കഥാജാലകം

View Original

അവൾ

"ഗുഡ് മോർണിംഗ്" (അതിനൊപ്പം ഒരു ചിരിക്കുന്ന സ്മൈലി യും )

അവളുടെ ഈ മെസ്സേജ് ആയിരുന്നു ആ കാലങ്ങളിൽ എന്റെ പ്രഭാതങ്ങൾക്കു നിറം പകർന്നിരുന്നത്. എന്തായിരുന്നു എനിക്ക് അവളോട്?? ഇന്നും എന്റെ മനസ്സിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു കിടക്കുന്നുണ്ട്. സ്നേഹം...? കാമം...?ആരാധന...?പ്രണയം ...?

ഇന്ന് ഞാൻ അവളെ കാണുമ്പോൾ എന്റെ സന്തോഷം ഞാൻ എങ്ങനെയാവും പ്രകടിപ്പിക്കുക എന്ന ത്രില്ലിൽ ആയിരുന്നു ഞാൻ. മരുഭൂമിയിലെ ചൂടിൽ എനിക്കു കുളിരു പകർന്ന നല്ലൊരു സുഹൃത്തായിരുന്നു അവൾ..  പെട്ടന്നൊരു ദിവസം അവൾ ഒന്നും പറയാതെ അങ്ങ് പോയപ്പോൾ... വല്ലാത്ത ഒറ്റപ്പെടലായിരുന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ സമയം ആറു മണി. ആറ് പതിനഞ്ചിനേ വണ്ടിയെടുക്കുകയുള്ളു. വണ്ടിയിൽ കയറിയിരുന്ന് ഒന്ന് മയങ്ങാൻ തീരുമാനിച്ചു. വിൻഡോ സീറ്റു നോക്കിയിരുന്നു. കണ്ണടച്ചതും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു ആ വട്ടക്കണ്ണും ചെമ്പൻ നിറമുള്ള പാറി പറക്കുന്ന മുടിയും.... പിന്നെ എനിക്കൊരുപാടിഷ്ടമുള്ള ആ ചുണ്ടും.

ഞെട്ടിയുണർന്നത് ചായക്കാരന്റെ ശബ്ദം കേട്ടാണ്. എത്താറായെന്നു തോന്നുന്നു. മുഖമൊന്നു കഴുകി ഡോറിനടുത്തു തന്നെ നിന്നു. സ്റ്റേഷനിൽ ഇറങ്ങി ഓട്ടോപിടിച്ചു നേരെ മാതൃഭൂമി പത്രത്തിന്റെ ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. നടക്കാവുന്ന ദൂരമേയുള്ളൂ, എന്നാലും അവളെ കാണാനുള്ള ധൃതിയിൽ അതൊന്നുമോർത്തില്ല.

നേരെ ഓഫീസിൽ ചെന്ന് ചോദിച്ചു, അവൾ അങ്ങനെയാ പറഞ്ഞതും വിളിക്കണ്ട എന്നെ കിട്ടില്ല ഓഫീസിൽ വന്നു ചോദിച്ചാൽ മതിയെന്ന്. ഗോവണി കയറി മൂന്നാം നിലയിൽ എത്തിയിട്ടും ഞാൻ കിതച്ചില്ല.... ങേ? അത്ഭുതം... ഒന്ന് രണ്ടടി നടന്നാൽ കിതക്കുന്നു ഞാനാ...

ആ മുറിയിൽ നിറയെ പൂക്കളുടെയും സാഹിത്യകാരന്മാരുടെയും ഒക്കെ ചിത്രങ്ങളായിരുന്നു. അവളെ കാണുമ്പോൾ " എവിടായിരുന്നു ബ്രോ ഈ മൂന്ന് വർഷം ? " എന്നു ചോദിക്കണോ അതോ? എവിടായിരുന്നെടീ നീ ഇത്ര നാൾ...? എന്ന് ചോദിക്കാണോ ? വേണ്ട 'എടി' എന്ന വിളി ചിലപ്പോ ഇഷ്ടായെന്നു വരില്ല... ആകെ കൺഫ്യൂഷൻ അടിച്ചു നിൽക്കുമ്പോ...

"ഹലോ ബ്രോ.."

കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.

ഒന്നേ നോക്കിയുള്ളൂ...! കണ്ണുകൾക്കു ചുറ്റും കറുപ്പ് നിറം ... പാറി പറക്കുന്ന ചെമ്പൻ മുടിയ്ക്കു പകരം കുറച്ചു കുറ്റി രോമങ്ങൾ ... എനിക്കേറെ ഇഷ്ടപെട്ട ആ ചുണ്ടുകൾ കറുത്തിരിക്കുന്നു.....!!

"ഇത്തിരി ക്ഷീണമുണ്ടല്ലേ മുഖത്ത്?? കീമോ കഴിഞ്ഞേ ഉള്ളു..." ഇതു പറഞ്ഞവൾ ചിരിച്ചു....!

അവളുടെ ആ ചിരിയുടെ മുന്നിൽ ഞാൻ പതറാതെ അടുത്തേയ്ക്കു ചേർന്ന് നിന്നു, "ഇല്ല പെണ്ണേ ഞാൻ നിന്നെ തനിച്ചാക്കില്ല" എന്നു മനസ്സിൽ പറഞ്ഞു  കൊണ്ട്… എന്റെ സങ്കടം.. ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനമായി നൽകി...

"ഞാൻ വിളിക്കാം " എന്നു പറഞ്ഞു. അവൾ ഒന്നു ചിരിച്ചു....!

ഞാൻ ധൃതിയിൽ വിസിറ്റേഴ്സ് റൂമിൽ നിന്നും ഇറങ്ങി. ഗോവണിപ്പടികളും ഇറങ്ങി താഴെ എത്തി.... ഞാൻ കിതക്കുന്നുണ്ടായിരുന്നു..അപ്പോഴും .....!!!