ചുവപ്പ് പാളങ്ങള്‍
പല കമിതാക്കളും അവരുടെ പ്രണയം സഫലമാക്കുന്നത് ഈ റെയില്‍ പാളങ്ങളില്‍ വെച്ചാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ദിവസം ഞാനതിനു ദൃക്ഷസാക്ഷിയാവുകയും ചെയ്തു. ദേവേട്ടനെ നേരിട്ടു കാണാന്‍ പാടത്തു പോകാന്‍ ആരും കാണാതെയുള്ള ഏക അശ്രയം ഈ പാളങ്ങള്‍ മാത്രമാണ്. വൈകുന്നേരം ലൈബ്രറിയിലേക്ക് എന്നു പറഞ്ഞു ഞാന്‍ ഈ വഴിയാണ് പാടത്തേക്ക് പോവുക. പതിവുപോലെ അന്ന് വൈകുന്നേരവും ഞാന്‍ വീട്ടില്‍ നിന്നിറിങ്ങി. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. ചെറിയ ചാറ്റല്‍ മഴയുണ്ട്. മഴക്കാറ് ഉള്ളതു കൊണ്ട് നാലുമണിക്കും ഒരു അന്തിയോടടുത്ത ചന്തമായിരുന്നു. എന്നും ഞാനിവിടെ എത്തുക നാലരയോടടുത്തതാണ്. കാരണം ദേവേട്ടന്‍റെ ബസ് വരിക ഏതാണ്ട് ആ സമയത്താണ്. എന്നെ കാണാനുള്ള തിരക്കില്‍ നാലരയ്ക്കുള്ള എക്സ്പ്രസി ന്‍റെ മുന്നില്‍ പോയി വീഴരുതെന്നും ഇടക്ക് എന്നെ ദേവേട്ടന്‍ ഓര്‍പ്പിക്കാറുമുണ്ട്. ശരിയാണ്, വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രണയമാണ്. പ്രായത്തിന്‍റെ കുഴപ്പമാണെന്നു പറഞ്ഞു സ്ക്കൂള്‍ ജീവിതകാലത്തുതന്നെ ഇതിനെ കൂട്ടുകാര്‍ തടഞ്ഞിരുന്നു. ഇപ്പൊ വർഷങ്ങൾ ആറുകടന്നു. എനിക്ക് വയസ്സ് ഈ ചിങ്ങത്തില്‍ ഇരുപത്തൊന്നും ദേവേട്ടന് ഇരുപത്തഞ്ചും കടന്നു. അടുത്ത വര്‍ഷം ദേവേട്ടന്‍ പാലക്കാട്ടുള്ള ഒരു കമ്പനിയില്‍ സ്ഥിരമായി ജോലി ലഭിക്കും. എന്നിട്ട് എന്‍റെ അമ്മാവന്മാരോടു വന്ന് പെണ്ണു ചോദിക്കാം എന്നാണു പറഞ്ഞിരിക്കുന്നത്. അന്ന് സ്ക്കൂളില്‍ കൂടെപ്പഠിച്ച കുറച്ചു പേര്‍ക്കല്ലാതെ മറ്റാർക്കും ഈ സ്നേഹബന്ധത്തെപ്പറ്റി ഒന്നുമറിയില്ല. അച്ഛനില്ലാത്ത എന്നെ അമ്മാവന്മാര്‍ അത്രക്കും സ്നേഹിച്ചാണ് വളര്‍ത്തിയത്. പ്രിഡിഗ്രി കഴിഞ്ഞതില്‍പിന്നെ എന്നെ പഠിക്കാന്‍ വിട്ടിടില്ല. കാരണം പട്ടണത്തില്‍ച്ചെന്ന് മോളു ചീത്തയാവണ്ട എന്നു കരുതിയാവാം. എങ്കിലും ഞാന്‍ നാട്ടില്‍ നിന്നു തന്നെ ടൈപ്പ് റൈറ്റിങ് പഠിച്ചിടുണ്ട്.
അന്നാ ഞായറാഴ്ചത്തെ ചാറ്റല്‍ മഴയില്‍ ഞാന്‍ വേഗം നടന്നതു കൊണ്ടാവാം നാലരയ്ക്ക്മുമ്പേ പാളത്തിനടുത്തെത്തി. വണ്ടിയുടെ ചൂളം വിളി അങ്ങു ദൂരെ നിന്നും കേൾക്കാറായതുകൊണ്ട് പാളത്തില്ലേക്ക് കയറാതെ ഞാന്‍ ഒരു വശത്തു കൂടി പതുക്കെ നടന്നു. അപ്പോളാണ് ദൂരെ മാറി രണ്ടു പേര്‍ പാളത്തിലുടെ നടന്നു നീങ്ങുന്നത് കണ്ടത്. ഒരാണ്‍കുട്ടിയും മറ്റതൊരു പെണ്‍കുട്ടിയും. അവര്‍ മഴ നനയുകയാണ്. അവനും അവളും കൈകള്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു. വണ്ടിയുടെ ചൂളം വിളി അടുത്തു വരുന്നുണ്ടായിട്ടും അവര്‍ പാളത്തിൽനിന്നും മാറിനടക്കുന്നില്ല. വണ്ടി അകലെ നിന്നുകണ്ടതു മുതല്‍ അവര്‍ പര്സ്പരം കെട്ടിപ്പിടിക്കുകയും മാറി മാറി ശക്തിയായി ചുബിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പെൺകുട്ടിയുടെതായിരിക്കാം, ഒരു ഷാള്‍ കൊണ്ട് പരസ്പരം അവര്‍ കൈകള്‍ കെട്ടിയിട്ടിരുന്നു. പാളത്തിനു നടുവില്‍ നിന്നും ഞാന്‍ അവര്‍ക്കു നേരെ വിളിച്ചു കൊണ്ട് ഓടുമ്പോഴേക്കും വണ്ടി എന്നെയും തോല്‍പിച്ച് മുന്നിലെത്തി, അവരെ തട്ടിത്തെറിപ്പിച്ചു. ഞാന്‍ അല്‍പനേരം മുട്ടുകുത്തി നിന്നു. അവരുടെ അടുത്തേക്ക് പോകാനോ ആരെന്നു നോക്കാനോ എനിക്കാകുമായിരുന്നില്ല. ഞാന്‍ പാളം മുറിച്ചുകടന്ന് തെക്കോട്ടോടി.
മഴ കനത്തു തുടങ്ങിയിരുന്നു.. മഴതുള്ളികളില്‍ എന്‍റെ കണ്ണീരിന്‍റെ ഉപ്പു കലര്‍ന്നു...
ദേവേട്ടന്‍ എന്നെയും നോക്കി നില്‍പ്പുണ്ടായിരുന്നു.
നീ ഇതെവിടെയായിരുന്നു... എന്തിനാടി കരയുന്നേ...
ദേവേട്ടന്‍റെ ചോദ്യത്തിനു മുമ്പില്‍ ഉത്തരം നല്‍കാന്‍ കഴിയാതെ ഞാന്‍ ദേവേട്ടനെ അന്നാദ്യമായി കെട്ടിപ്പിടിച്ചു കരഞ്ഞു.. ആരും കാണാതെ ദേവേട്ടന്‍ എന്നെ മാറോടു ചേര്‍ത്തു. വീണ്ടും കാര്യം തിരക്കി.... ഒന്നു പറയാനാവാതെ ഞാന്‍ തേങ്ങിക്കരഞ്ഞു.
പിന്നീടെനിക്ക് എന്നും പേടിയായിരുന്നു. ആ വഴിയും എക്സ്പ്രസ് വണ്ടിയും അതിന്റെ ചൂളം വിളിയും. ഇന്നിവിടെ വന്നത് അവസാനമായിട്ടായിരിക്കാം. സമയം ഏതാണ്ട് നാലരയോട് അടുത്തിരിക്കുന്നു. ദേവേട്ടന്‍ വാരാറായിരിക്കുന്നു. വീട്ടില്‍നിന്ന് എന്നെ പെണ്ണുകാണൽ ചടങ്ങിനെത്തിയ പുതുപ്പണക്കാരൻ ചെക്കനും കൂട്ടരും ഇപ്പോൾ കവലയിലെത്തിക്കാണും. ഈ പാളങ്ങളിലെങ്കിലും എന്റെയും ദേവേട്ടന്റെയും പ്രണയം സാക്ഷാല്‍ക്കരിക്കുമൊ? വണ്ടിയുടെ ചൂളം വിളി കേള്‍ക്കായി. ദേവേട്ടനനെ അകലെക്കാണാം. പാടം കടന്നു തിടുക്കത്തിൽ അദ്ദേഹം പാളം ലക്ഷ്യമാക്കി എന്നെത്തേടിവരുന്നു.