മലമുകളിലേക്കൊരു യാത്ര
ചായക്ക് ഓര്‍ഡര്‍ കൊടുത്ത് അവിടെ കിടന്നിരുന്ന പത്രം എടുത്തു നിവര്‍ത്തിയതേയുള്ളു, തൊട്ടപ്പുറത്തായി രാമന്‍ നായരും മൂസാക്കുട്ടിയും വന്നിരുന്നു കഴിഞ്ഞു. നായര്‍ക്ക് ഒഴിവുസമയം എന്നൊന്ന് ഉണ്ടോയെന്നു തന്നെ എനിക്ക് സംശയം തോന്നി.ജനസമ്മതന്‍.നാട്ടിലെ പ്രശ്നങ്ങളുടെയെല്ലാം ഒരറ്റം സ്വന്തം കൈത്തലത്തില്‍ മുറുക്കെ പിടിച്ചുകൊണ്ടിരിക്കും. സമയവും സന്ദര്‍ഭവും അനുസരിച്ചു അതു മുറുക്കാനും അയയ്ക്കാനും അയാളെ ആരും പഠിപ്പിക്കേണ്ടതില്ല.സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തിന്‍റെ മേല്പ്പട്ടു പുതച്ചുകൊണ്ട് നാട്ടിലെ ഓരോ പ്രശ്നങ്ങളിലും നായര്‍ ഇടപെട്ടുകൊണ്ടിരുന്നു. മൂസക്കുട്ടി നായരുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍.എപ്പോഴും എവിടെയും ഒരുമിച്ചേ കാണാനാവു. മാറിവരുന്ന രാഷ്ട്രിയ പശ്ചാത്തലത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ചിലരെങ്കിലും ഇവരുടെ കൂടുകെട്ടിനെ വിമര്‍ശിച്ചിരുന്നു. നായര്‍ സമുദായത്തില്‍ നിന്നു തന്നെ ഒരു സുഹൃത്തിനെ തപ്പിക്കൊടുക്കാനും ചില സംഘടനകളൊക്കെ തയ്യാറായി മുന്നോട്ടു വന്നിരുന്നു. എനിക്ക് ഇതൊക്കെ കെട്ടുകഥ മാത്രം. അവരെ എന്നും ഒന്നിച്ചേ ഞാന്‍ കണ്ടിട്ടുള്ളു.
അപ്പോഴേക്കും ആയിശുമ്മ ചായ മുന്നില്‍ കൊണ്ട് വച്ചിരുന്നു. കുടിക്കാനായി എടുത്തപ്പോഴാണ് അയാളുടെ ആഗമനം. അല്പം പിറകിലായി ഒരു നായ്ക്കുട്ടിയും അയാളെ പിന്തുടര്‍ന്നു വന്നു.കഴിഞ്ഞ ദിവസങ്ങളിലെല്ലാം എന്നെ ആകര്‍ഷിച്ച സ്ഥിരം കാഴ്ചയാണിത്. തൂക്കിയിട്ടിരുന്ന കുലയില്‍ നിന്നും പഴം ഇരിഞ്ഞെടുക്കുന്നതിനിടയില്‍ അയാള്‍ നായ്ക്കുട്ടിയെ നോക്കി, എന്തോ പറഞ്ഞിരിക്കണം. തിരിഞ്ഞ് ഓര്‍ഡര്‍ കൊടുക്കുന്നത് കണ്ടു. അത് അവരുടെ മാത്രം ഭാഷയാണ്. ആയിശുമ്മ പൊതിഞ്ഞു കൊടുത്ത പാര്‍സല്‍ വാങ്ങി അയാള്‍ നടന്നകന്നു. പിന്നാലെ നായ്ക്കുട്ടിയും.
അയാള്‍ ആരാണ്?
ആര്‍ക്കും വൃക്തമായി അതു അറിയില്ല.
എന്നോ ഒരിക്കല്‍ എവിടെ നിന്നോ വന്ന് ഈ നാടിന്‍റെ ഭാഗമായിത്തീര്‍ന്നയാള്‍. എല്ലാവരെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു.
ഒരു ഒറ്റയാള്‍ പട്ടാളം.
ഒറ്റയ്ക്കെ കണ്ടിട്ടുള്ളു. ശബ്ദം അങ്ങനെ അധികം കേട്ടിട്ടുമില്ല.തനിക്കു ചുറ്റും കറങ്ങുന്ന,താന്‍ ഉള്‍പ്പെടുന്ന ലോകത്തിന്‍റെ നിറുകയിലേക്ക് കയറാന്‍ ശ്രമിക്കാതെ,സ്വയം തന്നിലേക്കൊതുങ്ങാന്‍ ശ്രമിക്കുന്ന ഒരു കഥാപാത്രം. ചിരിക്കാത്ത മനുഷ്യന്‍, കരയാത്ത മനുഷ്യന്‍..വികാരങ്ങള്‍ക്ക് അതീതനായി ഒരാള്‍? ഈ നാടിന്‍റെ വലതു വശം ഭൂതത്താന്‍ മല.അതിന്‍റെ ഏതോ ഒരു 'പൊത്തി' നുള്ളിലാണത്രെ അയാളുടെ വാസം. പറഞ്ഞത് ഹംസക്കയാണ്., ആയിശുമ്മയുടെ ഭര്‍ത്താവ്.
അയാളെപ്പറ്റി ഇത്രയും അറിവ് പങ്കുവെയ്ക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യത്തില്‍ മേശവലിപ്പ് തുറന്നു തലേന്നത്തെ കളക്ഷന്‍ കാശ് എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങി.
"എവിടുന്നെന്നറിയില്ല,ഇപ്പോള്‍ ഒരു നായ്ക്കുട്ടീം കൂടീട്ടുണ്ട്."
ഇപ്പോള്‍ പറഞ്ഞത് ആയിശുമ്മയും. ഭര്‍ത്താവിന് സപ്പോര്‍ട്ട് ആയി അത്രയും പറയാന്‍ കഴിഞ്ഞല്ലോ എന്ന അഭിമാനത്തോടെ ചായക്കടയുടെ തിരക്കുകളിലേക്കവര്‍ ഊളിയിട്ടുപോയി. എന്‍റെ സംശയങ്ങളും ചിന്തകളും എന്‍റെ മാത്രമായി അവശേഷിപ്പിച്ചു കൊണ്ട് രാമന്‍ നായരും മൂസാക്കുട്ടിയും തോളില്‍ കയ്യിട്ടുകൊണ്ട് നടന്നകന്നു. ഒരു നായ്ക്കുട്ടിക്കു മനുഷ്യന്‍റെ സുഹൃത്താവാന്‍ സാധിക്കുമോ? മറ്റു നായകള്‍ സഹിക്കുമോ? ചോദ്യങ്ങള്‍ തലയില്‍ കിടന്നു പ്രദക്ഷിണം വയ്ക്കുന്നതിനിടയില്‍ ഉത്തരം കണ്ടെത്താനുള്ള ബാധ്യത ഞാന്‍ സ്വയം ഏറ്റെടുത്തു. കണ്ടെത്തണം, അറിയണം, അന്വോഷിക്കണം.
നടന്നു ഭൂതത്താന്‍ മല ലക്ഷ്യമാക്കി.അതിന്‍റെ കൈവരികളില്‍ എവിടെയോ ഉള്ള എന്‍റെ ലക്ഷ്യം കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ. "കരിമല കയറ്റം കഠിനം പൊന്നയ്യപ്പ..." എന്നപ്പോള്‍ മനസ്സില്‍ ഓര്‍ത്തു. വിയര്‍പ്പുതുള്ളികള്‍ നീര്‍ച്ചാലുകളായി മുഖത്തുകൂടി ഒഴുകിയതിനെ, കൈകൊണ്ടു തൂത്തെറിഞ്ഞ് വീറോടെ ഞാന്‍ നടന്നു.പരിചയം ഇല്ലാത്ത മുഖം ആയതിനാല്‍ മലയില്‍ പണിയെടുത്തുകൊണ്ടിരുന്ന ചെറുമികള്‍ എന്നെ തുറിച്ചുനോക്കി.പാറക്കൂട്ടങ്ങളില്‍ തട്ടി ഒന്നോ രണ്ടോ പ്രാവശ്യം കാല് വഴുക്കലിച്ചു എന്നതൊഴിച്ചാല്‍ എന്‍റെ യാത്ര വിജയശ്രീലാളിതനായിത്തന്നെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായിരുന്നു.
"എന്തിനു വേണ്ടി "?
"ആര്‍ക്കു വേണ്ടി"?
ചോദ്യങ്ങളുടെ ബാഹുല്യം കൂടി,ലക്ഷ്യം തെറ്റാനുള്ള സാധ്യത തള്ളിക്കളയാനാവാതെ ഞാന്‍ അവയെ വഴിതിരിച്ചുവിട്ടുകൊണ്ട് മുന്നോട്ടേക്ക് നടന്നു. അയാളുടെ വാസസ്ഥലം കണ്ടെത്തുക എന്നത് എനിക്ക് അത്ര എളുപ്പമായ ഒരു പ്രകൃയ അല്ലായിരുന്നു.പ്രത്യേകിച്ച് വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഒരൂഹം വച്ചു നടന്നു.മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിയായി മുഴങ്ങിക്കേട്ട ചില ശബ്ദങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ലക്ഷ്യത്തിലേക്കുള്ള പാത വിദൂരമല്ലെന്ന് തോന്നി..
-------
റോണീ....എന്ന് ഈണത്തില്‍ വിളിച്ചപ്പോള്‍ നായ്ക്കുട്ടി ഓടിച്ചെന്ന് മുന്നിലെ രണ്ടു കൈകളും എടുത്ത് അയാളുടെ മേലേക്ക് വച്ചു.അതിന്‍റെ മുഖത്തും ശരീരത്തും ഉഴിഞ്ഞുകൊണ്ട് അയാള്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. വാല്‍ പ്രത്യേക താളത്തില്‍ ഇളക്കിക്കാട്ടി കണ്ണുകളില്‍ സ്നേഹം ചാലിച്ചുവച്ച് നായ്ക്കുട്ടി അപ്പോള്‍ അയാളോട് ചേര്‍ന്നു നിന്നു. ഇടയ്ക്ക് എന്തോ കുസൃതി കാട്ടിയതിന്, ശാസനയില്‍ പേടിച്ചിട്ടെന്നപോലെ അപ്പുറം കണ്ട പാറപ്പുറത്ത് കേറിക്കിടന്നു. ഇപ്പോള്‍ അയാളും നായ്ക്കുട്ടിയും കൂടി വാങ്ങിച്ചു കൊണ്ടുവന്ന പാര്‍സല്‍ പങ്കിട്ടു കഴിക്കുകയാണ്.ആ അന്തരീക്ഷത്തില്‍ അലയടിച്ചിരുന്ന അവരുടെ ശബ്ദതരംഗങ്ങള്‍ പ്രതിധ്വനികളായി മടങ്ങിവന്നുകൊണ്ടിരുന്നു. ആരെയും ഭയപ്പെടാതെ, കാലഭേദങ്ങളാല്‍ സംഭവിക്കുന്ന അനിവാര്യമായ മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട് അയാള്‍ ജീവിക്കുകയാണ്. ആഗ്രഹങ്ങള്‍ക്ക് അതീതമായ അത്യാഗ്രഹങ്ങളോ സ്വാര്‍തഥതയോ കടന്നുചെല്ലാന്‍ മടിക്കുന്ന സൗഹൃദം. ഒരാള്‍ വേറൊരാള്‍ക്ക് തുണയാകുന്ന അവസ്ഥ. ആരോരുമില്ലാതെ ആര്‍ക്കും നിലനില്‍പ്പില്ലാത്ത ഈ ലോകത്തില്‍ സ്വയം തീര്‍ത്ത ചട്ടക്കൂടുകള്‍ക്കുള്ളില്‍ ജീവിതത്തിന്‍റെ സുരക്ഷിതത്വം അയാള്‍ കണ്ടെത്തുമ്പോള്‍ കൂട്ടിന് റോണിയെന്ന നായ്ക്കുട്ടി മാത്രം.
തിരിച്ചു പോരാനൊരുങ്ങുമ്പോള്‍ മനസ്സില്‍ കെട്ടിനിന്നിരുന്ന ചോദ്യങ്ങളുടെ ഭാണ്ടക്കെട്ടിനെ ഞാന്‍ അവിടെതന്നെ ഉപേക്ഷിച്ചു. സ്വത്വം, അതു കണ്ടെത്തുകയെന്നതല്ലേ സത്യത്തില്‍ ഓരോ മനുഷ്യന്‍റെയും ലക്ഷ്യം. അതിന് അവനു സാധിച്ചാല്‍ ജീവിതം തന്നെ ആയാസരഹിതമാകും എന്ന കണ്ടെത്തലില്‍, ഈ തിരിച്ചറിവ് നല്‍കിയ വിശ്വാസത്തിന്‍റെ തണലില്‍ ഞാന്‍ മലയിറങ്ങാന്‍ തുടങ്ങി.