കാർത്തിക
ഇന്ന് വൃശ്ചികത്തിലെ കാർത്തിക , എന്റെ ജന്മദിനവും ഇന്നാണ്. ഞാൻ ദേവപ്രിയ എല്ലാരും എന്നെ ദേവു എന്ന് വിളിക്കും. മോഹിനിയാട്ടത്തിൽ എം.എ ചെയ്തുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ വീട്ടിൽ കല്യാണാലോചനയും നടക്കുന്നുണ്ട്. പക്ഷെ എന്റെ മനസ്സിൽ ഒരു കള്ളത്തരമുണ്ട്, ഒരാളോട് പ്രേമം, ഇന്നും ഇന്നലെയും തുടങ്ങിയതല്ലാട്ടോ, വർഷം അഞ്ചാറായി ഇത് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നു. നേരിട്ട് പറയാൻ കഴിഞ്ഞിട്ടില്ല, മടിയൊന്നുമല്ല കേട്ടോ, പക്ഷെ അങ്ങേർക്കു അത് എന്നോട് ഇല്ലെങ്കിൽ പിന്നെ എങ്ങനെയാ. ആൾ ആരാണെന്നാലെ, എന്റെ വീടിനു കുറച്ച അകലെ നല്ലൊരു സ്കൂൾ ഉണ്ട്, അവിടുത്തെ വൈസ് പ്രിൻസിപ്പൽ, വലിയ പുള്ളിയാണെന്നേ. മുപ്പതുകാണും പ്രായം, മഹേശ്വർ എന്നാണ് പേര്.. നമ്പൂതിരി കുടുംബത്തിൽ പെട്ട ആളാണെന്നുള്ളതാണ് ഞങ്ങൾക്കിടയിലെ തടസ്സം. ഞാൻ നായർ സമുദായത്തിൽ പെട്ടത് എന്റെ കുറ്റമാണോ? മഹിയെട്ടനെ കണ്ടശേഷം മീൻ ഇല്ലാതെ ചോറ് കഴിക്കാത്ത ഞാൻ സസ്യഭുക്കായി മാറി. വീട്ടിൽ അതിനു നല്ലൊരു കള്ളവും പറഞ്ഞു, ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ നർത്തകിയല്ലേ ഞാൻ, പിന്നെ എങ്ങനെയാ മത്സ്യമാംസാദികൾ? ആലോചിക്കാൻ വയ്യ. ഇത്രയൊക്കെ ത്യജിച്ചിട്ടും എനിക്ക് അങ്ങേരെ കിട്ടിയില്ലെങ്കിൽ വേറെ ആരും അങ്ങേരെ കെട്ടാനും ഞാൻ സമ്മതിക്കില്ല.
ഇന്നാണ് ഞാൻ എന്റെ പ്രണയം മഹിയെട്ടനോട് തുറന്നു പറയാൻ പോകുന്നത്, ഇന്ന് ശിവന്റെ അമ്പലത്തിൽ ത്രികാർത്തികയോട് അനുബന്ധിച്ചു ആയിരത്തിയൊന്ന് വിളക്കുകളാണ് തെളിയുന്നത്, അതിൽ നൂറ്റൊന്നെണ്ണം തെളിയിക്കുവാൻ സാധിച്ചാൽ മഹിയേട്ടനെ എനിക്ക് കിട്ടും, എന്റെ വിശ്വാസവും പ്രാർത്ഥനയുമാണത്. ഈ ദിവസം മഹിയെട്ടനും അമ്പലത്തിൽ കാണും. 'അമ്മ എനിക്കായി നല്ലൊരു സാരി വാങ്ങിത്തന്നിട്ടുണ്ട്, പച്ചയിൽ ചുവന്ന കരയുള്ള നല്ലസ്സലൊരു കാഞ്ചിപുരം സാരി. അതിന്റെ കൂടെ ചുവന്ന കല്ല് പതിപ്പിച്ച നാഗപടവും ഉണ്ട്. അമ്മയും കൂടെ വരുന്നതിനാൽ എങ്ങനെയാ മഹിയെട്ടനോട് കാര്യം അവതരിപ്പിക്കുക എന്ന ആശങ്കയും മനസ്സിൽ വെച്ച് അമ്പലത്തിലേക്കു അമ്മയോടൊപ്പം നടന്നു.
പരദൂഷണകാരി ജാനിച്ചേച്ചി വയലിനക്കരെ നിന്ന് ഉറക്കെ പറഞ്ഞു, "ദേവൂനെ കെട്ടിക്കാൻ ആയിട്ടോ വിമലേച്ചി". ഇനി ഇത് മതി അമ്മക്ക്, കല്യാണാലോചന തിടുക്കത്തിലാക്കാൻ. എന്തിന്റെ കേടാ ഈ ചേച്ചിക്ക്? വഴിയിലതാ നിൽക്കുന്നു പായിപ്പുറത്തെ ആശാന്റെ കളരിയിൽ അമ്മയുടെ ഒപ്പമിരുന്ന ഇല്ലത്തെ ചെറിയതമ്പുരാട്ടി, മഹിയുടെ അമ്മ. "വിമലെ, കണ്ടിട്ടിശ്ശിയായല്ലോ? മോഹന് എന്നാ ഇനി അവധി കിട്ടാ?" കുവൈറ്റിലുള്ള എന്റെ ഏട്ടനെക്കുറിച്ചാണ് ചോദ്യം. 'വേനലവധിക്കല്ലെ ഇനി കുട്യോൾക്കൊപ്പം കൂടാൻ പറ്റു. അവനാണെങ്കിൽ തനിയെ നാട്ടിൽ വന്നു പോവാൻ വല്യ മടിയാണ്. ഈ പച്ചപ്പും മഴയും കുട്യോൾക്ക് നഷ്ടപ്പെടുന്നു എന്നതാണ് അവന്റെ പരിഭവം. അപ്പൊ എന്നു വന്നാലും കുട്ട്യോളേം വന്ദനെയും കൂട്ടും', നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞുകൊണ്ടിരുന്നു. ഇടത്തെ കൊച്ചമ്പലത്തിൽ നിന്നും പ്രസാദം വാങ്ങി നടക്കുന്നതിനിടയിൽ ചെറിയതമ്പുരാട്ടി അമ്മയോട് പതിയെ പറഞ്ഞു. "നമ്മുടെ വടക്കേയില്ലത്തെ നമ്പൂരിക്കുട്ടി ഹേമയുമായി മഹേശ്വരന് ചെറിയ ആലോചനകൾ തുടങ്ങിയിരിക്കുന്നു, ഇത്രേം കാലം ഓരോ ഒഴിവു കഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടു പോയതാ'. ഞാൻ മനസ്സിലോർത്തു, 'ങും, നടന്നത്രെ,' അവന്റമ്മ തുടർന്നു. 'ഇന്ന് നൂറ്റൊന്ന് വിളക്ക് തെളിയിക്കാമെന്ന് നേർച്ച ഉണ്ടത്രേ മഹിക്ക്, അതിനു ശേഷം തീരുമാനം പറയാം എന്നാത്രേ പറഞ്ഞിരിക്കണേ. ഈ കുട്ടിയോളുടെയൊക്കെ മനസ്സിൽ എന്താന്ന് നമ്മുക്ക് അറിയില്ലാലോ'. ഈശ്വരാ മഹിയെട്ടന്റെ മനസ്സിൽ ഇനി അങ്ങനെ എന്തേലും ആരേലും...? ഓർത്തു നടന്നു വലിയമ്പലത്തിന്റെ മുന്നിലെത്തിയത് അറിഞ്ഞില്ല. എല്ലാവരും വിളക്ക് തെളിയിക്കുവാൻ തുടങ്ങിയിരിക്കുന്നു.
ഭഗവാന്റെ അനുഗ്രഹം പോലെ എന്റെ തൊട്ടടുത്തുള്ള വരിയിലാണ് മഹിയേട്ടൻ, നല്ല സ്വർണ കരയുള്ള മേൽമുണ്ടും, നെറ്റിയിലെ ചന്ദനക്കുറിയും, എന്തൊരു ഐശ്വര്യം ആണെന്നോ? ധൃതിയിലാണ് മഹിയേട്ടൻ വിലക്ക് കൊളുത്തുന്നത്. എന്നെ ഒന്ന് നോക്കുന്നു പോലുമില്ല. എനിക്കെന്തോ കരച്ചിൽ വന്നു, ആ മനസ്സിൽ വേറെ ആരോ ഉണ്ട്, അവൾക്കു വേണ്ടിയുള്ള പ്രാർത്ഥനയാവും. ഓരോന്നാലോചിച്ചു ഞാൻ വിളക്കുകൾ തെളിയിക്കുവാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ മഹിയേട്ടൻ ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്, കയ്യിലെ തിരി കഴിഞ്ഞു, ബാക്കി ഒരൊറ്റ വിളക്കേയുള്ളൂ , എനിക്കാണേൽ ഇനിം ഉണ്ട് എട്ടു പത്തെണ്ണം കൂടി. മഹിയേട്ടൻന്റെ ആഗ്രഹം നടക്കട്ടെ എന്നുകരുതി ഞാൻ എന്റെ തിരിയുമായി ചെന്ന് ആ അവസാനത്തെ വിളക്കിൽ തിരി തെളിയിച്ചു, തിരിഞ്ഞു മുഖം പോലും നോക്കാതെ നടന്നു.
പെട്ടന്നൊരു പിൻവിളി, 'ദേവാ...' മനസ്സിലൊരു പഞ്ചവാദ്യമുയർന്നു. 'എന്റെ ദൈവങ്ങളെ..' മഹിയേട്ടൻ... 'ദേവ, വളച്ചുകെട്ടി പറയാൻ എനിക്ക് അറിയില്ല, എത്രകാലം തന്നോടിത് പറയാതെ മനസിൽകൊണ്ടുനടന്നു എന്നെനിക്ക് അറിയില്ല. ഇനി അങ്ങോട്ടുള്ള എന്റെ ജീവിതത്തിലെ വിളക്കായി തനിക്കു എന്റെ വേളിയായി എന്റെ ഇല്ലത്തേക്ക് വന്നൂടെ.. എനിക്കറിയാം താൻ എന്നേക്കാളും 10 വയസ്സിന്റെ ഇളയതാണെന്ന്.. ഒരുപാട് വർഷമായി ഞാനിതു മനസിൽകൊണ്ടു നടക്കുന്നു... തന്റെ സമ്മതം അറിഞ്ഞു വേണം എനിക്ക് ഇല്ലത്തു ഈ കാര്യം അവതരിപ്പിക്കുവാൻ'. മഹിയേട്ടൻ തിടുക്കത്തിൽ പറഞ്ഞു നിർത്തി കത്തുന്ന ദിപങ്ങളിലേയ്ക്കും നോക്കിനിന്നു. ഈശ്വരാ..ഞാൻ പറയാൻ കൊതിച്ച വാക്കുകളാണ് എന്റെ മഹിയേട്ടൻ എന്നോടീ പറയുന്നത്, എങ്ങനെയാണ് ഞാനെന്റെ സമ്മതം അറിയിക്കുക? 'ദേവ, തനിക്ക് ഒരു കുറവും ഞാൻ വരുത്തില്ല..പക്ഷെ?. ഞങ്ങൾ മത്സ്യമാംസാദികൾ കഴിക്കാറില്ല. അത് മുഴുവിക്കാൻ ഞാൻ സമ്മതിച്ചില്ല. 'മഹിയേട്ടാ, അഞ്ച് വർഷമായി എല്ലാമുപേക്ഷിച്ചുള്ള ഒരു കാത്തിരിപ്പിയായിരുന്നു. ഈയൊരു നിമിഷത്തിനുവേണ്ടി'. മഹിയേട്ടൻ എന്റെ അരികിലേക്ക് കുറച്ചുകൂടി ചേർന്നുനിന്ന് വലത്തേക്കയ്യുകൊണ്ട് എന്റെ മുഖം പിടിച്ച് മെല്ലെയുയർത്തി. എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു, കണ്ണു തുടച്ചു മാറ്റിക്കൊണ്ട് ആ ആയിരത്തിയൊന്ന് വിളക്കുകൾ സാക്ഷിയാക്കി എന്റെ ഭഗവാൻ ശിവനെ സാക്ഷിയാക്കി മഹിയേട്ടൻ എന്നെ ചേർത്തു പിടിച്ചു നടന്നു. ആ അമ്പലവഴിയിലൂടെ മാഹിയെട്ടന്റെ ജീവിതത്തിലേക്ക്.
'ദേവ..', ആ വിളി എന്നെ ഓർമകളിൽ നിന്നും ഉണർത്തി. ദേവന്റെ തിരുനടയിലാണ്. 'എടോ നൂറാമത്തെ ആ തിരി ആയിരിക്കുന്നു. വന്ന് തെളിയിക്ക്.. '. ഇരുപത്തിയഞ്ച് വർഷം മുടങ്ങാതെ ഞങ്ങൾ ഒരുമിച്ചു ഈ വിളക്കുകൾ തെളിയിച്ചു. ഇനി അങ്ങോട്ടേക്കുള്ള ഒരായിരം വർഷവും ഏഴ് ജന്മങ്ങളും എനിക്ക് എന്റെ മഹിയേട്ടനെ തരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ആ നൂറാമത്തെ തിരി വീണ്ടും തെളിയിച്ചു.