കഥാജാലകം

View Original

സ്നേഹമാപിനി

അവൻ ചിരിച്ചു തുള്ളിച്ചാടി ഓടിക്കൊണ്ടിരുന്നു....,

കുഞ്ഞല്ലേ ..., വഴിയരുകിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ, അത്ര ദൂരം പോകാതെ അവനെ പിടിക്കാനെന്ന പോലെ തൊട്ടു പിറകെ ഞാനും ..., പിടി തരാതെ അവൻ ..

"നിൽക്ക് മോനെ... അച്ഛൻ കുഴഞ്ഞൂട്ടോ... "അവനുണ്ടോ കേൾക്കുന്നു.. ഞാൻ ശരിക്കും കിതക്കാൻ തുടങ്ങി..

ഇനി വയ്യ... ഒരടി മുന്നോട്ട് വെക്കാൻ കഴിയാതെ ഞാൻ നിന്നു.. പിന്നിൽ കാലനക്കം കേൾക്കാത്തത് കൊണ്ടാകണം അവൻ തിരിഞ്ഞു നോക്കി.. പിന്നെ എന്റരികിലേക്കു ..

കരങ്ങളിലേക്ക് ചാടിക്കയറിയ കുഞ്ഞോമനയെ ഉയർത്തി കറക്കിയെടുത്ത് കവിളിൽ മുത്തം കൊടുത്തു അടുത്ത കണ്ട ഒരു മതിലിൽ കയറിയിരുന്നു..

മടിയിലിരുന്ന് അവൻ വിളിച്ചു പറഞ്ഞു... "അച്ഛാ ദേ നോക്കിയേ , അവിടെ ഒരു സീസോ... നമുക്കതിൽ പോയിരുന്നു കളിച്ചാലോ.."

ഞാൻ ചുറ്റും കണ്ണോടിച്ചു.. ശരിയാണ് അവിടെ ഒരു സീസോ..

എന്നാൽ അതൊരു പാർക്കാണ് എന്ന് തോന്നിയില്ല .. ഞാനിരിക്കുന്ന മതിൽ കെട്ടിനുള്ളിൽ പഴയ ബംഗ്ലാവിനു സമാനമായ ഒരു കെട്ടിടമായിരുന്നു.. തുരുമ്പു പിടിച്ച ഒരു ഗേറ്റ് പകുതി തുറന്നു കിടക്കുന്നു.. ആൾതാമസം ഉണ്ടെന്നുള്ളതിന്റെ ഒരു സൂചനയും അവിടെ കണ്ടില്ല.. വിശാലമായ പറമ്പിനൊത്ത നടുവിലായായിരുന്നു കെട്ടിടം. അതിന്റെ മുൻ വശത്തുള്ള മുറ്റത്താണ് വളരെ പഴയത് എന്ന് തോന്നിക്കുന്ന സീസോ ഉണ്ടായിരുന്നത്..

"അവിടെയാരുമില്ലല്ലോ മോനെ...” പിന്നെങ്ങനെ നമ്മൾ അവിടെ പോയിരുന്നു കളിക്കും... അവിടെ ആരെങ്കിലും ഉള്ളപ്പോൾ നമുക്ക് അനുവാദം വാങ്ങിയിട്ട് കളിക്കാം," ഞാൻ മറുപടി പറഞ്ഞു...

കുറെ നേരത്തേക്ക് ഞങ്ങൾ ആരെയോ പ്രതീക്ഷിച്ചതു പോലെ ഇരുന്നു.. ഇരട്ടവാലൻ കിളി കിന്നാരം പാടി ഞങ്ങൾക്കരികിലൂടെ പറന്നു..

"അച്ഛൻ ഇനി എങ്ങോട്ടും പോകണ്ട .എന്റെ കൂടെ തന്നെ ഇരുന്നാൽ മതി...”

അവന്റെ മുഖത്തു പ്രതീക്ഷ നിറഞ്ഞു തുളുമ്പി.

മുതുകിൽ അവന്റെ കൈവിരലുകൾ കോറിയപ്പോൾ എന്റെ സിരകളിൽ കെട്ടിക്കിടന്ന സ്നേഹത്തിന്റെ നീരുറവ പൊട്ടിയൊഴുകി.. എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് തുരുതുരെ ചുംബിച്ചു.. അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു.

പ്രവാസത്തിനും ഗൃഹാതുരതക്കും ഇടയിലുള്ള പ്രത്യാശയുടെ നേർത്ത നൂൽപ്പാലത്തിലൂടെ ജീവിതഭാരവും പേറി നന്നേ പ്രയാസപ്പെട്ടു കുറച്ചു നേരം സഞ്ചരിച്ച എന്റെ മനസ് ആവശ്യത്തിനപ്പുറം ആഡംബരത്തിന്റെ ഉച്ചിഷ്ടം ഭക്ഷിച്ചു വീർത്ത ദുർമേദസ് നിറഞ്ഞ ശരീരഭാരം നിലക്ക് നിർത്താൻ കഴിയാതെ ബുദ്ധിമുട്ടി. പ്രവാസത്തിന്റെ ചതുപ്പു കയത്തിലേക്ക് മറിഞ്ഞു വീഴാതിരിക്കാൻ പുത്തൻ സാധ്യതകളുടെ ഒരു നീളൻ വടി കിട്ടിയിരുന്നെങ്കിൽ എന്നെനിക്കു തോന്നി.

"അച്ഛന് പോയല്ലേ പറ്റൂ.."

"എന്നാ പിന്നെ എന്നെ കൂടി കൊണ്ട് പൊയ്ക്കൂടേ... എന്നായി അവൻ ....

അതിനെന്തു മറുപടി പറയണമെന്നാലോച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് എന്റെ മുഖം തിരിച്ചു പിടിച്ചു കൊണ്ടവൻ പറഞ്ഞു..

"അച്ഛാ അത് നോക്കിയേ, ഒരപ്പൂപ്പൻ ആ സീസോയിൽ ഇരിക്കുന്നു,.."

അപ്പോഴാണ് ഞാനും അത് കണ്ടത്.. അയാൾ എപ്പോൾ അതിൽ കയറി എന്ന് ഞാനും ആലോചിച്ചു...

സീസോയുടെ ഒരു വശത്തിരുന്നു കൊണ്ട് അയാൾ കുഞ്ഞിനെ അതിന്റെ മറു വശത്തിരിക്കാനായി ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു...

“ഞാൻ പൊയ്ക്കോട്ടേ അച്ഛാ”... അവൻ ചോദിച്ചു...

പുറത്തു നിന്നാരും അകത്തേക്ക് പോകുന്നത് ഞാൻ കണ്ടില്ല.. ആ വീടിന്റെ ഉടമസ്ഥൻ തന്നെയാകണം അയാൾ, എന്നെനിക്കു തോന്നി.. മോനോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് അവർ കളിക്കുന്നതും നോക്കി അങ്ങനെയിരുന്നു.. അവർ ഇരുവരും കുറെ സമയം അതിൽ ഉയർന്നു താണു.. മതിയാവോളം കളിച്ചു ..വിടർന്ന ചിരിയുമായി തിരികെയെത്തി..

എന്റെ കൈത്തണ്ട വലിയുമാറ് ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു "വാ അച്ഛാ, ഇനി നമ്മുക്ക് കുറച്ചു നേരം കളിക്കാം.. "ഞാൻ സമ്മതിച്ചു..

ആ വൃദ്ധനെവിടെ ? എന്റെ കണ്ണുകൾ പരതി.. കണ്ടില്ല..

മോൻ ആവേശത്തിലാണ്.. അവനെ മറുതലക്കലിരുത്തി ഞാൻ ചെറുതായി സീസോ ചലിപ്പിച്ചു തുടങ്ങി.. അവന്റെ ചിരി അവിടെയെങ്ങും ഉയർന്നു.. സൂര്യൻ അവന്റെ മുഖത്തുദിച്ചതാണോ എന്നെനിക്കു തോന്നി.. അവന്റെ സന്തോഷം എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് പടർന്നു. എനിക്ക് എന്തെന്നില്ലാത്ത നിർവൃതി.. ഈ നിമിഷം ഇങ്ങനെ തന്നെ ദീർഘമായി പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..

പൊടുന്നനെ അതിഘോരമായ ശബ്ദത്തിന്റെ ഞെട്ടലിൽ ആകാശം തന്റെ കണ്ണ് കറുത്ത പഞ്ഞിക്കെട്ടുകൾ കൊണ്ട് പൊത്തി..ഇന്ദ്രനെ വായു ചുമലിൽ വഹിച്ചു പാഞ്ഞു.. ഒരു വേള ഇവർ തമ്മിൽ പൊരുത്തക്കേടിലാണോ എന്ന് തോന്നി..,അല്ലെങ്കിൽ പിന്നെ എന്തിനാണ് എവിടെയോ പതിക്കണ്ട നീർക്കണങ്ങളെ കാറ്റ് ഇവിടെക്കൊണ്ടു തള്ളിയിടുന്നത്..

കൂർത്ത അഗ്രത്തിൽ ഹിമകണം പുരട്ടിയ ജലശരങ്ങൾ ഭൂമിയിലേക്ക് ആഞ്ഞു തറച്ചു... കാതടക്കുമാറ് ഉച്ചത്തിൽ കാഹളം മുഴക്കി മഴമേഘങ്ങൾ കൂട്ടിയിടിച്ചു. പ്രകൃതി ആകാശത്തിൽ പ്രകാശം കൊണ്ട് ഉണങ്ങിയ ഓക്ക് മരത്തിന്റെ ചിത്രം വരച്ചു..

കിളികൾ ചിലച്ചു കൂകിപ്പാഞ്ഞു മരങ്ങളിൽ ചേക്കേറി.. അണ്ണാറക്കണ്ണൻ കൊത്തിയ പഴം ഉപേക്ഷിച്ചു മരത്തിന്റെ പോടിനുള്ളിൽ കയറി. ദൂരെ നായ്ക്കൾ ഓരിയിട്ടു..

ഞാൻ ഓടിച്ചെന്നു കുഞ്ഞിനെ വാരിയെടുത്തു.എന്റെ കുപ്പായം കൊണ്ട് ആവരണം ചെയ്തു.. ശിരസ്സിൽ മഴ വീഴാതെ ശ്രദ്ധിച്ചു നെഞ്ചോടമർത്തി അതിവേഗത്തിൽ ഓടി..

"അച്ഛാ, അച്ഛന്റെ തലയിൽ വെള്ളം വീഴാതെ നോക്കണേട്ടോ" അവൻ എന്റെ നെഞ്ചോട് പറ്റിക്കിടന്നു പറഞ്ഞു.

ഓട്ടത്തിനിടയിലാണ്.. ആകാശത്തിലെ വെള്ളിടിയേക്കാൾ വലിയ ആ മിന്നൽപിണർ എന്റെ നെഞ്ചിനെ തുളച്ചു കയറിപ്പോയത്..മഴയുടെ തുടക്കത്തിലുണ്ടായ രംഗം ആവർത്തിച്ചു മനസിലൂടെ കടന്നു പോയി.. അതെ മഴ വീഴുന്നതിനു തൊട്ടു മുൻപ്, ഞാൻ വ്യക്തമായി ഓർക്കുന്നു. 

കുഞ്ഞിനെ വാരിയെടുക്കാൻ പോകുന്നതിനു മുൻപുള്ള രംഗം.

മഴയെ ഭയന്ന് കളി നിർത്തിവെച്ച നിമിഷം.

അപ്പോൾ ശ്രദ്ധിക്കാതിരുന്ന ആ കാര്യം തന്നെ.. പക്ഷെ എങ്ങനെ, 

എങ്ങനെയാണ് കളി നിർത്തിവെച്ച സമയത്തു ആ ഉപകരണത്തിന്റെ മുകളിൽ ഇരുന്നു കൊണ്ട് മറുവശത്തു താഴെയിരിക്കുന്ന എന്റെ കുഞ്ഞിനെ നോക്കാൻ കഴിഞ്ഞത്.

അതെ ആ ഉപകരണത്തിൽ നിന്ന് ചാടിയിറങ്ങിയാണ് കുഞ്ഞിനെ എടുക്കാനായി പോയത്..എന്റെ ഓർമ്മയെ സാധൂകരിക്കുന്ന ഒരു തെളിവ് കൂടി..

ഭൗതിക സിദ്ധാന്തങ്ങൾക്ക് നിരക്കാത്ത സത്യം എന്റെ കണ്മുന്നിൽ.

എന്റെ ബുദ്ധി മരവിച്ചതു പോലെ തോന്നി.. കുഞ്ഞിരുന്ന ഭാഗത്തിന്റെ ഭാരം എങ്ങനെ കൂടിയെന്നത് ഒരു പ്രഹേളികയായി അവശേഷിച്ചു..

ഓടുന്നതിനിടയിൽ വല്ലാത്ത കൗതുകം നിറഞ്ഞ ആകാംഷയോടെ കുത്തിയൊലിച്ചു പെയ്യുന്ന മഴയുടെ ഇടയിലൂടെ ഞാൻ തിരിഞ്ഞു നോക്കി. അവിടമാകെ ശ്വേതവർണം പരത്തി മഞ്ഞു മൂടിക്കിടക്കുന്നതല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല ..

നില്ക്കാൻ നേരമില്ല , പിന്നെയും മുന്നോട്ട്..., കുഞ്ഞിനെ മറവിയുടെ മടിയിൽ ഏല്പിച്ചു, മഴക്കിടയിലൂടെ , പൂന്തോട്ടങ്ങളിലൂടെ, കുന്നുകളിലൂടെ, വർണ്ണപ്രപഞ്ചത്തിലൂടെ ഓടി , കുത്തൊഴുക്കിലൂടെ പൊങ്ങുതടിയായി നീന്തി , പറവകളോടൊപ്പം ചിറകു വീശി പറന്നു, മേഘങ്ങളെ പരവതാനിയാക്കി ...,തിരിഞ്ഞു നോക്കാതെ.,ഭയന്നും, കരഞ്ഞും കൂത്താടിയും ചിരിച്ചും മന്ദഹസിച്ചും ..,പുലരും വരെ...