കഥാജാലകം

View Original

ഒരു മഴയാത്രക്കപ്പുറം

അച്ചായൊ, നിങ്ങളെ ഏതേലും ഒരു പെണ്ണ് പറ്റിച്ചു എന്ന് കരുതി ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും അതെ കണ്ണിൽ കാണരുത്..എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല. ഈ ഡയലോഗ് പറയുന്ന പെണ്ണുങ്ങളെയാണ് ആദ്യം സൂക്ഷിക്കേണ്ടത് എന്ന്  സെലിന്റെ മുഖത്ത് നോക്കി കടുപ്പിച്ചു പറഞ്ഞപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി.

"യുവർ അറ്റെൻഷൻ പ്ളീസ് ട്രെയിൻ നമ്പർ..."

"ഉം.. വാ ട്രെയിൻ വന്നു.. എങ്ങനെയെങ്കിലും നാട്ടിൽ എത്താം". സെലിൻ  ടോമിനോട് പറഞ്ഞു.

രണ്ടാൾക്കും സൈഡ് സീറ്റ് തന്നെ കിട്ടി. പച്ച കൊടി കണ്ടതും ഒരു ചൂളം വിളിയോടെ വണ്ടി  നീങ്ങി തുടങ്ങി. പെയ്തൊഴിഞ്ഞ മഴയുടെ ഈർപ്പമാണ് ചുറ്റിലും. എങ്ങും നഷ്ടങ്ങളുടെ പടങ്ങൾ മാത്രം. ട്രെയിനിൽ നിറച്ചും ആളുകളാണ്. രണ്ടു ദിവസത്തെ കനത്ത മഴയിൽ ചെന്നൈ മുഴുവൻ വെള്ളത്തിലായി. ഹൈദരാബാദ് ചേച്ചിയെ കാണാൻ പോയി വന്ന  സോഷ്യൽ വർക്കർ കൂടിയായ സെലിൻ അങ്ങനെയാണ് ചെന്നൈയിൽ പെട്ട് പോയത്. ഇന്നാണ് മൊബൈലിനു റേഞ്ച് പോലും കിട്ടുന്നത്. ടി.വിയിലും പത്രത്തിലും വാർത്തകൾ കണ്ടു ഭയന്നിരുന്ന വീട്ടുകാർക്ക് ഇപ്പോൾ ശ്വാസം നേരെ വീണിരിക്കണം.

'ഹാപ്പി ബർത്ഡേ ടു യു', എന്ന് ഉച്ചത്തിൽ വിളിച്ചുപാടി തൊട്ടപ്പുറത്തിരിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ ബ്രഡ്  മുറിച്ചു എല്ലാവർക്കും വീതിച്ചുകൊടുക്കുന്നു. അവർ ആഘോഷിക്കുകയാണ്. കൂട്ടുകാരികളിൽ ഒരാളുടെ പിറന്നാൾ ആണത്രേ. ടോമിയും അവർക്കൊപ്പം ചേർന്ന് ആഘോഷിക്കുന്നതുകണ്ട സെലിന് ഒട്ടുംതന്നെ അമ്പരപ്പ് തോന്നിയില്ല. 

പെൺകുട്ടികളോട് സെലിനെ ചൂണ്ടി ടോമി പറഞ്ഞു. "ആ ചേച്ചിക്കും കൂടി ഒരു പീസ് കൊടുക്ക്"

പെൺകുട്ടികളിൽ ഒരാൾ ചോദിച്ചു. "അത് ചേട്ടന്റെ സിസ്റ്റർ ആണോ?"

"ഏയ് അല്ല, എനിക്ക് അതിനെ വെള്ളപ്പൊക്കത്തിൽ നിന്നും കിട്ടിയതാ. രണ്ടു ദിവസം റെയിൽവേ സ്റ്റേഷനിൽ ഈ കൊച്ചുണ്ടായിരുന്നകൊണ്ട് കത്തി വയ്ക്കാൻ ഒരു ആളായി".

സെലിൻ ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

ടോമിയും പെൺകുട്ടികളും കഥ പറച്ചിലും ഫോട്ടോ എടുപ്പുമായി സമയം കൊല്ലുന്നു.

രണ്ടു ദിവസം ഈ മുഴുക്കുടിയന്റെ  കൂടെ ഇരുന്നു സമയം പോയത് അറിഞ്ഞതേയില്ല. ടോമിയെ നോക്കിക്കൊണ്ടു സെലിൻ ചിന്തയിലാണ്ടു. 

ഒരു തമിഴൻ പൂവാലന്റെ കയ്യിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയാണ് ടോമി  എന്ന ഈ കട്ടപ്പനക്കാരൻ  രണ്ടു ദിവസം മുൻപ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒപ്പം ചെന്നൈ നഗരത്തെ വെള്ളപ്പൊക്കത്തിലാഴ്ത്തിയ കനത്ത മഴയും.

ഒരു തനി ഇടുക്കിക്കാരൻ. ബാഗിൽ ലിറ്റർ കണക്കു മദ്യം കരുതി ഇടയ്ക്കിടെ കുട്ടികൾ പാല് നുണയും പോലെ കുടിച്ചു കൊണ്ടേയിരിക്കും. പക്ഷെ ആള് പരമശുദ്ധനും... തന്റെ വീട് പാലായിൽ ആണ് എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് വല്യ കാര്യം.

അല്ലേലും ഈ കോട്ടയവും ഇടുക്കിയും ആങ്ങള പെങ്ങളുടെ മക്കളെപ്പോലെയാണല്ലോ എന്നൊരു കമന്റും.

കക്ഷി ലോ കോളേജിൽ നിന്നും പാതി വഴി പഠനം നിർത്തി ഇപ്പോൾ നാട് മുഴുവൻ കറക്കമാണ്. വിനോദ സഞ്ചാരം അല്ല ഉദ്ദേശം. മദ്യപിക്കുക. അതും ഇന്ത്യയിലെ ഇരുപത്തി ഒൻപതു സംസ്ഥാനങ്ങളിൽ നിന്നും. വളരെ വ്യത്യസ്തം ആയൊരു റീസെർച്ച്. ഇപ്പോൾ പതിനെട്ടു സംസ്ഥാനങ്ങൾ താണ്ടി എന്നതാണ് അറിവ്. ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ.

ഇങ്ങനെയും ആകാൻ കാരണം ഉണ്ട്. അതും പറഞ്ഞു. തലയ്ക്കു പിടിച്ച പ്രേമം. അതും ഏഴു വർഷം. ജീന, അവളായിരുന്നു പ്രേമഭാജനം. നിയമത്തിൽ ബിരുദം എടുത്തു വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ ജീന പറഞ്ഞു. ഇതും കേട്ട് കക്ഷി ലോ കോളേജിലോട്ടു പറന്നു.

പക്ഷെ രണ്ടാം വർഷം ദുബായിൽ ജോലി ഉള്ള ഡോക്ടറുടെ ആലോചന വന്നപ്പോൾ പ്രേമം നൂല് പൊട്ടിയ പട്ടം പോലെ ആയിപ്പോയി. അവളങ്ങു കേറി കൈകൊടുത്തു.

 കല്യാണ തലേന്ന് ടോമി  ജീനയെ കാണാൻ പോയി. പറ്റുമെങ്കിൽ ഒരു ഒളിച്ചോട്ടത്തിനു സാധ്യതയുണ്ടാകും എന്ന പ്രതീക്ഷയിൽ.

പക്ഷെ ജീനയുടെ മറുപടി ഇങ്ങനെ ആയിരുന്നു. "ഒരുപാടു വൈകിപ്പോയി ടോമിച്ചയാ. ടോമിച്ചയാന് ഒരു നല്ല പെണ്ണിനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കും. കർത്താവു ടോമിച്ചയാനെ കൈ വിടുകേല".

എന്നിട്ടും ടോമിച്ചൻ എന്ന മഹാമനസ്കൻ അവളോട്‌ പറഞ്ഞു. അവൻ എന്നെങ്കിലും നിന്നെ ഒഴിവാക്കുക ആണെങ്കിൽ തിരിച്ചു പോര് ഞാൻ കാത്തിരിക്കും എന്ന്.

മനസിൽ പൊട്ടിയ ചിരി മുഖത്ത് വരുത്താതെ ഇരുന്ന സെലിന്റെ ചിന്തകളെ കീറി മുറിച്ചു, 'ദേ കൊച്ചെ കാര്യമായിട്ട് വല്ലോം കഴിക്കണ്ടായോ', എന്നും ചോദിച്ചു രണ്ടു ബിരിയാണി പൊതിയുമായി അടുത്ത് വന്നിരുന്നു.

ഹോ ആ പട്ടാളക്കാരുടെ ബ്രഡ് രണ്ടു ദിവസം തിന്നു മടുത്തു.

"അതെ ടോമിച്ചയോ എനിക്ക് ഫുഡ് വാങ്ങി തരാൻ ഞാൻ പറഞ്ഞോ?" രൂക്ഷമായി നോക്കിക്കൊണ്ടു സെലിൻ ചോദിച്ചു.

അയ്യോ ഇത് ചുമ്മാതെ അല്ല കൊച്ചു ക്യാഷ് ഇങ്ങു തരണം. അല്ലേൽ തന്നെ കുറെ കാലം ഒരുത്തി എന്റെ കാശ്‌ മൊത്തം തിന്നു മുടിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല. കഴിച്ചു കൊണ്ട് ഒരു ചിരിയോട് കൂടി ടോമി പറഞ്ഞു.

ആ ചിരിയിലും അവൻ വേദനിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.

'അതൊക്കെ പോട്ടെ.. ദേ ആ പിള്ളേരെ കണ്ടോ എല്ലാം നഴ്സിംഗ് പഠിക്കുന്നവരാ.. സ്വന്തം നാട് വിട്ടാൽ ഇത്രയും അലമ്പു കാണിക്കാൻ മലയാളി പെൺപിള്ളേരേ കഴിഞ്ഞേ ഉള്ളു ബാക്കി".

"ടോമിച്ചായോ, ഞാൻ കേരളവും തമിഴ് നാടും ഒക്കെയായി ഈ ചാരിറ്റി പ്രവർത്തനോം കൊണ്ട് നടക്കുവാ. അത് കൊണ്ട് എല്ലാവരെയും അതിൽ പെടുത്തരുത്. അത് ഞാൻ നിങ്ങൾക്ക്  കാണിച്ചു തരാം ഒരു ദിവസം എന്റെ കൂടെ ചിലവഴിക്കാൻ പറ്റുമോ. ഒരു പെണ്ണല്ല ഈ ലോകമെന്നും  ജീവിതം എന്നും ഞാൻ നിങ്ങൾക്ക് മനസ്സിലാക്കി തരാം... എന്താ..റെഡി ആണോ". 

ഒന്നും മിണ്ടാതെ ടോമി എഴുന്നേറ്റു കൈ കഴുകാൻ പോയി. പിന്നെ ബാത്‌റൂമിൽ കയറി കയ്യിലിരുന്ന ഹിപ്ഫ്ലാസ്കിൽ കരുതിയ മദ്യം കുടിച്ചു പുറത്തേക്കിറങ്ങുമ്പോൾ മുൻപിൽ ടി ടി ആർ.

ഇതൊക്കെ നോക്കി സെലിൻ സീറ്റിന്റെ സൈഡിലേക്ക് നീങ്ങി ഇരിപ്പുണ്ടായിരുന്നു.

കുറച്ചു സമയം കഴിഞ്ഞു വിളറിയ മുഖവുമായി വന്ന ടോമിയോട് സെലിൻ കള്ളച്ചിരിയോടെ ചോദിച്ചു.

"എന്തായിരുന്നു അവിടെ കുമ്പസാരം"

"ഏയ് അതൊരു കുർബാന ആയിരുന്നു"

"സ്പെഷ്യൽ കുർബ്ബാന ആണന്നു തോന്നുന്നല്ലോ"

"മ്മ്മ് ആയിരത്തിന്റെ കുർബാന".

എന്ന് ടോമി പറഞ്ഞതും രണ്ടു പേരും ഒരുമിച്ചു ചിരിച്ചു പോയി. ട്രെയിൻ അപ്പോഴേക്കും ഇരുളിനെ വകഞ്ഞു മാറ്റി തുടങ്ങിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു. നേരം പുലർന്നു. ട്രെയിൻ അങ്കമാലി സ്റ്റേഷൻ എത്തിയപ്പോഴേക്കും നഴ്സിംഗ് വിദ്യാർത്ഥിനികൾ എല്ലാം ഇറങ്ങി തുടങ്ങി. അവരെയും കാത്തു എല്ലാവരുടെയും  മാതാപിതാക്കളും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ചിലർ ആണെങ്കിൽ കരയുന്നുമുണ്ട്. ചെന്നൈയിലെ വെള്ളപ്പൊക്കവും മാധ്യമങ്ങളിലെ വാർത്തകളും എല്ലാവരെയും അത്രമേൽ ഭീതിപ്പെടുത്തിയിരുന്നു.

കൂട്ടത്തിൽ ഒരുവൾ ടോമിയെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറയുന്നു. ചിലർ കെട്ടിപ്പിടിക്കുന്നു. ചിലർ നമ്പറുകൾ എഴുതി കൊടുക്കുന്നു. എല്ലാം ഉറ്റു നോക്കി സെലിൻ ഇരുന്നു. 

"ഇവനാള് കൊള്ളാമല്ലോ".

എല്ലാം കഴിഞ്ഞപ്പോൾ സെലിൻ ചോദിച്ചു. "ഞാൻ എറണാകുളത്ത് ഇറങ്ങുവാ. ഇയാൾക്ക് ഒരു രണ്ടു മണിക്കൂർ എന്റെ കൂടെ ഒന്ന് വരാൻ  പറ്റുമോ? അതോ കോട്ടയത്ത് ഇറങ്ങി ഗവേഷണത്തിന് പോകുവാണോ?"

"എനിക്ക് എവിടെ ഇറങ്ങിയാലും കണക്കാ.. എന്തായാലും കൊച്ചിന്റെ ഒരു ആഗ്രഹം അല്ലെ... ഞാൻ വരാം".

എറണാകുളം ജംഗ്ഷൻ എന്ന മഞ്ഞ ബോർഡ്  തെളിഞ്ഞു വന്നു. സെലിനും ടോമിയും ഒരു ഓട്ടോയിൽ കയറി നേരെ ചെന്നിറങ്ങിയത് സ്വാന്തനം എന്ന് പേരെഴുതിയ ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു. സെലിനെ കണ്ടതും ഒരു അഞ്ചുവയസുകാരി സുന്ദരി ഓടി വന്നു.. സെലിൻ അവളെ വാരിയെടുത്തു... ഇതാണ് ഞങ്ങളുടെ സുന്ദരി അമ്മുക്കുട്ടി എന്ന് പറഞ്ഞു  അവളെ ടോമിക്ക് പരിചയപ്പെടുത്തി.

പിന്നെയും കുറെ പേരെ പരിചയപ്പെടുത്തി നാരായണിയമ്മ,  ഉഷ ചേച്ചി, രണ്ടു കാലും ഇല്ലാത്ത സീമ എന്ന കുട്ടി.

അവിടെ നിന്നും ഭക്ഷണവും കഴിച്ചു യാത്ര പറഞ്ഞു തിരികെ ഹബ്ബിലേക്ക് പോകുമ്പോൾ ഓട്ടോയിൽ ഇരുന്നു സെലിൻ ടോമിയോട് പറഞ്ഞു. "അമ്മുക്കുട്ടി ഒരു എച് ഐ വി ബാധിതയായ കുട്ടിയാണ്. രക്ഷിതാക്കൾ കഴിഞ്ഞ വർഷം മരിച്ചു. ഉഷ ചേച്ചിക്ക് കാൻസർ ആണ് സ്തനാർബുദം. ഭർത്താവിന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ അപകടം പറ്റി മുറിച്ചു കളഞ്ഞതാണ് സീമ ചേച്ചിയുടെ കാലുകൾ. പതിയെ ഭർത്താവ് അവരെ ഉപേക്ഷിച്ചു. നാരായണിയമ്മ ഒരു സർക്കാർ സ്കൂളിലെ ടീച്ചർ ആയിരുന്നു. ടൗൺ എസ്‌ ഐ ദേവരാജിന്റെ അമ്മ. പ്രായമായപ്പോൾ മക്കൾക്ക് മടുത്തു. സ്വന്തം അമ്മയെ നോക്കാൻ കഴിയാത്ത മകൻ നാട് നന്നാക്കാൻ നോക്കുന്നു. ടോമിച്ചയോ ഇതാണ് ലോകം... അവരുടെ ഒക്കെ അവസ്ഥ വച്ച് നോക്കുമ്പോൾ ടോമിച്ചയനു എന്നാത്തിന്റെ കുറവാ?"

"ഒരു പെണ്ണ് പോയാൽ തീരുന്നത് ഒന്നും അല്ല ജീവിതം. സ്നേഹിക്കണം... സ്നേഹിക്കുന്നത് ഒരു തെറ്റല്ല... പക്ഷെ അത് അർഹിക്കുന്നവർക്കു കൊടുക്കണം....ആഗ്രഹിക്കുന്നവർക്ക് അറിഞ്ഞു കൊടുക്കണം... അപ്പോഴാണ് സ്നേഹത്തിനു അർഥം ഉണ്ടാകുന്നത്... ജീവിതം യാഥാർഥ്യം ആകുന്നത്‌.. നിങ്ങളുടെ ഉള്ളിൽ ഒരു നല്ല സാമൂഹിക പ്രവർത്തകൻ കിടപ്പുണ്ട്. അത് കൊണ്ടാണല്ലോ നിങ്ങൾ എന്നെ ചെന്നൈയിൽ വച്ച് സംരക്ഷിച്ചതും നിങ്ങളുടെ കയ്യിലുള്ള ഭക്ഷണം അവിടെ ഇരുന്നവർക്കു കൊടുത്തതുമൊക്കെ. എല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇനി ഒക്കെ നിങ്ങളുടെ തീരുമാനം. ഓട്ടോ അപ്പോഴേക്കും വൈറ്റില ഹബ്ബിൽ എത്തിയിരുന്നു.

"ഞാൻ അടുത്ത മാസം യു കെ യിലേക്ക് പോകും. എന്നെങ്കിലും നമുക്കു കാണാം". സെലിൻ പറഞ്ഞു നിർത്തി. 

ബസ് കയറും മുൻപായി അവൾ ഒന്ന് കൂടി അവനെ തിരിഞ്ഞു നോക്കി.. തിരികെ നടക്കാതെ എന്തോ പറയാനുള്ളതുപോലെ അവൻ ദൂരേയ്ക്ക് നോക്കി നിന്നു. 

"എന്താ, എന്റെ മൊബൈൽ നമ്പർ വേണോ?" അല്പം ബോൾഡായി തന്നെ ഗൗരവത്തിൽ അവൾ അവനോടു ചോദിച്ചു.

ആ ചോദ്യത്തിൽ ടോമി ശരിക്കും ചമ്മിപ്പോയി. "അയ്യേ, എയ് വേണ്ട", എന്നും പറഞ്ഞു അവൻ തിരിഞ്ഞു നടന്നു. അന്ന് രാത്രി വീട്ടിൽ എത്തിയ ടോമി അവന്റെ അപ്പച്ചനോട് പറഞ്ഞു.. അപ്പച്ചാ എനിക്ക് കോളേജിൽ പോണം.. ഞാൻ സോഷ്യൽ വർക്കിൽ പി ജി ചെയ്യാൻ തീരുമാനിച്ചു... ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്.

അവന്റെ കണ്ണുകളിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അപ്പച്ചൻ പറഞ്ഞു... നീന്റെ ഗവേഷണം പൂർണ്ണമായി നിർത്തി എങ്കിൽ മാത്രം ഞാൻ കാശ് തരാം.. തിരിഞ്ഞു മുറിയിലേക്ക് കയറുമ്പോൾ അയാൾ ഭാര്യയോട് പറഞ്ഞു.. കുട്ടിയമ്മോ നിന്റെ മകന് നല്ല ബുദ്ധി തെളിഞ്ഞു എന്ന് തോന്നുന്നു.

***വർഷങ്ങൾക്കപ്പുറം***

മഞ്ഞിൽ പുതച്ചു കിടക്കുകയാണ് ലണ്ടൻ നഗരം... സൂര്യ കിരണങ്ങൾ പോലും അരിച്ചിറങ്ങാത്ത പ്രഭാതം. ഫോൺ ബെല്ലടിച്ചപ്പോൾ പുതപ്പിനുള്ളിൽ നിന്നും എണീറ്റ് ടോമി ഫോൺ എടുത്തു. മറു തലക്കൽ പരിചയം ഉള്ള ഒരു ശബ്ദം

"ടോമിച്ചയാ ഞാനാ ജീനയാ"

ഉറക്കച്ചടവിൽ നിന്നും എഴുന്നേറ്റു ടോമി ഒരിക്കൽ കൂടി ഫോണിലേക്കു നോക്കി.

"എന്താ ? കാര്യം പറഞ്ഞോളൂ...". അവൻ ശാന്തനായി പറഞ്ഞു.

"എന്റെ ഡിവോഴ്‌സ് ആരുന്നു ഇന്ന്...എല്ലാം എന്റെ തെറ്റാണ്... ഞാൻ ഇനി എന്ത് ചെയ്യണം ടോമിച്ചയാ". മറുതലക്കൽ നിന്നും ഒരു   കണ്ണീർ സ്വരത്തിൽ  ജീന പറഞ്ഞു. 

അവളുടെ ആ സ്വരത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

ഒരു ദീർഘനിശ്വാസത്തോടെ  ടോമി പറഞ്ഞു.

"ഒരുപാട് വൈകിപ്പോയി ജീന. നിനക്ക് നല്ലൊരു ചെറുക്കനെ കിട്ടാനും ഒരു ജീവിതം ഉണ്ടാകാനും ഞാൻ പ്രാർത്ഥിക്കാം... കർത്താവു നിന്നെ കൈ വിടുകേല".

ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു ടോമി വീണ്ടും മൂടിപുതച്ചു കിടന്നു. അപ്പോൾ പുതപ്പിനുള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദം ചോദിച്ചു.

"ആരാ  അച്ചായാ ഫോൺ വിളിച്ചത്"

"എന്റെ പഴയ മറ്റവൾ". ടോമി മറുപടി പറഞ്ഞു.

"ദേ മനുഷ്യ നിങ്ങളെ എങ്കിൽ ഞാൻ വിഷം തന്നു കൊല്ലും". പുതപ്പിനുള്ളിൽ നിന്നും വീണ്ടും സ്ത്രീശബ്ദം.

എങ്കിലൊന്നു കാണണമല്ലോ എന്നും പറഞ്ഞു ടോമി അവൾക്കരികിലേക്കു  നീങ്ങിക്കിടന്നു. പുതപ്പിനുള്ളിൽ നിന്നും ചിരിയും ബഹളവും. 

ഇടത്തേച്ചുവരിന്റെ വാതിൽപാളിയ്ക്ക് മേലെ ടോമിയും സെലിനും ചിരിച്ചുകൊണ്ടിരിക്കുന്ന കുറച്ചുപഴക്കം ചെന്ന ഒരു കല്യാണഫോട്ടോയുടെ ചില്ലിന്റെ പുറത്ത് വർണ്ണച്ചിറകുള്ള ഒരു ചിത്രശലഭം പറ്റിപ്പിടിച്ചിരിക്കുന്നു.