കഥാജാലകം

View Original

നീ സുന്ദരിയാണെന്ന് മന്ത്രിക്കുമ്പോൾ

ഫ്ലൈറ്റില്‍ കയറി സീറ്റ് ബെല്‍റ്റ്‌ ഇട്ടു തിരിഞ്ഞപ്പോള്‍ ആണ് അവന്‍ അടുത്തിരിയ്കുന്ന പെണ്‍കുട്ടിയെ കണ്ടത് .സുന്ദരിയായ പെണ്‍കുട്ടി. അവളിങ്ങനെ മൊബൈലില്‍ പാട്ടും കേട്ട് ഇരിയ്കുകയാണ്. ഫ്ലൈറ്റില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പുള്ള നിര്‍ദേശങ്ങള്‍ ഒക്കെ വന്നു കൊണ്ടിരുന്നു. എല്ലാരും മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ആക്കാനുള്ള നിര്‍ദേശം വന്നിട്ടും, അവന്റെ അടുത്തിരിയ്കുന്ന കുട്ടിയ്ക് ഒരു കുലുക്കവും ഇല്ല. അവന്‍ അത് ശ്രദ്ധിച്ചു. എന്നിട്ട്  അവളോട്‌ അത് ഓഫ്‌ ചെയാന്‍ ആവശ്യപെട്ടു. അവള്‍ നീരസത്തോടെ ഫോൺ ഓഫ്‌ ചെയ്തു വയ്ക്കുന്നതിനിടെ അയാളെ ദേഷ്യത്തോടെ നോക്കി പതിയെപ്പറഞ്ഞു.

"പിന്നെ ഞാന്‍ എത്ര തവണ ഓണ്‍ ആക്കി വെച്ചിരിയ്കുന്നു. ഇത് വരെ വിമാനം പൊട്ടി തെറിച്ചിട്ടില്ല. നല്ല പാട്ടായിരുന്നു. കാലമാടന്‍. ഞാന്‍ ഇനി ബോറടിച്ചു ചാവും". അവളിങ്ങനെ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി പിറുപിറുത്തുകൊണ്ടേ ഇരുന്നു.

 ഫ്ലൈറ്റ് പതിയെ റൺവേയിലൂടെ തെന്നിനീങ്ങുന്നതിന്റെ വിറയൽ കാലിലൂടെ കയറി ശിരസ്സിലെത്തി.  പൊടുന്നനെയത് മുകളിലേയ്ക്ക് മൂക്കുയർത്തി അനന്തവിഹായസ്സിലൂടെ പറക്കാന്‍ തുടങ്ങി.

എല്ലാരും സീറ്റ് ബെല്‍റ്റ്‌ അഴിച്ചു. അവനും ഒന്ന് ശ്വാസം നേരെ വീണു. ആരും നോക്കുന്നില്ല എന്നുറപ്പുവരുത്തിയതിനു ശേഷം തല ഒരുവശത്തേയ്ക് ചരിച്ച് അവളെ നോക്കി. അവള്‍ അല്പം ഗൌരവത്തില്‍തന്നെ ഇരിയ്കുകയാണ്.

ചെറിയൊരു ചമ്മലോടെ അവന്‍ അവളെ നോക്കി സ്വയം പരിചയപ്പെടുത്തി. "ഞാന്‍ ഗൌതം", "കുട്ടിയുടെ പേര്?

അവള്‍ മനസ്സില്ല മനസ്സോടെ പറഞ്ഞു "വര്‍ഷ "

ഗൌതം :"നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാം. എന്തായാലും മൂന്നുനാലു മണിക്കൂറുണ്ട്"

അവള്‍ വലിയ താല്പര്യം കാണിക്കാതെ പറഞ്ഞു. "എന്ത് സംസാരിക്കാന്‍? എനിക്ക് നല്ല തലവേദനയുണ്ട്. ഐ തിങ്ക്, ഐ നീഡ് എ ബ്രേക്ക്". 

അവന്‍ മറുപടി പറഞ്ഞു. "ഓക്കേ...എന്റെ കയില്‍ ടാബ്ലെറ്റ് ഉണ്ട്. വേണോ? ചിലര്‍ക്ക് അങ്ങനാ.. ഫൈറ്റില്‍ കയറിയാല്‍ തലവേദനയെടുക്കും".

അവള്‍ പറഞ്ഞു."വേണ്ട. കുറച്ചു നേരം കണ്ണടച്ചിരുന്നാല്‍ മാറിക്കോളും "

അവള്‍ അങ്ങനെ കണ്ണുമടച്ചിരുന്നു.

"എന്നോട് ദേഷ്യമായോ?" എന്ന അവന്റെ ചോദ്യം കേട്ടാണ്  അവള്‍ കണ്ണുതുറന്നത്.

അവള്‍ ഇല്ല എന്ന അർഥത്തിൽ തലവെട്ടിച്ചുകൊണ്ട് ചോദിച്ചു. "എന്തിനു ..?"

"അല്ല മൊബൈല്‍ ഓഫ്‌ ആക്കാന്‍ പറഞ്ഞതിന്"

"ഹേയ് ഇല്ല .."

അവന്‍ വീണ്ടും ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അവളാണെങ്കിൽ മിക്കചോദ്യങ്ങൾക്കുമുള്ള മറുപടികൾ ഒരു തലയാട്ടലിൽ ഒതുക്കി. അല്ലെങ്കിൽ ഒരു മൂളൽ. 

ഒട്ടുമിക്ക പുരുഷന്മാരും ചോദിയ്കുന്ന ഒരു ചോദ്യത്തില്‍ അവസാനം അവനും എത്തിനിന്നു.

"കല്യാണം കഴിഞ്ഞിട്ടില്ലല്ലേ"?

അവള്‍ കവിളിണകളിൽ മിന്നിമറഞ്ഞ കള്ളനാണത്തെ ഒരുനറുപുഞ്ചിരിയിലൊളിപ്പിച്ചുകൊണ്ടു പറഞ്ഞു.  "ഇല്ല. നിശ്ചയം കഴിഞ്ഞതെ ഉള്ളു. കല്യാണം അടുത്ത മാസം ആണ്.

ഗൌതം: "എന്താ ചെക്കന്റെ പേര്?'

അവള്‍ പറഞ്ഞു: "ജീവന്‍"

അവള്‍ ചോദിച്ചു: "താങ്കളുടെയോ?"

ഗൌതം: എന്റെ കല്യാണം ഒരു വർഷം മുന്‍പേ കഴിഞ്ഞു. ഈ മാസം അവളുടെ കടിഞ്ഞൂൽ പ്രസവമാണ്. ഈ യാത്ര അവൾക്കുവേണ്ടിയാണ്.

അവള്‍ തിടുക്കത്തിൽ ചോദിച്ചു: "ഭാര്യയുടെ പേര്?"

"ലവ് മാര്യേജ് ആയിരുന്നോ?". പെട്ടന്നവൾ ഉന്മേഷവതിയായി. 

"അല്ല. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ശരിയ്കും ലവേഴ്സാണ്.. അവളെ ആദ്യനോട്ടത്തിലേ എനിക്കിഷ്ടമായിരുന്നു. ചുരുണ്ടു നീണ്ട മുടിയിഴകള്‍ മുഖത്തേക്ക് വീഴുമ്പോള്‍ അവളതിങ്ങനെ കൈവിരലുകൾ കൊണ്ട് പിന്നിലേക്കൊതുക്കിവയ്ക്കുന്നത് കാണാന്‍ എന്തു രസമായിരുന്നു..പിന്നെ അവളുടെ നാണം. നീ സുന്ദരിയാണെന്ന് ചെവിയോരം ചേർന്ന് പതിയെ മന്ത്രിക്കുമ്പോൾ കാണാമായിരുന്നു, അവളുടെ കവിളുകളിലെ ഒരു നൂറ് സ്വർണ്ണനക്ഷത്രത്തിളക്കങ്ങൾ".

വര്‍ഷ ഒരു ചെറുപുഞ്ചിരിയോടെ ഒക്കെ കേട്ടിരുന്നു. പെട്ടെന്ന് അവന്‍ നിര്‍ത്തി. "സോറി ഞാന്‍ കുറച്ചു ഓവര്‍ ആക്കി അല്ലെ ..?"

അവള്‍ പറഞ്ഞു. "ഹേയ് സാരമില്ല. കേള്‍ക്കാന്‍ രസമുണ്ടായിരുന്നു. എന്റെ കാര്യവും ഇതു പോലെതന്നെയാണ്. ഞങ്ങള്‍ തമ്മില്‍ സംസാരിക്കാതെ വെറുതെ നോക്കിയിരുന്നാല്‍ മതി, സമയം പോകുന്നതറിയില്ല. നിശ്ചയം കഴിഞ്ഞ് കല്യാണം വരെ ഉള്ള സമയം നൂറ്റാണ്ടുകളായാണ് തോന്നുന്നത്".

അങ്ങനെ രണ്ടാളും അവരവരുടെ ഇണകളെ കുറിച്ച് വാതോരാതെ സംസാരിച്ചു മത്സരിച്ചുകൊണ്ടിരുന്നു. നെടുമ്പാശ്ശേരി എയർപ്പോർട്ടിലെത്തി ലഗേജ് കളക്റ്റ് ചെയ്യുന്ന കൺവെയർ ബെൽറ്റുകളുടെ ഇരുവശത്തുമായി നിലയുറപ്പിച്ചപ്പോഴും ഫോണ്‍ നമ്പരോ മേല്‍വിലാസമോ ഒന്നും കൈമാറാതെ ഒടുക്കമൊന്ന് കൈയുയർത്തിക്കാണിച്ച് അയാൾ പുറത്തുള്ള തിരക്കുകളിലേക്ക് നടന്നുമറഞ്ഞു.

-------

രണ്ടു ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു സായാഹ്നം.

വര്‍ഷ ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍കുകയാണ്‌. അവളുടെ മനസ്സ് നിറയെ. ഇപ്പോഴും ഗൌതവും അവന്റെ ഭാര്യ വിചിത്രയും ആയിരുന്നു. വിചിത്ര എത്ര ഭാഗ്യവതി ആണ്. അവന്റെ സ്നേഹം എത്ര തീവ്രമാണ്. അവനെപ്പോലെ ഒരാള്‍ ആയിരിക്കണമേ ദൈവമേ എന്റെ ഭര്‍ത്താവും". 

പെട്ടന്ന് അമ്മ പിന്നില്‍ നിന്നും അവളെ വിളിച്ചു നീ ഇങ്ങനെ സ്വപ്നം കണ്ടു നില്കുവാണോ? അവര്‍ ഇപ്പോള്‍ വരും. നിന്നെ പെണ്ണ് കാണാന്‍. മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്നു. കുറച്ചു പേര്‍ പുറത്തേയ്ക്ക് ഇറങ്ങി. കാരണവന്മാര്‍ അവരെ സ്വീകരിച്ച് കുശലാന്വേഷണം നടത്തുന്നു.

അവള്‍ ചായയുമായി വന്നു. ചെക്കനെ കണ്ടതും ഒന്ന് ഞെട്ടി. ഇതാ മുൻപിൽ ഗൗതം. അവനും ഒന്ന് അമ്പരന്നു.  കാരണവന്മാര്‍ ചെക്കനും പെണ്ണിനും തനിച്ചു സംസാരിയ്ക്കുവാനുള്ള അവസരമൊരുക്കി. അതിനായി രണ്ടാളും അക്ഷമരായി കാത്തിരിക്കുകയായിരുന്നു.

തനിച്ചായപ്പോള്‍ അവള്‍ അവനോടു ചോദിച്ചു. "വിചിത്ര .....?"

അവൻ തെല്ലു ജാള്യതയോടെ പറഞ്ഞു. "വിചിത്ര എന്റെ കാൽപ്പനിക പ്രണയിനിയാണ്. ഇനിയുള്ള കാലം മുഴുവൻ ഞാൻ പ്രണയിക്കുന്ന എന്റെ പ്രിയതമ".

പിന്നെയവൻ അവളോട്‌ ചോദിച്ചു. "അപ്പോൾ നിന്റെ ജീവനോ?"

"എന്റെ സ്വപ്നത്തിലെ രാജകുമാരൻ. അത് മറ്റാരുമല്ലായിരുന്നു.  നീ സുന്ദരിയാണെന്ന് ചെവിയോരം ചേർന്ന് പതിയെ മന്ത്രിക്കുന്ന നി തന്നെയായിരുന്നു അവൻ". 

അവളോട് യാത്രപറഞ്ഞിറങ്ങുമ്പോൾ അവന്റെ മനസ്സ് നിറയെ അവളുടെ ചുരുണ്ടു നീണ്ട മുടിയിഴകളായിരുന്നു. രണ്ടാഴ്ച മുൻപ് പെൺകുട്ടിയുടെ ഫോട്ടോയിലൊന്ന് വാട്സാപ്പിൽ അയച്ചുതരാമെന്ന അമ്മയുടെ സ്നേഹസന്ദേശത്തിന്, "വേണ്ടമ്മേ, ഞാനവളെ വന്ന് നേരിൽ കണ്ടോളാം", എന്ന പഴഞ്ചൻ മറുപടികൊണ്ടുണ്ടായ ഈ അതിനാടകീയത അവന്റെ മനസ്സിൽ ഒരു ചെറുപുഞ്ചിരിയായി നിറഞ്ഞു നിന്നു. ബ്യുട്ടി, അൺസംഗ് ആൻഡ് അൺസീൻ!