കഥാജാലകം

View Original

വീണ്ടും ഒരു ഫ്രണ്ട് റിക്വസ്റ്റ്

വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി. എന്നും ഇങ്ങനെയാണ് ലീവ് കഴിഞ്ഞു തിരിച്ചു പോകാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എന്ത് പെട്ടന്നാ ലീവ് തീരുന്നെ. ഇന്നലെ വന്നപോലെയുണ്ട്. ദേ വീണ്ടും തിരിച്ചുപോകാറായി.

“ടാ.. ടിക്കറ്റ് എടുത്തില്ലെ? ഒന്നും മറന്നിട്ടൊന്നും ഇല്ലല്ലോ” പിന്നില്‍ നിന്ന് അമ്മയുടെ വക ചോദ്യം.

“ഇല്ല അമ്മെ ഒന്നും മറന്നിട്ടില്ല”

ആ ചോദ്യം എല്ലാ വട്ടവും ഉള്ളതാ. .എന്നത്തേയും പോലെ വീണ്ടും അമ്മ ചോദിച്ചെന്നു മാത്രം. ഇവരുടെ വിചാരം ഞാന്‍ ഇപ്പോഴും കൊച്ചു കുട്ടിയാന്നാ. പതിവ് പോലെ അച്ഛനും ഉണ്ടായിരിന്നു ബസ്‌ സ്റ്റോപ്പ്‌ വരെ ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം എന്ന് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല. എന്നെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടുവന്നാക്കിയാലെ അച്ഛനു സമാധാനം ഉണ്ടാകു. വീട്ടില്‍ നിന്ന് അഞ്ചു മിനിറ്റ് നടക്കാന്‍ ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്. ഇതിനിടയില്‍ കുറച്ചു വീടുകള്‍ ഉണ്ട്. ഒട്ടു മിക്ക വീട്ടുക്കാരും ചോദിക്കും.

“പോകാറായി അല്ലെ ……ഇനി എന്നാ വരുന്നേ“? 

അവര്‍ക്ക് മറുപടി പറഞ്ഞു തോല്‍ക്കും. ഇനി നാട്ടില്‍ വരുമ്പോഴോ, അപ്പോഴും ചോദിക്കും. 

“എന്നാ ഇനി പോകുന്നെ” 

എല്ലാം നാട്ടിന്‍  പുറത്തും കാണുംപോലെ ഇവിടെയുമുണ്ട് ഇതുപോലെ കുറച്ചു പേര്‍. അവര്‍ക്ക് മറുപെടി കൊടുത്ത് അവസാനം ബസ്‌ സ്റ്റോപ്പ്‌ എത്തി. ഇനി കുറച്ചു നേരം ബസിനായി കാത്തു നില്‍ക്കണം. എട്ടു മണ്ണി കഴിഞ്ഞാല്‍ ബസ്‌ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ്‌ എത്തി. ഈ തിരക്കിനിടയില്‍ ബാഗും കുത്തിപ്പിടിച്ചു ബസില്‍ കയറി.

“ട്രെയിന്‍ കയറുമ്പോള്‍ വിള്ളിക്കാന്‍  മറക്കാല്ലട്ടോ”. അച്ഛന്‍ പിന്നില്‍ നിന്ന് ഓര്‍മ്മിപ്പിച്ചു. ഞാന്‍ വിളിക്കാം എന്ന രീതിയില്‍ തലകുലുക്കി. ബസ്‌ മുന്നോട്ടെടുത്തു. അധികം താമസിക്കാതെ തന്നെ എനിക്ക് സീറ്റ്‌ കിട്ടി. മനസ് നിറയെ കഴിഞ്ഞ നാലു ദിവസത്തെ ഓര്‍മ്മകള്‍ ആയിരുന്നു .ഈ വീട് വിട്ടുള്ള ജോലി വല്ലാത്ത കഷ്ട്ടം തന്നെയാ. ഇനി നാളെ ജോലിക്ക് കയറണമല്ലോ എന്ന് ആലോചിക്കുമ്പോള്‍ തന്നെ വട്ടാവും. ങ്ഹാ...എന്ത് ചെയ്യാന്‍. കമല്‍ഹാസ്സന്‍ നായകനെന്ന പടത്തിൽ പറയുന്നതു പോലെ “നാലു പേര്‍ നല്ലായിരുക്കംന്നാൽ എതുവും തപ്പില്ലേയ്“ (ആ നാലുപേര്‍ എന്‍റെ അച്ഛന്‍ അമ്മ അനിയന്‍  പിന്നെ ഞാന്‍). ബസ്‌ കുറ്റിപ്പുറം എത്തുമ്പോള്‍ സമയം എട്ടര. ഒന്‍പതു മണിക്കാണ് ട്രെയിന്‍.സാധാരണ രണ്ടാം നമ്പര്‍ ഫ്ലാട്ട്ഫോമിലാണ് ട്രെയിന്‍ വരാറ്. ബുധനാഴ്ച ആയതുകൊണ്ടാവാം തിരക്ക് കുറവാണ്. എന്നിട്ടും എനിക്ക് തത്കാല്‍ എടുക്കേണ്ടി വന്നു. സീറ്റ്‌ കിട്ടിയതോ ടു ടയെര്‍ എസിയിലും. അങ്ങനെ ട്രെയിന് വേണ്ടി ഉള്ള കാത്തിരിപ്പിലായി പിന്നെ. അധികം താമസിയാതെ ഓടിത്തളർന്നപോലെ തോന്നിച്ച ഒരു ചൂളമടി ശബ്ദവുമായി ട്രെയിനെത്തി. കോച്ചില്‍ എത്തിപെടാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. തിരക്ക് വളരെ കുറവ്. എന്‍റെ കുപെയില്‍ ഞാന്‍ മാത്രം. ബോറടിച്ചു ചാകും എന്നുറപ്പായി. സ്ലീപ്പര്‍ കോച്ച് ആണെങ്കില്‍ ആരെങ്കിലുമായി മിണ്ടിയും പറഞ്ഞും ഇരിക്കമായിരിന്നു. ടു ടയറില്‍ ജീവന്‍ പോയാലും മിണ്ടാതെ ഇരിക്കുന്ന ആളുകളാണ് .ബുദ്ധിജീവികളെ പോലെ. ഏതെങ്കിലും നീളമുള്ള പേരുള്ള നോവല്‍ ഒരേയിരുപ്പിൽ വായിക്കുന്നത് കാണാം. ചുമ്മാ ജാഡ കാണിക്കാന്‍ അല്ലാതെ എന്തു പറയാനാ. ചിലര്‍ കയറിയാല്‍ ഉടനെ കിടക്കാന്‍ നോക്കും. ഇടയിലെ കര്‍ട്ടന്‍ വലിച്ചിട്ടാല്‍ കഴിഞ്ഞു കഥ. ഇനി ഒരക്ഷരം മിണ്ടരുത്. അതാണു കര്‍ട്ടന്‍ വലിച്ചിട്ടാലുള്ള പറയാതെ പറച്ചിൽ. എന്നാല്‍ സ്ലീപ്പര്‍ കോച്ചിലിതല്ല അവസ്ഥ. ഒരു പത്തുമണി ആവാതെ ആരും ലൈറ്റണയ്ക്കാറില്ല. ഏതെങ്കിലും സംസാരപ്രിയരേ കിട്ടാതിരിക്കാറില്ല. ഓരോ യാത്രയിലും പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരം കിട്ടാറുണ്ട്. ചില ബന്ധങ്ങൾ കുറച്ചുകാലമെങ്കിലും മുന്നോട്ടോടും. ചിലപ്പോളതൊരു മെസ്സഞ്ചർ ചാറ്റിലോ വാട്ടസ്ആപ് സന്ദേശത്തിലോ ഒതുങ്ങാറാണ് പതിവ്.  സമയം കടന്നുപൊയ്കൊണ്ടിരിന്നു. ഞാന്‍ അങ്ങനെ പുറത്തോട്ടുതന്നെ നോക്കിയിരിന്നു. പുറത്തു വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കാതെ ഒഴുകുന്ന ഭാരതപ്പുഴ കാണാം. ഇപ്പോ പുഴ എന്നൊന്നും പറയാന്‍ പറ്റില്ല. മണൽ വാരിത്തെളിഞ്ഞ പുഴയുടെ നെഞ്ചിൻകൂട്, പലരൊന്നിച്ച് പിച്ചിച്ചീന്തിയ യുവതിയുടെ മാറിടം കണക്കെ തോന്നിച്ചു. മരുഭൂമിയുടെ ഇടയിൽക്കാണുന്ന നീര്‍ച്ചാല്‍പോലെ. എങ്കിലും രാത്രിയിലെ പുഴ സുന്ദരിയാണ്. ട്രെയിന്റെ സ്പീഡ് കുറഞ്ഞു വരുന്നു. ഷോര്‍ണൂര്‍ എത്താറായി എന്നു തോന്നുന്നു. മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളിൽ ഷോര്‍ണൂര്‍ എന്ന് എഴുതിയത് കാണാം. ഇപ്പോ.ട്രെയിന്‍ പതുക്കെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് നിന്നു. ട്രെയിന്‍ കയറാനായി കുറേപ്പേര്‍. അവരെ കൊണ്ടുവന്നാക്കാന്‍ വേറെചിലർ. ചായയും കാപ്പിയും. മൊത്തത്തില്‍ ബഹളമയം. ചിലര്‍ സന്തോഷത്തോടെ യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്നു മറ്റു ചിലരുടെ മുഖത്ത് വേർപിരിയലിന്റെ ദുഃഖലാഞ്ചന. അങ്ങനെ പലമുഖങ്ങള്‍. കുട്ടത്തില്‍ ഏറ്റവും എനിക്ക് ഇഷ്ട്ടപെട്ടത്‌ ഒരു ഭര്‍ത്താവ്‌ അവന്‍റെ ഭാര്യയെ യാത്ര പറഞ്ഞയിക്കുന്ന സീന്‍ ആണ്. ഹോ... എത്ര റൊമാന്റിക്‌. ഗൌതം മേനോന്‍ സിനിമയിൽപോലും ഇത്ര പ്രണയാദ്രത കാണാന്‍ കഴിയില്ല. കണ്ടിട്ട് പുതുമോടി ആണെന്ന് തോന്നുന്നു. എത്രെ റൊമാന്റിക്‌ ആണെകിലും ട്രാജഡി, അതും ഈ മത്സരത്തിന്റെ ഭാഗമല്ലേ. അതും നോക്കിയിരുന്നിട്ട് കാര്യം ഇല്ലായെന്നു മനസിലായി. പെട്ടെന്ന് ഒരു മഞ്ഞ ചുരിദാര്‍ കണ്ണില്‍പ്പെട്ടു. ഒരു നിമിഷം ഞാന്‍ അവളെത്തന്നെ നോക്കി നിന്നുപോയി. നല്ല വെള്ളുത്ത നിറം. ത്രെഡ് ചെയ്ത പുരികങ്ങള്‍. നീണ്ട നെറ്റി. ഇപ്പോഴും ഒരു ചെറു ചിരി ഒളിപ്പിച്ചു വെച്ച ചുണ്ടുകള്‍. മൊത്തത്തില്‍ ഒരു ശാലിന സുന്ദരി. ആ തത്കാലം ഇത്ര വിശേഷണം മതി. ട്രോള്ളി ബാഗും വലിച്ച് അവള്‍ എന്‍റെ കമ്പാര്‍ട്ട്മെന്റിന്റെ മുന്നിലുടെ കടന്നുപോയി. അവളുടെ കൂടെ മറ്റുരണ്ടു പേരുകൂടിയുണ്ട്. കണ്ടിട്ട് അവളുടെ അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു. അച്ഛനെ കാണാന്‍ ടേക്കന്‍' സിനിമയിലെ ലിംയം നീസനെ പോലുണ്ട്. കണ്ടാലറിയാം ഒരു മുരടനാണെന്ന്. എന്നാൽ അവൾ അമ്മയുടെ അതേ പകർപ്പ്. ദൈവമേ, അവള്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നെങ്കില്‍ ചുമ്മാ ഒന്ന് ആശിച്ചു. പ്രാര്‍ത്ഥന ദൈവം കേട്ടെന്നു തോന്നുന്നു. അവള്‍ എന്‍റെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറി. ശരിക്കും പറഞ്ഞാല്‍ ലഡ്ഡു പൊട്ടി. ദൈവമേ, ഇതുവരെ എല്ലാം നല്ലരീതിയില്‍ ആണ് പോകുന്നത്, അവളുടെ ബര്‍ത്ത് എന്‍റെ കുപെയില്‍ ആയിരുങ്കില്‍. ആശിക്കാന്‍ കാശ് ചിലവൊന്നും ഇല്ലല്ലോ. അവള്‍ എന്‍റെ കുപെയുടെ മുന്നിലൂടെ കടന്നു പോയി. ഛെ, നശിപ്പിച്ചു. വീണ്ടും നിരാശ. ”നിനക്കൊന്നും ഈ ജന്മത്തില്‍ ഒരു പെണ്ണിനെ സെറ്റ് ചെയാന്‍ പറ്റില്ലടാ“. ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഇനി ആരെ വെയിറ്റ് ചെയ്യാന്‍ കിടന്നുറങ്ങാന്‍ നോക്കാം. മുകളിലെ ബര്‍ത്ത് ആണ് എന്റേത്. ബാഗ്‌ ബര്‍ത്തിലേക്ക് കയറ്റി വെച്ചു.

“മോളെ സീറ്റ്‌ ഇവിടെയാണ്“. ഞാന്‍ പിറകിലോട്ടു തിരിഞ്ഞു നോക്കി അവളുടെ അച്ഛനാണ്.  ബാഗും കൈയ്യിൽപ്പിടിച്ച്‌ അതാ അവൾ എന്‍റെ കുപെയിലേക്ക്. ആഹ...ഇനി എന്തിനു ഉറങ്ങണം. ഞാന്‍ മെല്ലെ വിന്‍ഡോയുടെ സൈഡില്‍ ഒന്നും അറിയാത്ത ഒരു മാന്യനെപ്പോലെ ഇരുന്നു. അവള്‍ ബാഗ്‌ ബര്‍ത്തിന്റെ താഴേയ്ക്ക് നിരക്കിവെച്ചു. അവളുടെ അച്ഛന്‍ എന്‍റെ മുഖത്ത് നോക്കി ചിരിച്ചു. ഞാനും‍ ചിരിച്ചു. ഭാവി അമ്മയിയച്ചനെ നോക്കി എങ്ങനെ ചിരിക്കാതിരിക്കും.

“അവിടെ എത്തിയിട്ട് വിളിക്കാന്‍ മറക്കരുത്”

“വിളിക്കാം മമ്മി“

ഓ.. മമ്മി. അപ്പൊ ക്രിസ്ത്യന്‍ ആണ്. സാരമില്ല. ഇക്കാലത്ത് മതമൊക്കെ ആരു നോക്കുന്നു? പിന്നെ വേറെ മതങ്ങളില്‍ ഉള്ളവരെ കെട്ടുന്നതല്ലേ ഇപ്പോ ട്രെന്‍ഡ്? അതുകൊണ്ട് ആ പ്രശ്നം ഇല്ല.

അവളുടെ പപ്പയും മമ്മിയും യാത്ര പറഞ്ഞിറങ്ങി. അധികം താമസിയാതെ ട്രെയിനും ചലിച്ചുതുടങ്ങി. അവളുടെ മുഖത്ത് ചെറിയ ഒരു സങ്കടം ഉണ്ട്. ഒരു ചെറു ചിരി ഒളിപ്പിച്ചുവെക്കുന്ന ആ ചുണ്ടകള്‍ എന്തോ ഒരു സങ്കടം വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ബാഗില്‍ നിന്ന് അവള്‍ ഹെഡ്സെറ്റ് എടുത്ത് ചെവിയില്‍ തിരുകി. ഓ.. അപ്പോ ന്യൂജനറേഷന്‍ ആണ്. പാട്ടു കേള്‍ക്കാന്‍ ഉള്ള പ്ലാന്‍ ആണെന്ന് തോന്നുന്നു. പഴയ മഷി നോട്ടക്കാരെ പോലെ ടച്ച്‌ സ്ക്രീനില്‍ അവള്‍ കുത്തി വരക്കുന്നുണ്ട്. നോട്ടിഫികേഷന്‍ ടോണ്‍ കേട്ടപ്പോള്‍ വാട്ട്‌സ്ആപ്പ് ആണെന്ന് മനസിലായി. അപ്പോ ശരിക്കും ന്യൂജെന്‍ തന്നെ. എങ്ങനെയാ ഇപ്പോ കയറിമുട്ടുക? ചാന്‍സ് കിട്ടാതിരിക്കില്ല വെയിറ്റ് ചെയ്യാം. കുറച്ചു നേരം അങ്ങനെ കടന്നു പോയി. പെട്ടന്ന് ഒരു വാണിംഗ് ടോണ്‍ കേട്ടു. ഹാ...ഹ..അവളുടെ മൊബൈലിന്റെ ബാറ്ററി തീരാൻ പോകുന്നു. അപ്പൊ പ്രതിക്ഷക്ക് വകയുണ്ട്. അവള്‍ ബാഗില്‍ നിന്ന് ചാര്‍ജര്‍ എടുത്തു മൊബൈൽ ചാർജുചെയ്യാനായി ബോഗിയുടെ പിറകിലേക്ക് നടന്നു. അവള്‍ കാണാതെ ഞാന്‍ അവള്‍ പോകുന്നത് എത്തിനോക്കി. പാവം ഫോൺ ചാർജ്ജ് ചെയ്യാൻ കഴിഞ്ഞില്ല. ചാര്‍ജര്‍ കണക്ട് ചെയ്യ്ത് രണ്ടു ചേട്ടന്മാര്‍ മുന്നേ അവിടെ നില്‍പ്പുണ്ട്. അവള്‍ ബോഗിയുടെ അപ്പുറത്തെ സൈഡിലേക്ക് നടന്നു. അവള്‍ വീണ്ടും ചമ്മി അവിടെയും ആളുകൾ ക്യൂവിലാണ്. അവളുടെ മുഖം വാടിത്തുടങ്ങി. അവള്‍ സീറ്റില്‍ വന്നിരിന്നു. ”ഇതാണ് അവസരം, അനൂപ... ഇതില്‍ കുടുതല്‍ നല്ല ചാന്‍സ് കിട്ടില്ല കയറി മുട്ടിക്കോ“. എന്‍റെ ഉള്ളില്‍ ആരോ ഇങ്ങനെ പറഞ്ഞു. എങ്ങനെയാ ഇപ്പോ തുടങ്ങാ. ചെറിയ സ്റ്റാര്‍ട്ടിംഗ് പ്രോബ്ലം പണ്ടേ എനിക്കുള്ളതാണ്. രണ്ടും കല്‍പ്പിച്ചു കയറി മുട്ടാന്‍ ഞാന്‍ തിരുമാനിച്ചു.

“ഫോണില്ലേ ചാര്‍ജു തിര്‍ന്നല്ലേ”?

അവള്‍ തിര്‍ന്നെന്ന രീതിയില്‍ തലയാട്ടി.

“എന്‍റെ ഫോണില്‍ ചാര്‍ജുണ്ട്. കുട്ടിക്ക് വേണമെങ്കില്‍ യൂസ് ചെയ്യാം…..തന്‍റെ  പേര് പേരെന്താ”

“പേര് പറയണം എന്ന് നിര്‍ബന്ധമാണോ “ അവള്‍ തിരിച്ചു ചോദിച്ചു

“ഹേയ് നിര്‍ബന്ധം ഒന്നുമില്ല ചോദിച്ചെന്നു മാത്രം”

ചെറുതായൊന്ന് ചമ്മിയെങ്കിലും അതുപുറത്തു കാണിക്കാതെ ഞാന്‍ ജനാലയിലൂടെ വെറുതെ പച്ചവിരിച്ച പാടങ്ങളിലേയ്ക് വെറുതെ നോക്കിയിരിന്നു. കുറച്ചു സമയം അങ്ങനെ കടന്നു പോയി. പെട്ടന്ന് ഒരു എക്കിൾ ശബ്ദം. ഒന്ന് തിരിഞ്ഞുനോക്കി. ഓ... നമ്മുടെ കഥാനായിക തന്നെയാണ് എക്കിളിന്റെ ഉറവിടം. ദേ വീണ്ടും ശബ്ദം. അവള്‍ ബാഗില്‍ നിന്ന് വെള്ളക്കുപ്പി എടുത്തു വായിലേക്ക് നിർത്താതെ ഒഴിച്ചു. വെള്ളം തിര്‍ന്നിട്ടും അവളുടെ എക്കിള്‍ മാത്രം മാറിയില്ല.പതിയെ DTS പോലായി എക്കിളിന്‍റെ ശബ്ദം. ഞാന്‍ ബാഗ്‌ തുറന്നു എന്‍റെ കയ്യിലുണ്ടായിരുന്ന ഒരുകുപ്പി വെള്ളം അവള്‍ക്ക്  കൊടുത്തു. കുടിച്ചോടി... നന്ദി ഉണ്ടായാല്‍ മതി. ഞാന്‍ മനസ്സില്‍ പറഞ്ഞു. അവള്‍ ആ വെള്ളക്കുപ്പിയിലെ വെള്ളം മുഴുവനും കുടിച്ചുവറ്റിച്ചു. എങ്കിലും അവസാനം കുപ്പി ഭംഗിയായി തിരിച്ചു തരാനവൾ മറന്നില്ല.

“താങ്ക്സ് “

“ഓക്കേ... വരവുവെച്ചിരിക്കുന്നു”. അതുകേട്ടപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു

പക്ഷെ ഞാന്‍ ചിരിച്ചില്ല. ഞാന്‍ പുറത്തേക്കു നോക്കിയിരിന്നു. ഇടയ്ക്കിടെ ഞാന്‍ അവളെത്തന്നെ അവള്‍ അറിയാതെ നോക്കുന്നുണ്ടായിരുന്നു. അവള്‍ എന്‍റെ മുഖത്തേക്കു തന്നെയാണ് നോക്കുന്നത്. ചെറിയ ഒരു പ്രതീക്ഷ. വീണ്ടും ഒന്ന് മുട്ടിനോക്കിയാലോ. ഡാര്‍ക്ക്‌ സീനാവുവോ. ഒരു അവസാനശ്രമം കൂടെ നടത്താം.

“എവിടെയാ ഇറങ്ങുന്നെ“

“ബാംഗ്ലൂര്‍”. ഭാഗ്യം ചമ്മിയില്ല മറുപടി കിട്ടി. അനൂപേ... ഇതില്‍ കയറി പിടിച്ചോ.

“ആണോ ഞാനും‍ അവിടെക്കാ…എന്തു ചെയ്യാ അവിടെ“

“ഞാന്‍ ഒരു ഐടി കമ്പനിയില്‍ വര്‍ക്ക്‌ ചെയുകയാണ്“

“എന്താ പേര് …അല്ല നിര്‍ബന്ധമില്ലട്ടോ …പറ്റുമെങ്കില്‍ പറഞ്ഞാല്‍ മതി“

അവള്‍ ഒന്ന് ചിരിച്ചു.

“പ്രിയ”

പ്രിയ... നല്ല പേര്.

“ഫുള്‍ നെയിം എന്താ“? ഫേസ്ബുക്കിലെ സെര്‍ച്ച്‌ ബോക്സിൽ മൗസ് ക്ലിക്ക് ചെയ്യുന്നതിനിടെ അവന്‍ ചോദിച്ചു.

“അത് എന്തിനാ“. അവള്‍ സംശയത്തോടെ ചോദിച്ചു.

“ചുമ്മാ വെറുതെ”

“പ്രിയ ജോണ്‍“

ഞാന്‍ അവള്‍ കാണാതെ ഫേസ്ബുക്കില്‍ ടൈപ്പുചെയ്തു. പ്രിയ ജോൺ. പന്ത്രണ്ടു പ്രിയ ജോണ്‍മാർ. ഇതില്‍ ഇനി ഇവള്‍ ഏതാ. രണ്ടു പ്രിയ ജോണ്‍മാർ ഐ.ടിയിൽ പണി ചെയ്യുന്നവരാണ്. വീണ്ടും കണ്‍ഫ്യൂഷന്‍. പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടെങ്കില്‍ പെട്ടന്ന് കണ്ടു പിടിക്കാമായിരിന്നു. ഇനി ഇപ്പോ എന്ത് ചെയ്യും. ഭാഗ്യത്തിന് ഒരു പ്രിയ ജോണ്‍ പിക്ചര്‍ ഇട്ടിട്ടുണ്ട്. അത് ഇവളല്ല. അപ്പൊ മറ്റെതുതന്നെയാണ് നമ്മുടെ നായിക. ഞാന്‍ ആഡ് ഫ്രണ്ട് കൊടുത്തു. ഒന്ന് ഉറപ്പു വരുത്താനായി അവളുടെ പ്രോഫൈലിലെ കറന്റ്‌ സിറ്റി ഒന്ന് നോക്കി. ഒറ്റപ്പാലം. എല്ലാം ഓക്കേ ആണ്. ഇതു തന്നെയാണ്.

“പ്രിയ ജോണ്‍ അപ്പൊ ക്രിസ്ത്യന്‍ ആണല്ലേ “

“അതെ”

“എന്‍റെ പേര് അനൂപ്‌ “.അത് കേട്ടപ്പോള്‍ ഒന്ന് ചിരിച്ചതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല .വീണ്ടും നിശബ്ദത. എങ്ങനെ ഇവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യും. ഗിറ്റാര്‍ ഉണ്ടെങ്കില്‍ സൂര്യ വാരണം ആയിരത്തില്‍ ചെയ്തപ്പോലെ ഒരു പാട്ടൊക്കെ പാടി ഇമ്പ്രെസ്സ് ചെയ്യിക്കാമായിരിന്നു. അല്ല ഗിറ്റാര്‍ കിട്ടിയിട്ടും എന്തിനാ അനൂപേ നിനക്ക് വായിക്കാന്‍ അറിയോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഷാരൂഖാനെ സമ്മതിക്കണം. ഓരോരോ പടങ്ങളില്‍ എന്തു സിമ്പിള്‍ ആയിട്ടാ പെണ്‍കുട്ടികളെ അയാൾ ഇമ്പ്രെസ്സ് ചെയ്യിക്കുന്നത്. നമ്മളിവടെ എത്ര പാടുപെടുന്നു. തിരിഞ്ഞു നോക്കുന്നു പോലും ഇല്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല. കേറി മുട്ടുക തന്നെ.

“ഇനി എന്നാ തിരിച്ചു നാട്ടിലേക്ക്‌”. അനൂപ്‌ ഒന്ന് എറിഞ്ഞു നോക്കി.

“അറിയില്ല….വരണം എന്നെങ്കിലും“. അവള്‍ ഉറപ്പിലാതെ പറഞ്ഞു.

“ഞാന്‍ എല്ലാ മാസവും വരും നാട്ടിലേക്ക്‌“

“എനിക്ക് ലീവ് കിട്ടാന്‍ പാടാ“

“വല്യ വല്യ ഐടി കമ്പനികളില്‍ ലീവ് കിട്ടാന്‍ പാടാ എന്ന് കേട്ടിടുണ്ട്“

“നെക്സ്റ്റ് മന്ത് കസിന്‍റെ കല്യാണം ഉണ്ട് അതിനു വരണം എന്നാണ് വിചാരിക്കുന്നത്“

“ആണോ ….കസിനും തന്നെപ്പോലെ സുന്ദരിയാണോ“

അവള്‍ ഒന്നു ചിരിച്ചു. പിന്നല്ലാതെ? പുകഴ്ത്തല്‍ ഇഷ്ട്ടപെടാത്ത പെണ്‍ക്കുട്ടികള്‍ ഉണ്ടോ. ഒന്നുകുടി സുഖിപ്പിചെക്കാം.

“തന്നെപ്പോലെ സുന്ദരിയാണോ“

“ഞാന്‍ അതിനു സുന്ദരിയാണോ“ അവള്‍ ചെറിയ ഒരു ചിരിയോടെ ചോദിച്ചു.

“പിന്നലാതെ ദീപിക പദുകോണിന്‍റെ തനി പകര്‍പ്പല്ലെ (ചുമ്മാ )”

“ഹ ഹ ……ദീപിക പദുകോണ്‍ ഈ പറഞ്ഞത് കേള്‍ക്കണ്ട“

“അതെന്താ“

“ചിലപ്പോ അഭിനയം തന്നെ നിറുത്തി പോയേക്കാം“

“ഹേയ് ….താന്‍ സുന്ദരി തന്നെയാടോ ….എത്ര ബോയ്‌ഫ്രണ്ട്സ് ഉണ്ടെന്നു പറഞ്ഞാല്‍ മതി“

“എനിക്കു ബോയ്‌ഫ്രണ്ട്സ് ഒന്നുമില്ല“

“സത്യമായിട്ടും ഇല്ലേ“

“ഇല്ല“

“എന്‍റെ ഭാഗ്യം“

“അതെന്താ“

“പകുതി ദൂരം താണ്ടി ഞാന്‍“

“അത് എങ്ങനെയാ ….പാലക്കാട്‌ ഇപ്പോഴല്ലേ കഴിഞ്ഞേ ….ഇനിയും ഉണ്ടല്ലോ… കേരളം തന്നെ കഴിഞ്ഞിട്ടില്ല“

“ഞാന്‍ ട്രെയിന്റെ കേസ് അല്ല പറഞ്ഞേ“

“പിന്നെ “

“ഞാന്‍ നമ്മുടെ കേസ് ആണ് പറഞ്ഞേ“

“നമ്മുടെ കേസോ“

“അതേ തനിക്ക് ബോയ്‌ഫ്രണ്ട്സ് ഇല്ലല്ലോ……തനിക്ക് ഓക്കേ ആണെങ്കില്‍ എനിക്ക് വേറെ ഒബ്ജെക്ക്ഷേന്‍സ് ഒന്നുമില്ല .ഞാന്‍ റെഡി ആണ്“

“ഓ താന്‍ എന്നെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഉള്ള പരിപാടി ആണോ?……എന്നാല്‍ നടപ്പില്ല“

“അതെന്താ “

“നടപ്പില്ല അത്രതന്നെ“

“കാരണം പറ. എന്നെ ഇഷ്ട്ടപെട്ടില്ലേ“? അവള്‍ മറുപെടി പറഞ്ഞില്ല.

“ഓക്കേ അതുവിട്‌ ……എങ്ങനെ തന്നെ ഇമ്പ്രെസ്സ് ചെയ്യാ …..അതൂടി പറഞ്ഞുതാ…ഈ ഫിലിമിൽ കാണുന്നതുപോലെ? ഗിറ്റാര്‍ പിടിച്ചു പാട്ടു പാടി പിന്നാലെ നടന്നാല്‍ ആവൊ ….അലെങ്കില്‍ കുറെ ഗുണ്ടകളെ ഇടിച്ചു തന്നെ അവരില്‍ നിന്ന് രക്ഷപ്പെടുതിയാല്ലോ….അതും അലെങ്കില്‍ എനിക്ക് തന്‍റെ പുറകില്‍ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ട്ടം എന്ന് പറഞ്ഞാല്‍ ഇമ്പ്രെസ്സ് ആവൊ?”

അതുകേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.

“ഇതൊന്നും അലെങ്കില്‍ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യണം എന്ന് പറയൂ“

“എനിക്ക് ഉറക്കം വരുന്നു“, അവള്‍ കിടക്കാനായി ഷീറ്റ് വിരിച്ചു.

“മറുപടി ഒന്നും പ്രിയ പറഞ്ഞില്ല“

“ഐ അം സോറി നടക്കില്ല …ഗുഡ് നൈറ്റ്‌ “അവള്‍ ഗുഡ് നൈറ്റ്‌ പറഞ്ഞു കിടന്നു. എനിക്ക് ഗുഡ് നൈറ്റ്‌ അല്ലടി ബാഡ്  നൈറ്റ്‌ ആണ്. ഞാന്‍  മനസ്സില്‍ പറഞ്ഞു. കുറച്ചു നേരം പുറത്തോട്ടു നോക്കിയിരിന്നു ഞാനും കിടന്നു.

മനസ്സില്‍ മുഴുവനും അവളായിരിന്നു. എങ്ങനെ അവളെ ഇമ്പ്രെസ്സ് ചെയ്യും എന്ന് ആലോചിച്ച് എപ്പോഴോ ഉറങ്ങിപോയി. മൊബൈലിലെ അലാറം കേട്ടാണ് കാലത്ത് എഴുന്നേറ്റത്. സമയം ആറുമണി. ഇനി അധികമില്ല ബംഗ്ലൂര്‍ എത്താന്‍. എണീറ്റപ്പാടെ അവളെയാണ് നോക്കിയത്. ബാഗ്‌ മാത്രം ഉണ്ട്. അവളെ കാണാനില്ല. ശെടാ.... ഇവള്‍ ഇതു എവിടെ പോയി. മുഖം കഴുകാനായി ഞാന്‍ ബാത്ത്റൂമിന്റെ അവിടേക്ക് നടന്നു. അതാ അവള്‍ നടന്നു വരുന്നു .പക്ഷെ കോസ്ട്ട്യും മാറിയിട്ടുണ്ട് ഇന്നലത്തെ മഞ്ഞ ചുരിദാറിനു പകരം ജീന്‍സും ടോപ്പും. അട പാവി ഇവളെ ആണോ ശാലീന സുന്ദരി എന്ന് നീ വിളിച്ചത്? അവള്‍ ചിരിച്ചുകൊണ്ട് മുന്നിലുടെ കടന്നുപോയി. ഞാന്‍ മുഖം കഴുകി സീറ്റില്‍ വന്നിരിന്നു. അവള്‍ കലുമേല്‍ കാലും കയറ്റിവെച്ച് പുറത്തോട്ടു നോക്കിയിരിക്കുന്നു.ഇന്നലെ എന്ത് നല്ല കുട്ടി ആയിരിന്നു. കേരള ബോര്‍ഡര്‍ കടന്നതും അവളുടെ കോലം തന്നെ മാറിപ്പോയി.

“മോര്‍ണിംഗ് “

“മോര്‍ണിംഗ് “

“ഈ വേഷത്തില്‍ കണ്ടപ്പോള്‍ ആദ്യം മനസിലായില്ല…..അല്പം മോഡേണ്‍ ആണല്ലേ“

“നമ്മുടെ നാടൊന്നും അല്ലല്ലോ…അപ്പോ കുറച്ചു മോഡേണ്‍ ആവാം“

“ഓക്കേ ഓക്കേ…അങ്ങനെ ബംഗ്ലൂര്‍ എത്താറായി …ഇനി എന്നാ കാണുക“

അവള്‍ ചെറുതായി ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഇനി കണ്ടത് തന്നെ അതാണോ ആ ചിരിയുടെ അര്‍ഥം. ട്രെയിന്റെ വേഗം കുറഞ്ഞു തുടങ്ങി.

ബാഗ്ലൂർ എന്നു എഴുതിയ ബോര്‍ഡ് കാണാം അവള്‍ ബാഗ്‌ എടുത്തു ഡോറിലേക്ക് നടക്കാന്‍ തുടങ്ങി. ഞാനും ബാഗ്‌ എടുത്തു അവളുടെ പിന്നാലെ നടന്നു. ട്രെയിന്‍ പതിയെ സ്റ്റേഷനില്‍ നിന്നു .അവള്‍ ആദ്യം ഇറങ്ങി തൊട്ടു പിന്നാലെ ഞാനും .

“അപ്പൊ ഓക്കേ അനൂപ്‌ കാണാം “അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ ഇന്നലെ പറഞ്ഞതിന് മറുപടി ഒന്നും പ്രിയ പറഞ്ഞില്ല“

“എന്ത് മറുപെടി“

“എന്നെ ഇഷ്ട്ടണോ അല്ലെയോ എന്ന്“

“അത് ഇന്നലെ തന്നെ പറഞ്ഞില്ലേ നടക്കിലാന്നു“

“ഒന്നുംകുടി ആലോചിച്ചുകുടെ…..ഇന്നലത്തെ തിരുമാനം തെറ്റായി പോയി എന്ന് പിന്നെ തോന്നിയാലോ “

“ഓക്കേ അങ്ങനെ മാറ്റം ഉണ്ടെങ്കില്‍ തന്നെ അറിയിക്കാം “

“അങ്ങനെയാണെകില്‍ എന്‍റെ നമ്പര്‍ തരാം സേവ് ചെയ്തോ താന്‍ “

“ചാര്‍ജില്ല ഫോണില്‍…..എന്‍റെ നമ്പര്‍ തരാം ഞാന്‍ “

ഒരു നിമിഷം ഞാന്‍ അവളെ നോക്കി നിന്നു .ആദ്യമായിട്ട ഒരു പെണ്‍കുട്ടി നമ്പര്‍ ചോദിക്കാതെ ഇങ്ങോട്ട് തരുന്നത് .അടിച്ചു മോളെ ലോട്ടറി.

“ഹലോ എന്താ ആലോചിക്കുന്നെ നമ്പര്‍ വേണ്ടേ തനിക്ക് “

“വേണം പറ “

“96********”

ഞാന്‍ ആ നമ്പര്‍ എഴുതിയെടുത്തു.

“എന്‍റെ വാട്ട്‌സ്സപ് നമ്പറും അത് തന്നെയാ“

നല്ല കുട്ടി ചോദിക്കാതെ തന്നെ എന്തൊക്കെ വിവരങ്ങളാ തരുന്നത്. കുട്ടികള്‍ ആയാൽ ഇങ്ങനെ വേണം. അവള്‍ നടന്നകന്നു.

“ഹേയ് പ്രിയ മറുപടി പെട്ടന്നു തരില്ലേ “

അവള്‍ ചിരിച്ചുകൊണ്ട് നടന്നകന്നു. മറുപടി തരും എന്നാണോ അതോ?

ബസ്സ്‌ കയറാനായി ബസ്സ്‌ സ്റ്റാന്‍ഡിലേക്ക് ഞാനും നടന്നു. ഇനി ഇത് അവളുടെ നമ്പര്‍ തന്നെ ആകില്ലേ? തന്നെ പറ്റിക്കോ അവള്‍? ഹേയ് അങ്ങനെ ചെയ്യോ അവള്‍? നമ്പര്‍ ഉണ്ടല്ലോ ഒന്ന് വിളിച്ചു നോക്കാം.

അവന്‍ ഫോണ്‍ എടുത്ത് നമ്പര്‍ ഡയല്‍ ചെയ്തു “നീവു കരിയ്മടിതര നമ്പര്‍ സ്വിച്ച് ഓഫ്‌ അകിരുതെയ്“. ഓ സംഭവം സ്വിച്ച് ഓഫ്‌ ആണ്. ഇനി ഇവളുടെ നമ്പര്‍ തന്നെ അല്ലേ ഇത്? വിശ്വാസം അതല്ലേ എല്ലാം ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞാന്‍ ബസ്സ്‌ കയറി ഓഫീസിലേക്ക് യാത്രയായി.