മുഖക്കുരു
പരൽ മീനൂകൾ നീന്തി തുടിക്കുന്ന കുളത്തിൽ അവൾ കൊലുസിട്ട കാലുകൾ പതിയെ താഴ്ത്തി. ഒരുപറ്റം മീനുകൾ കാലിൽ പൊതിഞ്ഞൂ മൂടി. വെളു വെളുത്ത അവളുടെ കാൽ വിരൽതുമ്പുകളിൽ അവറ്റകൾ തൊട്ടുരുമ്മി നീന്തിത്തുടിച്ചു.
അവൾ പൊട്ടി ചിരിച്ചു. കുളത്തിന്റെ മൂന്നാമത്തെ കല്പടവിലാണു അവൻ നിന്നിരുന്നത്. “എനിക്ക് ഇഷ്ടാ തന്നെ”. അവൻ ഒരു ചുവന്ന റോസാ പുഷ്പം അവൾക്കു നേരെ നീട്ടി.
“പോടാ”.. അവൾ ഒരു കൈകുംബിളിൾ വെള്ളം കോരി വീശി. അവനാകട്ടെ ഒരു കള്ള ചിരിയോടെ ഒഴിഞ്ഞു മാറി. ഇതെന്താപ്പൊ ഓന് പുതിയൊരിഷ്ടം. വെള്ളത്തിൽ തെളിഞ്ഞ തന്റെ പ്രതിബിംബം നോക്കുമ്പോൾ പണ്ടൊന്നും തോന്നാത്ത ഒരു ആകർഷണം. മൂക്കിനു മുകളീൽ തിളങ്ങി നിൽക്കുന്നു. `എന്താപ്പോ ഇത്?“. വെളൂത്ത ചുവന്ന മുഖക്കുരു മെല്ലെ കൈകൊണ്ട് തൊട്ടു നോക്കി.
`ആ…വേദനയിണ്ടല്ലൊ”.അവൾ ഓർത്തു. പ്രണയത്തിന്റെ വേദന..? അന്ന്...... മേമയുടെ മുഖത്തും പ്രണയത്തിന്റെ ആ ആകർഷണം അവൾ കണ്ടിരുന്നു. “ന്ദാ മേമെന്റെ മുഖത്ത്. ”മുഖക്കുരു`.. `നിക്കും വരുവൊ ഇത്!!..“ ”വരുല്ലൊ...വലുതാകുംബൊ..അന്നെ ആരെലും മോഹിചാലെ മുഖക്കുരു വരുള്ളു“ `മോഹിക്കേ.. അയ്യേ. ന്നാ ഒന്നു തൊട്ട് നൊക്കട്ടെ.” “വേണ്ടാട്ടോ...വേദനിക്കും..” “വേദനിക്കോ!!” “ഉം..പ്രണയത്തിന്റെ വേദന” കൗമാരത്തിന്റെ ജല്പനങ്ങളായിരുന്നു ആ പ്രണയത്തിന്റെ വേദനകൾ. ഉള്ളിൽ അഗ്നിപർവതം പോലെ വിങ്ങുന്ന കാമത്തിന്റെ കലിയിൽ നിന്നു മുഖത്തു പൊട്ടിമുളക്കുന്ന വികാരത്തിന്റെ ഭാവമല്ലെ ഈ മുഖക്കുരു?. കൈയ്യടക്കുന്നതിലൂടെ കെട്ടുപോകുന്ന വെറും നേരമ്പോക്കുകൾ.
ഹും, എന്നിട്ട് എന്തായി?, ഇപ്പൊഴും മേമ വേദനിക്കുന്നില്ലെ. ചെറിയച്ചൻ മോഹിച്ചു, മേമക്ക് മുഖക്കുരു വന്നു. ആ മുഖക്കുരു പഴുത്തു പൊട്ടി മേമേന്റെ മുഖത്തു വലിയ കറുത്തൊരു പാടൂണ്ടാക്കി. കൂടെ മേമയുടെ ജീവിതത്തിലും.
ജീവിതത്തിലും...
ഇന്നും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പ്രണയത്തിന്റെ വേദനയും പേറി ജീവിക്കുന്ന മേമയെ അവളോർത്തു.
നിലാവുള്ള ഒരു രാത്രിയിൽ ,പ്രണയത്തിന്റെ കൊടുമുടി കയറാൻ പെറ്റമ്മയെ പോലും ഉപേക്ഷിച് ഇരുട്ടിൽ ചെറിയച്ചന്റെ അടുക്കലേയ്ക്കു ഓടിപ്പോയപോൾ, അന്ധകാരത്തിന്റെ പടുകുഴിയിലേക്കാണ് താൻ പോകുന്നതെന്ന് ആ പ്രായത്തിന്റെ പക്വതയില്ലായ്മ മേമയെ അറിയിച്ചതുമില്ല. ഒടുവിൽ കൈകുഞ്ഞുമായി ഒരു ദിവസം അവർ വീണ്ടും പടികടന്നു വന്നു, നിരാലംബയായി. പ്രണയത്തിന്റെ പുകമറപോലും അവരുടെ കണ്ണുകളിൽ അന്ന് കണ്ടതേയില്ല. അന്ന് മുതൽ നാട്ടുകാർക്കു മക്കൾക്ക് പറഞ്ഞുകൊടുക്കനുള്ള നല്ലൊരു ഗുണപാഠമായി മേമയുടെ ജീവിതം.
.ഒടുവിൽ കൈകുഞ്ഞ് മായി ഒരു ദിവസം അവർ വീണ്ടും പടി കടന്നു വന്നു.നിരാലംബയായി.പ്രണയത്തിന്റെ പുകമറപോലും അവരുടെ കണ്ണുകളിൽ അന്ന് കണ്ടതേയില്ല.അന്ന് മുതൽ നാട്ടുകാർക്കു മക്കൾക്ക് പറഞ്ഞുകൊടുക്കനുള്ള നല്ലൊരു ഗുണപാഠമായി മേമയുടെ ജീവിതം. ഒരിക്കൽ ശാന്ത ടീച്ചർ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു.
“ഇഷ്ടം പോലെ തിന്നാനും ഉടുക്കാനും ഒക്കെ തരാൻ മാതാപിതക്കന്മാരുള്ളപ്പൊ ചില പോങന്മാർക്കും പോങത്തികൾക്കും തോന്നും പ്രേമിക്കുന്ന ചേട്ടനൊ പെണ്ണൊ ആണ് ജീവിതത്തിൽ ഏറ്റവും വലുതെന്നും അവരു പറയുന്നതാണ് ശരിയെന്നും, പ്രേമ നൈരാശ്യവുമാണ് ലോകത്തിലെ ഏറ്റവും വലിയ ദുഖമെന്നും. കാമത്തിന്റെ നൈർമിഷിക ഭാവമത്രെ പ്രണയം. കഷ്ടം, നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നമുക്കു വേണ്ടീ മാത്രം ജീവിക്കുന്ന നമ്മുടെ മാതാപിതാക്കളെ മറക്കുന്നവർക്ക് ജീവിതത്തിൽ പരാജയം മാത്രം നിശ്ചയം. പേറ്റുനോവിന്റെ വേദനയത്രെ ശാശ്വതം.”
അവൾ വിരലുകൾ കൊണ്ട് മൂക്കിൽ ഞെരിച്ചു..മുഖക്കുരു പൊട്ടിപോയി.. “നിക്കു വേണ്ടാ ഈ മോഹക്കുരു” അവൾ റോസാ പൂവ് പിടിച്ചു വാങ്ങി..
“ആദ്യം ജ്ജ് പഠിച്ച് ഒരു ജോലിയൊക്കെ വാങ്ങി, കണ്ടോർടെ പാത്രം കഴുകി ജീവിക്കുന്ന അന്റെ അമ്മയെ നോക്ക്. ന്നിട്ട് പോരേ പ്രേമോം കോപ്പുമൊക്കെ..!!” അവൾ പുച്ചഭാവത്തോടെ പൂവിന്റെ ഇതളുകൾ പിച്ചി ചീന്തി ഉടച്ചു.
അവളൂടെ ചുവന്ന് തുടുതത മൂക്കും, ചിതറി കിടന്ന പൂവിന്റെ ഇതളുകളും നോക്കി നിരാശനായി അവൻ പടവുകൾ കയറി പോയി..