ഒന്നിൽ നിന്ന് മൂന്നിലേക്ക്
ഒന്നിൽ നിന്ന് എങ്ങനെ മൂന്നിലേക്കു വരും..?
രണ്ടു പേർ പിരിഞ്ഞു രണ്ടിനെ കടന്നു പോകണം..!!"രണ്ടു പേർ പിരിയുന്നു.." എന്നെ സംബന്ധിച്ചിടത്തോളം വാചകത്തിൽ ഒരു പുതുമയും തോന്നുന്നില്ല. പക്ഷെ എന്റെ നായകന് ഇതൊരു പുതിയ കാര്യം തന്നെയാണ്. ആദ്യ പ്രണയിനിയുടെ ആദ്യ പ്രണയത്തിന്റെ ആദ്യ പ്രണയ നഷ്ടം. സ്വാഭാവികമായും രണ്ടു പേരിൽ ഒന്ന് അവനും രണ്ടു അവളുമാണല്ലോ. അവർക്കിടയിലേക്ക് മറ്റൊരാൾ കടന്നു വരുന്നു. ഒരു ബാങ്ക് ഉദ്യോഗസ്ഥൻ. അയാളാണിവിടെ മൂന്ന്. അങ്ങനെ ഒന്നിനെയും മൂന്നിനേയും തമ്മിൽ കുറച്ചു കാരണവന്മാരുടെ മാത്രം സാന്നിധ്യത്തിൽ, അവരുടേത് മാത്രമായ 'ജീവിത ലിപികൾ' തമ്മിൽ കൂട്ടിക്കെട്ടി. അവിടെ രണ്ടും മൂന്നും ചേരുന്നു, ഒന്ന് ഒറ്റപ്പെടുന്നു.
പെൺകുട്ടി പതിയെ മൂന്നുമായി പൊരുത്തപ്പെട്ടു തുടങ്ങുന്നു. എറണാകുളം നഗരിയുടെ ഹൃദയ ഭാഗത്തുള്ള ഒരു നവയുഗ ബാങ്കിലെ നല്ലൊരു ഉദ്യോഗത്തിലാണ് പുതിയ ആള്. നല്ല ജോലി, സൗന്ദര്യം, പെരുമാറ്റം, വീട്ടുകാർ. വലതു കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന ഒരു പെണ്ണിന്റെ ആഗ്രഹങ്ങളെല്ലാം ആദ്യകാഴ്ചയിൽ തന്നെയുണ്ട്. നിശ്ചയത്തിന് ശേഷം പതിയെ ഒന്നിനെ മറന്നു രണ്ടിന്റെ ജീവിതം മൂന്നിലേക്കൊതുങ്ങുന്നു. കാരണം ഇനിയങ്ങോട്ട് ജീവിതാവസാനം വരെ അതാണല്ലോ അവളുടെ ജീവിതം. ബാങ്കിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമാറ്റത്തിന്റെ കാലമായത് കൊണ്ട് തന്നെ മൂന്നിന്റെ പകലുകൾ തിരക്കേറിയതായിരുന്നു. ഇതിനിടയിലും അയാൾ അവൾക്കു വേണ്ടി ചിലവഴിക്കാൻ കുറേ സമയം കണ്ടെത്തി. നിശ്ചയം മുതൽ കല്യാണം വരെയുള്ള ദൂരം പൊതുവേ 'ഫോൺ ഹണിമൂണാണ്'. ബാങ്കിലെ ഒഴിവു സമയങ്ങളിൽ , കഫെറ്റീരിയയിലെ ചൂടുപറക്കുന്ന ചായയ്ക്കുള്ളിൽ, വീടിന്റെ ഉച്ചിയിൽ. അങ്ങനെ എല്ലാ ബന്ധത്തിലേയും പോലെ ഫോൺ ആയിരുന്നു ഇവിടെയും മദ്ധ്യ-മാധ്യമം. അവളുടേത് പുതിയ ഫോണായിരുന്നു. 'ചൈന'യുടെ അതുവരെയുണ്ടായിരുന്ന പേരിനു തന്നെ പേരുദോഷം കേൾപ്പിച്ചു വിപണി കീഴടക്കിയ 'റെഡ്മി നോട്ട് ത്രീ' അയാൾ അവൾക്കു വേണ്ടി ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കി, നിശ്ചയം കഴിഞ്ഞു വസ്തു സ്വന്തം പേരിലായ ഉടൻ മൂന്ന് രണ്ടിന് അത് സമ്മാനിച്ചു. നല്ലൊരുതരം അപ്‌ഗ്രേഡിങ് തന്നെയായിരുന്നു എല്ലാ തരത്തിലും. പഴയ കൂടെ കൂടെ ഹാങ്ങാവാറുള്ള ലെനോവോയുടെ ഒരു ഓൾഡ് മോഡലിൽ നിന്നുമായിരുന്നു വർഷങ്ങളോളം രണ്ടും ഒന്നും പരസ്പരം ബന്ധപ്പെട്ടത്. അവരുടെ ചാറ്റിംഗുകളുടെ ഇടയ്ക്ക് ലെനോവോ പണിമുടക്കി സമരം കിടക്കും. ഏതായാലും പുതിയ ഫോൺ ഒന്നിന്റെ മൂന്നുമായുള്ള പുതിയ ബന്ധത്തിൽ തടസങ്ങൾ ഉണ്ടാക്കില്ലെന്ന് ഞാൻ പ്രത്യാശിക്കട്ടെ..!!
ഒന്നും രണ്ടും മൂന്നുമൊക്കെ പഠിച്ചത് ഒന്നാണ്. എം.ബി.എ. അല്ലെങ്കിലും എം.ബി.എ. പഠിച്ച പെണ്ണിന് ബാങ്ക് ജോലിക്കാരനൊക്കെ തന്നെയാണ് ഏറ്റവും നല്ല ചേർച്ച. ഒന്നുമായും ചേർച്ച കുറവൊന്നും തന്നെയില്ല. അല്ല, ഞാൻ പറഞ്ഞല്ലോ ഒന്നാമനും പഠിച്ചതും എം.ബി.എ. ആണ്. അതും അവൾക്കൊപ്പം. ഒരേ കോളേജിൽ, ഒരേ ബാച്ചിൽ, ഒരേ ക്ലാസ്സിൽ, എതിർ ബഞ്ചുകളിൽ. പക്ഷേ അവൻ പഠിച്ചുവെന്നത് ഗ്രാമാറ്റിക്കലി തെറ്റാണ്.
ഫെബ്രുവരിയിൽ അവരുടെ വിവാഹം നടന്നു. പരീക്കുട്ടികളില്ലാത്ത പുതിയ കാലത്ത് അവൻ വെള്ള ഷർട്ടിട്ടു കല്യാണം കൂടി. പുതിയ പ്രതീക്ഷയുടെ, ശുഭാരംഭങ്ങളുടെ കുറിപ്പടിയാവണം ആ വെള്ള.
കതിർമണ്ഡപത്തിൽ കഴുത്തു കുനിയും വരെ രണ്ടു ഒന്നിന്റെ കാമുകി തന്നെയാണ്. അടുത്ത മാത്ര അവളെ മൂന്ന് സ്വന്തമാക്കുന്നു. ഒന്നിന്റെ ദിനങ്ങൾ പിന്നീട് ഒറ്റപ്പെടലിന്റെതാവുന്നു. ഇന്നലെവരെ അവനും അവളും ഒരൊറ്റ ലോകമായിരുന്നു. ആ ഒരൊറ്റ ലോകത്തു ഒറ്റയായി 'ഒന്ന്' ഒറ്റയ്ക്കിരുന്നു. സദാചാര പറമ്പിന്റെ വടക്കേ മൂലയ്ക്ക് നിന്ന് ഞാനിതെഴുതുന്നത് കൊണ്ട് അവരുടെ ആദ്യത്തെ കുറച്ചു രാത്രികളെ അക്ഷരങ്ങളാക്കുന്നില്ല. അടുത്തയാഴ്ച അയാൾ അവളെയും കൂട്ടി എറണാകുളത്തേക്കു പോയി. ഒരു നഗരത്തിരക്കിൽ അവരും ആരെയുമറിയാത്തവരും, ആർക്കുമറിയാത്തവരും ആയി. ഒരു വലിയ കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഒരു 'നിലയുമില്ലാത്ത' ജീവിതം അവൾക്കു പെട്ടെന്ന് മടുത്തു. അയാൾ രാവിലെ ജോലിയ്ക്ക് പോകുന്നു. ഓഫീസിൽ കൂട്ടിയിട്ടു കിടക്കുന്ന ഒരു വിലയുമില്ലാത്ത അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ. ഇയാളുടെ മനസ്സിൽ ഈ സമയങ്ങളിൽ ഒന്നും രണ്ടും പൂജ്യവും എല്ലാത്തിനും മുകളിൽ ഗാന്ധിജിയും കൂടി ഉൾപ്പെടുന്ന കണക്കുകൾ മാത്രമായി. അവളാണെങ്കിൽ അപ്പുറത്തു റൂമിന്റെ ചതുര വിസ്തീർണങ്ങളിൽ വെറുതെയിരുന്നു. അവൾ തന്നെ ഭക്ഷണം ഉണ്ടാക്കും, കഴിക്കും, ഉറങ്ങും, ടി.വി കാണും, ഫേസ്ബുക്ക് നോക്കും. ഇതൊക്കെ ആവർത്തിക്കും. ആദ്യ ദിവസങ്ങളിൽ ഫേസ്ബുക്കിൽ അവൾ തന്റെയും അയാളുടെയും കല്യാണ ഫോട്ടോ ഡിസ്പ്ലേ, കവർ പിക്ച്ചറുകളൊക്കെയാക്കി. അതിനു വന്ന കമെന്റുകൾ വായിച്ചു ചിരിച്ചു, ആശംസകളിൽ സന്തോഷിച്ചു, ഭംഗിവാക്കുകളിൽ മതിമറന്നു. ഫോട്ടോയ്ക്ക് കിട്ടിയ അഞ്ഞൂറിനടത്തു ലൈക്കെന്ന ആൾക്കൂട്ടത്തിൽ ആ പഴയ അവനുമുണ്ടായിരുന്നു. അവൾ ഒരു കാലത്തെ തന്റെ എല്ലാമായിരുന്ന കാമുകന്റെ പ്രൊഫൈലിലേക്ക് ഊളിയിട്ടിറങ്ങി. ഒന്നും രണ്ടും മൂന്നുമടങ്ങുന്ന ഗണിത സമവാക്യത്തിനു ഒരു പുതിയ പൊളിച്ചെഴുത്ത്. അവൾ ഒന്നിന്റെ പ്രൊഫൈലെടുത്തു പഴയ മെസ്സേജുകൾ വായിച്ചിരിക്കുന്നത് തുടർ ദിവസങ്ങളിൽ ആവർത്തിക്കാറുള്ള ഒന്നാക്കി. അവനുമായുള്ള ഒരു നല്ല കാലത്തിന്റെ ആധാരമെഴുത്തായിരുന്നു ആ ചാറ്റ്ബോക്സ്. അവന്റെ പേരിനു നേരെ പച്ച കുത്തി കാണുന്നില്ലയിപ്പോൾ, അവന്റെ പ്രൊഫൈലുകളിൽ കാര്യമായ അപ്ഡേറ്റുകളുമൊന്നുമുണ്ടായിരുന്നില്ല. അവനും തിരക്കുകളിലാണ്. ആണിന്റെ തിരക്ക് തുടങ്ങുന്നതും പെണ്ണിന്റെ തിരക്ക് കഴിയുന്നതും ഇരുപത്തി മൂന്നിലാണ്. മറുപുറത്ത് മൂന്ന്, അയാളുമപ്പോൾ തിരക്കുകളിലായിരുന്നു. ബാങ്കിന്റെ അരിച്ചിറങ്ങുന്ന തണുപ്പിലും പുതിയ ഗണിത സമവാക്യങ്ങൾ കൂട്ടി കിഴിച്ചു വിയർത്തു. അയാൾ അണിഞ്ഞ ഓഫീസിന്റെ ടാഗും, അവളണിഞ്ഞ അയാളിട്ടു കൊടുത്ത താലിയും കുറിക്കുന്നത് ഉത്തരവാദിത്വങ്ങളെന്ന ഒന്നിലേക്കാണ് .
തന്റെ ഭർത്താവു രാത്രി ജോലി കഴിഞ്ഞു വരുന്ന സമയം വരെയായിരുന്നു അവൾക്കു ആ പഴയ 'അവനെ' ഓർത്തെടുക്കാനുള്ള സമയം. ഒന്നും രണ്ടും കണ്ടു മുട്ടുന്നത് ഒന്നുരണ്ട് അഴികൾ തുരുമ്പെടുത്ത മാർതോമസിന്റെ പിൻഗെയിറ്റിനരികിൽ വച്ചാണ്. അന്ന്, ആ പരസ്പരം അറിയാത്ത രണ്ടു പേരും മാർതോമസിന്റെ ഇടനാഴിയിൽ മൂന്ന് വർഷം ഒരേ ക്ലാസിലിരിക്കുന്നതിനിടയിൽ എന്നോ രണ്ടാൾക്കുമിടയിൽ 'ഒന്നായി' പ്രണയം തോന്നിത്തുടങ്ങുന്നു. പൊതുവേ ക്ലാസിൽ പരസ്പരം മിണ്ടാറില്ലായിരുന്നു, വൈകുന്നേരങ്ങളിൽ അവർ ചാറ്റ് ചെയ്യും. ഓൺലൈനിൽ തീരെ വ്യത്യസ്തമായ രണ്ടു പേരായി അവർ സംസാരിച്ചു കൊണ്ടിരുന്നു. എം.ബി.എ. ബിരുദം കഴിഞ്ഞുള്ള അനന്തരബിരുദമായതു കൊണ്ട്തന്നെ അവരുടെ സഹൃദത്തിനും സംസാരത്തിനും അതിനിടയിൽ കയറി വന്ന പ്രണയത്തിലുമൊക്കെ അവർ ഒരു പക്വത സൂക്ഷിച്ചു. വളരെ വേഗം ഓടിത്തീരുന്ന സെമെസ്റ്ററുകളെ പറ്റി, ആഴ്ചയിൽ വരാറുള്ള സെമിനാറുകൾ, ഇൻറ്റെണലുകൾ, ജൂനിയേഴ്സിനെ പറ്റി, മൂന്നാം സെമെസ്റ്ററിലെ എച്ച്. ആർ പേപ്പറിനെ പറ്റി, അവസാന സെമസ്റ്ററിൽ ഇലക്റ്റീവായി കയറിവന്ന മറ്റൊരു പേപ്പറിനെ പറ്റി, ഒടുവിൽ കോഴ്സ് കഴിഞ്ഞുള്ള വേർപിരിയലിന്റെ പറ്റി. പക്ഷെ വേര്പിരിയുമ്പോൾ വലിയ വിഷമമൊന്നും തോന്നിയില്ല. കാരണം അവർ സംസാരിച്ചതിലധികവും ചാറ്റ് ബോക്സിന്റെ ചതുരയിടത്തിലാണല്ലോ. ആ പച്ച വെളിച്ചം ഒരു കാലത്തും കെട്ടടങ്ങി അവരെ വേർപ്പെടുത്തില്ലയെന്ന് ഒന്നും രണ്ടും വിശ്വസിച്ചു. ആദ്യം തുടങ്ങിയ "ഹായ്" മുതൽ "ഗുഡ്നെറ്റ്" പറഞ്ഞു കഴിഞ്ഞിട്ടും ഉറങ്ങാതെ വെളുപ്പിച്ച രാത്രികൾ, നീയും ഞാനും "പറയാൻ" പരസ്പരം പറഞ്ഞു കൊണ്ടിരുന്നതും, ഒന്നും പറയാതെയായപ്പോൾ സ്മൈലികളെ പരസ്പരം പറത്തി വിട്ടതും. ആ മഞ്ഞ മൊട്ട തലയൻ ഈ മൂന്ന് വര്ഷങ്ങൾക്കിടയിൽ അവർക്കിടയിൽ ഒരാളായി. അവർക്കു വേണ്ടി ചിരിച്ചു, കരഞ്ഞു, ആശ്ചര്യപ്പെട്ടു, ദേഷ്യപ്പെട്ടു...
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു. വരാനുള്ളത് ഭർത്താവ് മാത്രമാണ്. മൂന്ന് അന്നും ക്ഷീണിതനായിരുന്നു. അയാൾ ടാഗും ഓഫീസ് ബാഗും സെൻട്രൽ ഹാളിലെ ദിവാനിലേക്കെറിഞ്ഞു. കുളിച്ചു വസ്ത്രം മാറുന്നതിനിടയിൽ അവൾക്ക് ഫേസ്ബുക്ക് ലോഗൗട്ട് ചെയ്തു ലാപ്പിന്റെ പവർ ഓഫാക്കാൻ സമയം കിട്ടി. തുടർന്ന് അവരൊരുമിച്ച് ഡൈനിങ്ങ് ടേബിളിനരികിലിരുന്നു. അവൾ രാവിലെ ഉണ്ടാക്കിയ തണുഞ്ഞ ചോറും, മോര് കറിയും പെട്ടെന്ന് കാച്ചിയ പപ്പടവും കഴിക്കുന്നിടത്തു ഈ കഥ അവസാനിക്കും. അപ്പോഴും എന്റെ ചോദ്യം അത് പോലെ ബാക്കിയാകും.
ഒന്നിൽ നിന്ന് എങ്ങനെ മൂന്നിലേക്കു വരും..?
ഈ കഥയിലെ കണക്കു പ്രകാരം ഒന്നിനെ പ്രാരാബ്ധം കൊണ്ട് ഗുണിക്കുമ്പോൾ മൂന്നാകും. ഒരുവിധം എല്ലാ ഇടത്തരക്കാരുടെയും അൽഗരിതം. ഒന്നും മൂന്നും ഒന്നായി, ഇമ്മിണി വലിയോരൊന്നാകുന്നിടത്ത് ഞാനിതു നിർത്തുന്നു. എന്നാൽ അതിനിടെ ആരോ പറഞ്ഞപോലെ, രണ്ടു നാലാവുന്ന പുതിയ കണക്ക് എനിക്കിപ്പോൾ പതിയെ കേൾക്കാനാവുന്നുണ്ട് . അവൾ(രണ്ടു) ഗുണം പത്തുമാസം.
ഹാ, സംഖ്യകളിങ്ങനെ വർദ്ധിച്ചു കൊണ്ടിരിക്കുന്നത് തന്നെയല്ലേ ജീവിത ഗണിതം...