Kadhajalakam is a window to the world of fictional writings by a collective of writers

എന്റെ ഗൗരിക്കുട്ടി ഉറങ്ങുന്നില്ല

എന്റെ ഗൗരിക്കുട്ടി ഉറങ്ങുന്നില്ല

എന്റെ ഗൗരിക്കുട്ടിയുടെ അമ്മയ്ക്ക്......

നിന്റെ പേര് മറന്നു പോയതല്ല.... നിന്നെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം.... ഒരു പക്ഷേ ഓർമ്മകളുടെ ഉൾത്തടങ്ങളിൽ ഒന്നു പരതി നോക്കേണ്ടി വരും ആ പേരൊന്ന് ഓർത്തെടുക്കാൻ.....

എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ മനസ്സിലും, ചുണ്ടിലും ആ പേരു മാത്രമേ ഉണ്ടായിരുന്നുള്ളു.... ആ രൂപം, ആ സാമിപ്യം അത് എന്നെ ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ചു.....

അന്ന് നിന്നെ ഒരു പാട് സ്നേഹിച്ചു.........ആരാധിച്ചു......

ഇപ്പോഴോ....?

എനിക്ക് ഉത്തരം ഇല്ല..... പക്ഷേ ഇത്തരം ചോദ്യങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.....

ശരിക്കും നീ എനിക്കാരായിരുന്നു......

കാമുകി.....? സ്നേഹിത.....? ഭാര്യ....? എന്റെ ഗൗരിക്കുട്ടിയുടെ അമ്മ....?

ഒന്നു മാത്രമേ എനിക്കു പറയാൻ സാധിക്കു.....നീ എന്റെ ഗൗരിക്കുട്ടിയുടെ അമ്മയാണ്... ബാക്കി സ്ഥാനങ്ങളിലേക്ക് ആരൊക്കെ കടന്നുവന്നാലും എന്റെ ഗൗരിക്കുട്ടിയുടെ അമ്മ എന്ന സ്ഥാനം നിനക്കുമാത്രമായിരിക്കും..... എന്റെ മരണശേഷം ഗൗരിക്കുട്ടിയുടെ അവകാശം നിനക്കുമാത്രം ആയിരിക്കും.....

ഇപ്പോൾ സമയം രാത്രി രണ്ടുമണി.....

നീ നല്ല ഉറക്കമായിരിക്കും...... ഉറക്കം നിന്റെ ദൗർബല്യമാണല്ലോ.... നേരം ഇത്ര വൈകിയിട്ടും എന്തോ എനിക്കുറങ്ങാൻ കഴിയുന്നില്ല.... നമ്മുടെ ഗൗരിക്കുട്ടി നല്ല ഉറക്കത്തിലാണ്....അവൾ തന്റെ തള്ള വിരൽ ചുണ്ടുകൾക്കിടയിൽ തിരുകി ഏതോദിവ്യമായ മധുരം നുണഞ്ഞ് ഉറങ്ങുന്നു... അവളുടെ ആ ഉറക്കം നോക്കിനിൽക്കാൻ ഒരു പ്രത്യേക സുഖമാണ്......

ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഉള്ളിന്റെയുള്ളിൽ ഒരു വല്ലാത്ത വാത്സല്യം ജനിപ്പിക്കുന്നു..... അവളുടെ ക്രാപ്പു ചെയ്ത മുടിയിഴകളിലൂടെ ഞാനെന്റെ വിരലുകൾ ചലിപ്പിച്ചു.... ഏതോസുഷുപ്തിയിൽ ലയിച്ചപോലെ അവൾ കണ്ണുകൾ പാതിതുറന്നു.....

"അച്ഛാ......."

അവളുടെ ചുണ്ടുകൾ ഉറക്കത്തിന്റെ ആലസ്യത്തിൽ മന്ത്രിച്ചു..... ഞാനവളുടെ ശരീരത്തോട് ചേർന്നുകിടന്നു..... കുഞ്ഞിക്കവിളിൽ മൃതുവായി ചുംബിച്ചു..... നമ്മുടെ ഗൗരിക്കുട്ടി എത്ര സുന്ദരിയാണെന്നോ...? നിന്നെ പ്പോലെ തന്നെ.....

ആ കഞ്ഞു ശരീരത്തിന് ചൂടു പകർന്ന് ഉറങ്ങാൻ ശ്രമിച്ചു..... പക്ഷേ എനിക്കുറങ്ങാൻ സാധിക്കുന്നില്ല.....

കട്ടിലിൽ കിടന്നു കൊണ്ട് ജനാലയുടെ വാതിൽ തുറന്നു... അതിലൂടെ അരിച്ചു കയറിയ തണുപ്പിന്റെ സ്പർശം ഗൗരിക്കുട്ടിയെ അസ്വസ്ഥ ആക്കി.....അവൾ തന്റെ കുഞ്ഞിക്കാലുകൾ പ്രതിഷേധഭാവത്തിൽ ചലിപ്പിച്ചു.... ഞാനവളെ ചേർത്തു പിടിച്ച് തുടകളിൽ മെല്ലെ തട്ടിക്കൊണ്ടിരുന്നു...... എന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന ഏതോ താരാട്ടുപാട്ടിന്റെ ഈണം അവളിലേക്ക് പടർന്നു കയറിയിരിക്കാം....അവൾ ശാന്തമായി ഉറങ്ങി......

ജനാലയ്ക്ക് പുറത്ത് നേരിയ ഇരുട്ടിന്റെ ആവരണം മൂടപ്പെട്ടുകിടക്കുന്നു... നിശബ്ദത ഘനീഭവിച്ചു കിടക്കുന്നു...., പ്രകൃതിയും അതിലെ സകല ചരാചരങ്ങളും ഉറക്കത്തിലാണ്... നിലാവിനു പോലും ഒരാലസ്യഭാവം....... നക്ഷത്രങ്ങൾ ഉറക്കത്തിന്റെ ആലസ്യത്തിൽ മിഴി ചിമ്മികൊണ്ടേ ഇരുന്നു.....

നേർത്ത കാറ്റ് തഴുകി കടന്നുപോയപ്പോൾ ഉറക്കത്തിന് തടസ്സം നേരിട്ടതിൽ പരിഭവിച്ച് മുറ്റത്തുനിന്നിരുന്ന ചെമ്പകമരത്തിന്റെ ചില്ലകൾ തലയാട്ടി..... ആ മരത്തിന്റെ അരികിലായി അടുക്കി വച്ചിരുന്ന വിറകുകൂനക്ക് താഴെ ഒരു തള്ളപ്പൂച്ചയും അതിന്റെ കണ്ണു വിരിയാത്ത നാലു കഞ്ഞുങ്ങളും കിടക്കുന്നു.... ഇടക്കിടക്ക് ആ തളളപ്പൂച്ച കുഞ്ഞുങ്ങളെ നക്കിത്തുടയ്ക്കുന്നുണ്ടായിരുന്നു....ലോകം കണ്ടിട്ടില്ലാത്ത ആ കുഞ്ഞുങ്ങളിൽ ഒരെണം തന്റെ അധികാരം സ്ഥാപിക്കാനെന്നവണ്ണം അതിന്റെ ഒരു കൈ തളളപ്പൂച്ചയുടെ വയറിനു മുകളിൽ കയറ്റി വച്ചിരിക്കുന്നു.... മറ്റൊന്നിന്റെ ചുണ്ടുകൾ മാതൃത്വം ചുരത്തുന്ന മുലക്കാമ്പിനെ തിരഞ്ഞു കൊണ്ടിരുന്നു.... ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അത് മാതൃത്വം നുണഞ്ഞുറങ്ങി....

മാതൃത്വം അതു വല്ലാത്ത ഒരു അനുഭൂതി തന്നെയാണ്....

മേശപ്പുറത്തിരിക്കുന്ന ഗൗരിക്കുട്ടിയുടെ പാൽക്കുപ്പിയിലെ പാൽ തണുക്കാൻ തുടങ്ങിയിരുന്നു.....

കറുത്തിരുണ്ട ആകാശത്തിന്റെ ഒരു കോണിൽ ഒരു ഏകാകിയായ നീല നക്ഷത്രം ജ്വലിച്ചു നിൽക്കുന്നു..... എന്തു കൊണ്ടാണ് അതിനു മാത്രം നീല നിറം...? ഏതോ കളങ്കത്തിന്റെ നിമായിരിക്കാം....

കളങ്കപ്പെട്ട നീലനക്ഷത്രം..... ഏതോ മുത്തശ്ശിക്കഥയിലെ ശാപമോക്ഷവും പ്രതീക്ഷിച്ച് കഴിയുന്ന ഒരു രാജകുമാരിയായിരിക്കാം...രാജകുമാരന്റെ വരവും കാത്തിരിക്കുന്ന രാജകുമാരി.....

നിന്റെ മുറിയുടെ ജനാല തുറന്നിട്ടാൽ നിനക്കും ഈ നീലനക്ഷത്രത്തെ കാണാൻ കഴിയും... അതിന്റെ കാത്തിരിപ്പിന്റെ കഥ അറിയാൻ ബാധിക്കും.... അതിനെപ്പോലെ ശാപമോക്ഷത്തിനായി കാത്തിരിക്കുന്ന എന്റെ മനസ്സും നിനക്ക് കാണാൻ സാധിക്കും... നിന്റെ സാമിപ്യം കൊതിക്കുന്ന ഗൗരിക്കുട്ടിയുടെ മനസ്സും കാണാൻ സാധിക്കും... ശാപമോക്ഷം അത് നല്കാൻ നിനക്കു മാത്രമേ കഴിയൂ....

ഗൗരിക്കുട്ടിക്ക് ദിവസങ്ങൾ കഴിയുന്തോറും നിർബന്ധങ്ങൾ കൂടിക്കൂടി വരികയാണ്... ദുശ്ശാഠ്യങ്ങളും, വഴക്കും.... ചിലനേരം എനിക്ക് താങ്ങാൻ പറ്റുന്നതിനപ്പുറം ആയിരിക്കും.... ആ മുഖത്തെ നിഷ്കളങ്കത അതുമാത്രം മതി എനിക്ക് എല്ലാം സഹിക്കാൻ..... അതുമാത്രമാണ് ഇന്നെന്റെ ശക്തി...അവൾ കൂടെയില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്കാകില്ല.... എന്റെ പകൽ തുടങ്ങുന്നതും രാത്രി അവസാനിക്കുന്നതും അവളിൽ നിന്നും ആണ്....

എന്റെ ഗൗരിക്കുട്ടി... അവൾ എന്റെ സ്വകാര്യതയുടെ മാത്രം ഭാഗമായിരുന്നു.... പിന്നീട് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ, അവൾ നമ്മുടെ സ്വപ്നത്തിന്റെയും, പിന്നീട് ജീവിതത്തിന്റെയും ഭാഗമായി.... നിന്നിലൂടെ ഞാനവൾക്ക് രൂപവും, ഭാവവും നല്കി... നിന്റെ കണ്ണുകളും, നോട്ടവും അവളിലേക്ക് സന്നിവേശിപ്പിച്ചു....

എപ്പോഴും നിന്നെക്കാൾ ഏറെ ഞാനവളെ സ്നേഹിച്ചു... നീ വഴക്കുപറയുന്നതും, അടിക്കാൻ തുടങ്ങുന്നതും എനിക്കിഷ്ടമല്ലായിരുന്നു....

നീയും, ഞാനും നമ്മുടെ ഗൗരിക്കുട്ടിയും... ജീവിതത്തിന്റെ എല്ലാ വസന്തങ്ങളും നമുക്കിടയിൽ പൂക്കളുടെ സമുദ്രം തീർത്തു... ആ വസന്ത കാലം ഇന്നും മനസ്സിൽ തെളിഞ്ഞു നില്ക്കുന്നു.... നേർത്ത ഓറഞ്ച് പ്രകാശം നിറഞ്ഞുനിന്നിരുന്ന ആ വാഹനത്തിനുള്ളിലെ ഓർമ്മകൾ ഇന്നും എന്റെ മനസ്സിന് ലഹരി ഏകുന്നു...

പുറത്ത് അസ്തമന സൂര്യന്റെ പ്രകാശ രശ്മികൾക്കും ഓറഞ്ച് നിറമായിരുന്നു..  പ്രകൃതി മുഴുവൻ പ്രണയത്തിന്റെ നിറം പൂശി നിൽക്കുന്നതുപോലെ... പ്രണയത്തിന്റെ നിറം ഓറഞ്ച് ആണോ..?എനിക്കറിയില്ല....

ആ വണ്ടിക്കുള്ളിലെ ഓറഞ്ച് പ്രകാശം നിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.... അതെന്റെ മനസ്സിലെ പ്രണയത്തിന് തീവ്രത ഏകുന്നു... അതിവേഗം ചലിക്കുന്ന നിന്റെ കണ്ണുകളിൽ ഞാനെന്റെ പ്രണയത്തെ തിരഞ്ഞു.... ആ കണ്ണുകളിൽ എന്റെ പ്രണയത്തിന്റെ മഹാസാഗരത്തെ ഞാൻ കണ്ടെത്തി....

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ധ്യ.....

കാലത്തെ പുറകോട്ട് ചലിപ്പിക്കാൻ കഴിഞ്ഞാൽ ഞാൻ ആ സന്ധ്യയെ തിരഞ്ഞെടുക്കും.....

ഒരു വിശുദ്ധിയുടെ സ്പർശം നിറഞ്ഞ സന്ധ്യ.... ഒരു ദൈവീകമായ പ്രകാശവലയം നമുക്കുചുറ്റിനും ഒഴുകി നടന്നു.... ദൈവ സാമിപ്യം അടുത്തറിഞ്ഞപോലെ.... ആ രാത്രിയിൽ ഉറക്കം എന്താണെന്ന് ഞാൻ മറന്നു പോയി.... ഒരു വിളിപ്പാടകലെ നിന്റെ സാമിപ്യം... അതൊരു ലഹരിയായി മനസ്സിനെ ഇളക്കിമറിക്കുന്നു.... പ്രണയത്തിന്റെ വിശുദ്ധമായ മൂടൽമഞ്ഞ് പെയ്തിറങ്ങുന്നു.... എവിടെയും പ്രണയം മാത്രം...... നിന്റെ ഉച്ഛ്വാസവായൂ ആ ജനൽ പാളിയിലുടെ എന്റെ അന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നു.. ..ഈ അമൂല്യ നിമിഷങ്ങൾ പാഴാക്കിക്കൂടാ....

എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ പുലർക്കാലം..... നിന്റെ മുഖം കണി കണ്ടുണർന്ന ആ പുലരി....

ഒരേ നിറമുള്ള വേഷങ്ങൾ അണിഞ്ഞ് ആ മണൽപ്പുറത്തു കൂടി അപരിചിതരെ പോലെ നാം നടന്നപ്പോൾ.... എന്റെ മനസ്സിൽ നിന്നും നിന്നിലേക്ക് എന്റെ പ്രണയത്തെ പകർന്നു നല്കുകയായിരുന്നു...

ഉടഞ്ഞകുപ്പിവളകൾ കൊണ്ട് നീ എന്റെ സ്നേഹത്തിന്റെ ആഴം അളന്നപ്പോൾ.... നിന്റെ കണ്ണുകളിലെ അദ്ഭുതം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.... പക്ഷേ യാഥാർത്ഥ്യത്തിന്റെ കുപ്പിവളകൾ ഉടഞ്ഞപ്പോൾ ഞാൻ നിന്റെ കണ്ണുകളിൽ കണ്ടത് വെറും നിസഗ്ഗത മാത്രമാണ്....

അധികം വൈകാതെ നമ്മുക്കിടയിലെ ആ വിശുദ്ധിയുടെ മഞ്ഞുരുകാൻ തുടങ്ങി... നമുക്കിടയിൽ കൊടുംവേനലിന്റെ നഖമുനകൾ ആഴ്‌നിറങ്ങിയപ്പോൾ എൻറെ ഉള്ളിൽ രക്തം പൊടിഞ്ഞു.... നിന്റെ മനസ്സ് എനിക്കു മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിലകൊണ്ടു....  നിർവ്വികാരത നിറഞ്ഞ  ആമുഖം നിന്റെ മനസ്സിനെ എന്നിൽ നിന്നും മറച്ചു പിടിച്ചു...

വളരെ അടുത്തായിരുന്നിട്ടും അകലം തോന്നിപ്പിച്ചിരുന്ന കണ്ടു മുട്ടലുകളിൽ ഞാനെപ്പോഴും നിന്റെ കണ്ണുകളിൽ ഒളിപ്പിചുവച്ചിരിക്കുന്ന പ്രണയത്തിന്റെ ഒരു ചെറിയ കണിക തേടിയിരുന്നു....

പക്ഷേ വായിച്ചെടുക്കാൻ പറ്റാത്ത എന്തോക്കെയോആയിരുന്നു എനിക്കവിടെ കാണാൻ സാധിച്ചത്.....

പിന്നീടുള്ള കണ്ടു മുട്ടലുകളിൽ എല്ലാം നാം അന്യരായിരുനല്ലോ....

ജീവിതത്തിന്റെ പ്രക്ഷുബ്ദമായ തിരകൾവീശിയടിക്കുന്തോറും നീ ഞങ്ങളിൽ നിന്നും അകന്നുകൊണ്ടിരുന്നു....ഗൗരിക്കുട്ടിയും ഞാനും മാത്രമായൊരു ലേകത്തിലേക്ക് ചുരങ്ങികൊണ്ടിരുന്നു... എന്റെ അലസമായ നിമിഷങ്ങൾക്ക് ഗൗരിക്കുട്ടി നിറക്കൂട്ടുകൾ തീർത്തു.... ജീവിതത്തിലെ ഓരോനിമിഷങ്ങളേയും സ്നേഹിക്കാൻ അവൾ എന്നെ പഠിപ്പിച്ചു.... അവളോടുള്ള സ്നേഹത്തിൽ ഞാനിന്ന് സ്വാർത്ഥനായി തീർന്നിരിക്കുന്നു..... അവൾ അമ്മാ… എന്നു വിളികുന്നതുപോലും എന്നിക്കിഷ്ടമല്ല ആ കുഞ്ഞു നാവ് എപ്പോഴും അച്ഛാ.... എന്നു വിളിക്കണം......

നിനക്കറിയാമല്ലോ സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ എന്നും സ്വാർത്ഥനായിരുന്നു... സ്നേഹം കൂടുന്തോറും മനസ്സ് ഇടുങ്ങാൻ തുടങ്ങും...

എന്നും നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും സഞ്ചരിച്ചിരുന്നത് വിപരീത ദിശയിലേക്കായിരുന്നല്ലോ... നിന്റെ വാക്കുകളിൽ നാം വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവർ... വിപരീത ധ്രുവങ്ങൾ ആകർഷിക്കപ്പെടും എന്ന തത്വം അന്വർത്ഥമാക്കിയതായിരുന്നോ എനിക്ക് നിന്നോടുതോന്നിയ ഇഷ്ടം.... എന്നിൽ നിന്നും ഒരു പാടകന്നു എങ്കിലും, നീ എനിക്ക് സമ്മാനിച്ചത് അമൂല്യമായ നിധി ആയിരുന്നു.....

എന്റെ ഗൗരിക്കുട്ടി....

നീ കനിഞ്ഞു നല്കിയ രൂപവും, ഭാവവും....

പുറത്ത് തണുത്ത കാറ്റ് ആഞ്ഞുവീശി.... നക്ഷത്രങ്ങളെ കാർമേഘങ്ങൾ മറച്ചു.... ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മഴ പെയ്യാൻ തുടങ്ങി.... പണ്ട് നമ്മുടെ കാല്പനിക പ്രണയത്തിൽ കുളിരായ് പെയ്തിറങ്ങിയ മഴ ഇന്നെനിക്ക് സാന്ത്വനമാവുന്നു.... മഴയുടെ ശക്തി വർദ്ധിച്ചു വന്നു...... മനസ്സിന്റെ ഏതോഒരു കോണിൽ മൂടിക്കെട്ടി നിന്നിരുന്ന എന്തോ ഒന്ന് പെയ്തൊഴിഞ്ഞതുപോലെ......

ഋതുക്കളുടെ ചാക്രിക പരിക്രമണത്തെ വെല്ലുവിളിച്ചുകൊണ്ട് കാലം തെറ്റി ഈ മഴ എന്തേ നമ്മുടെ ജനാലക്കു പുറത്ത് മാത്രം പെയ്യുന്നു....?

ജനാലയിലുടെ ചിതറി വീണ മഴത്തുള്ളികളുടെ തണുപ്പ് ഗൗരിക്കുട്ടിയുടെ ഉറക്കത്തിന് വിഘ്നം ശ്രഷ്ടിച്ചു...... അന്തരീക്ഷത്തിന് ഒരു രൗദ്രഭാവം കൈവന്നു... കാതുകളിൽ മഴയുടെ അട്ടഹാസം മുഴങ്ങിക്കേട്ടു.......

ഭയങ്കരമായ ഇടിയുടെ ശബ്ദം അവളെ ഉറക്കത്തിൽ നിന്നും ഉണർത്തി.... ഭയന്നുവിറച്ച് ഉറക്കെക്കരയാൻ തുടങ്ങി..... ഞാനവളെ നെഞ്ചോടു ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.... പക്ഷേ അവളുടെ കരച്ചിലിന് ശക്തി കൂടിക്കൊണ്ടേ ഇരുന്നൂ......

അന്നാദ്യമായി അവൾ അമ്മേ..... എന്നലറിക്കരഞ്ഞു..... പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തിനും മുകളിലായി അത് മുഴങ്ങി നിന്നൂ.......

നിന്റെ മുറിയുടെ ജനാല നീ തുറന്നിരിക്കാം..... അവിടെ ആർത്തിരമ്പി പെയ്യുന്ന മഴയുടെ ശബ്ദത്തിനു മുകളിലായി ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലും, അതിനെ സാന്ത്വനിപ്പിചൂറക്കാൻ ശ്രമിക്കുന്ന ഒരച്ഛന്റെ വേദനയും നിനക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞേക്കും....

വിറ്കുകൂനയ്ക്കു താഴെ തള്ളപ്പൂച്ച തന്റെ കുഞ്ഞുങ്ങളെ നനയാതെ ശരീരത്തിനടിയിൽ ഒളിപ്പിച്ചു വയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.... നനഞ്ഞു കുളിച്ച് അവ ഉറക്കെ കരയുന്നുണ്ടായിരിക്കാം..... പക്ഷേ എന്റെ കാതുകളിൽ മഴയും..... ഗൗരിക്കുട്ടിയുടെ കരച്ചിലും മാത്രമേ ഉണ്ടായിരുനുള്ളൂ........

ഞാനപ്പോഴും ആകാശത്തിന്റെ കോണിലെ ആ നീലനക്ഷത്രത്തിനെ തിരയുകയായിരുന്നു..... എന്നായിരിക്കും അതിന് ശാപമോഷം ലഭിക്കുക.....

ഗൗരിക്കുട്ടിയെ സാന്ത്വനിപ്പിച്ച് ഉറക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു...... പക്ഷേ.....

എന്റെ ഗൗരിക്കുട്ടി ഉറങ്ങുന്നില്ല........

മലമുകളിലേക്കൊരു യാത്ര

മലമുകളിലേക്കൊരു യാത്ര

അയാൾ

അയാൾ