ഓർമ്മക്കായ്
ഇന്നലെയും ഗ്രേസി ഉറക്കത്ത് ഞെട്ടി നിലവിളിച്ചിരുന്നു. സ്റ്റെലയുടെ ഓര്‍മ്മകളില്‍ നിന്ന് ഇനിയും അവള്‍ മുക്തയായിട്ടില്ല. എനിക്കറിയാം. ഗ്രേസിയും സ്റ്റെല്ലയും തമ്മില്‍ അമ്മയും മകളും എന്നതിനുപരി മറ്റൊരു വേരുറച്ച സുഹ്യത് ബന്ധം കൂടി ഉണ്ടായിരുന്നുയെന്ന്. മീനു എന്നാണ് ഞങ്ങള്‍ അവളെ വിളിച്ചിരുന്നത്. നീണ്ട എട്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ക്കിടയിലേക്ക് വന്നവളാണ് മീനു.
അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണക്കു കൂട്ടലുകൾപോലെ ഗ്രേസി കൂട്ടിവയ്ക്കുമായിരുന്നു.ഇതിനിടയില്‍ പിഴച്ചത് ആര്‍ക്കാണെന്ന് അറിയില്ല..ഇന്നവള്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിനാലാമത്തെ വയസ്സ് ആഘോഷിക്കുമായിരുന്നു. പക്ഷേ ഇന്ന് അവള്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് അവളുടെ കല്ലറയില്‍ റോസാപ്പൂക്കൾ വച്ച് അവള്‍ ഞങ്ങളെ വിട്ട് പോയതിന്‍റെ നാലാം വര്‍ഷത്തില്‍ ഒരു തുള്ളി കണ്ണീരൊഴുക്കുക എന്നത് മാത്രമാണ്.
എനിക്കോര്‍മ്മയുണ്ട്, അന്ന് പരിക്ഷയും കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് മീനു കോയമ്പത്തൂരില്‍ നിന്നും കോട്ടയത്തേക്ക് വണ്ടി കയറിയത്. അവള്‍ക്കൊപ്പം എന്നും വരാറുള്ള കോട്ടയത്തുള്ള രശ്മിയും റാംമും ജീനയുമെല്ലാം പിറ്റേ ദിവസം പോവാം എന്നു പറഞ്ഞപ്പോള്‍ അവളാണ് എതിര്‍ത്തത് പിറ്റേ ദിവസം അവളുടെ ഇരുപതാം പിറന്നാളാണ്.
കഴിഞ്ഞ പിറന്നാള്‍ പരീക്ഷകാരണം എനിക്ക് പപ്പയുടെയും മമ്മയുടെയും കൂടെ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ട് ഈ പിറന്നാളിന് എന്തായാലും ഞാന്‍ വരുംഎന്നും പറഞ്ഞ് അന്ന് രാത്രി തന്നെ വണ്ടി കയറാന്‍ അവള്‍ തന്നെയാണ് വാശി പിടിച്ചത്.
അന്നും ഉറക്കത്തില്‍ നിന്ന് ഗ്രേസി ഞെട്ടിയുണര്‍ന്ന് അവസാനമായി മീനുവിനെ വിളിച്ചിരുന്നു.
"’മീനു നീ തനിച്ചാണോ? ബോധം കെട്ടുറങ്ങരുത്... രാവിലെ തന്നെ പപ്പയും മമ്മയും സ്റ്റേഷനില്‍ വരാം. മോള് സൂക്ഷിക്കണം.. രാത്രി ഡോറിനടുത്തൊന്നും വന്നു നില്‍ക്കരുത് “
ഓരോ വിളിയിലും ഗ്രേസി അവളെയിങ്ങനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
ആ രാത്രി അവളെന്തോ സ്വപ്നം കണ്ടിരുന്നു.
അതാണ് രാത്രി ഏറെ വൈകിയും മീനുവിനെ വിളിക്കാന്‍ കാരണം. പുലരും വരെ അവള്‍ എന്നോട് ചേര്‍ന്ന് ഉറങ്ങാതെ കിടന്നിരുന്നു .മീനു ഒറ്റയ്ക്കാണെന്ന കാര്യം എന്നെയും വല്ലാതെ അലട്ടിയിരുന്നു.
പിറ്റേന്നു രാവിലെ മീനുവിനെ വിളിച്ചു. ഫോണ്‍ സ്വിച്ച്ഓഫ്. തലേദിവസം വിളിച്ചപ്പോൾ ഫോണില്‍ ചാര്‍ജ് കുറവാണെന്ന് അവള്‍ പറഞ്ഞിരുന്നു എന്ന് ഞാന്‍ ഗ്രേസിയോട് കളവു പറഞ്ഞു.
എന്നെത്തെക്കാളും നേരെത്തെ ഞങ്ങള്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. ഞങ്ങള്‍ വന്നതിനിടയില്‍ തെക്കോട്ടും വടക്കോട്ടുമായി രണ്ട് വണ്ടികള്‍ കടന്നു പോയി. മീനു വരുന്ന വണ്ടി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റേഷനില്‍ എത്തുമെന്ന് അറിയിപ്പു വന്നു.ഗ്രേസി മെല്ലെ എഴുന്നേറ്റ് അവളുടെ ബാഗില്‍ നിന്നും ഒരു റോസാപ്പൂവെടുത്തു.
"കണ്ടോ... നിങ്ങളറിഞ്ഞില്ലല്ലോ ഞാനിതു വാങ്ങിയത്. അവളു വന്നാല്‍ ആദ്യം ഞാനിതു കൊടുക്കും.എന്നിട്ടവളുടെ കവിളില്‍ ഒരുമ്മയും കൊടുക്കും. മമ്മയുടെ ഇരുപതാം പിറന്നാള്‍ സമ്മാനം “
ഗ്രേസി പുഞ്ചിരിച്ചു.
കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി വന്നു. ആളുകള്‍ ഇറങ്ങി തുടങ്ങി. ബാഗും മറ്റുമായി ഫ്ലാറ്റ്ഫോം നിറഞ്ഞു .ഞാന്‍ ഗ്രേസിയുടെ കൈയും പിടിച്ചു കുറച്ചു മുന്നോട്ടു നീങ്ങി. ഇല്ല മീനു ഇറങ്ങിയിട്ടില്ല. ഞങ്ങളുടെ നടത്തത്തിന് കുറച്ച് സ്പീഡ് കൂടി. ഗ്രേസിയുടെ കൈ എന്‍റെ കൈയ്യില്‍ നിന്നും ഊര്‍ന്നു വീണു. ഗ്രേസി ഉറക്കെ വിളിച്ചു.
"മീനു!"
വണ്ടി മെല്ലെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ഗ്രേസിയുടെ കൈയ്യിലെ റോസാപ്പൂ താഴെ വീണു.വണ്ടി പ്ലാറ്റ്ഫോം വിട്ടു. ഗ്രേസി തളര്‍ന്നു വീണു. ആളുകളെല്ലാം ഒഴിഞ്ഞു തുടങ്ങി. പ്ലാറ്റ്ഫോമിൽ അങ്ങുമിങ്ങുമായി കുറച്ചു പേര്‍ . ഇതി നിടയില്‍ സ്റ്റേഷന്‍ മാഷ് ഗ്രേസിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു . ആളുകള്‍ ചുറ്റും കൂടി. എന്നെയും ഗ്രേസിയേയും വിശ്രമ മുറിയില്‍ ഇരുത്തി. ഗ്രേസിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ആരൊക്കെയോ എന്തോക്കെയോ ചോദിക്കുന്നു.ആകെ തല മരവിക്കുന്നത് പോലെ തോന്നി. സ്റ്റേഷന്‍ മാഷ് ആളുകളെ മാറ്റി നിര്‍ത്തി എന്‍റെ അടുത്തിരുന്ന് തോളില്‍ കൈ ചേര്‍ത്ത് ചോദിച്ചു,
"ആരെയാ അന്വേഷിക്കുന്നത്? ഇപ്പോൾ വന്ന വണ്ടിയില്‍ ആരെങ്കിലും വരാനുണ്ടായിരുന്നോ? വിഷമിക്കാതെ പറയൂ..”
"ഉം.. മീനു..ഞങ്ങളുടെ മകള്‍.”
ഞാനറിയാതെ പറഞ്ഞു.
"ഞാനടുത്ത സ്റ്റേഷനില്‍ വിളിച്ചു പറയാം. ചിലപ്പോൾ ഉറങ്ങിപ്പോയിക്കാണും. ഇവിടെ എത്തിയത് അറിഞ്ഞു കാണില്ല.. വിഷമിക്കാതിരിക്കു"
എന്നെ സമാധാനിപ്പിച്ച ശേഷം അദ്ദേഹം മുറിയില്‍ നിന്നും പുറത്തിറങ്ങി.. ഗ്രേസി ആകെ തളര്‍ന്നിരുന്നു. നേരം പതിനൊന്ന് മണി കഴിഞ്ഞു. ഇതിനിടയില്‍ ആരൊക്കെയോ ഞങ്ങള്‍ക്കരികില്‍ വന്നു.
“ വരൂ നമ്മുക്കൊരിടം വരെ പോവാം"
“മീനു.. മീനു.. അവള്‍ വന്നോ..”
ഗ്രേസി എന്തെന്നില്ലാത്ത സന്തോഷത്തില്‍ തിരക്കി.
"ഉം"
ഉത്തരം അദ്ദേഹം ഒരു മൂളലില്‍ ഒതുക്കി..ആ മൂളലില്‍ എനിക്കെന്തോ പേടി തോന്നി.
ഞാന്‍ ഗ്രേസിയുടെ കൈ പിടിച്ചു നടന്നു.
സ്റ്റേഷന്‍ മാസ്റ്റര്‍ ഞങ്ങളെ ഒരു വണ്ടിയില്‍ കയറ്റി.
അടുത്ത ആശുപത്രിക്ക് മുമ്പിലാണ് വണ്ടി പോയി നിന്നത്.
ഗ്രേസി എന്നെ തുറിച്ചൊന്നു നോക്കി. അവളുടെ കൈ വീണ്ടും എന്നില്‍ നിന്നും ഊര്‍ന്നു വീഴാതിരിക്കാന്‍ ഞാനവളെ എന്നോട് ചേര്‍ത്തു നിര്‍ത്തി. ഗ്രേസിയുടെ കാലുകള്‍ പിന്നിലേക്ക് തന്നെ വലിഞ്ഞു .
"കോണ്‍സ്റ്റബിള്‍, മാഡത്തെ റൂമിലേക്കിരുത്തൂ" ഞങ്ങള്‍ക്കൊപ്പം വന്ന പോലീസുകാരനെ അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്.
വനിതാ കോണ്‍സ്റ്റബിള്‍ ഗ്രേസിയെ എന്‍റെയടുത്തുനിന്ന് മാറ്റി.
"വരൂ മാഡം. നമ്മുക്ക് റൂമിലേക്കിരിക്കാം"
"മീനു.."
"അവരുപോയി കൂട്ടിക്കൊണ്ട് വരട്ടെ"
എനിക്കൊപ്പം രണ്ടു പോലീസുകാരും സ്റ്റേഷന്‍ മാഷുമുണ്ടായിരുന്നു. ഞാന്‍ ഇടക്കൊന്നു തിരിഞ്ഞു നോക്കി. ഗ്രേസി എന്നെത്തന്നെ നോക്കുകയാണ്.
അവളുടെ മുഖത്ത് തലേ ദിവസത്തെ ഉറക്ക ക്ഷീണമുണ്ടായിരുന്നു. കണ്ണുകളില്‍ മീനുവിനെ കാണാത്തതിലുള്ള വിഷമം കണ്ണീരായി തളം കെട്ടിനിന്നു.
അവര്‍ എന്നെ കൊണ്ടു പോയത് ഐ സി യു വിലേക്കാണ്. തികച്ചും പേടിപ്പെടുത്തുന്ന മുറി. അങ്ങോളമിങ്ങോളം ഇലക്ട്രിക്ക് ഉപകരണങ്ങളുള്ള ആ മുറിയില്‍ ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ ശ്വസിക്കുന്ന ഒരു പെണ്‍ക്കുട്ടി. വിളറിയ ആ മുഖത്തിന് എന്‍റെ മീനുവിന്‍റെ ഛായ.
ഞാന്‍ ഒരടി പിന്നോട് വലിഞ്ഞ് കണ്ണുകള്‍ അടച്ച് ഉറക്കെ അലറി,
" മീനൂ!!!"
അവിടെ പ്രവര്‍ത്തിക്കുന്ന എതോ ഒരുപകരണം വലിയ ശബ്ദത്തോടെ കൂകി. നഴ്സുമാരും ഡോക്ടറും ഓടി വന്നു. എന്നെയും കൊണ്ട് മറ്റുള്ളവര്‍ പുറത്തിറങ്ങി.
പുറത്തിറങ്ങിയ ഞാന്‍ ചുമരു ചേര്‍ന്ന് പൊട്ടി കരഞ്ഞു.
"ജോസ് എന്നല്ലേ പേര്?
പുറകില്‍ നിന്നും പേലീസുകാരന്‍ തിരക്കി.
"ഞാന്‍ രഘുറാം. ഇവിടുത്തെ സ്റ്റേഷന്‍ എസ് ഐ ആണ്. ജോസ് വരൂ. നമ്മുക്ക് ഡോക്ടറെ ഒന്നു കാണാം"
അദ്ദേഹം എന്നെയും കൂട്ടി മുറിയിലേക്ക് നടന്നു.
"സര്‍ എന്‍റെ മോള്‍ക്ക് എന്തു പറ്റി?"
"പറയാം, ജോസ് വരൂ.
ഇന്നു പുലര്‍ച്ചെയാണ് ഇവിടടുത്ത ഗ്രാമത്തില്‍ നിന്നും സ്റ്റേഷനിലേക്കൊരു ഫോണ്‍ കോള്‍ വന്നത്. ഒരു പെണ്‍ക്കുട്ടി റെയില്‍വെ ട്രാക്കിനു സമീപം വീണു കിടക്കുന്നു.ഞാനും പോലീസുകാരും ചേര്‍ന്ന് ഇവിടെ എത്തിച്ചു. അടുത്ത സ്റ്റേഷനില്‍ വിളിച്ചപ്പോളാണ് നിങ്ങള്‍ മകളെയും തിരക്കി അവിടെയുണ്ടെന്നറി ഞ്ഞത്.ജോസ് ഇത് നിങ്ങളുടെ മകള്‍ തന്നെയാണോ?"
പെട്ടെന്ന് മുറിയിലേക്ക് ഡോക്ടര്‍ വന്നു.
"ഡോക്ടര്‍ എങ്ങനെ ഉണ്ട്?"
എസ് ഐ കാര്യം തിരക്കി.
"കുട്ടി അവസാനമായി അവളുടെ അച്ഛന്‍റെ വിളിക്ക് കാതോര്‍ത്തു. അതാണ് ഇദ്ദേഹം വിളിച്ചപ്പോള്‍ കുട്ടി യുടെ ഹൃദയമിടിപ്പ് കൂടിയത്. ബട്ട്.......അയാം സോറി"
"മീനൂ!!"
തളര്‍ന്നു വീണ ഞാന്‍ പിന്നെ എഴുന്നേറ്റത് രക്തം കയറ്റി കൊണ്ടിരിക്കുന്ന എന്‍റെ ഗ്രേസിയുടെ അടുത്തു നിന്നാണ്.. മീനു വിന്‍റെ ദുരന്തം അറിഞ്ഞ അവള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്കെടുത്തു ചാടി.
അന്നു തൊട്ടിന്നു വരെ അവള്‍ അനങ്ങാതെ കിടപ്പാണ്. ഇടക്ക് മീനുവെന്ന് വിളിച്ച് ഞെട്ടിഉണരും.
പിന്നീട് പല തവണ പേലീസുകാര്‍ സ്റ്റേഷനില്ലേക്ക് വിളിപ്പിച്ചു. പോയില്ല. എന്തിനാണ് പോകുന്നത്?
പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മീനു പീഡീപ്പിക്കപ്പെട്ടു വെന്ന് തെളിഞ്ഞെന്ന് പറഞ്ഞ്
കേസു കൊടുത്ത് പത്രവാര്‍ത്തകളിലും മാധ്യമങ്ങളിലും ഞങ്ങളുടെ മീനുവിനെ എന്തിന് വീണ്ടും കൊല്ലാതെ കൊല്ലണം?
അകം തളര്‍ന്ന ഗ്രേസിയുടെ ഫോട്ടോ പത്രത്തില്‍ കൊടുത്ത് കണ്ണീരുണങ്ങാതെ അമ്മ എന്ന തലക്കെട്ടിനുള്ളില്‍ എന്തിനവളെ കിടത്തി ശ്വാസം മുട്ടിക്കണം.
അല്ലെങ്കില്‍ ഞാന്‍ വരാം. കൊല്ലയാളിയെ കണ്ടു പിടിച്ച് നിയമത്തിനു കൊടുക്കാതെ എന്‍റെ മുന്നില്‍ നിര്‍ത്തണം...
എന്‍റെ മകളെ സ്നേഹിച്ചപോലെ ഞങ്ങളവനെ സ്നേഹിക്കാം. മനസ്സു കൊണ്ടല്ല കഠാര കൊണ്ട്. തലങ്ങും വിലങ്ങും എനിക്കവനെ ആഞ്ഞു വെട്ടി സ്നേഹിക്കണം നടക്കില്ലല്ലേ.... വേണ്ട.
ഞങ്ങടെ മീനു ട്രയിനിൽ നിന്നു വീണു മരിച്ചു . മതി. ഞങ്ങള്‍ അങ്ങനെയോർത്ത് സമാധാനിച്ചുകൊള്ളാം.
ഇനി ഞാനൊരുങ്ങട്ടെ. നാലാം വര്‍ഷവും ഈ പനീനിര്‍പ്പൂക്കൾ അവള്‍ക്കായി, അവളുടെ കല്ലറയില്‍ സമര്‍പ്പിക്കാന്‍. അവള്‍ക്കായി ഇരുപത്തിനാലം പിറന്നാള്‍ സമ്മാനം കൊടുക്കാന്‍, ഗ്രേസിയില്‍ നിന്നും ഞാനൊരു ചുബനവും വാങ്ങട്ടെ.