കഥാജാലകം

View Original

ഉപ്പിന്റെ മണം

"മാമാ...മാമാ....ണീക്ക്..". ഏതോ ഒരു നനഞ്ഞ സ്വപ്നത്തിന്റെ അവസാനം കാണുന്നതിനിടക്ക് ചെറുക്കൻ അയാളെ തട്ടി വിളിച്ചു.

"എന്താടാ ?". പാതി മിഴിയാത്ത കണ്ണുകളിൽ കൂടി അയാൾ അവനെ നോക്കി. സ്കൂൾ കഴിഞ്ഞിട്ടുള്ള വരവാണ്. ചേച്ചിയുടെ മകൻ. രണ്ടിൽ എത്തിയിട്ടേ ഉള്ളുവെങ്കിലും ആളൊരു അസുരവിത്താണ്. ഇന്നാള് മടിയിൽ തിരുകിവച്ച ഗോൾഡ് ഫ്ലേക്ക് അവൻ അവന്റെ അമ്മക്ക് കാട്ടി കൊടുത്തു.

ഒറ്റുകാരൻ !

"മാമാ..മാമാ ഒരു സംശം ! ദേ ഈ ഉപ്പില്ലേ ഉപ്പ്..അതിനെന്താ മണം ഇല്ലാത്തെ ?"

"കടന്നുപോടാ...വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്..."

നിസംഗതയും ധിക്കാരവും കലർന്ന സ്വരത്തിൽ അയാൾ അവനോടലറി. സംശയം ദൂരികരിക്കാനോ പരാതിപെടാനോ അവൻ അടുക്കളയിലേക്ക് ഓടി.

അയാൾ സ്ഥലകാലബോധം സ്വന്തം സത്വത്തിലെക്ക് ആവാഹിക്കാൻ ശ്രമിച്ചു. ഉച്ചയുറക്കം പതിവുള്ളതാണ്. എപ്പോഴാണ് ഉറങ്ങിയത് എന്നു ഓർത്തെടുക്കാൻ പറ്റാത്തവണ്ണം മാഞ്ഞു പോയിരിക്കുന്നു. ഏതോ ഒരു സ്വപ്ന സുന്ദരിയുടെ നിമ്നോന്നതങ്ങൾ കനവു കണ്ടു കിടന്നതെ ഓർമയുള്ളൂ. സമയം പറന്നത് അറിഞ്ഞില്ല, അപ്പുറത്തെ കോവിലിൽ നിന്നുള്ള പാട്ട് അവ്യക്തമായി കേൾക്കാം. തൊട്ടടുത്ത റോഡിൽ വണ്ടികളുടെ ശബ്ദം ഇരമ്പുന്നുണ്ട്. ഹോണടിച്ച് ആൾക്കാരെ കൊല്ലും. പണ്ടാരം.

അയാൾ എഴുന്നേറ്റു. പാതി പുറത്തേക്കൊഴുകുന്ന ഉമിനീര് വലിച്ചിറക്കി പരുത്ത കൈകൾ കൊണ്ട് നെഞ്ചിലെ ഇടതൂർന്നു വളർന്ന രോമങ്ങൾ തടവി. പുല്ലുപായ മടക്കി വച്ചു. ജനാലയിൽ കൂടി വൈകുന്നെരത്തെ വെളിച്ചം വരുന്നുണ്ടായിരുന്നു.

വൈകുന്നേരങ്ങളെ അയാൾ എപ്പോഴും വെറുത്തിരുന്നു. ഒരുതരം ശവപ്പറമ്പുകളുടെ ഗന്ധമാണ് വൈകുന്നേരങ്ങൾക്ക്. വെളിച്ചം അതിന്റെ കൂട് തേടി പായുമ്പോൾ എങ്ങുമില്ലാത്ത ഏകാന്തത അയാൾ അനുഭവിച്ചിരിക്കണം.

"ചേച്ചി..ഞാൻ ഇറങ്ങുവാ..ഒരു ചായ കുടിച്ചിട്ട് വരാം", അയാൾ അടുക്കള ഭാഗത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. മറുപടിക്ക് കാത്ത് നില്ക്കാതെ ഇളം മഞ്ഞ ഷർട്ട്‌ ഇട്ട് പുറത്തേക്ക് നടന്നു.

സ്വന്തം വീട്ടിൽ നിന്ന് ജോലി തേടിയാണ് അയാൾ പട്ടണത്തിലെ അളിയന്റെ വീട്ടിൽ രാഷ്ട്രീയ അഭയം പ്രാപിച്ചത്. കേട്ട് പരിചയം ഉള്ള ഏതോ കുത്തക അമേരിക്കൻ കമ്പനിയുടെ തലമൂത്ത ശിപായിമാരിൽ ഒരാളാണ് അളിയൻ. വൈകുന്നേരങ്ങളിൽ വരാൻ കൂട്ടാക്കാത്ത ഏതോ തിരക്കുള്ള ഒരു ജോലി, കണക്കില്ലാത്ത ദുരഭിമാനവും. "കൊച്ചളിയനു ഇതുവരെ ജോലി ആയില്ല" എന്ന അവന്ജയുമുള്ള കക്ഷിയോട് അയാൾക്ക്‌ പുഛവും അമർഷവും ആണ്. എലിക്കൂട്ടം ഓടയിൽ ഓടുന്നത് പോലെയാണ് ഇവറ്റകളുടെ ജീവിതം. ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ പാഞ്ഞോളും. അണുകുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയിൽ ആത്മസാക്ഷാത്കാരം തേടുന്ന കോർപ്പറേറ്റ് ചെറ്റകൾ.

മുറിമരങ്ങൾക്കും നീണ്ട കെട്ടിടങ്ങല്ക്കും നടുവിലൂടെ അയാൾ നടന്നു. വിദൂരതയിൽ തിരക്കേറിയ ചന്തയും വണ്ടികളുടെ ബഹളവും. അടുത്ത് അമ്പലങ്ങളുള്ളതുകൊണ്ട് പൂക്കച്ചവടക്കാർക്ക് ഒരു പഞ്ഞവും ഇല്ല. എൻഡോസൾഫാൻ തളിക്കാത്ത മുല്ലപ്പൂവിന്റെ മണവും, ഓടയുടെ വളിച്ച നാറ്റവും സമമായി അയാൾ വലിച്ചു കേറ്റി. ചായ പീടിക കുറച്ചു ദൂരെ ആണ്. മലയാളിയുടെ കട. രണ്ടാമത് ഗൾഫിൽ പോകാൻ പണമില്ലാഞ്ഞു സ്വദേശ ഗൾഫായ പട്ടണത്തിലേക്ക് കുടിയേറിയ ഒരുമലപ്പുറം മാപ്പിളയാണ് ഹൈദർ. എന്നാപ്പിന്നെ മാനാവമാനങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും വളര്ന്നു വരുന്ന മൂന്നോ നാലോ പെണ്ണുങ്ങൾക്ക് മഹറു കൊടുക്കാനുള്ളതാണെന്നും ഉള്ള തിരിച്ചറിവിൽ പുള്ളി പട്ടണത്തിലൊരു ചായക്കട തുടങ്ങി. ജീവിതം സമം ചായ പ്ലസ്‌ ബ്രഡ് ഓംലെറ്റ്‌ എന്ന സമവാക്യത്തിൽ മൂപ്പരങ്ങു കൂടി.

"ഹൈദരാക്കാ..ഒരു കാലിച്ചായ.."

പതിവ് പോലെ മേശപ്പുറത്തിരുന്ന പത്രം വായിക്കാൻ തുടങ്ങി. ചെറിയ കടയാണെങ്കിലും തിരക്കൊക്കെ ഉണ്ട്. സ്ഥിരം കുററികൾ തന്നെ. മോട്ടത്തലയൻ, പാണ്ടി മുക്കിലെ ടി വി യിൽ എം ജി ആറിന്റെ പാട്ടിനോടൊപ്പം ഗദ്ഗദം പൂണ്ടു. അത് മുഴുവനാക്കാതെ പരസ്യത്തിന്റെ കട്ടടിച്ച ചാനൽ രാഷ്ട്രീയത്തിനെ മനസ്സുകൊണ്ട് ശപിച്ച് , "ച്ഛായ് " എന്നൊരു കമന്റും പാസ്സാക്കി പാടപറ്റുന്ന ചായ ഊതിക്കുടിച്ചു.

"അപ്പൊ ഓൻ ബോംബിട്വോ ?" എങ്ങുനിന്നില്ലാത്ത ചോദ്യം ഹൈദരാക്കാന്റെ തലയിൽനിന്നാണ് എന്ന തിരിച്ചറിവിൽ അയാൾ നെറ്റി ചുളിച്ചു.

"മനസ്സിലായില്ല"

"അല്ല..ഇജ്ജ് ഈ പത്രത്തിലൊന്നും കണ്ടീലാ? അമേരിക്ക രക്ഷാ സമിതീനെ ബെട്ടിച്ച് സിറിയെമ്മേ ബെടി പൊട്ടിക്കൂന്ന് ..ഓനുക്ക് ഇപ്പോ ലക്കും ലഗാനും ഒന്നും ഇല്ലാലോ.." ഹൈദർ മലപ്പുറം ശൈലിയിൽ വാചാലനായി.

അമേരിക്ക ബോംബിടും പോലും. അയാള് ചിന്തിച്ചു. ആഗോളവൽരണത്തിന്റെയും മുതലാളിത്തതിന്റെയും പിണിയാളായ അമേരിക്ക സിറിയയിൽ ബോംബ്‌ ഇട്ടേക്കാം എന്ന് ബി. ടിവെണ്ടയ്ക്ക വലുപ്പത്തിൽ പത്രത്തിൽ എഴുതി വച്ചിരിക്കുന്നു. സംഗതി ശരിയാണ്. ബോംബുണ്ട എറിഞ്ഞ് കളിക്കുന്നത് സാം മാമന് ഒരു ശീലമാണ്.  ഒന്നുകിൽ അഫ്ഘാന്റെ നെഞ്ചത്ത് അല്ലെങ്കിൽ ഇറാക്കിന്റെ പള്ളക്ക്‌ എന്നതാണ് പുള്ളിക്കാരന്റെ ഇപ്പോഴത്തെ ഒരു നിലപാട്. സ്ഥാപിത താല്പര്യങ്ങളും രഹസ്യ അജണ്ടകളിലെ ദീർഘദർശനങ്ങളും സ്റ്റഡിക്ളാസ്സിൽ കേട്ട അതെ ആവേശത്തിൽ പൊടിപ്പും തൊങ്ങലും ചേർത്ത് കോളേജിൽ പ്രസംഗിച്ചിരുന്നത് അയാൾ ഓർത്തു . അന്നൊക്കെ എന്ത് രസമായിരുന്നു! പിക്കറ്റിംഗ്, ഖരാവോ, സമരം, തല്ല്. രാഷ്ട്രീയ പഠനം കലാലയങ്ങളിൽ ജ്വലിച്ചു നിന്നിരുന്ന കാലം. എഞ്ചിനീയറിംഗ് അതിന്റെ പാട്ടിനു ചൂളം വിളിച്ചു, നാല് വര്ഷം കുപ്പിയും കുതികാൽ വെട്ടും ഒഴിച്ചാൽ കറകലരാത്ത സോഷ്യലിസ്റ്റ്‌ ആയാണ് ജീവിച്ചത്. അരിയെർസ് വന്നാലും പാർട്ടി പ്രവർത്തനത്തിൽ അയാൾ അഭിമാനിച്ചിരുന്നു.

തന്റെ ദീർഘനിശ്വാസവും തൊണ്ടയിലെ ചായയും കൊമ്പ് കോർത്തപ്പോൾ അയാൾ ഒന്ന് ഇടറി.

"അതൊന്നും നടക്കില്ല്ല ഹൈദരിക്കാ..ബാക്കിള്ളൊരു വെറുതെ കയ്യും കെട്ടി ഇരിക്കുവല്ലേ..നമ്മുടെ റഷ്യയും ചൈനയും വീറ്റോ ചെയ്യും. ങ്ങള് ബേജാറാവണ്ട.."

മഴപെയ്യുമെന്ന് ഗവണ്മെന്റിന്റെ ഉറപ്പു കിട്ടിയ ആവേശഭരിതനായ കർഷകനെ പോലെ ഹൈദരിക്ക സമാധാനിച്ചു. അല്ലെങ്കിലും ആരെയും വലുതായി സംബധിക്കുന്ന കാര്യമല്ല വരാൻ പോകുന്ന സിറിയൻ യുദ്ധം. എന്നാലും ദിനംപ്രതി ഉള്ള മരണക്കണക്ക് കാണാൻ ഒരു ആകാംക്ഷ. ബൗദ്ധിക ചർച്ചകൾക്ക് ബലാൽസംഘത്തിൽ കുറഞ്ഞ് വിഷയദാരിദ്ര്യം വരുന്ന ഈ കാലഘട്ടത്തിൽ ഒരു യുദ്ധം ഒരുപാട് പ്രകമ്പനങ്ങൾക്ക് തിരി കൊളുത്തും. വാക്കുകളെ ബലാൽസംഘം ചെയ്തു ജീവിക്കുന്ന ചാനൽ പാനലിസ്റ്റുകൾക്കും സിൻഡിക്കറ്റ്മെമ്പർമാർക്കും ഒരവസരം കൂടിയാണത്. അയാൾക്ക് എന്തെന്നില്ലാത്ത ആവേശം തോന്നി. ആവേശത്തിന്റെ പുറത്ത് ഒരു ബ്രാഡ് ഒമ്ലെറ്റ് കൂടി പറഞ്ഞു. എന്നിട്ട് തത്വചിന്തയിലാണ്ട സോക്രട്ടീസിന്റെ മട്ടിൽ ചിന്താവിഷ്ടനായി.

ഹൈദരാക്ക പൊട്ടനെ തട്ടിവിളിച്ചു, ഓർഡർ കൈകൊണ്ട് പറഞ്ഞു. അപ്പോളാണ് പൊട്ടൻ അയാളുടെ കണ്ണിൽ പെട്ടത്. ഹൈദരാക്കന്റെ കടയിലെ മാസ്റ്റർ ഷെഫ് ആണയാൾ. ഒരു കറുത്ത പാണ്ടിക്കാരൻ. പാണ്ടിയാണോ എന്നറിയില്ല. പൊട്ടനല്ലെ, ഭാഷ കാണില്ലായിരിക്കും. തമിഴനോ തെലുങ്കനോബീഹാറിയോ ബംഗാളിയോ, ഒരു മാതിരി പ്രാകൃത മുഖം. തെരുവിലൂടെ അലഞ്ഞു നടക്കുന്ന അനവധി കറുത്ത മനുഷ്യരുടെ ഒരു നിശബ്ദ രൂപമാണയാൾ. സ്വന്തം കുടുംബം പോറ്റാം എന്നാ പ്രതീക്ഷയിൽ പട്ടണത്തിലേക്ക് കള്ളവണ്ടി കേറിയ അനേകം അഭയാർഥികളിൽ ഒരുവൻ.

ഹൈദരാക്കന്റെ കടയില വരുന്നതിനു മുമ്പ് പൊട്ടാൻ വാർക്കപണിക്ക് പോയിരുന്നത്രേ. വെള്ളം കുടിക്കാൻ പോലും സമ്മതിക്കാത്ത ഹിന്ടിക്കാരാൻ സൂപ്പർവൈസറെ പേടിച്ചു പൊട്ടാൻ ലേബർക്യാമ്പിലെ വാസം മതിയാക്കി ഓടിപ്പോന്നു എന്നാണ് പറയപ്പെടുന്നത്. കുറെ പട്ടണത്തിൽ അലഞ്ഞു, കുറെദിവസം പട്ടിണി കിടന്നു. കുറെ പച്ചവെള്ളം കുടിച്ചു.. അവസാനം ചായക്കടയുടെ മുന്നിലെ ചാക്കുകെട്ടിൽ പനിച്ചു കിടന്നപ്പോൾ ദയ തോന്നി ഹൈദരാക്ക മരുന്ന് വാങ്ങി കൊടുത്തു.

പൊട്ടൻ ബ്രഡ് ഓംലറ്റ് ടേബിളിൽ വച്ചപ്പോൾ അയാളൊന്നു ഞെട്ടി. മുറുക്കാന്റെ ഇലകൾ അലങ്കാരമാകിയ ഇളം ചുവപ്പ് പല്ലുകൾ കാണിച്ച പൊട്ടൻ വെളുക്കെ ചിരിച്ചു. അയാൾ പൊട്ടനെ ശരിക്കൊന്നു നോക്കി. വിയർപ്പിൽ കുളിച്ച്, അഴുകി കീറിയ കൈയില്ലാത്ത ബനിയൻ മാത്രം ഇട്ടു കള്ളിമുണ്ടും ഉടുത്തൊരു ജന്മം. അട്ടക്കറുപ്പൻ. ധനകേന്ദ്രീകരണവും സ്വാശ്രയ കോളേജുക്കുമപ്പുറം പട്ടണത്തെ വെറുക്കാൻ അയാൾക്ക് മറ്റൊരു കാരണം ഉണ്ടായിരുന്നു. കറുത്ത പെണ്ണുങ്ങളും ആണുങ്ങളും. കരിഞ്ഞ പൂക്കൾ. കരിക്കട്ടകൾ. ഓവിലും ചവറ്റുകൂനകളും കയ്യിട്ടുവാരുന്ന വൃത്തിഹീനർ. ചേരികളിലെ മാളങ്ങളിൽ രാക്കുരാമാനം പെറ്റുപെരുകുന്ന ജന്തുക്കൾ. ശവം!

വെളുത്ത ആൾക്കാരോടായിരുന്നു അയാൾക്ക് താല്പര്യം വെളുത്ത പെണ്‍പറ്റങ്ങളോട് നിയന്ത്രിക്കാൻ വയ്യാത്ത ഒരഭിനിവേശം അയാൾക്കുണ്ടായിരുന്നു. പാർട്ടി നയങ്ങൾക്ക് എതിരാണെങ്കിലും വിലപിടിച്ച കാറുകളുള്ള വീട്ടിലെ പെണ്‍കുട്ടികളെ പറ്റി അയാൾക്ക് നല്ല മതിപ്പായിരുന്നു. താൻ വെളുപ്പായതുകൊണ്ട് ഊരു വിലക്കിയ പാർട്ടിദൈവത്തിനോട് രഹസ്യമായി മനസ്സിൽ അയാൾ നന്ദി പറഞ്ഞു.

ഹൈദറിന്റെ കടയിൽ നിന്നും മരുന്ന് വാങ്ങിയതോടെ പൊട്ടനും കടയിൽ കൂടി. അന്ന് നോക്ക് കൂലി ഇല്ലാത്ത കാലമാണ്. അതുകൊണ്ട് സ്വന്തമായി ഒരു തൊഴിൽ വേണമെന്ന് പൊട്ടനും, "എന്നാലങ്ങനെ ആവട്ടെ..ഏതായാലും ലാഭകച്ചോടല്ലേ.."എന്ന പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് ഹൈദരും മനസ്സില് കണ്ടു. ചായക്കടയുടെ അമരക്കാരനായി പൊട്ടനെ പിറ്റേന്നു നാട്ടുകാര കടയിലും കണ്ടു.ആദ്യം ബ്രഡിന്റെ ചുകന്ന അരികു മുറിക്കുക, ടേബിൾ തുടക്കുക തുടങ്ങിയ ചെറു ജോലികളാണ് പൊട്ടൻ ചെയ്തിരുന്നത്. രാത്രികളിൽ ചായക്കടയിൽ കാവൽകിടന്നിരുന്ന തെരുവുനായയുടെ ഏതാണ്ട് പൌരുഷ പ്രദേശത്തേക്ക് ഒരു അലവലാതി കുടിയാൻ തൊഴിച്ചു. ഒരായിരം ശ്വാനകാമിനിമാരെ ആഹ്ലാദിപ്പിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്ത മനുഷ്യ മനസ്സാക്ഷിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഒരു മോങ്ങൽ മാത്രം അവശേഷിപ്പിച്ച് നായസോദരൻ മണൽ ലോറിക്ക് മുമ്പിൽ ചാടി രക്തസാക്ഷിത്വം വരിച്ചതിൽ പിന്നെ പൊട്ടൻ ചായകടയുടെ കാവലാളായി. നായയുടെ "മനുഷ്യാവകാശം" ലംഘിക്കപ്പെട്ടെങ്കിലും പൊട്ടന്റെ നിയമനം ഒരർത്ഥത്തിൽ ഹൈദരിനു ആശ്വാസം പകർന്നു.

വെറും മുന്നൂറു രൂപക്ക് രാവിലെ തൊട്ടു രാത്രി വരെ വിയർപ്പൊഴുക്കി ഉപ്പുകുറുക്കുന്ന പൊട്ടനെ അയാള്ക്ക് വല്ലാത്ത വെറുപ്പ്‌ തോന്നി. എഴുത്തും വായനയും അറിയാത്ത ജഡമാണവൻ. ആരോടും മിണ്ടാത്ത, ബുദ്ധിയും ബോധവുമില്ലാത്ത ഒരു കഴുത. മണ്ടനും നിശബ്ദനുമായ ഒരു പാണ്ടി. നികൃഷ്ട ജീവി. പോയി ചത്തുടെ ഇവർക്കൊക്കെ എന്നയാൾ ചിന്തിച്ചു.

ടി വിയിൽ പിന്നെയും പാട്ടുവന്നതിന്റെ ശബ്ദം കേട്ട് അയാള് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു. സമയം വൈകിയിരുന്നു. മുട്ടയിൽ മായമുണ്ടോ എന്നാ സംശയം വച്ചുകൊണ്ട് തന്നെ ബ്രഡ് ഓംലറ്റ് ചവച്ചിറക്കി അയാള് എണീറ്റു.

"അതെത്രയായി ക്കാ ?"

"ഒരു കാലിച്ചായേം ബ്രഡും അല്ലേ?"

"ആ"

"ഇരുപത്തിരണ്ടു രൂപ"

പോക്കറ്റിൽ കയ്യിട്ടപ്പോൾ ഒന്നും തടഞ്ഞില്ല. സാരമില്ല. ഇന്ത്യയുടെ വിദേശബാധ്യതയെ അപേക്ഷിച്ച് ഇരുപത്തിരണ്ടു രൂപ ഒരു ചെറിയ സംഖ്യയാണ്. കടം പറയാം എന്ന് അയാൾ ഉറച്ചു.

"ഇപ്പൊല്ല.. നാളെ തരാം ക്കാ"

ഹൈദരാക്ക അയാളെ ഒന്ന് നോക്കി. അയാൾക്ക് ഹൈദരാക്കയുടെ കണ്ണുകളിൽ ഒരു രൂക്ഷത അനുഭവപ്പെട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക നീരസം.

"അനക്ക് ജോലി ഒന്നും ആയില്ല, വ്വോ ?"

തന്റെ അഭിമാനത്തിന്റെ കഷ്ണം, കൊടുക്കാനുള്ള ഇരുപത്തിരണ്ടു രൂപയുടെ പലിശയായി ഇപ്പോൾ തന്നെ ഈടാക്കുന്നതായി അയാൾക്ക് തോന്നി.

"ഇല്ല"

"ഉം?"

"നോക്കുന്നുണ്ട് "

അയാൾക്ക് ഭൂമി കറങ്ങുന്നതായും ചുരുങ്ങുന്നതായുംതോന്നി. ഇരുപതിനായിരത്തിൽ തൊട്ടു താഴേക്കു വീണ സെൻസെക്സ് പോലെ അയാളുടെ സ്വാഭിമാനം പെട്ടെന്ന് ഇടിഞ്ഞുവീണു. ഒരു മാനഭംഗ കേസിലെ പ്രതിയെപ്പോലെ അയാള് തലകുനിച്ച് പുറത്തേക്കു നടന്നു. ഇതയാൽ പ്രതീക്ഷിച്ചതല്ല. ഹൈദരാക്കാന്റെ ചോദ്യത്തിനേക്കാൾ ഇരുപത്തിരണ്ടു രൂപ കയ്യിലെടുക്കാൻ ഇല്ലാത്ത ഗതികേടിനെ അയാൾ ശപിച്ചു.

പൊട്ടനപ്പൊഴും ബ്രഡ് ഓംലറ്റ് ഉണ്ടാക്കുന്നുണ്ടായിരുന്നു. അയാളെ നോക്കി അവൻ ചിരിച്ചു. വിയർപ്പുതുള്ളികൾ അവന്റെ കഴുത്തിലൂടെ താഴോട്ടു പോകുന്നത് അയാൽ ശ്രദ്ധിച്ചു. ഉപ്പിന്റെ മണം എന്തെന്ന് പൊട്ടനോട് ചോദിക്കണം എന്ന് അയാൾക്കുണ്ടായിരുന്നു. പൊട്ടനു അറിയാമായിരിക്കണം. പക്ഷെ അവനു മറുപടി പറയാൻ പറ്റില്ലല്ലോ. പൊട്ടനല്ലേ. മന്ദഹസിച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.

നേരം ഇരുട്ടിയെങ്കിലും ചുറ്റും വെളിച്ചം പരക്കുന്നതായി അയാൾക്ക് തോന്നി.