കഥാജാലകം

View Original

തണുപ്പ്

കുറച്ചു നീണ്ടു പോയി. ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു കൊണ്ട് ആണ് ഞാൻ ഉമ്മറപ്പടി കടന്നത്‌. പെട്ടി താഴെ വെക്കുമ്പോൾ എന്റെ ചിന്ത അറിഞ്ഞെന്ന പോലെ അവൾ പറഞ്ഞു.

"എത്ര ദിവസായി.. ഇനി ഒന്ന് കുറച്ചൂടെ? പിള്ളേർക്കും എനിക്കും നിങ്ങളെ കാണാൻ കിട്ടുന്നില്ല ഈയിടെയായി, കേട്ടോ "

അതിലെ സുഖം ആസ്വദിച്ചു ഞാൻ ഒരു നിമിഷം അങ്ങനെ നിന്നു. അവൾ വീണ്ടും പറഞ്ഞു.

"പെട്ടെന്ന് പോയി കുളിച്ചു വരൂ. ഞാൻ ചായ ഇടാം "

നിറഞ്ഞ മനസ്സോടെ ഞാൻ കുളിമുറിയിലേക്ക് നടന്നു.

നെറുകയിൽ വീണ വെള്ളത്തിന്റെ തണുപ്പ് മനസ്സിൽ പുരണ്ടു.

ഞാൻ പെട്ടെന്ന് ഓർത്തു, വക്കു പൊട്ടിയ സ്ലേറ്റിൽ കുനിഞ്ഞിരുന്നു എഴുതുമ്പോൾ അമ്മ പിന്നിലൂടെ വന്നു തലയിൽ എണ്ണ വെക്കുന്നത്. അതേ തണുപ്പ്…

ഉറക്കച്ചടവോടെ മടി പിടിച്ചു നില്ക്കുന്ന എന്റെ മേലേക്ക് വെള്ളം കോരി ഒഴിക്കുന്ന അമ്മ.

അതേ തണുപ്പ്..

"ഇരിക്കൂ.. എന്താ സ്വപ്നം കാണുന്നത്? " അവളുടെ ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ കുളി കഴിഞ്ഞ് തീന്മേശക്ക് അരികെ നില്ക്കുക ആണ് എന്ന് മനസ്സിലായത്.

"കഴിക്കൂ.. " വീണ്ടും അവളുടെ ശബ്ദം. "ഞാൻ ഒരു സംഗതി കൊണ്ടുവരാം " അവൾ അടുത്ത മുറിയിലേക്ക് പോയി.

എന്തോ എടുത്തു വായിൽ ഇട്ടതും തൊണ്ടയിൽ കുടുങ്ങി, ചുമച്ചു. അമ്മ നെറുകയിൽ തട്ടിയത് പോലെ തോന്നി. പെട്ടെന്ന് ചുമ നിന്നു.

എന്തോ വല്ലാതെ വിയർക്കുന്നു, അകെ വിമ്മിഷ്ടം.

അടുത്ത മുറിയിൽ നിന്നും അവൾ എന്തോ എടുത്തു കൊണ്ട് വന്നു വായിക്കുന്നു. വൃദ്ധസദനത്തിൽ നിന്നും വന്ന കുറിപ്പ് ആണത്രേ. ഈ മാസം മുതൽ പൈസ കൂട്ടിയിരിക്കുന്നതിലെ അമർഷം അവളുടെ മുഖത്തും വാക്കുകളിലും ഉള്ളത് ഞാൻ പകുതി ബോധത്തോടെ ശ്രദ്ധിച്ചു.

ശ്വാസം മുട്ടുന്നു..

ഞാൻ ഇറങ്ങി നടന്നു. അല്ല, ഓടുകയായിരുന്നു

വെയിലും മഴയും വാഹനങ്ങളും പുഴയും പാലവും കടന്നു ഞാൻ നടന്നു.

ക്ഷീണവും കണ്ണുനീരും വിശപ്പും കടന്നു ഞാൻ നടന്നു.

തണുപ്പിലേക്ക്...