മെട്രോ മരണം
എന്റെ മരണകുറിപ്പടിയുടെ അവസാനത്തിൽ നിന്നാണ് ഈ കഥയുടെ ആരംഭം. അതിങ്ങനെ എങ്ങനെയോ ആയിരുന്നു.
"തോറ്റു പോയവനാണ്. ഇത്ര കാലം കൊണ്ടും ഒന്നും ജീവിതത്തിൽ നേടിയില്ല. മരിക്കുന്നു. അതിലെങ്കിലും ജയിക്കണം.."
ഏതൊരു രാത്രി കഴിഞ്ഞുള്ള ദിവസത്തിലാണ്, പത്തു വാൾട്ട് ബൾബിന്റെ വെളിച്ചത്തിൽ ഞാൻ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ചുള്ള കുറിപ്പടി തയ്യാറാക്കുന്നത്.. ഞാനപ്പോൾ ആലുവയ്ക്ക് അടുത്തുള്ള, ഞാൻ മാത്രമുള്ള എന്റെ മുറിയിലായിരുന്നു താമസം. ഇതും ഈ മാസാവസാനത്തോടെ എന്റെ സ്വന്തമല്ലാതെയാകും. കാരണം ആറു മാസത്തേക്കുള്ള കോൺട്രാക്ട് കഴിഞ്ഞിരിക്കുന്നു. അപ്പോൾ എട്ടു മാസത്തോളമായിക്കാണും ഞാൻ എറണാകുളത്തേക്ക് വന്നിട്ട്. ഡിഗ്രി കഴിഞ്ഞു, വീട്ടിൽ ബാധ്യതയെന്നു സ്വയം തോന്നാൻ രണ്ടു വർഷങ്ങളെടുത്തു. കൂടെ പഠിച്ചൊരുത്തൻ കൊച്ചിയിൽ നല്ല ജോലിയിലാണ്. അവസാനം അവനാണ് പറഞ്ഞത് അങ്ങോട്ട് വരാൻ. അവിടെ അത്യാവശ്യം തൊഴിൽ സാധ്യതകളുണ്ട്. ഏതിടവും ഏകമായിരുന്ന ഞാൻ കൂട്ടുകാരന്റെ കൂടെയായി. അവൻ രാവിലെ ജോലിക്ക് പോകുന്നു. ഞാൻ റൂമിൽ തന്നെയിരിക്കുന്നു. ഇടയിൽ രണ്ടു മൂന്ന് ഇൻറ്റർവ്യൂകളൊക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. എല്ലാവരും എന്നോട് ചോദിച്ച രണ്ടു പൊതു ചോദ്യമുണ്ടായിരുന്നു:
"മാർക്ക് അമ്പതു ശതമാനാം ഇല്ലല്ലോ..?"
"അറിയില്ല. യൂണിവേഴ്സിറ്റി ഇട്ടതാണ്.."
"രണ്ടു വർഷം എന്ത് ചെയ്തു..?"
"വെറുതെയിരുന്നു.."
ആ ഉത്തരത്തുടർച്ചയെന്നോണം പിന്നെയും ഞാൻ അവന്റെ റൂമിൽ, എറണാകുളത്ത് വെറുതെയിരുന്നു. എന്റെ പ്രഭാതങ്ങൾ തുടങ്ങാൻ ഉച്ചയാകും.എഴുന്നേൽക്കുമ്പോൾ ചെലവിന് വേണ്ടി അവൻ തലയണയ്ക്ക് താഴെ നൂറുരൂപ വച്ചിട്ടുണ്ടാകും. ഞാൻ മത്തിയടക്കമുള്ള ഊണ് കഴിക്കുമ്പോൾ നാൽപതു രൂപ ബാക്കിയാകും. പിറ്റേദിവസം ഈ നാല്പതു വച്ചിട്ട് പൊറോട്ടയും സെപ്പറേറ്റ് ഗ്രേവിയും വയ്ക്കും. അതിന്റെ പിറ്റേന്ന് കൂട്ടുകാരൻ ഇതുപോലെ അവൻ നൂറുരൂപ വയ്ക്കും, ഞാനിതു ആവർത്തിക്കും.
അങ്ങനെ വളരെ ചെറിയ നാളുകൾക്കുള്ളിൽ തന്നെ ഈ 'നൂറു രൂപയുടെ സൗഹൃദം' എനിക്കും, എന്നെക്കാളേറെ അവനും മടുത്തു. ശേഷം ഞാൻ ആ മുറിയിൽ നിന്നിറങ്ങി മറ്റൊരു ഒറ്റ മുറിയിലേക്ക് മാറി. അവിടെയും ദിനങ്ങൾ ആവർത്തനവിരസമായി. ഇപ്പോൾ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിച്ചാൽ 'അമ്മ അയച്ചു തരുന്ന പൈസയ്ക്ക്' എന്ന് അപകർഷത ലവലേശമില്ലാതെ പറയട്ടെ. നാട്ടിലെ ഒരു സുഹൃത്തിനു 'അമ്മ പൈസ കൊടുത്തു അവൻ അത് എനിക്ക് ട്രാൻസ്ഫർ ചെയ്യുന്നതായിരുന്നു മാസാദ്യങ്ങളുടെ പതിവ്. ആ കാലങ്ങളിൽ എനിക്ക് ജീവിതത്തിൽ കാത്തിരിപ്പിന് ഈ കാരണങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ.എനിക്ക് കിട്ടുന്ന പൈസ അമ്മയ്ക്ക് എങ്ങനെ കിട്ടുന്നു എന്ന് ഞാൻ ആലോചിച്ചു. അനുബന്ധമെന്നോണം ആണ് ഞാൻ ആത്മഹത്യ എന്നൊരു അതിജീവനത്തെ ആലോചിക്കുന്നത്. നിങ്ങളോർക്കണം, ഇരുപത്തിയാറ് ആകാറാകുന്നു വയസ്. പറയാൻ പഠിപ്പില്ല, മാർക്കില്ല, നിറമില്ല, നല്ല സൗഹൃദങ്ങളില്ല, നിലവിൽ എറണാകുളത്തെ വെള്ളം കാരണം മുടിയുമില്ല. വീട്ടിൽ പൈസ കൊടുക്കുന്നില്ലെന്നത് പോട്ടെ, വീട്ടുകാരുടെ ചിലവിൽ മഹാനഗരത്തിൽ, സാധ്യതകളുടെ ഈ ലോകത്ത് ഞാൻ ദിവസങ്ങൾ തള്ളുന്നു. എന്തുകൊണ്ടും ഒന്നിനും ആവാത്ത എന്നെപ്പൊലൊരാൾക്ക് ആത്മഹത്യ തന്നെ വഴി..!!
കുറേയേറെ ആലോചിച്ചു ഒടുവിൽ ഞാൻ മരിക്കാൻ ഒരു വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കുന്നു. എന്തായാലും മരിക്കുന്നു.. അങ്ങനെയെങ്കിൽ ഈ നഗരത്തിൽ എന്റെ മരണം അടയാളപ്പെടുത്തുക..!
എങ്ങനെ മരിക്കണം..? സ്വാഭാവികമായും അടുത്ത ചിന്ത. കരണ്ടടിച്ചു മരിക്കാം, കെട്ടി തൂങ്ങി മരിക്കാം, പുഴയിൽ ചാടി മരിക്കാം, വിഷം കഴിച്ചു മരിക്കാം, ഫാനിൽ ഊഞ്ഞാലാടി മരിക്കാം.. ശരിക്കും ജീവൻ തുടിക്കാൻ ഒരൊറ്റ വഴിയേ ഉള്ളു.. ജീവൻ അവസാനിപ്പിക്കാൻ നമുക്ക് ഒരുപാടു വഴികളുണ്ട്. പക്ഷേ കുറേ കൂടി സർഗാത്മകമായ മരണം ആയിരുന്നു ഞാൻ ആഗ്രഹിച്ചത്. സമയം ഒരുപാടുള്ള, ചിന്തിക്കാൻ ഒരുപാടില്ലാത്ത ഞാൻ കുറെ സമയം ഇരുന്നു ആലോചിച്ചു, കിടന്നു ആലോചിച്ചു. ആലുവയുടെ വഴിയോരങ്ങളിൽ കൂടി നടന്നുകൊണ്ടു പിന്നെയും ആലോചിച്ചു. ഈ സമയത്ത് കൊച്ചിൻ മെട്രോയുടെ പണി റോഡിനും, എന്റെ തലയ്ക്കും മുകളിലുള്ള ആകാശത്ത് നടന്നുകൊണ്ടിരിക്കുന്നു. "അതിവേഗത്തിൽ ഇനി ബഹുദൂരം.." വളരെ നല്ലതു തന്നെ.. ഈ വർഷം ഓടിത്തുടങ്ങുമെന്നു കേൾക്കുന്നു.. ഉം.. അപ്പോഴേക്ക് ഞാനെന്ന വണ്ടിയുടെ ഓട്ടം നിലച്ചിരിക്കും. എന്നിരുന്നാലും കാണാത്ത കാഴ്ചകൾക്ക് സങ്കല്പങ്ങളിൽ കുറെ രൂപങ്ങൾ കാണുമല്ലോ.."ഈ നഗര നിലയ്ക്ക്, നീലയ്ക്ക് മുകളിൽപാറി പറക്കാനൊരുങ്ങുന്ന പരുന്തേ..ഭാവുകങ്ങൾ.." ഞാൻ അഭിമാനത്തോടെ 'സഹ്യസാനുശ്രുതി ചേർത്തുവച്ച മണിവീണ'യുടെ വികസന സ്പന്ദനങ്ങളിൽ ഊറ്റം കൊണ്ടു. ഞാൻ കാണാൻ സാധ്യതയില്ലാത്ത മെട്രോയുടെ കുതിപ്പിനെ അങ്ങനെ മനസിൽ കണ്ടു. അവിടെ നിന്ന് ഞാൻ മരിക്കാനുള്ള ഒരു വഴിയും കണ്ടെത്തി..
"ഓടിതുടങ്ങിയാൽ ചാടി വീണു ചാവുക.."
സംഭവ ബഹുലമായ ഒരു മെട്രോ മരണം. ഇതായിരുന്നു എന്റെ പ്ലാൻ. രണ്ടാം വട്ട ആലോചനയിലും അതിനൊരുപാട് പ്രതേകതകളുണ്ട്. കേരളത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ തട്ടിയുള്ള മരണമാകും എന്റേത്. മെട്രോ മരണം ഒരു വലിയ ആഘോഷമാക്കി രണ്ടുമൂന്നു ദിവസം എല്ലാ പത്രങ്ങളിലും ഫ്ലാഷ് ന്യൂസ് ഉറപ്പാണ്. ഈ മരണം സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഞാൻ മുഖപുസ്തകത്തിൽ ഒരുപാടുപേരുടെ ഡി.പിയാവും. നവമാധ്യമങ്ങളിലെ ചർച്ചകളിൽ ഞാൻ നിറയും. ലൈക്കുകൾക്കും കമെന്റുകൾക്കും ഷെയറുകൾക്കും അപ്പോഴേക്കും 'അജീവമായ എന്റെ സ്വത്വം' മാനദണ്ഡമാകും. ഈ വെറും ഞാൻ കാരണം അങ്ങ് അനന്തപുരിയിൽ നിയമസഭ തന്നെ സതംഭിക്കും. ഭൂരിപക്ഷമില്ലാത്തവർ നടുത്തളത്തിൽ ഇറങ്ങും. അവർ ഭരണപക്ഷത്തോട് എനിക്കുവേണ്ടി ആക്രോശിക്കും. അങ്ങനെ അവർക്കു ഞാൻ വികസനത്തിന്റെ കോൺക്രീറ്റ് പലകയിൽ വാർത്തെടുത്ത രക്തസാക്ഷിയാവും. നാൽക്കവലകളിൽ പ്രതിഷേധ സായാഹ്നങ്ങളിൽ എനിക്ക് വേണ്ടി ഞാനറിയാതെ കുറേപേർ ഉദ്ഘോഷിക്കും:
"ആത്മഹത്യയല്ല..കൊലപാതകമാണ്.. വികസന പേക്കൂത്തുകളുടെ ഒടുവിലത്തെ ഇര.."
തുടർന്ന് ആകാശ പാലത്തിന്റെ അപാകതകൾ , അഴിമതികഥകൾ ഒന്നൊന്നായി വെളിച്ചത്തിൽ വരും. ഞാൻ എന്ന വ്യക്തി കുറെ 'ഹാഷ്ടാഗുകളിൽ' കോർത്തെടുത്തു ഒന്നാകും. എന്തുകൊണ്ടും എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന മരണം. മെട്രോയിലെ ആദ്യത്തെ മരണം.. ഇഴഞ്ഞു നീങ്ങുന്ന മലബാറും മാവേലിയുമല്ല.. പറക്കുന്ന മെട്രോ തട്ടിയുള്ള മരണം. പരലോകത്തു എനിക്കതുകൊണ്ടു തന്നെ മുൻഗണന വരെ കിട്ടിയേക്കാം
അങ്ങനെ ഈ രീതിയിൽ ഞാൻ എന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ദിവസവും ഞാൻ മെട്രോയുടെ താഴെ പോയി നിൽക്കും. പുരോഗതികൾ വിലയിരുത്തും. ഇപ്പോൾ ഇതിന്റെ പണി പൂർത്തിയാക്കേണ്ടത് ഈ നാഗരികരേക്കാൾ എന്റെ ആവശ്യമാണ്. എന്നിരുന്നാലും അപ്പോഴേക്ക് ഭരണകക്ഷിയുടെ ജനവിധിക്കു സമയമായിരുന്നു. അങ്ങനെ മെട്രോ റെയിലിന്റെ പണി ദ്രുതഗതിയിലാവേണ്ടത് എന്റെ കൂടി പ്രതിച്ഛായയുടെ പ്രശ്നമായി. അങ്ങനെ ഇതിന്റെ തൊട്ടപ്പുറത്തെ, ഡിഗ്രി സർട്ടിഫിക്കറ്റുള്ളവർക്കൊക്കെ ജോലി കൊടുക്കുന്ന ഒരു കോൾ സെന്ററിൽ ഞാൻ ജോലിക്കും ചേർന്നു. നൈറ്റ് ഷിഫ്റ്റാണ്. ജനലിന്റെ അടുത്തായിരുന്നു എന്റെ കസേര. ഞാൻ ഈ ജനലിനിടയിൽക്കൂടി പണിതുയരുന്ന പാളങ്ങളിലേക്ക് നോക്കും. എനിക്ക് നടന്നു പോകാനുള്ള പാതകൾ...!! അവയെ രാത്രിയുടെ മഞ്ഞ വെളിച്ചത്തിൽ കുറെ ഭായിമാർ പടുത്തുയർത്തുന്നു. ഇടയ്ക്ക് ചിലദിവസങ്ങളിൽ ഞാൻ അതിൽ കൂടി ചുറ്റിപ്പറ്റി നടക്കും. എന്റെ ശവപ്പെട്ടി ഉണ്ടാക്കുന്നത് നേരിൽ കാണാനുള്ള ഭാഗ്യം. എനിക്കല്ലാതെ വേറെ ആർക്കുണ്ടാകും ആ മഹാഭാഗ്യം..?
അവിടുന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ സഭയുടെ കാലാവധി കഴിഞ്ഞു. പരീക്ഷണ ഓട്ടവും മെട്രോയുടെ ഉദ്ടഘാടനവും കഴിഞ്ഞു. ഒരുപാടു പ്രതീക്ഷയോടെ ഞാൻ ചെന്ന് നോക്കി.
"ഇല്ല. മരിക്കാനുള്ള പരുവമായിട്ടില്ല.. ഹും.. ഇവന്മാർ എല്ലാം മുൻകൂട്ടി കണ്ടാണ്. കസേര ഒഴിയുന്നതിനുമുന്പേ ഉദ്ഘാടിച്ചങ്ങു പോകുക.." അപ്പോഴേക്ക് എനിക്ക് കോൾ സെന്ററിൽ സ്ഥാനക്കയറ്റം കിട്ടി. ഇത്രയും നാളുകൾക്കിടയിലെ ജോലിയ്ക്കിടയിൽ ഞാൻ കൃത്യമായി നൈറ്റ് ഷിഫ്റ്റെടുത്തും, എക്സ്ട്രാ ലീവുകൾ എടുക്കാതെയും ആ രംഗത്ത്, എന്റെ ഓഫ്സിൽ മറ്റുള്ളവരുടെ മുൻപിൽ പ്രഗത്ഭനായി. മൂന്നിലധികമെങ്ങാനും തവണ ബെസ്ഡ് പെർഫോമറുമായി. സാലറിയുടെ സൂചിയൊക്കെ പതിയെ അനങ്ങനിയും തുടങ്ങി. ഇതിനിടയിൽ തിരഞ്ഞെടുപ്പും വന്നു. പുതിയ സർക്കാരിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. കാരണം "അവർ എല്ലാം ശരിയാക്കും.." അങ്ങനെ എന്റെ ശവപ്പെട്ടി ശരിയാക്കും എന്ന പ്രതീക്ഷയിൽ ഞാൻ അവർക്കു വോട്ട് ചെയ്തു പോളിംഗ് സെന്ററിൽ നിന്നും പുറത്തിറങ്ങി ആവേശത്തോടെ വായുവിലേക്ക് മുഷ്ടികളയച്ചു "ഇൻക്വിലാബ്" വിളിച്ചു, ശേഷം മെട്രോ മരണത്തെ കാത്തിരുന്നു.. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ എളിയ അനുഭാവിയുടെ പ്രസ്ഥാനം ഭരണചക്രം തിരിച്ചിട്ടും മെട്രോയുടെ പണിയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഭായിമാർ നമ്മുടെ മലയാളികളെ പോലെ കള്ളപ്പണിയൊക്കെ അത്യാവശ്യം പഠിച്ചു. ഇടയ്ക്കിടെ സമയം നോക്കും, മൂഡ് ഉണ്ടേൽ പണിയെടുക്കും, രാത്രി ഇടയ്ക്കിടയ്ക്ക് കിടന്നുറങ്ങും, ചായകുടിക്കാൻ അരമണിക്കൂർ എടുക്കും..അവന്മാർക്ക് ഇപ്പോൾ ആദ്യത്തെ ആ ഉത്സാഹമൊന്നും കാണാനില്ല. ഒരു ശരാശരി യുവാവിന് ആത്മഹത്യ ചെയ്യാൻ പോലും പറ്റാത്ത നാടായി കേരളം. ഞാൻ പകലുറക്കങ്ങളിൽ മെട്രോ ട്രെയിനിന്റെ ചൂളം വിളികളെ സ്വപ്നം കണ്ടു സുഖമായി ഉറങ്ങി. രാത്രി കാലങ്ങളിൽ ഒരുപാടു കസ്റ്റമർ കോളുകളുടെ ചൂളം വിളികളിൽ ഉറങ്ങാതെയും ഇരുന്നു.
ഏതാണ്ട് മൂന്ന് വർഷം കഴിയുന്നു. ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ലാതെ എന്റെ പണി സ്ഥലവും, മെട്രോയുടെ പണിസ്ഥലവും ഒരു ജനൽ ദൂരത്തിലുണ്ട്. എനിക്ക് മാത്രമാണ് ഇതിനിടയിൽ അല്ലറ, ചില്ലറ മാറ്റങ്ങളൊക്കെ ഉണ്ടായത്. ഞാനിപ്പോൾ ആ കോൾ സെന്ററിൽ ടീം ലീഡർ ആണ്. ഇരുപതിനടത്തു മാസശമ്പളം.ഓഫ്സിൽ സ്വന്തമെന്നു പറയാൻ ഒരു ക്യാമ്പിനുണ്ട്. വലിയ സുഹൃത്തുക്കൾ ഇല്ലെങ്കിലും അഞ്ചാറ് പേർ എന്നെ ഏഴെട്ടു മണിക്കൂറിലേക്കെങ്കിലും 'സാർ' എന്ന് അഭിസംബോധന ചെയ്യാറുമുണ്ട്. തുറന്നാൽ പൂർത്തിയാക്കി കൊണ്ടിരിക്കുന്ന 'കൊച്ചി മെട്രോ' കാണുന്ന ജനൽ പാളികൾ ഞാൻ തുറക്കാറേയില്ല. എങ്കിലും ഞാനിടയ്കിടെ വരച്ചു തീർക്കാത്ത ചിത്രമെന്ന പോലെ 'മെട്രോ മരണങ്ങളെ' പറ്റി ഓർക്കാറുണ്ട്. ഈ മഹാനഗരത്തിൽ ആകാശത്തിനെ ഉമ്മ വയ്ക്കുന്ന വാർപ്പു ഫലകങ്ങളിൽ നിന്ന് എത്ര മനുഷ്യരാണ് ഓരോ സെക്കന്റിലും താഴെ വീണു മരിക്കുന്നത്. കൂട്ടിനെന്നു പറയാൻ ലോൺ എടുത്ത് വാങ്ങിയ ഒരു ബൈക്കുണ്ട്. വീട്ടിൽ അമ്മ ജാതകം 'കൂട്ടി കെട്ടാൻ' ഒരാളെ നോക്കുന്നുമുണ്ട്. ഏതാണ്ടു പുലർച്ചെ നാലു മണിക്ക് എന്റെ നൈറ്റ് ഷിഫ് കഴിഞ്ഞു കളമശ്ശേരിയുള്ള എന്റെ ഫ്ളാറ്റിലേക്ക് ഞാൻ ബൈക്ക് ഓടിച്ചു പോകും. കൊച്ചിയുടെ രാത്രികളെയും പ്രഭാതങ്ങളെയും വേർതിരിക്കുന്ന മഞ്ഞ വെളിച്ചത്തെ വകഞ്ഞു മാറ്റി ഞാൻ വണ്ടിയോടിക്കും. ഇടയ്ക്കിടെ ഒരു തണുത്ത കാറ്റ് എന്നെ തട്ടി കടന്നു പോകും. രാവിലേയ്ക്കു തൊട്ടു മുൻപുള്ള ഈ 'അതിരാവിലെ' ഞാൻ പരിചയപെട്ടു പൊരുത്തപ്പെട്ടു ഇഷ്ടപ്പെട്ടു വരുന്നു. എന്റെ തലയ്ക്കു മുകളിൽ കൊച്ചി മെട്രോയുടെ പണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഉടനെ തീരുമായിരിക്കും. മെട്രോ ഓടി തുടങ്ങുന്നതോടെ നഗരത്തിൽ ഗതാഗത തിരക്ക് കുറയും എന്ന് ഇവിടത്തെ ചായക്കടയിലും എന്റെ ഓഫിസിലുമൊക്കെ പൊതുവേ ഒരു വിലയിരുത്തലുണ്ട്. കുറയട്ടെ.. തീരട്ടെ.. അവസാനിക്കട്ടെ.. മനസ്സിപ്പോൾ അങ്ങനെയൊക്കെ ആഗ്രഹിക്കാനാണ് ഇഷ്ടപ്പെടുന്നത്. പകലുകളിൽ ഈ നഗരത്തിലൂടെ സ്വന്തം വാഹനമോടിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ നല്ലപോലെ തിരിച്ചറിയുന്ന ശരാശരി എറണാകുളംകാരൻറെ ആശങ്കകളിലേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്നു ഇന്നത്തെ എന്റെ ഓരോ ഇരുപത്തിനാലു മണിക്കൂറിന്റെ സമയദൂരവും...!!