ജോണി വാക്കർ
എന്റെ പേര് ജോണി. ജോണി വാക്കർ! എന്റെ അപ്പച്ചൻ എന്തുകൊണ്ടാണ് അങ്ങനെയൊരു
പേരിട്ടതെന്ന് എനിക്കറിയില്ല. പേര് വളരെ ഫ്രീക്കൊക്കെ ആണെങ്കിലും വിളിക്കാൻ അല്പം ബുദ്ധിമുട്ടാണ്.
എന്റെ അമ്മ ജോണിക്കുട്ടാ, ജോണിക്കുട്ടി, പിന്നെ ചിലപ്പോൾ സ്നേഹം കൂടുമ്പോൾ മരമാക്രി എന്നൊക്കെയാണ് വിളിക്കാറ്.
ഞാൻ ജനിച്ച സമയത്ത് എന്റെ അപ്പച്ചൻ ദുബായിലായിരുന്നു. ഞാൻ ജനിച്ചു
കുറച്ചു കാലം കഴിഞ്ഞപ്പോൾ അപ്പച്ചൻ ജോലി രാജിവെച്ചു വീട്ടിൽ തിരിച്ചെത്തി.
ആ സമയത്ത് അദ്ദേഹം ഭയങ്കരമായി കുടിക്കുമായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്..
ഒരു ദിവസം വീട്ടിൽ വന്ന അപ്പച്ചന്റെ പഴയൊരു കൂട്ടുകാരൻ
എന്നോട് പേരെന്താണെന്ന് ചോദിച്ചു.
‘’ജോണി വാക്കർ ‘’ ഞാൻ പറഞ്ഞു.
ഇതുകേട്ട് അദ്ദേഹത്തിന് ചിരിയടക്കാനായില്ല. അപ്പച്ചൻ കൂടെ ചിരിച്ചു. അമ്മയ്ക്കും എനിക്കും കാര്യമെന്താണെന്ന് പിടികിട്ടിയതുമില്ല.
അപ്പച്ചന്റെ അമിതമായ കുടി കണ്ടു പേടിച്ച അമ്മ, എന്നെ ഒരിക്കലും കുടിക്കാൻ അനുവദിച്ചിട്ടില്ല.
ചിലപ്പോളൊക്കെ അപ്പൻ എന്നെ ചേർത്തുനിർത്തി പറയും:
"നീ മാത്രമാണ് എന്റെ സമ്പാദ്യം"
ഞാൻ കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടന്നു. കോളേജിൽ പഠിക്കുമ്പോഴാണ് ഞാൻ വീണ്ടും ആ വാക്കുകൾ കേൾക്കുന്നത്,
’’ജോണി വാക്കർ ‘’
ആദ്യം ഞാൻ വിചാരിച്ചത് ആരോ കളിയാക്കുകയാണെന്നാണ്. പതുക്കെ തിരിഞ്ഞു നോക്കിയപ്പോളാണ് കണ്ടത്; ക്ലാസ്മേറ്റ് ഡേവിഡ് ഡിസൂസ ആരോടോ പറയുകയാണ് ജോണി വാക്കർ സൂപ്പർ ആണെന്ന്. അതുകേട്ട് മുൻവശത്തെ ബെഞ്ചിലിരുന്ന പെൺകുട്ടികൾ എന്നെയൊന്നു തിരിഞ്ഞുനോക്കി. അന്നാണ് എനിക്ക് സ്വന്തം പേരിനോടൊരു മതിപ്പ് തോന്നിയത്.
എന്നെ കണ്ടതും, ഡേവിഡ്, ‘’ഒരിക്കലും കുടിച്ചു തീർക്കാൻ പറ്റാത്ത ജോണി വാക്കർ അതാ’’ എന്നൊരു കമന്റ് പാസ്സാക്കി. എല്ലാവരും കൂട്ടച്ചിരിയായി. ഒരു ചെറിയ ജാള്യതയോടെ ഞാനും.
അങ്ങനെ കോളേജ് പഠിത്തം തീർന്നു. അമ്മാവൻ എനിക്കൊരു ജോലി ദുബായിൽ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഞാൻ വളരെ സന്തോഷിച്ചു. അതിലധികമായി എന്റെ അപ്പനും.
ദുബായ് ജോലി എനിക്കിഷ്ടമായി. കൈനിറയെ പണവും കിട്ടിയിരുന്നു. അർബാബിന് എന്നെ വലിയ കാര്യമായിരുന്നു. അർബാബ് എന്ന് പറഞ്ഞാൽ അവിടെ മുതലാളി എന്നാണർത്ഥം.
അങ്ങനെയിരിക്കെ ഒരുദിവസം അർബാബ് ഒരു പാർട്ടി വച്ചു. പാർട്ടിയിൽ വച്ച്, ജോണിവാക്കർ കുപ്പി തുറക്കുന്നതിനിടയിൽ, അദ്ദേഹം എന്നെ വിളിച്ചു അടുത്തു നിർത്തി തമാശയായി പറഞ്ഞു:
"ഇവനെ എനിക്ക് ഇഷ്ടപ്പെടാൻ കാരണം എന്താണെന്നറിയാമോ? ഇവന്റെ ഈ പേര് വിളിക്കുമ്പോൾ ഒരു കിക്ക് ആണ്"
അത് കേട്ടപ്പോൾ തന്റെ പേരിനോടുള്ള ബഹുമാനം വീണ്ടും കൂടി. മാത്രമല്ല അപ്പച്ചനോടുള്ള ബഹുമാനവും.
അങ്ങനെ, നീണ്ട കാത്തിരുപ്പുകൾക്കുശേഷം ആദ്യത്തെ നാട്ടിൽ പോക്ക് വന്നു. വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ്സും വാങ്ങി, ഇമിഗ്രേഷനും കഴിഞ്ഞ് ഗേറ്റ് നോക്കി നടക്കുമ്പോഴാണ് അവിടെ,വശത്തായിട്ട് ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പ് കണ്ടത്. ഞാൻ നോക്കി അന്തംവിട്ടു നിന്നു. പലതരത്തിലുള്ള ജോണിവാക്കർ കുപ്പികൾ! പച്ച, ചുവപ്പ്, കറുപ്പ്, നീല, ഗോൾഡൻ, സിൽവർ അങ്ങനെയങ്ങനെ. പല കുപ്പികളുടെയും വില എന്റെ കണ്ണു തള്ളിച്ചു. അപ്പന് ജോണിവാക്കറാണ് ഇഷ്ടം എന്നതിനാൽ ഞാൻ അതിൽ ഒരെണ്ണം മേടിക്കാൻ തീരുമാനിച്ചു. ദുബായിയിൽ എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ബാബു ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട്, ജോണി വാക്കറിന്റെ കറുത്ത കുപ്പി വലിയ കുഴപ്പമില്ല, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയാണെന്ന്. ഞാൻ അതങ്ങ് മേടിച്ചു.
നാട്ടിൽ, അപ്പച്ചനും അമ്മച്ചിയും കൂടി എനിക്ക് പെൺകുട്ടിയെ തിരയുന്നുണ്ടായിരുന്നു. ഞാൻ വന്ന് കണ്ടിഷ്ടപ്പെട്ടാൽ കല്യാണം നടത്താമെന്നാണ് അമ്മച്ചി പറഞ്ഞിരുന്നത്.
അങ്ങനെ വീട്ടിലെത്തി. പെട്ടി തുറന്നപ്പോൾ തന്നെ ജോണി വാക്കറിന്റെ കുപ്പിയെടുത്ത് അപ്പച്ചന്റെ നേർക്ക് നീട്ടി. സന്തോഷവും അഭിമാനവും കൊണ്ട് അപ്പച്ചന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു.
അമ്മച്ചി ചെറു പരിഹാസത്തോടെ അപ്പച്ചനെ നോക്കി പറഞ്ഞു:
‘’ഓ സന്തോഷമായിക്കാണു ലെ’’
അപ്പച്ചൻ ഒന്നും പറയാതെ, ലോകം മുഴുവൻ കീഴടക്കിയ സന്തോഷത്തോടെ റൂമിനു പുറത്തിറങ്ങി.
പിറ്റേദിവസം തന്നെ ഞാനും, അമ്മച്ചിയും, അപ്പച്ചനും കൂടി പെണ്ണുകാണാൻ പോയി. പെൺകുട്ടിയുടെ അപ്പച്ചൻ എന്നോട് ചോദിച്ചു:
"എന്താണ് മോന്റെ പേര്?’’
"ജോണി വാക്കർ" ഞാൻ പറഞ്ഞു.
പെൺകുട്ടി വന്നപ്പോൾ അമ്മ ചോദിച്ചു:
"എന്താ മോൾടെ പേര്?
‘’റെമി’’
പേരുകേട്ടപ്പോൾ അപ്പച്ചൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ അപ്പനോട് ചോദിച്ചു:
‘’ബ്രാണ്ടിയാണ് താല്പര്യം ല്ലേ?"
പെൺകുട്ടിയുടെ അപ്പച്ചൻ ചിരിച്ചുകൊണ്ട് ചോദിച്ചു:
‘’വിസ്ക്കി ആണ് ല്ലേ? ‘’ പൊരുത്തം ഉത്തമം.
അമ്മച്ചി അപ്പുറത്തിരുന്ന് പുലമ്പുന്നുണ്ടായിരുന്നു: ‘’മദ്യപാനം ആരോഗ്യത്തിന് ഹാനികരം‘’