തങ്കം
“നല്ലാ അമര്‍ത്തി തിരുമ്പുടീ..” കസേരയില്‍ കണ്ണടച്ചിരുന്നുകൊണ്ട് മംഗളമ്മ്യാര്‍ പറഞ്ഞു. കട്ടിലില്‍ കിടന്നിരുന്ന തങ്കം അമ്മയെ മുഖമുയര്‍ത്തി നോക്കി പുഞ്ചിരിച്ചു. അമ്മയുടെ ചീത്തവിളി കേള്‍ക്കാന്‍ ഇരുപത്തി അഞ്ചു വര്‍ഷം കൊതിച്ചിരുന്നതുകൊണ്ട് തങ്കത്തിന് പരിഭവം ഉണ്ടായിരുന്നില്ല.
മംഗളമ്മ്യാരുടെ ചുളിയാന്‍ തുടങ്ങിയ തൊലിപ്പുറത്ത് തങ്കം വിരലുകള്‍ കൊണ്ട് അമര്‍ത്തി, കൂടെ ഒരു ശാസനയും.
“ഇനി അമര്‍ത്തിനാല്‍ ഉങ്കള്‍ക്ക് വലിക്കതാന്‍ ശെയ്യും” തങ്കം പറഞ്ഞു.
അമ്മ്യാര്‍ കണ്ണ് തുറന്നു നോക്കി. തങ്കം ക്ഷീണിച്ചിരിക്കുന്നു. കൊഴിഞ്ഞ മുടിയും മാറ്റിവച്ച പല്ലുകളുമല്ലെങ്കില്‍, തന്‍റെ കൂടപ്പിറപ്പെന്നെ പറയു. വയസായിരിക്കുന്നു അവള്‍ക്ക്. നിലക്കാത്ത ഊര്‍ജത്തിന്റെ ഉറവിടമായ തന്‍റെ മകള്‍ ഇന്ന് സ്ഥൂലവും ദൂഷിതവുമായ ശരീരത്താല്‍ വീര്‍പ്പുമുട്ടുന്നത് മംഗളമ്മ്യാര്‍ തിരിച്ചറിഞ്ഞു. താന്‍ പോന്ന നേരത്ത് തങ്കമായിരുന്നു കൂടെ, അരികില്‍.
“ഒനക്ക് വലിക്കറതാടീ? എന്നാക്കും ഇന്ത ട്യൂബെല്ലാം?” തങ്കത്തിന്റെ നാസാദ്വാരത്തില്‍ ഘടിപ്പിച്ച ഐവി നോക്കി മംഗളമ്മ്യാര്‍ ചോദിച്ചു.
“അതൊന്നും സാരമില്ലൈ” തങ്കം കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു.
“എന്നടി പണ്ണിനായ്? ഒനക്കെന്നാ വസതിയില്ലയാ.. കാശില്ലയാ? ഒടമ്പ് പാത്തുക്കപ്ടാതാ? കണ്ടകണ്ടതെല്ലാം വലിച്ചുവാരി കഴിച്ചു വേണ്ടാത്തതെല്ലാം വരുത്തി വച്ചുട്ട്..”
“അമ്മ ഒന്ന് പേശാമ ഇരുങ്കോ... ശൊല്ലറ ആളെ...” തങ്കത്തിന് ദേഷ്യം വന്നു. നൈമിഷികമായിട്ടാനെങ്കിലും ആ കണ്ണുകള്‍ പണ്ടത്തെ പോലെ തിളങ്ങി. മുപ്പത്തി അഞ്ചു വര്ഷം രാവിലെ നാലുമണിക്ക് എഴുന്നേറ്റ് പാത്രം കഴുകിയിരുന്ന മംഗളമ്മ്യാര്‍, അതെ ഊക്കും ഉശിരുമുള്ള സ്വന്തം പൊമ്പിളയെ കണ്മുന്നില്‍ കണ്ടു.
“ഒന്നോട നല്ലതുക്കുതാനെ ചൊന്നെന്‍?” അമ്മ്യാര്‍ മയപ്പെട്ടു.
“ഇരുക്കറ സമയത്തിലെ പേശാതെ ചുമ്മാ എന്നെ കുറ്റം ശോന്നാ? എന്നക്കൊന്നുമില്ലയ്.. ഇപ്പൊ വേണം ന്നാ രണ്ടു കൊട്ട ചാണകം എടുത്തൂണ്ട് കണ്ടത്തുക്ക് പോവെന്‍.” തങ്കം പറഞ്ഞു.
“ഒനക്ക് പണ്ടും ഉശിര് കൂടും. എപ്പോവും നാന്‍ നെനപ്പെന്‍. എനക്ക് പുള്ളകള്‍ നാലല്ല അഞ്ചാക്കും ന്ന്.” അമ്മ്യാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത്ര മനോബലം തങ്കത്തിന് കിട്ടിയതില്‍ അമ്യാര്‍ക്ക് അതിശയം ഇല്ലായിരുന്നു. കഷ്ടപ്പാടുകള്‍ അനുഭവിച്ചും ഇല്ലാപ്പശി അടക്കിയും പെറ്റിട്ടവള്‍ കല്ലോളം കരുത്തുള്ളവളായില്ലെന്കിലെ അത്ഭുതമുള്ളൂ.
“ഒന്നോടല്ലവാ നാന്‍” തങ്കം അമ്മ്യാരുടെ മനസറിഞ്ഞ കണക്കിന് മറുപടി പറഞ്ഞു. രണ്ടു പേരും ഒന്ന് മന്ദഹസിച്ചു. തന്റെ പ്രതിരൂപം മാത്രമല്ല, ആത്മാവിന്റെ അംശവും ആണ് തങ്കമെന്നു അമ്യാര്‍ക്ക് അറിയാമായിരുന്നു,
“ചിന്നതിലെ നീ തറുതലതാന്‍. ഒന്നേ എല്ലാം നാന്‍ മേക്കപ്പെട്ടപാട്.”
ഊറിച്ചിരിച്ചുകൊണ്ട് തങ്കം സ്വന്തം സ്വാഭാവികതയിലേക്ക് എത്തി.
പന്ത്രണ്ടു തവണ പേറെടുത്തതില്‍ ആദ്യമായി അമ്മ്യാര്‍ക്ക് കിട്ടിയത് കനമുള്ള തങ്കത്തെ ആയിരുന്നു. അവള്‍ പിറന്നപ്പോള്‍ അമ്മ്യാര്‍ തന്‍റെ ഒഴിഞ്ഞ വയറു നോക്കി സ്തബ്ധയായി എന്നതാണ് വാസ്തവം. വാഴപ്പോളയില്‍ കടിഞ്ഞൂല്‍ പേറെടുത്ത വയറ്റാട്ടി, കുട്ടിയെപറ്റി പറഞ്ഞത് കേട്ട്, അക്ഷമയായി ഏന്തിനോക്കിയപ്പോള്‍ അമ്യാരുടെ കണ്ണില്‍ അത്ഭുതം നിറഞ്ഞിരുന്നു.
“എന്ന കുട്ടിയാക്കും?” പേറുമറച്ചിരുന്ന ശീലക്കപ്പുറത്ത് കൂട്ടിത്തൊടാതെ വെങ്കിടെശ്വരന്‍ വിളിച്ചു ചോദിച്ചത് കേട്ട് വയറ്റാട്ടി പറഞ്ഞു.
“പൊണ്ണാക്കും.” അതുമാത്രം പറഞ്ഞാല്‍ പോരെന്നു തോന്നിയത്കൊണ്ട് അമ്യാര്‍ അതെ കിടപ്പില്‍ കൂട്ടിച്ചേര്‍ത്തു.
“ഒരു തക്കിടിമുണ്ടി.”
“ശങ്കരനാരയണസ്വാമി കാപ്പാതിനാര്‍” പെണ്ണായതില്‍ പിറുപിറുത്തുകൊണ്ട് വെങ്കടെശ്വരന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
നീണ്ട ഇരുപതു വര്‍ഷത്തെ പ്രസവകാലത്തില്‍ പതിനൊന്നുതവണ അമ്മ്യാരെ ശങ്കരനാരയണസ്വാമി കാപ്പാത്തി. എന്നാലും നിറവയറില്‍ നിന്നും തക്കിടിമുണ്ടി പുറത്ത് വന്ന പോലെ പിന്നൊരിക്കലും അമ്മ്യാര്‍ അതിശയിച്ചിട്ടുണ്ടായിരുന്നില്ല.
തക്കിടിമുണ്ടി വളര്‍ന്നു. അമ്മയുടെ തീണ്ടാരിക്കാലത്ത് ചോറും കൂട്ടാനും വക്കാനും പിന്നീട് വന്ന അനുഗ്രഹങ്ങളെ കുളിപ്പിക്കാനും അപ്പിയിട്ടു കഴുകിക്കാനും അവള്‍ പഠിച്ചു. മരത്തില്‍ കേറി ചക്കയിട്ട് അപ്പാവിന്റെ പ്രഥമപുത്രദുഃഖം തീര്‍ത്തു. നീന്തല്‍ പഠിപ്പിക്കാന്‍ സ്വന്തം സഹോദരങ്ങളെ കുളത്തിലേക്ക് എടുത്തെറിഞ്ഞു മൂത്തോളായി. ചേറില്‍ കളിച്ചു. ചേന പറിച്ചു. താളും തണ്ടും ഒടിച്ചു കറിവെച്ചു. ഗര്‍ഭപാത്രവും മനസും മെഴുക്കുന്നതിനു മുമ്പ് പുകമറകളുടെ ഇരുളിലേക്ക് കെട്ടിച്ചയക്കപ്പെട്ടു. നെടുവീര്‍പ്പുകളും നിസ്സഹായതയും നിറഞ്ഞ മറ്റൊരു ജീവിതം കൂടി അന്തിവിളക്കുപോല്‍ എരിഞ്ഞു.
“ചിന്നതിലെ പൊരുളങ്ങ തിരുടിനത് ന്യാവഗം ഇരുക്കാ?” അമ്മ്യാര്‍ ചോദിച്ചു. തങ്കം സ്വംപ്നത്തില്‍ നിന്നെന്നപോലെ ഞെട്ടി ഉണര്‍ന്നു.
“അത് നാനൊന്നും അല്ലാരുന്തുത്..” പണ്ടത്തെ തങ്കം പതിനാറിന്റെ തിളപ്പിലെന്ന പോലെ എതിര്‍ത്തു.
പണ്ടായിരുന്നു. തൊട്ടടുടുത്ത ദിവസത്തെ ദവശത്തിനോ മറ്റോ വേണ്ടി ഉണ്ടാക്കിയ വച്ച പൊരുളങ്ങ പത്തായത്തില്‍ നെല്ലിനും പുളിക്കും മദ്ധ്യേ സുരക്ഷിതമായി ഇരിക്കുന്ന സമയം. വാധ്യാരുടെ കൂടെ രണ്ടു പേര്‍ അധികമായി വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എണ്ണം തികയുമോ എന്ന സംശയം തീര്‍ക്കാന്‍ മംഗളമ്യാര്‍ പത്തായത്തില്‍ കയറി. ചില്ലുഭരണി മെല്ലെ ഇളക്കിയിരിക്കുന്നു. ചുറ്റും പൊരുളങ്ങ പൊടികള്‍ കിടക്കുന്നു. ഉറുമ്പുകള്‍ ധൃതി പിടിച്ച് അരിക്കുന്നുണ്ട്. ഇരുപെതെണ്ണം എടുതുവച്ചതില്‍ ഏഴെണ്ണം ദുരൂഹസാഹചര്യത്തില്‍ കാണാതായപ്പോള്‍ മംഗളമ്യാരിലെ പോലീസുകാരി ഉണര്‍ന്നു. വീട്ടില്‍ വെങ്കടെശ്വരന്‍ അറിയാതെ തന്നെ ഒരു ചെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
സംശയത്തിന്റെ പേരില്‍ തങ്കം മുതല്‍കൊണ്ട് കൃഷ്ണന്‍ വരെ പതിനാറിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുറ്റാരോപിതരെ വരിക്കു നിര്‍ത്തി. മക്കള്‍ ആറുപേരും ശിക്ഷയേക്കാള്‍ ഭയന്നത് വിചാരണയായിരുന്നു. കൃഷ്ണന്‍റെ ട്രൌസര്‍ ലേശം നനയാന്‍ തുടങ്ങി.
“എന്ത പണ്ടാറക്കാലനാക്കും ഇന്ത പൊരുളങ്ങ തിരുടിനത്?” അമ്യാര്‍ കണ്ണന്‍റെ തോളില്‍ അടിച്ചു ചോദിച്ചു. കണ്ണന്‍ മിണ്ടിയില്ല. ആരും തന്നെ മിണ്ടിയില്ല. സാമദാനഭേദങ്ങള്‍ പരാജയപ്പെട്ടിടത്ത് ദണ്ഡം പ്രയോഗിക്കയല്ലാതെ അമ്മ്യാര്‍ക്ക് വേറെ വഴി ഉണ്ടായിരുന്നില്ല.
ഗൂഢമായ സഖ്യം കുറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ചൂരലിന്റെ ഭീഷണി ഉണ്ടായിട്ടുപോലും ആരുമാരും പരസ്പരം ഒറ്റുകൊടുത്തുമില്ല.
പ്രതിയെ കണ്ടുപിടിക്കാന്‍ നിര്‍വാഹമില്ലായിരുന്നത്കൊണ്ട് എല്ലാവര്ക്കും ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചു മംഗളമ്മ്യാര്‍. അടികൊണ്ടാല്‍ പാട് വരുമെന്ന് ഉള്ളതുകൊണ്ടും ആറുപേരെ അടിക്കാന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ടും രുക്കുവിനെ പച്ചക്കുരുമുളകും തുളസിയും അരച്ച് കൊണ്ടുവരാന്‍ അയച്ച് പാതി തീര്‍ന്ന പൊരുളങ്ങപാത്രം തുറന്നുകൊണ്ട് അമ്യാര്‍ ചിന്തിച്ചു. “പത്തായത്തുക്കും മേലെ യാര് തൊത്തിപിടിച്ച് എറുവാ?”
ഉത്തരം കണ്മുന്നില്‍ തെളിഞ്ഞിട്ടു പോലും, എല്ലാവര്ക്കും ശിക്ഷ നടപ്പാക്കി അമ്യാര്‍. കൃഷ്ണനും രുക്കും വാവിട്ടു കരഞ്ഞപ്പോളും കണ്ണിലെ കുരുമുളക് ലേഹ്യം സധൈര്യം സഹിച്ചുകൊണ്ട് ഒരക്ഷരം പോലും മിണ്ടാതെ തങ്കം കുളത്തിലേക്ക് ഓടി.
“ഇപ്പോളും എനക്ക് തെരിയലൈ” തങ്കം പറഞ്ഞുകൊണ്ട് ഇറുക്കി കണ്ണടച്ചു. മംഗളമ്യാര്‍ ചിരിച്ചു,
“അതെല്ലാം ഒരു കാലം ട്യാ തങ്കം..” അമ്യാര്‍ പറഞ്ഞു. “എനക്ക് അന്നെക്കെല്ലാമേ ഭയങ്കര ദേഷ്യമാക്കും. നെല്ലിക്കാകൊട്ട കവുത്തിനമാതിരിയാക്കുമേ കുട്ടികളെ.”
“എങ്കളുക്കെല്ലാം ഉന്നെ ഭയമുണ്ടൂ” തങ്കം പറഞ്ഞു. ഭയത്തിലൂടെ തന്നെ സ്നേഹിച്ച മക്കളെ അമ്യാര്‍ ഓര്‍ത്തു.
“നാന്‍ പോനതുക്കപ്പ്രം ഇപ്പിടി വിചാരിപ്പെന്‍ ട്യാ.. എതുക്ക് നാന്‍ ഇങ്കെ വേം വന്തേന്‍? എല്ലാരേം പാത്തൂണ്ട് ഇരുന്തിരുക്കലാം. കൊഞ്ചം സ്നേഹമാ പേശീര്‍ക്കലാം” അമ്യാര്‍ നെടുവീര്‍പ്പിട്ടു.
“നമ്മളാ നിശ്ചയിപ്പോം? അവാവാളോട് സമയം.” തങ്കം പറഞ്ഞു.
“നീ വറയാ? എങ്കൂടെ?” അമ്യാര്‍ ആശ കാട്ടി.
“നാനാ? എന്നാ? ഉങ്കള്ക്ക് തൊണക്ക് ആരുമില്ലയ്.. അതിനാലയാ?” തങ്കം ചോദിച്ചു.
“അമ്മയെ പിടിക്കാതെ ഉങ്കള്ക്ക്. ഒനക്കെന്നടീ ഇങ്കെ വേല? അറുപതാം കല്യാണം മുടിഞ്ചുത്. പെണ്‍കുട്ടികളെ കൊടുത്താച്ച്. ആമ്പടയാനെ ഇത്ര വര്ഷം പാത്താച്ച്. ഇപ്പൊ വരപ്ടാതാ?” അമ്യാര്‍ തങ്കത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. “ഒന്നോട് കഷ്ടമെല്ലാം തീര്‍ന്താച്ച്. വാ.. നമ്മ കൊഞ്ചം വെളീലെ നടക്കലാം”
“നാന്‍ നെനച്ചാ എഴുന്തിരുക്കലാമാ? അതുക്കൂന്നൊരു സാവധാനം വേണ്ടാമാ?” തങ്കം ചോദിച്ചു. അമ്മയുടെ കൂടെ പോകുന്നതില്‍ പരം സന്തോഷം ഇല്ലായിരുന്നു തങ്കത്തിന്. എന്നാലും, ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ തന്റെ കഴിവിനുമപ്പുറത്താണ് ആ യാത്ര എന്ന കാര്യം തങ്കത്തിന് അറിയുമായിരുന്നു.
“മണ്ടീ.. പിന്നെ നാന്‍ എന്തുക്കു വന്തിരുക്കെന്‍? നീ മൂന്നു വയസുവരെക്കും എന്നോട് കോന്തലെലെ താന്‍ പിടിച്ചിരിക്കായ്” മംഗളമ്യാര്‍ ഒരു ചിരി ചിരിച്ചു.
മംഗളമ്യാരുടെ നീട്ടുന്ന കൈകളില്‍ എത്തി പിടിക്കാന്‍ തങ്കത്തിന് പെട്ടെന്നൊരു ഉള്‍വിളി തോന്നി. ചുറ്റും ഒരു തണുപ്പും. മുറിയില്‍ തികട്ടി നിന്നിരുന്ന മരുന്നിന്റെയും മൂത്രത്തിന്റെയും മണം തങ്കത്തിന് മടുത്തിരുന്നു. പകരം അല്പം ശുദ്ധവായു വേണമായിരുന്നു.
“നില്ല്” തങ്കം പറഞ്ഞുകൊണ്ട് പതിയെ ഐവി അഴിക്കാന്‍ തുടങ്ങി.
“എന്നെ പിടിച്ചുകോട്ട്യാ..” തങ്കം കട്ടിലില്‍ നിന്നെഴുന്നെല്‍ക്കെ പറഞ്ഞു. “കാലെല്ലാം തരിച്ചിരിക്ക്.”
“നീ വിഴമാട്ടായി” ബലമുള്ള കൈകള്‍കൊണ്ട് മംഗളമ്യാര്‍ തങ്കത്തെ താങ്ങി നിര്‍ത്തി.
“ഒങ്കളുക്ക് ഒറപ്പുണ്ടാ?” തങ്കം കുസൃതി കണ്ണുകളോടെ ചോദിച്ചു.
“എന്നോട് തങ്കമല്ലവാ നീ? ഒന്നേ നാന്‍ വിടുവേനാ?” അമ്യാരുടെ മാതൃസ്നേഹം മൊഴിഞ്ഞു. തങ്കം ചിരിച്ചു.
കട്ടിലിനടുത്തുള്ള മോണിട്ടറില്‍ നീണ്ട പച്ച വരയൊന്ന് വലത്തോട്ട് പാഞ്ഞു.