കഥാജാലകം

View Original

പ്രണയത്തിന്റെ കാൽപ്പാടുകൾ

അവൾ : "പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല"

അവൻ : "ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി", എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്."

അവൾ : "റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ.."

അവൻ : "മ്മ്..."

അവൾ : "കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്."

അവൻ : "ഹേയ് അല്ല"

അവൾ : "പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?"

അവൻ : "ഫിക്ഷൻ തന്നെയാണ്"

അവൾ : "അപ്പോൾ കന്യാകുമാരി കഥയിൽ എവിടെയും ഇല്ലേ"

അവൻ : "ഇല്ല"

അവൾ : "പഴയ ഭ്രാന്തിന് കുറവൊന്നുമില്ല അല്ലേ ?. എന്തുകൊണ്ടാണ് കന്യാകുമാരി, പറയൂ.."

അവൻ : "കന്യാകുമാരിയുടെ ഈ സ്പ്ളെൻഡിഡ് ബ്യൂട്ടി കൊണ്ടാവാം.എന്തോ അങ്ങനെ ഇടാൻ തോന്നി, അങ്ങ് ഇട്ടു."

അവൾ : "ബ്യൂട്ടി കൊണ്ടോ ? ഈ പറയത്തക്ക ബ്യൂട്ടിയൊക്കെ കന്യാകുമാരിക്ക് ഉണ്ടോ. കന്യാകുമാരിയെ പറ്റി പറയപെടുന്നതൊക്കെ അല്പം എക്സാജറേറ്റഡ് ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. കഥയുമായി അതിന് ബന്ധമൊന്നുമില്ലെങ്കിൽ അങ്ങനെയൊരു ടൈറ്റിൽ ഗുണം ചെയ്യുമോ ?"

അവൻ : "ബന്ധം ഉണ്ടാക്കുന്നതും ഇല്ലാണ്ടാക്കുന്നതുമൊന്നും നമ്മളല്ലലോ അത് സംഭവിച്ചു പോകുന്നതല്ലേ."

അവൾ : "പുസ്തകത്തിൽ പോരെ ഈ സാഹിത്യമൊക്കെ മനുഷ്യരുമായി സംസാരിക്കുമ്പോൾ ഇത്രെയും സാഹിത്യമൊക്കെ വേണോ"

അവൻ : "ജീവിതത്തിൽ സാഹിത്യം വരുന്നതും സാഹിത്യത്തിൽ ജീവിതം വരുന്നതുമൊക്കെ സർവ്വസാധാരണമല്ലേ"

അവൾ : "എന്നാലും ഇത്തരം ഡയലോഗ്കളുടെ ഉദ്ദേശം കേൾക്കുന്നവനിൽ താൻ ഒരു സംഭവമാണെന്ന തോന്നൽ ജനിപ്പിക്കുകയാണല്ലോ. കേൾക്കുന്നവർക്കുള്ളിൽ ഒരു ഡോമിനന്സ് ഉണ്ടാക്കി എടുക്കുക. മാത്രമല്ല ഇതൊക്കെ കൂടുതലും പറയുന്നത് സ്ത്രീകളോടാണല്ലോ"

അവൻ : "ഇതിനൊക്കെ എന്തു മറുപടി പറയാനാണ്" (ചിരിക്കുന്നു)

അവൾ : "കൗതുകം തോന്നുന്ന സ്ത്രീകളോട് ഇങ്ങനെയൊക്കെ പറഞ്ഞടുത്തുകൂടാം എന്നൊരു വിചാരമുണ്ട്. അപ്പോൾ ഒരുപാട് സാഹിത്യം പറച്ചിലും ആദർശങ്ങളുമൊക്കെ കാണും. അടുത്ത് കഴിഞ്ഞാൽ പിന്നെ പതിയെ ഉള്ളിലെ ആൺവർഗ്ഗാധിപത്യം കാണിച്ചു തുടങ്ങും"

അവൻ : "കൗൺസിലിങ് ക്ലാസുകളിൽ നിന്ന് പഠിച്ചതാണോ ഇതൊക്കെ"

അവൾ : "അല്ല, ജീവിതത്തിൽ നിന്ന് പഠിച്ചതാണ്"

അവൻ : "ആവാം, ഒരുപാട് സഹിച്ചില്ലേ ഈ പ്രായത്തിനിടയിൽ"

അവൾ : "അതെ, ഒരുപാട് സഹിച്ചു. 4 വർഷമാകുന്നു കല്യാണം കഴിഞ്ഞിട്ട്. അതിൽ രണ്ടു വർഷം ഭർത്താവിനെ സഹിച്ചു, പിന്നീട് രണ്ടുകൊല്ലം ഭർത്താവ് തനിച്ചാക്കിപ്പോയ പെണ്ണിനോട് നാട്ടിലെ ആങ്ങളമാർക്കുള്ള കരുതൽ സഹിച്ചു. ഇപ്പോൾ ഇതാ നീ തിരിച്ചു വന്നിരിക്കുന്നു നാലു വർഷം മുൻപ് എന്നെ ഉപേക്ഷിച്ചു പോയ എന്റെ പഴയ കാമുകനായിട്ട് തന്നെ. ഇനി നിന്നെ സഹിക്കേണ്ടി വരുമോ എന്നാണ് ഇപ്പോൾ സംശയം"

അവൻ : "തത്ത്വചിന്തകരെപ്പോലും കുടുംബമുതലാളിയാക്കുന്ന ഏർപ്പാടാണ് ഈ കല്യാണം. അന്നും ഇന്നും ആ ഔട്ട്ഡേറ്റഡ് ഏർപ്പാടിനോട് എനിക്ക് എതിർപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ."

അവൾ : "നിന്റെയാ എതിർപ്പുകളാണല്ലോ എന്റെ ജീവിതം ഇന്നീക്കാണുന്ന നിലയിലേക്ക് എത്തിച്ചത്. സമയത്തിനും സ്നേഹത്തിനും വേണ്ടിയാണ് ഇന്ന് ഈ ലോകത്തു കാണുന്ന സകലമാന അവിഹിതങ്ങൾക്കും പെണ്ണ് നിന്ന് കൊടുത്തിട്ടുള്ളത്"

അവൻ : "അതാണ് ഏറ്റവും വലിയ ഐറണി. സ്വന്തം ഭാര്യക്ക് സമയവും സ്നേഹവും കൊടുക്കാത്തവരാണ് അന്യന്റെ ഭാര്യയ്ക്ക് ഇത് രണ്ടും കൊടുക്കാൻ പോകുന്നത്. അതും ഒളിച്ചും പാത്തും" (ചിരിക്കുന്നു, തുടരുന്നു.) "എന്റെയൊരഭിപ്രായത്തിൽ സ്നേഹിക്കുന്നവർ തമ്മിൽ കെട്ടരുത്. അവരെ മറ്റാരെങ്കിലും കെട്ടിയിട്ട് ഒളിച്ചും പാത്തും പോയി കഷ്ടപ്പെട്ട് സ്നേഹിക്കണം എങ്കിലേ ലവ് ഈസ് എറ്റേർണൽ എന്നൊക്കെ പറയാൻ കഴിയൂ അല്ലാത്തപക്ഷം കല്യാണമണ്ഡപത്തിൽ പ്രേമത്തിന്റെ ഖബറടക്കം കഴിഞ്ഞേ ജീവിതത്തിലേക്ക് കയറാൻ കഴിയൂ"

അവൾ : "അത് സാറ് കല്യാണം കഴിഞ്ഞും പ്രേമിക്കുന്നവരെ കണ്ടിട്ടില്ലാത്തത് കൊണ്ട് തോന്നുന്നതാണ്. അതുകൊണ്ടാണ് ഈ തിയറി ഓഫ് അവിഹിതം ഒക്കെ രൂപപ്പെടുത്തി വെച്ചിരിക്കുന്നത്"

അവൻ : "എന്തോ ഞാൻ കണ്ടിട്ടില്ല അങ്ങനെയാരെയും.പിന്നെ കണ്ടിട്ടുള്ളത് എന്ന് പറയാൻ അനുസരണയുള്ള അടിമകളും ഉടയോന്മാരും തമ്മിലുള്ള ചില അഡ്ജസ്റ്മെന്റ് ബന്ധങ്ങളാണ്"

അവൾ : "അതൊന്നും നിങ്ങൾ കാണില്ലല്ലോ. നിങ്ങൾ മനുഷ്യന് മനസിലാകാത്ത കാര്യങ്ങൾ മനസിലാക്കുന്നവരും മനുഷ്യന് മനസിലാകുന്ന കാര്യങ്ങൾ അംഗീകരിക്കാത്തവരുമല്ലേ. എങ്കിലല്ലേ എഴുത്തുകാരൻ ഇന്റെലക്ച്ചലാകൂ, അല്ലാത്തവരൊക്കെ നിങ്ങളെ സംബന്ധിച്ച് പൈങ്കിളി എഴുത്തുകാരല്ലേ. എഴുത്തുകാരെ പോലെ ഹിപ്പോക്രസിയുള്ള മറ്റൊരു വർഗ്ഗമില്ല. കുറേ സ്യുഡോ ഇന്റെലക്ച്ചലുകൾ."

അവൻ : "അതെ, തന്നെപോലുളള കൗൺസിലർ കം മോട്ടിവേഷണൽ സ്പീക്കർസ് ആണല്ലോ യഥാർത്ഥ ഇന്റെലക്ച്ചലുകൾ. അപ്പുപ്പൻതാടിയുടെ പടം കാണിച്ച് ഇത് കാണുമ്പോൾ എന്തു തോന്നുന്നു എന്ന് ചോദിക്കും. ' ഇഷ്ടാനുശ്രിതം പറന്നു നടക്കാൻ സ്വാതന്ത്ര്യം ഉള്ളവയാണ് അപ്പുപ്പൻതാടി ' എന്ന് തോന്നുന്നവരോട് പറയും 'നിങ്ങൾ പെർഫെക്ട്ലി ഓക്കേയാണ് 'എന്ന്. 'കാറ്റു തളിക്കുന്ന വഴിയിലൂടെ പോകാൻ നിർബന്ധിതരാകുന്നവയാണ് അപ്പൂപ്പൻതാടി ' എന്ന് തോന്നുന്നവരോട് പറയും 'നിങ്ങൾ കനത്ത വിഷാദത്തിന് അടിമയാണ് 'എന്ന്. ഇനി ഇത് രണ്ടും തോന്നുന്നവർക്കോ, നിങ്ങൾ അവർക്ക് സൈക്കാട്രിസ്റ്റിനെ റെഫർ ചെയ്യും. അതല്ലേ ഈ കൌൺസിലേഴ്സ് , എന്ന റിയൽ ഇന്റെലക്ച്ചലുകൾ."

അവൾ : "ഹാ, നിന്നോട് പറഞ്ഞു ജയിക്കാൻ പണ്ടേ പറ്റില്ലലോ.ഞാൻ ചെയ്യുന്ന ജോലി കൊണ്ട് ബാക്കിയുള്ളവർക്ക് പ്രയോജനം എങ്കിലിമുണ്ട്. അത് മറ്റാരും സമ്മതിച്ചുതന്നില്ലെങ്കിലും എനിക്കറിയാം"

അവൻ : "സ്വന്തം ഭർത്താവ് ഡിപ്രെഷൻ കൊണ്ട് ശ്വാസംമുട്ടിയപ്പോഴൊന്നു എന്തേ ഈ മോട്ടിവേഷണൽ മന്ത്രാസ് ഫലം കണ്ടില്ല. അന്നത് ഫലിച്ചിരുന്നുവെങ്കിൽ രണ്ടു വർഷത്തോളം ഇങ്ങനെ ഹാഫ് വിഡോ ആയി നിൽക്കേണ്ടി വരില്ലായിരുന്നല്ലോ."

അവൾ : "നിനക്ക് മനസിലാകണമെന്നില്ല, ഒരുപക്ഷെ ഞാൻ ഏറ്റവും സ്ട്രോങ്ങ് ആയത് ആ രണ്ടു വർഷത്തിലാണ്."

അവൻ : "എനിക്ക് മനസിലാകും. തണൽ തേടി നിൽക്കുമ്പോഴല്ലല്ലോ തണൽ മാറി സൂര്യപ്രകാശം അടിക്കുമ്പോഴല്ലെ ചെടികൾ വളരുക"

അവൾ : "ഹാ...... സത്യം പറയണമല്ലോ ചില സമയങ്ങളിൽ നിന്റെ ഇതുപോലുള്ള വരികളാണ് ഇപ്പോഴും എന്നെ നിന്റെയടുത്ത് ഇരുത്തിയിരിക്കുന്നത്."

അവൻ : "മ്മ്" (ചിരിക്കുന്നു,) "മോള്........?"

അവൾ : "അവളെ അമ്മയുടെ അടുത്ത് നിർത്തി, അവൾ അവിടെ നിന്നോളും. പാവം വളരെ അഡ്ജസ്റ്റിംഗ് ആണ്."

അവൻ : "അമ്മയോട് എന്ത് പറഞ്ഞു"

അവൾ : "കന്യാകുമാരിയിലേക്കാണ ഒറ്റക്കാണോ എന്ന് ചോദിച്ചു, അല്ല എന്ന് മറുപടി പറഞ്ഞു. കൂടെ നീ അല്ലല്ലോ എന്ന് അടുത്ത ചോദ്യം. അതിനും അല്ല എന്ന് തന്നെ മറുപടി കൊടുത്തു. അപ്പോഴാണ് ഒരു മൂളൽ പാസ്സാക്കിയത്. കൂടെ ഉള്ളത് ആരാണെന്നോ അത് ആണാണോ പെണ്ണാണോ എന്നോ ഒന്നും പിന്നീട് ചോദിച്ചില്ല . നീ അല്ലാതെ ഏത് രാക്ഷസന്റെ കൂടെയാണെങ്കിലും അമ്മയ്ക്ക് പ്രശ്നമില്ലാത്തപോലെ...," (ചിരിക്കുന്നു)

അവൻ : "വർഷം ഇത്ര കഴിഞ്ഞിട്ടും അമ്മയ്ക്ക് എന്നോടുള്ള ദേഷ്യം മാറിയില്ലേ"

അവൾ : "എങ്ങനെ മാറും ഒരുപാട് പ്രതീക്ഷകളോടെ കൊൽക്കത്തയിലേക്ക് പഠിക്കാൻ വിട്ട മകൾ പോസ്റ്റ് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റിനുപകരം ഗൈനക്കോളജിസ്റ്റിന്റെ പോസിറ്റീവ് റിപ്പോർട്ടുമായിട്ടല്ലേ വീട്ടിൽ കയറി വന്നത്. അതിനു കാരണക്കാരനായവനോട് ഏത് അമ്മയ്ക്കാണ് ക്ഷമിക്കാൻ കഴിയുന്നത്. പിന്നീട് പെട്ടെന്നുള്ള എന്റെ കല്യാണം, അത് കഴിഞ്ഞത്തിൽ വന്ന പ്രശ്നങ്ങൾ, അതിനെല്ലാം ഈ സാർ ആണല്ലോ പ്രധാന കാരണക്കാരൻ. എന്റെ കല്യാണത്തിന് പോലും അമ്മ എന്നോട് ഒന്നും മിണ്ടിയില്ല. ഒടുക്കം എന്റെ ഭർത്താവ് ഗുഡ് ബൈ പറഞ്ഞപ്പോഴാണ് അമ്മ എന്നോട് മിണ്ടിയത്. നിന്റെ ഭാഷയിൽ പറഞ്ഞാൽ ഹാഫ് വിഡോയോട് ഫുൾ വിഡോയ്ക്ക് ദയവുതോന്നിക്കാണും."

അവൻ : "ഞാൻ ലൈഫിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ബ്രേവസ്റ്റ് വുമൺ നിന്റെ അമ്മയാണ്."

അവൾ : "ഞാൻ കണ്ടിട്ടുള്ളതിലും അത് അമ്മ തന്നെ . ആരോടും ചോദിക്കാതെയും പറയാതെയും കല്യാണം നടത്തിയത് കൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെയായി പോയതെന്ന് പറഞ്ഞ് ബന്ധുക്കൾ ചുറ്റും നിന്ന് അമ്മയെ കുറ്റം പറയുമ്പോഴും അമ്മ നല്ല സ്ട്രോങ്ങായി അത് കേട്ടുനിൽക്കും. അവർക്കാർക്കും അറിയില്ലല്ലോ അമ്മയ്ക്ക് അത് നടത്തേണ്ടി വന്ന അവസ്ഥ."

അവൻ : "നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേ ?"

അവൾ : "മോളെ ഒരിക്കലും നിന്നെ കാണിക്കരുത് എന്നാണ് നീ പോയപ്പോൾ ആദ്യം തോന്നിയത്. പിന്നെ എപ്പോഴോ ആ തീരുമാനമൊക്കെ മാറി. ആഫ്റ്റർ ആൾ എന്റെ മോളുടെ അച്ഛൻ എന്റെ കാമുകൻ ആണല്ലോ. അതെന്റെ ഭർത്താവ് ആയിരുണെങ്കിൽ ഒരുപക്ഷെ ഞാൻ ഇത്രയും സ്ട്രോങ്ങ് ആകില്ലായിരുന്നു."

അവൻ : "ഒരിക്കൽ നമ്മുടെ ഫേവറൈറ്റ് സ്വപ്നമായിരുന്നു നമ്മുടെ മോള്."

അവൾ : "അതെ, പക്ഷെ നിനക്കെന്നും നമ്മുടെ സ്വപ്നങ്ങളെക്കാൾ പ്രയോരിറ്റി നിന്റെ സ്വപ്നങ്ങൾക്കായിരിന്നു. നീ അതിനെ മാത്രമായിരുന്നു എന്നും ഭ്രാന്തമായി സ്നേഹിച്ചത്. നീ തിരിച്ചു വരുമ്പോൾ നിന്റെ കയ്യിൽ ആ സ്വപ്നമുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു. ആ ഉറപ്പാണ് നിന്റെ വിടവാങ്ങലിൽ പോലും എന്നെ പിടിച്ചു നിർത്തിയത്."

അവൻ : "ഞാൻ തിരിച്ചു വരും എന്ന് നിനക്ക് ഉറപ്പായിരുന്നു എന്നാണോ പറഞ്ഞു വരുന്നത്."

അവൾ : "അതിൽ എന്താണ് സംശയം. നേടിയെടുക്കാൻ നീ തീരുമാനിച്ച സ്വപ്നങ്ങൾ നീ നേടിയാൽ ആ നിമിഷം നീ എന്റെയടുത്തേക്ക് തിരികെ വരുമെന്നെനിക്കുറപ്പുതന്നെ അത് അങ്ങനെ തന്നെ സംഭവിച്ചു."

അവൻ : "നിന്നെ പിരിഞ്ഞത്തിനുശേഷം എങ്ങോട്ടെന്നില്ലാത്ത യാത്രയായിരുന്നു. ചുറ്റും ശൂന്യത. എഴുതാൻ ഒരുപാട് ശ്രമിച്ചു പക്ഷെ പേപ്പറിൽ മഷിതൊടാൻ കഴിഞ്ഞില്ല.അത്രമേൽ ശൂന്യത. പിന്നെപ്പോഴോ ഒരു മഴയത്ത് ഗോദാവരിയുടെ തീരത്ത് വെച്ച് അക്ഷരങ്ങളുടെ വിത്തുകൾ പതുക്കെ മുളയ്ക്കാൻ തുടങ്ങി. ഗർഭംധരിക്കുന്ന പോലെ ഒരു നീണ്ട തപസ്സ്. ഓരോ ഘട്ടവും എന്നെ അറിയിച്ചുളള അതിന്റെ വളർച്ച. ചിലപ്പോഴൊക്കെ സന്തോഷിപ്പിച്ച് , മറ്റു ചിലപ്പോൾ വല്ലാണ്ട് കരയിപ്പിച്ചുമൊക്കെ അതങ്ങ് വളർന്നു. ഒടുവിൽ ഒരു ദിവസം ആ തപസ്സ് പൂർണതയിൽ എത്തിയപ്പോൾ ഞാനതിനു ജന്മം നൽകി. Dawn and dusk in Kanyakumari, എന്റെ ആദ്യത്തെ പുസ്തകം."

അവൾ : "ഈ ടൈറ്റിൽ എങ്ങനെ വന്നു എന്നിതുവരെ നീ ക്ലിയറാക്കിയില്ലലോ. പെട്ടന്ന് വിളിച്ച് കന്യാകുമാരിയിലേക്ക് വരാൻ പറയുക. വരില്ലെന്ന് പറഞ്ഞപ്പോൾ, നിന്റെ ആദ്യത്തെ പുസ്തകത്തെ പറ്റി പറയായാനാണെന്നൊരു പറച്ചിൽ . പിന്നെ നിന്റെ പുസ്തകം എന്നത് ഒരുകാലത്ത് എന്റെയും കൂടി സ്വപ്നം ആയിരുന്നല്ലോ. അതുകൊണ്ട് ഞാൻ ഇങ്ങോട്ടിങ്ങ് പോരുന്നു. ഇവിടെ വന്ന് ഇത്രെയും നേരമായിട്ടും പുസ്തകത്തെ പറ്റി മാത്രം ഒന്നും പറഞ്ഞില്ല."

അവൻ : "പറയാം....

കന്യാകുമാരിയിലെ സൂര്യോദയങ്ങൾക്കും സൂര്യാസ്തമനങ്ങൾക്കും ഒരുപാട് ഭാവങ്ങലുണ്ട്. ഈ കടലിലും ആകാശത്തിലും മണൽ തരികളിലുമൊക്കെ ആ ഭാവങ്ങളുടെ തേരോട്ടം കാണാൻ സാധിക്കും. മനുഷ്യന്റെ മനസ്സും ഇതുപോലെയാണ്. എണ്ണിതീർക്കാൻ പറ്റാത്ത ഭാവങ്ങളുടെ തേരോട്ടം. അതാണ് ഈ പുസ്തകം പറയുന്നത് മനുഷ്യ മനസ്സിലെ ഉദയാസ്തമയങ്ങൾ."

അവൾ : "മ്മ്..... ഇന്ട്രെസ്റ്റിങ്ങ്, ഞാൻ കരുതിയത് നീ നമ്മുടെ കഥ എഴുതുമെന്നാണ്. സാധാരണ നിങ്ങൾ എഴുത്തുകാർ അങ്ങനെയാണല്ലോ എഴുതാൻ വിഷയം ഒന്നും കിട്ടാത്തപ്പോൾ തന്നിലേക്ക് തന്നെ നോക്കി ഒരു എഴുത്തല്ലേ" (ചിരിക്കുന്നു.)

അവൻ : "നമ്മുടെ കഥയോ ? അത് എഴുതാനുള്ളതല്ലല്ലോ പറയാനുള്ളതല്ലേ."

അവൾ : "പറയാനോ.. ? ആരോട് ?"

അവൻ : "നമ്മുടെ മോളോട്"

അവൾ : "മോളോടോ....?"

അവൻ : "അതെ, കൽക്കട്ടാ സർവ്വകലാശാലയിൽ വെച്ച് നമ്മൾ പരിചയപ്പെട്ടതും.ഞാൻ എഴുതുന്ന വരികളൊക്കെ നിന്റയടുത്ത് വിലയിരുത്താൻ തരുന്നതും. പിന്നീട് ആ വരികൾ നിന്റെ ശീലമായി മാറിയതും, മതിവരുവോളം നമ്മൾ സ്നേഹം പകർന്നതും, ഒടുവിൽ നമ്മുടെ കുഞ്ഞിനു വേണ്ടി ആശയങ്ങളും ആദർശങ്ങളും മാറ്റി വെച്ച് നിന്നെ വിവാഹം കഴിച്ചതും, സ്വപ്നങ്ങളിൽ നിന്നും അകലുന്നതിൽ വന്ന ദേഷ്യം വിഷാദമായി മാറിയത്, വിഷാദം വെറുപ്പായപ്പോൾ ഞാൻ നിന്റെ കാമുകനിൽ നിന്ന് ഭർത്താവായി മാറിയത്, ആധിപത്യ സ്വരങ്ങൾ വീട്ടിൽ വല്ലാതെ ഉയർന്ന നിമിഷങ്ങൾ, മോളുടെ ചിരിയിൽപോലും സന്തോഷം കണ്ടെത്താൻ കഴിയാഞ്ഞപ്പോൾ അവളുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ആ പഴയ എന്നെ തേടി ഞാൻ വീടുവിട്ടിറങ്ങിയത്, കഴിഞ്ഞ മൂന്നുമാസമായി നിന്റെ ഉള്ളിലെ മഞ്ഞുരുക്കാൻ പാട് പെട്ടതും, അത് ഉരുകി തുടങ്ങിയപ്പോൾ നിന്നെ ഇവിടേക്ക് വിളിച്ചതും. ഇനിയങ്ങോട്ട് ആ പഴയ കാമുകനൊപ്പം നീ സുഖമായി ജീവിക്കാൻ പോകുന്നതും ഉൾപ്പെടെ എല്ലാം എല്ലാം പറയണം നമ്മുടെ മോളോട്."

അവൾ : "കാമുകനൊപ്പമോ..? അപ്പോൾ എന്റെ ഭർത്താവോ..?"

അവൻ : "നിന്റെ ഭർത്താവിനെ ഞാൻ ഈ കടലിൽ മുക്കി കൊന്നു. ഇപ്പോൾ ഈ കാമുകൻ മാത്രമേ ഉള്ളൂ."

അവൾ ചിരിക്കുന്നു : " ഞാൻ നേരത്തെ പറഞ്ഞപോലെ കന്യാകുമാരി അത്ര എക്സാജറേറ്റഡ് സ്ഥലമൊന്നുമല്ല. എല്ലാം മനസ്സിലാകാറാകുന്ന ഒരു പ്രായത്തിൽ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരണം. ഇവിടെ ഈ അസ്തമയതിനും ഉദയത്തിനും ഇടയിൽ അവൾക്ക് ഈ കഥയൊക്കെ പറഞ്ഞു കൊടുക്കണം. പിന്നീടവൾക്ക് തണൽ കൊടുക്കുന്ന മരങ്ങളാവാതെ നമുക്ക് മാറി നിൽക്കണം. വെയിൽ കൊണ്ട് തന്നെയവൾ വളയരട്ടെ....."

ഇരുവരും ചിരിച്ചു, സൂര്യപ്രകാശത്തിൽ ജ്വലിച്ചു നിന്ന കടലിനെ സാക്ഷിയാക്കി അവർ നടന്നു നീങ്ങി. ചുവപ്പ് പരവതാനിപോലെ തിളങ്ങി നിന്ന മണൽത്തരികൾ അവരുടെ കാൽപ്പാടുകൾ രേഖപ്പെടുത്തി. അനശ്വര പ്രണയത്തിന്റെ തീക്ഷ്ണതയിൽ അവ ജ്വലിച്ചുനിന്നു.