കഥാജാലകം

View Original

തുറിച്ചു നോട്ടം

കോളേജ് കാലത്തെ യാത്രകളെ കുറിച്ചു പറഞ്ഞു വരുമ്പോള്‍ ഇടയ്ക്കെപ്പോഴും ഓര്‍മ വരാറുള്ള ഒരു കാര്യം, പണ്ടു നമ്മള്‍ കോളേജില്‍ ആയിരുന്നപ്പോ ഊട്ടിയില്‍ അവിടെ പോയതും മഹാരാജാസില്‍ മുറിയെടുത്തതും ശ്രീമാന്‍ മഹമൂദിന്‍റെ നേതൃത്വത്തില്‍ പാതിരാത്രിയില്‍ ഊട്ടി മൊത്തം കറങ്ങിയതുമാണ്. 

ഞാനും മഹമൂദും സുനീഷും നാലാമതായി കടക്കാടനോണോ അതോ ഇനി നിസാമാണോ, അക്കാര്യം ശരിക്കോര്‍മ്മയില്ല. സാഹചര്യവും സമയവും വെച്ചു നോക്കീട്ട് അതു കടക്കാടന്‍ ആവാനേ തരമുള്ളൂ. സിയപ്പയാണോ എന്ന ഒരു സംശയവും ഇല്ലാതില്ല. (ഇനിയിപ്പൊ അതു നമ്മുടെ ജമ്പനാണോ… ശ്ശെടാ.. എന്തൊരു മറവി) ഹോട്ടലിലെ മുറിയില്‍ വെച്ചു മഹമൂദാണ് പറഞ്ഞത്. അവന്‍റെ നാട്ടുകാരനായ ഒരാള്‍ ഊട്ടി ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നുണ്ടത്രേ.

“എതായാലും റൂമില്‍ കിടന്നിട്ടു ഉറക്കം വരുന്നില്ല. നമുക്കു ഫിഷ് മാര്‍ക്കറ്റില്‍ പോയി അവനെയൊക്കെ കണ്ടു ഊട്ടി ടൗണ്‍ മൊത്തം ഒന്നു കറങ്ങി വന്നാലോ..?”. ഞാന്‍ വാച്ചില്‍ നോക്കി. സമയം രണ്ടു മണി കഴിഞ്ഞു. റൂമില്‍ കുറെ പേര്‍ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. കുറച്ചു പേര്‍ കിടന്നു കൊണ്ടു പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കില്‍ ഉറക്കം വരുന്നില്ല. ഇവിടുത്തെ കൊടും തണുപ്പില്‍ മൂടിപ്പുതച്ചു ഉറങ്ങാനല്ലല്ലൊ വന്നത്.

"ശരി എന്നാല്‍ ഒന്നു കറങ്ങി വരാം." ഞാന്‍ എണീറ്റു. പുറത്തു നല്ല തണുപ്പാണ്. സ്വെറ്ററും ഊട്ടി തൊപ്പിയും പോരാത്തതിനു കട്ടിയുള്ള ഷാളും വാരി ചുറ്റി ഞങ്ങള്‍ റൂമില്‍ നിന്നിറങ്ങി റോഡിലൂടെ നടത്തമാരംഭിച്ചു. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഓരോ പീടിക തിണ്ണയിലും കുറെ പേര്‍ പുതച്ചു മൂടി കിടന്നുറങ്ങുന്നു. തെരുവു പട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു. ഞങ്ങള്‍ നടത്തം തുടര്‍ന്നു.

തെരുവു വിളക്കിന്‍റെ മഞ്ഞ പ്രകാശത്തില്‍ തെരുവാകെ മഞ്ഞു കലര്‍ന്ന മഞ്ഞ നിറമായിരിക്കുന്നു. നീണ്ട തിണ്ണയുടെ അറ്റത്ത്, തലയില്‍ കൂടി പുതപ്പു മൂടി, മുഖം പകുതി മറച്ച്,  ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ അലക്ഷ്യമായി ഞങ്ങളെ നോക്കുന്നുണ്ട്. കയ്യിലുള്ള ഏതോ ഭക്ഷണാവശിഷ്ടം പട്ടികള്‍ക്കു ഇടയ്ക്കിടെ എറിഞ്ഞു കൊടുക്കുന്നുണ്ട്. അയാളുടെ തീഷ്ണതയുള്ള നോട്ടം, ഏതു നിമിഷവും കുരച്ചു ചാടി ആക്രമിക്കാന്‍ വേണ്ടി, പതിയിരിക്കുന്ന ഒരു ചെന്നായയെ പോലെ തോന്നിച്ചു. കുറച്ചു മുന്നിലേക്കു നടന്നു ഞാന്‍ തിരിഞ്ഞു നോക്കി. അയാള്‍ കുനിഞ്ഞു കൂടിയിരിക്കാണ്. പട്ടികള്‍ അയാള്‍ക്കു ചുറ്റും മുരണ്ടു കൊണ്ടിരിക്കുന്നു.

ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. പകല്‍ സമയം ഹോണടിച്ചും ബഹളം വെച്ചും വാഹനങ്ങള്‍ പരക്കം പായുന്ന, ഇപ്പോള്‍ വിജനമായ ഈ റോഡിന്‍റെ നടുവിലൂടെ ഞങ്ങള്‍ നാലു പേരും നടക്കുകയാണ്. റോഡുകള്‍ രണ്ടായും മൂന്നായും നാലായും പിരിയുമ്പോള്‍ ഞങ്ങള്‍ സ്വയം തീരുമാനിക്കും ഏതാണ് പോകേണ്ട വഴിയെന്ന്, സത്യത്തില്‍ വഴിയറിയുന്ന ഒരാള്‍ പോലും ഞങ്ങളുടെ കൂട്ടത്തിലില്ല. അങ്ങനെ ഒരു ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിയുന്ന റോഡിലൂടെ ഞങ്ങള്‍ കുറേ നടന്നു. വഴിയില്‍ വെളിച്ചം കുറഞ്ഞു വരുന്നത്   സംസാരത്തിനിടയില്‍ ഞങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. തൊട്ടടുത്തു നില്‍ക്കുന്നവരെ മാത്രം കാണാന്‍ പറ്റുന്ന അവസ്ഥ എത്തിയപ്പോയാണ് വഴിയെറ്റിയ വിവരം ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.

ഞാന്‍ പിന്‍തിരിഞ്ഞു നോക്കി. വന്ന വഴിയില്‍ ദൂരെയുണ്ടായിരുന്ന തെരുവു വിളക്ക് ഇപ്പോള്‍ കത്തുന്നില്ല. അടുത്തു നിന്നു പോലും ഒരു ശബ്ദവും കേള്‍ക്കുന്നില്ല. "നമുക്കു തിരിച്ചു നടക്കാം. . ." .  കൂട്ടത്തില്‍  ആരോ പറഞ്ഞു.  പെട്ടെന്നു ദൂരെ ഞങ്ങള്‍ വന്ന ഭാഗത്തു നിന്നു ഒരു നായയുടെ ദയനീയ കരച്ചില്‍ ഉയര്‍ന്നു. എല്ലാവരുടെയും ഉള്ളില്‍ ചെറിയ ഒരു ഭയം വന്നു. അറിയാത്ത സ്ഥലം. ഇരുട്ടുള്ള രാത്രി. കടുത്ത മൂടല്‍ മഞ്ഞ്. പെട്ടെന്നെങ്ങാനും ഒരു നായ ആക്രമിക്കാന്‍ വന്നാല്‍ ഓടി രക്ഷപ്പെടാന്‍ പോലും വഴിയറിയില്ല. മുമ്പ് കണ്ടയാളുടെ തുറിച്ചു നോട്ടം എന്‍റെ മനസ്സിലേക്കു വന്നു. ഞാന്‍ നോക്കുന്നിടത്തെല്ലാം അയാളുടെ മുഖം എന്നെ തുറിച്ചു നോക്കുന്ന പോലെ എനിക്ക് തോന്നിപ്പോയി.

ഞങ്ങള്‍ പോയ വഴിക്കു തന്നെ തിരിച്ചു നടന്നു കൊണ്ടിരിക്കാണ്. ആരും ഒന്നും മിണ്ടുന്നില്ല. കുറച്ചു ദൂരം നടന്നപ്പോള്‍ ഞങ്ങള്‍ നേരത്തെ ഇടത്തോട്ടു തിരിഞ്ഞ കവലയില്‍ എത്തി. തെരുവു വിളക്ക് നിലച്ചിരുന്നു. എന്നാലും അവിടം ഇച്ചിരി വെട്ടമുണ്ട്. തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന ചില കടകളുടെ മുമ്പില്‍ ലൈറ്റ് അണക്കാതെ വെച്ചിട്ടുണ്ട്. ഞാന്‍ ആദ്യം നോക്കിയത് മുമ്പു അവിടെ കണ്ടയാളെയാണ്. അയാളെ കാണാനില്ല. അവിടെ നിന്നും വലത്തേക്കു തിരിയുന്ന റോഡു ചൂണ്ടി മഹമൂദ് പറഞ്ഞു. “ഇതായിരിക്കും ചിലപ്പോള്‍ അങ്ങോട്ടുള്ള വഴി. ഇതിലെ പോയി നോക്കാം.”

ഞങ്ങളുടെ നടത്തം അങ്ങോട്ടായി. കുറച്ചു നടന്നു മാര്‍ക്കെറ്റെന്നു തോന്നുന്ന ഒരു സ്ഥലത്തെത്തി. കുറച്ചപ്പുറത്തായി പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം മങ്ങിയ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. ശക്തമായ നാറ്റം മൂക്കിലടിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്കു കാര്യം മനസ്സിലായി. ഞങ്ങള്‍ തിരഞ്ഞു നടന്നിരുന്ന സ്ഥലത്തു അവസാനം ഞങ്ങളെത്തിയിരിക്കുന്നു. കെട്ടിടത്തിനു വാതിലില്ല, പകരം വലിയ ഗ്രില്ലു പോലുള്ള ഗേറ്റ് ആണ്. ഒരാളെയും അടുത്തെങ്ങും കാണുന്നില്ല. അല്ലെങ്കില്‍ തന്നെ ഈ തണുപ്പണിഞ്ഞ പുലര്‍ക്കാലത്ത് ആരു ഉണര്‍ന്നിരിക്കാനാണ്. കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റി നിന്നതിനു ശേഷം ഞങ്ങള്‍ മടങ്ങി. സത്യത്തില്‍ മഹ്മൂദിന്‍റെ നാട്ടുകാരനെ കാണുക എന്നത് ഈ രാത്രിയില്‍ ഞങ്ങളുടെ പ്രഥമ ലക്ഷ്യമൊന്നും അല്ലായിരുന്നു. ഊട്ടിയുടെ പുലര്‍ക്കാല തണുപ്പ് ആസ്വദിച്ചു കൊണ്ട് ഈ സുന്ദര നഗരമാകെ ഒന്നു ചുറ്റിയടിച്ചു നടക്കണം. വാഹനങ്ങളുടെ ബഹളമില്ലാതെ ആരും നിയന്ത്രിക്കാനില്ലാതെ ഒരു ഫ്രീ ബേഡിനെ പോലെ അങ്ങനെ കറങ്ങി നടക്കണം. അതും അതിലപ്പുറവും ഏതായാലും ഞങ്ങള്‍ ആസ്വദിച്ചു.

ഹോട്ടലിലേക്കുള്ള നടപ്പാതയിലേക്കു കയറിയപ്പോഴും എന്‍റെ മനസ്സില്‍ കവലയില്‍ വെച്ചു കണ്ട മനുഷ്യനെ കുറിച്ചായിരുന്നു. അയാള്‍ എവിടെ പോയി. ഞങ്ങള്‍ കേട്ട തെരുവു നായയുടെ കരച്ചില്‍ എന്തായിരുന്നു. അയാള്‍ക്കെന്തു സംഭവിച്ചു. അതോ അയാള്‍ ഇപ്പൊഴും ഞങ്ങളെ പിന്‍തുടരുന്നുണ്ടോ. ഓരോ വളവു തിരിയുമ്പോഴും ഞാന്‍ പിന്‍തിരിഞ്ഞു നോക്കാതിരുന്നിട്ടില്ല. കൂടെയുള്ളവരാരും അയാളെ ശ്രദ്ധിച്ചിട്ടില്ലെന്നു പിന്നീടെനിക്കു മനസ്സിലായി. എനിക്കു മാത്രമായി തോന്നാന്‍ വഴിയുമില്ല. ഞങ്ങള്‍ റൂമിലെത്തി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞങ്ങളും കിടന്നു. കുറേ നേരം ആ മനുഷ്യന്‍ കുറിച്ചു ഓര്‍ത്തു കിടന്ന ഞാന്‍ പിന്നെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.