കഥാജാലകം

View Original

ദൈവപുത്രി

"അവർ അവനെ പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും അവന്റെമേൽ തുപ്പുകയും ചെയ്യും." ലൂക്കാ 18:32

“പ്രയിസ് ദ ലോർഡ്.. ഉച്ചത്തിൽ സ്തുതിപ്പിൻ. കർത്താവു വലിയവനാകുന്നു”

ധ്യാനാശ്രമം ശബ്ദമുഖരിതമായിരുന്നു. പ്രാർത്ഥനകൾ മുഴങ്ങി..മണ്ണിൽ പിറന്നവന് സാധ്യമല്ലാത്തതിനായി!

അസാധ്യമായി ഒന്നുമില്ലാത്തവന്റെ കാതുകളിൽ മുഴങ്ങികേട്ട അപേക്ഷകളിലും നിലവിളികൾക്കുമിടയിൽ ഒരു സ്വരം മാത്രം വേറിട്ടുനിന്നു. മറ്റു സ്വരങ്ങളിൽ നിന്നും വ്യത്യസ്തമായി കളങ്കമറിയാത്തവളുടെ നിസ്സഹായത ആ സ്വരത്തിൽ തെളിഞ്ഞുനിന്നിരുന്നു.

അപ്രാപ്യമായതിനെ പ്രാപ്യമാക്കുവാനും, അസാധ്യമായതിനെ സാധ്യമാക്കുവാനും, നിസ്സഹായനെ ബലവാനാക്കുവാനും, ദുഷ്ടനെ ശിഷ്ടനാക്കുവാനും കഴിവുള്ളവൻ ആ സ്വരത്തിന് കാതുകൾ നല്കി .

പ്രാർത്ഥനകൾ കടുത്തുകയറിക്കൊണ്ടിരുന്നു. പുരോഹിതരും പ്രേഷിതരും ഒരേ സ്വരത്തിൽ മൊഴിയുന്നുണ്ടായിരുന്നു.

"എല്ലാവരും ശക്തിയായി വിശ്വസിച്ച് പ്രാർത്ഥിക്കുവിൻ, കുഞ്ഞിനു പൈശാചികവലയം ബാധിച്ചിരിയ്ക്കയാണ് "

പ്രാര്ത്ഥന രൂപേണ അലമുറകൾ തുടര്ന്നുകൊണ്ടിരുന്നു. ദൈന്യതയുടെ പ്രതിരൂപമെന്നോണം കുഞ്ഞിന്റെ മാതാവ് കാണപ്പെട്ടു.

മണ്ണിന്റെ സൗന്ദര്യവും യൗവനയുക്തയുടെ ഭാവങ്ങളും അവളിൽ തെളിഞ്ഞു നിന്നിരുന്നു. ഉറക്കം തളം കെട്ടിയ ഇമകളിൽ കണ്ണീരിനിയും ഉണങ്ങാത്ത മിഴികൾ വിലയം കൊണ്ടു. ക്രൗര്യത്താൽ ജ്വലിച്ചുകൊണ്ടവൾ കുഞ്ഞിനെ പ്രഹരിച്ചുകൊണ്ടിരുന്നു. ഓരോ അടിയിലും കുഞ്ഞ് ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു.

“അവൻ തീവ്രവേദനയിൽ മുഴുകി കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിച്ചു . അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തു വീണു” ലൂക്കാ 22:44

പുരോഹിതന്റെ ശബ്ദം കൂടുതൽ മുഴക്കം പ്രാപിച്ചു. "കർത്താവു പ്രവർത്തിയ്ക്കുന്നു. ഉച്ചത്തിൽ പ്രാർത്ഥിക്കുവിൻ".

വെറുപ്പിന്റെ പാരമ്യതയിൽ കുഞ്ഞിന്റെ ചുണ്ടുകൾ ചലിച്ചു. കാർക്കിച്ചു തുപ്പിയ കഫം പുരോഹിതന്റെ നെറ്റിതടത്തിൽ വിശ്രമംക്കൊണ്ടു. ചീറിതെറിച്ച തുള്ളികളിൽ ചിലത് അമ്മയുടെ കവിളുകളിലും ശേഷിച്ചു. 

ജിജ്ഞാസയേറുകയാൽ കഥയുടെ താളുകൾ പിന്നോട്ടുമറിയപ്പെട്ടു.

ഭർത്രുമതിയുടെ കണ്ണുകളിൽ അഭിഷിക്തന്റെ നിഴൽ കാണപ്പെട്ടു. കര്ത്താവിനു പ്രതിപുരുഷനെന്നു വിളിക്കപെടെണ്ടവന്റെ കാൽപ്പാടുകൾ യൗവനയുക്തയുടെ കിടപ്പറയിൽ അടയാളങ്ങൾ വീഴ്ത്തി. ഭർത്രുമതിയുടെ രഹസ്യങ്ങൾ അഭിഷിക്തനുമുന്നിൽ തുറക്കപെട്ടു. ദേവാലയം മുഴങ്ങേണ്ട സൂക്തങ്ങൾ കിടപ്പറയിൽ മുഴങ്ങിക്കേട്ടപ്പോൾ ജനൽപ്പാളികൾ കഥയിൽ യൂദാസിനു തോഴനായി. അമ്മയിൽ കണ്ട ഭാവങ്ങൾ. വചനം പകര്ന്നു തന്ന വൈദികന്റെ ഭാവഭേദങ്ങൾ. 

“യജമാനന്റെ ഹിതം അറിഞ്ഞിട്ടും , അതനുസരിച്ച് പ്രവര്ത്തിയ്ക്കുകയോ അതിനു ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിയ്ക്കപെടും” ലൂക്കാ 12:47

പുരോഹിതന്റെ കൈകൾ ചലനം കൊണ്ടു. ക്രൂശിതന്റെ രൂപം കളങ്കിതന്റെ കൈകളിൽ ഉയര്ന്നു. "കുഞ്ഞിനു പൈശാചികവലയം ബാധിച്ചിരിയ്ക്കയാണ് ..പ്രാർത്ഥനയിലുടെ മാത്രമേ വിടുതൽ പ്രാപ്തമാകു".

വിശ്വാസത്തിന്റെ കാവലാളയവന്റെ വാക്കുകൾ ഭർത്രുമതിയുടെ നാഥനു ദൈവവാക്യമായിരുന്നു. സ്രഷ്ടാവിന്റെ കണക്ക് പുസ്തകത്തിൽ നാമങ്ങൾ കുറിക്കപ്പെട്ടു. ക്രൂശിതന്റെ രൂപം പതിനൊന്നുകാരിയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. കാലടികൾ പതിഞ്ഞ മണ്ണിൽ കാൽക്കീഴിനും താഴെയായി അത് മറക്കപ്പെട്ടു. 

പുരോഹിതന്റെ ശബ്ദം കടുത്തു കയറി

"ഉച്ചത്തിൽ പ്രാർത്ഥിക്കുവിൻ ...,

കർത്താവു പ്രവർത്തിക്കുന്നു ..."