Kadhajalakam is a window to the world of fictional writings by a collective of writers

ബേക്കൽ

ബേക്കൽ

നമ്മുക്ക് രണ്ടുപേർക്കും കടൽ അത്രയേറെ ഇഷ്ടമായിരുന്നു. നീ ഓർക്കുന്നുണ്ടോ നമ്മളാദ്യം കടലിനെ കണ്ടത്..? മാടായി എൽ.പി യിൽ ഞാൻ നാലിൽ പഠിക്കുമ്പോളാണ് സ്കൂളിൽ നിന്ന് കടൽ കാണിക്കാൻ കൊണ്ട് പോകുന്നത്. ആ കാലത്ത്, അതായത് 1992ൽ ബേക്കലിനെ കേന്ദ്ര സർക്കാർ പ്രതേക ടൂറിസ്റ് സ്പോട്ടായി പ്രഖ്യാപിക്കുന്നു. അതോടെ ബേക്കൽ കോട്ട സോഷ്യൽ സയൻസിന്റെ പേജിലും കൂടി ഇടം പിടിക്കുന്നു നീയപ്പോൾ അതേ സ്‌കൂളിൽ ഒന്നിലാണ്. എന്റെ അനിയനാണെന്നേ തോന്നാത്ത വെളുത്ത, ഉയരമില്ലാത്തതുകൊണ്ടു തടി തോന്നിക്കുന്ന ഒരു പയ്യൻ..

നമ്മുക്ക് രണ്ടുപേർക്കും കൂടി കടലുകാണാൻ ടൂറിന്റെ ഫീസായി നാൽപതു രൂപ വേണമായിരുന്നു. അച്ഛന്റെയും അമ്മയുടെയും കയ്യിൽ അന്ന് ആ കാശുണ്ടായിരുന്നില്ല. "പഠിക്കാൻ വിട്ടാൽ രണ്ടാളും പഠിച്ചാൽ മതി" എന്ന് അച്ഛൻ പറഞ്ഞതോടു കൂടി കടൽ കാണാനുള്ള എന്റെ മനസിലെ തിരയടങ്ങി. നീയാണെങ്കിൽ സ്ഥിരം ശ്രമമെന്നോണം ഒരു രാത്രി മുഴുവൻ കിടന്നു കരഞ്ഞു. അന്ന് വെള്ളിയാഴ്ച്ച കൂടുന്ന സന്ധ്യയിൽ പട്ടിണി കിടക്കരുതെന്നു പറഞ്ഞു മുത്തച്ചൻ രാത്രി നിനക്കു കഞ്ഞിവെള്ളം തന്നിരുന്നു. നമ്മൾക്ക് രണ്ടുപേർക്കും കടൽ കാണാൻ ഞാൻ എന്റെ വഴികൾ തിരക്കി. കാരണം ഞാനന്നു മൂത്ത കുട്ടിയായിരുന്നല്ലോ. കഴിഞ്ഞ വരവിന്റെ പോക്കിൽ പപ്പൻ മാമൻ തന്നതിൽ ശേഷിച്ച,ഞാൻ സൂക്ഷിച്ച പത്തു രൂപയുണ്ടായിരുന്നു. അമ്മയറിയാതെ എടുത്തുവച്ചതായിരുന്നു അത്. 'കാലിന്റെ സൈക്കിൾ' എന്ന സ്വപ്നത്തിലേക്ക് അങ്ങനെ ഒരുപാടു പത്തുകൾ വേണ്ടിയിരുന്നു. നമ്മളുടെ ചുറ്റുവട്ടങ്ങളിലെ എല്ലാ വീട്ടിലും സൈക്കിളുണ്ട്. അതുകൊണ്ടു നമ്മുക്ക് രണ്ടു പേർക്കുമായിരുന്നു സൈക്കിളിനോട് അവർക്കില്ലാത്ത കൗതുകം. സ്കൂൾ വിട്ടു എല്ലാവരും സൈക്കിളിൽ പോകുമ്പോൾ നാലുമണിക്ക് വരാന്തയിലേക്ക് കയറി വരാറുള്ള ചേറു നാറ്റമുള്ള മുത്തച്ഛനെ കാത്തു നമ്മളിരിക്കും. സ്‌കൂൾ വിട്ടുള്ള മടക്കയാത്രയിൽ നീ മുത്തച്ഛന്റെ ചുളിഞ്ഞ കൈ പിടിച്ചു നടക്കും. ഞാൻ നിങ്ങൾക്ക് പിന്നിലും. നമ്മുക്ക് മുന്നിലൂടെ കുറെ സൈക്കിൾ ബെല്ലുകൾ ഓടിപ്പോകും. നടക്കാൻ മടിച്ചു നീ മുത്തച്ഛന്റെ കൈ അമർത്തിപിടിച്ചു മുകളിലേക്ക് ചാടും. അപ്പോൾ നിന്നെ എടുക്കും. ഞാൻ ഒക്കത്തെടുക്കണ്ട പ്രായം കഴിഞ്ഞത് കൊണ്ട് വഴിയരികുകൾ നോക്കി വെറുതെ നടക്കും. നീയപ്പോൾ സൈക്കിൾ സവാരിക്കാരനെ പോലെ എന്നെ നോക്കി ചിരിക്കും.

അച്ഛനും അമ്മയും നമ്മുക്ക് സൈക്കിൾ വാങ്ങി തരില്ലെന്ന് വലിയ കുട്ടിയായി തുടങ്ങിയ എനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഞാൻ സമ്പാദ്യശീലം തുടങ്ങിയത്. നിന്നെ പിന്നിലിരുത്തി തുരു തുരാ ബെല്ലടിച്ചു എല്ലാവരെക്കാളും വേഗത്തിൽ പെഡൽ കറക്കി പായുന്ന ഒരു നീല സൈക്കിൾ. നീ കൂടിയുള്ള, ഞാൻ ഒറ്റയ്ക്ക് കണ്ട സ്വപ്നങ്ങളിലൊന്നായിരുന്നു. ആഗ്രഹങ്ങളിൽ രണ്ടാമതായി ഒരു കടലും. നമ്മളുടെ അച്ഛനും അമ്മയ്ക്കും നമ്മളെ രണ്ടുപേരെയും ഒരുമിച്ചു കടൽ കാണിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് അറിയുന്നതുകൊണ്ടും, വലിയ കുട്ടി കരഞ്ഞിട്ട് കാര്യമില്ലെന്നും ബോധ്യമുള്ളതു കൊണ്ടും ഞാൻ അന്ന് പായയിൽ വെറുതെ കിടന്നു. നിന്നെക്കാൾ മൂന്ന് വയസിനു മൂപ്പുള്ള ഞാനും കടൽ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ഒടിഞ്ഞു തൂങ്ങിയ നമ്മുടെ ഓടിട്ട രണ്ടു മുറിവീട്ടിൽ നിന്ന് ഒരുപാടു ദൂരെയാണ് ഇതുവരെ കാണാത്ത ആ കടപ്പുറം എന്ന് എനിക്ക് നന്നായി അറിയാം. ആ വെള്ളിയാഴ്ച നമ്മൾ രണ്ടു പേരും സ്കൂളിൽ പോയി. ഒരു വെളുത്ത ബസ് വരുന്നതും വരുന്നതും കുറെയേറെ കുട്ടികൾ അതിൽ കയറി കടൽ കാണാൻ പോകുന്നതും നോക്കി നമ്മൾ നിന്നു. അന്ന് വളരെ കുറച്ചു കുട്ടികളെ ക്ലാസിലും സ്‌കൂളിലുമൊക്കെയായി ഉണ്ടായിരുന്നുള്ളു. ഉച്ചയ്ക്ക് ഒരുമിച്ചു കഞ്ഞി കഴിച്ചു നമ്മൾ തിരിച്ചു വീട്ടിലേക്ക് നടന്നു. നീ കടലിനെ മറന്നു തുടങ്ങിയിരുന്നു. എന്റെ മനസിൽ തിരകളടങ്ങിയിരുന്നില്ല. മന്ദീഭവിച്ച വെള്ളിയാഴ്ച്ചയുടെ ഉച്ചയിൽ ഞാൻ നിന്റെ കൈ പിടിച്ചു നടന്നു. പാടവരമ്പിലൂടെയുള്ള വഴി. ആശാരി ഗോവിന്ദേട്ടന്റെ പാടത്തു മുത്തച്ഛൻ പണിയെടുക്കുന്നുണ്ട്. നീ മുത്തച്ഛനെ വിളിച്ചോണ്ട് അവിടേക്ക് ഓടി..

"ചേറിലിറങ്ങിയാ അടിക്വേ.." അങ്ങനെ പറഞ്ഞെങ്കിൽ കൂടി നിന്നെ മുത്തച്ഛൻ ഒന്നും ചെയ്യില്ലെന്നു എനിക്ക് നന്നായി അറിയാം. നീ പേടിച്ചു വരമ്പിന്റെ വശത്തു നിന്നു. ഞാനപ്പോൾ ഒന്നും മിണ്ടാതെ നിന്റെയടുത്തും.

"ഇന്നെന്തേ സ്കൂളിന്ന് വേം വന്നേ..?"

"എല്ലാരും ടൂറിനു പോയിനി അച്ഛാച്ച..ടീച്ചറും എല്ലും. ആരൂല്ല ആട.."

"കഞ്ഞി കുടിച്ചിനാ രണ്ടാളും.."

"ഉം. " ഞാൻ അച്ഛച്ഛന്റെ മുഖത്തേക്ക് നോക്കാതെ മൂളി..

ടൂറിനു പോവാത്തോണ്ടാ നിന്റെ മൊഖം ഇങ്ങന..? എല്ലാരേം പോലെ എല്ലാരിക്കും പറ്റ്വ..?

ഞാൻ മറുപടി പറയാതെ നിന്നു.

"അഛാച്ചന്റെ കീശേൽ മുട്ടായി ഇണ്ട്... അതെടുത്തിറ്റ് പൊയ്ക്കോ.. ആ തൂക്കും എട്ക്കണം പോമ്പം.."

കഴുകിയിട്ടും പോകാത്ത വയൽ മണ്ണിന്റെ കറകൾ അവസാനിപ്പിച്ച ചേറിന്റെ മണമുള്ള ഷർട്ടിന്റെ കീശേല് ഒരു ഗൾഫ് മുട്ടായി മുത്തച്ഛൻ നമ്മൾക്കായി കരുതി വച്ചിരുന്നു . ഗൾഫിൽ നിന്ന് ഗോവിന്ദേട്ടന്റെ മോൻ എങ്ങാനും വന്നു കാണും. ഞങ്ങൾ അത് പകുത്തു പകുതിയാക്കി, വയൽ വരമ്പിനവസാനത്തുള്ള ആ ചെറിയ ഓടിട്ട വീട് ലക്ഷ്യമാക്കി നടന്നു.

രണ്ടാഴ്ചകൾ പോയ പോക്കിൽ കടലിലെ തിരമാകലകൾ പതിയെ കെട്ടടങ്ങി. ആ ആഗ്രഹം എങ്ങനെയോ മറന്നു. ഞാനും നീയും, നമ്മുക്കിടയിൽ കടൽ കടന്നു വരാതെയായി. എന്റെ ആഗ്രഹങ്ങളിൽ 'സൈക്കിൾ' മാത്രമായി ഒതുങ്ങി. ഒരു രാത്രി അമ്മ എന്നോടാണ് പറയുന്നത്, നാളെ നമ്മളെ കൂട്ടി മുത്തച്ഛൻ പുറത്തേക്ക് പോകുന്ന കാര്യം. പുറത്ത് എന്ന് പറഞ്ഞാൽ 'ബേക്കൽ കടപ്പുറത്ത്'. അന്ന് എന്നെക്കാളേറേ സന്തോഷിച്ചതൊക്കെ നീയായിരുന്നു. രാത്രി ഞങ്ങളെ ഉറക്കാൻ പ്ലാസ്റ്റിക്കുകൾ പരസ്പരം വേർപെട്ടു തുടങ്ങിയ ആ പഴയ പായ പോരാതെ വന്നു. രാവിലെ പ്രകാശങ്ങളെക്കാൾ മുൻപേ ഞാനെഴുന്നേറ്റു നിന്നെ വിളിച്ചു. മുത്തച്ഛൻ പാലും കറന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. നമ്മൾ മുത്തച്ഛനെ നോക്കി ചിരിച്ചു. ഒരു കടലടിക്കുണ്ടായിരുന്നു നമ്മളുടെ കണ്ണുകളിൽ. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ വരെ നടന്നു. പഴയത്പോലെ നടക്കാൻ മടിച്ചു നീ അച്ചാച്ചന്റെ ഒക്കത്തും ഞാൻ നിങ്ങൾക്ക് പിന്നിലും. ഞായറിന്റെ പകലുകളിലേക്ക് വെയിൽ മെല്ലെ വന്നു തുടങ്ങുന്നതേയുള്ളു. എട്ടേ അൻപതിനു കാസർഗോട്ടേക്കുള്ള ഒരു ലോക്കൽ ഞങ്ങൾ മൂന്ന് പേരെയും നോക്കി കൂക്കി വിളിച്ചു വന്നു. ഓർമ്മകളിൽ ഞാൻ ഒന്ന് രണ്ട് തവണ ട്രെയിനിൽ കയറിയിട്ടുണ്ട്. നീ പേടിച്ചെന്നു തോന്നുന്നു. നിനക്ക് ചുറ്റും കുറച്ചാളുകൾ. നമ്മൾ മൂന്നുപേരും കൂടി ഇരുന്ന ജനാലയ്ക്കടുത്ത ഒറ്റ സീറ്റ്. ചായയ്ക്കും കാപ്പിയും വിളിച്ചു പറഞ്ഞു നടന്നു വിൽക്കുന്ന ചുവന്ന ഷർട്ടിട്ട ഒരു ചേട്ടൻ. മുന്നിലോട്ടു പോകുന്ന തീവണ്ടിയുടെ ജനാലയ്ക്കരികിലൂടെ നോക്കുമ്പോൾ എല്ലാം പിന്നിലേക്കു ഓടിമറയുന്ന കാഴ്ചകളാണ് പുറത്ത്. വണ്ടി നമ്മളെ മൂന്ന് പേരെയും കൊണ്ട് രണ്ടു മണിക്കൂറിനടത്തു നീങ്ങി. ബേക്കൽ സ്റ്റോപ്പിൽ തന്നെ ഇറങ്ങി പ്ലാറ്റ്ഫോം ക്രോസ്സ് ചെയ്തു. നിനക്കു എല്ലാം പുതിയ കാഴ്ചകളായിരുന്നു, എനിക്കെല്ലാം ഞാൻ ആഗ്രഹിച്ചതും. റോഡിനരിക് ചേർന്നു നടന്നു നമ്മൾ കൽ കോട്ടകൾക്കടുത്തെത്തി. നിന്റെ നോട്ടം വഴി വാണിഭക്കാരുടെ കളറുള്ള കളിപ്പാട്ടങ്ങളിലേക്കായിരുന്നു. പൊതുവെ എല്ലാ ഞായറിലും ഉൾക്കൊള്ളാറുള്ളത്ര ആളുകളുണ്ടായിരുന്നു അവിടെ. പൈസ അടച്ചു മുത്തച്ഛൻ ആദ്യം നമ്മളെ കോട്ട കാണിച്ചു. എനിക്കിപ്പോഴും ഓർമ്മയുണ്ട്: അന്ന് മുത്തച്ഛൻ എനിക്ക് പറഞ്ഞു തന്ന മഹോദയപുരം മുതലുള്ള ബേക്കലിന്റെ ചരിത്രം. കോട്ടയ്ക്കുള്ളിലൂടെ നടന്നു കോട്ട വട്ടത്തിലെത്തി. അവിടെ നിന്നാണ് ആദ്യമായി നമ്മൾ കടൽ കണ്ടത്. അത് ആർത്തു അടുത്തേക്ക് വരും. വലിയ പാറക്കെട്ടുകളിൽ തട്ടി പൊട്ടിത്തെറിക്കും. നീ പേടിച്ചു, കടലിനെതിരെ മുഖം തിരിച്ചു മുത്തച്ഛന്റെ ചുമലിലേക്ക് വീഴും. അപ്പോൾ അലർച്ച മതിയാക്കി തിര തിരിച്ചു പോകും. നമ്മൾ താഴേക്ക് വന്നിട്ട് ബീച്ചിലേക്ക് പോയി. അപ്പോൾ കയ്യിൽ രണ്ടു ഐസ്സ്ക്രീമുകൾ ഇടം നേടിയിരുന്നു. മുത്തച്ഛൻ ഒന്നും കഴിച്ചിരുന്നില്ല. വെയിൽ ശക്തിയിൽ ചൂട് പൊഴിച്ചു കൊണ്ടിരുന്നു. ചെരുപ്പ് കയ്യിലെടുത്ത് പാന്റ് മുട്ട് വരെ പൊക്കി പൂഴിയിൽ കൂടി നമ്മൾ നടന്നു. കടലിലേക്ക്. തിരകളും നമ്മളും എതിർ ദിശയിൽ നിന്നും അടുത്തടുത്തേക്ക് വന്നു. മുത്തച്ഛൻ നമ്മുടെ കൈ മുറുകെ പിടിച്ചിരുന്നു. എത്രപേരാണ് കടലിനെ കാണാൻ വന്നിരിക്കുന്നത്. അവരൊക്കെ ടൂറിനായി വന്നവരായിരിക്കണം.. നമ്മൾ രണ്ടും ടൂറിനു പോകാൻ കഴിയാതെ വന്നവരും. ഒരു പകലിനു പകുതിയോളം നമ്മൾ കടൽ കൊതി തീരും വരെ കണ്ടു. ഓരോ തിരയിലും ഒരുപാടു ഋതുക്കൾ മാറിമറിയുന്ന കാലമാണ് കടൽ. തിരിച്ചു നടന്നു. കണ്ണിൽ നിന്ന് മറയുന്നത്ര വരെ ബേക്കലിനെ നോക്കി. ഞങ്ങളെ തിരഞ്ഞു തന്നെയാവണം തിര പിന്നെയും തീരമെത്തിക്കൊണ്ടിരുന്നു..

അന്ന് കടൽ നോക്കി നമ്മളിരുന്ന അതേ പാറക്കെട്ടിലാണ് ഞാനിപ്പോഴും ഇരിക്കുന്നത്. മുത്തച്ഛന് ഊൺ കൊടുത്തു. ഞാനും അമ്മയും കൈ കൊട്ടി വിളിച്ചു. ഒരുപാടു പേരിലൊരാളായി മുത്തച്ഛനും വന്നിരുന്നു കഴിക്കുന്നു. നിനക്ക് വരൻ കഴിഞ്ഞില്ല. നിന്റെ ക്ളൈന്റിനു ആണ്ടിനെയും അച്ചച്ചനെയും ഒന്നും അറിയാത്തതു നിന്റെ കുഴപ്പമൊന്നുമല്ലല്ലോ. എന്നാലും എടാ ഞാൻ ഈ പാറക്കെട്ടിൽ ഇരിക്കുമ്പോൾ ഓരോ തിരയും ഓടി വന്നു എന്നോട് പരിചയം പുതുക്കുന്ന പോലെ. നമ്മളുടെയും മുത്തച്ഛന്റേയും പ്രായമേറുമ്പോഴും അയാൾ ഇത്രയുമേ ആഗ്രഹിച്ചുള്ളു. നമ്മുക്കൊരു ജോലിയാവുക, കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറുക. പക്ഷേ ഇന്ന് നമ്മുടെ സന്തോഷങ്ങളിൽ കൂടെയില്ലാത്ത വിഷമം മാത്രം. ഓർമ്മകളിലിന്നും ഒരു കടലിന്റെ തിരയടിയുണ്ട്, ഒരു സൈക്കിളിന്റെ ബെല്ലടിയുണ്ട്, നമ്മുടെ മുത്തച്ഛൻ ഇടാറുള്ള ഷർട്ടിന്റെ ചേറു മണമുണ്ട്. ബേക്കലിൽ ബ്രിട്ടീഷിൻറെ മാത്രമല്ല, നിന്റെയും എന്റെയും കൂടി ചരിത്രങ്ങളുണ്ട്.

മുത്തച്ഛൻ ചോറും തിന്നു പറന്നു ആകാശത്തിന്റെയും കടലിന്റെയും നീലയിൽ അലിഞ്ഞില്ലാതായി. ഞാനും പതിയെ എഴുന്നേറ്റു. മുത്തച്ഛന്റെ എച്ചിലുകളെ കടലെടുത്തു. കണ്ണുകളിലും ഒരു കലങ്ങിയ കടലുണ്ടായിരുന്നു അപ്പോൾ..

ജോണി വാക്കർ

ജോണി വാക്കർ

ദിവാകരേട്ടന്റെ മോള് ദിവ്യ

ദിവാകരേട്ടന്റെ മോള് ദിവ്യ