അയാളും ആ മരവും
അയാൾ തീർത്തും ക്ഷീണിതനായിരുന്നു.... വളരെ ആയാസപ്പെട്ട് ചുവടുകൾ പറിച്ചു നട്ടു പുതിയ പന്ഥാവുകൾ പിന്നിടുകയാണ് ....
സമയം ഉച്ചയോട് അടുക്കുന്നതേയുള്ളൂ .കാർമേഘം ഇടയ്ക്കിടെ സൂര്യനുമേൽ കണ്ണുപൊത്തി കളിക്കുന്നുമുണ്ട് .അതുകൊണ്ടുതന്നെ വെയിലിന്റെ ചൂട് നന്നേ കുറവായിരുന്നു. എന്നിട്ടും രണ്ടു ദിവസമായി ഭക്ഷണം കഴിക്കാത്തതിന്റെ ആലസ്യം അയാളെ വല്ലാതെ തളർത്തി .
ചാഞ്ഞും ചെരിഞ്ഞും കാൽമുട്ടിൽ കൈത്തലമൂന്നിനിന്നും ഒച്ചിനെപ്പോലെയാണു നീങ്ങുന്നത് .
വീതികൂടിയ റോഡിന്റെ ഇരുസൈഡിലൊട്ടും ഇമ വെട്ടിച്ചു പോകവെ ,മുൻകാല ഓർമകളുടെ ഒരു ദൃശ്യാവിഷ്‌കാരണം അയാളുടെ ഓർമ്മകൾക്കുള്ളിൽ ഒരു നനഞ്ഞ ചാലുകീറി .
വഴിയിലൂടെ ഒറ്റയും പെട്ടയുമായി കടന്നു പോകുന്ന വാഹനങ്ങൾ ....നടന്നു നീങ്ങുന്ന കാൽനടയാത്രക്കാർ .....വഴിയോരങ്ങളിൽ മുട്ടിനു കാണപ്പെടുന്ന ഓലയും ഓടും മേഞ്ഞ കൊച്ചു കൊച്ചു വീടുകൾ. കവലകൾ തോറും ചെറു പിടികകൾ.
ഇന്നാകട്ടെ കാലവും ഗതിയും മാറി .എങ്ങും എവിടെയും തിക്കും തിരക്കും....ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല ....എവിടെ നോക്കിയാലും മണിമാളികകളും സുൽത്താൻകോട്ടകളും .......അതെ...അയാളിപ്പോൾ ഒരു കോട്ടയ്ക്കു മുൻപിൽ പകച്ചു നിൽക്കുകയാണ്. അല്പസമയത്തിനുശേഷം പടകൂറ്റൻ ഗേറ്റിന്റെ വർണാഭമായ ചിത്രപ്പണികൾക്കിടയിലെ സുഷിരങ്ങളിലൂടെ അകത്തേക്കു എത്തിനോക്കുന്പോൾ, സുന്ദരവും വലുപ്പം കൊണ്ട് ഞെട്ടിക്കത്തക്കതുമായ ഒരു മണിമാളിക തെല്ലമ്പരപ്പോടെ അയാൾ അകലെകണ്ടു. ദാഹം അതിന്റെ കൊടുമുടിയിലെത്തി നിൽക്കെ, മഴക്കായി കേഴുന്ന വേഴാമ്പലായി അയാളുടെ വാടിത്തളർന്ന കണ്ണുകൾ. മാളികയ്‌ക്കു ചുറ്റും ഒരു മനുഷ്യരൂപത്തെത്തേടി വട്ടമിട്ടു നടന്നു.
എങ്ങും ആരെയും കാണാനില്ല . എവിടെ നിന്നോ നായ്ക്ക്കളുടെ ശൗര്യം പൂണ്ട കുരകൾക്കിടയിലൂടെ നാവു നീട്ടിവലിച്ചു ചുണ്ടുകൾ നനച്ചു ഇച്ഛാഭംഗത്തോടെ അയാൾ മുന്നോട്ട് നീങ്ങി.
ഹൃദയം വീണ്ടും വിങ്ങിത്തുടങ്ങി. നൊന്പരപ്പെടുത്തുന്ന ഓർമ്മകൾ ഹൃദയഭിത്തികളിലൂടെ പനച്ച് താഴേയ്ക്കിറങ്ങി. ഏഴാം വയസ്സിൽ അമ്മ നഷ്ടപെട്ട മകനായി ജീവിതം നീക്കിവച്ചതും, മരം വെട്ട് തൊഴിലാളിയും പിന്നീട് കവലയിലെ ചുമട്ടുകാരനായി ചുമച്ചു ചോരതുപ്പിയതുമെല്ലാം.
പിന്നീട് അഞ്ചുസെന്റ് ഭൂമിയിലെ രണ്ടു മുറിവീടിന്റെ കൊച്ചുതിണ്ണയിലെ മരക്കസേരയിൽ സായംസന്ധ്യയുടെ വർണ്ണമേഘങ്ങൾ കണ്ടിരിക്കെ, മറ്റൊരു മായാചിത്രമായി തന്റെ പ്രിയപ്പെട്ടവൾ ചാരത്തണയുന്പോൾ ആ ഇരുപ്പിനു തെല്ലും മടുപ്പില്ലായിരുന്നു .എന്നാൽ കസേരയിൽ താനൊരു ചിലന്പുന്ന തംബുരുവായത് കാലത്തിന്റെ അടയാളം മാത്രം ....!
മകൻ വിവാഹിതനും അച്ഛനുമായത് തികച്ചും സ്വാഭാവികം. നിസ്സഹായതയുടെയോ, അവഗണയുടെതോയെന്ന് തറപ്പിച്ചു പറയാൻ കഴിയാത്ത മക്കളുടെ ചില പെരുമാറ്റങ്ങൾ നേരിടാൻ മനസ്സ് അശക്തമായെന്നു തോന്നിതുങ്ങിയ നാളുകളിൽ, മഴയുള്ള ഒരു രാത്രി ഈ യാത്ര തുടങ്ങി വച്ചു.
നാളിതുവരെ ആരെങ്കിലും തനിക്കായ് തിരച്ചിൽ നടത്തിയതായി സൂചന പോലും ലഭിച്ചതുമില്ല ...അല്ല...തിരക്കായ്കയല്ല ...അത്തരം വിവരങ്ങൾ താൻ അറിയായ്കയാണെന്ന് വൃഥാ ആശ്വസിച്ചു. അതിനാൽതന്നെ യാത്ര ഇപ്പോഴും സ്വസ്ഥം. സ്വയം പരിതപിക്കുന്പോൾ അയാളുടെ ശുഷ്കിച്ച കൺകോണുകളിൽ നനവ് പടർന്നുതുടങ്ങിയിരുന്നു.
ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ കോലാഹലമോ ,തട്ടിയും മുട്ടിയും തന്നെ കടന്നുപോകുന്ന നടപ്പുയാത്രികരുടെ തത്രപ്പാടോ അയാൾ അറിയുന്നതേയില്ല .ഭൂതകാല സ്മരണകളുടെ കയത്തിൽ മുങ്ങിപൊങ്ങി മറ്റൊരു ബംഗ്ലാവിനു മുന്പിൽ അയാൾ എത്തിപ്പെട്ടു. എന്തായാലും ഗേറ്റ് മലർക്കെ തുറന്നുകിടക്കുകയാണ് .ഒരുപക്ഷേ ഇത് ഒരു മനുഷ്യസ്നേഹിയുടെ വീടാവാം ...പ്രതീക്ഷയുടെ പുതുനാന്പുകളുമായി ഗേറ്റും കടന്ന് അയാൾ പോർച്ചിലെത്തി .ചുമന്ന ബെൻസ് കാറിന്റെ ഓരം ചേർന്ന് കോളിങ്ബെല്ലിനരികിലേക്കു നീങ്ങി സ്വിച്ച് അമർത്തി .പൊടുന്നനെ കതകുതുറന്ന് മധ്യവയസ്കനും ഗാംഭീര്യപ്രകൃതക്കാരനുമായ ഗൃഹനാഥൻ പാന്റ്സും ഷർട്ടും ധരിച്ചു മൊബൈൽഫോണിൽ കിന്നാരം മൂളി പുറത്തേക്കു വന്നു .ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന പോലെ ആകെക്കൂടി പൊങ്ങച്ചത്തിന്റെ ഒരാൾരൂപം ....
മുഷിഞ്ഞു പ്രകൃതനായി മുന്നിൽ നിൽക്കുന്ന മനുഷ്യക്കോലം ഗൃഹനാഥനിൽ ഈർഷ്യ ജനിപ്പിച്ചു. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ഒരു വെള്ളിനാണയം തപ്പിയെടുത്തു അയാളുടെ ചുക്കിച്ചുളിഞ്ഞു നിറം മങ്ങിയ കൈത്തണ്ടയിലേക്ക് തീണ്ടാരിയെന്നപോലെ ഇട്ടുകൊടുക്കുന്പോൾ തടിച്ച അധരങ്ങൾ വിറകൊണ്ടു ."രാവിലെ ഇറങ്ങിക്കോളും ...തെണ്ടനാണോ...കക്കാനാണോയെന്നാർക്കറിയാം ....വേഗം പൊയ്‌ക്കോ .."
അഗ്നിക്കിരയായ പ്രതീക്ഷയും നെഞ്ചിലേറ്റി,ആവുന്നത്ര വേഗത്തിൽ ഗേറ്റു കടക്കാൻ ശ്രമിക്കുന്പോൾ ഗൃഹനാഥൻ തന്റെ കാറിൽ അയാളെ തൊട്ടുരുമ്മിയെന്നപോലെ പൊടിപടലം പടർത്തിക്കൊണ്ടു ഗേറ്റും കടന്നു മുന്നോട്ടുപാഞ്ഞു .
നിമിഷാർദ്ധം ആരോ ഗേറ്റ് അടച്ചുപൂട്ടുന്നതും അയാൾ കണ്ടു.തുറന്നുകിടന്ന ഗേറ്റിനു വേണ്ടാത്ത അർത്ഥം കൊടുത്തത് തന്റെ വലിയ പിഴ ...!വിശപ്പിനും ദാഹത്തിനുംമേൽ ഉയർന്നുനിൽക്കുന്ന അയാളുടെ ആത്മഗതം ....!
അല്പമെങ്കിലും മുന്നോട്ടുപോകാൻ ആവതില്ലെന്നു തോന്നിയ നിമിഷങ്ങൾ ....പാതയോരത്തെ ഇലകൊഴിഞ്ഞ പടുമരച്ചുവട്ടിലെ ഉരുളൻ കല്ലും പൂഴിമണ്ണും ഇടകലർന്ന നിലത്തേക്ക് സ്ഥലകാലബോധമന്യേ തളർന്നിരുന്നു .ജീവിതത്തിനും മരണത്തിനുമിടയിലെ നിർവികാരതയുടെ നിമിഷങ്ങൾ...!അതെ അപ്പോൾ അയാൾക്കും ആ മരത്തിനും തലേവര ഒന്നുതന്നെ...!
"എന്താ ഇങ്ങനെ ഇരിക്കുന്നത്...?സുഖമില്ലേ...?" തോളിൽ ആരുടെയോ കരസ്പർശത്തോടൊപ്പം ഒരു സ്‍ത്രീശബ്ദവും .
"കുടിക്കാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ " സ്നേഹപൂർവമുള്ള ഒരന്വേഷണനത്തിനു മുൻപിൽ അയാളുടെ നേർത്ത സ്വരം .
ഇദ്ദേഹം ആകെ ക്ഷീണിതൻ തന്നെ ....നിസ്സഹായതയുടെയോ ദാരിദ്ര്യത്തിന്റെയോ ആഴങ്ങളിൽ അകപ്പെട്ടു പോയ ഒരു നിർഭാഗ്യവാൻ ...അല്ലെങ്കിൽ തന്നെ ഭാഗ്യനിർഭാഗ്യങ്ങളുടെ ലോട്ടറിടിക്കറ്റുകളായി മാറുകയാണ് ചില മനുഷ്യജീവിതങ്ങളും ....ഓർമ്മകൾക്കൊപ്പം അവൾ അടുത്ത ചായക്കടയിലേക്കോടി .ചായയും പലഹാരവും വാങ്ങിവന്ന് അയാൾക്ക് നൽകി .വിറയാർന്ന കൈകൾ കൊണ്ട് അയാൾ അത് കുടിക്കാൻ പാടുപെടുന്പോൾ ,ഗ്ലാസിൽ പിടിച്ചു അയാളെ അത് കുടിപ്പിക്കാൻ സഹായിയായി മാറിയ നിമിഷം ,പൈദാഹങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ ഒരു മനുഷ്യന്റെ ശ്യോച്യാവസ്ഥ അവൾക്ക് നൊന്പരമായി മാറി ...അയാൾ തന്റെ ആരോ ആണെന്ന തോന്നൽ മിഴികളെ ഈറനണിയിച്ചു .
ഇദ്ദേഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്‌യാൻ മനസ്സ് വെന്പുകയാണ് .ഇരുണ്ട ജീവിതയാഥാർഥ്യങ്ങൾ മനഃസാക്ഷിക്കുമേൽ പതിവിടർത്തി നിൽക്കുന്പോൾ തന്റെ റോൾ ഇവിടെ പൂർണ്ണമാകുന്നു വേദനയിൽ കുതിർന്ന അവളുടെ ഓർമ്മകൾ ...
വിങ്ങിനിന്ന കാർമേഘം മെല്ലെ നനഞ്ഞിറങ്ങുകയാണ് .തൊട്ടടുത്ത തീർത്ഥാടനകേന്ദ്രത്തിൽനിന്നു നന്മയെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്നത് കേൾക്കാം .അവിടേക്കു ഭക്‌തജനങ്ങൾ വാഹനത്തിലും കാൽനടയായും ഒഴുകുകയാണ് .
താനും ആയാലും ആ ചാറ്റൽ മഴയിൽ യാത്രക്കാർക്കു മാർഗ്ഗതടസ്സം സൃഷ്ടിക്കുകയായാണെന്ന് ചിലരുടെ പിറുപിറുക്കലും തുറിച്ചുനോട്ടവും കണ്ടു അവൾക്കു മനസ്സിലായി .
നന്മയെന്തെന്നു ഗ്രഹിക്കാൻ കഴിയാത്ത മനുഷ്യരുടെ തിരക്കിലേക്ക് അവൾ നടന്നുമറഞ്ഞു .അപ്പോഴും അവളുടെ ഉള്ളിൽ ഒരു തേങ്ങൽ ബാക്കി നിന്നു....