കഥാജാലകം

View Original

മീനാക്ഷി

നല്ല മഴക്കാറുണ്ട്.  ബസ്‌ ഇറങ്ങി  കുറെ നടക്കാനുണ്ട് വീട്ടിലേക്ക്.  മഴ നനയാനും വയ്യ.

ഒരിക്കൽ  ഈ  മഴ  നനയാൻ കൊതിച്ചിരുന്നു. ഒറ്റക്കല്ല.  മീനാക്ഷിയോടൊപ്പം. എൻറെ മീനു.

എന്നിട്ടും അവൾ..

കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു  എനിക്കവളെയും അവൾക്കെന്നെയും. എന്നിട്ടും അവൾ.

സ്കൂളിൽ പഠിക്കുമ്പോൾ അവൾ പരീക്ഷക്ക് പാസ്‌ ആകാൻ   വേണ്ടി  ഞാൻ എത്ര വഴിപാടുകൾ കഴിച്ചു. അവളെ  പത്ത് സി യിലെ രാജീവൻ ശല്യം ചെയ്തു എന്ന നിറകണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ അവനെ അടിച്ചതും അവന്റെ മൂക്കിൽ നിന്ന് രക്തം വന്നതും, അവനത് ഹെഡ്മാസ്റ്ററോട് പറഞ്ഞ് സാർ എന്നെ  അവന്റെ മുന്നിലിട്ട് ചൂരൽ കൊണ്ട് നല്ല പിട പിടച്ചതും ഇന്നും മറക്കാൻ കഴിയുന്നില്ല. ഫോർത്ത് ഗ്രൂപ്പെടുക്കനിരുന്ന ഞാൻ അവൾക്കുവേണ്ടി സെക്കണ്ട് ഗ്രൂപ്പെടുത്ത് പഠിച്ചു. കണക്കിനോടും സയൻസിനോടും മല്ലിട്ട് ഞാൻ എങ്ങനെയോ ജയിച്ചു കയറി. അവൾ പാസായില്ല. അതോടെ പഠനവും നിർത്തി. താല്പര്യം ഇല്ലാഞ്ഞിട്ടും ഞൻ ബിഎസ്‌സിക്ക് ചേർന്നു.

അവളുടെ ഓരോ പിറന്നാളിനും ഞാനവൾക്കുകൊടുത്ത സമ്മാനങ്ങൾ അവൾ ചുംബനങ്ങളോടെ ആണ് വാങ്ങിവച്ചത്. ഒരു  പിറന്നാളിന്  അവൾക്ക് ഞാൻ സമ്മാനിച്ചത് പെരുമ്പടത്തിന്റെ, "ഒരു സങ്കീർത്തനം പോലെ" യാണ്‌. അതിലെ ദെസ്തൊവിസ്ക്യെയും അന്നയെയും അവൾക്ക് ഒരുപാട് ഇഷ്ടമായി. മറ്റൊരിക്കൽ ഞാനും അവളും ഒരുമിച്ച് ഒരു സിനിമയ്ക്ക് പോയി. ശുഭയാത്ര എന്ന സിനിമ  ആയിരുന്നു അത്. അതിലെ  ജയറാമിന്റെയും  പാർവതിയുടെയും ദുഃഖം ഞങ്ങൾ ഞങ്ങളുടെതാക്കി  മാറ്റി.

പലപ്പോഴും ഞാങ്ങൾ ഒരുമിച്ച് ഞങ്ങളുടെ ആശകളെ തുന്നി ചേർത്ത് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു. ഭാവിയെ കുറിച്ച ഒരുപാട് പ്രതീക്ഷകൾ വളർത്തി.  എന്നിട്ടും അവൾ.

ഞാൻ അവൾക്കുവേണ്ടി നടത്തിയ വഴിപാടുകളെ മറന്ന്. അവൾക്ക് വേണ്ടി ഹെഡ്മാസ്റ്റ റിന്റെ കയ്യിൽ നിന്ന് കൊണ്ട തല്ലിനെ മറന്ന്, ഞാൻ അവൾക്ക് കൊടുത്ത പിറന്നാൾ സമ്മാനങ്ങൾ മറന്ന്.. ഒരുമിച്ച് കണ്ട സിനിമകളും സ്വപ്നങ്ങളും മറന്ന് അവൾ  ആ  പത്ത് സിക്കാരൻ രാജീവന്റെ ആലോചനയ്ക്ക് അമ്മാവനോട് സമ്മതം മൂളി.

എന്തിനായിരുന്നു അവളെന്നോട് ഇത് ചെയ്തത്..  ഓർക്കുമ്പോൾ ഇന്നും മനസിലൊരു വിങ്ങലാണ്.

നടന്നു  വീടിന്റെ  പടിപ്പുര എത്തിയത് അറിഞ്ഞില്ല. പടിപ്പുര കടന്ന എന്റെ നേരെ 'അച്ഛാ..' എന്ന് വിളിച്ച് ഓടിവരുന്നു, എന്റെ മോൾ, മീനു. എന്റെ മീനാക്ഷി.