ആര്‍.ഐ.പി - റെസ്റ്റ് ഇന്‍ പേപ്പേഴ്സ്
അയാള്‍ ഒരു കഥാകാരനായിരുന്നു. അനന്തമായ ചിന്തകളുടെ ചക്രവാളത്തിന്‍റെ അതിരുകളില്‍ ഇരുന്ന് ആകാശത്തേയ്ക്ക് കാല്‍നീട്ടി, നക്ഷത്രങ്ങളെണ്ണി തന്‍റെ കഥാപാത്രങ്ങളെ ആവാഹിക്കുകയായിരുന്നു അയാള്‍. സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മനസ്സിലുണ്ടാക്കിയ സംഘര്‍ഷങ്ങള്‍ കഥാഗതിയെ ബലഹീനതയിലേയ്ക്ക് നയിച്ചു. നട്ടെല്ലില്ലാത്തവയും ചങ്കുറപ്പില്ലാത്തവയുമായ കഥാപാത്രങ്ങള്‍ പിറന്നു. അതുണ്ടാക്കിയ നിരാശ, മനസ്സിന്‍റെ ചുമരുകളില്‍ ഭ്രാന്തിന് അള്ളിക്കയറുവാനുള്ള കൂര്‍ത്ത നഖങ്ങള്‍ നല്‍കി.
പക്ഷേ അതിനെല്ലാം അയാള്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി. സിഗരറ്റിന്‍റെ ധൂമപാളികൾക്കിടയിലൂടെ പുറത്തുവന്ന ബീജങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് ഉറച്ച ജീവന്‍ നല്‍കി. കഥാഗതികളിലൂടെ അവ കഥാതന്തുക്കളുമായി സമന്വയിച്ചു. പുകയിലയിലൂടെ അയാള്‍ തന്‍റെ ശക്തി വളരെ വിദഗ്ദ്ധമായി അവയിലേയ്ക്ക് പകര്‍ന്നു കൊടുത്തു. അങ്ങനെ നോവല്‍ പൂര്‍ത്തിയാക്കുകയും പ്രസിദ്ധീകരിക്കുകയും അവയെല്ലാം വിറ്റഴിയുകയും ചെയ്തു. പതിയെ അയാള്‍ നല്ലൊരു നോവലിസ്റ്റായി മാറി.
അതിനിടെ അയാള്‍ മറ്റൊരു എഴുത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാലപ്പോഴെയ്ക്കും പുകയിലയുടെ കുഞ്ഞുങ്ങള്‍ക്ക് ചലനശേഷി കുറഞ്ഞു തുടങ്ങിയിരുന്നു. എന്നാലയാൾ അതിനും പരിഹാരം കണ്ടെത്തി. മദ്യത്തിന്‍റെ സങ്കരസ്വഭാവമുള്ള ജാരസന്തതികള്‍ കഥാപാത്രങ്ങളെ മുന്‍പത്തേതിനേക്കാള്‍ മികവുറ്റതാക്കി. ആ കഥയും മികച്ചതായിരുന്നു. കാരണം മദ്യമെന്ന ഉന്മാദം പകര്‍ന്നു നല്‍കിയ ചാലകശക്തി. കാലംപതിയെ കടന്നുപോയ്ക്കൊണ്ടിരുന്നു.
വീണ്ടുമൊരു കഥയ്ക്ക് വേണ്ടി അയാള്‍ തന്‍റെ ചിന്തകളുടെ തുരുമ്പിച്ച വാതിലുകള്‍ പതിയെ തുറക്കാൻ ശ്രമിച്ചു. അയാള്‍ അസ്തമനത്തിന്റെ മങ്ങിയ വെളിച്ചത്തില്‍ കഥാബീജങ്ങളും സംഭാഷണതന്തുക്കളുമായി യോജിപ്പിക്കുവാന്‍ തുടങ്ങി. പക്ഷേ ജനിച്ച ഒട്ടുമിക്കവയും ചാപിള്ളകളായി. മറ്റു ചിലവ മുരടരും, മുടന്തരുമൊക്കെ ആയി. ഒടുക്കം അതിനും അയാള്‍ പരിഹാരം കണ്ടെത്തി.
സിഗരറ്റും, മദ്യവും നല്‍കിയ മൃതത്വം ആത്മാവിനെ ബാധിച്ചിട്ടില്ലാത്തതിനാല്‍ അയാള്‍ ആ കഥയ്ക്ക് തന്‍റെ ആത്മാവിനെ നല്‍കി. കഥാപാത്രങ്ങള്‍ ബലവാന്മാരായിരുന്നു. പക്ഷേ കഥ പൂര്‍ത്തിയാക്കാതെ അയാളുടെ, മരണത്തിന്‍റെ പേടകം, മേഘങ്ങളെയും നക്ഷത്രങ്ങളെയും തഴുകി അകലങ്ങളിലെ ഭൂമിയെ നോക്കി മന്ദഹസിച്ചു.
പക്ഷേ അയാള്‍ മരണത്തിന്‍റെ പേടകത്തെയും കബളിപ്പിച്ചു. മരണത്തിന്‍റെ പേടകത്തില്‍ അയാളുടെ ആത്മാവില്ലാത്ത ആ വൃത്തികെട്ട ശവം ചീഞ്ഞുതുടങ്ങിയിരുന്നു.
ഈ കഥ കേട്ടുകൊണ്ടിരുന്ന എന്‍റെ സുഹൃത്ത് എന്നോട് ചോദിച്ചു- “അപ്പോള്‍ അയാള്‍ ‘ആര്‍.ഐ.പി’ ആയല്ലേ?
“അതെ അയാള്‍ ആര്‍.ഐ.പി ആയി, ഹീ ഈസ് റെസ്റ്റ് ഇന്‍ പേപ്പേഴ്സ്.... ആ ആത്മാവ് തന്‍റെ പൂര്‍ത്തിയാകാത്ത കഥയിലെ പേപ്പറുകളില്‍ വിശ്രമിക്കുന്നു, ആത്മാവില്ലാത്ത മരണത്തിന്‍റെ പേടകം അയാളിനാല്‍ കബളിക്കപ്പെട്ടിരിക്കുന്നു”.