ചില സൗഹൃദങ്ങൾ അങ്ങനെയാണ്
ഇ൯ബോക്സിലാണ് ആ സന്ദേശം രാഹുലിന് ലഭിച്ചത്. കവിത നന്നായി. തുട൪ന്നും എഴുതുക. സന്ദേശം അയച്ചത് ആതിര. ഒത്തിരി സന്ദേശങ്ങൾ ലഭിക്കുന്നതുകൊണ്ട് രാഹുലിന് അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായി തോന്നിയില്ല.
അടുത്ത ദിവസം രാഹുലിന് പിറന്നാളാശംസകളുമായി ധാരാളം സന്ദേശങ്ങൾ ലഭിച്ചു. കൂടെ ഒരു പ്രമുഖ തുണിക്കടയിലെ ഗിഫ്റ്റ് കൂപ്പണും ഒരു ആശംസാകാർഡുമുണ്ടായിരുന്നു. ആതിര എന്ന ആരാധികയുടെ വക. സന്ദേശം ഇങ്ങനെയായിരുന്നു. കവിക്ക് ഒരു ആരാധികയുടെ സമ്മാനമാണിത്. കൂപ്പണുപയോഗിച്ച് പിറന്നാളിന് ഇഷ്ടപ്പെടുന്ന വസ്ത്രം വാങ്ങുക.
കടയിലെത്തി കൂപ്പണി൯െറ ഒറിജിനല് വാങ്ങിയശേഷം ഒരു നല്ല വേഷം തിരഞ്ഞെടുത്തു. പുതിയ വേഷത്തിലൊരു ഫോട്ടോ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തു.
ഉടനെ അതിരയുടെ കമ൯റും വന്നു. വേഷം നന്നായി. തുട൪ന്ന് മെസ്സേജുകളൊരു പതിവായി.
അടുത്തതായി ഒരു ക്ഷണക്കത്തായിരുന്നു രാഹുലിന് കിട്ടിയത്. അതിലിങ്ങനെ കുറിച്ചിരുന്നു. വീട്ടുകാർക്ക് നല്ലൊരു ആലോചന വന്നു. കാലം മുന്നോട്ടല്ലെ താമസിപ്പിക്കണ്ട എന്ന് അച്ഛനും. എ൯െറ കല്യാണം ഈ വരുന്ന 25 നാണ്. തീർച്ചയായും വരണം.
ലീവെടുത്ത് രാഹുൽ കല്യാണത്തിന് യാത്രയായി.
മുഹൂർത്തസമയം ഏകദേശം കഴിയാറായപ്പൊഴാണ് രാഹുൽ മണ്ഡപത്തിൽ എത്തിയത്. ഹാളിലെല്ലാവരും അസ്വസ്ഥമായി എന്തൊക്കെയോ അടക്കം പറയുന്നു. സുഹൃത്തിനെ നേരിൽ കണ്ടപ്പോഴാണ് ആതിര കാര്യം വ്യക്തമാക്കിയത്. വരൻ ഇതുവരെ എത്തിയിട്ടില്ല. എന്താണ് കാരണമെന്ന് വ്യക്തമല്ല. വരന്റെ കൂട്ടരെ വിളിച്ചിട്ട് ആരും തന്നെ ഫോണെടുക്കുന്നുമില്ല.
അധികം താമസിയാതെ ഒരു കാറിൽ മൂന്നുനാലുപേരെത്തി. വരുന്ന വഴിക്കു വര൯ തന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം മറ്റൊരു വഴിക്ക് പോയി. ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് അയാൾ ഇഷ്ടപ്പെടുന്ന മറ്റൊരു പെൺകുട്ടിയുമായി നഗരത്തിലെ രജിസ്ട്രാർ ആഫിസിലെത്തി വിവാഹം രജിസ്റ്റ൪ ചെയ്തത്രെ.
തള൪ന്നിരുന്ന ആതിരയുടെ അരികിലേയ്ക് രാഹുൽ ചേർന്നുനിന്നു. പതിയെ ചെവിയിൽ മന്ത്രിച്ചു. "ഒന്നും തോന്നരുത്. ഞാ൯ കൂടട്ടെ നിന്റെ കൂടെ? പൊന്നുപോലെ നോക്കാം. ഉള്ളതുകൊണ്ട് ഓണം പോലെ".
അവൾ കാര്യങ്ങളെ ഉൾക്കൊള്ളാൻ പാടുപെടുന്നതുപോലെ തോന്നി. പതിയെ ആതിരയുടെ കൺതടങ്ങളിൽ കെട്ടിക്കിടന്ന കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകി. അച്ഛൻ വന്ന് അവളെ നെഞ്ചോട് ചേർത്ത് നിർത്തി. നെറുകയിൽ മുഖമമർത്തി. ആതിര പതിയെ രാഹുലിനെ നോക്കി. അവനടുത്തുവന്ന് അവളുടെ കയ്യുകളിൽ തെരുപ്പിടിച്ചു പറഞ്ഞു.
"കരയരുത്, നഷ്ടങ്ങളെന്ന് ഇപ്പൊ കരുതുന്നതൊക്കെയും ലാഭക്കണക്കിലെഴുതിച്ചേർക്കപ്പെടുന്ന ഒരു കാലം വരും, അതിന്നായി നമുക്ക് കാത്തിരിക്കാം!"
അച്ഛൻ ഒരു ചെറുപുഞ്ചിരിയ്ക്കിടെ കണ്ണുതുടച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു, 'മേളം'....