കഥാജാലകം

View Original

കരള്‍ വാറ്റ്

ഞാന്‍ മദ്യപിക്കാറില്ല. എന്നിരുന്നാലും എനിക്കൊരു മോഹം .. അതും നല്ല വാറ്റ് തന്നെ വേണം. എന്താ ചെയ്യുക?... മദ്യപിച്ചാല്‍ കരളിനു ദോഷമാണ്. എന്നാലും തീരുമാനിച്ചതല്ലേ?.. കാരണവുമുണ്ട്..

ചടുലയൌവ്വനത്തിന്റെ തീവ്രപ്രണയക്കനല്‍ക്കൂടില്‍ ഒരു ആളിക്കത്തല്‍.. അതിനൊക്കെയും കാരണം അവളാണ്. എന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളെ മിഴിയിണയാല്‍ പറിച്ചെടുത്തപോലെ. മുടിയിഴകള്‍ എന്റെ മുഖത്ത് കാറ്റിന്റെ അലകള്‍ തീര്‍ത്തപോലെ..

വീട്ടില്‍ തന്നെ വാറ്റാന്‍ തീരുമാനിച്ചു. വീട്ടുകാരാരും സ്ഥലത്തില്ലാത്തത് നന്നായി.. ഗ്യാസ്‌ അടുപ്പ് ഓണ്‍ ചെയ്ത് പ്രഷര്‍കുക്കര്‍ അതില്‍ വെച്ച് സാധനസാമഗ്രികള്‍ ചേര്‍ത്തു. ലഹരി കൂട്ടാന്‍ ഞാന്‍ ഒരു സൂത്രം ചെയ്തു. ആരുമറിയാതെ ഞാനെന്റെ കരളിനെ പറിച്ചിട്ടു. നല്ല ഉഗ്രന്‍ ‘കരള്‍വാറ്റ്’! ആഹാ....

ഒറ്റവലിക്ക് ഞാന്‍ അകത്താക്കി.. മദ്യപിച്ചു മദോന്മത്തനായി ഉറയ്ക്കാത്ത കാലും മനസ്സുമായി ഗോവണിപ്പടികള്‍കയറി മുകളിലെത്തി സ്വിച്ചിട്ടു ഇരുട്ടിനെ ആട്ടിപ്പായിച്ച്,അപ്പൂപ്പന്റെ പഴയചാരുകസേരയില്‍ ചാരിയിരുന്നു. പക്ഷേ ഉറയ്ക്കാത്ത മനസ്സും കാലുകളും.... ഇല്ലാത്ത ഗോവണിപ്പടികള്‍ കയറി കയറി തടയാതെ തട്ടാതെ വീഴാതെ ഏതോ കിനാക്കളുടെ നെഞ്ചിലേറി.

മഞ്ഞുരുകുന്ന ഒരേകാന്തപാതയില്‍ നിലാവ് ഇതളുകള്‍ പൊഴിക്കവേ, താഴെ പാതിരാപൂക്കള്‍ പുഞ്ചിരിതൂകവേ മഞ്ഞിന്റെ പാതയിലൂടെ അവള്‍ രണ്ടു വെളുത്തകുതിരകളുള്ള അശ്വരഥമേറി അരികെയെത്തി.

ഒരായിരം നിശഗന്ധീപുഷ്പങ്ങള്‍ തട്ടായി വിരിച്ച പാതയിലൂടെ നിലാവിന്റെ മൃദുലകിരണങ്ങള്‍ മിഴിയിലടച്ച് അവളെന്റെ അടുത്തെത്തി..

അവളെ ഞാന്‍ സൂക്ഷിച്ചു നോക്കി.

നിലാവിന്റെ തൂനീലവാനത്ത് വെള്ളിമേഘമേറി ഭൂമി കാണാനെത്തിയ മാലാഖ ആയിത്തോന്നി. അകലെയെവിടെയോ പൂവിട്ട വനമുല്ലയുടെ രൂക്ഷസുഗന്ധം പേറി മാര്‍ദ്ദവമായി ഇളംതെന്നല്‍ വീശവേ അവളുടെ ദീര്‍ഘനിശാസം എന്നില്‍ പ്രണയത്തിന്റെ, കുളിരിന്റെ മൃദുലമന്ദകല്ലോലങ്ങളില്‍ തട്ടിയുടയുന്ന, വനശോഭയിലൊഴുകിയെത്തുന്ന ജലകണികപോലെ അനുരാഗസ്തബ്ധനാക്കി.

സകലകാലസ്മരണവിട്ടു, മൃതിയടഞ്ഞ് ഞാന്‍ നില്‍ക്കവെ, മഞ്ഞിന്‍ നെടുവീര്‍പ്പോടെ നിന്ന പനിനീര്‍പ്പൂവുകള്‍ അടര്‍ത്തിയെടുത്ത് അവള്‍ക്കുനേരെ അവ നീട്ടി..

ഞാന്‍ ചോദിച്ചു. “എന്നെ വിവാഹം ചെയ്യാമോ?

ആ കുന്നിനപ്പുറം മുല്ലമാത്രം പൂക്കുന്ന വനമുണ്ട്........ നമുക്കവിടെ വിശ്രമിക്കാം.........”.

തെല്ലകന്ന്‍.... പിന്നിലോട്ടുമാറി അവള്‍ നിശബ്ദയായി നിന്നു.

ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു.

പക്ഷേ അവള്‍ പിറകിലേയ്ക്ക് മാറി നിന്നു.

കണ്ണുനീരടര്‍ന്നു ഞാന്‍ ഒടുവിലായി ചോദിച്ചു..

”ഞാന്‍ നിന്നെ പൊന്നുപോലെ നോക്കിക്കൊള്ളാം..... നീ വരില്ലേ?”...

പക്ഷേ അവള്‍ തിരികെ ആ അശ്വരഥമേറി എന്നോടു പറഞ്ഞു...

“ഇല്ലാ... ഞാന്‍ വരില്ലാ... നിങ്ങള്‍ക്കു കരള്‍ ഇല്ലാ.....”

വാറ്റിന്‍റെ കെട്ടിറങ്ങി ഞാന്‍ ഉറക്കെ നിലവിളിച്ചുപോയി..  “എന്റെ കരളേ.....”