കഥാജാലകം

View Original

ആന്റണിച്ചേട്ടന്റെ തിരുശേഷിപ്പ്

2007 ഡിസംബർ മാസത്തിൽ ആണ് ഞാനും ഒരു പ്രവാസി ആയി മാറുന്നത്. ബഹറിനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറ്റ് ആയി. ഒരു കമ്പനി എന്നതിലുപരി അത് ഒരു കുടുംബം ആയിരുന്നു . എല്ലാവരും ഒരുമിച്ചു പരസ്പര സഹകരണത്തോടെ ജോലിചെയുന്നവർ. അക്കൗണ്ട്സിൽ ആയതിനാൽ എൻപതോളം സ്റ്റാഫുകളുടെ വിസ പുതുക്കലും മറ്റും ഞാൻ ആണ് കൈകാര്യം ചെയ്തുകൊണ്ടിരുനത്. അതുകൊണ്ട് തന്നെ ഫാക്ടറിയിൽ ഉള്ളവരെ വ്യക്തിപരമായി അറിയില്ലെങ്കിലും എല്ലാവരുടെയും പേരുകൾ എനിക്ക് പരിചിതമായിരുന്നു. ഓഫീസ് സ്റ്റാഫുകളുമായി ഇതിനോടകം തന്നെ ഞാൻ സൗഹൃദത്തിൽ ആയി കഴിഞ്ഞിരുന്നു. അങ്ങനെ മാസങ്ങൾ കടന്നു പോയി.


ഒരു ദിവസം ജോലിക്കിടെ സ്റ്റാഫുകൾ എല്ലാം ഗേറ്റിലേക്ക് ഓടുന്നത് ഞാൻ കണ്ടു, ചെന്ന് നോക്കുമ്പോൾ ആൻറ്റണി ചേട്ടൻ ഗേറ്റിനരികിൽവീണ് കിടക്കുന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി റൂമിലേക്ക്‌ പോകുന്നവഴി കുഴഞ്ഞു വീഴുകയായിരുന്നു. എല്ലാവരും കൂടി പെട്ടന്തന്നെ ആശുപത്രിയിൽ എത്തിച്ചു. ചെറിയ ഒരു സ്ട്രോക്ക് വന്നതാണ്‌. പക്ഷെ ആൻറ്റണി ചേട്ടന്‌ നടക്കാനും മറ്റു പ്രാഥമിക കാര്യങ്ങൾ നിറവേറ്റുവാനും കഴിഞ്ഞിരുന്നു. അതുകൊണ്ട് ഭാരപെട്ട ജോലികളിൽ നിന്നു മാറ്റി ദേഹാദ്ധ്വാനം കുറഞ്ഞ ജോലികൾ നൽകി. കുറച്ച്‌ ആഴ്ചകൾ അങ്ങനെ മുന്നോട്ട് നീങ്ങി. പക്ഷെ ദിവസങ്ങൾ കഴിയുംതോറും നില വഷളായിക്കൊണ്ടിരുന്നു. ആൻറ്റണി ചേട്ടനെ എത്രയുംവേഗം നാട്ടിൽ എത്തിക്കാൻ തീരുമാനമായി. എയർപോർട്ടിൽ കൊണ്ട് വിടാൻ മറ്റു രണ്ടു സ്റ്റാഫുകളുടെ കൂടെ ഞാനും പോയിരുന്നു.ആൻറ്റണി ചേട്ടൻറ്റെ വലത്തേ കാലും കൈയ്യും തളർന്ന് തുടങ്ങിയിരിക്കുന്നു, ചുണ്ട് ഒരു വശത്തേയ്‌ക്ക് കോടി സംസാരിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. പോകുന്ന വഴി എൻറ്റെ കൈയ്യിൽ ഇരുന്ന ആൻറ്റണി ചേട്ടൻറ്റെ പാസ്സ്പ്പൊർട്ടും എയർടിക്കറ്റും ഞാൻ ഒന്ന് മറിച്ചു നോക്കി. 52 വയസേ ആയിട്ടുള്ളു ആൻറ്റണി ചേട്ടന്. ജീവിതം ഇനിയും എത്രയോ ബാക്കി. അപ്പോഴേക്കും എയർപോർട്ട് എത്തി. ആൻറ്റണി ചേട്ടൻറ്റെ ലഗേജും മറ്റു സാധനങ്ങളും എടുത്തു ട്രോളിയിൽ വച്ച് അകത്തേക്ക് നടന്നു. എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. ആൻറ്റണി ചേട്ടനും. പാസ്സ്പ്പൊർട്ടും എയർടിക്കറ്റും കൊടുക്കുമ്പോൾ ആൻറ്റണി ചേട്ടൻറ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.


തിരിച്ചുള്ള യാത്രയിൽ ആൻറ്റണി ചേട്ടനെ കുറിച്ചു മാത്രമാണ് ഞാൻ ചിന്തിച്ചത്. അപ്പോൾ ചേട്ടനെ കുറിച്ച് കൂടുതൽ അറിയണം എന്ന് എനിക്ക് തോന്നി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ ആൻറ്റണി ചേട്ടനെ കുറിച്ച് അറിയാൻ തുടങ്ങി. എല്ലാവരും അവർക്ക് അറിയാവുന്ന അനുഭവങ്ങൾ പങ്കുവച്ചു.


1994-ൽ ആണ് ആൻറ്റണി ചേട്ടൻ ബഹറിനിൽ എത്തുന്നത്. അന്ന് തൊട്ടേ ഞങ്ങളുടെ കമ്പനിയിലെ ഒരു ഫാക്ടറി തൊഴിലാളി ആയിരുന്നു. മിക്ക പ്രവാസികളെയും പോലെ ഭാര്യയെയും കുടുംബത്തെയും വിട്ടു ഒറ്റപെട്ട ജീവിതമായിരുന്നു ആൻറ്റണി ചേട്ടൻറ്റെതും. നല്ല അദ്ധ്വാനിയും, അത് പോലെ തന്നെ നല്ല പാച്ചകകാരനും ആണ്. ഇപ്പോഴും പലരും ആൻറ്റണി ചേട്ടൻറ്റെ പാചകത്തെ പ്രകീർത്തിച്ചു പറയുന്നത് കേൾകാം. കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും കുട്ടികൾ ഇല്ലാതിരുന്നതിൽ ദുഃഖിതനായിരുന്നു ആൻറ്റണി ചേട്ടൻ. ദുഃഖം മറക്കാനായി പതിയെ മദ്യത്തിൽ ആശ്രയം തേടി. അങ്ങനെ ദിവസവും വൈകുന്നേരം ഓരോ പെഗ് കഴിക്കുന്നത് ശീലമായി മാറി.


കുറച്ചു നാളുകൾ കഴിഞ്ഞ് സമ്പാദിച്ച പൈസയും ലോണും എടുത്ത് നാട്ടിൽ ഒരു ബസ്‌ വാങ്ങി. ആദ്യം ഒക്കെ കുഴപ്പമില്ലാതെ ഓടി പിന്നീട് അതും നഷ്ട്ടത്തിൽ ആയി. കടങ്ങളിൽ നിന്നും കടങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോൾ അതും വിൽകേണ്ടി വന്നു. ആൻറ്റണി ചേട്ടൻറ്റെ പെഗിൻറ്റെ എണ്ണംകൂടാൻ ഒരു കാരണം കൂടി ആയി.
എല്ലാ ദുഃഖങ്ങളിൽ നിന്നും ഒരു ആശ്വാസം എന്നോണം ആൻറ്റണി ചേട്ടനും ഭാര്യയും കൂടി ഒരു കുട്ടിയെ ദത്തെടുക്കാൻതീരുമാനിച്ചു. കാരണം ഇനി ഒരിക്കലും അവർക്ക് അച്ഛനും അമ്മയും ആകുവാൻ കഴിയില്ല എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ആൻറ്റണി ചേട്ടൻറ്റെ ഇളയ സഹോദരി ആയ സിസ്റ്റർ മുഖേന നാട്ടിൽ അതിനുള്ള കാര്യങ്ങൾ നോക്കിത്തുടങ്ങി. നാട്ടിലെ ഫൊർമാലിറ്റീസ്, ഓർഫനേജ് അതികൃതരുടെ ഭാഗത്ത്‌ നിന്നുള്ള അന്വേഷണങ്ങൾ.... എല്ലാത്തിനും ഒടുവിൽ നീണ്ട കാത്തിരിപ്പിനു ശേഷം അവർ ഒരു ആൺ കുട്ടിയെ ദത്തെടുത്തു.

പിന്നീട് അങ്ങോട്ട്‌ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു അവരുടെ ജീവിതത്തിൽ.പക്ഷെ ദൈവം വീണ്ടും ആൻറ്റണി ചേട്ടനെ പരീക്ഷിച്ചു കൊണ്ടിരുന്നു. തൻറ്റെ മകന് ലക്ഷകണക്കിന് ആളുകളിൽ ഒരാൾക്ക് വരുന്ന സ്കിൻ ഡിസീസ്- ശരീരം ആസകലം പൊട്ടി പഴുക്കുക എന്ന അസുഖം. കുട്ടിക്ക് ഭക്ഷണം കഴിക്കാനോ ഒന്ന് കിടക്കാനോ പോലും പറ്റാത്ത അവസ്ഥയിലായി. അതോടെ കുട്ടിയുടെ പഠിത്തവും മുടങ്ങി. കൂടിവരുന്നചികിത്സ ചിലവുകൾ ആൻറ്റണി ചേട്ടനെ സാമ്പത്തികപരമായി ബുദ്ധിമുട്ടിലാഴ്ത്തി. പല വിധത്തിൽ ഉള്ള സഹായങ്ങൾ കമ്പനിയിൽ നിന്നും ലഭിച്ചെങ്കിലും ആൻറ്റണി ചേട്ടൻറ്റെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും കൂടിക്കൊണ്ടിരുന്നു.


ഇതിനോടകം ഒരു സ്ഥിര മദ്യപാനി ആയി മാറിയിരുന്നു ആൻറ്റണി ചേട്ടൻ. ഒന്നും രണ്ടും എന്നുള്ളത് നാലും അഞ്ചും പെഗ് വരെ ആയി. അലക്ഷ്യമായ ജീവിത ശൈലി പിന്നീട് സ്ട്രോക്കിലേക്ക് വഴിവച്ചു.


നാട്ടിൽ എത്തിയതിനു ശേഷവും ആൻറ്റണി ചേട്ടൻറ്റെ വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ആ ഇടയ്ക്കു ആൻറ്റണി ചേട്ടൻറ്റെ ഭാര്യക്ക് ചെറിയ ഒരു ജോലി തരപെട്ടു. അവരുടെ മകൻറ്റെ അസുഖം കുറവായി അവൻ സ്കൂളിൽ പോയി തുടങ്ങി. ഒരു ദിവസം ആൻറ്റണിചേട്ടനെ അസുഖം കൂടിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതറിഞ്ഞ് ഞങ്ങൾ എല്ലാവരും കുറച്ചു തുക സ്വരൂപിച്ചു അയച്ചുകൊടുത്തു. അപകട നില തരണം ചെയ്ത ആൻറ്റണി ചേട്ടൻ പക്ഷെ പൂർണമായും തളർന്ന് കിടപ്പായി. ഭക്ഷണം കഴിക്കാനും ടോയിലെറ്റിൽപോകാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. ആൻറ്റണി ചേട്ടൻറ്റെ ഭാര്യ അല്ലാതെ മറ്റാരും ഭക്ഷണം കൊടുക്കാനോ, ടോയിലെറ്റിൽകൊണ്ടു പോകാനോ സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് ഡയപ്പർ കെട്ടികൊടുക്കും, മല മൂത്ര വിസർജനം അതിൽ തന്നെ. വൈകുന്നേരം ജോലികഴിഞ്ഞു ഭാര്യ വരുന്നതുവരെ അങ്ങനെ കിടക്കും. ആന്റണി ചേട്ടൻറെ ഭാര്യയുടെ തളരാത്ത മനസ്സാണ് ഇന്നും ആ കുടുംബത്തെ മുന്നോട്ടുനയിക്കുന്നത്.


ആൻറ്റണി ചേട്ടന് ഒരു സഹായം എന്ന വണ്ണം ഒരു നിശ്ചിത തുക എല്ലാ മാസവും ഞങ്ങളുടെ കമ്പനി ഇപ്പോഴും അയച്ചു കൊടുക്കുന്നുണ്ട്. ജീവിതത്തിലെ പ്രതീക്ഷകൾ കൈവിടാതെ ഇന്നും ആൻറ്റണി ചേട്ടൻ ആ കൊച്ചു വീട്ടിൽ ജീവിക്കുന്നു.