കഥാജാലകം

View Original

നാടകം

സ്റ്റേജിൽ നാടകം കളിച്ചു കൊണ്ടിരിക്കയാണ്. ഏച്ച് കെട്ടിയ സംഭാഷണങ്ങളും ചിരിപ്പിക്കുന്ന സ്ത്രീ ശബ്ദങ്ങളും പുതുമയില്ലാത്ത കഥയും ഉള്ള നാടകം മുഷിപ്പിക്കയാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന കാഴ്ചക്കാർ പലരും പോയി കഴിഞ്ഞു. കൂട്ടുകാർ ഇടയ്കെവിടേക്കോ എഴുന്നേറ്റ് പോയി.  അപ്പുറത്തെവിടെയെങ്കിലും പരിചയക്കാരോട് വർത്തമാനം പറഞ്ഞു നിൽക്കുന്നുണ്ടാവും.

"ഉറക്കം വരുന്നുണ്ടെങ്കിൽ മടിയിൽ കിടന്നോ "

"വേണ്ട "

ഉണ്ണിയേട്ടൻ, അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്നതാണ്. അച്ഛനെക്കാൾ പ്രായം ഉണ്ട്. അനൂപേട്ടനെയും അനു ചേച്ചിയെയും അന്വേഷിച്ച് ഇടക്കൊക്കെ അവൻ ആ വീട്ടിൽ പോകും. കണ്ടില്ലെങ്കിൽ ഉണ്ണിയേട്ടന്റെ ഭാര്യ ദീപ ചേച്ചി ചോദിക്കും 'എന്തെ ഇപ്പൊ ങ്ങടൊന്നും വരാത്തത്'. ഉണ്ണിയേട്ടന്റെ രണ്ട് കാലുകൾക്കും എന്തോ ശേഷി കുറവുണ്ട് അതുകൊണ്ട് നടക്കുമ്പോ കാലുകൾ വളഞ്ഞു കൂനി കൂടിയത് പോലെ തോന്നും. എപ്പോ കണ്ടാലും ഉണ്ണിയേട്ടൻ എന്തെങ്കിലുമൊക്കെ സംസാരിക്കും വിശേഷങ്ങൾ ചോദിക്കും.

നാടകം ഇടവേളക്കു നിർത്തിയപ്പോൾ ബാക്കി പകുതിയാളുകൾ മുഴുവിപ്പിക്കാതെ തിരികെ വീടുകളിലേക്ക് പോയി മറ്റു ചിലർ ഉറക്ക ചടവ് മാറ്റാൻ ചായ കടകളിലേക്കും. കൂട്ടുകാര് തിരികെ വന്നെങ്കിൽ അവനും വീട്ടിലേക്ക് പോകാമായിരുന്നു.

"നിനക്ക് ചായ വേണോ "

"ഏയ് വേണ്ട "

"എനിക്ക് വീട് വരെ ഒന്ന് പോണം.നാടകം തൊടങ്ങും മുമ്പ് തിരിച്ച് വരാം.ഇരുന്ന് ഉറങ്ങാതെ നീയും പോര്"

ശോഷിച്ച കാലുകളിൽ പ്രയാസപ്പെട്ട് ഉണ്ണിയേട്ടൻ മുന്ബെ നടന്നു.അവൻ പുറകെയും.കോളാമ്പിയും ചെമ്പരത്തിയും പടർത്തി വേലി തിരിച്ച പറമ്പുകളോട് ചേർന്ന ചെമ്മൺ പാതയിലൂടെ നടന്ന് ഉണ്ണിയേട്ടന്റെ വീടിനു മുന്നിലെത്തി.വീട്ടുകാരെല്ലാം ഉറങ്ങുകയായിരിക്കും മുൻ വശത്ത് ലൈറ്റ് അണച്ചിട്ടില്ല. ഉണ്ണിയേട്ടൻ എന്തിനോ വീടിനകത്തേക്ക് കേറി. അവൻ ഇറയത്തെ അര മതിലിൽ ചാരി ഇരുന്നു. എപ്പോളോ കണ്ണുകൾ ഉറങ്ങി അടഞ്ഞു .

എന്തോ ശരീരത്തിൽ ഇഴയുന്നതായി തോന്നി ഞെട്ടിയുണർന്നപ്പോൾ തൊട്ടരികെ, ഉണ്ണിയേട്ടൻ !.

രണ്ട് കൈകൾ സർപ്പങ്ങളെ പോലെ അവന്റെ തുടകളിൽ ഉരസി മേല്പോട്ടു നീങ്ങുന്നു. ഭ്രാന്ത് പിടിച്ചോടുന്ന നായയെ പോലെ

ഭയപ്പെടുത്തുന്ന കണ്ണുകൾ.ചുണ്ടുകളിൽ ചെകുത്താന്റെ ചിരി. അയാൾ അവനിപ്പോൾ ഒരപരിചിതനാണ്.

ഉച്ചത്തിൽ ഹൃദയം പിടച്ചു കൊണ്ടിരുന്നു.ഉമിനീർ വറ്റിയ തൊണ്ട കുഴിയിൽ നിന്നും ഉയർന്ന കരച്ചിൽ അറപ്പും ,ദേഷ്യവും , ഭയവും കൊണ്ട് രണ്ട് തുള്ളി കണ്ണീരായി അവന്റെ മേൽ വീണു. മുഴുവൻ ശക്തിയുമെടുത്ത് അവൻ കുതറി ഓടി.ചുളിവുകൾ വീണ കൈകൾ വേർപെടുത്തി ഇരുട്ടിൽ ഓടുമ്പോൾ ചെമ്മൺ പാതയുടെ നീളം ഇരട്ടിച്ചിരുന്നു.അമ്പല പറമ്പും പാടവും വാഴ തോപ്പും നിർത്താതെ ഓടി വീട്ടിലെത്തിയപ്പോൾ അമ്മ ചോദിച്ചു

"നാടകം ഇത്ര നേരത്തെ തീർന്നോ".

ആരും കേൾക്കാതെ കിടക്കയിൽ മുഖമമർത്തി കരയുമ്പോൾ ഉള്ളിൽ നിന്നും ആരോ പറഞ്ഞു കൊണ്ടിരുന്നു 'കൊല്ലണം, കൊല്ലണം അയാളെ'.