കഥാജാലകം

View Original

സ്മൃതി

“തെണ്ട്രല്‍ വന്ത് തീണ്ടും പൊത് എന്ന വണ്ണമോ മനസിലേ ......” ഫോണ്‍ അതിന്‍റെ ഉശ്ചസ്ഥായിയിൽ അലറുന്നുണ്ട്. ജീവന്‍ കൈ എത്തിച്ചു ഫോണ്‍ എടുത്തു. ആരാ ഈ കാലത്ത് തന്നെ? ഒരു സംശയത്തോടെ ജീവന്‍ ഫോണ്‍ എടുത്തു

“ഗുഡ് മോര്‍ണിംഗ് ....ജീവന്‍ സാര്‍. ഇത് സിനി ടിവിയില്‍ നിന്ന് ശ്യാം ആണ്  “

“ആരാ  “

“ശ്യാമാണ് സാര്‍ .. ......എപ്പിസോഡ് എഴുതി കഴിഞ്ഞോ “

“കഴിഞ്ഞു ”

“ആളെ അയക്കാം സാര്‍ “

ജീവന്‍ നല്ല ഡിമാന്‍ഡ് ഉള്ള ഒരു സീരിയല്‍  കഥാകൃത്തും സംവിധായകനുമാണ്. രണ്ടു മുന്ന് സീരിയലുകൾ മലയാളത്തില്‍ ഇപ്പോഴും നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്നു. മലയാളത്തില്‍ അവസാനിച്ച ഒരു സീരിയല്‍ ഇപ്പോ തമിഴില്‍ ജീവന്‍ റിമെയ്ക്ക് ചെയ്യുന്നുണ്ട്. ഒരുമുഴുനീള സിനിമ ചെയ്യണം എന്നതാണ്ണ്‍ ജീവന്‍റെ സ്വപ്നം. സ്വന്തമായി എഴുതിയ കഥപറയാൻ മാത്രമേ സിനിമ എടുക്കൂ എന്ന വാശിക്കൊണ്ടോ അതോ സീരിയല്‍ എടുക്കുന്ന തിരക്കുകൊണ്ടോ എന്നറിയില്ല, ഇത് വരെ ജീവന്‍റെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. മുന്ന് സീരിയല്‍ എപ്പിസോഡുകൾ ഡയറക്ടറെ എലിപ്പിച്ചാണ് ജീവന്‍ സിനിമയുടെ കഥ എഴുതുന്നതിനായി പോണ്ടിച്ചേരിയിലേക്ക് വണ്ടി കയറിയത്. ഇവിടുത്തെ കള്ളോ അതോ ബീച്ചോ? എന്താണ് ജീവനെ ഇങ്ങോട്ട് ആകര്‍ഷിച്ചത് എന്ന് പറയാനാവുന്നില്ല. ജീവന്‍ പുതപ്പ് പതിയെ മാറ്റി. തലയ്ക്കു വല്ലാത്ത കനംപോലെ. മേശപ്പുറത്തിരുന്ന മദ്യക്കുപ്പി കൈയിലെടുത്തു.

“ഇനി ഈ ബ്രാന്‍ഡ്‌ വേണ്ട (മദ്യപാനം ആരോഗ്യത്തിന് ഹാനികരം )“. കുപ്പി മേശപ്പുറത്തു തന്നെ വെച്ചു. ബീച്ചിനോട് ചേര്‍ന്ന് തന്നെയാണ് ജീവന്‍റെ  റൂമും. കുളിച്ച് ഉഷാറായി ബാല്‍ക്കണിയില്‍ അങ്ങനെ വെറുതെയിരുന്ന് കടൽക്കരയിലൂടെ നടന്നുനീങ്ങുന്ന വെള്ളക്കാരികളെയും നോക്കിയിരുന്ന് ഒരു ചുട് ചായ കുടിക്കുന്ന ആ സുഖം മീശപുലിമലയിലെ മഞ്ഞിനെക്കാള്‍ എത്രയോ മനോഹരമാണ് എന്നതാണ് ജീവന്റെ കാഴ്ചപ്പാട്. കാലത്ത് ചായക്ക് ശേഷം പിന്നീട് കഥ എഴുതാനുള്ള സമയം ആണെന്ന് പറയപെടുന്നു. രണ്ടു മാസമായിട്ടും ഒരുപുറം പോലും എഴുതാൻ കഴിഞ്ഞില്ല. പലരും തൊണ്ണുറുകളിലെ കൊറിയൻ സി.ഡി കൾ സജ്ജസ്റ് ചെയ്തു. ഫ്രഞ്ച് / ഹോളിവുഡ് സിനിമകൾ കാണാൻ ഉപദേശിച്ചു.  എന്നാല്‍ അതൊന്നും ശരിയല്ല, സ്വന്തമായി എഴുതിയ കഥയെ താന്‍ സിനിമയാക്കു എന്ന വാശിയിലാണ് ജീവന്‍. കുത്തിക്കുറിച്ച കടലാസ്സിൻ കക്ഷണങ്ങൾ കൊണ്ട് സംപുഷ്ഠമാണ് അയാളുടെ കിടപ്പുമുറി. മൂന്ന് വരികളിൽ കുടുതലായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. ജീവന്‍ റൈറ്റിംഗ് പാഡ് കൈയിലെടുത്തു. ഇന്ന് എന്തായാലും ഒരു ത്രെഡ് ഉണ്ടാക്കിയേ പറ്റു. ഇടക്ക് ഒരു രണ്ട്  വരികളെഴുതും, കുത്തിക്കിറിയ പേപ്പര്‍ നേരെ ചവറ്റുകൊട്ടയിലേക്ക്. ഏതാണ്ട് ഒരു മണിക്കൂറോളം സമയം ഇങ്ങനെ കടന്നുപോയി. അപ്പോഴാണ് സിനി  ടിവിയില്‍ നിന്ന് ഒരാളെത്തിയത്. ജീവന്‍ വാതില്‍ തുറന്നു .

“ജീവന്‍ സാര്‍,  ആണോ ?”

“അതേ ....ആരാ ?”

“കാലത്ത് സിനി ടിവിയില്‍ നിന്ന് വിളിച്ചില്ലേ  “

“ഓ ഓക്കേ ഓക്കേ വരൂ ..അകത്തേക്ക് വരൂ ...ഇരിക്കു  “

“താങ്ക്സ് ....ഈ ആഴ്ചയില്ലേ എപ്പിസോഡ് എഴുതി കഴിഞ്ഞില്ലേ  “ അയാള്‍ ജീവനോട്‌ ചോദിച്ചു

“ഇല്ല  “

“കഴിഞ്ഞില്ലേ ഇത് വരെ ?....അപ്പൊ എങ്ങനെ ഷൂട്ട്‌ ചെയ്യും ? അയാള്‍ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു

“ഹ ഹാ അതൊന്നും പ്രോബ്ലം ഇല്ല ഭായ് .....ലാസ്റ്റ് എപ്പിസോഡ് എങ്ങനെയാ നമ്മൾ തീർത്തെടുത്തത്?"

“ആക്സിഡന്റെ ആയി കിടക്കുന്ന ഉണ്ണിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അമ്പലത്തില്‍ പോയിരിക്കുന്ന മായ .....ഉണ്ണി മരിച്ച വാര്‍ത്ത‍ പറയാന്‍ അമ്പലത്തില്ലേക്ക് വരുന്ന വിനോദ് .....ഇതായിരുന്നു ലാസ്റ്റ് എപ്പിസോഡ് “

ജീവന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു.

“കിട്ടി ഈ അഴ്ച്ചക്കുള്ള എപ്പിസോഡ്  ആയി ...നോട്ട് ചെയ്തു ഇത് പോലെ എപ്പിസോഡ് ഡയറക്ടര്‍ക്ക് കൊടുത്താല്‍ മതി “

“നോട്ട് ചെയ്യാനോ ? സ്ക്രിപ്റ്റ് വേണ്ടേ?..സ്ക്രിപ്റ്റ് ഇല്ലാതെ എങ്ങനെ ഷൂട്ട്‌ ചെയ്യും ?” അയാള്‍ ഒരു സംശയത്തോടെ ജീവനോട്‌ ചോദിച്ചു

“സീരിയല്‍ ചെയ്യാന്‍ സ്ക്രിപ്റ്റ് ഒന്നും വേണ്ട ഭായ്...ഈ ആഴ്ച്ച അതിനു ഡയലോഗ് ഇല്ല ..പിന്നെ എന്തിനാ സ്ക്രിപ്റ്റ് “

“ഡയലോഗ് ഇല്ലേ ? പിന്നെ എന്ത് ഷൂട്ട്‌ ചെയ്യും ?” അയാള്‍ക്ക് വീണ്ടും സംശയം

“ഷൂട്ട്‌ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞുതരാം ഭായ് നോട്ട് ചെയ്തോ “ ജീവന്‍ എന്താണ്ണ്‍ ഉദേശിക്കുന്നത് എന്നറിയാതെ ടിവിക്കാരന്‍ നോട്ട് എഴുതി തുടങ്ങി .

ജീവന്‍ കഥ തുടര്‍ന്നു

“അതെ മായ തന്റെ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്...മനമുരുകി. ഇവിടെ നിന്നു  ഫ്ലാഷ്ബാക്ക് സ്റ്റാര്‍ട്ട്‌ ചെയ്യണം. പഴയ എപ്പിസോഡില്‍ ഇവരുടെ നല്ല കോമ്പിനേഷന്‍ സീന്‍ നോക്കി ഫ്ലാഷ്ബാക്ക് ആയി കയറ്റണം..മായ പ്രാര്‍ത്ഥന തുടങ്ങുബോള്‍ തന്നെ ഫ്ലാഷ്ബാക്ക് സ്റ്റാര്‍ട്ട്‌ ചെയ്യണം.... മായക്ക് ഉണ്ണിയെ അത്രക്കും ഇഷ്ട്ടമാണ് എന്നൊക്കെ പ്രേക്ഷകനു തോന്നിക്കുന്ന വിധത്തില്ലുള്ള ഫ്ലാഷ്ബാക്ക് ആയിരിക്കണം അത് ... ശബ്ദമില്ലാതെ വേണം  ഫ്ലാഷ്ബാക്ക് കയറ്റാന്‍....പശ്ചാത്തല സംഗീതം മാത്രമേ വേണ്ടു.....വളരെ ശോകമുകമായ  പശ്ചാത്തല സംഗിതം വേണം ഇതിന് ഇടാന്‍...അത് വല്ല തമിഴ് പടങ്ങളില്‍ നിന്ന് അടിച്ചെടുക്കാം “

“ഓക്കേ..... ഫ്ലാഷ്ബാക്ക് പഴയ എപ്പിസോഡ്  എടുത്ത് ശബ്ദം കളഞ്ഞുക്കൊണ്ട്‌ ചെയ്യാം...പശ്ചാത്തല സംഗിതവും ഓക്കേ  “

“ബാക്കി ഞാന്‍ പറയാം ....മായ പോയിരിക്കുന്ന അമ്പലത്തിനു ഒരുപാടു സ്റ്റെപ്പുകള്‍ ഉണ്ടായിരിക്കണം ..ഒരു പതിനഞ്ചു സ്റ്റെപ്പെങ്കിലും അമ്പലത്തിനു വേണം ....മായ സ്ലോ മോഷനില്‍ വേണം സ്റ്റെപ്പ് ഇറങ്ങാന്‍ .ഒരു എപ്പിസോഡില്‍ രണ്ട് സ്റ്റെപ്പ് മാത്രമേ മായ ഇറങ്ങാവു....സ്ലോ മോഷനില്‍ ഇറങ്ങുന്ന കാലുകളുടെ ക്ലോസ് അപ്പ്‌ ഷോട്ട് ആണ് ഉത്തമം ...സ്ലോ മോഷന്റെ ഇടയിലുടെ വീണ്ടും ഫ്ലാഷ്ബാക്ക് ....വീണ്ടും സ്ലോ മോഷന്‍ ....ഫ്ലാഷ്ബാക്ക്....അങ്ങനെ അങ്ങനെ .....ഒരു ആഴ്ച്ചക്കുള്ള എപ്പിസോഡ്  ആയി “

“സൊ.. നമ്മള്‍ വെറും ഫ്ലാഷ്ബാക്ക് ആന്‍ഡ്‌ സ്ലോ മോഷന്‍ മാത്രം കാണിക്കുന്നുള്ളൂ ?” ടിവിക്കാരന്‍ ഒരു ചോദ്യത്തോടെ നിറുത്തി.

“യെസ് ഈ ആഴ്ച്ച ഫ്ലാഷ്ബാക്ക്ന്റെയും  സ്ലോ മോഷന്റെയും ആഴച്ചയാണ് ...സംഭാഷണമേ ഇല്ല ....മണ്ടന്‍മാരായ പ്രേക്ഷകര്‍ക്ക്‌ ഇതൊക്കെ പോരേ...ഇതൊക്കെ ഷൂട്ട്‌ ചെയ്യാന്‍ സ്ക്രിപ്റ്റ് വേണോ ഭായ്  “

അത് കേട്ടപ്പോള്‍ ചാനലുകാരെന്‍ ഒന്ന് ചിരിച്ചു.അധികം താമസിയാതെ അയാള്‍ പോയി .അയാള്‍ പോയതിനു ശേഷവും കഥ എഴുതാനായി ഇരുന്നെങ്കിലും പകുതി പേജ്പോലും എഴുതാനാവാതെ ജീവന്‍ കഥ എഴുത്ത് നിറുത്തി

“ഹോ, ഈ എം.ടിയെയും ശ്രീനിവാസനെയുമൊക്കെ സമ്മതിക്കണം”

സമയം ഏകദേശം അഞ്ചര ആയിക്കാണും. ഈ സമയത്ത് ബീച്ചിലുടെ ഒരു ഇവെനിംഗ് വോക്ക് പതിവാണ് ജീവന്. അങ്ങ് ലൈറ്റ് ഹൌസ് വരെ ഒരു നീണ്ട നടത്തം. പല പല ത്രെഡ്ഡുകളും ഈ നടത്തത്തില്‍ ജീവന് കിട്ടാറുണ്ടെങ്കിലും അതെല്ലാം പേപ്പറില്‍ ആക്കുന്ന സമയത്ത് മൂന്നോ നാലോ വരികളില്‍ ഒതുങ്ങുകയും അതിനു ശേഷം വേസ്റ്റ് ബാസ്കറ്റില്‍ എത്തിച്ചേരുകയുമാണ് പതിവു പരിപാടി. നടത്തത്തിന്റെ വേഗം കുറച്ച് കുറഞ്ഞപ്പോള്‍ ഒന്ന് വിശ്രമിക്കാമെന്നുകരുതി ബീച്ചിലെ കല്‍ക്കെട്ടിൽ ഇരുന്നു. ശാന്തമായ കടൽ. അങ്ങിങ്ങായി കുറച്ച് ബോട്ടുകള്‍. പെട്ടന്ന് ഒരു പെണ്‍കുട്ടി ജീവന്‍ ഇരുന്ന അതെ ബെഞ്ചില്‍ വന്നിരുന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ജീവൻ അവളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇരുനിറം. തികച്ചും പ്രസന്നവും കുട്ടിത്തം നിറഞ്ഞതുമായ  മുഖം. ആരെയോ തിരയുന്ന മിഴികള്‍. കാച്ചിയ എണ്ണയുടെ സുഗന്ധമുള്ള നീണ്ടുനിവർന്ന മുടിയിഴകൾ. ഒരു സിനിമ ഹിറ്റ്‌ ആവുമ്പോഴേക്കും ടിവി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില നടിമാരെപ്പോലെ, നിറുകയിലേയ്ക്ക്‌ വീണു കിടന്ന വെട്ടിയിട്ട മുഴിയിഴകൾ കൈക്കൊണ്ട് പിറകിലേയ്ക്ക് ഒതുക്കിവയ്ക്കുകയാണവൾ. ജീവന്‍ അവളെ ഒന്നൂടെ നോക്കി. പെട്ടന്ന് ജീവന്റെ ഫോണ്‍ ശബ്ദിച്ചു.  ഫോണ്‍ എടുത്ത് ജീവൻ ചെവിയില്‍ വെച്ചു.

“ഹലോ ...ജീവനാണ് ...ഇപ്പോ പറ്റില്ല ....ഞാന്‍ ഭയങ്കര ബിസ്സിയാ ..രാത്രി വിള്ളിക്കു ..നമുക്ക് ആലോചിക്കാം “ ജീവന്‍ ഫോണ്‍ കട്ട്‌ ചെയ്തു.തിരിഞ്ഞു നോക്കിയതും അവളെ കാണാനുണ്ടായിരുന്നില്ല “ഇവള്‍ എന്താ മയാവിയാണോ” ജീവന്‍ മനസ്സില്‍ പറഞ്ഞു .ബീച്ചിലൂടെ കണ്ണുകള്‍ക്കൊണ്ട് നല്ലൊരു സ്കാനിംഗ്‌ തന്നെ നടത്തി നോക്കി അവന്‍ .ഇല്ല അവള്‍ ഈ പരിസരത്തുപ്പോലും ഇല്ല. ജീവന്‍ നടത്തം അവസാനിപ്പിച്ച് റൂമിലേക്ക്‌ നടന്നു. തിരിച്ചു എത്തിയപ്പോള്‍ ഏകദേശം എട്ടുമണി ആയിക്കാണും. വന്നു കേറിയപാടെ ഫ്രിഡ്ജ്‌ തുറന്നു തണുത്തൊരു ബിയര്‍ കുപ്പിയും എടുത്ത് ബാല്‍ക്കണിയിലേക്ക് നടന്നു. റൈറ്റിംഗ് പാഡും എഫോര്‍ പപ്പേറുകളും കാലത്ത് എടുത്ത് വച്ച അതേപോലെ ഒരു ഇഞ്ച് പോലും നീങ്ങാതെ ബാല്‍ക്കണിയിലെ മേശപ്പുറത്തിരിക്കുന്നുണ്ട്. ലൈറ്റ് ഹൌസ് വെളിച്ചം നഷ്ടപ്പെട്ട തന്റെ കാമുകിയെ തിരയുന്ന പോലെ എല്ലാ ദിക്കിലേക്കും വെറുതെ കറങ്ങിക്കൊണ്ടിരുന്നു. കടല്‍ക്കാറ്റിന്റെ സുഖത്തില്‍ മാനത്തെ ചന്ദ്രനേയും താരകങ്ങളെയും ബാല്‍ക്കണിയിലേ ചാരുകസാരയിലിരുന്ന് വെറുതെ കൊഞ്ഞനം കുത്തി. കഥ എഴുതാനായി റൈറ്റിംഗ് പാഡ് എടുത്തപ്പോഴാണ്  ബീച്ചില്‍ കണ്ട പെണ്‍കുട്ടിയെക്കുറിച്ച് ഓര്‍ത്തത്‌. ആദ്യമായി സൂര്യനെയും അസ്തമയവും  കാണുന്നപോലെ ആയിരുന്നു അവള്‍ കടലിലേക്ക്‌ നോക്കിയിരുന്നത്. അത്രയധികം ആകാംക്ഷ  ആ കണ്ണുകളില്‍ ഉണ്ടായിരുന്നു. താനും എത്ര തവണ കണ്ടിരിക്കുന്നു ഈ അസ്തമയം. ഇത്രമാത്രം എന്താണ് ആ കാഴ്ച്ചയില്‍ ഉള്ളത്? ആ ഫോണ്‍കോള്‍ ആണ് കാരണം അല്ലെങ്കില്‍ ഒന്ന് പരിചയപ്പെടാമായിരുന്നു. ഇനി നാളെയും അവള്‍ വരുമോ?.വന്നാല്‍ ചോദിക്കണം, ഇത്രമാത്രം ആകാംഷയോടെ നോക്കിരിക്കാന്‍ എന്തെങ്കിലും പ്രത്യേകത ആ അസ്തമയത്തിനു ഉണ്ടായിരുന്നോ എന്ന്. ഉണ്ടെങ്കില്‍ അറിഞ്ഞിട്ട് തന്നെ കാര്യം. പിറ്റേന്ന് കൃത്യം അഞ്ചുമണിക്ക് തന്നെ ജീവന്‍ ബീച്ചിലെ കല്‍ബെഞ്ചില്‍ ഹാജരായിരുന്നു. അസ്തമയത്തിനു മുന്‍പുതന്നെ അവള്‍ വരും എന്ന് അവനു എന്തോ ഉറപ്പുള്ള പോലെ ആയിരുന്നു ജീവന്റെ മുഖം. സൂര്യന്‍ കടലിനെ സ്പര്‍ശിക്കാന്‍ നിമിഷങ്ങള്‍ മാത്രം. ”എന്‍റെ പൊന്നെ...ഒന്ന് അസ്തമിച്ചുടെ നിനക്ക്“  അവളെ കാണാതെ ക്ഷമ നശിച്ച് കൈയിലെ വാച്ചും നോക്കി അവന്‍ പറഞ്ഞു. കുറച്ചു നിമിഷങ്ങള്‍  അങ്ങനെ കടന്നുപോയി. സൂര്യന്‍ പതിയെ കടലിലേക്ക്‌ തലചായ്ക്കാൻ തുടങ്ങി. അതെ ഇതാണ് താന്‍ കാത്തിരുന്ന സന്ദര്‍ഭം. സൂര്യന്‍ കടലിനെ സ്പര്‍ശിച്ചതും എങ്ങു നിന്നോ അവള്‍ എത്തി. ജീവന്റെ തൊട്ടപ്പുറത്ത് തന്നെ അവള്‍ ഇരുന്നു. ഇന്നലെ കണ്ട അതെ വേഷത്തില്‍ തന്നെ ആയിരുന്നു ഇന്നും അവള്‍. ഇന്നും അപ്പുറത്തെയും ഇപ്പറുത്തെയും കല്‍ബെഞ്ചുകള്‍ ഒഴിവായിരുന്നു. ”ശല്യം ഇതു ഓഫ്‌ ആയിരിക്കട്ടെ“, ജീവന്‍ ഫോണ്‍ എടുത്ത് സ്വിച്ച് ഓഫ്‌ ചെയ്യ്തു. അവള്‍ കടലിലേക്ക്‌ തന്നെ നോക്കിയിരുപ്പാണ്. ഇന്നു പരിജയപ്പെട്ടിട്ടു തന്നെ ബാക്കി കാര്യം. പെട്ടന്ന് അടുക്കുന്ന ടൈപ്പ് ആണോ അവള്‍? നാണക്കേടാവുമോ? കണ്ടിട്ട് അത്ര ജാഡ അല്ലെന്നു തോന്നുന്നു. നേരെ കയറി മുട്ടാം. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ. തമിഴില്‍ തുടങ്ങണോ അതോ മലയാളം മതിയോ?

“ഹായ് “  കടലില്‍ നിന്നു കണ്ണെടുത്ത്‌ അവള്‍ ജീവനെ നോക്കി .പറഞ്ഞ ഹായ്ക്കു മറുപടിയെന്നോണം അവള്‍ ചിരിച്ചു. ഹാവൂ ചിരിക്കുന്നുണ്ട്. അപ്പൊ ജാഡയല്ല. ജീവന്‍ തുടര്‍ന്നു.

“നേത്ത് ഉങ്കളെ പാര്‍ത്തെ .....ഹായ് സോല്ലതുക്ക് മുന്നാടിയെ നീന്ഗെ കളമ്പിട്ടെന്‍”

“മലയാളത്തില്‍ പറഞ്ഞാല്‍ മതി എനിക്ക് മലയാളം അറിയാം“. അവള്‍ ചിരിച്ചുക്കൊണ്ടു പറഞ്ഞു

“ഓ താങ്ക്സ് ..അല്ല ഞാന്‍ മലയാളി ആണെന്ന് എങ്ങനെ മനസിലായി?”

“ഇന്നലെ ഇയാള്‍  ഫോണില്‍ സംസാരിക്കുന്നത് കേട്ടിരുന്നു”

“ഓക്കേ ഫൈന്‍ ....എന്‍റെ പേര് ജീവന്‍ ..താങ്കളുടെ പേരെന്താ “

“സ്മൃതി”

“സ്മൃതി  ...നൈസ് നെയിം.....എന്ത് ചെയ്യുന്നു പഠിക്കുകയാണോ” ഞങ്ങള്‍ ആണുങ്ങള്‍ അങ്ങനെയാ ഒരു പെണ്‍കുട്ടിയോട് പേര് ചോദിച്ചാല്‍ നിര്‍ബന്ധമായും അവര്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചിരിക്കും

“ഒന്നും ചെയ്യുന്നില്ല “

“ഓ അപ്പൊ വെറുതെ ഇരിപ്പും ഭക്ഷണവും അല്ലേ “ അവന്‍ ചിരിച്ചുക്കൊണ്ട് പറഞ്ഞു .അത് കേട്ടപ്പോള്‍ അവളും ചിരിച്ചു. ജീവന്‍ തുടര്‍ന്നു

“ഞാന്‍ ഒരു തിരകഥകൃത്തും സീരിയല്‍ ഡയറക്ടറുമാണ്....അന്യോന്യം, വെളുത്ത മുത്ത്‌, സ്ത്രീധനം ...ഇതില്‍ ഏതെങ്കിലും സീരിയല്‍ കണ്ടിട്ടുണ്ടോ...ഇതൊക്കെ ഞാന്‍ ചെയ്യ്ത സീരിയലുകളാണ്“. ജീവന്‍ സ്വയം പരിചയപ്പെടുത്തി.

“സോറി  ...ഞാന്‍ സീരിയലുകള്‍ കാണാറില്ല “

“അതെന്താ”

“കുറച്ചെങ്കിലും വിവരം ഉള്ളവര്‍ സീരിയലുകള്‍ കാണില്ല “

“അതെന്താ സീരിയല്‍ കാണുന്നവര്‍ എല്ലാവരും വിഡ്ഢികള്‍ ആണോ”. ജീവന്‍ ചിരിച്ചുക്കൊണ്ട് ചോദിച്ചു.

“അങ്ങനെ ഞാന്‍ പറഞ്ഞില്ല ..എന്‍റെ  അഭിപ്രായമാണ് പറഞ്ഞത് .....ജീവന്‍ സീരിയല്‍ എടുക്കാന്‍ ആണോ പോണ്ടിച്ചെരിയിലേക്ക് വന്നത്?" അവള്‍ ഒരു സംശയത്തോടെ ചോദിച്ചു.

“ഹേയ് അല്ല...ഒരു ഫിലിം ചെയ്യണം..അതിനുള്ള കഥ എഴുതാന്‍ പറ്റിയ ഒരു അന്തരിക്ഷം വേണം സൊ ഇങ്ങോട്ട് വന്നു “

“ഓ ....എന്നിട്ട് കഥ എഴുതി കഴിഞ്ഞോ ?”

“ഹേയ് എവിടെ കഴിയാന്‍ .......പുതുമയുള്ള ഒരു കഥ വേണ്ടേ...സീരിയല്‍ പോലെ തട്ടികൂട്ടി ചെയ്യാന്‍ പറ്റില്ലല്ലോ....സീരിയല്‍ ആണെങ്കില്‍ ഈസിയാണ് ... അമ്മായമ്മ പോര്, നാത്തൂന്‍ പോര്, അവിഹിതം തുടങ്ങിയ സ്ഥിരം ഫോര്‍മുല മതി ...ഫിലിം അങ്ങനെ പറ്റിലല്ലോ ”

“അത് ശരിയാ ....അപ്പൊ കഥ ഇതു വരെ ആയിട്ടില്ല...എന്നാല്‍ ഞാന്‍ ഒരു കഥ തന്നാല്ലോ “

“ആഹാ, സ്മൃതി കഥ എഴുതോ “

“ഇതു വരെ എഴുതിയിട്ടോന്നുമ്മില്ല. പക്ഷെ ഒരു കഥയൊക്കെ ആര്‍ക്കും എഴുതാവുന്നതെ ഉള്ളു”

“ഓക്കേ എന്നാ പറയു ..കേള്‍ക്കട്ടെ “

“പുതുമയുണ്ടോ എന്ന് തോന്നുന്നില്ല ഈ കഥയില്‍ “

“കുഴപ്പമില്ല സ്മൃതി പറയു” സ്മൃതി കടലിലേക്ക് നോക്കി. സുര്യന്റെ പാതിയും കടല്‍ വിഴുങ്ങിയിരുന്നു അപ്പോള്‍ അവൾ കഥ പറയാന്‍ തുടങ്ങി.

“ഇതൊരു പെണ്‍കുട്ടിയുടെ കഥയാണ്. പുലരും മുന്നേ അസ്തമിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ. അവള്‍ക്ക് ഓര്‍മ്മ വെക്കുന്നതിനു മുന്നേ അവളുടെ അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞിരുന്നു. കോടതി വിധി പ്രകാരം അവള്‍ക്ക് അമ്മയുടെ കൂടെ ആയിരുന്നു താമസിക്കേണ്ടി വന്നത്. അവിടെ നിന്നു രണ്ടു കൊല്ലം ആവുമ്പോഴേക്കും അവളുടെ അമ്മ വേറെ ഒരാളുടെ കൂടെ അവളെ തനിച്ചാക്കി ഓടി പോയി”

“ഓ ദുരന്ത കഥയാണല്ലോ സ്മൃതി“. ജീവന്‍ ഇടക്ക് കയറി പറഞ്ഞു.

“അപ്പൊ ബാക്കി പറയണ്ടേ ?” അവള്‍ കുറച്ചു കടുത്ത സ്വരത്തില്‍ തിരിച്ചു ചോദിച്ചു

“കുഴപ്പമില്ല ബാക്കി പറഞ്ഞോളു “ അവളുടെ മുഖം മാറുന്നത് ജീവന്‍ ശ്രദ്ധിച്ചു. സ്മൃതി കഥ തുടര്‍ന്നു

“അമ്മ ഓടി പോയതിനു ശേഷം അമ്മയുടെ അമ്മ ആയിരുന്നു അവളെ നോക്കിയിരുന്നത്. ഒരിക്കലെങ്കിലും തന്റെ അച്ഛനും അമ്മയും തന്നെ ഒന്ന് കാണാനും അടുത്തിരുന്നു തന്റെ  വിശേഷങ്ങള്‍ അന്വഷിക്കാനും വന്നിരുനെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അവരൊന്നും അവളെ കാണാന്‍ വന്നില്ല. വളരെ നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു അവള്‍ നല്ല മാര്‍ക്കോടെ തന്നെ ഡിഗ്രി പാസ്സ് ആയി. ഡിഗ്രി പാസ്സായ കാര്യം പറയാന്‍ വേണ്ടി അമ്മമ്മ അവളുടെ അമ്മയെ വിളിച്ചിരുന്നു. കാര്യം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത്രേ ഞാന്‍ എപ്പോ തിരക്കിലാണ് പിന്നെ വിളിക്കെന്ന്. ഒരു അമ്മയാണെത്രേ സ്വന്തം മകളുടെ വിശേഷം പോലും കേള്‍ക്കാന്‍ സമയമില്ലാത്ത അമ്മ“. ഒരു പുച്ഛത്തോടെ സ്മൃതി പറഞ്ഞു നിറുത്തി.

“സൊ സാഡ്....ബാക്കി പറയു  “. സ്മൃതി തുടര്‍ന്നു.

“ഡിഗ്രി പഠനത്തിനു ശേഷം അവള്‍ക്കു തമിഴ്നാട്ടിൽ ചെന്നൈ ബേസ്ഡ് ആയ ഒരു കമ്പനിയുടെ പോണ്ടിച്ചേരി ബ്രാഞ്ചില്‍  ജോലി ശരിയായി. പിന്നിട് കുറച്ചുക്കാലം സന്തോഷത്തിന്റെ നാളുകളായിരുന്നു. അതിനിടയിലാണ് സന്തോഷിനെ അവള്‍ പരിജയപ്പെടുന്നത്. അവള്‍ ജോലി ചെയ്യ്തിരുന്ന അതെ കമ്പനിയില്‍ തന്നെ  ആയിരുന്നു സന്തോഷും ജോലി ചെയ്യ്തിരുന്നത്. അവളുടെ നല്ലൊരു സുഹൃത്തായിരുന്നു അവന്‍. ഇടയില്‍ എപ്പോഴോ അവന് അവളോട്‌ ഇഷ്ട്ടം തോന്നി. അവന്‍ ആ ഇഷ്ട്ടം അവളോട്‌ തുറന്നു പറഞ്ഞു. ആദ്യമൊക്കെ അവള്‍ അത് എതിര്‍ത്തുവെങ്കിലും പിന്നെ അവള്‍ക്കും അവനെ ഇഷ്ട്ടമായി. ഏതൊരു കമിതാക്കളെപ്പോലെയും അവരും പാര്‍ക്ക്‌, ബീച്ച്, സിനിമ തുടങ്ങിയവയായി കറങ്ങി നടന്നു. അധിക കാലം ഉണ്ടായിരുന്നില്ല ആ സന്തോഷം. സന്തോഷിന്റെ വീട്ടുക്കാര്‍ അവളുമായുള്ള അവന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. സന്തോഷിന്റെ മുറപെണ്ണുമായി കല്യാണം ഉറപ്പിക്കാന്‍ ഇരിക്കുകയിരുന്ന അവര്‍ അവളുമായുള്ള ബന്ധത്തിന് എതിര് നിന്നു. സ്ഥലത്തെ പ്രധാന ഗുണ്ടകളുമായി സന്തോഷിന്റെ അച്ഛന് നല്ല ബന്ധമുണ്ടായിരുന്നു. ഗുണ്ടകള്‍ അവളെ ഭീഷണിപ്പെടുത്തി. സന്തോഷുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയും എന്നായിരുന്നു അവരുടെ ഭീഷണി .അവള്‍ ആ കാര്യം സന്തോഷിനെ അറിയിച്ചു. അച്ഛനെ നന്നായി അറിയുന്ന സന്തോഷ്‌ ഇനി ഒള്ളിച്ചോടുകയല്ലാതെ വേറെ വഴിയിലാന്നു അവളോട്‌ പറഞ്ഞു. അവര്‍ ഒളിച്ചോടാന്‍ തിരുമാനിച്ചു. നാളെ വൈകുന്നേരം അഞ്ചര മണി ആവുമ്പോള്‍ ബീച്ചിലെ ഇരുപത്തിമൂന്നാം നമ്പര്‍ ഉള്ള കല്‍ബെഞ്ചിന്റെ അടുത്തേക്ക് വാ ഞാന്‍ അവിടെ കാണുമെന്നു സന്തോഷ്‌ പറഞ്ഞു അവളോട്‌”

“വെയിറ്റ്....... വെയിറ്റ്  “ ജീവന്‍ ഇടക്ക് കയറി പറഞ്ഞു.അവര്‍ ഇരിക്കുന്ന കല്‍ബെഞ്ചിന്റെ നമ്പര്‍ നോക്കി .അതെ നമ്പര്‍ ഇരുപത്തിമൂന്ന്. 

“ഓക്കേ ബാക്കി പറയു “ സ്മൃതി കഥ തുടര്‍ന്നു

“കൃത്യം അഞ്ചര മണിക്ക് തന്നെ അവള്‍ ബീച്ചില്‍ എത്തിയിരുന്നു. ആ സമയം സൂര്യന്‍ അസ്തമയത്തിനായി കടലിലേയ്ക് ചാഞ്ഞിറങ്ങുന്നു. അധികം താമസിയാതെ സന്തോഷ്‌ അവിടേക്ക് വന്നു. ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു സന്തോഷിന്റെ മുഖത്ത്. അവളുടെ കൈയിലെ ബാഗ്‌ സന്തോഷ്‌ വാങ്ങി. വണ്ടി അവിടെയാണ് പാര്‍ക്ക്‌ ചെയ്തിരിക്കുന്നത് അവിടേക്ക് പോകാം എന്ന് പറഞ്ഞു അവളുടെ കൈ ചേര്‍ത്ത് പിടിച്ചു. ഇനി ഇന്നും നിന്റെ കൂടെ ഞാന്‍ കാണും എന്നൊരു ഉറപ്പായിരുന്നു ആ പിടുത്തം. പെട്ടന്ന് കുറച്ചുപേര്‍ അവരുടെ മുന്നിലുടെ ഓടി വരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ ഓടി വരുന്നത് അച്ഛന്റെ ഗുണ്ടകള്‍ ആണെന്ന് സന്തോഷിന് മനസിലായി. അവന്‍ അവളുടെ കൈയും പിടിച്ചു ഓടി. ഗുണ്ടകള്‍ പിന്നാലെയും. കൂട്ടത്തിലെ ഒരുത്തന്‍ വലിയ വടിക്കൊണ്ട് അവളെ എറിഞ്ഞു .കൃത്യമായി  അവളുടെ തലയില്‍ തന്നെ അതുക്കൊണ്ടു  .അവള്‍ അവിടെ വീണു. അപ്പോഴേക്കും ഗുണ്ടകള്‍ അവരെ വളഞ്ഞിരുന്നു  .സന്തോഷ്‌ അപ്പോഴും അവളുടെ കൈ വിട്ടിട്ടുണ്ടായിരുന്നില്ല .ഗുണ്ടകള്‍ സന്തോഷിനെ പിടിച്ചു വലിച്ചു ഒരു വശത്തോട്ടു മാറ്റി കിടത്തി. നിലത്തു കിടന്നിരുന്ന അവളെ രണ്ടു ഗുണ്ടകള്‍ പോക്കിയെണിപ്പിച്ചു. കുതറി ഓടാതിരിക്കാന്‍ രണ്ടു കൈകളും അവര്‍ കൂട്ടിപ്പിടിച്ചിരുന്നു. കൂട്ടത്തിലെ ഒരുത്തന്‍ വലിയ ഒരു കത്തിയുമായി അവളുടെ മുന്നിലേക്ക്‌ നടന്നടുത്തു. അവള്‍ കുതറി മാറാന്‍ നോക്കിയെങ്കിലും അനങ്ങാന്‍പ്പോലും പറ്റിയില്ല. ഗുണ്ട വെട്ടി തിളങ്ങുന്ന കത്തിയുമായി അവളുടെ മുന്നില്‍ നില്‍പ്പാണ്.അയാള്‍ സന്തോഷിനെ ഒന്ന് നോക്കി പിന്നെ അവളുടെ വായ പൊത്തിപ്പിടിച്ചു.തിളക്കമാര്‍ന്ന ആ കത്തിക്കൊണ്ട് അവളുടെ വയറ്റിലേക്ക് ആഞ്ഞൊരു കുത്ത്. എന്നിട്ട് അയാള്‍ ഇടത് ഭാഗത്തേക്ക്‌ ഒന്ന് തിരിച്ചു. ഒന്ന് ഉച്ചത്തില്‍പ്പോലും കരയാനാവാതെ അവള്‍ വേദനക്കൊണ്ട് പുള്ളഞ്ഞു .ബോധം നഷ്ടമാകുന്നതുപോലെ അവള്‍ക്ക് തോന്നി. ഗുണ്ട കത്തി വേഗത്തില്‍ വലിച്ചെടുത്തു. വീണ്ടും അയാള്‍ ആഞ്ഞു കുത്തി എന്നിട്ട് വലത്തോട്ട് തിരിച്ചു കത്തി .അവളുടെ കണ്ണുകള്‍ പതിയെ അടയാന്‍ തുടങ്ങി. അവളുടെ കൈകള്‍ പിടിച്ച് നിന്നിരുന്ന ഗുണ്ടകള്‍ പിടിവിട്ടു. അവള്‍ പതിയെ നിലത്തു വീണു. ഗുണ്ടകള്‍ അവളുടെ തലമുടിയില്‍ പിടിച്ച് മണലിലുടെ വലിച്ചുക്കൊണ്ട് പോയി അവളെ കടലിലേക്ക്‌ വലിച്ചെറിഞ്ഞു. പ്രാണന്‍ പോകും വരെയും അവളുടെ കാതില്‍ സന്തോഷിന്‍റെ നിലവിളി കേള്‍ക്കാമായിരുന്നു. ”അയാള്‍ സ്മൃതി, സ്മൃതി, എന്ന് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു”. അവള്‍ കഥ പറഞ്ഞു നിറുത്തി.ജീവനെ നോക്കി ഒന്ന് ചിരിച്ചു. വളരെ ഭയത്തോടെ ജീവന്‍ അവളെ നോക്കി.

“എങ്ങനെ ഉണ്ട് എന്‍റെ കഥ? കൊള്ളാമ്മോ ?” അവള്‍ ചോദിച്ചു.അവളുടെ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.അവളുടെ ഡ്രസ്സ്‌ മൊത്തം ചുവന്ന നിറമാവുന്നപ്പോലെ തോന്നി എനിക്ക്.

“ഇതു തന്‍റെ കഥയാണോ ? അങ്ങനെയാണെങ്കില്‍ ?” ജീവന്‍ വളരെ ഭയത്തോടെ അവളോട്‌ ചോദിച്ചു.പെട്ടന്ന് സ്വിച്ച് ഓഫ്‌ ചെയ്യ്തിരുന്ന ജീവന്റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.ഫോണ്‍ പോക്കറ്റില്‍ നിന്നു എടുത്തതും കോള്‍  കട്ട്‌ ആവുകയും ഫോണ്‍ ഓഫ്‌ ആവുകയും ചെയ്തു.തിരിഞ്ഞു നോക്കിയപ്പോള്‍ സ്മൃതിയെ കാണാന്‍ ഉണ്ടായിരുന്നില്ല .അപ്പോഴേക്കും സൂര്യന്‍ പൂര്‍ണമായും കടലില്‍ മറഞ്ഞിരുന്നു.