കഥാജാലകം

View Original

അടിയാധാർ

ഇത്തവണയെങ്കിലും ശരിയാവണേ എന്ന പ്രാർത്ഥനയുമായി പോസ്റ്റ് ഓഫീസിനു മുന്നിലുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി,  ഇനിയും തളരാത്ത മനസ്സുമായി ഉച്ചവെയിലിനെ വകഞ്ഞുകീറി അവർ നടന്നു.

ഒന്നു മുറുക്കിയിട്ടു പോകാം, കയ്യിലെ സഞ്ചിയിൽ പരതി. മുറുക്കാൻ തീർന്നിരിക്കുന്നു. പോസ്റ്റാഫീസിനു മുന്നിലുള്ള കടയിൽ നിന്നു മുറുക്കാൻ വാങ്ങി വിസ്തരിച്ചൊന്ന് മുറുക്കിത്തുപ്പി.

ഇന്നു വെയിലിനു നല്ല ചൂടുണ്ട്.

പോസ്റ്റ്മാസ്റ്ററുടെ അടുത്തേക്ക് നടന്നു ചെന്നു, ആളനക്കം കേട്ടതും ആ മനുഷ്യൻ കമ്പ്യൂട്ടറിൽ നിന്ന് തലയുയർത്തി നോക്കി .

“അമ്മേ, നിങ്ങളോട് ഞാൻ പറഞ്ഞില്ലേ ആധാർ കൊണ്ടുവരാൻ?" ഘനത്തിലുള്ളയാ ചോദ്യം അയാൾ മുഴുമിച്ചില്ല.

"എന്നിട്ട് കൊണ്ടു വന്നോ?”

"കൊണ്ടുവന്നിട്ടുണ്ട് സാർ, എന്റെ പേരിലുള്ള വസ്തുവാണ്, ഞാൻ ചത്തിട്ടു മതി മക്കൾക്ക് വീതം വയ്ക്കാൻ, ആധാരം എന്റെ കയ്യിൽ തന്നെയുണ്ട്. സാറിന് സംശയമുണ്ടെങ്കിൽ ദാണ്ടേ എന്റെ ആധാരം, കയ്യിലെ കവറിൽ നിന്ന് രണ്ടായി മടക്കിയ പേപ്പർ കെട്ട് അമ്മ പുറത്തെടുത്തു.

“അയ്യോ ഈ തള്ളയ്ക്കു മനസിലാകാത്തുമില്ലേ”

“ഈ ആധാരം അല്ല തള്ളേ”, പോസ്റ്റ് മാസ്റ്റർ നിന്നു കലിതുള്ളി.

"ഈ അഞ്ചു വിരലൊക്കെ പതിപ്പിച്ചു എടുക്കുന്ന ആധാർ".

"അതെ സാറെ, ഇതാ സാറേ, എന്റെ ആധാരം. വിരലൊക്കെ പതിച്ചിട്ടുണ്ട്".

"സാറേ എന്റെ പെൻഷൻ", അവർ മേശപുറത്തിരുന്ന പാഡിൽ വിരൽ മുക്കി, പണിയെടുത്തു തഴമ്പിച്ച കൈ ഉയർത്തി നിന്നു.

"എവിടാ സാറേ ഞാൻ വിരൽ പതിക്കേണ്ടത്".

"ഇഞ്ഞോട്ടു എന്റെ നെഞ്ചത്തോട്ടു പതിച്ചോ", പോസ്റ്റ് മാസ്റ്റർ നെഞ്ചു വിരിച്ചു കാണിച്ചു.

ഠപ്പേ, അടി വീണു. മേശപ്പുറത്തിരുന്ന കുപ്പിയും വെള്ളവും താഴെ വീണു കുപ്പിയിൽനിന്നു വെള്ളം തറയിൽ വിരിച്ചിരുന്ന കയറ്റുപായയിലേയ്ക്ക് പരന്നൊഴുകി. വിയർപ്പിൻറെ മണം മുറിയിൽ കനം കെട്ടിക്കിടന്നു. കീബോർഡ് ദൂരെ തെറിച്ചു പോയി.

പോസ്റ്റ് മാസ്റ്റർ പതിയെ മുഖത്ത് തടവിനോക്കി. കവിളിൽ അഞ്ചു വിരലുകളും പതിഞ്ഞു കിടക്കുന്നത് അയാൾക്ക് സ്പർശിച്ചറിയാൻ കഴിഞ്ഞു. ആധാർ കാർഡിന് മുകളിലെ ബാർകോഡ് സ്പർശിച്ചറിയാൻ കഴിയുന്നതുപോലെ.