കഥാജാലകം

View Original

നഷ്ടമാകുന്ന പോളിസികൾ

കാക്കിക്കുപ്പായത്തിനു മീതെ വാരിച്ചുറ്റിയ കരിമ്പടത്തിനുപോലും തുളച്ചു കയറുന്ന ശൈത്യത്തെ പ്രതിരോധിക്കാനാവുന്നില്ല. മിലിട്ടറിയിലായിരുന്നപ്പോള്‍ മഞ്ഞുപാളികള്‍ക്കു മീതെ ലാഘവത്തോടെ മണിക്കൂറുകള്‍ നടന്നിട്ടുണ്ട്‌. അത്‌ യുവത്വത്തിന്റെ ചോരത്തിളപ്പിലാണ്‌. ഇപ്പോള്‍ വയസ്സറുപതിയഞ്ചു കഴിഞ്ഞു! കഴുത്തില്‍ച്ചുറ്റിയ മഫ്ളര്‍ ഒന്നുകൂടി മുറുക്കി, പത്മനാഭന്‍ അളകപ്പന്റെ ചായപ്പീടികയിലേയ്ക്ക്‌ വേച്ചി വലിച്ച്‌ നടന്നു. ഒരു കട്ടന്‍ അകത്തു ചെന്നാല്‍ തണുപ്പു മാറുമെന്നു മാത്രമല്ല പ്രഭാതകര്‍മങ്ങള്‍ക്കെല്ലാം അതിന്റെതായ ഒരു ശേലുണ്ടാവും. അവിടെയൊന്നെത്തിക്കിട്ടാനാ പ്രയാസം. അടുത്തൊന്നും ഒരു ചായപ്പീടികയില്ലാത്തതു കഷ്ടം തന്നാ! അല്ലെങ്കില്‍ തന്നെ തനിക്കു വേണ്ടി മാത്രം ഒരു ചായപ്പീടിക തുടങ്ങാന്‍ ആര്‍ക്കാ കിറുക്ക്‌? ആപ്പിസ്സിലെ സ്റ്റാഫ്‌ ആരെങ്കിലും എത്തുംവരെ താനല്ലാതെ ഒരു മനുഷ്യജീവി ഈ പ്രദേശത്ത്‌ ഉണ്ടാവില്ല. പിന്നെയാ ചായക്കട…

പത്മനാഭന്‍, അയല്‍ സംസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്ന ഈ കൊച്ചുഡാമിന്റെ സെക്യൂരിറ്റിപ്പണി നോക്കാന്‍ തുടങ്ങിയിട്ട്‌ കൊല്ലം ഏഴായി. പെന്‍ഷന്‍ മാത്രം കൊണ്ടെന്താകാനാ? മക്കളുടെ പഠനച്ചെലവിനുതന്നെ മതിയാവില്ലത്‌. മൂത്തമോളെ പറഞ്ഞയച്ചതിന്റെ കടം ഇനിയും തീര്‍ന്നിട്ടില്ല. അതെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍, ഈ വേഷം കെട്ടല്‍ അവസാനിപ്പിക്കാമായിരുന്നു. അളകപ്പന്‍ പകര്‍്ന്നുകൊടുത്ത ചൂടുള്ള കട്ടന്‍കാപ്പി അകത്തു ചെന്നപ്പോള്‍ പുതിയ ദിവസത്തെ വരവേല്‍ക്കാനുള്ള മൂഡായി. പോരാന്‍നേരത്തെ എരുമപ്പാലൊഴിച്ചുള്ള രസികന്‍ ചായ കൂടിയായപ്പോള്‍ നൂറു ശതമാനം ശരി. ഭാര്‍ഗവിയമ്മക്കു പോലും ഭര്‍ത്താവിന്റെ ചായയ്ക്കുള്ള ചേരുവകളുടെ പാകം ഇത്ര കൃത്യമായിട്ടറിയില്ല. തിരിച്ചെത്തിയപ്പോള്‍ വാട്ടര്‍ ഹൌസിലേക്കുള്ള പടവുകളൊന്നില്‍ അതാ ആരോ ഇരിക്കുന്നു. ‘ഇവനെങ്ങനെ, ഇത്ര രാവിലെ ഇവിടെ കയറിപ്പറ്റി’. അടുത്തെത്തി നോക്കി. മുപ്പതു വയസ്സില്‍കുറയാത്ത, മെല്ലിച്ച ഒരു യുവാവ്‌. കൈയില്‍ ഒരു ബാഗുമുണ്ട്‌. ഡാമിലേക്കുതന്നെ നോക്കി ഒരേ ഇരിപ്പാണ്‌.
‘ആരാടാ അവടെ?’, പത്മനാഭന്റെ ശബ്ദം കേട്ട്‌ ചാടിയെണീറ്റ യുവാവ്‌ തൊഴുതുകൊണ്ടു പറഞ്ഞു.
‘ഒരിക്കലും നിങ്ങള്‍ക്കൊരു ശല്യമാവില്ല ഞാന്‍, എന്നെ എന്റെ വഴിക്ക്‌ വിട്ടേക്കൂ, ശല്യപ്പെടുത്തരുത്‌ പ്ളീസ്‌’.
‘എങ്ങനിവിടെ വന്നെന്നും, എന്തിനിവിടെ വന്നെന്നുമറിയാതെ വിടില്ല നിന്നെ’, പത്മനാഭന്‍ ഗൌരവം ഒട്ടും വിട്ടില്ല.
‘നാശം! മനുഷ്യനെ സ്വൈര്യമായിട്ട്‌ മരിക്കാനും സമ്മതിക്കില്ലേ?’.
‘അതു ശരി! മരിക്കാനോ!എന്താ ഒരു സൌകര്യം. സെക്യൂരിറ്റി ആണെന്നു പറഞ്ഞ്‌ ഞാനിവിടെ നില്‍ക്കുമ്പോഴോ! നടന്നതുതന്നെ. നീ ഇങ്ങ്‌ അടുത്തു വന്നേ, എന്തുപ്രശ്നമാണേലും നമുക്കു പരിഹാരമുണ്ടാക്കാമെടാ, എന്താ നിന്റെ പേര്‌?’.
‘ലോറന്‍സ്‌!’.
‘ചേട്ടന്റെ പേരെന്താ?’
‘ഞാന്‍ പത്മനാഭന്‍. എല്ലാരും പപ്പേട്ടനെന്ന്‌ വിളിക്കും. ലോറന്‍സിന്‌ ആത്മഹത്യ ചെയ്യാനും മാത്രം എന്തേ ഇപ്പോള്‍ ഉണ്ടായത്‌? പറ, ലോറന്‍സെന്നെ അന്യനായിട്ട്‌ കാണുകയേ അരുത്‌’.
‘നിങ്ങടെ രമണിമാഡം. എന്നെ ശരിക്കും ചതിച്ചൂ പപ്പേട്ടാ! എനിക്കെന്റെ ടാര്‍ജറ്റ്‌ പൂര്‍ത്തിയാക്കേണ്ട അവസാന ദിവസമായിരുന്നൂ ഇന്നലെ! ഞാനിനി ജീവിച്ചിരുന്നിട്ട്‌ കാര്യമൊന്നുമില്ല’.
‘രമണിമാഡവും, നിന്റെ ആത്മഹത്യാശ്രമവും തമ്മിലെന്താ ബന്ധം? എനിക്കൊന്നും മനസ്സിലാവുന്നില്ല, തെളിച്ചു പറ’.
‘കഴിഞ്ഞ മാസം ഞാനിവിടെ വന്നിരുന്നു; ഈ മാസം വന്നാല്‍ ഒന്നര ലക്ഷത്തിണ്റ്റെ ഒരു പോളിസി, ഉറപ്പായും എടുക്കാമെന്ന്‌ അവരെനിയ്ക്ക്‌ വാക്കു തന്നിരുന്നതാ! ഇന്നലെ ഞാനവരെ സമീപിച്ചപ്പോള്‍ കൈ മലര്‍ത്തി! നിഷ്ക്കരുണം! പപ്പേട്ടനറിയുമോ,ആ സ്ത്രീ വാക്കു പാലിച്ചിരുന്നെങ്കില്‍, ലോറന്‍സിന്ന്‌ എല്‍. ഐ. സി യിലെ ഓഫീസ്‌ സ്റ്റാഫാ! ആ ഒരൊറ്റ പോളിസിയുടെ കുറവു കൊണ്ടാ എനിയ്ക്കെല്ലാം നഷ്ടപ്പെട്ടത്‌! എല്ലാം ആ താടക. ഒറ്റയൊരുത്തി തുലച്ചില്ലേ? തിരിച്ചു അങ്ങോട്ടു ചെന്നിട്ടും പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല, അതുകൊണ്ട്‌ കഴിഞ്ഞ രാത്രി, ഈ കൊടും തണുപ്പില്‍ ഇവിടെത്തന്നെ ഞാന്‍ കഴിഞ്ഞുകൂട്ടി ‘.
‘അപ്പോള്‍ ലോറന്‍സ്‌ എല്‍. ഐ.സി ഏജണ്റ്റാണ്‌, അല്ലേ? അങ്ങനെ വഴിക്കു വാ…’.
‘മരണത്തെ മാറോടണയ്ക്കാന്‍ പോകുന്ന ഒരു ഹതാശനാണ്‌ പപ്പേട്ടാ ഈ ലോറന്‍സ്‌! ലോറന്‍സിനാരുമില്ല! ലോറന്‍സ്‌ ആര്‍ക്കുവേണ്ടി്‌ ജീവിക്കണം? വിടു പപ്പേട്ടാ ,ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തെ, എനിക്കു മരിക്കണം’.
‘മരിക്കാമെന്നേ, തിരക്കു കൂട്ടാണ്ടിരി ? ആട്ടെ ലോറന്‍സിന്‌ ഭാര്യെം മക്കളും ഒന്നുമില്ലേ?’
‘ഉണ്ട്‌. ഭാര്യേം രണ്ടു മക്കളുമുണ്ട്്‌. രണ്ടിനെം എടുത്തൊണ്ട്‌ ഗ്ളാഡീസ്‌ ആറു മാസം മുമ്പ്‌ അവളുടെ വീട്ടിലേക്കു പോയതാ. മനുഷ്യാ, എന്നാത്തിനു കൊള്ളാം നിങ്ങളെ? നിങ്ങടെയൊപ്പം എജന്ടുമാരായിരുന്നോരൊക്കെ ഇപ്പം ഏരിയാമാനേജര്‌ വരെയായി ! കൊറഞ്ഞപക്ഷം ഒരു ഓഫീസ്സ് ക്ളാര്‍ക്കെങ്കിലുമായിട്ട്‌ എന്റെ അടുത്ത്‌ വാ? അപ്പോള്‍ കൂടെ പൊറുപ്പിക്കുന്ന കാര്യം പരിഗണിക്കാം! പോകുമ്പോള്‍ എന്നോടവള്‍ പറഞ്ഞതാ ഇത്‌’.
‘കെട്ടിയോടെ പേരെന്താന്നാ പറഞ്ഞത്‌?’
‘ഗ്ളാഡീസ്‌; ഗ്ളാഡീസ്‌ മേരീസ്‌ പുന്നൂസ്‌ ചെറിയാന്‍ എന്നാണ്‌ മുഴുവന്‍ പേര്‌’.
‘പേരു കേട്ടാല്‍ത്തന്നെ പേടിച്ചു പോകുമല്ലോടോ? പേരുകള്‍ കൂട്ടിച്ചേര്‍ത്താലും ഒരുതരം മോരും മുതിരയും മാതിരിയാ! സുശീലാ ഗോപാലന്‍., ഷൈനി വില്‍സണ്‍. എന്നൊക്കെ കേള്‍ക്കുമ്പം ഉള്ള ആ ഒരു ഇമ്പം ഗ്ളാഡീസ്‌ ലോറന്‍സിനില്ല. നിങ്ങളു യോജിച്ചുപോണ ഒരു ലക്ഷണവും കാണുന്നില്ലല്ലോ ലോറന്‍സേ, തന്റെ ഗ്ളാഡീസ്‌ അവളുടെ പോക്കിനു പോട്ടെടോ! തനിക്കു നല്ല ഒന്നാന്തരം പെണ്‍കുട്ടിയെ ഞാന്‍ സംഘടിപ്പിച്ചു തരാം’.
‘എന്റെ പുന്നാരമക്കള്‍ ജോണ്‍സനും, തോംസണും ജീവിച്ചിരിക്കെ ഞാന്‍ വേറെ പെണ്ണു കെട്ടുകയോ? അതീ ജന്‍മത്തുണ്ടാവില്ല! ലോറന്‍സ്‌ വികാരാധീനനായി.

‘നിന്റെ ജോണസനേം, തോംസണേം അവരുടെ മമ്മി മൂകേഷ്‌ അംബാനിയും, ലക്ഷ്മി മിത്തലുമാക്കും ലോറന്‍സേ! അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. മക്കളുടെ കാര്യമോര്‍ത്ത്‌ നീ വിഷമിക്കേണ്ട കാര്യമേയില്ല’.
‘ഞങ്ങടെ എനക്കാര്‍ക്ക്‌ രണ്ടാം കല്യാണം പാടില്ല പപ്പേട്ടാ, ദൈവം കൂട്ടിച്ചേര്‍ത്തവരെ മനുഷ്യരായിട്ടു വേര്‍പെടുത്താന്‍ പാടില്ല’.

‘ഈ വിചാരമൊക്കെ നിന്റെ കെട്ടിയോള്‍ക്കുകൂടി വേണ്ടേ ലോറന്‍സേ? അവളുടെ കണ്‍മുന്നില്‍ നീ ആണായിട്ടു ജീവിച്ചു കാണിക്കണം! നിങ്ങള്‍ക്ക്‌ ഒന്നിലധികം വിവാഹം പറ്റില്ലെങ്കില്‍ ലോറന്‍സ്‌ മതം മാറ്‌. ഞങ്ങടെ മതത്തില്‍ കൂടിയ്ക്കോ? ഗസറ്റില്‍ ഒരു വിജ്ഞാപനം കൊടുക്കുന്ന ചെലവേ ഒള്ളൂ! എന്റെ ഇളയ മകളെത്തന്നെ നിനക്കു ഞാന്‍ വിവാഹം ചെയ്തു തരാം! എന്തു കൊണ്ടാണെന്ന്‌ അറിയാമോ? നീ വല്യ കൌശലക്കാരനല്ല; ആയിരുന്നെങ്കില്‍ ഇപ്പോളും വെറുമൊരു എജന്റായി നടക്കുകയില്ലാര്‍ന്നു’.

‘പപ്പേട്ടന്റെ ഇളയ മകള്‍ക്കിപ്പോള്‍ എത്ര വയസ്സായി?’
‘കണ്ടോ? കല്യാണക്കാര്യം പറഞ്ഞപ്പോഴേക്കും കക്ഷിയങ്ങ്‌ സ്മാര്‍ട്ടായല്ലോ?

‘ലോറന്‍സേ, എന്റെ മകളെ തന്റെ തലേല്‍ കെട്ടിവെക്കണമെന്ന ദുരാഗ്രഹമൊന്നും എനിയ്ക്കില്ല. വേണംച്ചാല്‍ എത്ര പെണ്‍കുട്ടികളെ വേണമെങ്കിലും തനിക്കു കിട്ടുമെന്നു ബോധ്യമാകാന്‍ പറഞ്ഞെന്നു മാത്രം’. ‘എന്റെ ജലജമോള്‍ക്ക്‌ കഴിഞ്ഞ മിഥുനത്തില്‍ പതിനെട്ടുതികഞ്ഞു..’. പപ്പേട്ടന്‍ കരിമലകള്‍ക്കിടയിലെ പരന്നുനീണ്ട ജലാശയത്തിലൂടെ വെറുതെ കണ്ണുകള്‍ പായിച്ചു. ലോറന്‍സ്‌ തന്റെ കൈയിലുള്ള ബാഗ്‌ തുറന്ന്‌ അതില്‍നിന്ന്‌ ഏതാനും പ്രിന്റു ചെയ്ത പേപ്പറുകള്‍ പുറത്തെടുത്തു. ‘ഇതു കണ്ടൊ പപ്പേട്ടാ, ഇതാണ്‌ ഞങ്ങടെ റീസന്റായിട്ടുള്ളതും,, ഏറ്റവും ബെനിഫിററുള്ളതുമായ സ്കീം. ജീവന്‍ മംഗല്യ.!പപ്പേട്ടന്‍ അഡ്രസ്സൊന്നു പറഞ്ഞേ? മോളുടെ പേരില്‍ വെറും രണ്ടൂ ലക്ഷത്തിണ്റ്റെ ഒരു പോളിസി എടുത്താല്‍ മതി! വിവാഹസമയത്ത്‌ ആഭരണത്തിനും, മറ്റു ചെലവുകള്‍ക്കും, പണമന്വേഷിച്ച്‌ പപ്പേട്ടന്‌ എവിടെയും പോകേണ്ടി വരില്ല. പ്രതിമാസ പ്രീമിയമോ ,വളരെ തുച്ഛമായ ഒരു സംഖ്യ’.

‘സ്നേഹമൊക്കെ സ്നേഹം തന്നെ. മോനേ ലോറന്‍സേ, ആ ഏടാകൂടമൊക്കെ എടുത്തു മടക്കിവയ്ക്ക്‌ ! നിന്നോടു ഞാനൊരു പരമാര്‍ത്ഥം പറയട്ടെ! ഒരൊറ്റ എല്‍.ഐ.സി ക്കാരനും, കാശ്‌ അങ്ങോട്ടു വാങ്ങുന്നതല്ലാതെ, നയാപൈസാ തിരിച്ചു കൊടുക്കുന്ന ഏര്‍പ്പാട്‌ ഞാന്‍ കിട്ടില്ല! ജീവിച്ചിരിക്കുമ്പോള്‍ എല്‍.ഐ.സി ക്കാരനെക്കൊണ്ട്‌ ഉപകാരം കിട്ടുന്നകാര്യം മ്മിണി പ്രയാസമാണെന്റെ ലോറന്‍സേ! ആ കുന്ത്രാമൊക്കെ ബാഗില്‍ത്തന്നെ വച്ചോ’.

‘വിഡ്ഡിത്തരം പറയുന്നതിനും, ഒരു പരിധിയൊക്കെ വേണ്ടെ പപ്പേട്ടാ? എല്‍.ഐ.സി യെപ്പറ്റി എന്തറിഞ്ഞിട്ടാ ഇങ്ങനൊക്കെ സംസാരിക്കുന്നത്‌! എത്രതരം മണിബാക്ക്‌ സ്കീമുകളാ ഞങ്ങള്‍ക്കുള്ളതെന്നറിയാമോ? പപ്പേട്ടന്‍ എന്നെ തല്ലിക്കോ, കൊന്നോ, എന്തു വേണേലും ചെയ്തോ? എന്നാലും എല്‍. ഐ.സി യെ കുറ്റം പറയരുത്‌! സഹിക്കില്ലതെനിയ്ക്ക്‌’. ലോറന്‍സ്‌ വികാരാധീനനായി. ‘മിനിറ്റുകള്‍ക്കകം മരിക്കാന്‍ പോകുന്നവനാ ഞാന്‍! അവസാന മുഹൂര്‍ത്തത്തില്‍ കണ്ടുമുട്ടിയ ഒരു സുഹൃത്തിനെ സഹായിക്കാനുള്ള ഒരു നിയോഗം കൂടി ബാക്കിയുണ്ടെനിക്ക്‌! അതു നിറവേറ്റിയിട്ടേ ഈ ലോറന്‍സ്‌ പോകൂ. പപ്പേട്ടാ, വേഗം അഡ്രസ്സു പറയ്‌’.

‘എനിയ്ക്കു നിന്റെ ജീവന്‍മംഗല്യയും, ജീവന്‍വൈതരണിയുമൊന്നും വേണ്ട! കഴിഞ്ഞ നിമിഷം വരെ നിന്നോടെനിക്കൊരു സഹതാപമൊക്കെ തോന്നിയിരുന്നു; ഇപ്പോ അതും പോയി. എത്രയും വേഗം മോന്‍ ഈ കോമ്പൌണ്ടില്‍ നിന്ന്‌ ഇറങ്ങിത്തരണം! അല്ല ചങ്ങാതീ ,അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്ക്വാ, മരക്കൊമ്പ്‌, ബ്ളെയ്ഡ്‌, പൊട്ടാസ്യം സയനൈഡ്‌.. എന്തെല്ലാം നല്ല, നല്ല വഴികളുണ്ട്‌, എന്നിട്ടും തനിക്കെന്തേ വെള്ളം കുടിച്ചു തന്നെ സിദ്ധി കൂടണമെന്നിത്ര വാശി? വയസ്സുകാലത്ത്‌ എനിയ്ക്കുള്ള കഞ്ഞി മുട്ടിക്കിനാ പുറപ്പാട്‌?’

‘മരിക്കുകാണേല്‍ ജലത്തില്‍ മരിക്കണം പപ്പേട്ടാ’.
‘എന്തോന്നാ ജലത്തിലെ മരണത്തിനിത്ര വിശേഷം?’

‘പപ്പേട്ടനറിയുമോ ജീവന്റെ ഉല്‍പ്പത്തി ജലത്തിലായിരുന്നു. ജലത്തില്‍നിന്ന്‌ ഉരുവായ ജീവനെ ജലത്തിലേക്കു തന്നെയല്ലേ സമര്‍പ്പിക്കേണ്ടത്‌? ഞാന്‍ വെള്ളത്തില്‍ മുങ്ങിച്ചാവാനല്ല, ജലസമാധിയടയാനാണ്‌ പോകുന്നത്‌! നിങ്ങള്‍ ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച്‌ ആദ്യത്തെ അവതാരമായ മത്സ്യം എവിടെയാ അവതരിച്ചത്‌? വെള്ളത്തില്‍ത്തന്നെയല്ലേ? ശ്രീരാമനും മറ്റ്‌ അയോധ്യാവാസികളും മഹാപ്രസ്ഥാനമെന്നു പറഞ്ഞ് ജീവിതാവസാനം എവിടേയ്ക്കാ പോയത്‌ ? സരയൂനദിയിലേക്ക്‌! അറിയുമോ പപ്പേട്ടന്‌?’. ലോറന്‍സിന്റെ വാക്കുകള്‍ക്കൊപ്പം ഇളകിമറിയുന്ന ഡാമിലെ ഇളംപച്ചയും നീലയും മഞ്ഞയും കൂടിക്കലര്‍ന്ന നിറത്തിലുള്ള കുഞ്ഞോളങ്ങളിലായിരുന്നു പപ്പേട്ടന്റെ നോട്ടം.

‘പപ്പേട്ടാ, അഡ്രസ്സു പറഞ്ഞാല്‍ നമുക്ക്‌ ആ പോളിസീടെ കാര്യം?’
‘നീ ബാക്കി പറ ലോറന്‍സേ? ഒന്നു കഴിഞ്ഞിട്ടല്ലേ അടുത്തത്‌?’. ലോറന്‍സ്‌ തുടര്‍ന്നു; ‘മരിച്ചു പോയവരുടെയൊക്കെ ആത്മാക്കള്‍ വെള്ളത്തിലാ അധിവസിക്കുന്നത്‌! പപ്പേട്ടന്‍ കണ്ടിട്ടില്ലേ, മൂന്നാംപക്കം സിനിമയില്‍ കൊച്ചുമകന്റെ ആത്മാവിനൊപ്പം എത്താന്‍ തിലകന്‍ചേട്ടന്‍ കടലിന്റെ ആഴങ്ങളിലേക്ക്‌ നടന്നു നീങ്ങുന്നത്‌? ജലത്തിലെത്തുന്ന ആത്മാക്കളെ, മത്സ്യകന്യകമാര്‍, ജലകന്യയുടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകും. ജലകന്യകയുടെ കൊട്ടാരത്തിന്റെ വാതായനത്തിലെത്തുന്ന ആത്മാക്കളെ അപ്സരസ്സുകള്‍ ഉള്ളിലേക്ക്‌ ആനയിക്കും. അവിടെയെത്തിക്കഴിഞ്ഞാല്‍ കണ്ണഞ്ചിപ്പോകും പപ്പേട്ടാ! സംഗീതവും,നൃത്തവും, വാദ്യവുമൊക്കെയായി ആടിക്കുഴയുന്ന അപ്സരസ്സുകള്‍! അവരില്‍ അതീവസുന്ദരിയായ ഒരു അപ്സരസ്സ്‌ തോഴിമാരോടൊപ്പം വന്ന്‌ പുതിയ ആത്മാവിനെ പുഷ്പാലംകൃതമായ പട്ടുതല്‍പത്തിലേക്ക്‌..!’.

‘ലോറന്‍സേ?’
‘എന്തോ!’
‘നീയിപ്പറയുന്നതൊക്കെ ഒള്ളതാണോ?’
‘പപ്പേട്ടന്‍ എനിക്കെന്റെ അപ്പനെപ്പോലെയാ! പപ്പേട്ടനോട്‌ കള്ളം പറഞ്ഞിട്ട്‌ എനിയ്ക്കെന്തു നേടാനാ? ഞാന്‍ പറഞ്ഞതൊക്കെ സത്യമാ! പപ്പേട്ടനാണെ സത്യം’.
‘അങ്ങനെയാണെങ്കില്‍! ലോറന്‍സേ, ജലകന്യകയുടെ കൊട്ടാരത്തില്‍ ഞാനെത്തിക്കഴിഞ്ഞിട്ട് നീ എത്തിയാ മതി’. ഇതും പറഞ്ഞുകൊണ്ട്‌ പത്മനാഭന്‍ ഡാമിന്റെ വലത്തെ കൈവരിക്കു മേത്ഭാഗത്തുണ്ടായിരുന്ന ചെറിയ വിടവിലൂടെ ഊര്‍ന്നിറങ്ങി വെള്ളത്തിലേയ്ക്ക്‌ എടുത്തുചാടി.
‘ചതിച്ചല്ലോ കെളവന്‍! ഛേ! രണ്ടൂ ലക്ഷത്തിന്റെ ഒരു പോളിസിയാ രാവിലെ നഷ്ടമായത്‌! ലോറന്‍സിന്‌ കടുത്ത നിരാശ തോന്നി. ഇന്നിനി എന്താ ചെയ്ക? ഇവിടുത്തെ സ്റ്റാഫിനെയും നോക്കി നില്‍ക്കുന്നത്‌ ബുദ്ധിയല്ല! ഗേള്‍സില്‍, പുതിയൊരു പി.എസി.സി വന്നിട്ടുണ്ടെന്നല്ലേ രാമചന്ദ്രന്‍ പറഞ്ഞത്‌. വിജയന്‍ മാഷ്‌ അവരെ വന്നയന്നു തന്നെ വലയിലാക്കിക്കാണും.ഏതായാലും പോയിനോക്കാം; നമ്മടെ തൊഴില്‍ നമ്മളല്ലാതാരാ ചെയ്ക? ലോറന്‍സ്‌ സാവധാനം ബസ്സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു…