അച്ഛേടെ മുത്ത്
ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ പാതകളെ ഓർമിപ്പിച്ചു കുന്നുകളുടെ നിറുകയിലേക്കു കയറി പോകുന്ന ഫയർ ബ്രേക്കുകളും എതിർവശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉയർന്നു നിൽക്കുന്ന പുകക്കുഴലിൽ ഇരുന്നു കരയുന്ന കടൽക്കാക്കയും അയാളിൽ പുതുമയുള്ള കൗതുകത്തെ ഉണർത്തി.
മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ ഇത്തരം കാഴ്ച്ചകൾ അയാളെ ഒട്ടും ആകർഷിക്കുമായിരുന്നില്ല. ആശുപത്രി മുറിക്കുള്ളിലെ മടുപ്പിക്കുന്ന നിമിഷങ്ങളിൽ മറ്റൊന്നും ചെയ്യുവാനില്ലാത്തതുകൊണ്ടാവണം മുന്നിൽ കണ്ട കാഴ്ചകളെ അയാൾ കൗതുകപൂർവ്വം വീക്ഷിച്ചത്. ചിന്തകളിൽ അലയുന്ന ശീലം ഇല്ലാതിരുന്നിട്ടു കൂടി വ്യത്യസ്തമായ കാഴ്ചകളും അവയുടെ ചലനാത്മകതയുംആ നിമിഷങ്ങളിൽ ഒരു ദാർശനികനെ പോലെ ചിന്തിക്കുവാൻ അയാളെ പ്രേരിപ്പിച്ചു. കാഴ്ചകളിൽ നിന്ന് കാഴ്ചകളിലേക്ക് തെന്നി നീങ്ങുന്ന ദൃഷ്ടികളെയും, അതിനെ പിന്തുടരുന്ന മനസ്സിനെയും മകളുടെ ശബ്ദം മടക്കി വിളിക്കുന്നത് വരെയും അയാൾ അങ്ങനെ അലയുവാൻ വിട്ടു.
'നിച്ചു വീട്ടിൽ പോണം അച്ഛാ’. കണ്ടുകൊണ്ടിരുന്ന കാർട്ടൂണിൽ നിന്നും നോട്ടം അയാളിലേക്ക് മാറ്റി മകൾ പറഞ്ഞു.
തോളറ്റം വരെ വളർന്ന ഇടതൂർന്ന തലമുടി ചീകാതെ ജഡ പിടിച്ചു കോലം കെട്ടിരിക്കുന്നു. വലിയ മിഴികളിലെ തിളക്കവും പാടെ നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയത്തിൽ പിടയുന്ന വേദനയോടെ അയാൾ മകളെ നോക്കി. ഒറ്റ രാത്രികൊണ്ട് മകൾ ഒരുപാട് മാറിപ്പോയത് പോലെ അയാൾക്ക് തോന്നി.
‘പോകാം, ഡോക്ടർ വരട്ടെ’.
അയാൾ വാത്സല്യത്തോടെ പറഞ്ഞു.
തലേന്ന് അർദ്ധരാത്രിക്ക് ശേഷം കടുത്ത പനിയും ശ്വാസതടസ്സവുമായിട്ടാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പകർച്ചപ്പനി ആയതുകൊണ്ടാവാം ഐസൊലേഷനിലാണ് കുട്ടിയെ കിടത്തിയത്. മെഡിക്കൽ ഉപകരണങ്ങളുടെ വിചിത്ര രൂപങ്ങളും ഐസൊലേഷൻ മുറിയുടെ മൂകമായ അന്തരീക്ഷവും കുഞ്ഞുമനസിന്റെ പൊരുത്തപ്പെടുവാനുള്ള പരിധിക്കും അപ്പുറമായിരുന്നു. ശീലമില്ലാത്ത ചുറ്റുപാടുകൾ കുട്ടിയെ ആകപ്പാടെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഇഷ്ട്ടമുള്ള കാർട്ടൂണുകൾ പോലും അവളെ രസിപ്പിക്കുന്നില്ല.
‘ഡോട്ടറെന്തേ വരാത്തെ അച്ഛാ? നിക്കിവിടെ ഇഷ്ട്ടൂല്ല. നിക്ക് അമ്മേടേം അച്യുന്റേം അടുത്ത് പോണം’. മകൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റ് മകളുടെ ബെഡിനരികിലേക്കു നീങ്ങി അവളുടെ അടുക്കലിരിന്നു. പിന്നെ വാത്സല്യവും അലിവും നിറഞ്ഞ ഭാവത്തോടെ പറഞ്ഞു ‘പോകാലോ മുത്തേ. പക്ഷെ അസുഖം മാറണ്ടേ?’
‘പച്ചേ വാവു മാരീലോ അച്ഛാ’
‘ആര് പറഞ്ഞു മാറീന്ന്?’
‘ദേ തൊട്ടു നോക്കിക്കേ, പ്പൊ പനീല്ലാലോ’. കുട്ടി നെഞ്ചിൽ കൈവച്ചു നിഷ്കളങ്കതയോടെ പറഞ്ഞു.
‘ആണോ അച്ഛനൊന്നു തൊട്ടുനോക്കട്ടെ. അയാൾ മകളുടെ നെറ്റിയിലും പിന്നെ നെഞ്ചിലും കൈവച്ചു.
‘ഉണ്ടല്ലോ രുക്കൂ, ഇപ്പോഴും കുറച്ചു പനിയുണ്ടല്ലോ’.
‘ഉവ്വോ!’
മകളുടെ മുഖം മ്ലാനമായതു ശ്രദ്ധിച്ച അയാൾ കൈവിരലുകളുടെ ആംഗ്യത്തോടെ പറഞ്ഞു, ‘ഇച്ചിരി, ഒരു ഉറുമ്പിന്റെയത്ര’.
ഹോസ്പിറ്റൽ കിച്ചണിൽ നിന്നും കൊണ്ടുവന്ന പ്ലാസ്റ്റിക് ട്രേയിലെ ആഹാരം തൊടാതെ, കൊണ്ടുവന്ന പരുവത്തിൽ സൈഡ് ടേബിളിൽത്തന്നെയിരിക്കുന്നത് അയാൾ ബെഡിൽ മകളുടെ അടുത്തേക്ക് എടുത്തുവച്ചു. ടോസ്റ്റഡ് സാൻഡ് വിച്ചും, സിറപ്പിലിട്ട ആപ്രിക്കോട്ടും, സ്ട്രോബെറി ഫ്ളേവേർഡ് യോഗർട്ടും ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു, ‘നോക്കൂ രുക്കൂ, രാവിലെ കൊണ്ടുവന്ന പാൽ തൊട്ടതേയില്ല. ബ്രെഡിൽ പുരട്ടാൻ തന്ന ബട്ടർ അതുപോലെ തന്നെ അപ്പുറത്തിരിക്കുന്നു. ദാ ഇപ്പൊ ഈ കൊണ്ട് വന്നു വച്ചിരിക്കണതും. ഒന്നും കഴിക്കാഞ്ഞാൽ അസുഖം മാറില്ല. അസുഖം മാറാഞ്ഞാൽ വീട്ടിൽപോകാനും പറ്റില്ല’.
സംസാരത്തിൽ കുറച്ചു നാടകീയതയും കൃത്രിമമായ പരിഭവവും കൂട്ടിച്ചേർത്തുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്.
‘നിച്ചു വിസക്കണില്ലച്ഛാ’
‘അത് പറ്റില്ല, ഇനിയും കഴിക്കാഞ്ഞാൽ അച്ഛൻ പിണങ്ങും’. അയാൾ പറഞ്ഞു
‘പിണങ്ങല്ലേ അച്ഛാ, രുക്കൂ പാവല്ലേ’. മകൾ സങ്കടപെട്ടു.
‘ശരി, പിണങ്ങേണ്ടെങ്കിൽ ഇതെല്ലാം കഴിക്കണം. ഇത് മുഴുവനും കഴിച്ചാൽ ഈ കുഞ്ഞു പനി പമ്പകടക്കും. പിന്നെ നമുക്ക് വീട്ടിൽ പോകാം’. അയാൾ ഒരു കെണിവച്ച് കുഞ്ഞിക്കവിളിൽ മൃദുവായി ഒരു മുത്തം കൊടുത്തു.
മുൻപിൽ തുറന്നു വച്ചിരിക്കുന്ന ട്രേയിലെ ആഹാര പദാർത്ഥങ്ങൾ കുട്ടി ഒന്ന് എത്തിനോക്കി.
‘സിറപ്പിലിട്ട ഫ്രൂട്സ് എനിക്കിസ്റ്റൂല്ലച്ഛാ’. മകൾ തലവെട്ടിച്ചു കൊണ്ട് ആദ്യമേ മൊഴിഞ്ഞു.
‘എന്നാൽ സാൻഡ് വിച് തിന്നാം. പിന്നെ ഇത്തിരി യോഗാർട്ടും?’ അയാൾ നിർദേശിച്ചു.
‘ഉം…’ മകൾ മനസ്സില്ലാമനസ്സോടെ മൂളി .
സാന്റ് വിച്ചിനെ നോവിക്കാതെ, അരികിൽ നിന്നും അൽപാൽപ്പമായി കടിച്ചെടുത്തു ചവച്ചിറക്കുന്ന മകളെ അയാൾ അരികിലിരുന്ന് വെറുതെ നോക്കികൊണ്ടിരുന്നു . ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാതെയുള്ള വെറും ഒരു ചടങ്ങായിട്ടാണ്, ആ പ്രക്രിയ അയാൾക്ക് തോന്നിയത്. ഭക്ഷണത്തോടുള്ളമകളുടെ വിരക്തി അയാൾക്കും ഭാര്യക്കും കുറച്ചു നാളുകളായി വലിയ വിഷമത്തിന് തന്നെ ഹേതുവായിരിക്കുന്നു എന്ന കാര്യം സാന്ദർഭീകമായി അയാൾ ഓർത്തുപോയി.
കുട്ടികൾ രണ്ടാണ് അയാൾക്ക്. ആദ്യത്തെ കുട്ടിയാണ് രുക്കു എന്നുവിളിക്കുന്ന അഞ്ചു വയസ്സുള്ള മകൾ രുക്മിണി. ഇളയകുഞ്ഞിന് ആറു മാസം മാത്രമേ പ്രായമായിട്ടുള്ളൂ. കൂനിന്മേൽ കുരു എന്ന പോലെ ആ കുഞ്ഞിനാണെങ്കിൽ ചിക്കൻ പോക്സും പിടിപ്പെട്ടിരിക്കണൂ. കുഞ്ഞിന്റെ കാര്യങ്ങളുമായി വീട്ടിൽത്തന്നെ തളച്ചിട്ട അവസ്ഥയിലാണ് ഭാര്യ. അമ്മയെ കാണാൻ കഴിയാത്തതാണ് മകളുടെ അസ്വസ്ഥതയുടെ പ്രധാന കാരണമെന്ന് അയാൾക്ക് നന്നായറിയാം.
അഞ്ചു വർഷങ്ങൾക്ക് മുൻപുള്ള മകൾ ജനിച്ച ആ ദിവസം അയാളുടെ ഓർമയിൽ ഒരിക്കൽ കൂടി ഓടിയെത്തി. ഓപ്പറേഷൻ തീയേറ്ററിൽ
അമ്മയുടെ ഉദരത്തിൽ നിന്നും മകളെ പുറത്തെടുത്തു കാണിച്ച ധന്യനിമിഷത്തിന്റെ ഓർമയിൽ നിർവൃതിയുടെ ഒരു കുളിർക്കാറ്റ് അയാളെ തഴുകി കടന്നുപോയി. പച്ചമാംസത്തെ കീറിമുറിക്കുന്ന ഭീകരമായ ഒരു രംഗം നേരിട്ട് കണ്ട നടുക്കത്തിൽ നിന്നും ള്ളേ... എന്ന നിലവിളി അപ്പോൾ അയാൾക്ക് പെട്ടെന്നൊരു വിടുതൽ നൽകിയിരുന്നു. താനെന്ന വൃക്ഷത്തിൽ നിന്നും മുളപൊട്ടിയ പുതിയ ശാഖയുടെ മുഖത്തേക്ക് അയാൾ അതീവ വാത്സല്യത്തോടെ നോക്കി.
നനഞ്ഞ ഒരു പക്ഷിക്കുഞ്ഞ്! അയാൾ ഓർമിച്ചെടുത്തു.
ള്ളേ… തൊള്ള കീറിയുള്ള കരച്ചിലിനിടയിൽ പക്ഷിക്കുഞ്ഞിന്റെ മുഖം തിയേറ്ററിലെ നേഴ്‌സ് അടുത്ത് കാണിച്ചു. ഇടതൂർന്ന കറുത്ത മുടിയും വലിയ കണ്ണുകളും. ആദ്യ നോട്ടത്തിൽ തന്നെ അവൾക്കു ഭാര്യയുടെ മുഖച്ഛായയാണെന്നു തിരിച്ചറിഞ്ഞു. പക്ഷെ ഒറ്റക്കവിളിലെ നുണക്കുഴി? അയാൾഅഭിമാനത്തോടെ, ശ്മശ്രുക്കൾ വളർന്നുതുടങ്ങിയ തന്റെ കവിളിൽ ഒന്നുകൂടി തടവി നോക്കി.
‘രണ്ട് നാന്നൂറ്’ നേഴ്സ് തൂക്കം പറയുമ്പോൾ, അച്ഛനെന്ന പദവിയിലേക്ക് ഉദ്ധരിക്കപ്പെട്ട തന്റെ പുതിയ പദവിയുടെ സുഖസ്മൃതിയിലായിരുന്നു അയാൾ.
ഭാര്യയുടെ പിളർന്ന വയർ തുന്നിക്കൂട്ടുന്ന കാഴ്ചയിൽ നിന്നും കണ്ണുകൾ പിൻവലിച്ചു കഴിഞ്ഞിരുന്നു അയാൾ. അത്തരം കാഴ്ചകൾ അയാളെപ്പോലെ ഒരാൾക്ക് താങ്ങുവാൻ കഴിയുമായിരുന്നില്ല. മയങ്ങിക്കിടക്കുന്ന ഭാര്യയുടെ വിളറിയ മുഖത്തേക്ക് നോക്കി അയാൾ പ്രേമപൂർവം മനസ്സിൽപിറുപിറുത്തു. ‘നന്ദി... ഈ പുരുഷായുസ്സിനെ ധന്യമാക്കിയതിൽ’. പ്രിയതമയുടെ ഇടതു കൺകോണിലൂടെ പൊടിഞ്ഞിറങ്ങിയ നീർക്കണം ചൂണ്ടു വിരൽ കൊണ്ട് തുടച്ചു മാറ്റി, നെറ്റിയിൽ സ്നേഹത്തോടെ ചുംബിക്കുമ്പോൾ, മാതൃത്വം എന്ന വാക്കിന്റെ ആഴമേറിയ അർത്ഥം, ഒഴുകുവാൻ വെമ്പിനിന്ന ആ നീർക്കണം വിസ്തരിച്ചു വിവരിക്കുന്നതായി അയാൾക്ക് തോന്നി.
കൺമുൻപിൽ കണ്ട ത്യാഗത്തിന്റെ വലിപ്പം തന്റെ ഇഷ്ടത്തെ ഒന്നുകൂടി പുഷ്ടിപ്പെടുത്തിയിട്ടെന്ന പോലെ പ്രേമപൂർവം ഭാര്യയുടെ
തലമുടിച്ചുരുളുകൾക്കുള്ളിലൂടെ അയാൾ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.
പാതി തിന്ന സാന്റ് വിച്ചിലേക്കു നോക്കി മകൾ പറഞ്ഞു, ‘നിച്ചു മതിയച്ചാ, വയറു വേദനിക്കണൂ’.
‘അത് നുണ, രുക്കു ഒട്ടും തിന്നേയില്ലലോ, വയറു വേദനിക്കാൻ’.
‘വയറ് നറഞ്ഞു അച്ഛാ, നിക്കിനി തിന്നാൻ പറ്റൂല്ല’.
‘എന്നാൽ ഈ യോഗാർട്ട് കൂടി കഴിച്ചു നിർത്താം’.
‘ഉം…’ വൈമനസ്സ്യത്തോടു കൂടിയുള്ള മൂളൽ. രണ്ടു സ്പൂൺ പോലും കഴിക്കുന്നതിനു മുൻപേ മകൾ പറഞ്ഞു, നിച്ച് ഈ യോഗാർട്ടിഷ്ടൂല്ല’.
‘പിന്നെയെന്താണ് രുക്കൂണിഷ്ടം? അച്ഛൻ കൂട്ടില്ല’. അയാൾ വീണ്ടും പിണക്കം ഭാവിച്ചു.
‘നിച്ചു ചോക്കലേറ്റ് ഫ്ലായ്‌വേര് ഇഷ്ടാ’.
‘അതച്ഛൻ പിന്നെ വാങ്ങി തരാം. ഇപ്പൊ ഇത് കഴിക്കാം’.
അയാളുടെ പ്രലോഭനങ്ങളിലും പരിഭവങ്ങളിലും മയപ്പെട്ടു മകൾ കുറച്ചുകൂടി കഴിച്ചു.
പാതി തിന്ന സാന്റ് വിച്ചും പൂർത്തിയാക്കാത്ത യോഗാർട്ടും ട്രേയിലേക്കു തിരികെവച്ച് നിവരുമ്പോൾ വാതിലിൽ മുട്ടിവിളിച്ച് നേഴ്സ് അകത്തേക്ക് വന്നു. പരിശോധനകൾക്കു ശേഷം അവർ പറഞ്ഞു. ‘ഹാർട്ട് ബീറ്റും ഓക്സിജൻ ലെവലും വളരെ പുരോഗമിച്ചു കഴിഞ്ഞു. ഇൻഹേലറിന്റെ ഉപയോഗം രണ്ടുമണിക്കൂറിൽ നിന്നും മൂന്നുമണിക്കൂറിലേക്കു സ്ട്രെച് ചെയ്യാം. ഡോക്ടർ ഉച്ച കഴിഞ്ഞേ വരികയുള്ളൂ…’
പുറത്തു മഴ പിന്നെയും തുടങ്ങി. കുന്നിൻ മുകളിലെ നിഴൽക്കൂത്ത് അവസാനിച്ചു കഴിഞ്ഞു. ഉച്ചക്ക് ശേഷം ഡോക്ടർ വന്നു. ശ്വാസകോശത്തിന്റെ ചുരുക്കത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് അവർ പറഞ്ഞു. പക്ഷെ, കുട്ടിയുടെ തൂക്കത്തിന്റെ കാര്യത്തിൽ അവർക്കുള്ള സന്ദേഹം പറയുകയും രക്തപരിശോധന വേണമെന്ന് കൂടെയുള്ള നഴ്സിനോട് നിർദ്ദേശിക്കുകയും ചെയ്തു. കുട്ടിയുടെ ഭക്ഷണക്രമത്തിൽ കൃത്യമായ പ്ലാൻ തയ്യാറാക്കുന്നതിന് ഡയറ്റീഷ്യനെയും അവർ തന്നെ റഫർ ചെയ്തു.
ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ മകൾ പിന്നെയും ചോദിച്ചു.
‘എപ്പഴാ വീട്ടിൽ പോകുന്നെ അച്ഛാ?’
‘നാളെ രാവിലെ. അപ്പോഴേക്കും രുക്കൂന്റെ അസുഖം മാറും’.
‘നിച് അമ്മേനെ കാണണം’. മകൾ വാശിപിടിച്ചു ചിണുങ്ങാൻ തുടങ്ങി...
‘അച്ചൂന് ചിക്കൻപോക്സല്ലേ റുക്കൂ... അതല്ലേ അമ്മ വരാത്തത്. നാളെ രാവിലെ രുക്കൂന് പോകാന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. രാവിലെ തന്നെ പോകാട്ടോ…’ അയാൾ കുട്ടിയെ ആശ്വസിപ്പിച്ചു.
‘നിച്ച് ഇവിടെ ഇഷ്ട്ടല്ലച്ചാ..’ അയാളുടെ മനം അലിഞ്ഞു.
എങ്കിലും ഒരു ഉപായം കണ്ടെത്തേണ്ടതുണ്ട്.
‘അച്ഛ മൗഗ്ളിയുടെ കാർട്ടൂൺ വച്ചുതരട്ടെ, മുത്തിന്?’
‘നിച്ച് ഇഷ്ട്ടൂല്ല ആ കാർട്ടൂൺ. നിച്ച് ശിർക്കാനേ പേടിയാ…’
‘എന്നാൽ അച്ഛ ഒരു കഥപറയാം… സ്വർണത്തലമുടിയുള്ള സുന്ദരിയായ ഒരു രാജകുമാരിയുടെ’.
മകളുടെ മുഖം പെട്ടെന്ന് പ്രസന്നമായത് അയാൾ കണ്ടു. ഒപ്പം സ്വന്തം മുടിയിഴകൾ കൈയിൽ എടുത്തുനോക്കികൊണ്ടുള്ള ചോദ്യം ഉള്ളിൽ ഒരു അങ്കലാപ്പും സൃഷ്ട്ടിച്ചു.
‘ന്റെ മുടി എന്താ അച്ഛേ കറുപ്പ് ? നിച്ച് സ്വർണ്ണത്തലമുടിയാ ഇഷ്ട്ടം’. പ്രസരിപ്പോടെയാണെങ്കിലും ഇച്ഛാഭംഗത്തിന്റെ സ്വരം തിരിച്ചറിയുവാൻ കഴിഞ്ഞു. ഒന്ന് കുഴങ്ങിയെങ്കിലും അഭ്യാസിയുടെ തഴക്കത്തോടെ ആ വൈതരണിയെ അയാൾ വിദഗ്ധമായി തരണം ചെയ്ത് കഥയിലേക്കു കടന്നു.
‘പണ്ടു പണ്ട്… ഒരിടത്തൊരു…’ അയാൾ കഥ തുടങ്ങി. മകൾ ഉറക്കത്തിലേക്കു വഴുതി വീഴുന്നത് വരെയും കഥപറച്ചിൽ തുടർന്ന് കൊണ്ടിരുന്നു.
പിറ്റേദിവസം രാവിലത്തെ പരിശോധനകൾക്കു ശേഷം ഡോക്ടർ ഡിസ്ചാർജ് എഴുതി. ഇൻഹേലറിന്റെ ഉപയോഗം നാല് മണിക്കൂറിൽ നിന്നും മൂന്നു മണിക്കൂർ ആക്കി ചുരുക്കി, അടുത്ത നാല് ദിവസം കൂടി അതിന്റെ ഉപയോഗം തുടരേണ്ടതുണ്ട്. ഡയറ്റീഷ്യൻ ഓരോ നേരത്തും കഴിക്കേണ്ട ആഹാരത്തിന്റെ ഒരു പട്ടിക നേരത്തെ തയ്യാറാക്കി നൽകിയിരുന്നു. കൂടാതെ രാത്രിയിലെ ഭക്ഷണത്തിനു ശേഷം ഒരു ന്യൂട്രീഷൻ ഡ്രിങ്ക് കൂടി അവർ റഫർ ചെയ്തു.
അൽപ സമയത്തിനുള്ളിൽ ചണസഞ്ചിയിൽ സാധനങ്ങളെല്ലാം പെറുക്കിവച്ച് മകളെയും കൊണ്ട് അയാൾ റൂമിനു പുറത്തിറങ്ങി.
നേഴ്സുമാരുടെ ഡ്യൂട്ടി റൂമിനു മുൻപിൽ എത്തിയപ്പോൾ ഒരു നിമിഷം അവർ അവിടെനിന്ന് രണ്ടു വാക്കിൽ പുഞ്ചിരിയോടെ എല്ലാവരോടും നന്ദി പറഞ്ഞു. കുട്ടിയെ നോക്കി എല്ലാവരും വാത്സല്യത്തോടെ ശീഘ്രസുഖവും യാത്രാമംഗളവും നേർന്നു. കുട്ടിയും യാത്ര പറഞ്ഞു, ഒപ്പം വീണ്ടും വരാമെന്നുള്ള അവളുടെ വാഗ്‌ദാനം അവരിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി. അയാളും അവരോടൊപ്പം ആ ചിരിയിൽ പങ്കുചേർന്നു. അടച്ചിട്ട കൂട്ടിൽ നിന്നും തുറന്നു വിട്ടപക്ഷിയെപ്പോലെയായിരുന്നു കുട്ടി. പനി കൊണ്ടും ക്ഷീണം കൊണ്ടും തളർന്ന മിഴികളിൽ ഉത്സാഹത്തിന്റെ തിളക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത് അയാൾ ശ്രദ്ധിച്ചു. ആശുപത്രിയുടെ വിശാലമായ കോറിഡോറിലൂടെ അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി ഒരു പൂമ്പാറ്റയെപ്പോലെ അവൾ നീങ്ങി. മൂന്നു ദിവസങ്ങൾക്കു മുൻപ് കടുത്ത പനിയും ശ്വാസതടസ്സവുമായി ആശുപത്രിയുടെ എമർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുവരുമ്പ്ൾ മകൾ വാടിയ ഒരു ചേമ്പിൻതണ്ടു പോലെയായിരുന്നു എന്നയാൾ ഓർത്തു. മകളിൽ നിറഞ്ഞിരിക്കുന്ന പുതിയ ഊർജ്ജം അയാളെയും ഏറെ സന്തോഷിപ്പിച്ചു. മൂന്നാം നിലയിൽ നിന്നും താഴേക്കു പോകുന്ന ലിഫ്റ്റിൽ കയറുമ്പോൾ മകളുടെ കവിളിലും ഉച്ചിയിലും അയാൾ കുസൃതി നിറഞ്ഞ അരുമയോടെ ചൊറിഞ്ഞു.
അയാളുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ടു ഒരു മത്സ്യത്തെ പോലെ പിടഞ്ഞുകൊണ്ട് മകൾ കിലുങ്ങി ചിരിച്ചു.
‘നിച്ചു ഇക്കിളി കൂടാണ് അച്ഛാ…’
ലിഫ്റ്റിൽ നിന്നുമിറങ്ങി ഔട്ട് ഡോറിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനരികിലേക്കു നടക്കുമ്പോൾ പ്രധാനകവാടത്തിന് അല്പം മാത്രം ദൂരത്തായി നിൽക്കുന്ന കൂറ്റൻ യൂക്കാലി മരം ശ്രദ്ധയിൽപ്പെട്ടു. പൊളിഞ്ഞടർന്ന നേർത്ത പുറംതൊലിക്കുള്ളിൽ മിനുത്ത, വെണ്മയോടുകൂടിയ തായ് ത്തടി. അത് മറ്റേതോ ഇനത്തിൽപ്പെട്ട വൃക്ഷമാണെന്നു അയാൾ ആദ്യം തെറ്റിദ്ധരിച്ചു. ചുവട്ടിൽ വീണുകിടക്കുന്ന ചുവപ്പും പച്ചയും കലർന്ന നീണ്ടു നേർത്ത ഇലകൾ അയാളിലെ കുട്ടിത്തത്തെ ഉണർത്തി. കാറ്റിൽ പറന്നു വീണ ഇലകളിൽ ഒന്ന് കുനിഞ്ഞെടുത്തു വിരലുകൾക്കിടയിൽ ഞെരടിച്ച് അയാൾ വാസനിച്ചു. സ്കൂളിലേക്കുള്ള യാത്രയിൽ വഴിയരികിൽ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരത്തിന്റെ ചുവട്ടിൽ നിന്നും
പെറുക്കിയെടുക്കുന്ന ഉണങ്ങാത്ത ഇലകളെ ഞെരടിപ്പിച്ചു മണപ്പിക്കുന്ന ബാല്യത്തിന്റെ കുതൂഹലത്തോടെ തന്നെ.
‘രുക്കൂനേം മണപ്പിക്കച്ച’. മകൾ കൊഞ്ചി.
‘അമ്പടി സൂത്രക്കാരി. നീ അതും ശ്രദ്ധിച്ചോ’.
വിരൽത്തുമ്പ് മകളുടെ മൂക്കിൽ മണപ്പിച്ചുകൊണ്ടു അയാൾ പറഞ്ഞു.
‘ഊം…’
‘നല്ല നാറ്റം’. മൂക്കിലേക്ക് വലിച്ചെടുത്ത യൂക്കാലിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് മകൾ പറഞ്ഞു.
അയാൾ ഉറക്കെ ചിരിച്ചു. ‘നല്ല നാറ്റമല്ല റുക്കൂ, നല്ല മണം എന്ന് പറയണം’.
ഇംഗ്ളീഷും മലയാളവും കൂട്ടിക്കലർത്തിയാണ് മകൾ സംസാരിക്കുന്നത്. വർഷങ്ങളായി വിദേശരാജ്യത്തു ജീവിക്കുന്ന അയാളും ഭാര്യയും മകൾ ജനിച്ചപ്പോൾ എടുത്ത ആദ്യ തീരുമാനങ്ങളിൽ ഒന്ന്, കുട്ടിയെ തങ്ങളുടെ മാതൃഭാഷ പഠിപ്പിക്കണമെന്നുള്ളതാണ്. ആ തീരുമാനത്തിൽ അഭിമാനിക്കാൻ അവർക്കിപ്പോൾ കാര്യമായ വകയുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ബീച്ചിനരികിലൂടെ വീട്ടിലേക്കുള്ള യാത്രയിൽ മകൾ കൊലയാളി തിമിംഗലങ്ങളെക്കുറിച്ച് അയാളോട് ചോദിച്ചു. അത്തരം തിമിംഗലങ്ങളെക്കുറിച്ചു മകളോട് പറഞ്ഞുകൊടുത്തിട്ടുള്ളത് അയാൾ തന്നെയാണ്. സമുദ്രത്തിന്റ ആ ഭാഗത്തു അപൂർവമായി അവ തിരണ്ടികളെ തേടി വരാറുണ്ട്. ചോദ്യോത്തര വേളകൾക്കിടയിൽ എപ്പോഴൊ മകൾ ക്ഷീണം കൊണ്ട് ഉറക്കത്തിലായി. സ്റ്റീയറിങ് വീലിൽ താളമിട്ട് അയാൾ വാഹനം ഓടിച്ചുകൊണ്ടിരുന്നു. എപ്പോഴോ റോഡിന് സമാന്തരമായി കുന്നിനു മുകളിലൂടെ നീണ്ടു പോകുന്ന റെയിൽ പാതയിലൂടെ ഒരു കുട്ടിട്രെയിൻ അതേദിശയിൽ തന്നെ ഓടി ഒരു തുരങ്കത്തിനുള്ളിലേക്കു മറയുമ്പോൾ, പിറകിലെ കാർസീറ്റിൽ മയക്കത്തിൽ നിന്നും പെട്ടെന്നുണർന്ന മകൾ ഉറക്കച്ചടവോടെ വലിയ ഒരു പരിഭവം പരാതിയായി പറയുന്നത് അയാൾ കേട്ടു. 'അമ്മ അച്ചൂന് പാല് കൊടക്കും. റുക്കൂന് തരില്ല അച്ഛാ’.
വാഹനത്തിന്റെ പിൻകാഴ്ചകൾക്കുള്ള കണ്ണാടിയിലൂടെ അയാൾ മകളെ നോക്കി. കാർ സീറ്റിൽ തല വശത്തേക്ക് ചായ്ച്ച് മകൾ വീണ്ടും
ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് അയാൾ കണ്ടു. അയാളുടെ മുഖത്തു അപ്പോൾ വിരിഞ്ഞ ചിരിയിൽ അഞ്ചു വയസ്സിലും അനിയത്തിയോടൊപ്പം അമ്മിഞ്ഞമുണ്ട തന്റെ ബാല്യത്തിന്റെ ലജ്ജ കൂടി കലർന്നിരുന്നു. ഉപബോധമനസ്സിൽ നിന്നും വഴുതി വീണ വലിയ പരിഭവം ഭാര്യക്കുള്ള മകളുടെ നിവേദനമായി അയാൾ മനസ്സിൽ കരുതി.
ടണൽ കടന്ന ട്രെയിൻ വീണ്ടും കുന്നിൻചെരിവിൽ പ്രത്യക്ഷമായി വാഹനത്തിന് സമാന്തരമായി ഓടുവാൻ തുടങ്ങി.
ഒരിക്കൽക്കൂടി അയാൾ പിൻസീറ്റിലേക്ക് നോക്കി. ഉറക്കത്തിൽ ഞൊട്ടിനുണയുന്ന ചുണ്ടുകൾ ....
തനിക്കു മാത്രം കേൾക്കുന്ന ശബ്ദത്തിൽ അയാൾ അരുമയോടെ നീട്ടി വിളിച്ചു. ‘അച്ഛേടെ മുത്തേ…’