കബർ
കബർ കുഴിക്കുന്ന ജോലി കബീറിന് പാരമ്പര്യമായി വന്നുചേർന്നതല്ല. കബീറിന്റെ ബാപ്പ അത്തറസാക്ക് എന്ന അപരാഭിധാനത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ റസാക്കിന് കബർ കുഴിക്കലായിരുന്നില്ല ജോലി. കബർ കുഴിക്കുന്നവൻ ആരാണോ അവൻ കബീർ എന്ന സമാസത്തെക്കുറിച്ചൊന്നും അറിഞ്ഞുകൊണ്ടല്ല അത്തറസാക്ക് സ്വന്തം മകന് അങ്ങനെയൊരു പേര് നൽകിയത്.
'കബ്റ്' എന്ന അറബിവാക്ക് മലയാളത്തിലേക്ക് വന്നപ്പോൾ കബർ ആയിമാറി. കബീർ എന്ന വാക്കിന് വലിയവൻ, ശ്രേഷ്ഠൻ, തടിയൻ എന്നൊക്കെ അർത്ഥമുണ്ടെങ്കിലും ആ നാമവിശേഷണങ്ങളൊന്നും നമ്മുടെ കബീറിന് തീരെ യോജിക്കാത്തവയായിരുന്നു.
കബീർ ഒരു സാധാരണ മനുഷ്യൻ. കബർ കുഴിക്കുന്നതിന്റെ പുണ്യത്തെക്കുറിച്ചോ അള്ളാഹുവിന്റെ കൂലിയെക്കുറിച്ചൊ ഒന്നുംഇപ്പോഴും കബീറിന് ഒരു പിടിയുമില്ല. കൃത്യമായി ഖുറാനിലെ അറുപത്തേഴാം അദ്ധ്യായമായ സൂറത്തിൽ , മുൽക്( തബാറക) പതിവായി ചൊല്ലുന്നവന് ഖബറിൽ ശിക്ഷയില്ല എന്ന നബിവചനത്തെക്കുറിച്ചൊന്നും കബീർ ഇതുവരെ ശ്രവിച്ചിട്ടില്ല.
നിക്കാഹ് കഴിയുന്നതുവരെ ആ ജോലിയെക്കുറിച്ച് കബീർ ചിന്തിച്ചിട്ടില്ലായിരുന്നു. നല്ല സംബന്ധത്തിന് ആ ജോലി തടസ്സമാണെന്ന് എല്ലാവർക്കും അറിയാവുന്നതുപോലെ കബീറിനും അറിയാമായിരുന്നു. പെണ്ണുകാണാൻ ചെല്ലുമ്പോൾ ' പുയ്പ്ലാക്ക് എന്താ പണി?' എന്നു ചോദിച്ചാ ' മയ്യത്ത്കുഴി വെട്ടലാണ്' എന്ന് പറഞ്ഞാൽ പലർക്കും അതൊരു ചൊരുക്കാണ്. മാത്രമല്ല ഭാര്യക്ക് ഭർത്താവിന്റെ ജോലിയുടെ അഭിവൃദ്ധിക്കുവേണ്ടി അള്ളാഹുവിനോട് ദുഅ ചെയ്യാനും പറ്റില്ല. അള്ളാഹുവിന്റെ ഭാഗത്തുനിന്ന് പ്രത്യേക കൂലിയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതിന് മുസ്ലീം മതത്തിൽ തന്നെ, ചില തൊഴിലുകൾ ചെയ്യുന്ന വിഭാഗക്കാരെ ഉന്നതകുലത്തിൽ ജാതരായവർ നിക്കാഹ് കഴിച്ച് പുണ്യം വാങ്ങാറില്ലല്ലോ?
ബേപ്പൂർ സുൽത്താൻ പറയുന്നതുപോലെ ആ ' കൊസറാക്കൊള്ളി' എല്ലാ മതത്തിലുമുണ്ട്. ഹിന്ദുമതസ്ഥൻ എന്ന് പറഞ്ഞാൽ, ഏത് ഹിന്ദു എന്ന ചോദ്യം പോലെ. ക്രിസ്ത്യാനി എന്നുപറഞ്ഞാൽ ഏത് സഭാ ക്രിസ്ത്യാനി എന്നുകൂടി കൃത്യമായി അറിഞ്ഞാലെ പണ്ടും ഇപ്പോഴും വിവാഹബന്ധത്തിലൊക്കെ ഏർപ്പെടാൻ പറ്റൂ.
ങാ.. അതൊക്കെ പോട്ടേ കബീർ അതുകൊണ്ട് അസുമായെ നിക്കാഹ് കഴിച്ചത് പള്ളിപ്പുരയിടത്തിനോട് ചേർന്ന് അധിവസിക്കുന്ന അയൽവാസി എന്നുപറയാവുന്ന, ആറാമത്തെ വീട്ടിൽ നിന്നുമായിരുന്നു. പ്രേമ വിവാഹമായിരുന്നില്ല. പക്ഷെ മറ്റൊരു കാരണമുണ്ടായിരുന്നു. രണ്ട് മൂന്നു വീടുകളിൽ ബ്രോക്കർ മുഖാന്തിരം ആലോചനയുമായെത്തിയപ്പോൾ, ആയിരക്കണക്കിന് റുഹാനികൾ സഞ്ചരിക്കുന്ന പള്ളി അയ്യത്തിനോട് ചേർന്നുള്ള വീട്ടിൽ, അവരുടെ കൊച്ചിനെ അയക്കാൻ താൽപര്യമില്ലാ എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.
അങ്ങനെയാണ് റുഹാനികളോടൊപ്പം ജീവിക്കുന്ന അസുമായെ കബീർ നിക്കാഹ് ചെയ്തത്. പള്ളിപ്പുരയിടത്തിനോട് ചേർന്നുള്ള ആ ആറ് മുസ്ലീം കുടുംബങ്ങൾ കഴിഞ്ഞാൽ പിന്നെ വയൽ നിരകളാണ്. അതിനക്കരെ മലമടക്കുകളും. പള്ളിപ്പുരയിടത്തേയും ആ കുടുംബങ്ങളേയും വേർതിരിക്കുന്ന നാലടി വഴിയിലൂടെയാണ് പടിഞ്ഞാറ് ഭാഗത്തുനിന്നും മഹല്ലിലുള്ള മിക്കപേരും പള്ളിയിൽ എത്തുന്നത്.
അസുമായെ നിക്കാഹ് ചെയ്യുന്ന വേളയിൽ മാടറുപ്പായിരുന്നു കബീറിന്റെ ജോലി. ഹലാലായി കന്നുകാലികളുടെ ജീവനെടുത്ത്, ഹലാലായിത്തന്നെ ഒജീനമായി കൊടുക്കുന്ന ഹലാൽ മാട്ടിറച്ചി എന്നാണ് കബീർ സ്വയം നൽകിയിട്ടുള്ള ഐ.എസ്.ഐ മാർക്ക്. ഹലാലായി തന്നെയാണോ ജീവനെടുക്കുന്നത് എന്നെങ്ങാനും ആരെങ്കിലും കുറുകെ കയറി ചോദിച്ചാൽ, അതിന് ആധികാരികമായി മറുപടി പറയാനുള്ള ഓത്തുപഠനമൊന്നും കബീറിനില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്. ഖുറാനിൽ പറഞ്ഞിരിക്കുന്ന അതേ നിയമങ്ങളൊന്നും മാടിനെ അറുക്കുന്ന ഖാദർമൈതീൻ പാലിക്കുന്നില്ല. എന്ന പരമമായ സത്യം കബീറിനുമറിയാം. ഒരു മൃഗത്തിന്റെ ജീവനെടുക്കുന്നതിന് മുൻപും പിൻപും പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്രയും മഹത്തരമാണ് ഇസ്ലാംമതം എന്നൊക്കെ ഖാദർമൈതീനുണ്ടോ അറിയുന്നു.
താടി നീട്ടി വളർത്തി പച്ചത്തൊപ്പി വച്ച അമീൻപിള്ള ഒരിക്കൽ മതവികാരിയാകാനൊന്ന് ശ്രമിച്ചു.
"കബീറേ മാടിനെ ഹലാലായിട്ടൊക്കെതന്നെയാണോ അറുക്കുന്നത്?"
ചോദ്യത്തിന് മറുപടിയായി കബീർ, ആരോടെന്നില്ലാതെ മൂന്നുവാക്കുകൾ മാത്രം മൊഴിഞ്ഞു.
"മനസ്സുള്ളോൻ തിന്നാ മതി"
പിന്നെ അങ്ങനെയൊരു ചോദ്യം ഇന്നേവരെ ഉയർന്നിട്ടില്ല.
ആഴ്ചയിൽ രണ്ട് ദിവസമാണ് ചന്ത. അടയ്ക്കാ, നാളികേരം, കുരുമുളക് , ഇഞ്ചി തുടങ്ങിയവ കൊണ്ടുവന്ന് കൊടുത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങിപ്പോകുന്ന ബാർട്ടർ എന്ന ധ്വരസ്വാമികളുടെ ചരക്ക് കൈമാറ്റ വ്യവസ്ഥയാണെന്ന് വേണമെങ്കിൽ പറയാം. അവിടെയുള്ള വിവിധ മതസ്ഥരിൽ ഭൂരിഭാഗവും മാംസഭുക്കുകളാണ്. ഈ രണ്ട് ദിവസങ്ങളിലും പോത്തിനേയോ , കാളയേയോ , മച്ചിപ്പശുവിനേയോ കശാപ്പുചെയ്യും. മച്ചിപ്പശുവായതുകൊണ്ട് ആർക്കും പരിഭവവുമില്ല. പക്ഷെ പശു ഗർഭിണിയാണെങ്കിൽ കളി പാളും. അത് മറ്റൊന്നും കൊണ്ടല്ല. ഒരു ഗർഭിണിയേയും ഗർഭാവസ്ഥയിലുള്ള അതിന്റെ കിടാവിനേയും കൊന്നതിലുള്ള സഹാതാപാഗ്നി അല്ലെങ്കിൽ സഹതാപ തരംഗം എന്നുതന്നെ പറയാം. ക്രിസ്ത്യാനിയെന്നോ, ഹിന്ദുവെന്നോ, മുസ്ലീമെന്നോ ഉള്ള വേർതിരിവ് അക്കാര്യത്തിലില്ല. എല്ലാവർക്കും ആ ഇരട്ടക്കൊല ഒരുപോലെ സഹതാപജന്യമാണ്. പക്ഷെ അതൊരു വിവാദമാക്കി നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനൊന്നും ആ കുഗ്രാമക്കാർക്ക് താൽപര്യമില്ല.
വിവാദങ്ങൾക്കൊന്നും അവർ ചെവി കൊടുക്കാറില്ല. മഹാകവി കുമാരനാശാന്റെ വീണപൂവ് മോക്ഷണമാണെന്നും ഉറുദു കവിയായ ഇക്ബാലിന്റെ ' കൊഴിഞ്ഞ റോസ' യിൽ നിന്ന് അടർത്തിയാതാണെന്നും, എന്നാൽ ഇക്ബാൽ ഷെല്ലിയുടെ 'അബലയായ റോസ'യിൽ നിന്നും ഞെട്ടോടെ ചൂണ്ടിയതാകാമെന്നും, ഇക്ബാൽ തന്റെ കൃതി പ്രസിദ്ധീകരിക്കുന്നതിന് അഞ്ചുവർഷം മുമ്പുതന്നെ ആശാൻ വീണപൂവ് പ്രസിദ്ധീകരിച്ചു എന്നും മറ്റുമുള്ള ബൃഹത്തായ വാദകോലാഹലങ്ങളൊന്നും ഇറച്ചി വാങ്ങാൻ വന്നവരോ, നിന്നവരോ, ഇറച്ചി കൊടുത്തവനോ അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല. അഥവാ അറിഞ്ഞാലും ' ഇറച്ചി വാങ്ങാൻ വരുന്ന ആശാനോ ഇക്ബാലോ ആണോ' എന്ന ഒറ്റചോദ്യത്തോടെ പ്രശ്നം തീരുകയും ചെയ്യും...
ഏത് വിവാദങ്ങളുടേയും ഗുണഭോക്താക്കൾ അതിന്റെ പ്രായോജകർ തന്നെയായിരിക്കും എന്ന സാമാന്യബോധത്തിലൂന്നിയ നിസ്സംഗതയായിരുന്നില്ല അത്. തികച്ചും നിരക്ഷരതയിൽ നിന്നുള്ള അജ്ഞത തന്നെയായിരുന്നു.
അവർക്ക് വിവാദത്തിനുപരി സൽകാരത്തിലാണ് താല്പര്യം. മുസ്ലീങ്ങളുടെ പെരുന്നാളായൽ അവർ മഹിഷമാംസം കൂടുതൽ വാങ്ങി പരിസരത്തുള്ള മറ്റുജാതിക്കാരേയും സൽക്കരിക്കും. ക്രിസ്തുമസ്സിന് സംഗതി തിരിഞ്ഞുവരും. ഓണത്തിന് കബീർ മൃഗങ്ങളെ അറുക്കില്ല. സദ്യകളിൽ കബീറും പങ്കുചേരും. ആ കുഗ്രാമത്തിലെ അയൽ കൂട്ടായ്മകളിൽ കുന്നായ്മകളില്ല. നാട്ടിലെ വിവാഹം, ജനനം, അടിയന്തിരം തുടങ്ങിയ ചടങ്ങുകളെക്കുറിച്ചുള്ള ജാതിരഹിതമായ സദ്വാർത്തകളിലാണ് അവർക്ക് താല്പര്യം.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമുള്ള ഒരു ദുർദിനത്തിലാണ് കബീർ പൊടുന്നനെ മയ്യക്കുഴി വെട്ടുകാരനായി മാറിയത്. അവിവാഹിതയും അയൽക്കാരിയുമായ ഒരു പതിനെട്ടുകാരി ആത്മഹത്യ ചെയ്ത അവരുടെ ദുർദിനത്തിൽ. കബർ കുഴിപ്പിക്കുന്നതിനുവേണ്ടി പള്ളി അയ്യത്ത് പോയ കബീറിന് , കുഴിയെടുക്കുന്ന അസനാരിന്റെ കൂട്ടാളിയാകേണ്ടിവന്നു. അസനാരിന്റെ പഴയ കൂട്ടാളി പേർഷ്യയിൽ പോയതുകാരണം കബീർ പുതിയ സഹായിയായി മാറി. മാസങ്ങൾ കഴിഞ്ഞപ്പോൾ അസനാരും മയ്യത്തായി.' ഇന്നാ ലില്ലാഹി വ ഇന്ന ഇലൈഹി' എന്ന് ഓതിക്കൊണ്ട് കബീർ അസനാരിന്റെ കബർ ഒറ്റക്ക് തന്നെ കുഴിച്ചു.
മട്ട( തള്ളക്കുഴി) ഏഴടി നീളം, മൂന്നടി വീതി, അരയടി ആഴം. ( മരിച്ചത് തടിയനാണെങ്കിൽ ആളുടെ വീതിയനുസരിച്ച് കുഴിയുടെ വീതിയും കൂടും) പുള്ളക്കുഴി. മൂന്നര അല്ലെങ്കിൽ പരമാവധി നാലടി ആഴം.
ഖിബിലയ്ക്ക് അഭിമുഖമായി കുഴി കുഴിക്കാൻ പാടില്ല. മയ്യത്തിന്റെ മുഖം കഫത്തുണി അഴിച്ചശേഷം ഖിബിലയുടെ ഭാഗത്തേക്ക് തിരിച്ചു വയ്ക്കണം. കാര്യങ്ങളെല്ലാം ഒറ്റ കബറടക്കൽ കൊണ്ട് മൂസല്ലയിൽ പതിച്ച മക്ക മദീനച്ചിത്രം പോലെ വ്യക്തമായി തെളിഞ്ഞു.
അങ്ങനെ കബീർ കബർ വെട്ടുകാരനായി രൂപപ്പെട്ടു. എന്തായിരുന്നു അതിന് പിന്നിലെ ചേതോവികാരം?
മരണങ്ങളുടെ എണ്ണം സാമാന്യേ കുറവല്ലാത്തതുകൊണ്ട് കബർ കുഴിക്കുന്നവർക്ക് നല്ല വരുമാനമാണ്. അല്ലാഹു അവർക്ക് നാൾക്കുനാൾ നല്ല ബർക്കത്ത് കൊടുക്കുമാറാകട്ടെ, എന്നാരും പ്രാർത്ഥിക്കാറില്ല. എന്നാലും കാര്യങ്ങൾ കൃത്യമായി നടന്നുകൊള്ളും. കുഴിയെടുപ്പും, ശവപ്പെട്ടി കച്ചവടവും , സംസ്കാര സാമഗ്രിക്കച്ചവടവുമൊക്കെ ഏത് നിരീശ്വരവാദിക്കും ധൈര്യപൂർവ്വം നടത്താം. കാരണം പ്രാർത്ഥനയുടെ ആവശ്യമേയില്ല.
പക്ഷെ കുഫ്രിയത്തായി മരണപ്പെട്ട ജനാസകൾക്ക് കുഴിവെട്ടുമ്പോൾ കബീറിന്റെ മനസ്സിന് വല്ലാത്ത നൊമ്പരം അനുഭവപ്പെടാറുണ്ട്. വിവാഹപ്രായം കഴിയുമ്പോൾ ആത്മഹത്യചെയ്യുക എന്ന പ്രവണത വല്ലപ്പോഴുമൊക്കെ ആ മഹല്ലിൽ നടക്കുന്നുണ്ട്.പള്ളി അയ്യത്തുള്ള മൂന്ന് വീടുകളിൽ അങ്ങനെ സംഭവിച്ചു. മുസ്ലീങ്ങൾക്ക് ആത്മഹത്യ ഹറാമാണ്. ഹിൽമ് അറിയാത്തതിന്റെ കുറവ്. എന്നാണ് മായിൻസേട്ടും മറ്റുചിലരും വാദിക്കുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയായതുകൊണ്ട് വിവാഹപ്രായമാകുമ്പോൾ നിക്കാഹ് നടക്കില്ലായെന്ന ധാരണയിൽ ആത്മഹത്യചെയ്യുന്നതായിരിക്കാം എന്ന് വാദിക്കുന്നവരുമുണ്ട്.
മഹല്ലുകാർ ഉദ്ബോധനത്തിനായി നബിദിനത്തിലും, പെരുന്നാളുകളിലും ഹദീസുകൾ സംഘടിപ്പിച്ചു. എന്നിട്ടും ഫലം തഥൈവ. മായിൻ സേട്ടിന്റെ നേതൃത്വത്തിലും ചെലവിലുമാണ് ഹദീസുകൾ പൊടിപൊടിക്കുന്നത്. മായിൻ സേട്ടിന്റെ ബാപ്പ ലുക്ക്മാൻ സേട്ട് ഹാജിയാണ് ഇരുപത് വർഷങ്ങൾക്കുമുൻപ് പള്ളിക്ക് ഒരേക്കർ സ്ഥലം കൊടുത്ത് നൂറുപേർക്ക് ജുംഅ കൂടാൻ പറ്റിയ ഓട് മേഞ്ഞ ഒരു പള്ളി നിർമ്മിച്ച് കൊടുത്തത്. അവർ തമിഴ്നാട്ടിൽ നിന്ന് അവിടെ കുടിയേറിയവരാണ്. ലുക്ക്മാൻ സേട്ട് പള്ളിയോട് ചേർന്നുതന്നെ മീസാൻ കല്ലിനടിയിലായ ചരിത്രത്തിന് ഏറെ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും മഹല്ലിലുള്ള എല്ലാവർക്കും മായിൻ സേട്ടിനോടുമുണ്ട്. കാലാന്തരത്തിൽ പരിസരത്തുള്ള ഒരേക്കർകൂടി പലരിൽ നിന്നും വാങ്ങിച്ചേർത്ത് പള്ളിപ്പുരയിടം വിസ്തൃതമാക്കി.
മഹല്ലുകാരുടെ പ്രിയങ്കരനായി തീർന്ന കബീറിന്റെ ഇരട്ട ജോലിയിൽ ആർക്കും വലിയ അതൃപ്തിയൊന്നും ഇല്ലായിരുന്നു. യഥാർത്ഥത്തിൽ, ചിലദിവസങ്ങളിൽ കുഴിവെട്ടും കന്നുകാലിയെ വെട്ടും ഏകകാലീകത്വമായി നിർവ്വഹിക്കാൻ കബീറിന് ഏറെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നു. എന്നിട്ടും രണ്ട് കർമ്മങ്ങളും കബീർ തന്റെ ജീവിതത്തിൽ പരസ്പര പൂരകങ്ങളാക്കിത്തന്നെ പിടിച്ചു നിന്നു.
വിവാഹത്തോടെ ഏറെ മൗനിയായി കാണപ്പെട്ടുവെങ്കിലും, കബീർ, പിതാവാകുന്നതുവരെ സൗമ്യനും ശുദ്ധനുമായൊരു കബർ വെട്ടുകാരനും ഇറച്ചിവെട്ടുകാരനുമായിരുന്നു. മകൾ ഹാജിറ ജനിച്ചതോടെ കബീറിന്റെ സ്വഭാവത്തിലും പ്രവൃത്തികളിലും വൈശിഷ്ട്യങ്ങൾ ഏറിവന്നു. മകളെ ആരും എടുക്കുന്നതുപോലും കബീറിന് ഇഷ്ടമല്ല. കബീർ അല്ലെങ്കിൽ അസുമ, ഇരുവരുമല്ലാതെ മറ്റാരെങ്കിലും ഹാജിറയെ തൊട്ടാൽ കബീർ അപ്പോൾ കോപിഷ്ടനാകും.
"കന്നാലിയുടെ ചോര കണ്ടുകണ്ട് കന്നാലിയുടെ സ്വഭാവം." പറഞ്ഞത് മറ്റാരുമല്ല. അസുമയുടെ ഉമ്മയായ സ്വന്തം അമ്മാവി തന്നെയായിരുന്നു. ഹാജിറയെ ഓതിപഠിപ്പിക്കാനായി വീട്ടിൽതന്നെ, സ്ത്രീയായ ഒരു ഹിൽമാളിയെ വരുത്തി. ഹാജിറയെ സ്കൂളിൽ കൊണ്ടുപോകാനായി കബീർ ഒരു സൈക്കിൾ വാങ്ങി. സ്കൂൾ ദിവസങ്ങളിൽ കബീർ മകളെ സ്കൂളിൽ കൊണ്ടുപോകുകയും കൃത്യസമയത്ത് മടക്കിക്കൊണ്ട് വരുന്നതും പതിവാക്കിമാറ്റി. മകളെ സ്കൂളിൽ എത്തിച്ച ശേഷമെ ചന്തദിവസങ്ങളിൽ ഇറച്ചി വില്പന ആരംഭിക്കുകയുള്ളു. ഇങ്ങനെയുള്ളൊരു പിതാവിനെ കണ്ട് നാട്ടുകാർ അത്ഭുതം കൂറി.
കബീർ, കബർ കുഴിക്കുന്ന കാര്യത്തിലും സ്വയം പുതുമ കണ്ടെത്തി. മയ്യത്തായതിന് ശേഷം മയ്യക്കുഴി നിർമ്മിക്കുക എന്നതിന് പകരം, മയ്യക്കുഴി നിർമ്മിച്ചതിന് ശേഷം മയ്യത്തായാൽ മതി എന്ന ആധുനിക കബർ സമ്പ്രദായം നിലവിൽ വരുത്തി. എപ്പോഴും ഒരു റെഡിമേയ്ഡ് കബർ റെഡി. മുൻകൂറായി എപ്പോളും പള്ളി അയ്യത്ത് ഒരു കബർ റെഡിയായിരിക്കും. അതിന് കാരണമായി കബീർ പറഞ്ഞത്, കുഴിവെട്ടും മാട് വെട്ടും കൂടി ഒരുപോലെ നിർവ്വഹിക്കാൻ ചിലദിവസങ്ങളിൽ കഴിയാതെ വരും എന്നാണ്. ചിലപ്പോൾ കബീർ കാലികളെ വാങ്ങാനായി തമിഴ്നാട് അതിർത്തിയിലുള്ള നയനാപുരത്തായിരിക്കും. ആൾ വരുന്നതുവരെ കാത്തിരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
കുഴിച്ച കബറുണ്ടെങ്കിൽ ആരെങ്കിലും മയ്യത്തായാൽ കബീറിനെ കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. അന്വേഷിച്ച് ആളുകൾ ബുദ്ധിമുട്ടുകയും വേണ്ട. എന്നാൽ അതല്ല, മരണംവരെ മറ്റാരുടേയും ഒരുതുള്ളി വിയർപ്പിന്റെ ഫലം ഹറാമായ രീതിയിൽ സ്വീകരിക്കാത്ത കബീർ, മരിച്ചുകഴിഞ്ഞാലും ആരുടേയും വിയർപ്പൊഴുകാതെ താൻ കുഴിച്ച കുഴിയിൽ തന്നെ സ്വസ്ഥമായി കിടക്കണമെന്ന ചിന്തയാണ് അതിന്റെ പിന്നിലെന്ന് ചില കൊഞ്ഞാണന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
എന്തായാലും പള്ളി അയ്യത്ത് മുൻകൂറായി എപ്പോഴും ഒരു കബർ, അടുത്ത ഭാഗ്യവാൻ ആര് എന്ന ചോദ്യവുമായി കാത്തു കിടക്കാൻ തുടങ്ങി. ആരെങ്കിലും മയ്യത്തായാൽ കുഴിവെട്ടുകാരനെ തേടിപ്പായുന്ന കാലം മാറി. കബീർ സ്ഥലത്തില്ലെങ്കിൽ ഉള്ള കുഴിക്ക് വേണ്ട മിനുക്ക് പണികൾ നടത്തി മരിച്ചവരുടെ ബന്ധുക്കൾ ആരെങ്കിലും കബർ അടക്കിക്കൊള്ളും. കുട്ടികളാണ് മരിക്കുന്നതെങ്കിലും അല്പം വലിയ കബറിൽ അടക്കുന്നതിൽ കുഴപ്പമില്ല എന്നാണ് കബീറിന്റെ പക്ഷം.
"മയ്യത്തിന്റെ കബറ് വിശാലമാക്കിക്കൊടുക്കാൻ നമ്മൾ എപ്പോഴും പ്രാർത്ഥിക്കുന്നവരല്ലെ ഉസ്താദേ", എന്നൊരു ചോദ്യം ആൾക്കാരുടെയിടയിൽ വച്ച് ഒരിക്കൽ കബീർ ഉസ്താദിന്റെ മുന്നിലേക്ക് വീശിക്കൊടുത്തു.
"അത് ശരിയാണ്" എന്നായിരുന്നു ഉസ്താദിന്റെ മറുപടി.
ഉസ്താദിന് കാര്യം ശരിയാണെങ്കിൽ പിന്നെ മഹല്ലുകൾക്ക് എന്താണ് ചേതം?
കബർ കുഴിച്ചതിന്റെ കൂലി മയ്യത്ത് അടക്കിക്കഴിഞ്ഞാൽ കൃത്യമായി മയ്യത്തിന്റെ ബന്ധുക്കൾ, ചോദിക്കാതെ തന്നെ കബീറിനെ ഏൽപ്പിക്കുകയും ചെയ്യും. കാര്യം ഖൈറ്!
ഇങ്ങനെ കബർ വെട്ടുന്നത് മതവിരുദ്ധമാണെന്ന് നബിദിന വേളയിലെ ഹദീസിൽ, അൽ മുബാറക് അൽ മുസൈനി മുസ്ലിയാർ എടുത്തങ്ങ് വീശി. ഒപ്പം യുദ്ധത്തിൽ കൂട്ടമായി മരിക്കുന്ന ജനാസകളെ ഭൂമിദാനം ചെയ്യുന്നതിന് അളവോ, ദിക്കോ , ദിക്ക്റോ നോക്കേണ്ട കാര്യമില്ലെന്നും എഴുന്നള്ളിച്ച് അദ്ദേഹം വന്ന ദിക്കിലൂടെ യാത്രയായി.
അടുത്ത വെള്ളിയാഴ്ചതന്നെ ഖത്തീബ്, കബീറിന്റെ 'മുൻകൂർ കബറിന് ' ഒരു പരിഹാര ക്രിയ നടത്തി. കബർ കുഴിക്കുന്നവന് അള്ളാഹു നൽകുന്ന പ്രതിഫലം ഖുത്തുമ ഓതുന്നവനേക്കാളും ഇമാമിനേക്കാളും ഏഴിരട്ടി കൂടുതലാണെന്ന് ഖുത്തബയിൽ തന്നെയങ്ങ് കുത്തിത്തിരുകി. ആയതിനാൽ ആ പ്രവൃത്തി ചെയ്യുന്നവനോട് അള്ളാഹു എപ്പോഴും സമരസപ്പെട്ടിരിക്കും. അതോടെ കാര്യം മാലിഷ്! എല്ലാ ചന്തദിവസവും രണ്ട് കിലോ മാംസമാണ് ഉസ്താദും കുടുംബവും ഖൈറായിട്ട് അകത്താക്കുന്നത്. അത്രയെങ്കിലും പറയാതിരുന്നാൽ...?
എന്നാൽ ഇങ്ങനെ മുൻകൂർ കുഴിവെട്ടിയിടുന്നത് ശരിയല്ല എന്ന് ഭാര്യയായ അസുമ പലപ്പോഴും ഓർമ്മിപ്പിച്ചിട്ടുണ്ട്. ആര് കേൾക്കാൻ? ഇങ്ങനെയുള്ള മുൻകൂർ കുഴികൾ കബീറിന്റെ ശരീര അളവിനാണ് കുഴിക്കുന്നതെന്ന കാര്യം അസുമക്കും അറിയില്ലായിരുന്നു.
മകൾ ഹാജിറ ഒൻപതാം ക്ലാസ്സ് വരെ പോയപ്പോഴേക്കും വയസ്സറിയിച്ചു. അതോടെ പഠനം നിലച്ചു. അതോടെ ചന്തദിവസം മാത്രമായി കബീറിന്റെ പുറത്തേക്കുള്ള സർക്കീട്ട്. ചന്തദിവസം മടങ്ങിവന്നാൽ ഹാജിറയെകുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് അസുമ വിവശയാകും. മറുചോദ്യങ്ങളെന്തെങ്കിലുമുണ്ടായാൽ അസുമക്ക് അടി ഉറപ്പ്.
"ഞാൻ ചന്തയിൽ പോയ സമയം തൊട്ട് ഹാജിറ എന്ത് ചെയ്യുകയായിരുന്നു?"
"അവളെന്തോ ഖുർആൻ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു " ഭവ്യമായി അസുമ മറുപടി നൽകും.
"അവളെ ഇന്ന് വഴിയേ പോയ അപരിചിതർ ആരെങ്കിലും നോക്കിയോ?"
"കണ്ടില്ല"
"അവൾ മുറ്റത്തിറങ്ങിയോ? "
"ഇല്ല"
തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ക്ഷമയുടെ നെല്ലിപ്പലകയിൽ അസുമയെ കൊണ്ടെത്തിക്കും. പക്ഷെ ആ നെല്ലിപ്പലക ദൃഢമായതുകൊണ്ട് അവരുടെ ബന്ധം സുദൃഢമായിത്തന്നെ വീണ്ടും തുടരും. ഹാജിറയ്ക്ക് പ്രായം വളരെ കുറവായതിനാൽ പുയാപ്ലയെ തെരക്കുന്നത് അനുചിതമാണെന്നും കബീറിനറിയാം.
ഒരിക്കൽ ഉസ്താദും മറ്റു രണ്ടുപേരും ഫിത്തർസക്കാത്തിന്റെ പിരിവിനായി വീട്ടിൽ വന്നപ്പോൾ ഹാജിറയോട് കമ്മറ്റിക്കാരനായ ഒരുവൻ അറബ് പഠനത്തെക്കുറിച്ച് എന്തോ ചോദിച്ചു. അതറിഞ്ഞ കബീർ ഇഷാഹ് നമസ്കാരത്തിന് മുമ്പേ പള്ളിയിലെത്തി ഖത്തീബിനോട് കണക്കറ്റ് കയർത്തു. കാര്യം പിടികിട്ടാതെ ഖത്തീബ് കൈമലർത്തി.
"മൊഞ്ചുള്ള പെൺമക്കളാണെന്നു കരുതി തന്തമാർക്ക് ഇങ്ങനെയും ഹാലിളകുമോ? " കബീർ പോയശേഷം ഉസ്താദ് സ്വഗതം പോലെ പറഞ്ഞു.
അടുത്ത ജുംഅയ്ക്ക് ഖുത്തുബ കഴിഞ്ഞയുടൻ മായിൻ സേട്ട് എഴുന്നേറ്റ് വന്ന്, എന്തോ ബോധിപ്പിക്കാനായി സലാം പറഞ്ഞ് സംസാരിച്ചു തുടങ്ങി. എന്തായിരിക്കാം ആ ശ്രേഷ്ഠൻ സംസാരിക്കാൻ പോകുന്നതെന്ന് അറിയാനായി പള്ളിക്കുള്ളിലിരുന്ന സർവ്വരും കൺപോളകൾ വികസിപ്പിച്ച് ചെവി കൂർപ്പിച്ചു. കാര്യം മറ്റൊന്നുമായിരുന്നില്ല. ഹാജിൻ സേട്ട് ഹജ്ജിന് പോകുന്നു. എല്ലാവരും തൗബ ചെയ്യണം. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുത്ത് കൊടുക്കണം. മായിൻ സേട്ട് അറിഞ്ഞോ അറിയാതെയോ കബീറിനോട് ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് പൊറുക്കേണ്ട കാര്യവുമില്ല.
മായിൻ സേട്ടും ഭാര്യയും മാത്രമാണ് അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരതാമസക്കാർ. കണക്കറ്റ സ്വത്ത്. പ്രായമറിയിച്ചയുടൻ ഏകമകളെ വളരെ ദൂരത്തുള്ള ഒരു ഖത്തീബിന് നിക്കാഹ് ചെയ്തയച്ചു. ഭാര്യക്ക് തളർവാതം പിടിപെട്ടതിനാലാണ് ഇരുവരും ഒരുമിച്ചുള്ള ഹജ്ജ് യാത്രക്ക് ഭംഗം വന്നതെന്നും പ്രസംഗത്തിനിടയിൽ മായിൻ സേട്ട് പരാമർശിച്ചു. ഭാര്യ ഇപ്പോൾ ഭാര്യാഗൃഹത്തിൽ പ്രത്യേക ഉഴിച്ചിൽ ചികിത്സയിലാണ്. സേട്ട് തിങ്കളാഴ്ച രാവിലെ പട്ടണത്തിലേക്ക് പോയി അവിടുന്ന് ട്രയിനിൽ ബോംബെക്ക് പോകും. ബോംബെയിൽ നിന്നാണത്രെ യാത്ര. മൂന്ന് ദിവസത്തിനുള്ളിൽ കാണാൻ പറ്റുന്നവരെയൊക്കെ കാണണം. പരമാവധി ആളുകളെ കണ്ട് പൊരുത്തം വാങ്ങണം. എന്തായാലും സേട്ടിന് ഇനിയുള്ള രണ്ട് മൂന്ന് ദിവസങ്ങൾ പിടിപ്പത് പണിയായിരിക്കും.
അന്ന് ജുംഅ പിരിഞ്ഞതിന് ശേഷം കബീർ മാട് വാങ്ങാനായി രണ്ട് കുടികളിൽ പോയി. പിറ്റേ ദിവസം മാടുകൾക്ക് പള്ളി അയ്യത്തുനിന്ന് തന്നെ രണ്ട് വല്ലം പുല്ല് ശേഖരിച്ചു. അപ്പോഴാണ് നാല് മാസങ്ങൾക്ക് മുൻപ് കുഴിച്ച കബറിൽ കബീറിന്റെ ശ്രദ്ധ പതിഞ്ഞത്. വെട്ടിയ കുഴി പടപ്പൻ പുല്ലും , പാപ്പറയും, പൂച്ചെടിയും കയറി ഭൂരിഭാഗവും മുടിക്കിടക്കുന്നു. കുഴിയിൽ വല്ല കുറുക്കനോ നായയോ നിത്യതയിലേക്ക് വന്ന് ശയിച്ചിട്ടിട്ടുണ്ടോ എന്നറിയാനായി പുല്ലിരുമ്പുകൊണ്ടു തന്നെ വകഞ്ഞുമാറ്റി നോക്കി. ഭാഗ്യം ആരും വന്നിട്ടില്ല. അങ്ങനെ ജോലികളിൽ വ്യാപൃതനായി മൂന്ന് ദിവസം കൂടി തന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ നിന്ന് കബീറിന് നഷ്ടമായി.
കബീറിന്റെ വീട്ടിലും സേട്ട് യാത്ര ചോദിക്കാൻ വരുമെന്ന തോന്നൽ യഥാർത്ഥത്തിൽ രൂപപ്പെട്ടത് ജുംഅ ദിവസം തന്നെയായിരുന്നു. പള്ളി പിരിഞ്ഞ് സ്ഥിരമായി കബീറിന്റെ വീടിന്റെ സമീപത്തുകൂടി പോകുന്ന സേട്ട് പൊരുത്തത്തിനായി വരുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു കബീറും ഭാര്യ അസുമയും. എന്നാൽ ഞായറാഴ്ച വൈകുന്നേരം വരെ സേട്ടിനെ ആ വഴി കണ്ടില്ല. ശനിയാഴ്ച രാത്രി വരുമെന്ന് കബീർ പ്രതീക്ഷിച്ചെങ്കിലും വന്നില്ല. മുൻകാലങ്ങളിൽ യുവതികൾ ആത്മഹത്യചെയ്ത പള്ളി അയ്യത്തുതന്നെയുള്ള രണ്ട് വീടുകളിൽ കഴിഞ്ഞ രാത്രികളിൽ സന്ദർശനം നടത്തിയ വിവരം കബീർ ഞായറാഴ്ചയാണ് അറിഞ്ഞത്. സമയത്തിന്റെ കുറവുകൊണ്ട് പാവം രാത്രിയും പകലും ഒരുപോലെ യാത്രചോദിക്കാനായി ഓടുകയാണ്. നല്ല മനുഷ്യൻ. കണ്ട മഹല്ലുകാരെല്ലാം ആദരവിൽ പൊതിഞ്ഞ സ്നേഹത്തോടെ പരസ്പരം പറഞ്ഞു.
ഞായറാഴ്ച ഇഷാഹ് നമസ്കാരവും കഴിഞ്ഞ് ദുഅയും പരസ്പരാലിംഗനങ്ങൾക്കും ശേഷം സേട്ട് എല്ലാവരോടും സലാം പറഞ്ഞ് പിരിഞ്ഞു. തന്റെ വീട് ഉപേക്ഷിക്കില്ല എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു കബീറും ഭാര്യയും. കതകിൽ തട്ടുന്ന ശബ്ദം കേട്ട് കബീർ കതക് തുറന്നു.
" അസ്സാലുമു അലൈയ്ക്കും"
കബീറിന്റെ മുഖം വ്യക്തമായതോടെ സേട്ട് സലാം പറഞ്ഞു. കേട്ടയുടൻ കബീർ സലാം മടക്കി സേട്ടിനെ അകത്തേക്ക് ക്ഷണിച്ചിരുത്തി. മകൾ ഹാജിറയോടൊപ്പം ഉറങ്ങാൻ കിടന്ന അസുമ എഴുന്നേറ്റ് വന്ന് അടുക്കളയും ഇറയവും വേർതിരിക്കുന്ന വാതിലിലൂടെ തലമുടി നേര്യത് കൊണ്ട് മറച്ച ശിരസ്സ് പുറത്തേക്ക് നീട്ടി സേട്ടിനെ നോക്കി. വെള്ളമുണ്ടും ഫുൾക്കൈ സിൽക്ക് ജുബ്ബായും ധരിച്ചിരിക്കുന്ന സേട്ടിന്റെ വെളുത്ത രോമങ്ങളുള്ള മുഖം ഓട്ട് ചിമ്മിനി വിളക്കിന്റെ പ്രകാശത്തിലും ഉന്നതകുലജാതന്റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു. ആര് എന്ത് പറയണമെന്നറിയാത്തതുപോലെ അല്പനേരം എല്ലാവരും മൗനത്തിലാണ്ടു. പള്ളിപ്പുരയിടത്തിന്റെ പടിഞ്ഞാറേ മൂലയിലുള്ള കാഞ്ഞിര മരത്തിലിരുന്ന ഒരു റുഹാനിക്കിളിയുടെ നീണ്ട കൂകൽ അവരുടെ മൗനത്തെ ഭഞ്ജിച്ചു.
"യാത്ര അറിഞ്ഞുകാണുമല്ലോ?" സേട്ട് മൂവർക്കുമിടയിലെ മൂകതയ്ക്ക് വിരാമമിട്ടു.
"ജുംഅയ്ക്ക് പള്ളിയിലുണ്ടായിരുന്നു" കബീർ നിസ്സംഗതയോടെ പറഞ്ഞു.
"കുറേയധികം ആൾക്കാരെ കാണാനും യാത്രപറയാനും പറ്റി. ഹജ്ജിന് ഇവിടെന്ന് ഞാൻ മാത്രമെ ഇപ്പോഴുള്ളു. അതുകൊണ്ട് ഒറ്റക്ക് ഇനി ബസ്സിൽ കയറി രാവിലെയങ്ങ് പുറപ്പെട്ടാൽ മതി. രാവിലെ നാലേകാലിനുള്ള ബസ്സിന് പട്ടണത്തിലേക്ക്. അവിടെന്ന് ബോംബേക്ക് ട്രയിനിൽ. രണ്ടു ദിവസം കഴിഞ്ഞാണ് ബോംബേന്ന് യാത്ര" സേട്ട് പറഞ്ഞു നിർത്തി.
"ഉം.." വിനയാന്വിതനായി കബീർ കബീർ മൂളി.
" അസുമയ്ക്ക്, സുഖം തന്നെയാണല്ലോ?" ഔപചാരികത എന്ന പോലെ സേട്ട് വാതിലിനുള്ളിലേക്ക് കാക്കയെപ്പോലെ തലചരിച്ച്, കുശലമന്വേഷിച്ചു.
"ഉം.." കബീറിന്റെ അതേ താളത്തിലും സ്ഥായിയിലും അസുമയും പ്രതിവചിച്ചു.
"പൊരുത്തം വാങ്ങാൻ കൂടിയാണ് വന്നത്. കബീറിന്റെ ഈ വീടുമുതൽ അസുമായുടെ വീടുവരെയുള്ള ആറ് വീട്ടുകാരും എനിക്ക് ബന്ധക്കാർ തന്നെയാണ്. എന്നും അവരോടൊക്കെ മിണ്ടിയും പറഞ്ഞുമാണല്ലോ ഞാൻ പള്ളിയിലേക്ക് വരുന്നതും പോകുന്നതും. അതുകൊണ്ട്... വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ എന്നിൽ നിന്നുണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ പൊറുത്തുതരണം. 'ജനത്തുൽ മുഅല്ല' യിൽ എന്നെയും കബറടക്കപ്പെടേണമെ എന്ന നിയത്തോടെയാണ് ഞാനും പോകുന്നത്. വീണ്ടും കാണാനുള്ള വിധിയൊക്കെ ഇനി അള്ളാഹുവിന്റെ കൈയ്യിലാണ്"
അതു കേട്ടമാത്രയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അസുമ കിടക്കറയിലേക്ക് പോയി. സന്ദർഭത്തിന്റെ ഗൗരവത്തിൽ സേട്ടിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം സസൂക്ഷ്മം അപഗ്രഥിക്കാനുള്ള പ്രകാശ പ്രകീർണ്ണനമൊന്നും ആ മുറിയിൽ ഇല്ലായിരുന്നു. സേട്ടിൽ പതിഞ്ഞിരുന്ന കബീറിന്റെ കണ്ണുകൾ അസുമയുടെ പിന്നാലെ പാഞ്ഞ് പിൻവാങ്ങി.
"സേട്ടിനെപ്പോലെ ഈ മഹല്ലിനെ സ്നേഹിച്ചിരുന്ന ഒരു വ്യക്തി അങ്ങളെ പെട്ടെന്ന് ഞങ്ങളെ പിരിഞ്ഞുപോകുന്നത് അസുമയെപ്പോലുള്ള ദുർബ്ബലഹൃദയർക്ക് സഹിക്കാൻ കഴിയില്ല " കബീറിന്റെ ശബ്ദത്തിന് ആശയമനുസരിച്ചുള്ള ഭാവതീവ്രത ഇല്ലായിരുന്നു.
"അത് ശരിയാണ്...! " സേട്ട് ഉള്ള പ്രകാശത്തിൽ കബീറിന്റെ കണ്ണുകളിലേക്ക് സൂക്ഷ്മമായി നോക്കി.
"എന്റെ ബാപ്പായും ഉമ്മായും സഹോദരിയും ഈ വീട്ടിൽ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവരും ഇതുപോലെ പൊട്ടിക്കരയുമായിരുന്നു" കബീറിന്റെ ആ വാക്കുകൾ കേട്ടപ്പോൾ സേട്ടിന്റെ മുഖത്ത് ഒരു സംശയഭാവം മിന്നി മറഞ്ഞു.
"സഹോദരിയുടെ മയ്യത്തിനെ പിന്നെ കുത്തീക്കീറി പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ അന്നങ്ങ് ചെലവഴിച്ച പണവും സ്വാധീനവുമൊക്കെ ഈ മഹല്ലിലുള്ള ആരും മറക്കില്ല. അതുപോലെ എന്തെല്ലാം കാര്യങ്ങൾ.."
കബീറിന്റെ നല്ല വാക്കുകൾക്ക് നന്ദി സൂചകമായി സേട്ട് ദീർഘമായൊന്ന് നിശ്വസിച്ചു.
സഹോദരി ആമിനയുടെ കുഫ്രിയത്തായ ആത്മഹത്യയാണ് ഉമ്മായെ തളർത്തിയത്. ഉമ്മായും സഹോദരിയും പോയതോടെ ബാപ്പായും പിന്നെ താമസിച്ചില്ല. കബീറിന്റെ വാക്കുകൾ പൂർണ്ണമായപ്പോൾ ഇരുകണ്ണുകളിലും ഉരുണ്ടുകൂടിയ രണ്ട് അശ്രുകണങ്ങൾ ചിമ്മിനി പ്രകാശത്തിൽ മുത്തുകൾ പോലെ തിളങ്ങുന്നതായി സേട്ടിന് തോന്നി.
"ങാ.. അതെല്ലാം അള്ളാഹുവിന്റെ ഏകൽ" സേട്ട് കബീറിനെ ആശ്വസിപ്പിക്കാനെന്നവണ്ണം ഉരുവിട്ടു.
"ശരിയാണ് അള്ളാഹു എല്ലാം കാണുന്നവനും അറിയുന്നവനുമാണല്ലോ" കബീറും ശബ്ദം താഴ്ത്തി പറഞ്ഞു.
" എന്നാൽ ഞാനിറങ്ങട്ടെ. രാവിലെ മൂന്നുമണിക്കെഴുന്നേല്ക്കണം." സേട്ട് പോകാനായി ഇരുന്ന ഇരുപ്പിൽ ഒന്നിളകി.
ശരി. അങ്ങനെ തന്നെയാകട്ടെ. അസുമ കണ്ണീർ പൊരുത്തമാണ് തന്നിരിക്കുന്നത്.അതിൽ കൂടുതൽ എന്തുവേണം. "പിന്നേ... ഞാൻ എല്ലാം പൊരുത്തപ്പെട്ടുകഴിഞ്ഞു.."
കബീറിന്റെ പ്രതികരണത്തിൽ സേട്ടിന് സന്തോഷം തോന്നി. സേട്ട് കൊണ്ടുവന്ന രണ്ട് സെല്ല് നിറച്ച എവറെഡി ടോർച്ച് മുന്നിലെ പ്ലാസ്റ്റിക് വരിഞ്ഞ ടീപ്പോയിൽ നിന്നും വലതുകൈയിലെടുത്ത് എഴുന്നേറ്റു. ഒപ്പം കബീറും.സേട്ട് കൈയിലിരുന്ന ടോർച്ച് വെറുതെ പുറത്തേക്കൊന്ന് പ്രകാശിപ്പിച്ചു. അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശം വളരെ നേർത്തതായിരുന്നു. അതുകൊണ്ട് കബീർ പറഞ്ഞു:
" അള്ളോ ടോർച്ചിന് തീരെ പ്രകാശമില്ലല്ലോ സേട്ടേ. നിക്കീം. പള്ളി അയ്യം കടത്തിവിട്ടുതരാം. കൊടുങ്കാട് പിടിച്ചു കിടക്കുന്നതുകൊണ്ട് പാമ്പുകിടന്നാപ്പോലും കാണില്ല. ദാ വരുന്നു" പെട്ടെന്ന് കിടപ്പുമുറിയിലേക്ക് കയറി കബീർ മൂന്ന് സെല്ല് നിറച്ച ഒരു ടോർച്ചുമായി വന്നു.
ഇരുവരും പുറത്തിറങ്ങി. കബീർ കതക് പുറത്തുനിന്ന് വലിച്ചുചാരി. അവർ ഇരുവരും പള്ളിപ്പുരയിടത്തിനോട് ചേർന്ന നാലടി വഴിയിലേക്ക് നടന്ന് കയറി. കബീറിന്റെ ടോർച്ചിലെ തള്ളപ്രകാശവും അതിന്റെയൊരു പേരക്കുഞ്ഞുപോലെ ഒപ്പം സഞ്ചരിക്കുന്ന മറ്റൊരു കുഞ്ഞുപ്രകാശവും അകന്നകന്ന് പള്ളിപ്പുരയിടത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോയി. കബീർ നാല് മാസങ്ങൾക്ക് മുൻപ് കുഴിച്ചിട്ടിരുന്ന കബറും ആ ഭാഗത്തുതന്നെയായിരുന്നു. റൂഹാനിക്കിളി അപ്പോഴും മരണത്തെ മാടിവിളിക്കുന്ന രീതിയിൽ കൂകുന്നുണ്ടായിരുന്നു.
പിറ്റേദിവസം, മായിൻ സേട്ട് മക്കയിലേക്ക് പുറപ്പെട്ട തിങ്കളാഴ്ച, രാവിലെ തന്നെ കബീർ പള്ളിപ്പറമ്പിൽ കയറി മുമ്പ് നിർമ്മിച്ച കാടും പടലും പിടിച്ചുകിടന്ന കുഴി പൂർണ്ണമായി മൂടി. പകരം സമീപത്തായി പുതിയൊരു കുഴി വെട്ടാൻ തുടങ്ങി.
അപ്പോൾ അതുവഴിവന്ന ഉമ്മറ് വിളിച്ചുചോദിച്ചു:
" രണ്ട് പേര് ആരൊക്കെയാ മരിച്ചത് കബീറേ?"
" ഹേയ് ആരും മരിച്ചില്ല. നാല് മാസത്തിന് മുമ്പ് വെട്ടിയ കുഴി മുഴുവനും കാടും മണ്ണും മൂടി. അതുകൊണ്ട് മറ്റൊന്ന് കുഴിക്കാമെന്ന് വിചാരിച്ചു"
മായിൻ സേട്ട് നീയത്ത് വച്ചതുപോലെ തന്നെ സംഭവിച്ചു. ഹജ്ജിനു പോയി മടങ്ങി വരേണ്ട സമയം കടന്നപ്പോൾ നബിതിരുമേനിയുടെ കുടുംബക്കാർ അടക്കപ്പെട്ട ജന്നത്തിൽ മുഅല്ല കബറിസ്ഥാനിൽ സേട്ടും കബറടക്കപ്പെട്ടുവെന്ന് മഹല്ലുകാർ വിധിയെഴുതി. ജുംഅയ്ക്ക് ശേഷം എല്ലാവരും മയ്യത്ത് നമസ്കരിച്ച് അദ്ദേഹത്തിനായി സ്വർഗ്ഗകവാടം തുറന്നുകൊടുക്കുവാനും സ്വർഗ്ഗത്തിലെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും ദുഅ ചെയ്തു. രത്നം പതിപ്പിച്ച കട്ടിലുകളിൽ ശയിക്കുവാനും, തേനരുവികൊണ്ട് സമൃദ്ധമായ പൂന്തോപ്പിൽ വിഹരിക്കുവാനും, കോപ്പകളിൽ നിറഞ്ഞു കവിയുന്ന മദ്യവും സേവിച്ച് സമപ്രായത്തിലുള്ള സ്തനം തുടിച്ച തരുണീമണികളുമായി രമിക്കുവാനും ഹാജി മായിൻ സേട്ടിനും ഇടയാകുമാറാകട്ടെ...! ആമീൻ.
( പ.ലി. ഇഹലോകത്ത് സന്മാർഗ്ഗികളായി നടക്കുന്ന ഏതു പ്രായക്കാർക്കും പരലോകത്ത് അതേപ്രായത്തിലുള്ള സ്തനം തുടിച്ച തരുണികളും സുഖാനുഭൂതികളും ലഭിക്കുമെന്നുള്ള വേദവാക്യങ്ങൾ യഥാർത്ഥത്തിൽ അറിയാതെ പോയതാണ് സേട്ടിനെപ്പോലുള്ളവരുടെ പരാജയം. അറബ് മതപഠനം അർത്ഥമോ ഭാഷയോ പഠിക്കാതെ ചൊല്ലി പഠിച്ചാൽ മതി എന്ന് നമ്മുടെ രാജ്യത്ത് പറഞ്ഞ് പ്രചരിപ്പിച്ചവർ ആരായാലും മനുഷ്യ സ്നേഹികളല്ല, അസൂയാലുക്കളാണ്)
ഒരു മാസം കഴിഞ്ഞതോടെ കബീറിന് വീണ്ടും മാറ്റങ്ങളുണ്ടായി. കബീർ റെഡിമെയ്ഡ് കബർ നിർമ്മാണം നിർത്തലാക്കി. കന്നുകാലി സ്വഭാവം പൂർണ്ണമായി മാറി. വിവാഹത്തിന് മുമ്പുള്ള കബീറായി അയാൾ രൂപാന്തരം പ്രാപിച്ചു.