എക്സിബിഷൻ
മൊബൈൽഫോണിന്റെ സ്നിഗ്ദ്ധ പ്രതലത്തിൽ അനുപമ തന്റെ വിരലുകൾ കൊണ്ട് ഒരുപാട് പേരുടെ സൗഹൃദങ്ങൾ കുരുക്കിയിട്ടു. കുനുകുനെയുള്ള പ്രണയാക്ഷരങ്ങളെ തടവിയുണർത്തി, ഒരിക്കലും കണ്ടിട്ടില്ലാത്ത ആൺ പെൺ തലകളോട് സംവദിച്ചു.
തെക്കേതിലെയും വടക്കേതിലെയും കിഴക്കേതിലെയും അയൽപക്കസൗഹൃദങ്ങളുടെ നഷ്ടമായിരുന്നു അനുപമയ്ക്ക് ഫ്ലാറ്റ് ജീവിതം സമ്മാനിച്ച ഏറ്റവും വലിയ സങ്കടം.
'' അതിനെന്താ അനു.. ഇവിടെ ഇപ്പോൾ ഇടതും വലതും മാത്രമല്ലല്ലോ മുകളിലും താഴെയുമുണ്ടല്ലോ അയൽക്കാർ" -സുരേഷ് ഉറക്കെചിരിച്ചു. സങ്കടത്തിൽ കുത്തിനോവിക്കുന്ന ചിരി.
നഗരത്തിനു മദ്ധ്യേ ഉയർന്നു നിൽക്കുന്ന ഈ വലിയ അപ്പാർട്മെൻറിൽ മനുഷ്യ ജീവികൾ ഉണ്ടെന്ന തെളിവുകൾ പോലും അവശേഷിപ്പിക്കാതെ രാവിലെ പത്തു മണിക്കു ശേഷം അവിടെ യാകെ ഭീകരമായ നിശ്ശബ്ദത വന്നു നിറയും. സുരേഷ് ഓഫീസിൽ പോയി കഴിഞ്ഞാൽ ഫ്ലാറ്റിലെ ഘനീഭവിച്ച മൗനത്തിൽ അനുപമ തനിച്ചാകും.
നഗരത്തിലേക്ക് തന്റെ കൂടെ വരണമെന്ന് സുരേഷേട്ടന് ഒരേ നിർബന്ധമായിരുന്നു. വിത്ത് മുളക്കാതെ ഊഷരമായിപ്പോയ ദാമ്പത്യത്തിന്റെ എട്ടുവർഷങ്ങൾ കടന്നുപോയിരിക്കുന്നു. വേവലാതിയോടെ വന്നു ചേരുന്ന ഓരോ വിവാഹ വാർഷികവും അനുപമയിൽ ദു:ഖം മാത്രം നിറച്ചുകൊണ്ടിരുന്നു. സമ്മാനങ്ങളുമായി എത്തുന്ന ബന്ധുജനങ്ങളെല്ലാം സമ്മാനങ്ങളോടൊപ്പം സഹതാപവും ചൊരിഞ്ഞു.
"എട്ടു വർഷമായില്ലേ.. നല്ലൊരു ഡോക്ടറെ കാണിക്കരുതോ.." ?
"ആരുട്യാ.. കുഴപ്പം? നിന്റെതോ..? അതോ .. സുരേഷിന്റെതോ ..? ". ഇത്തരം ചോദ്യങ്ങളെ നിരന്തരം അഭിമുഖീകരിച്ച് ശീലിച്ച മെയ് വഴക്കത്തോടെ അനുപമ കരുവാളിച്ച പുഞ്ചിരിയോടെ, "കുട്ടികൾക്കൊക്കെ സുഖാണോ''? എന്നോ .._ എന്തൊരുഷ്ണാ..?"- എന്നോ ഒരു ചോദ്യം തൊടുത്ത് രക്ഷപ്പെട്ടു.
എങ്കിലും സുരേഷിനറിയാം അനുപമയുടെ ഹൃദയമുരുകി കണ്ണിലൂടൊഴുകാൻ വെമ്പൽ കൊള്ളുകയാണെന്ന്.
ആൾക്കാരുടെ ഇടയിൽ നിന്നും അനുപമ അടുത്തനിമിഷം അപ്രത്യക്ഷമാവുകയും, മുറിയിൽ പോയി വാതിലടച്ച് അണകെട്ടി നിർത്തിയ സങ്കടങ്ങൾ അത്രയും ഒഴുക്കിക്കളയുകയും ചെയ്തു.
" അനു... താനെന്തിനാ.. ഇത്രേം സങ്കടപ്പെടുന്നത്...? നിന്നെ പോലെ അതേ ദുഃഖം എനിക്കുമില്ലേ.. ഞാനെന്താ .. തന്നെ പോലെ ഇങ്ങിനെ..."
സുരേഷ് അവളെ ചേർത്തു പിടിച്ചു. അയാളുടെ മാറിൽ അവൾ ഒരു കുഞ്ഞിനെ പോലെ ഒതുങ്ങി നിന്നു.
" എല്ലാവർക്കും അറിയാലോ... വീണ്ടും വീണ്ടും അവരെന്തിനാ.. ഇങ്ങിനെ ചോദിക്കുന്നേ...?"
" നിന്റെ മനസ്സ് ഇത്രേം സോഫ്റ്റാണെന്ന് അറീന്നതുകൊണ്ടാവും. അതുപോട്ടെ ഈ പ്രാവശ്യം നീ എന്റെ കൂടെ എറണാകുളത്ത് വരണം. അവിടെയാകുമ്പോൾ നമുക്ക് നല്ലൊരു ഡോക്ടറെ കാണിച്ച് ട്രീറ്റ്മെൻറ് എടുക്കാം. അതു മാത്രമല്ല. അവിടെ നമ്മുടെ സ്വകാര്യത കളിലേക്ക് കടന്നു കയറുന്ന ഒരു ചോദ്യവും ഉണ്ടാവില്ല. അവിടെ നമ്മുടെതുമാത്രമായ ഒരു ലോകം.
അനുപമയുടെ ചുമല് പിടിച്ച് നേരെ നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. കരിമേഘം മുടി കെട്ടിയ മുഖത്ത് പുഞ്ചിരിയുടെ മഴവില്ല് വിടർന്നു. അനുപമ കൊച്ചുകുട്ടിയെപോലെ സന്തോഷിച്ചു.
ഫ്ലാറ്റ് ജീവിതത്തിന്റെ ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് കാഴ്ച്ചകളിലെ കൗതുകങ്ങൾ നശിച്ചുതുടങ്ങി. വിരസമായി തീർന്ന ഏകാന്തത അനുപമയെ അസ്വസ്ഥയാക്കാൻ തുടങ്ങിയിരുന്നു.
സുരേഷ് ഓഫീസിലേക്ക് പോയി കഴിഞ്ഞാൽ ഒറ്റയാകുന്ന അനുപമയെ ആശ്വസിപ്പിക്കാനെത്തുന്നത് ഭൂമിയുടെ ഏതൊക്കെയോ കോണുകളിൽനിന്നും തന്റെ മൊബൈലിലേക്ക് പറന്നു വീഴുന്ന അക്ഷര കുഞ്ഞുങ്ങളാണെന്ന് അവൾ ഓർത്തു. അത് കൂടി ഇല്ലായിരുന്നെങ്കിൽ....! എന്ന ആകുലചിന്തയിൽ കുടുങ്ങി പിടഞ്ഞ്
തുറന്നിട്ട ജാലകത്തിലൂടെ അവൾ നഗരം നോക്കി. ഇടവും വലവും നോക്കാതെ നഗരം എങ്ങോട്ടാണ് ചീറിപ്പായുന്നത്!
അനുപമയുടെ മൊബൈൽ ഫോണിൽ പക്ഷി ചിലച്ചു. മറുതലയ്ക്കൽ സുരേഷാണ്.
''അനു ....താനവിടെ ഒറ്റയ്ക്കിരുന്ന് ബോറടിക്കുന്നുണ്ട് അല്ലേ..? "
' " അതു സാരമില്ലെന്നേ'' അനുപമ പതുക്കെ പറഞ്ഞു.
'' അതു വെറുതെ "സുരേഷ് ചിരിച്ചു.
''ഏതായാലും ഞാനിന്ന് നേരത്തെ വരുന്നുണ്ട്. താൻ റെഡിയായി നിന്നേക്കണം. നമുക്ക് പുറത്തൊക്കെ ഒന്നു ചുറ്റിയടിച്ച് വരാം "
''സുരേഷിന്റെ വാക്കുകൾ കേട്ട് അനുപമ ഉത്സാഹത്തിലായി.
വൈകീട്ട് നഗര തിരക്കിൽ സുരേഷിന്റെ ആക്ടിവ ആലില കണക്കെ ചെരിഞ്ഞും, നഗര ചുഴിയിൽ വട്ടംകറങ്ങിയും ഒഴുകിക്കൊണ്ടിരുന്നു.
ഒടുവിൽ മെഡിക്കൽ എക്സിബിഷൻ എന്നെഴുതിയ വലിയ ബോർഡിനു കീഴെ അനുപമയെ ഇറക്കി, നിരനിരയായി പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾക്കിടയിൽ സുരേഷ് ആക്ടിവ കൊണ്ടു നിർത്തി.
മൈതാനം ജനങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു. എക്സിബിഷൻ ഹാളിനു മുന്നിൽ വരിവരിയായി ജനം ഒരു പെരുമ്പാമ്പിന്റെ രൂപം പൂണ്ടുനിൽക്കുന്നു. ക്ഷമയോടെ പെരുമ്പാമ്പ് പതുക്കെ പതുക്കെ ഹാളിന്റെ പ്രവേശന ദ്വാരത്തിലേക്ക് ഉൾവലിയുന്നു.
അനുപമയ്ക്ക് മുന്നിൽ നിൽക്കുന്നത് ഒരു മദ്ധ്യവയസ്കനാണ്. സുരേഷിന്റെ കണ്ണുകൾ അയാളെ ജാഗ്രതയോടെ പരിശോധിച്ചു കൊണ്ടിരുന്നു. പെൺശരീരത്തിനുമേൽ അനുവാദമില്ലാത്ത കടന്നുകയറ്റങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി.
കാടിന്റെ പശ്ചാത്തലത്തിൽ കുരങ്ങനിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ ആവിഷ്കാരമായിരുന്നു ആദ്യ ദൃശ്യം.
നാലു കാലിൽനിന്നും രണ്ടുകാലിലേക്ക് നിവർന്നു നിൽക്കാൻ പഠിച്ച മനുഷ്യരാശിയുടെ ശരീരഘടനാവ്യതിയാനം കണ്ട് വിസ്മയിച്ച് ജനം വളരെ പതുക്കെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്.
ഓരോ ഭരണിയിലെ ലായനിയിലായി മനുഷ്യന്റെ ആന്തരിക അവയവങ്ങൾ വെച്ചിരിക്കുന്ന ടേബിളിനു മുന്നിലേക്ക് അവർ നീങ്ങി. അതിനടുത്തു നിൽക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾ കാണികളോട് അവയെ കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നുണ്ട്.
കാലം കാർന്നുതിന്നതിന്റെ ഉച്ചിഷ്ടം പോലെ ഏതോ സുന്ദരമനുഷ്യന്റെ അസ്ഥികൂടം ജീവിത നശ്വരതയെ ഓർമ്മിപ്പിച്ച് അവരെ നോക്കി പല്ലിളിച്ചു.
അടുത്തു തന്നെ ആന്തരിക അവയവങ്ങളെ അനാവൃതമാക്കി മേശമേൽ പാഠപുസ്തകമായി തുറന്നു വെച്ചിരിക്കുന്ന ദൈന്യ- നഗ്നമൃതദേഹങ്ങൾ
അനുപമ പെട്ടെന്ന് തല വെട്ടിച്ചു.
''എങ്ങിനെയായിരുന്നു മരണം...?''
എന്തും പറഞ്ഞു തരാനുള്ളെ തയ്യാറെടുപ്പോടെ മൃതദേഹത്തിനരികെ നിൽക്കുന്ന വിദ്യാർത്ഥിനിയോട് അനുപമ ചോദിച്ചു.
ഇത്തരം ചോദ്യങ്ങൾ ആരിൽ നിന്നും കേട്ടു പരിചയമില്ലാത്തതുകൊണ്ടാവും അവളൊന്ന് അന്ധാളിച്ചു. എന്നാലും ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരമില്ലാതെ തോറ്റു പോവുന്നവളായിരുന്നില്ല അവൾ.
"ആക്സിഡൻന്റായിരുന്നു, ''.
ഒരു ചോദ്യവും ചോദിക്കാനില്ലാതെ കടന്നു പോവുന്ന കാഴ്ചക്കാരെയും ചത്ത മനുഷ്യരെയും കണ്ടു മടുത്ത പെൺകുട്ടിക്ക് അനുപമയുടെ ചോദ്യം ആവേശമായി.
"കണ്ടോ ആക്സിഡന്റിൽ തലയ്ക്ക് ക്ഷതമേറ്റിട്ടാണ് മരിച്ചത്". തലയ്ക്ക് പൊട്ടലുണ്ടായ ഭാഗം അവൾ കാണിച്ചു കൊടുത്തു.
അപ്പോഴാണ് മൃതദേഹത്തിന്റെ മുഖം അനുപമ ശ്രദ്ധിച്ചത്. ജീവിച്ച് കൊതിതീരാത്തപോലെ നിഷ്ക്കളങ്കനായ ഒരു ചെറുപ്പക്കാരൻ. അവന്റെ വരണ്ടുണങ്ങിയ ചുണ്ടുകളിൽ ഒരിറ്റു വെള്ളം നനച്ചാൽ മാത്രം മതി ഒരു ജീവിതം തിരിച്ചുപിടിക്കാനെന്ന് അനുപമയ്ക്ക് തോന്നി. മരിക്കുന്ന വേള വെള്ളം ... വെള്ളം ... എന്ന് ചുണ്ടനക്കിയതാവും അയാളുടെ അന്ത്യമൊഴി. എന്തുമാത്രം സ്നേഹവാത്സല്യത്തോടെയാണ് ആ പെൺകുട്ടി ചെറുപ്പക്കാരന്റെ ദേഹത്ത് തൊടുന്നത്.! ഇങ്ങിനെ ഒരു തലോടൽ അയാൾ ജീവിതത്തിൽ പലപ്പോഴും കൊതിച്ചിരിക്കുമല്ലോ. അങ്ങിനെയെന്നാൽ തീർച്ചയായും ആ പെൺകുട്ടിയുടെ വെളുത്തു മെലിഞ്ഞ കൈകളിൽ കുരുക്കിപിടിച്ച് അയാൾ ജീവിതാസക്തിയോടെ തിരിച്ചു വന്നേനെ. അപ്പോഴൊക്കെ നിക്ഷേധിക്കപ്പെട്ട സ്നേഹസ്പർശം ഒരു പ്രായശ്ചിത്തം പോലെ ആ പെൺകുട്ടി കൊടുത്തുകൊണ്ടേയിരിക്കുകയാവും.
'' അനൂ .. "
സുരേഷിന്റെ വിളി അനുപമ കേട്ടില്ല. അവളപ്പോൾ നിർവികാരതയോടെ മേശമേൽ നഗ്നമായി മലച്ചു കിടക്കുകയാണ്. പിളർന്നു വെച്ച ശരീരത്തിനകത്തെ അവയവങ്ങളെ ഇക്കാളിപ്പെടുത്തിക്കൊണ്ട് ഇഴഞ്ഞു നീങ്ങുന്ന ബലിഷ്ഠമായ കൈകളെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഗൗതം ..!
തന്റെ ദിവാസ്വപ്നങ്ങളിൽ പലപ്പോഴും ക്ഷണിക്കപ്പെടാതെ പറന്നെത്തുന്ന ഗന്ധർവ്വൻ.
ഗൗതമിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
" എന്റെ അനൂ ......" ഗൗതം പതിയെ വിളിച്ചു.
പതുക്കെ പതുക്കെ ഭയത്തിന്റെ ചെതുമ്പലുകളൊക്കെ അഴിഞ്ഞു പോയിരിക്കുന്നു. ഗൗതമിന്റെ സാമീപ്യത്തിൽ അടച്ചിട്ട മുറിയിലെ ശൈത്യവും, അപരിചിതത്ത്വവും നേർത്തില്ലാതായിരിക്കുന്നു. അവളുടെ നഗ്നമേനിയിൽ ഗൗതം തന്നെ വിരൽ കൊണ്ട് അവർക്ക് പോലും അജ്ഞാതമായ ചിത്രങ്ങൾ കോറിയിട്ടു. "അനുപമാ ... നീ എനിക്കു മാത്രം ഉള്ളതാണ് ഞാൻ നിനക്കും."
സംഭോഗവേളയിൽ കാതിനോരം ചുണ്ടുകൾ ചേർത്ത് ഗൗത മിന്റെ വടിവൊത്ത വാക്കുകൾ സ്ഖലിച്ചു.
'' അനുപമാ ..." അൽപം ദൂരെയായി സുരേഷിന്റെ വിളി അനുപമ കേട്ടു. ദേഷ്യം വരുമ്പോഴാണ് തന്റെ പൂർണ്ണ നാമം സുരേഷേട്ടൻ ഉച്ചരിക്കുന്നതെന്ന തിരിച്ചറിവിൽ അവൾ വേവലാതിപ്പെട്ടു.
കാടുകയറി മേഞ്ഞ ഓർമ്മകളത്രയും കുടഞ്ഞിട്ട് പെട്ടെന്ന് ഭർത്താവിന്റെ അടുത്തേക്ക് ചെന്നു.
,,"താനവിടെ എന്തെടുക്കുവായിരുന്നു ". സുരേഷിന്റെ ശബ്ദം കനത്തു. അനുപമ ഒന്നും പറഞ്ഞില്ല.
അടുത്ത സ്റ്റാളിനടുത്തേക്ക് അവർ നീങ്ങി. അവിടെ ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങളായിരുന്നു സജ്ജീകരിച്ചിരുന്നത്.ആരുടെയൊക്കെയോ തകർന്ന സ്വപ്നങ്ങളുടെ ദുരിത കാഴ്ച പോലെ വലിയ ഭരണിയിലെ ദ്രാവകത്തിൽ വിവിധ വളർച്ചയെത്തിയ ഭ്രൂണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിലെന്ന പോലെ അവയെക്കെയും ശാന്തമായി കണ്ണടച്ച് കോടിക്കിടക്കുന്നു.
കാഴ്ചകളൊന്നും കാണാതെ മനുഷ്യരാകും മുമ്പേ മൃതിയടഞ്ഞ ഭ്രൂണങ്ങൾ കാഴ്ചവസ്തുക്കളായി അവതരിച്ചപ്പോൾ അനുപമയുടെ അടിവയറ്റിൽ നിന്നു ഒരു പിടയലുണ്ടായി. മടക്കി വെച്ച കുഞ്ഞുകൈകാലുകൾ....! കിളിർത്തു തുടങ്ങിയ തലമുടി...! ഇറുക്കിയടച്ച കണ്ണുകൾ...!ശരീരമാസകലം പടർന്നു കയറിയ വിറയലോടെ അനുപമ നോക്കിനിൽക്കേ പെട്ടെന്ന് അതിന്റെ ഒറ്റക്കണ്ണ് അനുപമയ്ക്ക് നേരെ തുറന്നു.
അടിവയറ്റിൽ നിന്നും ഒരഗ്നിസ്ഫുലിംഗം അവളുടെ ശരീരത്തിലൂടെ പടർന്നുകത്തി. ഭീതിയുടെ തീവലയത്തിൽ അകപ്പെട്ട അവൾ പരിചിതമല്ലാത്ത ശബ്ദത്തിൽ അലറി വിളിച്ചു.. അടുത്ത നിമിഷം കാഴ്ചകളൊക്കെയും മറച്ച് ബോധത്തെ ഇരുൾ വന്നുമൂടി.
എത്രയോ നേരത്തിനു ശേഷം ആശങ്കകൾ ചീർത്തു കെട്ടിയ മുഖങ്ങളിലേക്ക് അനുപമ കണ്ണു തുറന്നു.തന്റെ ഓർമ്മകളിൽ നിന്നും മോഷണം പോയ നിമിഷങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമം പോലെ അവൾ വീണ്ടും വീണ്ടും കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്തു.
എക്സിബിഷൻ ഹാളിലെ വലിയ ഭരണിയിൽ പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തിന്റെ ഒറ്റക്കണ്ണിലെ തുറിച്ചു നോട്ടമായിരുന്നു അനുപമയുടെ അവസാന കാഴ്ച. പെട്ടെന്ന് കീഴ്മേൽ മറിയുകയായിരുന്നു പശ്ചാത്തല ദൃശ്യങ്ങളും, കഥാപാത്രങ്ങളും.
സുരേഷേട്ടൻ, ഗോവിന്ദ മാമ, മാമി, അവരുടെ കൊച്ചുമകൻ അനുവിന്ദ്. പിന്നെ പേരറിയാത്ത രണ്ട് നേഴ്സ് മാലാഖമാർ.
''ഇപ്പോൾ എങ്ങിനെയുണ്ട്..?" - നേഴ്സ് ചോദിച്ചു.
പറയണമെന്നുണ്ട്.പക്ഷേ വാക്കുകൾ വറ്റിപ്പോയ ചുണ്ടിൽ നിന്നും ഒരു വരണ്ട പുഞ്ചിരി മാത്രം വെളിപ്പെട്ടു.
''എന്താ മോളേ... പറ്റീത്...?" - മാമി കട്ടിലിനടുത്തേക്ക് ചേർന്നു നിന്നു.
" എല്ലാവരും അൽപമൊന്ന് മാറി നിന്നു കൊടുക്ക്. അവൾക്ക് കുറച്ച് കാറ്റ് കിട്ടിക്കോട്ടെ "-ഇത്തരം സന്ദർഭത്തിൽ പതിവായി പറയാറുള്ള വാക്കുകൾതന്നെ വിതറിക്കൊണ്ട് നേഴ്സുമാർ മുറി വിട്ടുപോയി.
നേഴ്സിന്റെ വാക്കുകളെ ചെവിക്ക് പുറത്തിട്ട് എല്ലാവരും ബെഡിനടുത്തേക്ക് നീങ്ങി,
സുരേഷ് അനുപമയുടെ തളർന്ന കൈ തന്റെ കൈവള്ളയിലാക്കി. "എന്താ മോളേ... " ഏറെ മാർദ്ദവമുള്ള വാക്കുകൾ.
'' തനിക്ക് വെള്ളം കുടിക്കണോ...?" അവൾ വേണ്ടെന്ന് കണ്ണുചിമ്മി.
''ഞാൻ ജൂസോ മറ്റോ വാങ്ങി വരാം"ഗോവിന്ദൻമാമ പുറത്തേക്ക് പോകാനൊരുങ്ങുന്നു.
"നേഴ്സിനോട് ചോദിച്ചിട്ട് വാങ്ങിയാൽ മതീ ട്ടോ.. ഇപ്പോ ഡ്രിപ്പ് കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ കുടിക്കാമോ എന്നറിയില്ലല്ലോ" മാമി ഗോവിന്ദൻ മാമയോട് വിളിച്ചുപറയുന്നതു കേട്ടു.
മനസ്സിൽ ചിതലെടുക്കാൻ തുടങ്ങിയ ഓർമ പുസ്തകത്തിലെ ആശുപത്രിയും മരുന്നിന്റെ മണവുമുള്ള സമാനമായ ഒരേട് അനുപമ പുറത്തെടുത്തു.
കടലിന് സമീപത്തായി നിൽക്കുന്ന ആശുപത്രി. ഇടുങ്ങിയ മുറി. തുറന്നു വെച്ച ജാലകത്തിലൂടെ അകത്തേക്ക് അടിച്ചു കയറുന്ന കാറ്റിന് തണുപ്പിന്റെ സമൃദ്ധി. ജാലകത്തിനപ്പുറം തിരയുയർത്തുന്ന കടലും, പകലൊടുക്കത്തെ സൂര്യനെയും കാണാം.
കടലിലേക്ക് കണ്ണെറിഞ്ഞ അനുപമ നിശ്ചലയായി ചരിഞ്ഞു കിടന്നു. ദുഃഖം തൂങ്ങിയ ശിരസ്സോടെ സമീപത്തെക്കസേരയിൽ പ്രതിമ കണക്കെ മാധവൻ മാസ്റ്റർ ഇരിക്കുന്നു. കടലിരമ്പത്തിന്റെ സ്ഥായിയായ പഴ്ചാത്തല സംഗീതത്തിൽ, മുറിക്കപ്പുറത്ത് കുഞ്ഞുങ്ങളുടെ കരച്ചിലും പെണ്ണുങ്ങളുടെ ശബ്ദവും ഉയർന്നു കേൾക്കുന്നുണ്ട്.
കുറച്ചു നേരം മുമ്പുവരെ ഊർജ്ജസ്വലനായി എല്ലാ കാര്യങ്ങളിലും ഓടിനടന്ന അച്ഛൻ പെട്ടെന്ന് കാറ്റുപോയ ബലൂൺ പോലെ സങ്കടം കൊണ്ട് കൂമ്പിപ്പോയത് എന്തെന്ന് അനുപമയ്ക്ക് മനസ്സിലായില്ല.
അൽപം മുമ്പ് ബോധരഹിതയായ അനുപമയെ പരിശോധിച്ച ഡോക്ടർ ശ്രീകുമാർ മാധവൻ മാസ്റ്ററുടെ ഹൃദയത്തിൽ തീക്കനലിനെ നിക്ഷേപിക്കുന്നതു വരെ അച്ഛനും മകൾക്കുമിടയിൽ വാക്കുകൾ സമൃദ്ധമായി ഉണ്ടായിരുന്നു. എന്നാലിപ്പോൾ മൗനത്തിന്റെ വൻമതിലുകൾക്കിടയിൽ രണ്ടു മനുഷ്യജന്മങ്ങൾക്കും ശ്വാസം മുട്ടി.
പതിനാറ് വ ർഷം മുമ്പ് മരണത്തിലേക്ക് ഇറങ്ങിപോയ ഭാനുമതിയമ്മ ഒരു തണുത്ത കാറ്റായി ജനലിലൂടെ വന്ന് മാധവൻ മാഷിനെ ചേർന്നിരുന്നു.
- അച്ഛൻമാർ എത്ര പെൺവേഷം കെട്ടിയാലും അമ്മയാകാൻ കഴിയില്ലല്ലോ ഭാനു. ചുണ്ടനങ്ങാതെ പറഞ്ഞ ഭർത്താവിന്റെ വാക്കുകൾ ഭാനുമതിയമ്മ കേൾക്കുന്നുണ്ടാവണം.
നീ പോയതിൽ പിന്നെ ഞാൻ എനിക്കു വേണ്ടി ജീവിച്ചില്ല. നമ്മുടെ മകൾക്കു വേണ്ടി അച്ഛനായും, അമ്മയായും, സുഹൃത്തായും ഞാൻ ജീവിച്ചു. ഇപ്പോൾ അവൾ എനിക്ക് അന്യയാകുന്നുവോ? അവളെ ശാസിക്കാനോ ഉപദേശിക്കാനോ ഉള്ള ധൈര്യം ചോർന്നു പോയ തു പോലെ...മാധവൻ മാഷിന്റെ തൊണ്ടയിൽ ഒരു വേദന കുരുങ്ങി പിടഞ്ഞു.
ഭർത്താവിന്റെ നരച്ച തലമുടിയിൽ തഴുകി ആശ്വസിപ്പിച്ച് ഭാനുമതിയമ്മ ജാലകത്തിലൂടെ തിരിച്ചു പറന്നു.
അടുത്ത നിമിഷം സർവ്വനാഡീഞരമ്പുകളും ഉണർന്ന് മാധവൻ മാഷ് ഉള്ളിൽ ഒരു ചോദ്യത്തെ ഉത്പാദിപ്പിച്ചു വിട്ടു. അത് മാധവൻ എന്ന റിട്ടയേർഡ് അദ്ധ്യാപകന്റെ വിറയാർന്ന ജൽപനങ്ങളായി രുന്നില്ല. ഉറച്ച് കരിമ്പാറയുടെ കരുത്തുള്ള വാക്കുകൾ.
"മോളേ.. നിന്നെ നശിപ്പിച്ച ദുഷ്ടൻ ആരാ ...? "
ദുർബലമായ ശരീരത്തിനു താങ്ങാവുന്നതിലും ശക്തിയുണ്ടായിരുന്നു ആ ചോദ്യത്തിന്.കട്ടിലിന്റെ സൈഡിൽ മുറുകെ പിടിച്ച മാധവൻമാഷ് ആലില പോലെ വിറച്ചു.
"ആരാന്നാ .. ചോദിക്കുന്നത്...?"
വാക്കുകളില്ലാതെ അനുപമയുടെ നാവ് മരവിച്ചു കിടന്നു.
ഡോർ തുറന്ന് ഡോക്ടർ ശ്രീകുമാർ അകത്തേക്കു കടന്നു. എന്തോ പറയാനുള്ള തയ്യാറെടുപ്പോടെയാണ് വന്നതെങ്കിലും നിസ്സഹായനായ ആ വൃദ്ധപിതാവിന്റെ മാനസിക സംഘർഷത്തെ മുഖാമുഖം കാണാനാവാതെ- മാഷ് റൂമിലേക്കൊന്നു വരണം- എന്നു മാത്രം പറഞ്ഞ് ഡോക്ടർ പുറത്തേക്കിറങ്ങി നടന്നു.
ഏറെ താമസിയാതെ ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിന്റെ ഹാഫ് ഡോർ തള്ളി തുറന്ന് മാധവൻ മാഷ് ഡോക്ടർക്ക് മുമ്പിൽ അവതരിച്ചു.
" മാഷ് ഇരിക്കൂ.. " ഡോക്ടർ മുന്നിലെ കസേരയിലേക്ക് വിരൽ ചൂണ്ടി. മാഷ് കസേരയിലേക്ക് താണു.
"നിങ്ങൾ ഇത്രയധികം ടെൻഷൻ അടിക്കേണ്ട ആവശ്യമൊന്നുമില്ല" - ചുണ്ടിന്റെ കോണിൽ ഒരു ചിരിയെ ഒളിപ്പിച്ച് ഡോക്ടർ പറഞ്ഞു തുടങ്ങി. "നിങ്ങളുടെ ജീവിതവും ചിന്തകളും ഏറെ പഴകി പോയിരിക്കുന്നു. അതു കൊണ്ടാഇത്ര ടെൻഷൻ.."
"ഡോക്ടറെ എന്റെ സ്വപനങ്ങൾക്ക് കാവലാളായി ആകെ ഉള്ള മകളാ.. കോളേജിൽ നന്നായി പഠിക്കായിരുന്നു. എന്റെ കുഞ്ഞിനെ ആരോ ചതിച്ചതാ.. " മാഷിന്റെ കണ്ണിൽ കരച്ചിൽ വിതുമ്പി നിന്നു.
''ചെറിയ ഒരു ഗുളിക കൊണ്ട് തീർക്കാവുന്ന പ്രശ്നമേയുള്ളൂ..മകളെ ഇതൊന്നും അറിയിക്കാതിരിക്കുക. ഇതൊക്കെ ഇപ്പോ സർവ്വസാധാരണമാണ് മാഷേ ...''
പുറത്തേക്കിറങ്ങുമ്പോഴേക്ക് മാധവൻ മാഷിന്റെ മുതുകിൽ അപമാനത്തിന്റെ വലിയ ഒരു കൂന് മുളച്ചുപൊന്താൻ തുടങ്ങിയിരുന്നു.
അനുപമ ഗൗതമിന്റെ മൊബൈൽഫോണിൽ നിരവധി തവണ വിളിച്ചു നോക്കി. അപ്പോഴൊക്കെ പരിധിക്ക് പുറത്താണ് എന്ന അറിയിപ്പിൽ നിരാശയായി അവൾ കിടക്കയിൽ അങ്ങോട്ടുമിങ്ങോടും ഉരുണ്ടു. തന്റെ ഫോണിൽ വിരൽ തുമ്പിനരികെ എന്നും ഉണ്ടാകാറുള്ള ഗൗതം നീയെന്തേ എന്നെയീ തുരുത്തിൽ തനിച്ചാക്കി പരിധി വിട്ടകന്നത്...?
ഗൗതമിന്റെ ആശ്വാസവാക്കുകൾ കേൾക്കാനായി കൊതിച്ച അനുപമയ്ക്ക് നിരാശ മാത്രം മടക്കി കിട്ടി. ഭീതിയുടെ വൻ ചുഴികളിൽ പെട്ട് അനുപമ അസ്വസ്ഥയായി.ഗൗതമിനോട് പറയാനായി അടുക്കി വെച്ച വാക്കുകളെല്ലാം ക്രമം തെറ്റി അവൾക്ക് ചുറ്റും ചിതറിത്തെറിച്ചു.
പെട്ടെന്ന് അടിവയറ്റിൽ കൊളുത്തി വലിച്ച വേദനയിൽ അവൾ അമ്മേ എന്ന നിലവിളിയോടെ കിടക്കയിൽ കിടന്നു പുളഞ്ഞു. അടിവയറ്റിൽ കൈകൾ അമർത്തിക്കൊണ്ട് അവൾ ബാത്ത് റൂമിലേക്ക് ഓടി.
ബാത്ത് റൂമിലെ അടച്ചിട്ട വാതിലിനകത്തെ നിലവിളിക്കും ഞെരക്കത്തിനും പുറം തിരിഞ്ഞ്, ചെവി പൊത്തി കണ്ണുകൾ അടച്ച് മാധവൻ മാഷ് സർവ്വ ദൈവങ്ങളോടും മാപ്പിരക്കുമ്പോലെ മുട്ടുകുത്തി. കടുംരക്തം അടിവസ്ത്രത്തെ കുതിർത്ത് തുടയിലൂടെ ഒഴുകി. അനുപമ കരുതി വെച്ച നിഗൂഢതകളത്രയും ഒരു നിലവിളിയോടെ ചോർന്നു പോയി.
അനുപമയുടെ നിലവിളി കേട്ട് മാമി അടുത്തു ചെന്ന് ചോദിച്ചു."എന്താ മോളെ വല്ല ദു:സ്വപ്നവും കണ്ടോ..?"
"അച്ഛനെ കണ്ടു .അഞ്ച് വർഷം മുമ്പ് മണ്ണോടു ചേർന്നുറങ്ങി തുടങ്ങിയ എന്റെ അച്ഛനെ ". അനുപമ പറഞ്ഞു.
"മോള് ഇപ്പോ ഓരോന്ന് ആലോചിച്ച് വിഷമിക്കണ്ട കണ്ണടച്ച് കിടന്നോ.. ഞങ്ങളൊക്കെയില്ലേ.. കൂടെ.സുരേഷ് ഡോക്ടറെ കാണാൻ വേണ്ടി പോയിട്ടുണ്ട്. " '
അനുപമ കണ്ണടച്ചു.
തന്റെ ശരീരത്തിലാരോ സ്പർശിച്ചതറിഞ്ഞ് കണ്ണു തുറന്ന അനുപമയുടെ കാഴ്ചയിൽ നിറപുഞ്ചിരിയോടെ സുരേഷ് നിൽക്കുന്നു. അടുത്തുതന്നെ ഗോവിന്ദൻ മാമനും മാമിയും. എല്ലാവരുടെയും മുഖത്ത് പൂനിലാവിന്റെ തെളിച്ചം.
"നമ്മുടെ സ്വപ്നങ്ങൾ പോലെ നീയൊരു അമ്മയാകാൻ പോകുന്നു. ഞാനൊരച്ഛനും. അതിന്റെ ലക്ഷണമായിരുന്നു മോഹാലസ്യവും ക്ഷീണവുമൊക്കെ .."
അനുപമ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിലപ്പോഴും തുടയിലൂടെ പാമ്പായിഴഞ്ഞ് ഭരണിയിലെ ദ്രാവകത്തിൽ ചുരുണ്ടു കിടന്ന് കണ്ണിറുക്കിയ ആ രൂപം തന്നെയായിരുന്നു.