Kadhajalakam is a window to the world of fictional writings by a collective of writers

ആത്മാക്കളുടെ പ്രണയം

ആത്മാക്കളുടെ പ്രണയം

ഇരുട്ട് കട്ടപിടിച്ച ത്രിസന്ധ്യക്കു ആ പഴയ തറവാട്ടിലേക്കുള്ള വഴി തിരയാൻ  കുറച്ചു പണിപ്പെട്ടു. പണ്ട് എത്ര ദൂരത്തിൽ നിന്ന് നോക്കിയാലും തല ഉയർത്തിനിൽക്കുന്ന ആ നാലുകെട്ട് കാണാമായിരുന്നു. ഇന്നിപ്പോൾ ആ വീട് തന്നെ മറച്ചുകൊണ്ട്  ഇടതൂർന്നു  നിൽക്കുന്ന പേരറിയാത്ത കുറെ മരങ്ങൾ . അവ ഇരുട്ടിൽ വല്ലാതെ ഭീതിയുണർത്തി. ഒപ്പം പതിവില്ലാത്ത ഒരു ശീതക്കാറ്റും. കാറ്റിനൊപ്പം ഇളകിയാടുന്ന  ആ മരങ്ങൾ  ഭീകര സത്വങ്ങളെപ്പോലെ  തോന്നിപ്പിച്ചു.

കാലുകൾക്കു വേഗത കൂട്ടി. വളരെ പണിപ്പെട്ട്, പുല്ലുപിടിച്ചു  കാണാതായ വഴി കണ്ടു പിടിച്ചു തറവാട്ടിലേക്ക് കയറി. ഉമ്മറത്ത് കത്തിച്ചു വെച്ച ഒരു കുഞ്ഞു നിലവിളക്ക്. അത് തറവാടിന്റെ ക്ഷയത്തെ കാട്ടിത്തന്നു.  ആ ഇത്തിരിവെട്ടത്തിനു  ഈ കനത്ത ഇരുട്ടിനെ അകറ്റാൻ പറ്റുമോ എന്ന് ആലോചിക്കാതിരുന്നില്ല.

ജരാനരകൾ ബാധിച്ച അമ്മയുടെ  ചേലിനു കുറവൊന്നുമില്ല. കണ്ണുകളുടെ ചൈതന്യം തെല്ലൊന്നു മങ്ങിയതുപോലെ. പക്ഷെ ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ പഴയാ ചുറുചുറുക്കും കുട്ട്യേ വിളിയുമൊക്കെ മടങ്ങി വന്നു 

ഇത്രകാലം കുട്ടിയെന്താ ഈ വഴിക്കൊന്നു വന്നു പോലുമില്ലല്ലോയെന്നു അമ്മ  പരിഭവിച്ചു . പരിഭവങ്ങൾക്കു മറുപടിയായി ആ അമ്മയെ  കൂട്ടിപിടിച്ചൊരുമ്മ കൊടുത്തു .

തെല്ലൊന്നു കനത്ത മൗനത്തിന്റെ കൂട്ട്  പിടിച്ചു മനസ്സ് ചിന്തിച്ചു. ഒരു ബന്ധവുമില്ലാഞ്ഞിട്ടും ആ അമ്മയെ പണ്ടുമുതലേ അമ്മയെന്ന് വിളിക്കാൻ പ്രേരിപ്പിച്ചത് എന്തായിരിക്കാം? പിന്നെ എപ്പോളെങ്കിലും ഈ  തറവാട്ടിലേക്ക് ഈ അമ്മയുടെ മകളായി വരുമെന്ന്  മുൻകൂട്ടി കണ്ടിരുന്നുവോ  ആവോ  അറിയില്ല... പക്ഷെ,  അതൊരിക്കലും ഉണ്ടായതുമില്ല . മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഇഴകൾ കൂട്ടിപ്പിണഞ്ഞു അവളെ ശ്വാസം മുട്ടിക്കുമെന്നായപ്പോൾ അമ്മ പറഞ്ഞു,

"വരൂ കുട്ടീ , ഇനിയെന്നാ ഈ വഴിക്കൊക്കെ വരുക"എന്നും പറഞ്ഞു മുറ്റത്തേക്കിറങ്ങി .

" ത്രിസന്ധ്യക്കു പെങ്കുട്ട്യോൾ കാവിന്റെ പരിസരത്തു പോകാൻ പാടില്ല്യാന്നാണ് എങ്കിലും വരൂ കുട്ട്യേ" അമ്മ കൈ കൂട്ടി പിടിച്ചു നടന്നു. 

ആ ഇത്തിരി വെളിച്ചത്തിൽ അമ്മയോടൊപ്പം നടക്കുമ്പോൾ  കാടുപിടിച്ചു കിടക്കുന്ന പഴയ കാവും, വവ്വാലുകൾ  തിങ്ങി നിറഞ്ഞിരുന്ന പഴയ ആൽ മരവും എവിടെയോ നൊമ്പരം നിറച്ചു ... എത്ര ഭംഗിയായും വൃത്തിയോടും  വെച്ചിരുന്ന ആ വീടും പരിസരവും ഇപ്പോൾ ജരാനര ബാധിച്ച തറവാട്ടിലെ പഴയ മുത്തശ്ശിയെക്കാളും പ്രായമായതു പോലെ . ഒരടുക്കും ചിട്ടയുമില്ലാതെ അലങ്കോലമായി കിടക്കുന്ന നാലുകെട്ടും പരിസരവും. അന്തിത്തിരി പോലും വെക്കുവാനാളില്ലാതെ പോയതോർത്ത് കുറ്റബോധം  തോന്നി . അപ്പോൾ പെയ്തു നിന്നിരുന്ന മഴയുടെ നനവ്  പിടിച്ചു നിൽക്കുന്ന വൃക്ഷലതാദികളെ ആർത്തിയോടെ നോക്കുമ്പോൾ  കൺകോണുകളിൽ ഒരു നനവ് പടർന്നു.  അവിടെ ആ നാലുകെട്ടിന്റെ ഓരം ചേർന്ന്  കണ്ണുകളിൽ കുസൃതി നിറച്ചു.  പ്രേമാർദ്രമായി അവളെ മാത്രം നോക്കി നിൽക്കുന്നവനെ ഇപ്പോളും ഓർമ്മയുടെ അരികു പിടിച്ചു നിൽക്കുന്നതു കാണാം. .

ഒരു പിടി മഞ്ചാടികൾ ഒന്നിച്ചു വാരിയിട്ടു പടർത്തിയ പ്രണയചോപ്പു നിറം സിരകളിലേക്ക് ഇരച്ചു കയറിയതു  പോലെ .

ആർദ്രമായ ഓർമ്മകളെ  മെല്ലെ തട്ടിമാറ്റി  അമ്മയുടെ  ശബ്ദം,

" ഇവിടെയാണ് കുട്ട്യേ ഉണ്ണി"യെന്നു  അമ്മ  കാട്ടിത്തരുമ്പോൾ, ഉള്ളൊന്നു പിടച്ചു. ഇങ്ങനെയൊരു കൂടിക്കാഴ്ചയെപ്പോളെങ്കിലും  വിചാരിച്ചുന്നുവോ?   കാട് പിടിച്ചു കിടക്കുന്ന അസ്ഥിത്തറക്കു മുന്നിൽ മനസ്സും ചിന്തയും ഒരേപോലെ കൈവിട്ടു പോയത് പോലെ .അന്ന് അവസാനമായി കണ്ടു പിരിഞ്ഞപ്പോളുള്ള അതെ മാനസികാവസ്ഥ.

പെട്ടെന്നു എവിടുന്നോ ചെറു ചാറ്റൽ .മഴത്തുള്ളികൾ  തൊട്ടു നനയ്ക്കുമ്പോൾ  വീണ്ടും അവൻ കാതിൽ മന്ത്രിച്ചത്‌ പോലെ,

" ഇഷ്ടമുള്ളവർ ആഗ്രഹിച്ചു കാണുമ്പോൾ  പ്രകൃതിയുടെ സന്തോഷം നിറഞ്ഞൊഴുകുന്നതാണത്രെ മഴത്തുള്ളികൾ."

ആ ചാറ്റൽ മഴക്കൊപ്പം  ഓർമ്മകളുടെ ആലിംഗനത്തിലായിരിക്കുമ്പോൾ  മരണത്തിനപ്പുറവും ഒരു പ്രണയമുണ്ടെന്നും അതൊരിക്കലും മരിക്കില്ലെന്നും പഠിപ്പിച്ചു തന്നവന്റെ ഭാസുരമായ ചിന്തകൾ  നെഞ്ചിനുള്ളിൽ നിന്ന് സ്മൃതിശലഭങ്ങളായി  പറന്നുയർന്നു. അവയുടെ ചിറകടി ശബ്ദം അവന്റെ പാട്ടു പോലെ തോന്നിച്ചു  .

പണ്ട് ആരും കാണാതെ  തറവാട്ട് കുളത്തിനരികിലിരുന്നു  കല്ലുകളെറിഞ്ഞു ചെറിയ ഓളങ്ങൾ ഉണ്ടാക്കുമ്പോൾ അവൻ  പറയും, 

" ആ കല്ല് ചെന്ന് വീഴുമ്പോളിളകുന്ന വെള്ളവും, അതുണ്ടാക്കുന്ന ഓളവും  പോലെയേ ആകാവൂ നമ്മളുടെ  വികാരങ്ങളുടെയും ആയുസ്സ്"

നൈമിഷികമായി അതിജീവിച്ചു ഒന്നും സംഭവിക്കാത്തത് പോലെ പ്രശാന്തമായ ആ  ജലപ്പരപ്പ് പോലെയാകണം മനുഷ്യമനസ്സ് ഏതു സന്ദർഭങ്ങളിലുമെന്നൊരു  തത്വ ജ്ഞാനിയെപ്പോലെ അവൻ പറഞ്ഞു വെക്കുമ്പോൾ  ഇപ്പോൾ എല്ലാം തിരിച്ചറിയാൻ പറ്റുന്നു .

ആത്മീയതയെപ്പറ്റി അവൻ വാചാലനാകുമ്പോൾ പലപ്പോളും തോന്നിയിരുന്നു, അവയൊക്കെ എനിക്ക് വേണ്ടിയായിരുന്നു പറഞ്ഞിരുന്നതെന്ന് .

പ്രണയം, വേർപിരിയൽ, വിരഹദുഃഖം ഇതിനെയൊക്കെ അതിജീവിച്ചു പോകുന്നിടത്താണ് നിന്റെയും എന്റെയും ആത്മീയത എന്ന് ആവർത്തിച്ച് പറഞ്ഞിരുന്നത്  എന്തിനെന്നു ഇപ്പോൾ മനസ്സിലാക്കുന്നു  ... ഒരു പക്ഷെ ഒന്നിച്ചു ജീവിച്ചിരുന്നെങ്കിൽ ഇത്രെയേറെ തീവ്രത ഇക്കാലമത്രെയും കൊണ്ട് നടക്കുവാൻ പറ്റുമായിരുന്നോ എന്ന് സംശയിക്കുന്നു ...  മരിച്ചുവെന്നറിഞ്ഞിട്ടും ഒന്നും നഷ്ടമായതായി  തോന്നിയില്ല. കാരണം ആത്മമിത്രങ്ങൾ അങ്ങനെയാണ്. ഒരിക്കലും ഇണ പിരിയാറില്ല ... 

പോകാം മോളെയെന്നു അമ്മ ഓർമ്മിപ്പിക്കുമ്പോൾ, പ്രണയാതുരമായ ചിന്തകളിൽ നിന്ന് കുതറി മാറി തിരിഞ്ഞു നടക്കുമ്പോൾ, പെട്ടെന്ന് പെയ്തൊരു ചാറ്റൽ മഴക്കൊപ്പം പാറി നടക്കുന്ന പൂത്തുമ്പികളെ ഞാൻ മാത്രം കണ്ടു. 

അവസാനമായി അവനെ കണ്ടപ്പോൾ ചിണുങ്ങി പെയ്തിരുന്ന ചാറ്റൽ മഴക്കൊപ്പം ഒന്നിച്ചു നടക്കുമ്പോൾ കൂട്ടിപിടിച്ച ആ കരതലങ്ങളുടെ ചൂട് ഇപ്പോളും വിട്ടൊഴിയാതെ എന്നോടൊപ്പം.

നിന്നോടുള്ള എന്റെ പ്രണയത്തെ നീ നിന്റെ ചിന്തകളുടെ തീവ്രത  കൊണ്ട് മാറ്റി മറിച്ചു ആത്മാക്കളുടെ പ്രണയത്തിലേക്ക് വഴി നടത്തിയവനെ നിന്നെ എനിക്ക്   എവിടെയും നഷ്ടമായിട്ടില്ല!

രാവിൻറെ കനത്ത കരിമ്പടം ഭേദിച്ച് തെല്ലു പോലും പേടിയില്ലാതെ പഴയ ആ  തറവാടിനെ  പിന്നിലാക്കി  ആ കുഞ്ഞു മഴക്കൊപ്പം  നടക്കുമ്പോൾ, തിരിഞ്ഞു നോക്കാൻ മിനക്കെട്ടില്ല. കാരണം നീയെന്റെ ആത്മാവിലുള്ളപ്പോൾ ഞാൻ ആരെ  തിരയേണ്ടൂ ? ഞാനിപ്പോഴും നീയുമായി പ്രണയത്തിലാണ് ...

കുമ്പളം കുന്നിലെ ചിന്തകൾ

കുമ്പളം കുന്നിലെ ചിന്തകൾ

കഷണ്ടി

കഷണ്ടി