കഥാജാലകം

View Original

വിപ്ലവങ്ങൾക്കപ്പുറം

ഒരു കപ്പു കോഫിയിൽ ഉണ്ടായേക്കാവുന്ന വിപ്ലവങ്ങളെന്തൊക്കെ? ലോകത്തിന്റെ പൊതുവായ മാറ്റത്തിനും, രക്തം ചീന്തുന്ന ക്രൂരമായ സാമ്രാജ്യത്വവും രാജവാഴ്ചയും കടപുഴകാൻ തക്ക വിപ്ലവങ്ങൾക്കുമപ്പുറം, ഒരു മനുഷ്യന്റെ ജീവിതത്തിൽ, കുറഞ്ഞ പക്ഷം ഒരു പെണ്ണിന്റെ ജീവിതത്തിലെങ്കിലും ഉണ്ടാകേണ്ട പരിവർത്തനങ്ങൾക്ക്, ആവി പറക്കുന്ന ഒരു കപ്പ് കോഫി സഹായകമാവില്ലെന്നുണ്ടോ? ഒരു പക്ഷെ വിപ്ലവം കൊടിയുയർത്തിക്കൊണ്ട് കോഫി കപ്പിൽ നിന്ന് വിശാലമായ ലോകത്തേക്ക് ഒഴുകിപ്പരക്കാം. ചിലപ്പോൾ കപ്പിനുള്ളിലും ചിന്തകളിലും മാത്രമായി ഒതുങ്ങി നിന്നെന്നും വരാം.എന്തായാലും വിപ്ലവദായകരാണ് കോഫിയും കപ്പും.

വിശാലമായ സ്റ്റാർ ബക്സ് ആഢംബര കഫേയുടെ മൂന്നാമത്തെ നിലയിൽ , ഏത് വിപ്ലവത്തിനും പോന്ന ചൂടാറാത്ത ഒരു കപ്പ് കോഫിക്കു മുന്നിലിരുന്നുകൊണ്ട് സുമിത്രാ മാഡം എന്തൊക്കെയായിരിക്കും ചിന്തിച്ചത്? തീർച്ചയായും സ്വന്തം ജീവിതത്തെക്കുറിച്ച് തന്നെയാവും ചിന്തിച്ചത്. ഉടൻ തീരുമാനമെടുക്കേണ്ടവ, പിന്നത്തേക്ക് മാറ്റിവയ്ക്കേണ്ടവ, ഒറ്റക്ക് തീരുമാനിക്കേണ്ടവ, കൂടിയാലോചിക്കേണ്ടവ, വാശി പിടിക്കേണ്ടവ, വിട്ടുകൊടുക്കേണ്ടവ എന്നിങ്ങനെ അക്കമിട്ട് നിരത്തി വയ്ക്കണം ചിന്തകൾ.

നാൽപ്പത്തേഴ് കഴിഞ്ഞ ഒരു സ്ത്രീക്ക് ഇനിയെങ്കിലും സ്വാതന്ത്രം വേണ്ടെ? 
ആപ്പിൾ ഫോണിനും, പോഷെ, ജാഗ്വാർ കാറുകൾക്കും, ബിർക്കിൻ ബാഗിനും, ആഢംബര ഫ്ലാറ്റിനുമൊക്കെയുപരിയായി സ്വാതന്ത്രമാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ ഉടലിൽ, മനസ്സിൽ, ജീവിതത്തിലാകമാനം തന്നെയും അടിച്ചേൽപ്പിച്ചു വച്ചിരിക്കുന്ന നഃ-നഃ പാടുന്ന മനുസ്മൃതി വചനങ്ങളെ പൊട്ടിച്ചെറിയണമെന്നാണ് സുമിത്രാ വേണുഗോപാൽ ചിന്തിച്ചത്.

അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ വിസിറ്റിംഗ് സർജനായി പോയി, കോടികൾ പ്രതിഫലം കിട്ടുന്ന പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. വേണുഗോപാലിന്റെ ഭാര്യ. എന്നാൽ തനിക്കൊരു ഹൃദയമേയുള്ളു. അതിന്റെ നിലനിൽപ്പ് ദൈവത്തിന് വിട്ടുകൊടുക്കാം. കോടികൾ പ്രതിഫലം കിട്ടുന്നൊരു കാർഡിയോളജിസ്റ്റിന്റെ ആവശ്യമെന്ത്? ഭർത്താവ് ഹൃദയത്തിന്റെ മെക്കാനിക്കാണോ ഹൃദയത്തിനുള്ളിലെ സഞ്ചാരിയാണോ അതോ ഇനിയതിന്റെ സൂക്ഷിപ്പുകാരനാണോ എന്നുള്ളതൊന്നും ഇവിടെ പ്രസക്തമല്ല. സ്വാതന്ത്രമാണാവശ്യം. വാശി പിടിക്കേണ്ട ചിന്തകളാണവ

കോഫികപ്പ് കൈയിലെടുത്തുകൊണ്ട് തന്റെ മുന്നിലെ മേശപ്പുറത്തിരിക്കുന്ന ഡിവോഴ്സ് പെറ്റിഷൻ ഫയലിൽ നോക്കിയിരുന്നു സുമിത്രാ മാഡം.തന്റെ അഭിസംബോധനകളുടെ , ഇക്കാലമത്രയും മനസ്സിലുണ്ടായിരുന്ന ഭർത്താവിന്റെ യോഗ്യത പട്ടിക- ഒരു ഹൈറാർക്കി -ഓർത്ത് രൂപപ്പെടുത്തി യെടുത്തു അവർ .
കല്യാണാലോചന സമയത്തെ ഡോ. വേണുഗോപാൽ,
ഭർത്തൃഗൃഹത്തിലെ എട്ടും പൊട്ടും തിരിയാത്ത, പരിഭവം നിറഞ്ഞ കല്യാണപ്പെണ്ണിന്റെ വേണുഗോപാൽ ചേട്ടൻ,
മനസ്സും ഉടലുമൊന്നായപ്പോൾ "ന്റെ വേണുവേട്ടൻ, ചക്കരപഞ്ചാര...ഉ..മ്മാ..."
കാലം നടന്നകന്നപ്പോൾ,
കുട്ടികളുടെയച്ഛൻ,
ക്ലബിലെ വേണു,
പിന്നെയും ഡോ. വേണുഗോപാൽ,
പിന്നെ ആ വ്യക്തി അല്ലെങ്കിൽ അദ്ദേഹം..,
പിന്നെ അയാൾ,
പിന്നെയിതാ തന്റെ മുന്നിലിരിക്കുന്ന പെറ്റിഷനിലെ റെസ്പോൻഡന്റ്.
കൊള്ളാം അടിപൊളി ചിന്തകൾ.

ഫോൺ റിംഗ് ചെയ്തു. അമേരിക്കയിൽ മെഡിസിനു പഠിക്കുന്ന മകളാണ്.

"നീ കാര്യങ്ങൾ അറിഞ്ഞല്ലോ ല്ലേ?"

"മമ്മീ..മമ്മിയിതെന്ത് ഭാവിച്ചാ? ഡാഡിയെന്ത് ചെയ്തൂന്നാ ങ്ങനെ പിരിഞ്ഞിരിക്കാൻ?"

നീ ജനിക്കുന്നതിനു മുൻപ് നിന്റെ ഡാഡിയെ ഞാൻ അളന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ പഠിപ്പിക്കേണ്ട. നിന്റെ ഡാഡി കെട്ടിയ താലിയിൽ ഞാൻ കുടുങ്ങിക്കിടക്കുമെന്ന് നീ സ്വപ്നത്തിൽ വിചാരിക്കേണ്ട നയനാ"

"മമ്മി കണ്ണേട്ടനെ വിളിച്ചോ?"

" വിളിച്ചിട്ടെന്ത് ചെയ്യാൻ? മകന്റെ ഉപദേശം കേൾക്കേണ്ട അവസ്ഥ വരുമ്പോൾ ഞാൻ കേൾക്കാം"

ഫോണും കട്ട് ചെയ്ത്, കോളേജിൽ പഠിക്കുന്ന കുട്ടികൾ നോട്ട്ബുക്ക് വിരൽത്തുമ്പിൽ കറക്കുന്നതു പോലെ ഡിവോഴ്സ് പെറ്റിഷൻ ഫൈലെടുത്ത് വിരൽത്തുമ്പിൽ പമ്പരം കറക്കി സുമിത്രാമാം.

ഇനിയൊരു ആത്മപരിശോധനക്ക് സ്ഥാനമില്ല. വേണുഗോപാൽ നന്മ നിറഞ്ഞവനല്ലേ എന്നു ചോദിച്ചാൽ, തന്റെ സ്വാതന്ത്രവും മറ്റൊരാളുടെ നന്മയും തമ്മിൽ തട്ടിച്ചുനോക്കേണ്ടതില്ല എന്നാവും മറുപടി. എല്ലാം ഇട്ടെറിഞ്ഞു പറന്നുപോകാനൊരു കാരണം തരാമോയെന്നു ചോദിച്ചാലുത്തരമില്ല. തന്റെ ജീവിതം തന്നെയാണുത്തരം.താനനുഭവിച്ച വേദന, പിരിമുറുക്കം, ത്യാഗം, ആത്മാവിന്റെ ഞെരുക്കം..
.എന്തോ ഭാഗ്യം കോണ്ടാണ് സൂസനെ അഭിഭാഷകയായി കിട്ടിയത്. തന്നെ അറിയുന്നവൾ. മസ്കറ്റിൽ വച്ച് തന്റെ സഹപാഠി.

ഓരോ സിറ്റിംഗിനും ലക്ഷങ്ങൾ പ്രതിഫലം വാങ്ങി ഒരു കരിയറുണ്ടാക്കി ആണിന്റെ മുന്നിൽ നിവർന്നുനിന്നവൾ. പണച്ചാക്കുകളുടെ ഡിവോഴ്സ് പെറ്റിഷൻ വാഹക. എത്രയോ ബന്ധങ്ങൾ നിസ്സാരമായി പൊളിച്ചു വിട്ടിരിക്കുന്നു സൂസൻ. തന്റെ നൂറാമത്തെ ഡിവോഴ്സ് കേസിന് ആളെക്കിട്ടാൻ വലയും വിരിച്ച് കാത്തിരിക്കുമ്പോഴാണ് സഹപാഠിയും പണച്ചാക്കുമായ സുമിത്രാ വേണുഗോപാൽ പടികടന്നെത്തിയത്.

സ്റ്റാർ ബക്സിലെ സായാഹ്നങ്ങളിൽ, സൂസൻ ജോർജ്ജ്, സുമിത്രാ വേണുഗോപാലിന്റെ മനസ്സിൽ ഹാക്കിംഗ് നടത്തി, ആഴങ്ങളിലെ ബന്ധങ്ങളുടെ സോഫ്റ്റ് വെയർ കോഡിംഗിൽ തിരിമറികൾ നടത്തി. മനസ്സാക്ഷിയിൽ കുടിലതയാർന്നൊരു ഇന്റർസെപ്ഷൻ നടത്തുന്നതിൽ വിജയിച്ചു. തന്റെ ഇരയുടെ ചിന്തകളിൽ അന്തരാർത്ഥങ്ങൾ കൊണ്ട് കുത്തുകൾ വച്ചുകൊടുത്തു, മുറിപ്പെടുത്തി വേദനിപ്പിച്ചു. 

"ഹൗ റിഡിക്യുലസ് ഹീ ഈസ്...ഡോ. വേണുഗോപാൽ ഇങ്ങനെയോ?" 
അതിലൊരു "മി. ജോർജ്ജ് ഇങ്ങനെയല്ല" എന്ന ഭാവം ഒളിച്ചിരുന്നു.

"വേണു ഇങ്ങനെയൊന്നും ചെയ്യാറില്ലേ?"
ആ വാക്കുകളിൽ " മി. ജോർജ്ജ് ഇങ്ങനെയൊക്കെ ചെയ്യും" എന്നത് ഒളിച്ചിരുന്നു.

" ഓ മൈ ഗോഡ്! വേണുഗോപാൽ ഇങ്ങനെയൊക്കെ ചെയ്യുമോ?" 
എന്ന വാക്കുകളിൽ "മി. ജോർജ്ജ് വളരെ മാന്യനാണ്" എന്നതിന്റെ ശ്രുതിയുണ്ടായിരുന്നു.

"ജോർജ്ജ് ഇതല്ല. ജോർജ്ജേട്ടൻ ഇങ്ങനെയല്ല. ന്റെ ജോർജ്ജേട്ടൻ ഇങ്ങനയേ അല്ലാ!!" എന്നു പറഞ്ഞിടത്ത് ഡോ. വേണുഗോപാൽ എന്തോ അധികപ്പറ്റാണെന്നുള്ള അന്തരാർത്ഥങ്ങൾ കരകവിഞ്ഞൊഴുകി. 

തന്റെ ഭർത്താവിന്റെ കഴിഞ്ഞകാലങ്ങളിലെ സ്വയംഭോഗങ്ങളിൽ പോലും ആജ്ഞാശക്തിയുള്ളവളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, സുമിത്രാ മാമിനു മുൻപിൽ പ്രമാണങ്ങളേയും ചരിത്രത്തേയും നിരത്തി ന്യായവിസ്താരം നടത്തി സൂസൻ. സ്വാതന്ത്രപ്പറവകളേയും മനുസ്മൃതിയേയും കൊണ്ടുവന്ന് കീറിമുറിച്ചു കാട്ടി.

മറ്റൊരു സഹപാഠിയായിരുന്ന ഊർമ്മിളയെ വിളിച്ചപ്പോൾ,
" ഒന്നൂകൂടിയാലോചിച്ചിട്ടു പോരെ ഡിവോഴ്സ് നോട്ടീസ് കൊടുക്കലും മറ്റും? വേണുഗോപാൽ അങ്ങനെയൊരാളാണെന്ന് എനിക്കുതോന്നിയിട്ടില്ല. ഇപ്പോത്തന്നെ ആവശ്യത്തിന് സ്വാതന്ത്രം നിനക്കുണ്ട്. സത്യം പറയാല്ലോ സുമേ..വേണുഗോപാലിനെപ്പോലെ സുന്ദരനായ ഒരു കുലീനനെ നിനക്കു കിട്ടിയതിൽ ഏറെക്കാലമെനിക്ക് അസൂയയുണ്ടായിരുന്നൂട്ടോ.." 
എന്ന നിലപാടും.

തന്നെയാരും മനസ്സിലാക്കുന്നില്ലായെന്ന ചിന്തയായി സുമിത്രാ മാഡത്തിന്.
മരിക്കുന്നതിന് അമ്മയോട് കുറച്ചൊക്കെ സൂചിപ്പിച്ചിട്ടുണ്ട് സുമിത്രാ ജി.

"അച്ഛനെനിക്ക് ഒരു വർഷം കൂടി തന്നിരുന്നെങ്കിൽ എന്റെ ഭാഗധേയമെന്താകുമായിരുന്നുവെന്ന് അമ്മയ്ക്കറ്യോ? കുറഞ്ഞത് പത്ത് ബോളിവുഡ് പടത്തിലെങ്കിലും ഞാനുണ്ടാകുമായിരുന്നു"

സൂസൻ ആഗ്രഹിച്ചതുപോലെ വക്കീലായി. ഊർമ്മിള പ്രൊഫസറായി. ഞാനെന്തായി എന്നല്ല ഞാനെന്തായില്ല എന്നതാണർഹതപ്പെട്ട ചോദ്യം. വാങ്ങിക്കൂട്ടിയ സൗന്ദര്യറാണി പട്ടങ്ങളും മെഡലുകളും കിടന്നു തുരുമ്പു പിടിക്കുന്നു. നാട്ടിൽ വന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം മോഡലിംഗിലൊന്ന് ചുവടു പിടിച്ചു വന്നപ്പോളാണ് കല്യാണം തന്നെ അപഹരിച്ചുകൊണ്ടു പോയത്. ബോംബെയിൽ ജെ. ബി. പഥിക് പ്രൊഡക്ഷന്റെ ഒരു സ്ക്രിപ്റ്റ് കൈയിൽ വന്ന് സൈൻ ചെയ്യാനൊരുങ്ങുമ്പോൾ നാട്ടിൽ നിന്ന് വിളി വരുന്നു
" സുമൂ നീ എത്രയും പെട്ടെന്നിങ്ങ് വാ. അവർക്കു നിന്നെയൊന്ന് കാണണമെന്ന്. കല്യാണം കഴിഞ്ഞാലും നിനക്ക് കരിയർ ഡെവലപ്പ് ചെയ്യാല്ലോയെന്ന്"
ബോംബെക്ക് പോയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അച്ഛനോട് അമ്മയുടെ ആങ്ങള തെറ്റിദ്ധരിപ്പിച്ചിരിക്കണം.

"പൂത്തുനിന്ന ജീവിതാഭിലാഷങ്ങളെ നുള്ളിയടർത്തി കിട്ടിയൊരാളെക്കൊണ്ടൊരു താലി കഴുത്തിലിട്ടുതന്നപ്പോ സമാധാനമായി ല്ലേ അച്ഛാ?" എന്നൊരിക്കൽ അച്ഛനോടും ചോദിച്ചു.

കെട്ടിയ ആൾ എന്നെ പ്രണയിച്ചില്ലാ വാരിയെടുത്തില്ലാ ഉമ്മ വച്ചില്ലാ എന്നൊന്നും ഞാൻ പറയുന്നില്ല. ഞാനുമൊരു പെണ്ണല്ലേ? കുഞ്ഞുങ്ങളായപ്പോൾ മാതൃത്വം നുകരാതിരിക്കാൻ കഴിയുമോ? 
അവരുടെ കരച്ചിലുകളിൽ, രോഗങ്ങളിൽ, താരാട്ടുപാട്ടിൽ, കുഞ്ഞുടുപ്പുകളിൽ, ഉത്കണ്ഠയിൽ, പിന്നെയവരുടെ ഹോം വർക്കുകളിലൊക്കെയായി എന്റെ അഭിലാഷങ്ങൾ എന്നെന്നേക്കുമായി മാഞ്ഞുപോയി.
അല്ലാതെ ഞാനെന്തു വേണമായിരുന്നു? എന്റെ കുഞ്ഞുങ്ങളേയും വിട്ടെറിഞ്ഞ് കരിയർ ഡവലപ്മെന്റെന്നും പറഞ്ഞ് നടക്കണമായിരുന്നോ? കല്യാണനാൾ മുതൽ അമ്മായിയമ്മയെ നോക്കി കണ്ണുരുട്ടി കാണിക്കാതെ, കാർമേഘങ്ങളുരുണ്ടുകൂടാതെ, തുളസിച്ചെടിയേയും നട്ടു നനച്ച് , ഭർത്താവിനും വിളമ്പിക്കൊടുത്ത് ഒരു നിത്യ മൗനിയായതോ ഞാൻ ചെയ്ത തെറ്റ്?" 
അന്നുമുതൽ മുല്ലപ്പൂവും, കിടപ്പറയും, മനുസ്മൃതിയും, ശാങ്കരസ്മൃതിയും, സ്മാർത്തവിചാരങ്ങളുമാണ് ഞാൻ അനുഭവിക്കുകയും നേരിടുകയും ചെയ്യുന്നത്.
ഭർത്താവാണെങ്കിലെന്ത്? പുരുഷന്റെ പ്രതീകം തന്നെയല്ലേ?
എങ്ങനെയെങ്കിലുമൊന്ന് തളർന്നുറങ്ങിയാൽ മതിയെന്നും പറഞ്ഞ് കിടക്കുമ്പോൾ പുരുഷന്റെ അവകാശം സ്ഥാപിക്കലും ഉടലെഴുത്തും. ജീവന്റെ അവസാന തുള്ളിയേയും കടിച്ചു വലിച്ചാസ്വദിക്കാനുള്ള ആവേശത്തെക്കുറിച്ച് എല്ലാ പുരുഷവർഗ്ഗത്തിനും പറയാൻ കാണും എന്തെങ്കിലും കാരണവും ഒഴികഴിവുകളുമൊക്ക..
പിന്നെ ഞാനെന്തു ചെയ്യും? മരിച്ചാലോ എന്നു തോന്നിപ്പോയ ജീവിതം.
ഒരിക്കലൊരു മഴയത്ത്, തന്റെ പോഷെ കാർ റോഡരികിൽ പാർക്ക് ചെയ്ത് അകത്തിരുന്ന് ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട് സുമിത്രാ മാഡം.പെണ്ണിന്റെ ശരീരത്തെ പുരുഷന് അടക്കി ഭരിക്കാം. എന്നാലവളുടെ ഉൾചിന്തകളെ ഹൃദയവികാരങ്ങളുടെ ആഴക്കടലിനെ, ആത്മശക്തിയെ ഒന്നു സ്പർശിക്കാനെങ്കിലും അവന് സാധിക്കുമോ?

എന്നെയല്പമെങ്കിലും സ്വാതന്ത്രത്തിനു വിട്ടുകൂടായിരുന്നോ അച്ഛനും അമ്മക്കും? ബാലുമ്മാമ്മ പറഞ്ഞു നമ്മുടെ കുടുംബത്തിനു ചേർന്ന ഇങ്ങനെയൊരു ബന്ധമിനി കിട്ടില്ലത്രേയെന്ന്.. ഒഴികഴിവു പറഞ്ഞാലത് നിർഭാഗ്യമാണത്രേ..പണവും മഹിമയും. അവർ പാരമ്പര്യമായി കാർഡിയോളജിസ്റ്റുമാരാണത്രേ..അവർ ഹൃദയത്തിന്റെ മെക്കാനിക്കുകളാണ് പോലും.. അവരതാണ് പോലും...അവരിതാണ് പോലും.. അവരും കൈയിൽ ഹൃദയത്തെ പൊളിച്ചടുക്കാനുള്ള ടൂൾസുണ്ടുപോലും... ഫക്ക്!!
കണ്ണടയും മേശപ്പുറത്തേക്ക് വലിച്ചറിഞ്ഞ് സ്വയം പൊട്ടിത്തെറിച്ചിരുന്നു സുമിത്രാ വേണുഗോപാൽ.

തനിക്കെന്താണ് നഷ്ടപ്പെട്ടത്? എന്നതല്ല എന്തൊക്കെയാണിനി നഷ്ടപ്പെടാൻ ബാക്കിയുള്ളത്? എന്റെ ജീവിതാഭിലാഷങ്ങൾ, സ്വാതന്ത്ര്യം, നല്ല യൗവനം, ശരീരലാവണ്യം, മാസ്മരികവും നിഷ്കളങ്കവുമെന്ന് പലരും പുകഴ്ത്തിയ മന്ദസ്മിതങ്ങൾ എല്ലാം...
മുടിയഴകിൽ നരബാധിച്ചു തുടങ്ങിയപ്പോൾ, നിർവികാരതയോടെ വിങ്ങിപ്പൊട്ടിയ ഹൃദയവുമായി കണ്ണാടിയുടെ മുന്നിൽ നിന്നു. വെള്ളി മുടികളെ വെട്ടി നീക്കി യുദ്ധം ചെയ്തു നോക്കി. പിന്നെയും പിന്നെയും ആക്രമിക്കപ്പെട്ടപ്പോൾ സ്വയം പറഞ്ഞു, ' ലെറ്റ് ഇറ്റ് ബീ.. തോൽക്കുവാനും അടിച്ചമർത്തപ്പെടുവാനും ജനിച്ചവളാണല്ലോ ഞാൻ'.

കാറിനടുത്തേക്ക് നടന്നു പോകുമ്പോൾ, തൊട്ടടുത്ത പാർക്കിൽ, ഇന്ദ്രനീലക്കല്ലുകൾ വച്ച നുണപറച്ചിലുമായി, സമ്പന്നരും യുവതികളുമായ വീട്ടമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾ എന്തോ പ്രോഗ്രാം ചെയ്യുന്നത് മൊബൈലിൽ റിക്കോർഡ് ചെയ്യുകയാണ്. തന്റെ പിൻഗാമികൾ. നോട്ടമർഹിക്കാത്ത കാര്യങ്ങൾ എന്നു പറഞ്ഞതിനെ തള്ളിക്കളഞ്ഞു സുമിത്രാ മാഡം. പാർക്കിലെ യുവതികളുടെ യൗവ്വനത്തിലോ വേഷങ്ങളിലോ ഒന്നും അസൂയാലുവായില്ല അവർ. താനും ഷോർട്ട്സകർട്ടിലും ജീൻസിലുമൊക്കെ നടന്നിരുന്ന യൗവ്വനകാലം വെറുതേ ഓർമ്മിച്ചു. സാരിയാണ് തനിക്കഭികാമ്യം. കുറഞ്ഞ പക്ഷം ഒരു സോഷ്യൽ ലേഡി എന്ന നിലയിലും തന്നെ കരിയറിനുമതാണ് നല്ലത്. മറ്റു പരീക്ഷണങ്ങളൊക്കെ വിദേശത്തു പോകുമ്പോളോ നൈറ്റ് പാർട്ടിക്കു പോകുമ്പോളോ ആവാം.

നാൽപ്പതുകളുടെ തുടക്കത്തിൽ സാരിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു അവർ. കൂടെ മെറൂൺ നിറത്തിലുള്ള വലിയ പൊട്ടിനേയും. നീർമാതളപ്പൂക്കളേയും ആമിയേയുമെല്ലാം. മധുവിധു കാലത്ത് ഭർത്താവ് പറഞ്ഞിരുന്നൂലോ,
"ഒന്നിനോടും വിട പറയേണ്ടതില്ല. ഇതുവരെ എന്തൊക്കെയായിരുന്നുവോ അതെല്ലാം തുടരാം. എഴുത്തും വായനയുമാണെങ്കിലങ്ങനെ, പാട്ടും സംഗീതവുമാണെങ്കിലങ്ങനെ, ഫാഷനും അഭിനയവുമൊക്കെയാണങ്കിലങ്ങനെ"

മാധവിക്കുട്ടിയേയും അഷിതയേയുമെല്ലാം പലയാവർത്തി വായിച്ചു. ബാർബറാ കാർട്ടലാൻഡിന്റെ റൊമാൻസുകളും. എങ്കിലും എഴുത്ത് തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞു. ഭർത്താവിനേയുമാശ്രയിച്ച്, കുട്ടികളേയും പരിചരിച്ചങ്ങനെ വീട്ടമ്മയായി കഴിയുമ്പോൾ എവിടെ വച്ചാണ് പിന്നെ പരിവർത്തനങ്ങൾക്ക് തുടക്കമിട്ടത്?

അച്ഛനുമമ്മയുടേയും കാലശേഷം മുംബൈയിലും ലണ്ടനിലുമായിക്കിടന്ന ഫ്ളാറ്റുകളും മറ്റു സ്വത്തുക്കളും മസ്ക്കറ്റിലെ കമ്പനി ഷെയറും ഭാഗം ചെയ്യപ്പെട്ടു. നോക്കി നടത്തനാരുമില്ലാത്തതിനാൽ തന്റെ ഓഹരി ബാങ്കക്കൗണ്ടിലേക്ക് വന്നു. ഭാര്യയുടെ സ്വത്തിൽ കൈകടത്താൻ താൽപ്പര്യമില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ കൈയിലിരിക്കുന്ന കോടികൾ കൊണ്ടെന്തുചെയ്യണമെന്നറിയാതിരുന്നു വീട്ടമ്മ. 

ഒരു ദിവസം, കുട്ടിക്കാലത്ത് താലോലിച്ചിരുന്ന ഫാഷൻ ഡിസൈനിംഗ് തലപൊക്കി. 
'ലാവെൻഡർ ഫാഷൻ ആൻഡ് ആർട്ട് സ്റ്റുഡിയോ'.
പിന്നെ വച്ചടി വച്ചടി കയറ്റങ്ങൾ. വിപ്ലവങ്ങളുടെ ധാര. ജീവിതത്തിലേക്ക് പഴയ കൂട്ടുകാരി സൂസൻ പറന്നിറങ്ങി. പാർട്ടികൾ. പുതിയ സൗഹൃദങ്ങൾ, ലിപ്സ്റ്റിക്--ഫെമിനിസം, ലോകത്തെയെടുത്തങ്ങ് അമ്മാനമാടാം എന്ന തികഞ്ഞ ആത്മവിശ്വാസം. ഭാരതീയ സംസ്കൃതിയുടെ ഉള്ളറകളിൽ ചെന്ന് മനുസ്മൃതിയിലെ വരികളെ പെറുക്കിയെടുത്തുകൊണ്ട് വന്ന് തന്റെ ജീവിതത്തിൽ നിരത്തിവച്ചു സുമിത്രാജി. ഒരു നാൾ പരിഗണിക്കാൻ.

ഭർത്താവിനു ബെഡ് കോഫിക്കു പകരം അർത്ഥം വച്ചുള്ള വാക്കുകൾ കൊടുത്തു. ബ്രേക്ക്ഫാസ്റ്റിനു പകരം "ഇങ്ങനെയൊക്കെയേ പറ്റൂ" എന്ന ഭാവം വിളമ്പിക്കൊടുത്തു.

ലണ്ടനിൽ എം.ഡി ക്കു പഠിക്കുന്ന മകൻ നവനീതിനോട് ഡിവോഴ്സ് പെറ്റിഷനെപ്പറ്റി പറഞ്ഞപ്പോൾ 
" ആർ യൂ ക്രേസി മമ്മാ?!!" 
എന്ന മറുപടിയാണ് കിട്ടിയത്.

പെറ്റിഷൻ ഫയൽ ചെയ്തു. കുടുംബകോടതിയിലും കൗൺസിലറുടെ ചേംബറിലും, ചെക്ക് പറഞ്ഞ്, ആസന്നമായിരിക്കുന്ന വിജയത്തെ ഏറ്റുവാങ്ങാൻ, എന്തിനുംപോന്ന ആത്മവിശ്വാസമുള്ള ഒരു ചെസ്സ് കളിക്കാരിയെപ്പോലെയിരുന്നു സുമിത്രാ മാഡം. ഓരോ സിറ്റിംഗിലും ജസ്റ്റിസ് ശാരദാ കമ്മത്ത് ചോദിക്കുകയായിരുന്നു,
"എന്ത്കൊണ്ട് നിങ്ങൾക്കൊരു ആഫ്റ്റർതോട്ട് സാദ്ധ്യമല്ല. ജീവിച്ചു തുടങ്ങിയ കുട്ടികളൊന്നുമല്ലല്ലോ വാശിപിടിക്കാൻ. വിദ്യാസമ്പന്നർ, സമൂഹത്തിൽ ഉയർന്ന പദവിയിലിരിക്കുന്നവർ, പക്വത വന്നവർ, പൊതു ജനങ്ങൾക്ക് ദാമ്പത്യജീവിതത്തിൽ മോഡലാകേണ്ടവർ. എന്തിനു വെറുതെ നിങ്ങൾ പിരിയുന്നു?"

ദേഷ്യം പിടിച്ച്, ജുഡീഷ്യറിക്ക് ഒരു പെണ്ണിന്റെ സ്വകാര്യ ജീവിതത്തിലെന്ത് കാര്യം എന്നൊരു ചോദ്യവും മനസ്സിലെറിഞ്ഞുകൊണ്ട് നിശബ്ദയായിരുന്നു മാഡം.

എന്നാൽ പിരിയുന്നതിനെക്കുറിച്ചല്ല തന്റെ കക്ഷിക്കു കിട്ടേണ്ട കോടികളുടെ നഷ്ടപരിഹാരത്തെക്കുറിച്ചാണ് സൂസൻ ജോർജ്ജ് കലപിലാന്ന് വാദിച്ചത്.

"ഞാനാരുടെയും സ്വാതന്ത്രമപഹരിച്ചിട്ടില്ല. ആരും അത്ര ബദ്ധപ്പെട്ട് കൂടെ പൊറുക്കണമെന്നുമില്ല. ഉഭയകക്ഷി സമ്മതമാണവശ്യമെങ്കിലാവാം. ഒരു വിരോധവുമില്ല" ഭർത്താവ് പറഞ്ഞു.

കോടതി വിധി കൈയ്യിൽ കിട്ടുമ്പോൾ, തന്റെ നൂറാമത്തെ പൊൻതൂവലിനോടനുബന്ധിച്ച് താജ് ഹോട്ടലിൽ നടത്തുന്ന പാർട്ടിയിൽ ഷാംപെയിൻ ബോട്ടിൽ പൊട്ടുന്നത് സ്വപ്നം കാണുകയായിരുന്നു സൂസൻ ജോർജ്ജ്. താലിയും പൊട്ടിച്ചെറിഞ്ഞ് ലോകം കീഴടക്കി ജൈത്രയാത്ര തുടങ്ങിയപ്പോൾ എന്തായിരിക്കും കഥാനായിക ചിന്തിച്ചത്?

എന്തായാലും തകർന്ന ഹൃദയവുമായി കോടതിയങ്കണത്തിൽ, ഇതുവരെ കൂടെയുണ്ടായിരുന്നവൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങിപോകുന്നത് മനസ്സിലൊരു ചോദ്യത്തോടെ നോക്കി നിന്നു ഡോ. വേണുഗോപാൽ,
" ഇത്രയും കാലം നിന്റെ ഹൃദയം സൂക്ഷിച്ചിരുന്ന എന്നെയൊന്ന് തിരിഞ്ഞു നോക്കുകയെങ്കിലും ചെയ്തൂടെ സുമു നിനക്ക്?" 

ഡിവോഴ്സ് ജഡ്ജ്മെന്റ് പിൻ സീറ്റിലേക്ക് വലിച്ചെറിഞ്ഞ് സുമിത്ര മാഡം തന്റെ ആഡംബര കാറിൽ യാത്ര തുടർന്നു.

"യഥാർത്ഥത്തിൽ താനെന്തിനാണ് വേണുഗോപാലിനെ ഡിവോഴ്സ് ചെയ്തത്? 

ഉത്തരമില്ല.

"താനാഗ്രഹിച്ചിരുന്ന സ്വാതന്ത്രം കൈയ്ക്കുള്ളിലാക്കിയോ?

ഉത്തരമില്ല. 

"ഇനിയെങ്ങോട്ടാണ് യാത്ര?"

അതിനുമുത്തരമില്ല. 

സ്റ്റാർ ബക്സ് കഫേയുടെ മൂന്നാമത്തെ നിലയിൽ , കൈയ്യിലൊരു കോഫി കപ്പും പിടിച്ചുകൊണ്ട്, കണ്ണാടി ചുമരുകളിലൂടെ അബംരചുംബികളെ നോക്കി ചിന്തയിലാണ്ടിരിക്കൂകയാണ് സുമിത്രാ ജി. ഓർക്കാപ്പുറത്ത് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണുണർന്നത്.

"ഹബ്ബി കാളിംഗ്!!"

"ഡാർലിംഗ് എവിടെയാ?"

"ഞാൻ സ്റ്റാർ ബക്സിൽ . ആസ് യൂഷ്വൽ. സ്റ്റുഡിയോയിൽ നിന്ന് നേരെയിങ്ങ് പോന്നു"

"എന്താ പരിപാടി?"

"ഒന്നും പറയണ്ടെന്റെ വേണുവേട്ടാ..ഒരു കോഫിയുടെ പുറത്ത് ഞാനെന്തൊക്കെയോ ചിന്തിച്ചു കൂട്ടി. നമ്മൾ പിരിഞ്ഞു താമസിക്കുന്നുവെന്നും പിന്നെ ഡിവോഴ്സ് ചെയ്യുന്നു എന്നുമൊക്കെ. ആ പാവം സൂസൻ കഥയിലെ വില്ലത്തിയായി"

"കൊള്ളാല്ലോ.. റിയലി ഇന്ററെസ്റ്റിംഗ്!"

"എന്നാലുമെന്റെ വേണുവേട്ടാ എന്റെ ചിന്തകളിലെല്ലാം നിങ്ങൾ തണുത്തുറഞ്ഞ് പ്രതികാരശേഷിയില്ലാത്തയാളാവുന്നുവല്ലോ.."

ഹ ഹ വാട്ട് കാൻ ഐ ഡൂ ഡിയർ. ആട്ടെ എന്നിട്ടെന്തായി?"

"എന്താവാൻ.. വാ പറയാം. പെട്ടെന്ന് വന്നാൽ എന്റെ വക ഒരു കൊച്ച് ട്രീറ്റ്"

"ദാറ്റ് സൗണ്ട്സ് ഗുഡ്. ദാ എത്തി"

കാൾ എൻഡെഡ്. ഹബ്ബി.
ന്റെ വേണൂട്ടൻ. ചക്കര പഞ്ചാര..ഉമ്മാ!!

ഞാൻ ആദ്യമേ പറഞ്ഞുവല്ലോ, ചിലപ്പോൾ വിപ്ലവം കോഫികപ്പിനുള്ളിലും ചിന്തകളിലും മാത്രമായിരിക്കുമെന്ന്..