കഥാജാലകം

View Original

തൃപ്തി

ആറു മാസം മുമ്പായിരുന്നില്ലേ ആദ്യമായി അയാൾ തന്റെ അടുത്തുവന്നത്. ഒരു തുടക്കക്കാരന്റെ ജാള്യതയോടെ തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നില്ക്കുന്ന ആരൂപം ഇപ്പോഴും മനസ്സിൽ വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു.

എത്രയോ തവണ ഇതുപോലെയുള്ള സാഹചര്യത്തിലുടെ താൻ കടന്നു പോയിട്ടുണ്ട്. എത്രയോതരത്തിലുള്ള ആളുകൾ. അവരുടെ വ്യത്യസ്തങ്ങളായ അഭിരുചികൾ. കാഴ്ച്ചപ്പാടുകൾ. ഇവയ്ക്കു മുന്നിൽ തളരാതെ, അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം. എന്നാലെ ഈ മേഖലയിൽ വിജയം നേടാൻ കഴിയൂ. അതെ താൻ തന്റെ മേഖലയിൽ വിജയം കൈവരിച്ച ഒരു സ്ത്രീ ആണ്. അതുകൊണ്ടല്ലേ ആളുകൾ പിന്നേയും തന്നെ തന്നെ തേടി വരുന്നത്.

അവരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് ശാരീരികമായ തൃപ്തി ആയിരുന്നില്ല. മാനസ്സിക തലത്തിലേക്കു ആഴ്ന്നിറങ്ങാൻ പാകത്തിനുള്ള കുറേ നിമിഷങ്ങൾ. അവർ തന്റെയൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അതെന്നും ഓർമ്മയിൽ നിറഞ്ഞു നില്ക്കണം.

അപ്പോഴാണ് തന്റെ വിജയം. കുറേവർഷത്തെ പ്രായോഗിക പരിജ്ഞാനത്തിൽ നിന്നും സായത്വമാക്കിയ വിജയമന്ത്രം, തന്റെ പരമമായ ലക്ഷ്യം.

പുരഷൻമാരുടെ മനസ്സു വായിക്കാൻ പഠിപ്പിച്ചു തന്നത് ഗുരുക്കൻമാരുടെ സ്ഥാനത്തു താൻ കാണുന്ന തന്റെ പൂർവ്വ സഹപ്രവർത്തകരായിരുന്നു. അവരുടെ മേഖലയിൽ വിജയിച്ചവരും പരാജയപ്പെട്ടുപോയവരും. അവരുടെ അനുഭവങ്ങളുടെ തീഷ്ണമായ ഏടുകൾ തനിക്കു പകർന്നു തന്നത്. വിജയത്തീലേക്കുള്ള വഴികളും...

രണ്ടു അപരിചിത ശരീരങ്ങളുടെ (മാംസങ്ങളുടെ) ഘർഷണത്തിലൂടെ ലഭിക്കുന്ന മൈദുന സുഖത്തിനപ്പുറം. രണ്ടാത്മാക്കളുടെ ഇഴുകിച്ചേരലിൽ ലഭിക്കുന്ന സായൂജ്യം, അത് സമയത്തിന്റെ പരിമിതിക്കുള്ളിൽ പകർന്നു നല്ക്കാൻ സാധിച്ചാൽ അവിടെയാണ് തന്റെ വിജയം.

അതിനായി തന്റെയുള്ളിൽ താൻ തന്നെ എഴുതിച്ചേർത്ത, അനുവർത്തിച്ചു പോന്ന ഒരു തത്ത്വസംഹിത ഉണ്ട്... അത് ഇപ്രകാരമായിരുന്നു.

തന്റെ മുന്നിലെത്തുന്ന ഓരോ പുരുഷൻമാരേയും വെറും മാംസദാഹികളായി കാണാതെ തന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്ന പുതിയ കാമുകനായി കാണണം.

അവരുടെ ഇഷ്ടങ്ങളേയും, പ്രവർത്തികളേയും തന്റെ ഇഷ്ടങ്ങളായി കണക്കാക്കണം.

അവരുടെ മനസ്സിന്റെ ദുഃഖങ്ങളേയും, സന്തോഷങ്ങളേയും തന്റെതുകൂടി ആക്കിത്തീർക്കണം.

അതായത് അവർ അവിടം വിട്ടുപോകുന്നത് ഒരു പരമാന്‌ദത്തിന്റെ പാരമ്യതയിലെത്തിയ മനസ്സോടെ ആയിരിക്കണം.

ഇതല്ലെ യഥാർത്ഥമായ സാമൂഹിക സേവനം?

ഇനി വിജയത്തിന്റെ മറൊരു പരമരഹസ്യം.

തന്റെ പൂർവ്വകാലത്തിന്റെ ഓർമ്മയുടെ ഭിത്തിയിൽ വെളുത്ത ചായം പൂശുക.

പേര്, കുടുംബം..... എല്ലാമെല്ലാം മറക്കുക.....

എല്ലാ പുലരികളേയും ഒരു നവജാത ശിശുവിന്റെ മനസ്സോടെ വരവേൽക്കുക.

ഒരു പുതിയ വ്യക്തിയെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരിക.

മണിക്കൂറുകൾക്കു ശേഷം അവരെ അപരിചിതരാക്കുക.

ഇതായിരുന്നു തന്റെ വിജയത്തിന്റെ ആണിക്കല്ല്.

ഇന്നും താൻ തന്റെ ശരീരത്തെ സ്നേഹിക്കുന്നു, ഒരു പതിനാറുവയസ്സുകാരിയുടെ മനസ്സോടെ.

തന്റെ ഭൂതകാലത്തിന്റെ ചുവരിന്റെ നിറം വെളുപ്പായതിനു ശേഷം ആളുകൾ തന്നെ തൃപ്തി....... എന്നു വിളിക്കാൻ തുടങ്ങി.

തൃപ്തി.. ഓർമ്മകളിൽ അധികം നിമിഷങ്ങളെ സൂക്ഷിക്കാൻ ശ്രമിച്ചിരുന്നില്ല.

ആറുമാസം മുമ്പ് തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നിന്നിരുന്നു ആ ചെറുപ്പക്കാരൻ പറഞ്ഞ പേര് സന്ദീപ്..... എന്നായിരുന്നു..... അതുകൊണ്ട് താനും അയാളെ അങ്ങിനെ തന്നെ വിളിച്ചു.

തന്റെ മുന്നിൽ ആദ്യമായി എത്തപ്പെടുന്ന ഏതൊരു പുരുഷനെപ്പോലെയും അയാളിലും ചെയ്യാൻ പോകുന്ന ഒരു തെറ്റിന്റെ പാപഭാരം ഉണ്ടായിരുന്നു.

വിറയ്ക്കുന്ന ശരീരത്തോടെ അയാൾ മനോഹരമായി സജീകരിച്ച മെത്തയിൽ ഇരുന്നു. മുഖത്തു നിന്നും വിയർപ്പുതുള്ളികൾ ഒഴുകി മെത്തയിൽ വിരിച്ചിരുന്ന നിറം മങ്ങിത്തുടങ്ങിയ പുതപ്പിലേക്കുപതിച്ചു.

"ആദ്യമായാണോ......." അയാളെ സ്വാന്തനിപ്പിക്കുംവിധം താൻ ചോദിച്ചു.

"അതെ......" അയാളുടെ ശബ്ദത്തിലെ പതറൽ തിരിച്ചറിഞ്ഞു.

"വിവാഹിതനാണോ......?"

 തന്റെ ആ ചോദ്യം അയാളെ കൂടുതൽ അസ്വസ്‌ഥനാക്കി...... ഉള്ളിൽ അടക്കിവച്ചിരുന്ന എന്തോക്കെയോവികാരങ്ങൾ അണപൊട്ടി ഒഴുകി.

"പ്ലീസ്.... എന്നോട് ഇനി ഒന്നും ചോദിക്കരുത്......" അയാൾ ദയനീയമായ കണ്ണുകളോടെ അപേക്ഷിക്കുന്നു.

ഇവിടെ ആദ്യമായി കലുഷിതമായ അയാളുടെ മനസ്സിനാണ് സുഖം നല്ക്കേണ്ടത് എന്ന തിരിച്ചറിവ് അവളുടെ തൊഴിലിലെ പ്രാഗത്ഭ്യത്തെ തൊട്ടുണർത്തി.

അയാളുടെ അടുത്തെത്തി മുഖമുയർത്തി മാതൃവാത്സല്യത്തോടെ നെറുകയിൽ ചുംബിച്ചു. തന്റെ മാറോടു ചേർത്തുപിടിച്ചു.

സന്ദീപ്...... വാത്സല്യത്തിന്റെ പരകോടിലേക്ക് ശബ്ദം നേർപ്പിച്ച് അയാളുടെ കാതിൽ വിളിച്ചുകൊണ്ടിരുന്നു.

ഒരു കൊച്ചുകുഞ്ഞ് അമ്മയുടെ മാറിലെ മാതൃത്തം നുകരുന്ന പോലെ കുറേ നിമിഷങ്ങൾ അയാളിലേക്ക് പകർന്നു നല്കി. കുറേ നിമിഷങ്ങൾക്കു ശേഷം അയാൾ തന്റെ വാച്ചിലേക് നോക്കി. വീണ്ടും തന്റെ വിവേക ബുദ്ധി ഉണർന്നു. മെല്ലെ ആ വാച്ച് അഴിച്ചുമാറ്റി.

ഈ സമയം ആരുടേയും സ്വന്തമല്ല അതിന്, വിലയിടാൻ ആർക്കും അവകാശമില്ല. ഞാൻ ആ വലിയ തെറ്റിനു മുതിരില്ല. അയാളുടെ അനുസരണയില്ലാത്ത മുടിയിഴകളിലൂടെ താൻ അലസമായി വിരൾചലിപ്പിച്ചു കൊണ്ടേയിരുന്നു. അയാളുടെ മനസ്സിന്റെ താളം ആ വിരൽത്തുമ്പുകൾ നിയന്ത്രിക്കാൻ തുടങ്ങി.

കലുഷിതമായ മനസ്സിലേക്ക് ആശ്വാസത്തിന്റെ കുളിർ മഴപെയ്തിറങ്ങി. അയാളുടെ നെഞ്ചിലേക്കു മുഖമമർത്തി അതിന്റെ താളത്തിന്റെ തരംഗങ്ങൾ പൂർവ്വസ്ഥിതിയിൽ എത്തിച്ചേരാൻ കാതോർത്തു.

നേർത്ത നെടുവീർപ്പിന്റെ അവസാനം അയാളോടുചോദിച്ചു.

"എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്......?"

അയാൾ തന്റെ ശരീരത്തെ ശക്തിയോടെ പുണർന്നു. അഴിഞ്ഞു വീണ തന്റെ മുടിയുടെ ഉള്ളിലേക്ക് മുഖം ഒളിപ്പിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു.

"അറിയില്ല......"

"പിന്നെ എന്തിനാണ് എന്റെ അടുത്തേക്ക് വന്നത്....."

അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി കിടന്നു, ആ നെഞ്ച് സ്വാന്തനതാളത്തിൽ സ്പന്ദിക്കാൻ തുടങ്ങിയിരിക്കുന്നു.

 ഏറെനേരത്തെ മൗനത്തിനു ശേഷം അയാൾ പറഞ്ഞു.

"എന്നിലെ നന്മ മരിക്കാതിരിക്കാൻ. ഞാൻ തെറ്റുകളുടെ മഴവെള്ള പാച്ചിലിൽ ഒഴുകാതിരിക്കാൻ.

താൻ മൗനമായി അയാളുടെ കണ്ണുകളിലേക്കുനോക്കി. ആ കണ്ണിലും, നെഞ്ചിലും എരിയുന്ന തീ കെടുത്താൻ അയാൾ ഉള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നതെല്ലാം വാക്കുകളായിപുറത്തേക്കു വന്നേ തീരൂ. തനിക്ക് ഒരു നല്ല ശ്രോതാവായി മാറാൻ കഴിയണം.

 കുറേനേരത്തെ മൗനത്തിനു ശേഷം അയാൾ ശബ്ദം ഉയർത്തി.

"എനിക്ക് എല്ലാം തുറന്നു പറയണം....."

അയാൾ തന്റെ ജീവിതത്തിന്റെ കഴിഞ്ഞു പോയകുറേ നിമിഷങ്ങളിലേക്ക് തന്റെ കൈപിടിച്ച് തിരികെ നടന്നു.

നീണ്ട ഒരു തീവ്ര പ്രണയത്തിനുശേഷമായിരുന്നു അയാളുടെ വിവാഹം നടന്നത്. ആർഭാടങ്ങളുടെ പിൻ ബലമില്ലാതെ അവൻ ആ കഴുത്തിൽ താലി ചാർത്തിയപ്പോൾ പ്രണയസാക്ഷാത്ക്കാരത്തിനുപരി ജീവിതയാഥാർത്ഥ്യത്തെപ്പററിയുള്ള വ്യാകുലതകൾ അവരിൽ നിറഞ്ഞുനിന്നു. കാരണം ആ വിവാഹം നഷ്ടപ്പെടുത്തിയത് ബന്ധങ്ങളുടെ കണ്ണികളെ ആയിരുന്നു. അവന്റെ ആ കൊച്ചു സ്വപ്നക്കൂട്ടിൽ ജീവിത സ്വപ്നങ്ങൾ നെയ്തുക്കൂട്ടിയ മധുവിധു നാളുകക്ക് കുറച്ചു മാസങ്ങളുടെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ. ഒരു ബൈക്ക് ആക്സിഡന്റിൽ അവളുടെ ശരീരത്തിന്റെ അരയ്ക്കുകീഴ്‌ഭാഗം തളർന്നു പോയി. അവളുടെ നട്ടെല്ലിനേറ്റക്ഷതം അവൾക്ക് തളർന്ന ഭാഗത്തെ സ്പർശനം തിരിച്ചറിയാനുള്ള ശേക്ഷിയെ ഇല്ലാതാക്കി.

പരസഹായമില്ലാതെ അവൾക്ക് പ്രാഥമികകൃത്യങ്ങൾ പേലും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ വിധിയുടെ മുന്നിൽ തളരാതെ ജീവിതത്തോട് അവർ പടവെട്ടി. നീണ്ട വർഷത്തെ ചികിത്സകൾക്ക് ഫലം കണ്ടില്ല, എങ്കിലും അദ്ധ്വാനത്തിലൂടെയും പരസ്പര സ്നേഹത്തിലൂടെയും അവർ ഒന്നര വർഷം തള്ളി നീക്കി.

അവന്റെ ബാധ്യതകൾ ഏറിവന്നപ്പോൾ, അദ്ധ്വാന ഭാരത്താൽ അവളുടെ കാര്യത്തിൽ ഒരു ശ്രദ്ധക്കുറവ് അനുഭവപ്പെട്ടു. പ്രതിവിധിയായി ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കാൻ തീരുമാനിച്ചു. മൂന്നുമാസങ്ങൾക്കുമുമ്പ് അവൾ ഞങ്ങളുടെ സ്വപ്നക്കൂടിൽ അതിഥിയായി എത്തി. അവൾ അവന്റെ ഭാര്യയെ നല്ല വണ്ണം പരിചരിച്ചു. പെട്ടന്നു തന്നെ അവരുടെ ജീവിതവുമായി ഇഴുകിച്ചേർന്നു. അവളുടെ ദുഃഖങ്ങൾക്കും കഷ്ടതകൾക്കും, താങ്ങും തണലുമായി അയാളും നിലകൊണ്ടു.

പലപ്പോഴും അവളെ സഹായിക്കാൻ അയാളും ശ്രമിച്ചിരുന്നു ഭാര്യയുടെ കിടപ്പറ വൃത്തിയാക്കുന്നതിനിടയിൽ അവളുടെ നിറഞ്ഞു വിടർന്ന മുടിക്കെട്ടുകൾ അയാളുടെ മുഖധാവിലുരസ്സി. ചെമ്പരത്തിയുടെ ഇലപിഴിഞ്ഞ ഒരു നറുമണമായിരുന്നു അവളുടെ മുടിക്കെട്ടിന്‌. അവന്റെ രോമകൂപങ്ങളിൽ നിന്നും അഗ്നി പുകഞ്ഞു.

ഭാര്യയുടെ ദൈന്യത നിറഞ്ഞ നോട്ടങ്ങൾ അയാളുടെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അവൾക്ക് തന്റെ മനസ്സ് വായിക്കാനറിയാമായിരുന്നു. ഒരിക്കൽ അവൾക്ക് ആഹാരം കൊടുക്കുന്ന സമയത്ത് ആ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ അയാളുടെ കൈകളിൽ പിടിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് കെഞ്ചി.

"എന്നെ ഒന്ന് തീർത്തുതരാമോ.... എല്ലാവർക്കും ഭാരമായി ഈ ജീവിതം ഇനി എത്രനാൾ....?" വിതുമ്പലുകൾക്കിടയിൽ അവൾക്ക് വാക്കുകളെ മുഴുമിക്കാനാവുന്നില്ല.

"ഏയ് മോളു... എന്താ ഇത്.... ഇപ്പോൾ എന്തു പറ്റി ഇങ്ങനെ ഒക്കെ തോന്നാൻ."

"സന്ദീപേട്ടാ...... എനിക്ക് മറ്റാരെക്കാളും ആ മനസ്സ് കാണാൻ സാധിക്കും, അതിലെ വികാരങ്ങളും...... അവള് പാവമാണ്....... അവൾക്കു പിറകിൽ ഒരു കുടുബമുണ്ട്.... അവളെ........" അവൾ ശബ്ദം ഉയർത്തികരഞ്ഞു...... അയാൾ അവളുടെ വായ്പൊത്തി.

"എന്താ മോളു നീ പറയുന്നത്...... ഇല്ലാ..... ഞാനാരിക്കലും അവളെ........." പാതിമുറിഞ്ഞ വാക്കുകൾ കുറ്റബോധത്തിന്റെ പ്രതിഫലനമാണെന്ന് രണ്ടു പേർക്കും അറിയാവുന്നതാണ്. എങ്കിലും അയാൾ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച് പരാജിതനായി.

അവൾ അയാളെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു.

"എനിക്ക്... വികാരങ്ങൾ അനുഭവിച്ചറിയാൻ കഴിയില്ല. പക്ഷേ ഏട്ടനു കഴിയുമല്ലോ. ജീവശ്ഛവമായ എന്നിൽ നിന്ന് ഏട്ടനതു സാധിക്കുമെങ്കിൽ ഞാൻ അതിനും തയ്യാറാണ്."

അവളുടെ വാക്കുകൾ ഒരു കൂരമ്പു പോലെ അയാളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി........ ഒരു പരാജിതന്റെ കുനിഞ്ഞ ശിരസ്സോടെ അയാൾ അവിടെ നിന്നും ഇറങ്ങി നടന്നു.

അവൾ തന്റെ മനസ്സ് വായിച്ചറിഞ്ഞിരിക്കുന്നു..... ശരിയാണ് പലപ്പേഴും ജീവശ്ഛവമായിത്തീർന്ന ആ ശരീരത്തിലും തന്റെ കാമാസക്തിതീർക്കാൻ തോന്നിയിരുന്നു. ഇനിയെങ്കിലും അതിനു ശമനം ഉണ്ടായില്ലെങ്കിൽ രണ്ടിൽ ഒരാൾ തന്റെ ഇരയായിത്തീരും.

കലുഷിതമായ മനസ്സോടെ വന്നുകയറിയത് ഇവിടെ...... തൃപ്തിയുടെ മുന്നിൽ....... പലരും തൃപ്തിയെപ്പറ്റി പറഞ്ഞിട്ടുണ്ട്...... മനസ്സും, ശരീരവും തണുപ്പിക്കാൻ കഴിവുള്ള ഒരു മന്ത്രവാദിനി.

അയാളുടെ വാക്കുകൾ കേട്ട തനിക്ക്.... ആ പ്രയോഗത്തോട് ഒരു നീരസം തോന്നി.

 "നിങ്ങൾക്കു തെറ്റി...... മനസ്സിനെയും, ശരീരത്തിനേയും സ്വാന്തനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മാലാഖ."

അതാണ് ഈ തൃപ്തി.

"സന്ദീപ്...... എന്നിലേക്ക് ചേർന്നിരിക്കു". അവളുടെ ചെറുചൂടുള്ള വാക്കുകൾ അവന്റെ ചെവിപ്പുറത്ത് തട്ടി. കവിത ചെല്ലുന്ന താളത്തിൽ അവളത് ആവർത്തിച്ചുകൊണ്ടിരുന്നു.

ശാന്തമായ മനസ്സോടെ അയാൾ അഴിച്ചുവച്ചിരുന്ന വാച്ചെടുത്ത് കൈയ്യിൽ കെട്ടുമ്പോൾ, മെത്തയിൽ കമഴ്ന്നുകിടന്നു കൊണ്ട് താൻ അയാളെ നോക്കി, ആത്മസംതൃപ്തി യോടെ.

തന്റെ മുന്നിൽ ജാള്യതയോടെ നിന്നിരുന്ന മനുഷ്യന്റെ മുഖം അയാളിൽ തേടുകയായിരുന്നു തന്റെ കണ്ണുകൾ.

തന്നോട് യാത്ര പറഞ്ഞ് പോകുന്നവരോട് വിണ്ടും വരണം എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല, പക്ഷേ അയാളോട്, അങ്ങനെ പറയാൻ മനസ്സു വെമ്പി. കാരണം അയാളുടെ ഉള്ളിൽ എവിടെയോ ഒരു നന്മ അവശേക്ഷിക്കുന്നുണ്ട്. അതിനും ഉപരിയായി എരിഞ്ഞടങ്ങാത്ത ഒരു അഗ്‌നിപർവ്വതവും. അതിനെ ശമിപ്പിക്കാൻ തനിക്കു മാത്രമേ കഴിയുകയുള്ളൂ. വിനാശകാരിയായ അത് നശിപ്പിക്കാൻ പോകുന്നത് രണ്ടു കുടുംബങ്ങളെ ആണ്.

പിന്നീടുള്ള ആറുമാസങ്ങളിൽ എല്ലാ ആഴ്ചകളിലും അയാൾ മുടങ്ങാതെ തന്നെത്തേടി എത്തിയിരുന്നു. എന്നാൽ ഒരു സൗമ്യനായ സന്ന്യാസിയുടെ മുഖഭാവത്തോടായിരുന്നു എല്ലാ തിരിച്ചുപോക്കുകളും.

കഴിഞ്ഞ ആഴ്ച്ച ആയിരുന്നു. അയാൾ അവസാനമായി തന്നെത്തേടി വന്നത്. അന്ന് വളരെ അധികം സൗമ്യനായി കാണപ്പെട്ട അയാൾ ഒരു ദുരന്ത വാർത്തയുമായാണ് വന്നത്. അയാളുടെ ഭാര്യ മരിച്ചിരിക്കുന്നു. ഇന്നലെ രാത്രി ഉറക്കത്തിൽ. ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതിനാൽ രാവിലെ തന്നെ ശവദാഹം നടത്തി.

ജീവിതത്തിൽ ആദ്യമായി വെറുപ്പോടെ അയാളുടെ ശരീരത്തെ ഏറ്റുവാങ്ങി. അയാളുടെ ഓർമ്മയ്ക്കു മുകളിൽ ഞാൻ വെളുത്ത നിറം പൂശി. 

ഒടുക്കം സീലിങ് ഫാനിന്റെ പതിയെയുള്ള കറക്കവും നോക്കികിടക്കവെ അയാൾ പറഞ്ഞു. "ആ ചിത കത്തിയെരിയും മുമ്പേ നിന്നോട് ഒട്ടിച്ചേർന്നിരിക്കണമെന്ന തോന്നലുണ്ടായി.... ഇനി എന്റെ ജീവിതത്തിൽ നിനക്കു പ്രസക്തി ഇല്ലല്ലോ".