രണ്ടാം പകുതി

Posted by Admin On March - 8 - 2009 3 COMMENTS

‘നമ്പര്‍ 2′, ക്ഷൌരക്കടയിലെ അരികുകളില്‍ അലങ്കാരപ്പണികള്‍ ചെയ്ത നീളന്‍ ചുവര്‍ക്കണ്ണാടിയിലേയ്ക്ക് നോക്കി തമ്പിക്കുഞ്ഞ് പതിയെ പറഞ്ഞു. ആന്‍ഡ്രൂസ് കത്രികപ്പെട്ടിയുടെ ഇങ്ങെയറ്റത്തുള്ള വാഷ് ബേസിനില്‍ അപരിചിതമായ എാതോ ഒരുതരം ദ്രാവകമൊഴിച്ച് കൈ കഴുകുന്നു.

“എത്രയാന്നാ പറഞ്ഞെ?”

“നമ്പര്‍ 2″,

തമ്പിക്കുഞ്ഞ് കഴുത്തില്‍ ചുറ്റിയിരിക്കുന്ന കറുത്തു പഴകിയ ക്ഷൌരത്തുണിയുടെ നീളന്‍ തുമ്പുകള്‍ കാലറ്റത്തേയ്ക്ക് വലിച്ചിട്ടു. നാലഞ്ചു കൂറ്റന്‍ ക്ഷൌരക്കസാലകള്‍ എാതു ദിശയിലേയ്ക്കും തിരിയാന്‍ സന്നദ്ധമായി നേര്‍വരിയില്‍ നില്‍ക്കുന്നു. ഇരുണ്ട ചില്ലുകള്‍ കൊണ്ട് അരികുമറച്ചിരിക്കുന്ന സമചതുര ക്ഷൌരമുറിയുടെ വാതിലോരം ചേര്‍ന്നിട്ടിരിക്കുന്ന തുകല്‍ക്കസാലകളൊന്നില്‍ ഇറുകിയ ചണപ്പാന്റും വട്ടക്കഴുത്തുള്ള കറുത്തുനേര്‍ത്ത ടി – ഷര്‍ട്ടും ധരിച്ചൊരുവന്‍ , മുംബൈയില്‍ നിന്നും അച്ചടിച്ചു വിതരണം നടത്തുന്ന മിനുത്ത പുറംചട്ടയുള്ള ഒരു സിനിമ പ്രസിദ്ധികരണത്തിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുന്നു. കോണുകളില്‍ തൂത്തുകൂട്ടിയിട്ടിരിക്കുന്ന മുടിക്കൂനകളെ മറയ്ക്കാനെന്നവണ്ണം മൂന്നു നാലു മണ്‍പാത്രങ്ങളില്‍ ‘വളര്‍ന്നുപടര്‍ന്ന’ ചൈനീസ് പൂച്ചെടികള്‍. ശീതികരിച്ച ക്ഷൌരമുറിയിലെ തുടര്‍വാസവും, മേല്‍ത്തട്ടില്‍ നിന്നുള്ള അതിപ്രസരണശേഷിയുള്ള പ്രകാശധോരണിയും, ഉച്ചയൂണിനൊപ്പമുണ്ടായിരുന്ന ഒരു മുഴുകുപ്പി ബിയറും ആന്‍ഡ്രൂസിന്റെ മുഖകോശങ്ങളെ തൊട്ടുചുവപ്പിച്ചിരിക്കുന്നു.

“നമ്പര്‍ 2, അല്ലെ?”, അയാള്‍ വീണ്ടും ചോദിച്ചു.

“അതെ, നമ്പര്‍ 2″, പെട്ടന്ന് തമ്പിക്കുഞ്ഞ് തൊമ്മന്‍ മെമ്മോറിയല്‍ പള്ളിക്കൂടത്തിലെ അയാളുടെ അഞ്ചാംതരം ഒാര്‍ത്തു. ജിമ്മി ജോണിന്റെ പുറം വിദ്യാഭ്യാസ ഇടവേളക്ക്ലാസ്സുകളെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. “ജിമ്മി ഇപ്പൊ എവിടാരിക്കും, വല്ലൊ നെഴ്സിനെം കെട്ടി യുകെലൊ അമേരിക്കെലൊ കുറഞ്ഞപക്ഷം ആസ്ത്രെലിയയിലെങ്കിലും ആയിരിക്കും”. ജിമ്മി പറഞ്ഞ കോഡുകളൊരൊന്നും തമ്പിക്കുഞ്ഞിന് ഒാര്‍മ്മവന്നു, “പക്ഷെ അവയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണല്ലൊ, “നമ്പര്‍ 2″.

“വാട്ട്”, ചെമ്പുപിടിയില്‍ തീര്‍ത്ത ക്ലാവു പിടിച്ചുതുടങ്ങിയ റെമിങ്ങ്ടന്‍ ഹെയര്‍ ട്രിമ്മറിന്റെ കിന്നരിപ്പല്ലുകള്‍ക്കിടയിലെ മുറിമുടികള്‍, ഒന്നരയിഞ്ചിന്റെ ബ്രിസ്റ്റല്‍ പെയ്ന്റ് ബ്രഷുകൊണ്ട് വ്രുത്തിയാക്കുന്നതിനിടെ ആന്‍ഡ്രൂസ് ചോദിച്ചു.

“ഒന്നുമില്ല, ആത്മഗതം, ഇത്തിരി ഉച്ചത്തിലായിപ്പോയന്നേയുള്ളൂ.”

“ആത്മഗതം…..? വാട്ട് യു മീന്‍”

“മീന്‍ ….. മത്തി…. ഒന്നുമില്ല , മുടിവെട്ടടെ”. തമ്പിക്കുഞ്ഞിനു മൂക്ക് ചൊറിഞ്ഞുതുടങ്ങി.

“ഒാകെ, തമ്പി….ഒാകെ”. ആന്‍ഡ്രുസ് പശ്ചാത്തലത്തില്‍ മെല്ലെ ഉയരുന്ന ആങ്ഗലെയ ഗാനത്തിന്റെ ചരണം പാടിക്കൊണ്ട് രണ്ടാം നമ്പര്‍ ബ്രഷെടുത്ത് ട്രിമ്മറില്‍ കോര്‍ത്തു. തമ്പിക്കുഞ്ഞിന്റെ കറുത്തിടതൂര്‍ന്ന മുടിയിഴകളിലൂടെ റെമിങ്ങ്റ്റന്‍ ഹെയര്‍ ട്രിമ്മറിന്റെ ലോഹപ്പല്ലുകള്‍ നെടുകെയും കുറുകെയും മേഞ്ഞുനടന്നുകൊണ്ടിരുന്നു. ട്രിമ്മറിന്റെ ലോഹാഗ്രങ്ങളിലെ ശീതളിമ തമ്പിക്കുഞ്ഞിന്റെ ഉഷ്ണം നിറഞ്ഞ തലയോടുകളില്‍ പടര്‍ത്തിയ അനുഭൂതികളുടെ കുളിരില്‍ അയാള്‍ തെക്കെക്കവലയിലെ ബാര്‍ബര്‍ അപ്പിയുടെ ഇടുങ്ങിയ ക്ഷൌരക്കടയിലേയ്ക്ക് ശിരസ്സ് താഴ്തിയിറങ്ങി. അപ്പിച്ചേട്ടന്റെ തലയാട്ടങ്ങളോടു ചേര്‍ന്ന കത്രികക്കാലുകളുടെ കലപില. വെട്ടിയും മുറിച്ചും, മുറിച്ചും വെട്ടിയും സംത്രുപ്തി വരുവോളം, ഒരാവേശത്തോടെ. ക്ഷൌരക്കത്തി പുറം കഴുത്തില്‍ നടത്തുന്ന പ്രയാണങ്ങളില്‍ തമ്പിക്കുഞ്ഞിന്റെ ഇക്കിളിക്കൂടുകളില്‍ എറുംബുകള്‍ അരിച്ചു നടന്നു. പാതിയുയര്‍ന്നുനില്‍ക്കുന്ന വേനല്‍ക്കട്ടുകള്‍, പറഞ്ഞാല്‍ കേള്‍ക്കാത്ത മുടിയിഴകള്‍. വിവാഹപ്പിറ്റേന്നു വരെ തമ്പിക്കുഞ്ഞ് ഇവറ്റകളെ നന്നാക്കാന്‍ നൊക്കി. എണ്ണതേച്ചു പരത്തി, സോപ്പുകുമിളകളില്‍ തല്ലിക്കഴുകി. അവസാനം തിരിച്ചു ചീവിത്തുടങ്ങി, ബില്‍ ഗേറ്റ്സിന്റെ ചീവല്‍ പോലെ, എം.ടി യുടെ, ബ്രാഡ് പിറ്റിന്റെ , അങ്ങനെ പല മഹാന്മാരുടെതും പോലെ.

“പിര്‍സ്….പിര്‍സ്സ്”. അര്‍ദ്ധബോധാവസ്തയിലിരിക്കുന്നവന്റെ നിറുകയില്‍ ഉരുകിയൊലിച്ച മഞ്ഞിന്‍ തുള്ളികള്‍ വീണാലെന്നപോലെ തമ്പിക്കുഞ്ഞ് ഞെട്ടിയെണീറ്റു. തലയോടിന്റെ വരണ്ടു പൊളിഞ്ഞ പുറംതോടുകളിലേയ്ക്ക് ആന്‍ഡ്രുസ് തണുനീരൊഴിക്കുന്നു, പാപവിമുക്തി നല്‍കാനെന്നപോലെ. പെട്ടന്നയാള്‍ മുന്‍പിലുറപ്പിച്ച നിലക്കണ്ണാടിയില്‍ തന്റെ ശിരസ്സിന്റെ ശരിയായ രൂപം കണ്ടു. ഇരുപുറവും ചവുട്ടിയുടച്ച അമുലിന്റെ ടിന്നുപോലെ.

“ശ്ശെ”, “നമ്പര്‍ 2 വേണ്ടാരുന്നു, ഇതിപ്പൊ, എല്ലാ ഗര്‍ത്തങ്ങളും തെളിഞ്ഞു കാണാല്ലൊ. ചന്ദ്രയാന്‍ പടമെടുത്ത് ചന്ദ്രനെ വ്രുത്തികേടാക്കിയതുപോലെ”.

“കുഴപ്പമില്ല സാര്‍, രണ്ടു ദെവസം കൊണ്ടു റെഡിയായിക്കോളും”. ആന്‍ഡ്രുസിന്റെ സമാശ്വസിപ്പിക്കല്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയ റ്റ്രിമ്മറിന്റെ മുരള്‍ച്ചയില്‍ കേള്‍ക്കാന്‍ കഴിയാതെ പോയി.

“തമ്പിക്കുഞ്ഞെ, വയസെത്രയായി, നര നന്നായിട്ടുണ്ടല്ലൊ?, ഡൈ ചെയ്യണോ?”

“വേണ്ട, അതെനിക്കു വിട്ടെക്കെ,”.

“ഇതു കൊറച്ചൊന്നുമല്ല″.

” രണ്ടാം പകുതി തുടങ്ങിയില്ലെ, ഇനി കുറച്ചു നിറഭേദങ്ങളൊക്കെ കാണും”.

“അപ്പൊ ഇനി ഇടിം വെടിം കരച്ചിലും പിഴിച്ചിലും ഒക്കെ ഉണ്ടാവൂല്ലൊ”. തമ്പിക്കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന കറുത്ത ക്ഷൌരത്തുണിയിലെ മുറിമുടികള്‍ കോണിലെ മുടിക്കൂനയിലേയ്ക്ക് തട്ടിയിട്ടുകൊണ്ട് ആന്‍ഡ്രുസ് പറഞ്ഞു.

“ഒാ, സംശയമെന്താ, കഫം, വായു, പിത്തം, ഒക്കെയുണ്ട്. ക്ലൈമാക്സ് ഗംഭീരമാവും”. വാന്‍ ഹ്വുസെന്‍ എന്നെഴുതിയ ഒരു കറുത്ത നിറമുള്ള പഴ്സ് പാന്റിന്റെ പിന്‍പൊക്കറ്റില്‍ നിന്നെടുത്തുകൊണ്ട് തമ്പിക്കുഞ്ഞ് മറുപടി പറഞ്ഞു.

“ഇതാ , ഇതു വച്ചൊ, ബാക്കിക്കൊരു ബിയറടിച്ചൊ, പക്ഷെ വയറു സൂക്ഷിക്കണേ”.

“ശരി, സര്‍, കെയര്‍ഫുളായിട്ടു ഡൈ ചെയ്യണേ, ഈ മരുന്നൊക്കെ വിഷമാ”. ആന്‍ഡുസ് വലിയൊരു ബ്രഷെടുത്ത് ക്ഷൌരക്കസാലയിലെ മുറിമുടികള്‍ തട്ടിക്കളയുന്നതിനിടെ ഉറക്കെ വിളിച്ചു പറഞ്ഞു.

തമ്പിക്കുഞ്ഞ് പതിയെ നിരത്തിലേയ്ക്കിറങ്ങി. വാകമരങ്ങളുടെ പൂക്കള്‍ വീണഴിഞ്ഞു തുടങ്ങിയ ബസ് സ്റ്റോപ്പിന്റെ തകരമിളകിത്തുടങ്ങിയ പഴയ ബഞ്ചില്‍ നിരത്തിലെ തിരക്കും നോക്കിയിരുന്നു.

“ഒാട്ടോ”, എതിരെ വന്ന മൂച്ചക്രവാഹനക്കാരനെ അയാള്‍ കൈയുയര്‍ത്തി വിളിച്ചു.

“എവിടേയ്ക്കാ?”

“സെന്റ് മേരീസ് ഹോസ്പിറ്റല്‍:, മറുപടി പറഞ്ഞിട്ട് തമ്പിക്കുഞ്ഞ് പൊക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്താന്‍ തുടങ്ങി.

“സാര്‍, ഇതിനുള്ളില്‍ പുകവലി പറ്റില്ല″.

“ഒാകെ…. ഒാക്കെ”. അയാള്‍ സിഗരറ്റ് തിരികെ പൊക്കറ്റില്‍ നിന്നെടുത്ത കട്ടിക്കടലാസുകൂട്ടില്‍ തിരുകിക്കയറ്റി പുറത്തേയ്ക്കും നോക്കിയിരുന്നു, പതിയെ തന്റെ മൊബൈല്‍ ഫോണ്‍ പ്ളാനറില്‍ ഇന്നത്തെ ഭിഷഗ്വര കണ്ടുമുട്ടലിന്റെ സമയം നോക്കി ഉറപ്പുവരുത്തി. വൈകിട്ടു നടക്കുന്ന ലയന സമ്മേളനത്തിന്റെ വിളംബര വാഹനം തമ്പിക്കുഞ്ഞ് യാത്രചെയ്തുകൊണ്ടിരിക്കുന്ന മുച്ചക്രവാഹനത്തെ മറികടന്ന് മുന്നോട്ടുപോയി. റിക്ഷയുടെ പുറം പാളിയിലേയ്ക്ക് ശിരസ്സുചേര്‍ത്തുവച്ചയാള്‍ വിശ്രമിച്ചു, പകല്‍ക്കിനാവുകള്‍ കണ്ടു.

………………..

സാജന്‍ ആയത്തമറ്റം

തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ SocialTwist Tell-a-Friend

കുവൈറ്റ്‌ പ്രാര്‍ത്ഥന –ഒരു ഓര്‍മ്മ കുറിപ്പ്

പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ [...]

ഉയിര്‍പ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയര്‍ലണ്ടില്‍ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കന്‍ പള്ളി പാരമ്പര്യം വിടാന്‍ ഞാന്‍ [...]

നൈര്‍മല്യ.ജെ@ജിമെയില്‍.കോം

സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു [...]

പറഞ്ഞു മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. [...]

Enter the video embed code here. Remember to change the size to 310 x 250 in the embed code.