കഥാജാലകം

View Original

ഒരേ തീരങ്ങൾ

കോളിംഗ്ബെൽ ഉച്ചത്തിൽ നിർത്താതെ മുഴങ്ങുന്നത് കേട്ടാണ് അപർണ ഉണർന്നത്. ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം നാലുമണി. താനിത്ര നേരം ഉറങ്ങിയോ എന്ന് അവൾ അത്ഭുതപ്പെട്ടു. ഉച്ചയ്ക്ക് ഊണും കഴിഞ്ഞൊരു ബുക്കുമെടുത്തു വായിക്കാൻ കിടന്നതാണ്.. ബുക്ക്‌ തലയിണക്കരികിൽ തുറന്നു തന്നെ കിടപ്പുണ്ട് . ഫാനിന്റെ കാറ്റിൽ പേജുകൾ മറിയുന്നു.അവൾ ബുക്ക്‌ അടച്ചു വച്ചു.. വീണ്ടും കോളിംഗ്ബെൽ അക്ഷമയോടെ മുഴങ്ങി. സുദീപ് നേരത്തെ വന്നോ ?! അവൾ കെട്ടി വച്ച മുടി അഴിച്ചിട്ട് കൈകൊണ്ടു കോതിയൊതുക്കി കട്ടിലിൽ നിന്നെഴുന്നേറ്റു. കൈപ്പത്തികൾ കൊണ്ട് മുഖം അമർത്തി തുടച്ചു..ഒരിക്കൽ കൂടി ബെൽ മുഴങ്ങി..വേഗം ചെന്നവൾ വാതിൽ തുറന്നു..സിറ്റ്ഔട്ടിൽ ബെല്ലിൽ വിരലുകൾ വച്ച് അക്ഷമയോടെ നിൽക്കുന്ന ആളെ കണ്ട്‌ അപർണ്ണയുടെ നെഞ്ചിൽ ഒരു മിന്നൽ പാളി..

അനിരുദ്ധ് !!

അന്ന് കോളേജിൽ വച്ചുണ്ടായ സംസാരത്തിനു ശേഷം ഇന്നാണ് വീണ്ടും !!

അവന്റെ മുഖത്ത് വല്ലാത്ത തളർച്ചതോന്നിക്കുന്നുണ്ട്..കണ്ണുകൾ ഉറക്കക്ഷീണത്താൽ എന്നവണ്ണം പ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു..മുഖത്തെ താടി കുറേക്കൂടി നീണ്ടിരിക്കുന്നു..കുറേനാളുകളായി ചീകിയൊതുക്കാത്ത വിധം മുടിയും അലങ്കോലപ്പെട്ടു കിടക്കുന്നു.. അപർണയ്ക്ക് വല്ലാത്ത ജാള്യത തോന്നി..തന്റെ മുന്നിൽ തളർന്നു നിൽക്കുന്ന ഈ ചെറുപ്പക്കാരനെ പേടിച്ചാണ് താൻ ഒരാഴ്ചയായി ലീവെടുത്തു വീട്ടിലിരിക്കുന്നത്. തന്റെ വിദ്യാർത്ഥി!!

കോളേജിലെ യുവകവിയും ഗായകനുമായ അനിരുദ്ധ്, കോളേജിലെ മലയാളം ഡിപ്പാർട്മെന്റിൽ പുതിയ അസിസ്റ്റന്റ് പ്രൊഫെസർ  ആയി ജോയിൻ  ചെയ്ത താനുമായി വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലായി.. ആദ്യമൊന്നും ക്ലാസ്സുകളിൽ കാണാതിരുന്നെങ്കിലും അവൻ സ്റ്റാഫ്‌റൂമിലെത്തി നേരിട്ട് പരിചയപ്പെടുകയായിരുന്നു.. അല്പസ്വല്പം കഥയും കവിതയും തനിക്ക് പണ്ടുമുതലേ കൂടെ കൂടിയിട്ടുള്ളതാണ്.. ആയിടക്ക് പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഒരു  കവിത അച്ചടിച്ചു വന്ന മാഗസിനും കൊണ്ടാണ് അവൻ തന്നെ കാണാൻ വന്നത്..അന്നുമുതൽ അവനുമായി നല്ലൊരു സൗഹൃദം ഉണ്ട്..കഥയും കവിതയും വിപ്ലവവും തങ്ങളുടെ ചർച്ചകളിൽ നിറഞ്ഞിരുന്നു, കുറച്ചു കാലം കൊണ്ട് തന്നെ..

ചിന്തയിൽ നിന്നുണർന്നപ്പോഴേക്കും അനിരുദ്ധ് വാതിൽ തള്ളി തുറന്ന് അകത്തെത്തിയിരുന്നു. ഹാളിലെത്തിയ ശേഷം ദിക്കറിയാത്തവനെപോലെ അവൻ ചുറ്റും നോക്കി.പിന്നീട് പതിയെ നടന്ന് ഭിത്തിയിലിരിക്കുന്ന അപർണയുടെയും സുദീപിന്റെയും വിവാഹഫോട്ടോയുടെ മുന്നിലെത്തി, അതിലേക്കു നോക്കി നിന്നു.. എന്ത് പറയണമെന്നോ ചോദിക്കണമെന്നോ അറിയാതെ ഒരു നിമിഷം പതറി നിന്നതിനു ശേഷം അപർണ്ണ പതിയെ വിളിച്ചു,

‘അനിരുദ്ധ്.. '?!!

ശബ്ദം തൊണ്ടയിൽ കുരുങ്ങിയോ ??!

അവൻ പതിയെ മുഖം തിരിച്ചു അപർണയുടെ മുഖത്തേക്ക് നോക്കി.. കണ്ണുകളിൽ ആ പഴയ പ്രസാദം തിരികെ എത്തിയത് പോലെ.. പക്ഷെ ആ ചിരിയില്ല, ചുണ്ടിലും മുഖത്തും..അവൻ നിശബ്ദനായി അങ്ങനെ തന്നെ നിന്നു..അവന്റെ ചുണ്ടുകളനങ്ങി

“Hug me, please..……….?!!!

“Hug me”..

നിശബ്ദതയിൽ,  പൊടുന്നനെ വാക്കുകളാൽ മുറിവേറ്റവളെപ്പോലെ അപർണ അവനെ പകച്ചു നോക്കി.അനിരുദ്ധ് ഒരു ചുവടു മുന്നോട്ടു വന്നതും അപർണ ധൃതിയിൽ പുറകിലേക്ക് മാറി കൈയുയർത്തി.. അവളുടെ മനസ്സിൽ വല്ലാത്തൊരു ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു,  അതിലുപരി തിരിച്ചറിയാനാവാത്ത ഒരു തരം നിസ്സഹായാവസ്ഥയും സങ്കടവും.. അപർണ ശബ്ദമമർത്തി “അനിരുദ്ധ്, ഞാനൊരു ഭാര്യയാണ്,അതിലുപരി നിന്റെ അധ്യാപികയും. അത് നീ മറക്കരുത്” പ്രണയത്താൽ തളർന്ന ഒരുവനോട് പറയേണ്ടതില്ലാത്ത ആ വാചകം താനേതോ നാടകത്തിൽ അഭിനയിക്കുന്നവളെന്നൊരു തോന്നൽ അപർണയിൽ ഉളവാക്കി. അവന്റെ കണ്ണിലൊരു കനലിളകിയോ??!

പരിചിതമല്ലാത്തൊരു ഭാവത്താൽ അവൻ പല്ലുകളമർത്തി അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി “എന്റെ കൂടെ കിടക്കാനല്ല ഞാൻ നിന്നോട് പറഞ്ഞത്”.

സഹിക്കവയ്യാത്ത ദേഷ്യത്താലും സങ്കടത്താലും തളർന്നു പോയെന്നു അപർണയ്ക്ക് സ്വയം തോന്നിയെങ്കിലും, അവളുടെ വലതുകരംഉയർന്നു പതിച്ചത്  അവന്റെ കവിളിലാണ്. അടുത്തു കിടന്ന മേശയുടെ അരികിൽ പിടിച്ചുനിന്നവൾ കിതച്ചു. പിന്നീട് സ്വയമടക്കി അവനെ നോക്കി. അതേ നിൽപ്പ് തന്നെയാണവൻ.നിസ്സഹായനായൊരു കുട്ടിയെപ്പോലെ. അപർണയുടെ ഉള്ളിൽ വീണ്ടും ആ സങ്കടവും നിസ്സഹായതയും തിരയടിച്ചു. ഒരു വാക്കിന്റെ എങ്കിലും ആശ്വാസം അവനെത്രത്തോളം വിലപ്പെട്ടതായിരിക്കും എന്ന് മറ്റാരേക്കാളും അവൾക്കറിയാമായിരുന്നു. തലകുനിച്ചു നിൽക്കുന്ന അവന്റെ അരികിലെത്തി അപർണ തോളിൽ കൈ വച്ചു പതിയെ വിളിച്ചു, “അനി……”

പൂർത്തിയാക്കുന്നതിനു മുൻപ് തടഞ്ഞു നിർത്താനാവാത്തൊരു ഒഴുക്ക് പോലെ, ഒരു വിങ്ങലിനൊപ്പം അവൻ അപർണയെ നെഞ്ചോടുചേർത്ത്‌, അവളുടെ തോളിൽ മുഖം പൂഴ്ത്തി..നഷ്ടപ്പെട്ടു പോയ വിലപ്പെട്ടതെന്തോ തേടി അലഞ്ഞ ജന്മങ്ങൾക്കൊടുവിൽ  ആശ്വാസതീരമെത്തിയവനെ പോലെ അവൻ കിതച്ചുകൊണ്ടിരുന്നു. ഇനിയൊരിക്കലും നഷ്ടപ്പെടാതിരിക്കാനെന്നവണ്ണം അവളുടെ ഇടുപ്പിലവൻ ഇരുകൈകളാലും കൊർത്തുപിടിച്ചു തന്നോട് കൂടുതൽ ചേർത്തു നിർത്തി. അപ്രതീക്ഷിതമായ അവന്റെ ആ നീക്കത്തിൽ കാറ്റിലുലഞ്ഞ മരം കണക്കെ അവൾ നിന്ന് വിറച്ചു!!

അവന്റെ കണ്ണീരിന്റെ ചൂട് അവളുടെ തോളിൽ തട്ടി കഴുത്തിലൂടെ ഒഴുകിയിറങ്ങി.. എന്തുകൊണ്ടോ, ഒരു ചലനം കൊണ്ട് പോലും അവനെ ശല്യപ്പെടുത്താൻ അപർണ ശ്രമിച്ചില്ല. നിമിഷങ്ങൾ നിശബ്ദമായി അവർക്കിടയിൽ പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു..അവൻ അവളിൽ നിന്ന്  കൈകളയച്ചു മുഖമുയർത്തി. തിരയടങ്ങി ശാന്തമായ തീരം പോലെ അവന്റെ മുഖം തിളങ്ങി..അപർണയ്ക്ക് അവന്റെ മുഖം ഒരു ശിശുവിനെ പോലെ നിഷ്കളങ്കമായി തോന്നി.വിടർന്ന ഒരു ചിരിയോടെ അവൻ പറഞ്ഞു “ഞാൻ ടീച്ചറെ ഒരുപാട് മിസ് ചെയ്യും” ആദ്യമായി,  ആദ്യമായിട്ടാണവനിൽ നിന്ന് തന്നെ  ടീച്ചർ എന്ന്  സംബോധന ചെയ്തു കേൾക്കുന്നത്. മറുപടി പറയാതെ അപർണ പുഞ്ചിരിച്ചു. അന്ന് മഴചാറ്റലേറ്റ് നനഞ്ഞ വാകമരച്ചോട്ടിൽ വച്ച് ആദ്യമായും അവസാനമായും  “എനിക്ക് നിങ്ങളോട് വല്ലാത്ത പ്രണയമാണ്” എന്ന വാചകം തന്റെ മുഖത്തേക്ക് എറിഞ്ഞു തന്നിട്ട് ഒന്നും മനസിലാകാതെ അന്തിച്ചു നിന്ന തനിക്കരികിൽ നിന്ന് നടന്നകലുമ്പോൾ  അവന്റെ മുഖത്ത് വിരിഞ്ഞ അതേ ചിരി,അത് തന്നെയാണവന്റെ മുഖത്ത് ഇപ്പോഴും.അതേ ചിരിയോടെ, ഒരു വാക്ക് കൂടി  കൂടുതലായി പറയാതെ, പിന്തിരിഞ്ഞൊന്നു കൂടി നോക്കാതെ അവൻ പടിയിറങ്ങി നടന്നു...