കഥാജാലകം

View Original

ബംഗാളി

നടേമ്മലെ പാലത്തിന്റെ മുകളിലിരുന്ന് ബംഗാളി പാടി. "ചേഹരേ മേ ക്യാ ചാന്ദ് കില...സുൽഫോ മേ ക്യാ ചാന്ദിനി ...സാഗർ ജൈസേ ആംഖോ വാലി ഏതോ ബത തെരെ ന്യാം ക്യാ"....സന്ധ്യ നേരത്തു സ്വയം മറന്നു ഉറക്കെ പാടുന്ന ബംഗാളി പയ്യന്റെ പാട്ടു ആദ്യ ദിവസം തന്നെ എല്ലാരും കേട്ടു.മനോഹരമായി അവൻ പാടുന്നു.കൈത പൂക്കളും, വയലേലകളെ തഴുകിയെത്തുന്ന തെന്നലും അവന്റെ പാട്ടിനു താളം പിടിച്ചു. ഇടക്ക് ഒച്ചത്തിലും പിന്നീട് പതിഞ്ഞ ശബ്‍ദത്തിലും അവൻ നിർത്താതെ പാടിക്കൊണ്ടിരുന്നു.

നാട്ടിൽ ഇപ്പോൾ ബംഗാളി മയം ആണ്. എവിടെ പോയാലും ബംഗാളികൾ എന്ന് പൊതുവെ വിളിക്കുന്ന ഉത്തരേന്ത്യക്കാർ ആണ്. തലശേരിയിലും, പാനൂരിലും ബസ്സുകളുടെ ബോർഡുകൾ വരെ ഹിന്ദിയിൽ അവർക്കായി ഉണ്ട്. അവർ വന്നതോടെ ചെറിയ നാട്ടിൻ പുറങ്ങൾ സിറ്റികൾ ആയി. വല്യ പുരോഗതിയില്ലെങ്കിലും അവർ പറഞ്ഞു പറഞ്ഞു സിറ്റി ആക്കിയതാണ്. ചമ്പാട് സിറ്റി, പൊയിലൂർ സിറ്റി, പാറക്കടവ് സിറ്റി, അങ്ങനെ. പാനൂർ അവർക്കു മെട്രോ സിറ്റി ആണ്. ജോലി ചെയ്യുന്നതിനുള്ള കൂലിയും, റൊട്ടിയും, പാനും കിട്ടിയാൽ അവർ ഹാപ്പി ആണ്. വർഷാവസാനം കൈയിൽ നിറയെ പണവുമായി അവർ നാട്ടിലേക്കു വണ്ടികേറും.

പിറ്റേന്ന് ഏതാണ്ട് അതെ സമയത്തു വീണ്ടും ആ പാട്ട് കേട്ടു, അവൻ ഉറക്കെ പാടുകയാണ്. ഈ ബംഗാളിക്ക് എന്ത് പറ്റി? വെള്ളമായിരിക്കും. അല്ലാതെ ഇ സന്ധ്യക്കു ഇരുട്ടിൽ പാലത്തിലിരുന്ന് ഇങ്ങനെ പാടുമോ. വലിയ വയലിന് നടുവിലൂടെ ഒഴുകുന്ന പുഴക്ക് കുറുകെ ഉള്ള ചെറിയ പാലമാണ് നടേമ്മലെ പാലം. പൊതുവെ സന്ധ്യ കഴിഞ്ഞാൽ ഒറ്റപ്പെട്ട സ്ഥലം. ചുറ്റും കൈതക്കാടും, കൈതപ്പൂവിന്റെ മണവും.കൂട്ടിനു ചീവിടിന്റെ ഒച്ചയും. ഈ ബംഗാളിക്ക് പേടിയാവില്ലേ? സാഗർ ജൈസേ ആംഖോ വാലി ...............ഇന്നും അതെ പാട്ടു തന്നെയാണ്.

മൂന്നാം നാൾ അതെ സമയത്തു വീണ്ടും അവന്റെ പാട്ട് കേട്ടു. ഇന്ന് ഏതായാലും ആ ഗന്ധർവ ഗായകനെ കാണാൻ തന്നെ ഞാൻ ഉറപ്പിച്ചു. അന്ന് നല്ല നിലാവായിരുന്നു. എന്നാലും ടോർച്ചുമെടുത്ത് വയൽ വരമ്പിലൂടെ നടേമ്മൽ പാലം ലക്ഷ്യമാക്കി നടന്നു. എങ്ങും കൈത പൂത്ത ഗന്ധം, മിന്നാമിന്നികൾ വഴികാട്ടുന്നു. നടക്കുന്തോറും ബംഗാളിയുടെ പാട്ട് കൂടുതൽ വ്യക്തമായി കേൾക്കാം. ഒടുവിൽ ഞാൻ അവനെ കണ്ടു, നീലക്കണ്ണുള്ള ഒരു അതിസുന്ദരൻ പയ്യൻ. ഏതാണ്ട് ഇരുപതു വയസ് കാണും. പാലത്തിന്റെ കൈവരികളിൽ ചാഞ്ഞിരുന്നു പുഴയിലേക്ക് നോക്കിയാണ് അവന്റെ പാട്ട്. അമ്പിളി മാമൻ മുകളിലിരുന്ന് ചിരിക്കുന്നു. എന്നെ കണ്ടിട്ടും അവൻ പാട്ട് നിർത്തിയില്ല, പാട്ടിൽ മുഴുകി സ്വയം മറന്നു പാടുകയാണ്. ക്യാ ഹു ആ ഭയ്യാ? ഞാൻ ചോദിച്ചു. "ഒന്നുമില്ല ചേട്ടാ ലവ് ഫെയിലിയറാ". തരക്കേടില്ലാത്ത മലയാളത്തിൽ അവൻ പറഞ്ഞു. "ഓ അതാണോ കാര്യം.,അതിനു ഈ ഇരുട്ടത്തു തനിച്ചിരുന്നു പാടുന്നതെന്തിനാ?

"ഇവിടെ ഇരുന്നു പാടിയാൽ എനിക്ക് കുറച്ചു വിഷമം മാറും. ഞങ്ങളുടെ നാട്ടിൽ ഇതേ പോലുള്ള വയലും പുഴയും ഒക്കൈ ഉണ്ട്. ഇതു പോലുള്ള ഒരു പാലത്തിൽ വച്ചാ ഞാൻ മീരയെ ആദ്യമായി കണ്ടത്. എന്നിട്ടു ഇപ്പോൾ

"എന്ത് പറ്റി?"

"ഒന്നും പറ്റിയില്ല ചേട്ടാ, മറ്റന്നാൾ അവളുടെ കല്യാണമാ"

"നിനക്ക് വീട്ടിൽ പറഞ്ഞ് കല്യാണ ആലോചന നടത്തായിരുന്നില്ലേ?"

"ഉം...ഞങ്ങൾ പാവങ്ങളാ ചേട്ടാ. നല്ല മഴ വരുമ്പോൾ കുടിലേക്കു വെള്ളം ചോർന്നൊലിക്കും. അവർ പണക്കാരാ"

"സാരമില്ല പോട്ടെ"

"സാരമുണ്ട് ചേട്ടാ ....എനിക്ക് അവളെ മറക്കാൻ പറ്റില്ല:

"ഇവിടെ എവിടെയാ താമസം?

"ഉതുക്കുമ്മൽ സിറ്റി"

"സമയം ഇത്രെയും ആയില്ലേ, ഇനി വീട്ടിൽ പോകാൻ നോക്ക്"

അവൻ ഒന്നും മിണ്ടാതെ വെള്ളത്തിൽ തിളങ്ങി നിൽക്കുന്ന അമ്പിളിമാമന്റെ പ്രതിബിംബത്തിൽ തന്നെ നോക്കി ഇരുന്നു. അവന്റെ തോളത്തു തട്ടി ആശ്വസിപ്പിച്ചു ഞാൻ തിരിച്ചു പോന്നു. പിറ്റേ ദിവസം അവന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. പെട്ടന്ന് അവനും അവന്റെ നാടും, അവന്റെ കുടിലുമൊക്കെ എന്റെ മനസ്സിൽ തെളിഞ്ഞു, പാവം.

രാവിലെ അയൽവീട്ടിലെ ആരോ വിളിച്ചു പറയുന്നത് കേട്ടു. "നടേമ്മലെ പുഴയിൽ ആരുടെയോ ഒരു ബോഡി, ചെറിയ പയ്യനാ". എല്ലാരും അങ്ങോട്ടേക്ക് ധൃതിയിൽ പോവുകയാണ്. എനിക്കെന്തോ അവനെ വീണ്ടും കാണാൻ തോന്നിയില്ല. "സാരമുണ്ട് ചേട്ടാ", എന്ന് അവൻ പറഞ്ഞപ്പോൾ ഇത്രെയും സാരമുള്ളതായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. പേര് ചോദിക്കാൻ വിട്ടു പോയ നീലക്കണ്ണുള്ള ആ സുന്ദരൻ നടേമ്മലെ പുഴയിലെ ആഴങ്ങളിൽ ഒടുങ്ങിയത് കല്യാണ പെണ്ണ് അറിഞ്ഞു കാണുമോ? അവൻ എന്നും പാടിയിരുന്നത് കടൽ പോലെ മനോഹരമായ അവളുടെ കണ്ണുകളെ കുറിച്ചായിരുന്നു.