Kadhajalakam is a window to the world of fictional writings by a collective of writers

ടോര്‍ച്ച്

ടോര്‍ച്ച്

വൈകുന്നേരം. പോക്കറ്റിൽ അഞ്ചു രൂപയും അരയില്‍ ടോര്‍ച്ചുമായി ലോനപ്പന്‍ ചേട്ടന്‍ ദേവസ്സിടെ കടയിലേക്കു നടന്നു. രാത്രിയിൽ ഉറക്കം ശരിയാവാത്തത്തിന്‍റെ ക്ഷിണം മുഖത്തുണ്ട്. അന്നത്തെ ചര്‍ച്ച കോളനീലെ ജാരനെപ്പറ്റിയായിരുന്നു. അയല്‍പക്കത്ത് ദിവസ്സങ്ങളായി നടക്കുന്ന സംഭവം അറിഞ്ഞില്ലെന്ന് ലോനപ്പന്‍ ചേട്ടന്‍ പറഞ്ഞപ്പോ ദേവസ്സി ആദ്യം ചിരിച്ചുതള്ളി. മൈലുകള്‍ക്കപ്പുറത്തുള്ള നാട്ടുകാരന്‍റെ കുടുംബചരിത്രവും ജാതകവും വരെ പറയുന്നയാള്‍ അടുത്ത വിട്ടിൽ എന്തു നടക്കുന്നു എന്നറിയാത്ത പച്ചപ്പരിഷ്കാരിയായി മാറിയത് ദേവസ്സിയെ അതിശയപ്പെടുത്തി. മധുരമില്ലാത്ത കട്ടന്‍ചായയുടെ ചവര്‍പ്പുരുചിച്ച് ലോനപ്പന്‍ചേട്ടന്‍ ചര്‍ച്ച ശ്രദ്ധിച്ചിരുന്നു.

റോഡരുകില്‍ പണിത ചെറിയൊരു വാര്‍ക്ക കെട്ടിടമാണ് ദേവസ്സിടെ വീട്. വീടിനു മുന്നിലേ ഷെഡിൽ മൂന്നാല് മേശയും ബെഞ്ചും നിരത്തിയിട്ടാണ് കച്ചവടം. അടുത്തെവിടെയോ ഫ്ലാറ്റുപണിക്കുവരുന്ന ഹിന്ദിക്കാരും തമിഴന്മാരുമാണ് പ്രധാന കസ്റ്റമേര്‍സ്. അല്ലറചില്ലറ പലചരക്കും സ്റ്റേഷനറിയും കടയിൽ കിട്ടും. ദിവസവും വൈകുന്നേരം ചിലർ  പതിവായി അവിടെ കൂടും, നാട്ടുവര്‍ത്താനങ്ങളും രാഷ്ട്രിയവും കുറച്ച് പരദൂഷണവുമൊക്കെയായി. അക്കുട്ടത്തിൽ മിക്കവാറും ലോനപ്പൻ ചേട്ടനും ഉണ്ടാവും.

ആ സ്ത്രിയെപ്പറ്റി മുമ്പ് അവിടെ പലതവണ ചര്‍ച്ച നടന്നിട്ടുണ്ട്. ഒരിക്കൽ അവരെക്കുറിച്ച് ആരോ പറഞ്ഞുകൊണ്ടിരിക്കെ ലോനപ്പന്‍ചേട്ടന്‍ പെട്ടന്ന് ചൂടായത് ദേവസ്സിക്ക് ഓര്‍മ വന്നു. അന്ന് കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് ഗള്‍ഫ് പണമാണെന്നും, ഗള്‍ഫുകാരന്‍റെ കുടുംബം നോക്കൽ ഓരോ നാട്ടുകാരുടെയും ഉത്തരവാദിത്വമാണെന്നുമൊക്കെ ലോനപ്പന്‍ ചേട്ടന്‍ പറഞ്ഞത് എല്ലാവരും അതിശയത്തോടെ കേട്ടുനിന്നു. നാട്ടുപുറത്തുകാരനായ ലോനപ്പന്‍ ചേട്ടന്‍റെ ദീർഘവിക്ഷണത്തെപ്പറ്റി ലോനപ്പൻ ചേട്ടൻ പോയപ്പോ പലരും മതിപ്പോടെ പറഞ്ഞത് ദേവസ്സി ഓര്‍ത്തു.

മകന്‍ ഷിഫ്റ്റ് കഴിഞ്ഞു തിരിച്ചെത്തുന്നതിനു മുന്നേ വീട്ടിലെത്തണം. ലോനപ്പന്‍ചേട്ടന്‍ വീട്ടിലെക്കു നടന്നു. ഇറങ്ങിയപ്പോ നേരം ഇരുട്ടി തുടങ്ങിയിരുന്നു പാതിവഴിയിൽ ടോര്‍ച്ച് എടുത്ത് തെളിച്ചു. നടത്തതിനിടയിലാണ് ശ്രദ്ധിച്ചത് ടോര്‍ച്ചില്‍ വെളിച്ചം മങ്ങിയിരുന്നു. വാങ്ങിച്ചു വച്ച ബാറ്ററിയൊക്കെ തീര്‍ന്നു. ഇനി ബാറ്ററി കിട്ടാന്‍ ടൗണിൽ പോണം. അല്ലെങ്കിൽ ദേവസ്സിയെക്കൊണ്ട് വാങ്ങിപ്പിക്കണം. രണ്ടായാലും സമയമെടുക്കും. ആലോചിച്ചപ്പോ അരിശം വന്നത് കൊണ്ടാവണം നടപ്പിനു വേഗം കൂടി.

മകന്‍റെയൊപ്പം താമസം തുടങ്ങിയിട്ട് ഇപ്പൊ വര്‍ഷം ഒന്ന് കഴിഞ്ഞു. ടെക്നോപാര്‍ക്കിൽ എന്‍ജിനിയറായ മകന്‍റെ വീടുപണിടെ മേല്‍നോട്ടത്തിനായിട്ടാണ് ലോനപ്പന്‍ചേട്ടന്‍ ആദ്യമായി ഇവടെ വരുന്നത്. അന്ന് വീട് പണിക്കുവന്ന ബംഗാളികളൊക്കെ ദേവസ്സിടെ കടെന്നാണ് പൊറോട്ടയും ചോറും ഒക്കെ കഴിച്ചത്. അന്ന് മുതലേ ഉള്ള പരിചയമാണ് അവര് തമ്മിൽ. ആദ്യമൊക്കെ ലോനപ്പന്‍ചേട്ടന്‍ ടൗണിൽ പോയി അവര്‍ക്കൊള്ള ഭക്ഷണം മൊത്തമായി വാങ്ങിച്ചു കൊടുക്കുന്ന പതിവൊണ്ടായിരുന്നു. ഒരുതവണ ഒട്ടോപിടിച്ച് ഊണുമായിട്ട് വരുമ്പോ പണിക്കാരിലോരുത്തന്‍ വെട്ടുകല്ലേൽ കുത്തിയിരുന്ന് സിഗരറ്റ് വലിക്കുന്നു. പിന്നങ്ങോട്ട് പണിക്കാരുടെ ഭക്ഷണം ദേവസ്സിടെ കടയിലാക്കി, ലത്തിന്‍കാരനാണെലും കൃസ്ത്യനിയല്ലെയെന്ന് ലോനപ്പന്‍ചേട്ടന്‍ അന്ന് കരുതി. ഒന്നുരണ്ട് മാസത്തെ മുടങ്ങാത്ത കച്ചവടം ദേവസ്സിക്കും ഉപകാരമായി.

ആക്കാലത്ത് ലോനപ്പന്‍ചേട്ടന്‍ ദിവസ്സവും രാവിലത്തെ ബസ്സിനുവരും ഭക്ഷണം വീട്ടിൽ നിന്ന് പൊതിഞ്ഞുകൊണ്ടുവരും. തലേന്ന് പണിതിടം വെള്ളം കോരി നനയ്ക്കും. വൈകിട്ട് പണിക്കാര് പോകുന്ന പുറകെ തിരിച്ചും പോകും. മകനും കുടുംബവും അക്കാലത്ത് അടുത്തെവിടെയോ ഫ്ലാറ്റില്‍ വാടകയ്ക്കാണ് താമസം. പരിചയപ്പെട്ട കാലം മുതലേ ദേവസ്യക്ക് ലോനപ്പന്‍ ചേട്ടനോട് വല്യമതിപ്പാണ് ദേവസ്സിയെക്കാളും പത്തിരുപത് വയസ്സിനു മൂത്തതാണേലും ആളുനല്ല ആരോഗ്യവാനാണ്. ഒത്തശരിരം മുടി ഒരല്പം കറുപ്പിച്ചാ ഒരു പത്തു വയസുകൊറയും. ലോനപ്പന്‍ചേട്ടന്‍ പഴയ കൃഷിക്കാരനാണ്. പറമ്പിലും പാടത്തും കൃഷി ചെയതും റബ്ബറ് കൂലിക്ക് വെട്ടിം ഒക്കെയാണ് കുടുംബം നോക്കിയത്. രണ്ട് പെണ്മക്കളെ കെട്ടിച്ചു മകനെ പഠിപ്പിച്ച് എന്‍ജിനീയറാക്കി. അതിന്‍റെയൊക്കെ ആരോഗ്യവും ആത്മാവിശ്വസവും മുഖത്ത് എപ്പഴും കാണാം.

രണ്ടുമണിക്കൂര്‍ ബസ്സിലിരുന്നാല്‍ വീട്ടിലെത്താം പക്ഷെ പോയിട്ട് മാസങ്ങളായി, മകളുടെ കൊച്ച് നടക്കാറായാൽ ഭാര്യ തിരിച്ച് വരും അപ്പൊ നാട്ടിൽ വീടുണ്ടാവുമോ എന്നാണ് ഇപ്പോ ലോനപ്പന്‍ചേട്ടന്‍റെ പേടി. പഴയൊരു ഓടിട്ട വീടാണ് കാറ്റത്തു വല്ല റബറും മറിഞ്ഞ് വീണാ അതോടെ തീര്‍ന്നു. സാധാരണ മഴയ്ക്ക് മുമ്പ് ആശാരിയെ വിളിച്ച് ഓടിന്‍റെ ഓരായമൊക്കെ സിമന്‍റിട്ടടച്ച് ചെറിയ ഒരു മെയിന്‍റനന്‍സൊക്കെ പതിവുണ്ടായിരുന്നു ഈത്തവണ അതും ചെയ്തിട്ടില്ല. പ്രത്യകിച്ചു ഒരു പണിയും ഇല്ലെങ്കിലും ഇവടെ ഒന്നിനും സമയം കിട്ടാറില്ല എന്ന് ലോനപ്പന്‍ചേട്ടന്‍ എപ്പഴും പറയും.

ലോനപ്പൻ ചേട്ടനും ഭാര്യയും നാട്ടിൽ ഒറ്റക്കായിരുന്നു താമസം ഇടക്ക് രണ്ടുപേരും മകന്‍റെ വീട്ടിൽവരും. മിക്കവാറും അന്ന് തന്നെ തിരിച്ചുപോകും. ഏകദേശം ഒന്നുരണ്ട്‌ വർഷങ്ങൾ മുമ്പ് ഭാര്യ രണ്ടാമത്തെ മകള്‍ക്കൊപ്പം ഗള്‍ഫിലേക്ക് പോയപ്പോ ലോനപ്പന്‍ചേട്ടന്‍ നാട്ടിൽ ഒറ്റക്കായി. മരുമകൾക്കും മകനും ഷിഫ്റ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതായപ്പോ വിട്ടിൽ ആളനക്കമില്ലാതായി. മക്കളെ നോക്കാന്‍ ജോലിക്കാരെ വച്ചെങ്കിലും രണ്ട്പേര്‍ക്കും തൃപ്തി വന്നില്ല. പിറ്റേമാസം മകന്‍റെ കാറിൽ ലോനപ്പന്‍ ചേട്ടന്‍ ഇവടെത്തി.

അതിരാവിലെ എഴുന്നേറ്റ് കമ്പിളിപുതച്ച് മങ്കിക്യാപ്പ് വച്ച് ആവി പറക്കുന്ന കട്ടന്‍ചായ ഊതി കുടിച്ച് ബീഡി പുകച്ച് റോഡിലേക്ക് നോക്കിയിരിക്കുന്ന ലോനപ്പന്‍ചേട്ടന്‍ മോണിംഗ് വാക്കിന് പോകുന്നവര്‍ക്ക് ഒരു തമാശയായിരുന്നു. ലോനപ്പന്‍ചേട്ടന്‍ എന്നും രാവിലെ കോഴി കൂവുന്നതിനു മുമ്പേ എഴുന്നേല്‍ക്കും. പണ്ട് ഹെഡ് ലൈറ്റും വച്ച് റബ്ബറുവെട്ടാന്‍ പോകുന്ന കാലം മുതലേയുള്ള ശീലമാണ്. വീടിനു ചുറ്റും റബര്‍ മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ നേരം വെളുത്താലും മുറ്റത്ത് വെട്ടംവീഴാന്‍ സമയമെടുക്കും.

ടോര്‍ച്ചുകളോടുള്ള ലോനപ്പന്‍ചേട്ടന്‍റെ ഭ്രമം ചെറുപ്പം മുതലേ തോടങ്ങിയതാണ്. ഇരുട്ടത്തെക്ക് നോക്കിയാ ആരോ തന്നെ ഇരുട്ടിന്റെ മറവിലിരുന്ന്‍ നോക്കുന്നതായി ലോനപ്പന്‍ ചേട്ടന് എപ്പഴും തോന്നും. ടോര്‍ച്ചടിച്ച് അവിടാരുമില്ലന്ന് ഉറപ്പുവരുത്തിയാലെ പിന്നെ മനസമാധനമാവു. ടോര്‍ച്ച് എവിടെ പോയാലും കുടെ ഉണ്ടാവും . തലയിണക്കടിയില് ടോര്‍ച്ചില്ലെങ്കില് ഉറക്കം വരില്ല. മരുമകന്‍ വിലകൂടിയ ഒരെണ്ണം കൊണ്ട് കൊടുത്തത് ഭദ്രമായി പെട്ടില് അടച്ചുവച്ചിട്ടുണ്ട്. കൂടെ കൊണ്ട് നടക്കുക പണ്ടുമുതലേ കൈയ്യിലുള്ള പഴയ ബാറ്ററി ടോര്‍ച്ചാണ്. കഴിഞ്ഞ തവണ ബാറ്ററി തീർന്നപ്പോ ബാറ്ററിക്കായി കുറെ നടക്കേണ്ടി വന്നു കടക്കാർ പലരും ആ പഴഞ്ചൻ ടോർച്ച് കണ്ട് അത്ഭുതപ്പെട്ടു. ചിലർ ഭൂതകാല സ്മരണകളിൽ മുഴുകി. ഒടുവിൽ കിട്ടിയപ്പോ കുറെ എണ്ണം ഒരുമിച്ചു വാങ്ങി സ്റ്റോക്ക് ചെയ്തു.

താമസം തുടങ്ങിയ ആദ്യ ആഴ്ച തന്നെ ലോനപ്പന്‍ചേട്ടന് ഇവിടം മടുത്തു. രാവിലെ മുതൽ വേറെപണിയൊന്നും ഇല്ലാത്തതു കൊണ്ട് പത്രവും മറിച്ച് റോഡിലേക്ക് നോക്കി ഇറയത്തിരിക്കും. സാധാരണ ടിവി കണ്ടും ഉറങ്ങിയും ദിവസം തീര്‍ക്കാറാണ് പതിവ്. ഇടക്ക് പള്ളിയിൽ  പോവും. കൊച്ചിനെ നോക്കാനും ചോറുവക്കാനും ജോലിക്കാരി വരും. അതുകൊണ്ട് ആ ഭാഗത്തെക്ക് നോക്കുകയെ വേണ്ട. എല്ലാ മാസവും മകന്റെ കയ്യിന്ന് വട്ടച്ചിലവിനുള്ള കാശ് മൊടങ്ങാതെ കിട്ടും. അതിന് ബിഡിവലിയും ചായകുടിയും നടക്കും.

ഒന്നരയാഴ്ച മുമ്പ് ദേവസ്സിടെ കടയില് ആ സ്ത്രി എന്തോ വാങ്ങാനായി വരുകയും അവരുപോയ പുറകേ അവിടിരുന്ന ആരോ അവരെ പറ്റി എന്തോ കമന്‍റ് പറയുകയും ലോനപ്പന്‍ ചേട്ടനവരോട് തട്ടിക്കയറുകയുമുണ്ടായി. അന്നത്തെ ചെറിയ ഒച്ചപാടിന് ശേഷം ലോനപ്പന്‍ചേട്ടന്‍ ദേവസ്സിടെ കടയിലേക്കുള്ള പോക്ക് കുറച്ചു.

അയല്പക്കത്തെ വിട്ടില് ആ സ്ത്രിയും ഭര്‍ത്താവിന്‍റെ സുഖമില്ലാത്ത അമ്മയും സ്കൂളില്പഠിക്കണ മോനും മാത്രമാണ് താമസം. ഒറ്റയ്ക്ക് ഒരു കുടുംബം നടത്തിക്കൊണ്ടു പോകുന്ന ആ സ്ത്രിയോട് ലോനപ്പന്‍ചേട്ടന് വന്ന കാലം മുതലേ വല്യ ബഹുമാനമാണ്.

വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് പുറകുവശത്തെ കുളിമുറിയില്‍ രാത്രി അവര്‍ കുളിക്കാറുണ്ട്. അവരുകുളിക്കുമ്പോ ഫോറിന്‍സോപ്പിന്‍റെ മണവും, അവരുടെ ശരീരത്തിലൂടെ വെള്ളം ഒഴുകി നിലത്തോട്ട് വീഴുന്ന ശബ്ദവും മുറ്റത്ത്നിന്ന് ചെവിയോര്‍ത്താൽ കേള്‍ക്കാമെന്ന് ലോനപ്പന്‍ ചേട്ടന് മനസിലായത് ഈ അടുത്തകാലത്താണ്. അസമയത്തെ കുളി അത്ര ശരിയല്ലന്ന് ലോനപ്പന്‍ ചേട്ടനും ആദ്യകാലത്ത് തോന്നിയിരുന്നു.

രാത്രി. കട്ടിലില്‍ തലയിണ കുത്തനെവച്ച് ചാരിയിരുന്ന്‍ ലോനപ്പന്‍ചേട്ടന്‍ ദേവസ്സിടെ കടയിലന്ന് നടന്ന സംഭാഷണങ്ങള്‍ ഓര്‍ത്തെടുത്തു. ജാരനെന്ന വാക്കിന് അനാവശ്യമായ ഒരു നിഗൂഡതയുള്ളതായി ലോനപ്പന്‍ചേട്ടന് തോന്നി. ജനല് തുറന്ന് പുറത്തേക്ക് നോക്കി മഴക്കോളുള്ളതുകൊണ്ടാവണം നല്ല ചൂട്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോ ലോനപ്പന്‍ചേട്ടന്‍ ടോര്‍ച്ച് അരയില്‍ തിരുകി കൈലി മടക്കിക്കുത്തി പുറത്തേക്കുനടന്നു.

രാത്രിയുടെ നിശബ്ധതയെ തുളച്ചുകൊണ്ട് ആ ശബ്ദം ഉറക്കം കാത്തു കിടന്ന പലരുടെയും ചെവിയിലേക്ക് തുളച്ചു കയറി. ചുറ്റുമുള്ള വീടുകളിലെ ലൈറ്റുകള്‍ തെളിഞ്ഞു. അവർ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. ആളനക്കം കേട്ട് പലതരം ടോര്‍ച്ചുകള്‍ തെളിഞ്ഞു. അവരാക്കാഴ്ച കണ്ട് അന്തംവിട്ടു നോക്കിനിന്നു. കമ്പോസ്റ്റ് കുഴിയിൽ വീണുകിടക്കുന്ന ലോനപ്പന്‍ ചേട്ടന്‍ മുഖംമറച്ചു. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ലോനപ്പന്‍ചേട്ടന്‍ സ്വന്തം വീട്ടിലെക്കുനോക്കി. അവിടെ വെളിച്ചമില്ല, അവരെഴുന്നേറ്റിട്ടില്ല.

പിറ്റേന്ന് രാവിലെ ലോനപ്പന്‍ചേട്ടന്‍ നാട്ടിലേക്ക് തിരിച്ചുപോയി. അതിരാവിലെയുള്ള ബസ്സായതുകൊണ്ട് ആരോടും യാത്ര പറഞ്ഞില്ല.

 

ശബ്ദമില്ലാതെ കരയുന്നവർ

ശബ്ദമില്ലാതെ കരയുന്നവർ

വിശുദ്ധ വാലന്റൈൻ

വിശുദ്ധ വാലന്റൈൻ