കഥാജാലകം

View Original

ചപ്പ്

പന്ത്രണ്ടു വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ നിവർന്നു നിൽക്കാനുള്ള സ്ഥിതി ബാങ്ക് ബാലൻസായുണ്ടെന്ന തോന്നലിൽ ഞാൻ ഷാർജയോട് വിടപറഞ്ഞു. "ഈ വ്യാഴം വരച്ച വട്ടത്തിനുള്ളിൽ അധികം പച്ചപ്പുകളൊന്നും തളിർക്കാത്ത മണലാരണ്യമേ, മഹാനഗരമേ..എന്റെ വരണ്ട ജീവിതം തളിർപ്പിച്ചതിനു നന്ദി. കടപ്പെട്ടിരിക്കും. ഓർത്തിരിക്കും.." ഇനി ശേഷം കാലം  നാട്ടിൽ..അവിടുത്തെ   മഴയും, മഞ്ഞും, ചൂടും, ഓണവും, വിഷുവും..അങ്ങനെ ജീവിതം കുറെ കൂടി കാലങ്ങളുടെ ട്രാക്കിലാക്കണം.  

എനിക്ക് നാല്പതിനോടടുക്കുന്നു പ്രായം. നല്ല കാലങ്ങളെല്ലാം ആകാശത്തിനപ്പുറത്തെ നഗരം കൊണ്ട് പോയി. ഇതിനിടയിൽ ഇത്രയും കാലം കൊണ്ട് സമ്പാദിച്ചതെന്തോ, അതാണ് ശേഷം..! ഈ ശേഷത്തിലൊരു ചെറിയ  ബിസിനസ് തുടങ്ങി 'നാട്ടി കുറ്റി'യിലെന്നപോലെ നാട്ടിൽ തളഞ്ഞും തറച്ചുമൊക്കെയിരിക്കണം ഇനി. 'എന്ത് ബിസിനസ്' എന്ന്  ആലോചിച്ചപ്പോൾ ആണ് പഴയ സ്‌കൂൾ സുഹൃത്ത് 'അഷ്‌റഫ്' എന്നെ അവന്റെ മരക്കച്ചവടത്തിന്റെ കൂട്ടുകച്ചവടക്കാരനായി വിളിക്കുന്നത്. രണ്ടാവർത്തി ആലോചനയിലും തെറ്റില്ല. ഒന്ന്,  മലബാറിൽ മരം വിറ്റു പോകാനാധികം ബുദ്ധിമുട്ടുകളില്ല. രണ്ടു, അവന്റെ കൂടെ പങ്കാളിയായാൽ  മാത്രം മതി. പുതുതായി നമ്മൾ ഒന്ന് തുടങ്ങി, അതിനെയൊരു ഉല്പനം ആക്കി വളർത്തിയെടുത്തു, വിറ്റഴിക്കേണ്ട ഭാരിച്ച ജോലിയൊന്നുമില്ലെന്നു സാരം. ഇതിനേക്കാളെല്ലാമുപരി ഒരു ബിസിനസ്സിൽ ഇറങ്ങുമ്പോൾ ആദ്യം വേണ്ട വിശ്വാസം എനിക്ക് അഷ്റഫിനോട് വേണ്ടുവോളമുണ്ട് താനും. 

തിരിച്ചു പോക്കില്ലാത്ത ഇത്തവണത്തെ  തിരിച്ചുവരവിൽ  നാട്ടിലെ ആദ്യകാലങ്ങൾ സുഹൃത്തുക്കളും  അവരുടെ കൂടെ പഴയങ്ങാടി പാലത്തിനു താഴെ രാത്രിയിരുന്നുള്ള മദ്യപാനവുമൊക്കെയായി പോയി. എനിക്കൊരു, അല്ല ഒരേയൊരു മകനുള്ളത് പ്ലസ് വണ്ണിൽ പഠിക്കുന്നു. എന്നെ ഉപദേശിക്കാനൊക്കെ   അർഹതയുള്ള പ്രായം. പിന്നെ 'തനിക്കൊപ്പം വളർന്നവനെ താൻ' എന്ന് വിളിക്കുന്ന തന്തയാണ് ഞാൻ. വിശ്വത്തിന്റെ പ്രശ്നം എന്റെ മദ്യപാനം തന്നെയായിരുന്നു. അതോടെ വളരെ വേഗം രാത്രിയിലെ കൂട്ടം കൂടി കുടി നിന്നു. വല്ലപ്പോഴുമുള്ള സിഗരറ്റ് വലി അവൻ ഉറങ്ങിയതിനു ശേഷം, അതും വീടിനു പുറത്തിറങ്ങിമാത്രം ആക്കി. ശേഷിപ്പ് മഞ്ഞിച്ച കുറ്റിയും, കിങ്‌സ് കൂടും അവന്റെ കാഴ്ചകളിൽ പെടാതിരിക്കാനും ശ്രദ്ധിച്ചു. 

പന്ത്രണ്ടു വർഷത്തിലെ കൊല്ലത്തിനു മാസമെന്നോണം കിട്ടുന്ന ലീവുകളിൽ എനിക്ക് കുറെയേറെ നഷ്ടമായ മറ്റൊരു നൈമിഷിക സുഖം, ശ്യാമയുമായുള്ള 'ചില പാതിരാ കാര്യങ്ങൾ' വേണ്ടുവോളം  ഇപ്പോഴുണ്ട്. ശ്യാമ എന്നാൽ എന്റെ ഭാര്യ. നിലവിൽ പ്രത്യേകിച്ചു പണിയൊന്നുമില്ല. പക്ഷേ ഇത്രയും കാലം, ഈ കഴിഞ്ഞ പന്ത്രണ്ടു വർഷം എന്റെ അമ്മയെ നോക്കുക, വിശ്വത്തിനെ നോക്കുക, ഞാനില്ലാതിരുന്ന വീട് നോക്കുക, അടിക്കടി കൂടാറുള്ള പാചക സാമഗ്രികളുടെയും വാതകത്തിന്റെയും വിലയ്ക്കനുസൃതമായി അടുക്കള ബഡ്ജറ്റ് പരിഷ്കരിക്കുക, പലപ്പോഴും മാസമുറ തെറ്റാറുള്ള കാശിനു ഇവയൊക്കെ ഏകോപിപിക്കുക ഇത്യാദി ഭാരിച്ച ചുമതലകളൊക്കെ ഒറ്റയ്ക്ക് മുതുകിൽ പേറി നടത്തി വിജയിപ്പിച്ച സ്ത്രീകൂടിയാണ്. 

അമ്മയിലേക്ക് വരുമ്പോൾ, ഏതാണ്ട് രണ്ടു വർഷമായി എഴുന്നേറ്റു നടക്കാനൊന്നും വയ്യ. ഒരേ കിടപ്പാണ്. പറയുന്ന കാര്യങ്ങൾ ഒക്കെ മനസിലാകും. അതിനു മുൻപ്‌ ഞാൻ ലീവിന് നാട്ടിലേക്ക് വരുമ്പോൾ, അമ്മ എന്റെ മുൻപിൽ ക്ഷീണം അഭിനയിച്ചു നടക്കാറുണ്ട്. ഒരു മാസത്തെ മാത്രം ലീവിന് വരുന്ന, ഒരൊറ്റ മകൻ എന്നീ ലേബലുകളുള്ളതു കൊണ്ട് തന്നെ  ഒരു വർഷത്തെ കാര്യങ്ങൾ അറിയാൻ വേണ്ടി ഞാൻ വെറുതെ ചോദിക്കും. 

"എങ്ങനെ പോകുന്നമ്മേ കാര്യങ്ങൾ..?"

"ന്ത് പറയാനട..ആ വയറു പുകച്ചിലിന് ഒരു കൊറവുംല്ല..വയറ്റിൽ പുണ്ണ് വീണ്ടും വന്നൂന്നാ തോന്ന്ന്ന്.."

"ഹാ.. കഴിഞ്ഞ പ്രാവശ്യം ഓപ്പറേഷൻ ചെയ്തപ്പോ ഡോക്ടർ പറഞ്ഞല്ലോ ഇനിയൊരിക്കലും  ഈ പ്രശ്നം  കാണില്ലെന്ന്.."

"ഡോക്ടറാ..ഓനൊരു ചെക്കനായിര്ന്നില്ലേ. ബുക്ക് നോക്കി ഓപ്പറേഷൻ ചെയ്തതതാണെടാ..അതോണ്ടാ എനക്ക്  ഓപ്പറേഷൻ കയിഞ്ഞു ഒരു മാസം ആയപ്പോ തന്നെ വീണ്ടും വേദന വന്നു.."

 "എന്നാൽ അമ്മയ്ക്ക് ശ്യാമയോട് കാര്യം പറഞ്ഞൂടെ..? ഞാൻ ഇതൊക്കെ നിങ്ങൾ പറയുമ്പോൾ മാത്രമാണ് അറിയുന്നത്.."

"ഓ.. നിന്റെ കാശ് കളയുവാണെന്നു കേക്കാൻ അല്ലെ.. ഓള്  ഇടക്ക്  ആടേം ഈടേം കൊള്ളിച്ചു അല്ലേൽ തന്നെ പറയുന്നുണ്ട്." 

അമ്മയ്ക്ക് വയറിലെ പുണ്ണിന് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം പറയത്തക്ക (അമ്മ പറയുന്നത് നോക്കണ്ട) അസുഖങ്ങൾ ഒന്നും തന്നെയില്ല. എന്നാലും അമ്മയ്ക്കു പേടി ആയിരുന്നു.  പ്രായമായതിന്റെ പേടി, പിന്നെയും പ്രായം ആയിക്കൊണ്ടിരിക്കുന്നതിന്റെ പേടി. അസുഖങ്ങൾ ഉണ്ടെന്ന തോന്നലാണ് ഏറ്റവും വലിയ അസുഖം. അങ്ങനെ രണ്ടു വർഷങ്ങൾക്കു മുൻപ് കിടപ്പിലും ആയി. 

എന്റെ ഈ വരവിൽ, കാണുന്നത് എന്നെ തീർത്തും ഓർമ്മയില്ലാത്ത അമ്മയെയാണ്. എല്ലാം അമ്മ മറന്നു തുടങ്ങുന്നു. അവരുടെ മൂന്ന് നേരങ്ങളും പൂർണമായും ഗുളികകളിലായിരിക്കുന്നു. അമ്മ എന്നെ തന്നെ വെറുതെ തുറിച്ചു നോക്കികൊണ്ടിരിക്കും. വീട്ടിൽ ശ്യാമ മാത്രമാണ് ആകെക്കൂടി അമ്മയെ നോക്കാനുള്ളത്.  

കാലങ്ങളേറെ വലിയ പരാതികളില്ലാതെ അമ്മയെ അവൾ നന്നായിത്തന്നെ നോക്കി.കൂടുതൽ നന്നായി  നോക്കാനാണ് ഞാൻ അടുത്ത മാസം അമ്മയെ കണ്ണൂരുള്ള 'തണൽ' എന്ന വൃദ്ധസദനത്തിലേക്ക് മാറ്റുന്നത്. മാസം മുപ്പതിനായിരം രൂപ കൊടുക്കണം. മൂന്ന് നേരം ഭക്ഷണം, അമ്മയ്ക്ക് മാത്രമായി ഒരൊറ്റ മുറി,  പുസ്തകങ്ങൾ, മുറിയിൽ തന്നെ ഒരൊറ്റ ടിവി, അതിൽ വാർത്തയോ, സിനിമയോ, സീരിയലോ അങ്ങനെ  എന്തും സ്വസ്ഥമായിരുന്നു കാണാം. മാസം തോറും ചെക്കപ്പ്, ഹോസ്പിറ്റൽ ചിലവും, മരുന്നും ഈ മുപ്പതിൽ ഒതുങ്ങും (ഒരു പരിധിവരെ ). നടക്കാൻ  പറ്റുന്നവർക്കാണെങ്കിൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അമ്പലത്തിൽ കൊണ്ട് പോകാൻ വാഹനം, വൈകുന്നേരം യോഗ ക്ലാസുകൾ..ഇതിലെല്ലാമുപരി നടക്കാൻ കഴിയാത്തവർ ഇവിടത്തെ പരിചരണത്തിൽ എഴുന്നേറ്റു നടന്നു എന്ന കുറെ ടെസ്റ്റിമോണിയലുകൾ കൂടി കേട്ടപ്പോൾ എനിക്കും തോന്നി എന്തുകൊണ്ടും അമ്മയുടെ അവസാന ദശകങ്ങളിലെ നല്ല ഒരിടം തണലാണെന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ്  ബാങ്ക് ബാലൻസിൽ നിന്നും റൊക്കം ഒരു ലക്ഷം അവിടെ അടച്ചത്. കാരണം എനിക്കേറ്റവും വലത്‌ എന്റെ അമ്മയെന്നതു തന്നെ..!! 

മാസം അവസാനത്തോടെ 'അമ്മ പോയിക്കഴിഞ്ഞാൽ ഈ വീട് പിന്നെ എനിക്കും എന്റെ കുടുംബത്തിനും  മാത്രമാകും. മുൻപ് രണ്ടു മുറി മാത്രമുള്ളൊരു വീടായിരുന്നു ഇത്. അതും അമ്മ ഒറ്റയ്ക്ക് ഉണ്ടാക്കിയത്. ഞാൻ ഷാർജയിൽ പോയതിനു ശേഷം കുറെ ഭാഗങ്ങൾ പൊളിച്ചു കൂട്ടിയെടുത്തു. മുകളിൽ രണ്ടു മുറി വേറെയുമെടുത്തു. അതോടെ അത് അത്യാവശ്യം കാശുള്ള ഗൾഫുകാരന്റെ ഒരു വീടായി. താഴെ എനിക്കും ഭാര്യക്കും ഒരു മുറി. അമ്മയ്ക്ക് പണ്ടുമുതലേ അവർ ഉപയോഗിച്ച് ശീലിച്ച ആ ചെറിയ മുറി. അതിൽ വലിയ നവീകരങ്ങൾ ഒന്നും ചെയ്യാൻ 'അമ്മ സമ്മതിച്ചില്ല. എങ്കിലും പ്രായം കണക്കിലെടുത്ത് അവിടെ ഒരു യൂറോപ്യൻ ക്ലോസറ്റ് വച്ച് കൊടുത്തു. മുകളിലെ മുറിയിൽ വിശ്വത്ത് ഒറ്റയ്ക്കാണ്. മുകളിലെ മറ്റേ മുറിയിൽ ആൾ താമസവുമില്ല. എല്ലാം ഈ രീതിയിൽ ഒതുക്കിയപ്പോൾ ഒരു നല്ല  മകൻ ആയതിന്റെ, അച്ഛൻ ആയതിന്റെ, ഭർത്താവായതിന്റെ, ഉത്തരവാദിത്വമുള്ള ഗൃഹനാഥനായതിന്റെ ചാരിതാർഥ്യം എനിക്കുണ്ടായി. എനിക്ക്  വിശ്വത്തിന്റെ പ്രായത്തിൽ അമ്മ തന്ന വലിയ സൗകര്യം എന്നത് മൂന്ന് നേരത്തെ ഭക്ഷണമാണ്. ഇരുപതാം വയസ് വരെ അങ്ങനെയൊക്കെ പോയി. പിന്നീട് ഞാൻ ഗൾഫിൽ പോയത് മുതൽ പതിയെ കാര്യങ്ങൾ മെച്ചപ്പെട്ടു വന്നു. എന്നിരുന്നാലും നമ്മളുടെ കഷ്ടപ്പാടുകൾ മക്കൾക്കുണ്ടാകരുത് എന്ന ചിന്തയിൽ തന്നെയാണ് ഞാൻ മുകളിൽ രണ്ടു മുറികൂടി എടുത്തത്. അങ്ങനെ വീട് എന്റെ പേരിലായി. വിശ്വത്തിനു കൂടുതൽ സൗകര്യങ്ങളുമായി..!!

" അച്ഛാ..റൂമിലേക്ക് വല്ലാണ്ട് വേപ്പിന്റെ ചപ്പ് വരുന്നു.."

"അതിനു നമ്മടെ വളപ്പിൽ എവിടെയാ വേപ്പ്..?" 

" ഈടയില്ല..അപ്പറത്തെ ദെച്ചു എച്ചിന്റെ വളപ്പിലെ വേപ്പാണ്.." 

ചെന്ന് നോക്കുമ്പോൾ ശരിയാണ്. ടെറസിൽ ആകെയും വേപ്പിന്റെ ചപ്പുകൾ കുമിഞ്ഞു കിടക്കുന്നു. അവൻ പറഞ്ഞപ്പോൾ മാത്രമാണ് ഞാനീ കാര്യം ശ്രദ്ധിക്കുന്നത്. എനിക്ക് മുട്ടുവേദനയുള്ളതു കൊണ്ട് തന്നെ ഞാൻ വീടിന്റെ മുകൾ മുറ്റത്തേക്ക് അധികം കേറാറേയില്ല. തോലു പൊഴിച്ചിട്ടു നിൽക്കുന്ന പാമ്പിനെ പോലെ അപ്പുറത്തു നിവർന്നു നിൽക്കുന്ന അയൽമരങ്ങൾ. ഞാനും ശ്യാമയും കൂടി ചപ്പുകൾ കൂട്ടിയെടുത്തു താഴേയ്ക്കിട്ടു. വൈകുന്നേരത്തോടെ കത്തിച്ചു. ആ വൈകുന്നേരം വീട്ടിലേക്ക് ശ്രീധരമ്മാൻ വന്നു. എന്റെ അമ്മയുടെ അനിയനാണ്. ഇപ്പോൾ മിലിട്ടറി റിട്ടയർമെന്റ്  കഴിഞ്ഞു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സെക്യൂരിറ്റി ആയി ശേഷം കാലം. അവിടെയും റിട്ടയർമെന്റായോ എന്ന് ഉറപ്പില്ല. ശ്രീധരമ്മാൻ കാറിൽ ഒരു എം.എച്ച് ബ്രാണ്ടി ഫുള്ളും കൂടി കരുതിയിരുന്നു. രണ്ടിൽ കൂടുതൽ കഴിക്കുന്നതിൽ ശ്യാമയ്ക്കും വിശ്വത്തിനും തീരെ താല്പര്യമില്ലാത്തതു കൊണ്ട് ഞാൻ അമ്മാവനെയും കൂട്ടി ടെറസിലേക്ക് പോയി.

"നീ ഇനി പോന്നില്ലെന്നു കേട്ടു..?"

"ഉം.നാട്ടിലെന്തെങ്കിലും ബിസിനസ് തുടങ്ങി ഇനിയങ്ങോട്ട് കഴിഞ്ഞു പോകാം എന്ന് കരുതുന്നു.."

"വിശ്വന്റെ കാര്യങ്ങൾ എങ്ങനെയാ..?

 "എൻട്രൻസ് കിട്ടിയില്ല. ഞാൻ പ്രൈവറ്റായി പഠിപ്പിയ്ക്കാം എന്ന് കരുതുന്നു.ബാംഗ്ലൂർ ആണെങ്കിൽ അവന്റെ ഇംഗ്ലീഷും മെച്ചപ്പെടും.ഓൻ കൊറച്ചു കൂടി സ്മാർട്ടാവാൻ അതെന്നെയാ നല്ലേ..എന്തായാലും നാട്ടിൽ നിർത്തിക്കുന്നില്ല." 

"ഫീസും കാര്യങ്ങളുമൊക്കെ..?"

"ഡൊണേഷൻ കാണും. പഠിച്ചിറങ്ങുബോഴേക്ക് ഒരു അഞ്ചു ലക്ഷം വരുമായിരിക്കും. അത് കുഴപ്പമില്ല. ഇന്നത്തെക്കാലത്ത് ഒന്നുകിൽ എൻജിനിയറിങ്, അല്ലെങ്കിൽ മെഡിക്കൽ.. അല്ലാതെ ഒന്നിനെ കൊണ്ടും കാര്യമില്ല.."

"എന്നാലും അവനിഷ്ടമുള്ളതു പഠിക്കണ്ടേ..?"

"അമ്മാന് ഓർമ്മയുണ്ടോ..പണ്ട് എനിക്ക് പത്തിൽ നല്ല മാർക്കുണ്ടായിരുന്നു. എന്റെ കൊറവ് കൊണ്ടല്ല, പൈസയില്ലാത്തോണ്ട് കോളേജ് കണ്ടില്ല. ഞാൻ പഠിച്ചു..പക്ഷേ എന്നെയാരും പഠിപ്പിച്ചില്ല.. എന്നേക്കാൾ മാർക്ക് കൊറഞ്ഞവരൊക്കെ പഠിക്കാൻ പോയി. എവിടേം പോവാനില്ലാത്ത ഞാൻ അന്ന് അമ്മയോട് ചോദിച്ചു: 

നിങ്ങളൊക്കെ എനിക്ക് വേണ്ടി എന്താ ഉണ്ടാക്കിയെ എന്ന്..? അതായിരുന്നു അവിടുന്നങ്ങോട്ടൊരു രണ്ടു കൊല്ലത്തെ അമ്മയും ഞാനുമായുള്ള മിണ്ടാതിരുപ്പിലെ ആദ്യ ഡയലോഗ്. നാളെ ഇതേ ഡയലോഗ് വിശ്വത്ത്  എന്നോട് പറയരുത്. അതോണ്ട് സമ്പാദിക്കുന്നു. പറ്റുന്ന പോലെയൊക്കെ പഠിപ്പിക്കുന്നു.."

"നല്ലതെന്നെ..നിന്റെ അമ്മേം പറ്റുന്ന പോലൊക്കെ നിന്നെ വളർത്തി. വീടിപ്പോൾ നിന്റെ പേരിലല്ലേ..ഓളുടെ കാര്യത്തിൽ ഇനി എന്നാ തീരുമാനം..?"

"അമ്മേനെ ഞാൻ ഈ മാസാവസാനം ഇവിടെ കണ്ണൂരുള്ള ഒരു ഓൾഡ് എയിജ് ഹോമിലേക്ക് മാറ്റും..നല്ല സൗകര്യങ്ങളാ. നല്ല ട്രീറ്റ്മെന്റും. എന്താ ശ്രീധരമ്മാന്റെ അഭിപ്രായം..?" 

"നീ എല്ലാം തീരുമാനിച്ചു കാശും അടച്ചു കാണില്ലേ.. ഇനി എനിക്കെന്ത് അഭിപ്രായം.." 

ഇത്രയും പറഞ്ഞു അമ്മാവൻ മൂന്നാമത്തെ പെഗ്ഗ് ആണെന്ന് തോന്നുന്നു..ഗ്ലാസിലെ ശേഷിപ്പും സിപ്പ് ചെയ്തു തീർത്തു..

"ഉം .എനിക്കും കുറച്ചൊക്കെ നന്നായി ജീവിക്കണ്ടേ അമ്മാവാ.."

"വേണം. നീയിപ്പോൾ നന്നായി ജീവിക്ക്ന്നയിനെപ്പറ്റി ആലോചിച്ചു. ഓള് ഇതുവരെ അയിനപ്പറ്റിയൊന്നും ആലോയിച്ചില്ല. നിന്നെ എങ്ങനേലും വളർത്തണം ന്ന് ആലോയിച്ചു..അതാണ് വ്യത്യാസം..ലാസ്റ്റ് നിങ്ങ നന്നായി ജീവിക്കുമ്പോളേക്ക് ഓൾക്ക് ഓർമ്മേം പോയി.." 

ഒന്ന് നിർത്തി "ഉം..ഒരു കണക്കിന് അതും നന്നായി" എന്ന് അമ്മാവൻ കൂട്ടിച്ചേർത്തു..ഞാൻ അമ്മാവന്റെ വാക്കുകൾ വെറുതെ കേട്ട് കൊണ്ടിരുന്നു. 'താഴെയുണ്ട്' എന്ന് പറഞ്ഞു അമ്മാവൻ പടികളിറങ്ങി. ഞാൻ കുറച്ചു നേരം ടെറസിൽ തന്നെയിരുന്നു. ബോട്ടിൽ ഏകദേശം പാതി കുടിച്ചിറക്കിയിരിക്കുന്നു. അതിന്റെ ബോധത്തിലോ ബലത്തിലോ ഒന്നുമായിരുന്നില്ല ഞാൻ അമ്മാവനോട് സംസാരിച്ചിരുന്നത്. പലപ്പോഴും അച്ഛനമ്മമ്മാർ മക്കൾക്ക് വേണ്ടി ജീവിക്കുന്നു.അവർ അച്ഛനോ അമ്മയോ ആകുമ്പോൾ അവരും അതുപോലെ അവരുടെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. മിലിട്ടറി ക്വാട്ട എന്റെ ശരീരത്തെ പതിയെ ചൂടുപിടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നല്ലൊരു കാറ്റ് എന്റെ ശ്രദ്ധയെ അയലത്തെ വളപ്പിലെ വേപ്പ് മരങ്ങളിലേക്ക് പറത്തിക്കൊണ്ട് പോയി. വേപ്പ് മരത്തിൽ നിന്നും കരിയിലകൾ ഊർന്നു കൃത്യമായി ടെറസിലേക്ക്  വീണുകൊണ്ടിരുന്നു. വേനലു കഴിയാൻ കാലത്തിന്റെ കലണ്ടറുകളിൽ ഇനിയും രണ്ടു മാസങ്ങൾ കൂടിയുണ്ട്. ജൂണിൽ വരുന്ന മഴവരെ ചപ്പുകൾ ഇങ്ങനെ വീണുകൊണ്ടിരിക്കും. ദെച്ചു ചേച്ചിക്ക് ഇതിന്റെ കൊമ്പുകൾ കൊത്തിക്കൂടായിരുന്നോ എന്നായി ചിന്ത. വേണമെങ്കിൽ അതിന്റെ ചെലവ് താൻ വഹിക്കാം എന്ന് കൂടി തീരുമാനിച്ചു. എന്തായാലും നാളെ അവരോടു കാര്യം പറയണം..അങ്ങനെയൊക്കെ ആത്മഗതം ആലോചിച്ചു ഞാനവിടെ പത്തുമിനിറ്റോളം കണ്ണടച്ച് കസേരയിലിരുന്നു. താഴെ വരുമ്പോൾ അമ്മാവൻ അമ്മയുടെ മുറിയിലിരിക്കുന്നു. അമ്മ കട്ടിലിൽ കിടക്കുന്നു.  വലതു വശത്തെ എപ്പോഴും അടച്ചിട്ടിരിക്കുന്ന ജനൽപാളികൾ തുറന്നു കിടക്കുന്നു. അമ്മയുടെ നോട്ടം പുറത്തെ ഇരുട്ടിലേക്കാണ്.

"അമ്മാവനെന്തിനാ ജനല് തുറന്നേ..? അപ്പുറത്തു നിന്നും ചപ്പടിച്ചു റൂമിൽ കേറും.." ഞാൻ തെല്ലു നീരസത്തോടെ തന്നെ പറഞ്ഞു..

"ഫാനിന്ന് ചൂട് കാറ്റാടാ വെര്ന്നു..അതാ ജനല് തുറന്നെ.."

"ശ്രീധരമ്മാനെ മനസിലായില്ല അമ്മയ്ക്ക്.." ഇടയ്ക്ക് ശ്യാമ മുറിയിൽ കയറി വന്നു ഒരു പരിഭവം പോലെ പറഞ്ഞു. 

"നീ ഭക്ഷണം എടുത്തു വയ്ക്ക്.." എന്ന് ഞാൻ പറഞ്ഞു.

"നിക്ക്ന്നില്ലടാ..ജിഷേം മോളും വന്നിനി. വീട്ടിൽ നിന്ന് തന്നെ കഴിക്കണം.." 

അമ്മാവൻ വെറുതെ അമ്മയെ ഒന്ന് കൂടി നോക്കി. കരതലം കവർന്നു. അമ്മയുടെ നോട്ടം ഇപ്പോഴും ജാനാലയ്ക്കു പുറത്തേയ്ക്കു തന്നെ. അമ്മാവൻ ഒന്നും പറയാതെ മുറി വിട്ടിറങ്ങി. പുറത്തു കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു. ഞാൻ ജനലുകൾ കൊട്ടിയടച്ചു. ഫാനിന്റെ സ്പീഡ് മൂന്നിൽ നിന്ന് അഞ്ചാക്കി. മുറിയിലെ ലൈറ്റ് ഓഫാക്കി.

പിറ്റേന്ന് രാവിലെയാണ് ഞാൻ ദെച്ചു ചേച്ചിയെ കാണുന്നത്. അവർക്ക് ഏകദേശം ഏഴുപതു കഴിഞ്ഞിട്ടുണ്ടാകണം പ്രായം. മെലിഞ്ഞു അല്പം വളഞ്ഞിരിക്കുന്ന ശരീര പ്രകൃതം. കഴിഞ്ഞ വരവിൽ കണ്ടതിൽ നിന്നും അധികം ബാഹ്യമാറ്റങ്ങളൊന്നും അവർക്കു സംഭവിച്ചിട്ടുമില്ല. എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത ഈ പ്രായത്തിലും അവർ പറമ്പിൽ എന്തൊക്കെയോ ജോലികൾ ചെയ്യുന്നു, മൂന്ന് പശുക്കളെ നോക്കുന്നു. അവർ കയ്യാലയ്ക്കപ്പുറത്തു നിന്ന് ചീര നടുന്നു. ഞാനെന്റെ അലക്കു കല്ലിൽ വെറുതെയിരിക്കുന്നു. വാഷിങ് മെഷീൻ വാങ്ങിയത്തിൽ പിന്നെ, ഏതാണ്ട് നാലുവർഷത്തോളമായി ഇതൊരു ഇരുത്തി മാത്രമായി. 

"ദെച്ചു ഏച്ചി.. വല്ലാതെ ചപ്പു അടിച്ചു വരുന്നു ഇങ്ങോട്ടു.."

"ചൂടല്ലേ..കൊറച്ചങ്ങനെയുണ്ടാവും ടാ.." അവർ എന്നെ നോക്കാതെ ചീര നട്ടു കൊണ്ട് തന്നെ മറുപടി പറഞ്ഞു.

"എന്നാലും മോളിൽ, ടെറസിൽ വല്ലാത്ത ബുദ്ധിമുട്ടാണ് പ്പ..മുഴുവൻ ഇതിന്റെ ചപ്പ്. എത്രാന്നു വെച്ചിട്ടാ നമ്മള്  വൃത്തിയാക്കുക. ഞാനും ശ്യാമേം മൂന്നു കൂട്ട ഇന്നലെ വാരിക്കൂട്ടി കത്തിച്ചു.."  

 "എന്നാ ചെയ്യുവാ..മരം മുറിച്ചു കളയാൻ പറ്റുവാ പിന്നേ..?"

"അതൊന്നും വേണ്ടാ.. ആ കൊമ്പ് ഒന്ന്  കൈച്ചൂടെ..എല്ലാരും ചെയ്യുന്നതല്ലേ..?"

"ഓ.അയിന്റ ആവശ്യില്ല. മഴ ഇപ്പൊ വെരും.."

"ദെച്ചുവേച്ചി..കൊമ്പ് കയിക്കാനുള്ള കാശ് ഞാൻ തരാ..മോളിൽ ചപ്പായിട്ട് കേറാൻ പറ്റുന്നില്ല..അതാണ്.."

ഞാൻ എന്റെ കാര്യം മാന്യമായി മറുപടിയായി പറഞ്ഞു. അവരിത് കേട്ടപ്പോൾ ചെയ്യുന്ന ജോലി മാറ്റി എഴുന്നേറ്റു നിന്ന് എന്നെ നോക്കി. 

"നിനക്കെപ്പാ മോനെ പൈസ ഇണ്ടായിനി. നീ മറന്നിട്ട്ണ്ടാവും. നിന്റെ 'അമ്മ, ഭാർഗവി പണ്ട് നിന്നെ ഈ ചപ്പു കൂട്ടി വിറ്റിട്ടാണ് നിന്ന വളർത്തി ഇങ്ങനെയാക്കീനി.."

തീർത്തും പ്രതീക്ഷിക്കാതെയുള്ള മറുപടി. ഞാൻ  തെറ്റായൊന്നും പറഞ്ഞതായി തോന്നുന്നില്ല. വാക്കുകളിൽ മാന്യതയുടെ കയ്യാല വരമ്പുകൾ ലംഘിച്ചിട്ടുമില്ല. ആ വിശ്വാസത്തിൽ തന്നെ തുടർന്നു.

"ദെച്ചുവേച്ചി..ഞാൻ നിങ്ങളോടു മാന്യമായി എന്റെ പ്രശ്നം പറയാൻ.."

"നിനക്ക് എപ്പാടാ ഇതെല്ലാം പ്രശ്നമായിനി..പണ്ട് നീ കരപ്പൻ പിടിച്ചു കെടന്നപ്പോ രണ്ടു മാസം ഈന്റെ ചപ്പിട്ടാണ് നീ കെടന്നിനി.. നെഞ്ഞിൽ നോക്കിയാ മതി. ഇപ്പോം ഇണ്ടാവും അയിന്റെ കല. നീ മാറും. പക്ഷേ ആ പാടൊന്നും അങ്ങനെ മാറൂലടാ.."

അവർ ഞാൻ പറഞ്ഞതിന് എന്ത് മറുപടിയാണ് തരുന്നതെന്നു പോലും എനിക്ക് മനസിലായില്ല. ഒരുവേള എന്നെ പറഞ്ഞത് പൂർത്തിയാക്കാൻ പോലും വിട്ടില്ല. എന്റെ സ്വരത്തിലെ സ്വരം മാറുന്നതിനു മുൻപേ എന്നെ ശ്യാമ വർക്കിങ് ഏരിയയിലെത്തി "നിങ്ങളിങ്ങോട്ടു വന്നേ" എന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ടും അവരുടെ പ്രായം കൊണ്ടും ഞാൻ രൂക്ഷമായ ഒരു നോട്ടത്തിലാവസാനം ഈ സംഭാഷണം അവസാനിപ്പിച്ച് വീട്ടിലേക്ക് കയറിപ്പോയി. തലേന്നത്തെ മിലിട്ടറിക്കുപ്പിയിൽ പാതിയോളം ബാക്കിയുണ്ടായിരുന്നു. സന്ധ്യയ്ക്ക് വിശ്വത്ത് പുറത്തുപോയപ്പോൾ ഞാൻ ടെറസിൽ ഒറ്റയ്ക്കിരുന്നു മദ്യപാനം തുടങ്ങി. കാലത്തെ അവരുടെ  സംഭാഷണങ്ങൾ തികട്ടി വരുന്നു. ഞാൻ വേപ്പ് മരങ്ങൾ നോക്കി. കയ്യാലയ്ക്കപ്പുറം ഇലകൾ പൊഴിച്ചിടാൻ ഒരു കാറ്റടിയുടെ സൗകര്യത്തിനായി കാത്ത് കെട്ടി കിടക്കുന്ന പടുവൃക്ഷങ്ങൾ. ഒന്നാലോചിക്കുമ്പോൾ ആ കരിയിലകളും നമ്മളും തമ്മിൽ അന്തരങ്ങളില്ല. കരിയിലകളെ ആർക്കും വേണ്ട. ഒരുപക്ഷേ  സ്വന്തം മരം പോലും  ബാധ്യതയായി പേറുന്ന കാലത്തിൽ ഹരണം സംഭവിച്ച ഇലകൾ.. പച്ചിലകൾ പഴുത്തിലകളാകുന്ന കാലദൂരമാണ് ജീവിതം. അതിപ്പോൾ മരത്തിന്റെതായാലും നമ്മളുടേതായാലും.. ഞാൻ മെല്ലെ പടികളിറങ്ങി അമ്മയുടെ മുറിയിലേക്ക് നടന്നു. ശ്യാമ കുളിപ്പിച്ച് വസ്ത്രം  മാറ്റി അവരെ ഇപ്പോൾ കിടത്തിയതേയുള്ളൂ. നെറ്റിയിൽ ഭസ്മക്കുറിയും തൊട്ടിട്ടുണ്ട്. ഞാൻ ഒന്നും മിണ്ടാതെ അമ്മയെത്തന്നെ നോക്കിയിരുന്നു..

 "ന്താ ഇവിടെയിരിക്കുന്നേ..ഏട്ടന്  കഴിക്കാനായോ..?" 

"അവനെവിടെ..?"

"ക്ലബ്ബിൽ കാണും..ഇനി വരാൻ ഒൻപതു മണി കഴിയും.."

"ശ്യാമേ, ഞാൻ അമ്മയെ അങ്ങോട്ടയക്കുന്നില്ല..നമ്മൾക്ക് നോക്കാം.."

രണ്ടു സെക്കന്റ് മൗനത്തിനു ശേഷം  അവൾ ചോദിച്ചു:

"ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് നിങ്ങളുടെ 'അമ്മ ഒരു ബാധ്യതയാണെന്ന്.. നോക്കാൻ കഴിയില്ലെന്ന്.. എനിക്ക് പറ്റുന്ന പോലൊക്കെ ഞാൻ ചെയ്യുന്നില്ലേ.."

അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എഴുന്നേറ്റു രണ്ടു ജനൽ പാളികൾ തുറന്നിട്ടു. പുറത്തേക്കു നോക്കി. അമ്മമ്മയുടെ നോട്ടവും അങ്ങോട്ടാണ്. പുറത്ത് ഇന്നലത്തെ പോലെയിരുട്ടല്ല, കുറച്ചൊക്കെ നിലാവുണ്ട്. കയ്യാലയ്ക്കപ്പുറത്തു ആ നിലാവിൽ  നിഴലടിച്ചു കാണാം വേപ്പ് മരങ്ങളെ. ഒരു കാറ്റിനെയും അതിലൂർന്നു വീഴുന്ന ചപ്പുകളെയും പ്രതീക്ഷിച്ചു ഞാൻ ജനലിനിപ്പുറം വെറുതേ നിന്നു..!!