഖ്യാപനം നടത്തി. ഈ മാസത്തെ ‘വോളണ്ടിയര്‍ ഓഫ് ദി മന്ത്” ആയി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ‘അഷര്‍’ എന്ന ജോലിയില്‍ ഞാന്‍ കാണിക്കുന്ന താല്പ്പര്യത്തിനും പ്രത്യേകമായും മണി അടിക്കുന്നതിന്റെ പ്രാവീണൃത്തിനും.. ഞാന്‍ മുന്‍പോട്ടു പോയി അത് വാങ്ങി. നീണ്ട കരഘോഷം. തിരികെ വന്നു ആരുമില്ലാത്ത ഒരു മുറിയിലേക്ക് പോയി തുറന്നു നോക്കി. ചെറിയ ഒരു പള്ളി മണി. നമ്മുടെ നാട്ടിലെ മണിയുടെ തനി സ്വരൂപം. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. നെടുങ്ങാടപ്പള്ളി ചാമക്കാലാ വീട്ടില്‍ കപ്യാര്‍ ചാക്കൊച്ചേട്ടന്റെ  മകന് ആദ്യമായി കിട്ടുന്ന അംഗീകാരമാണ് ഇത്. അതും ഈസ്ററര്‍ ദിവസം.  മൂന്നു കൊല്ലം മുന്‍പ് അപ്പന്‍ മരിച്ച ദിവസം തന്നെ. കപ്യാരായിരുന്ന ആ അപ്പന്റെ കഴിവാണ് മണിയടിക്കാന്‍ അപ്പന്റെ പ്രിയപ്പെട്ട ഈ ഇളയ മകന് കിട്ടിയതെന്ന് ഈ വിദേശ നാട്ടില്‍  ആരും അറിയുന്നുണ്ടാവില്ല. അപ്പന് നീണ്ട നാല്പെത്തെട്ടു വര്‍ഷത്തെ പള്ളി സേവനത്തിലും കിട്ടാതെ പോയ അംഗീകാരം.

തിരികെ വീട്ടിലേക്കു വരുപ്പോള്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു. അവസാന മണി അടിക്കുന്നതിനു മുന്‍പു തന്നെ എന്നും പള്ളിയില്‍ ചെല്ലണമെന്ന് നിന്നോടു ഞാന്‍ പറയുന്നതു എന്തിനാണെന്ന് അറിയാമോ?.  അപ്പന്‍ എണ്‍പത്തന്ച്ചു വയസ്സായിട്ടും തന്റെ ജോലി വിടാന്‍ തയാറായില്ല. താന്‍ ജോലി സമയം തളര്‍ന്നു വീണു പോയാലും പള്ളിയിലെ മൂന്നാം മണി മുടങ്ങരുത് എന്ന് നിര്ബന്ധമായിരുന്നു അപ്പന്.  ആ ആശങ്ക കൊണ്ടാണ് മകനോട്‌ നേരത്തെ എത്തണം എന്ന് പറഞ്ഞിരുന്നത്.

അപ്പന്‍ ശങ്കിച്ചതുപോലെ പോലെ സംഭവിച്ചു. കുഴഞ്ഞു വീണപ്പോള്‍ ഞാന്‍ അടുത്തു തന്നെ ഉണ്ടായി. ആ അവസാന മണി മുടക്കാതെ…

ആ മൂന്നാം മണി…

…………………..

കെ. മലയില്‍

22 Responses to “ഉയിര്‍പ്പിന്റെ നഷ്ടം”

  1. sinoj ambookan says:

    really good……piranna nadum valarnna kalavum nammale vittitum ormakal vidunnillalo…..manasileppozhum athu manthrikkum……oru kathapole…….

  2. Biju Nair says:

    Touching. Jeevithathil avicharithamai sambavikkunna itharam muhorrthangal anubhavikkunnathum aswadikkunnathum share cheyyan kazhiyunnathum oru bhagyamanu. enthayalum palli maniyepatti nalloru arivayirunnu

  3. Lini Baby says:

    Valare nannayittundu..keep writing…

  4. babukallarackal says:

    nannayi ennallathe mattonnum parayan kazhiyilla

  5. aldes says:

    nannayi

  6. RAJU VARGHESE says:

    Very touching

  7. Liza Abraham says:

    കൊടുംചൂടില്‍ ഒരു കുളിര്‍ക്കാറ്റു വീശിയതുപോലെ!

  8. Akhilesh says:

    Great writing !!! keep going :-)

  9. yasin says:

    its very heart touchin….keep going…v r expecting more from you…

  10. Bejoy George says:

    Really a great piece of work…

  11. Prince says:

    Excellent narration

  12. Sudeep says:

    Nice…..

  13. Sukanya says:

    വളരെ നന്നായി എഴുതി..

  14. george says:

    very touching. remembered my LP School period.

  15. Jiju says:

    Very touching

  16. Nittu Raju says:

    Something Special…nostalgic….

  17. Sojan Kurian says:

    It’s something great. Nostalgic

  18. Anitha says:

    Good one!

  19. Tijo Geore says:

    heart touching….keep on writing…

  20. Very touching story…..Expecting more…..
    Thanks & Regards,
    Mathew Thomas Kannathumuriyil

  21. sujith says:

    good simple story,keep on writing.

  22. Augustin K. A says:

    Very good

Leave a Reply

തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ SocialTwist Tell-a-Friend

കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ [...]

ഉയിര്‍പ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ [...]

നൈര്‍മല്യ.ജെ@ജിമെയില്‍.കോം

സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു [...]

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. [...]

Enter the video embed code here. Remember to change the size to 310 x 250 in the embed code.