ബീജം
പ്രസവ മുറിയുടെ മുന്നിൽ പ്രസാദ് ടെൻഷനടിച്ചങ്ങനെ നിൽകുമ്പോളാണ് സിസ്റ്റർ വാതിൽ തുറന്നു ചിരിച്ച മുഖത്തോടെ പറഞ്ഞത്,
"പ്രസാദ് ..ടെൻഷൻ വേണ്ട ആൺകുട്ടിയാണ് "
കുറച്ചു കഴിഞ്ഞു കുഞ്ഞിനെ കണ്ടപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു . ഇങ്ങനെ സ്വന്തം കുഞ്ഞിനെ ആദ്യമായി കണ്ടു കരഞ്ഞതിനു ആരെയോ കളിയാക്കിയത് അവന്റെ മനസ്സിൽ മിന്നി മറഞ്ഞു .
സന്തോഷം പങ്കിടാനായി അവൻ കുറെ ചോക്‌ളേറ്റും ലഡുവും ആയി എല്ലാ നഴ്സിംഗ് സ്റ്റേഷനുകളും കയറി ഇറങ്ങി . പണ്ടവിടെ ലാബ് ടെക്നോളോജിസ്റ് ആയി വർക്ക് ചെയ്യുമ്പോൾ എല്ലാവരേയും നല്ല പരിചയമായിരുന്നു. പക്ഷെ ഇപ്പോൾ അറിയാവുന്ന ഒന്നു രണ്ടു പേരെയുള്ളു. എല്ലാം പുതിയ ആൾക്കാരാണ് .ഹാ ഏഴെട്ടു കൊല്ലമായില്ലേ ...ഇപ്പോൾ ന്യൂസിലാൻഡിൽ ആണ് അവനും അവന്റെ ഭാര്യ ദിവ്യയും ..ഇവിടുത്തെ ജോലി വിട്ടിറങ്ങിയപ്പോൾ നേരെ പോയത് ന്യൂസിലാണ്ടിലേക്കായിരുന്നു അവിടെ ഒന്ന് രണ്ടു സീനിയേഴ്സുണ്ടായിരുന്നു .കുറെ കടമ്പകൾ കടന്നവസാനം ഇപ്പോളാണ് ഒന്ന് സെറ്റിൽ ആയത് .അവിടെ വച്ച് തന്നെയാണ് ദിവ്യയെയും കണ്ടത് .നല്ല സുഹൃത്തുക്കളായി മാറി അവർ.
രണ്ടുപേരുടെയും വീടുകളിൽ കല്യാണോലചന തകൃതിയായി നടക്കുന്നതിനിടയിലാണ് അവരങ്ങ് തീരുമാനിച്ചത്, എന്തിനായിങ്ങനെ റിസ്ക് എടുക്കുന്നത്, നമുക്കങ്ങ് കെട്ടിക്കൂടെയെന്ന്.
പരസ്പരമൊരു ജീവിതം തുടങ്ങുന്നതിനെക്കുറിച്ചാദ്യം
ചോദിച്ചത് അവനായിരുന്നു .അവളാണെങ്കിൽ അത് പ്രതീക്ഷിച്ചു ഇരിയ്ക്കുകയുമായിരുന്നു .ആ ചോദ്യം കേട്ടതും അവൾ കരഞ്ഞു കൊണ്ടവനെ കെട്ടിപ്പിടിച്ചു, ഇത് ചോദിയ്ക്കാൻ എന്തിനാ ഇത്രയും നാളെടുത്തത് എന്ന ഒരു പരിഭവവത്തോടെ.
ജാതക പ്രകാരം രണ്ടാളും പിരിയും എന്നാണ്. പക്ഷെ അവരതൊന്നും കൂട്ടാക്കിയില്ല. എതിർത്താൽ വീട്ടിലേക്കു ചെലവിനൊന്നും കിട്ടില്ല എന്ന് മനസ്സിലായതോടെ കാർന്നോന്മാരെല്ലാം പുരോഗമന വാദികൾ ആയി .അല്ലെങ്കിൽത്തന്നെ ഇപ്പോളെന്ത് ജാതകം.. എല്ലാം മനസ്സിന്റെ പൊരുത്തമല്ലേ എന്നായി ബന്ധുക്കൾ .
കല്യാണം കഴിഞ്ഞപ്പോൾ തന്നെ രണ്ടാളും തിരിച്ചു ന്യൂസിലാൻഡിലേക്ക് പോയി .നീണ്ട രണ്ടു വർഷത്തെ ദാമ്പത്യത്തിൽ നിന്നും അവർക്കു ഒരു കാര്യം മനസ്സിലായി . തമ്മിൽ പിരിയാൻ ഒരിയ്ക്കലും അവർക്കാകില്ല .ദൈവമായിട്ടു കൂട്ടിച്ചേർത്തപോലെ ഉള്ള ഒരു ബന്ധമായിരുന്നു അവരുടേത് . മേയ്ഡ് ഫോർ ഈച്ച് അദർ എന്നൊക്കെ പറയാം .
അവൻ ലഡു വിതരണം നടത്തുന്നതിനിടയിൽ പരിചയമുള്ള ഒരു നഴ്സിനെ കണ്ടുമുട്ടി . അവർ വർഷങ്ങളായി അവിടെ ഉള്ളവരാണ്.
" അന്നമ്മ ചേട്ടത്തിയെ..! എന്നെ അറിയുവോ ?"
അവർ ആദ്യം ഒന്ന് സൂക്ഷിച്ചു നോക്കിയെങ്കിലും പിന്നെയാളെ പിടികിട്ടി .അങ്ങനെ വിശേഷം ഒക്കെ പറഞ്ഞ ശേഷം പിരിഞ്ഞു.
ഒരു ദിവസം ദിവ്യയും പ്രസാദും ഒറ്റയ്ക്കു ഇരിയ്കുമ്പോളാണ് അന്നമ്മ ചേട്ടത്തി വീണ്ടും വരുന്നത് .കുഞ്ഞിനെ കണ്ട ശേഷം .ദിവ്യയോടും എന്തോ കുശലം പറഞ്ഞു .
പഴയ ആളുകളൊക്കെ ഇപ്പോൾ എവിടാ എന്ന് അന്വേഷിയ്ക്കുമ്പോളാണ് ആനി യുടെ കാര്യം അവൻ ചോദിച്ചത് .അവർ പറഞ്ഞത് കേട്ടവൻ ഞെട്ടിപ്പോയി . ആനിയും ഹസ്ബൻഡും ആറു മാസം മുൻപ് ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു പോലും . അവളുടെ ആറ് വയസ്സുള്ള മോള് മാത്രം രക്ഷ പെട്ടു .
ആനി സിസ്റ്റർ, അവൻ അവിടെ ജോയിൻ ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു നഴ്‌സായിരുന്നു .അപ്പോളൊരു ഇരുപത്തഞ്ച് വയസ്സ് പ്രായം കാണും .കാണാൻ നല്ല ഓമനത്തം തുളുമ്പുന്ന മുഖം. എപ്പോൾ കണ്ടാലും മുഖത്ത് ഒരു പുഞ്ചിരിയുണ്ടാകും .
ഒരിയ്ക്കൽ ഈവനിംഗ് ഡ്യുട്ടി യിൽ അവൻ ഒറ്റയ്ക്കുള്ളപ്പോൾ ആനി സിസ്റ്റർ അവന്റെ അടുത്ത് വന്നു .എന്നിട്ടു ഒട്ടും ചമ്മൽ ഇല്ലാതെ ഒരു ബോട്ടിൽ എന്റെ നേരെ നീട്ടിയിട്ടു പറഞ്ഞു .ഇത് ഹസ്ബന്റിൻറെ സെമെൻ സാമ്പിൾ ആണ് .സെമെൻ അനാലിസിസ് ചെയ്യണം . അവനാദ്യമൊരു ചമ്മൽ തോന്നിയെങ്കിലും പുറത്തു കാട്ടാതെ അത് വാങ്ങി വെച്ചു. .ടെസ്‌റ്റിന്റെ റിപ്പോർട്ടിനായി വന്നപ്പോൾ അവരുടെ മുഖത്ത് അവൻ ആദ്യമായി ഒരാശങ്ക നിഴലിച്ചതു ശ്രദ്ധിച്ചു .അവൻ മടിയോടു കൂടി റിപ്പോർട്ട് കൊടുത്തു .അത് വേഗം തുറന്നു നോക്കിയ ആനി സിസ്റ്ററിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി . ആകെ വല്ലാതായ അവൻ അവരെ സമാധാനിപ്പിയ്ക്കാനായി പറഞ്ഞു ,
"അയ്യേ ചേച്ചി എന്തിനാ കരയുന്നത് .കൗണ്ട് കുറച്ചു കുറവുണ്ടെന്നല്ലേയുള്ളു? .എന്ന് കരുതി സാധ്യത ഇല്ല എന്ന് അർത്ഥമില്ലല്ലോ""പ്രസാദ് ..ഞാനും ഒരു നഴ്സ് ആണ് . അസൂസ് പെർമിയ എന്താന്നെന്ന് എനിക്ക് മനസ്സിലാകും .പറ്റുമെങ്കിൽ നീ എനിക്കൊരു നോർമൽ റിപ്പോർട്ട് തരുമോ?"
അവൻ ആകെ കൺഫ്യൂഷനിൽ ആയി.
" അത് പ്രശ്നമാകും ,വേറെ എവിടെ യെങ്കിലും ചെക്ക് ചെയ്താൽ"
അവൻ പറഞ്ഞു.
"ഇല്ല ഞാനല്ലേ പറയുന്നത് .പ്ലീസ് എന്റെ ജീവിത പ്രശ്നമാണ് .എന്റെ ഹസ്ബന്റ് ഇതറിഞ്ഞാൽ മാനസികമായി തളരും"
അവരുടെ കണ്ണീരിനു മുൻപിൽ പിടിച്ചു നിൽക്കാനാകാതെ അവനവർക്ക് ഒരു നോർമൽ റിപ്പോർട്ട് കൊടുത്തു .
"ഇത് പ്രസാദ് ആരോടും പറയരുത്. നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി പ്ലീസ്" .എന്ന് മാത്രം പറഞ്ഞ് അവർ പോയി .
അടുത്ത വെള്ളമടി വേളയിൽ അവൻ അവന്റെ ആത്മാർത്ഥ സുഹൃത്തിനോട് ആ സംഭവം വിവരിച്ചു .കൂടെ ഒരു ചോദ്യവും. ഇനി അവർ ഇൻഡൈറക്ടായി എന്റെ സഹായം വല്ലതും ചോദിച്ചതാകുമോ ?
അവനപ്പോൾ തന്നെ അവന്റെ സംശയം മാറ്റി കൊടുത്തു . ആനി സിസ്റ്ററിന്റെ മുഴുവൻ ഹിസ്റ്ററിയും അവൻ വിവരിച്ചു .അവനു ആ പ്രദേശത്തുള്ള കാണാൻ കൊള്ളാവുന്ന എല്ലാ പെണ്ണുങ്ങളുടെയും ഹിസ്റ്ററി അറിയാം .
നിസാർ എന്നൊരു ചെറുപ്പക്കാരൻ, അവന്റെ സുഹൃത്തു മനീഷിന്റെ കാലൊടിഞ്ഞു ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ കൂടെ നിൽക്കാൻ വന്നതാണ് .അവിടെ നഴ്സിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നതാകട്ടെ നമ്മുടെ ആനി സിസ്റ്ററും .അയാളുടെ കാലിലെ മുറിവ് മാറി പോയപ്പോൾ നഴ്സിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ആനി സിസ്റ്ററിന്റെയും നിസാറിന്റെയും മനസ്സിൽ ഒരു ചെറിയ വിരഹത്തിന്റെ മുറിവ് ഉണ്ടായി .ഒരാഴ്ച്ച കാലയളവിൽ അവരുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടിരുന്നു.
അതങ്ങനെ പടർന്നു പന്തലിച്ചു ആനിയുടെ വീട്ടിലറിഞ്ഞാകെ പ്രശ്നമായി .ഈ നിസ്സാറിനു സ്വന്തക്കാരായി ആരുമുണ്ടായിരുന്നില്ല. അകെ ഉള്ളത് അവന്റെ ബാപ്പയുടെ ഉമ്മ മാത്രമായിരുന്നു . അങ്ങനെ അവർ ഒളിച്ചോടാൻ തീരുമാനിച്ചു .പക്ഷെ അതിനു മുൻപ് തന്നെ ഒരു ബൈക്ക് ആക്സിഡന്റിൽ നട്ടെല്ലിന് ക്ഷതം പറ്റി അവൻ കിടപ്പിൽ ആവുകയും ചെയ്തു .
അവൾക്ക് വേറെ വിവാഹവും ആലോചിച്ചുറപ്പിച്ചു .പക്ഷെ അവൾക്കു അവനില്ലാതെ ഉള്ള ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. .നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ ഒരാളുടെ കൂടെ ജീവിയ്ക്കാൻ ഇറങ്ങുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എല്ലാം മനസ്സിലാക്കി കൊണ്ട് തന്നെ അവൾ അവന്റെ കൂടെ ജീവിയ്ക്കാൻ തീരുമാനിച്ചു സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോയി .
വീട്ടുകാർ അവർക്കേറ്റ നാണക്കേട് കൊണ്ട് അവളെ മനസ്സിൽ നിന്നുവരെ പടിയടച്ചു പിണ്ഡം വെച്ചു .
ഇത്രയും സ്റ്റോറി കേട്ടപ്പോൾ തന്നെ പ്രസാദിന് ആനി സിസ്റ്ററിനോട് ഭയങ്കര ബഹുമാനം തോന്നി .എങ്ങനെ ആൺപിള്ളാരെ വഞ്ചിക്കണമെന്നും പറഞ്ഞു നടക്കുന്ന പെൺകുട്ടികൾ ഉള്ള ഈ കാലത്തു ഒരു അത്ഭുതമാണ് ആനി സിസ്റ്റർ എന്നവനു തോന്നി .
അന്നമ്മ സിസ്റ്റർ പോയപ്പോൾ മുതൽ പ്രസാദിന്റെ മുഖത്തെ മ്ലാനത ദിവ്യ ശ്രദ്ധിച്ചു .അവൾ ചോദിച്ചു
"ആരാ ഈ ആനി സിസ്റ്റർ?"
അവൻ അവരുടെ പ്രണയ കഥ അവളോട് പറഞ്ഞു , ആനി സിസ്റ്റർ ഒരിയ്ക്കലും ആരോടും പറയരുത് എന്ന് അവനോടു പറഞ്ഞിരുന്ന കാര്യം ഒഴികെ .എല്ലാം കേട്ടപ്പോൾ ദിവ്യക്കും സങ്കടമായി
"കഷ്ടമായി പോയി അല്ലെ ? "
അവൾ പറഞ്ഞു.
"ഹ്ങും"
അവൻ ഒന്ന് മൂളി .
അവനെ എന്തൊക്കെയോ ചിന്തകൾ വേട്ടയാടി .വീട്ടിൽ പോയി വരാമെന്ന് ദിവ്യയോട് പറഞ്ഞു അവനിറങ്ങി . മൊബൈൽ എടുത്തു ഓസ്‌ട്രേലിയയിലുള്ള അവന്റെ കസിനെ വിളിച്ചു .
അവനു നാട്ടിലിപ്പോഴും നല്ല ഹോൾഡ് ആണ് .ആനി സിസ്റ്ററിന്റെ ഭർത്താവ് നിസാറിന്റെ വീട് ചോദിച്ചപ്പോൾ അവൻ കൃത്യമായി പറഞ്ഞു കൊടുത്തു .എന്തിനാണെന്ന് ചോദിച്ചപ്പോൾ പ്രസാദ് വെറുതെ എന്ന് മാത്രം ഉത്തരം നൽകി .
അങ്ങനെ അവൻ അവിടെയെത്തി. അവിടെയാരും ഉണ്ടായിരുന്നില്ല .അയൽ വീട്ടുകാരോട് തിരക്കി. അവർ പറഞ്ഞു നിസാറിൻറെ ഉമ്മ രണ്ടു വര്ഷം മുൻപ് മരിച്ചെന്ന്.. അവൻ കുട്ടിയെപ്പറ്റി തിരക്കി .കുട്ടി ഇപ്പോൾ ഒരു യത്തീം ഖാനയിലാണെന്ന് അവർ പറഞ്ഞു . ഇറങ്ങാൻ നേരം അവളുടെ പേര് എന്താണ് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു "ഫാത്തിമ ".
അങ്ങനെ യത്തീം ഖാനയിൽ എത്തി നിസാറിന്റെ സുഹൃത്ത് ആണെന്ന് സ്വയം പരിചയപ്പെടുത്തി. ഉസ്താദിനോട് ഫാത്തി മായെ ഒന്ന് കാണണം എന്ന് പറഞ്ഞു .അദ്ദേഹം ഇരിയ്ക്കാൻ പറഞ്ഞിട്ട് ഫാത്തിമയെ വിളിപ്പിച്ചു .എന്തോ അവന്റെ ഹൃദയമിടിപ്പ് കൂടി .പ്രസവ മുറിയുടെ മുൻപിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അതെ വികാരം . തലയിൽ ഹിജാബ് ചുറ്റിയ കുഞ്ഞു ഫാത്തിമ കർട്ടന്റെ മറവിൽ നാണിച്ചു നില്കുന്നത് അവൻ കണ്ടു .കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളു തേങ്ങി .അവൻ അറിയാതെ രണ്ടു തുള്ളി കണ്ണീർ കണ്ണിൽ നിന്നും ഇറ്റു വീണു .അവൻ അവളെ വിളിച്ചു .
"ഇങ്ങു വാ .."
പോക്കറ്റിൽ നിന്നും ചോക്ലറ്റ് കാട്ടി അവളെ വിളിച്ചു .അവൾ വന്നില്ല .പിന്നെ അവൻ അവളുടെയടുത്ത് പോയി അവളെ വാരിയെടുത്തു .അവൾ നിഷ്കളങ്കമായി നാണത്തോടെ പുഞ്ചിരിച്ചു .
തിരിച്ചു പോരുമ്പോൾ അവളെ വിട്ടിട്ടു വരാനുള്ള മനസ്സ് അവനുണ്ടായിരുന്നില്ല .എങ്കിലും എന്തോ നിശ്ചയിച്ചുറച്ചാണ് അവൻ അവിടെ നിന്നും പോന്നത്. .അവന്റെ മനസ്സിൽ ചില ഓർമ്മകൾ കടന്നു പോയി .
ഒരിയ്ക്കൽ അവൻ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന അതെ ബസിൽ ആനി സിസ്റ്ററും ഉണ്ടായിരുന്നു. ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ സിസ്റ്റർ അവന്റെ കൂടെ ഇരുന്നു .ഓരോ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ അവൻ പറഞ്ഞു,
" ചേച്ചിയുടെ കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു .ചേച്ചിയെ സമ്മതിയ്ക്കണം.. ഓരോ പെണ്ണുങ്ങൾ സ്നേഹിച്ചവരെ വഞ്ചിയ്ക്കുന്ന ഇക്കാലത്ത്.."
ആനി സിസ്റ്റർ ഒന്ന് പുഞ്ചിരിച്ചു .
"ഈ പുകഴ്ത്തലുകളൊക്കെ ഞാൻ കുറെ കേട്ടതാണ് പക്ഷെ അതിനും അപ്പുറമാണ് ചില അനുഭവങ്ങൾ"
അവർക്കു എന്തോ ഒരു വിഷമം ഉള്ളത് പോലെ അവനു തോന്നി .
"അതെന്താ അങ്ങനെ പറഞ്ഞത് ?"
അവൻ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവർ പറഞ്ഞു .
" എല്ലാ കുറവുകളും മനസ്സിലാക്കിയാണ് ഞാൻ ഇക്കയുടെ കൂടെ ജീവിയ്ക്കാൻ തീരുമാനിച്ചത് .പക്ഷെ കുറവുകൾ ഒന്നും ഇല്ല എന്ന് കാണിയ്ക്കാൻ ഇക്ക കാട്ടി കൂട്ടുന്നതൊക്കെ കാണുമ്പൊൾ ഞാൻ സ്നേഹിച്ച ആളെ അല്ല എന്ന് എനിയ്ക്കു ചിലപ്പോൾ തോന്നും"
കരച്ചിലിന്റെ വക്കോളമെത്തിയ അവരെ ബാക്കി പറയാൻ അവൻ പ്രോത്സാഹിപ്പിച്ചില്ല .
"നമുക്ക് ആ കുട്ടിയെ ദത്തെടുത്താലോ?"
ഇത് ചോദിച്ചപ്പോൾ .ദിവ്യയുടെ മുഖത്ത് നിന്നും പ്രസാദ് പ്രതീക്ഷിച്ച ഒരു ഭാവമാറ്റമായിരുന്നില്ല കണ്ടത്. അവൾക്കെതിർപ്പായിരുന്നു .
"ആ കുട്ടിയെ ദത്തെടുക്കാൻ മാത്രം എന്ത് വൈകാരിക ബന്ധമാണ് ആ കുട്ടിയുമായുള്ളതു .എന്നോട് പോലും പറയാതെ എന്തിനു ആ കുട്ടിയെ അന്വേഷിച്ചു പോയി ? ഇങ്ങനെയൊരു കൂട്ടുകാരി ഉള്ളതായി പോലും പറഞ്ഞിട്ടില്ല . സത്യം പറ നിങ്ങളും അവരുമായി വല്ല ബന്ധവും ഉണ്ടായിരുന്നോ? നിങ്ങളിൽ ആ പിഴച്ചവൾക്കു ഉണ്ടായതാണോ ആ കുട്ടി ..!!!"
ആ ചോദ്യത്തിന് മുന്നിൽ അവനു ദേഷ്യം വന്നു അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു .മരിച്ചു പോയവരെ കുറിച്ച് മോശം പറയരുത് എന്നും കൂടി പറഞ്ഞു .
അവൾക്കു അത് താങ്ങാനാവുന്നതിലും വലിയൊരു ഷോക്കായിരുന്നു . ഇത്രയും സ്നേഹത്തിലായിരുന്ന അവർ തമ്മിൽ ഇത് വരെ ഒരു ചെറിയ വഴക്കു പോലും ഉണ്ടായിട്ടില്ല . ഇതിപ്പോൾ തല്ലു വരെ ആയി .
ദിവ്യ ഡിസ്ചാർജ് ആയി അവളുടെ വീട്ടിലേക്കാണ് പോയത്. അവളെ തല്ലിയതിൽ അവനു നല്ല മനസ്താപം ഉണ്ടായിരുന്നു .അതെ സമയം അവനെ മനസ്സിലാക്കാൻ അവൾ ശ്രമിയ്ക്കുന്നില്ല എന്ന അമർഷവും .
ഫാത്തിമ യുടെ മുഖം അവന്റെ മനസ്സിൽ നിന്നും മായാതെ നിന്നു.
അവൻ ഉസ്താദിനെ കണ്ടു സംസാരിച്ചു .അവളെ ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു ,
"മതം ഒരു പ്രശ്നമാണ് .അന്യ മതസ്ഥർക്ക് കുട്ടിയെ കൈമാറാൻ ഒരു പക്ഷെ മഹൽ അനുവദിയ്ക്കില്ല"
കുട്ടിയുടെ അമ്മ ഹിന്ദു ആയിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഉസ്താദ് പറഞ്ഞു അവർ മതം മാറിയിരുന്നു അത് കൊണ്ടാണ് അവരെ പള്ളിയിൽ അടക്കിയതെന്ന് ..അവനു ആകെ ദേഷ്യവും സങ്കടവും വന്നു .നിയമ പരമായി മുന്നോട്ടു പോയാൽ വല്ലതും നടക്കുമോ എന്ന ചോദ്യത്തിന് .സാധ്യത ഇല്ല എന്ന ഉത്തരമാണ് ഉസ്താദ് കൊടുത്ത് .പക്ഷെ അവൻ പിന്മാറിയില്ല അവൻ ഒരു നല്ല വക്കീലിനെ പോയി കണ്ടു .അയാളോട് എല്ലാം തുറന്നു പറഞ്ഞു. . അയാൾ കേസ് ഏറ്റെടുത്തു. അങ്ങനെ ഇരിയ്കുമ്പോൾ അവനെ തേടി ഒരു ഡിവോഴ്സ് പെറ്റീഷൻ വന്നു .അവൻ ദിവ്യയെ പോയി കണ്ടു .ദത്തു എടുക്കുന്ന തീരുമാനത്തിന് മാറ്റമില്ലെങ്കിൽ അവളുടെ തീരുമാനത്തിനും മാറ്റം ഇല്ല എന്നതായിരുന്നു അവളുടെ നിലപാട് . പക്ഷെ അവൻ അവളോട് ഒരു സഹായം മാത്രം അഭ്യർത്ഥിച്ചു. ഡിവോഴ്സ് ആയാൽ ചിലപ്പോൾ അവനു ദത്തെടുക്കാനുള്ള സാധ്യത ഇല്ലാതാകും അത് കൊണ്ട് ദത്തു എടുത്തതിനു ശേഷം ഡിവോഴ്സ് ഒപ്പിടാം .അവന്റെ ആ അഭ്യർത്ഥന അവളെ വളരെ വേദനിപ്പിച്ചെങ്കിലും അവൾ സമ്മതിച്ചു . പക്ഷെ കോടതി ആണ് അവനു ദത്ത് അനുവദിയ്ക്കേണ്ടത് .അവന്റെ കേസ് വിളിയ്ക്കുന്ന അന്ന് .ദിവ്യയും വന്നിരുന്നു . കോടതിയിൽ ജഡ്ജി പറഞ്ഞു നിയമ പരമായി നിങ്ങൾക്കു ഈ ദത്തു അനുവദിയ്ക്കാൻ പറ്റില്ല .വേറെ എന്തെങ്കിലും നിങ്ങൾക്കു പറയാൻ ഉണ്ടോ ?.
കുറച്ചു നേരം ആലോചിച്ചിട്ട് അവൻ ചില കാര്യങ്ങൾ പറഞ്ഞു ..
ഒരിയ്ക്കൽ ലാബിൽ അവൻ തനിച്ചുള്ളപ്പോൾ ആനി സിസ്റ്റർ വന്നു .എന്നിട്ടു ചോദിച്ചു
" നീ എനിയ്ക്കൊരു ഉപകാരം ചെയ്യുമോ"
അവൻ കാശിനു നല്ല ഞെരുക്കത്തിൽ ആയതിനാൽ പറഞ്ഞു,
" അയ്യോ ചേച്ചി കാശു മാത്രം ചോദിയ്ക്കരുത്"
"അതല്ല പൊട്ടാ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ "
"ചേച്ചി കാര്യം പറയ്"
" നീ തന്ന റിപ്പോർട്ട് പ്രകാരം ഡോക്ടർ എനിയ്ക്കു ഐ യു ഐ ( കൃത്രിമ ബീജ സങ്കലനം ) ചെയ്യാൻ പറഞ്ഞിട്ടുണ്ട് .ഇക്കയുടെ ബീജം ഉപയോഗിച്ചാൽ ചിലപ്പോൾ അത് സക്സസ് ആകണം എന്നില്ല "
" അതിനു ?"
"നിന്റെ ബീജം തരണം"
അവനു അത് കേട്ടപ്പോൾ തന്നെ ഒരു നാണവും വിറയലും വന്നു .
"ഒന്ന് പോ ചേച്ചി തമാശ പറയാതെ"
"അല്ല .ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ .എനിയ്ക്കു വേറെ വഴിയില്ല .എന്റെ ജീവിതം ഇനി മുന്നോട്ടു പോകണം എങ്കിൽ എനിയ്ക്കൊരു കുഞ്ഞു വേണം .ആരും അറിയില്ല "
അവർ കരച്ചിലിന്റെ വക്കത്തു എത്തി. യാഥാർത്ഥ്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പക്വത അവൻ കൈവരിച്ചിരുന്നില്ല. അന്ന് അവനു അതിന്റെ പൂർണമായ അർഥം അറിയാനുള്ള പാക്വത ആയിട്ടുണ്ടായിരുന്നില്ല താൻ ഏറെ ബഹുമാനിയ്ക്കുന്ന ഒരു ചേച്ചിയുടെ തകർന്ന മനസ്സിനു മുമ്പിൽ അവരുടെ അഭ്യർത്ഥന അവന് തിരസ്കരിക്കാൻ കഴിഞ്ഞില്ല...
ഇത്രയും പറഞ്ഞതിന് ശേഷം അവൻ തുടർന്നു
"അഭിമാന ക്ഷതം ഭയന്ന് ജനിച്ച ഉടനെ കുഞ്ഞുങ്ങളെ കുപ്പത്തൊട്ടിയിൽ കളയുന്നവർ ഉണ്ടാകും .പക്ഷെ ഞാൻ കരുതുന്നത് എന്ത് സംഭവിച്ചാലും ആരുടെ ഒക്കെ അഭിമാനം നഷ്ട്ടപെട്ടാലും അതിനേക്കാളും ഒക്കെ വിലയുണ്ട് ആ കുഞ്ഞിന്റെ ജീവിതത്തിനും ,ജീവനും ..അത് കൊണ്ട് ദയവായി ആ കുഞ്ഞിനെ എനിയ്ക്കു തരാൻ കനിവുണ്ടാകണം ..അത് അനാഥയല്ല ..അത് എന്റെ കുട്ടിയാണ് പ്ലീസ് ."
അവൻ തേങ്ങി കരഞ്ഞു. ഇത് കണ്ട എല്ലാരുടെയും മനസ്സ് അലിഞ്ഞു .ദിവ്യ ഓടി അവന്റെ അടുക്കലേക്കു പോയി അവനെ ആശ്വസിപ്പിച്ചു .
ഡി.എൻ.എ ടെസ്റ്റ് നടത്തി റിസൾട്ട് പോസിറ്റീവ് ആയാൽ പ്രസാദിന് കൈമാറാൻ കോടതി വിധി വന്നു.
അങ്ങനെ ഫാത്തിമയും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഒരു ദിവസം ദിവ്യ ചോദിച്ചു .
" എന്നോട് ഇതൊക്കെ നേരത്തെ തുറന്നു പറഞ്ഞിരുന്നെങ്കിൽ പകുതി ഭാരം കുറയ്കാമായിരുന്നില്ല?"
ഞാൻ അത് പറയാതെ തന്നെ നിനക്ക് എന്നെ സംശയമായി .പിന്നെ ഈ കാര്യങ്ങളൊന്നും ആരും അറിയാതെ തന്നെ അവളെ എങ്ങനെ എങ്കിലും സ്വന്തമാക്കാനായിരുന്നു എന്റെ ശ്രമം .കാരണം എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹം അംഗീകരിയ്ക്കില്ല .അവർക്കു മുന്നിൽ ആനി സിസ്റ്റർ പെഴച്ചവളാകും ..പക്ഷെ അതിനേക്കാൾ ഒക്കെ ഉപരിയാണ് ഒരു പാവം പെൺകുഞ്ഞിന്റെ ജീവിതം എന്ന് തോന്നിയപ്പോൾ ആണ് ഞാൻ അത് പറഞ്ഞത്.