അപ്പവും വീഞ്ഞും
ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്, ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, ഇയ്യർ മാസത്തിലെ അറേബ്യൻ മണൽക്കാടുകളിൽ നിന്ന് അടിക്കുന്ന ഖമാസിൻ ചുടുകാറ്റും, എല്ലാം ഒരേ പോലെ ഏറ്റെടുത്ത വർഷങ്ങൾ.
അമ്മ മരത്തിൽ നിന്ന് പഴം കൊത്തിപ്പറന്ന വണ്ണാത്തിക്കിളിയുടെ വയറ്റിലാണ് പിറവിയുടെ ചൂട് അറിഞ്ഞുതുടങ്ങിയത്. പുറത്തേയ്ക്ക് തള്ളി പറന്നുപോയ കിളിയുടെ ഓറഞ്ച് നിറമുള്ള വയറും ചാരച്ചിറകുകളും മനസ്സിൽ ഇന്നുമുണ്ട്. വീണ മണ്ണിന്റെ ഊഷ്മളത, നനവ്, വളക്കൂറ് എന്റെ വേരുകൾ പെട്ടന്നാണ് പൊട്ടിക്കയറിയത് . ആദ്യമുകുളം മഞ്ഞകലർന്ന പച്ചയിൽ വിടർന്നു വന്ന ദിവസം സൂര്യന്റെ പൊൻകതിരേറ്റ് അൽപ്പം വാടിയിരുന്നു. വേരുകൾ വലിച്ചെടുത്ത്, വെള്ളം കുടിച്ച് ഏത് സൂര്യനും തോല്പിക്കാത്ത വലുപ്പത്തിലെത്താൻ അധികം നാളുകളെടുത്തില്ല. കൂട്ടത്തോടെ മേയുന്ന ചെമ്മരിയാടിന് പറ്റങ്ങൾ കാണാതെ പോയതും , ബാർലിയും ഗോതമ്പും നടാൻ വേണ്ടി കർഷകർ തെളിക്കുന്ന പാടങ്ങൾ അകലെ ആയതും ദൈവത്തിന്റെ കരുതൽ.
പക്ഷെ ഇന്ന് ഞാൻ ജറുസലേമിലെ തച്ചന്മാരുടെ തെരുവിൽ, മരച്ചീളുകളും പാറപ്പൊടിയും നിറഞ്ഞ, ഇരുണ്ട ചീഞ്ഞ ഗന്ധം വമിക്കുന്ന മരത്തടിശാലയിലെ നിലത്ത് കിടക്കുന്നു. ഇലകളും ശിഖരങ്ങളും മുറിച്ച്, വേരുകൾ പിഴുതെറിഞ്ഞ്, തൊലി പൊളിച്ച് ചിന്തേരിട്ട് നഗ്നമായ തായ്ത്തടിയായി അനാഥനായി വെറും നിലത്ത്.... ഒരാഴ്ച മുൻപ് സാധാരണമായ ഒരു ദിവസം ഉച്ചതിരിഞ്ഞ മയക്കത്തിൽ ആയിരുന്ന ഞാൻ അസഹ്യമായ വേദനയിൽ ഞെട്ടി എഴുന്നേറ്റു. കർഷകർ മൺകോരിയിലെ മണ്ണ് തട്ടുന്നതോ ചെമ്മരിപ്പറ്റങ്ങൾ കൂറ്റൻ കൊമ്പിന്റെ തരിപ്പ് തീർക്കുന്നതോ ആണെന്നാണ്പെട്ടെന്നോർത്തത്. അല്ല മഴുവാണ്... വേരിന്റെ മുകളിൽ മൂർച്ചയുള്ള മഴുവിന്റെ വെള്ളിപ്പല്ലുകൾ ആഞ്ഞാഞ്ഞ് പതിക്കുകയാണ്. വെട്ടുകാരുടെ പിന്നിൽ മൂത്ത തച്ചൻ കാര്യക്കാരനായി നിൽക്കുന്നു. ഹെരോദ് രാജാവിന്റെ രണ്ടു പടയാളികളും കൂടെ ഉണ്ട്. കോത വയ്ച്ചു മറുപുറം കൊത്തി നെറ്റിയിലെ വിയർപ്പു തുടയ്ക്കുന്നു മഴുക്കാർ. പിന്നെ അധികമകലെയല്ലാതെ വരച്ച വരയിൽ വീഴ്ത്തി മിടുക്കരായി. വേരുകൾ വിട്ട്, കൊമ്പുകൾ ഒടിഞ്ഞ്, പ്രാണൻ പിടഞ്ഞു ഞാനും ...... കഴുതകളെ കെട്ടി വലിപ്പിക്കുമ്പോൾ മരചില്ലയിൽ കൂടുകൂട്ടിയിരുന്ന ചിരിയൻ പ്രാവും ഇണയും കുറുകി. താഴെ വീണു പൊട്ടിത്തകർന്ന തിളങ്ങുന്ന വെളുത്ത മുട്ടയുടെ മുകളിലൂടെ കഴുതകൾ അണച്ച് നടന്നു.
വരുന്ന വഴിയിൽ ഹൊറാദ് രാജാവിന്റെ ഭടൻമാരും മൂത്ത തച്ചനുമായുള്ള സംഭാഷണത്തിൽ നിന്നാണ് തന്റെ ജീവിത ലക്ഷ്യം മനസ്സിലായിത്തുടങ്ങിയത്. കൊട്ടാരത്തിലെ അന്തപ്പുരത്തിലെ കട്ടിലോ, ദേവാലയത്തിലെ ചിത്രപ്പണിയുള്ള എടുപ്പുകളോ, സിംഹാസനങ്ങളോ ആകാനല്ല എന്നെ കൊണ്ടുപോകുന്നത് . കുരിശുണ്ടാക്കുവാനാണത്രെ! ദൈവത്തെ നിഷേധിച്ചു പുരോഹിതരെ എതിർത്ത് രാജാവിനെ ചോദ്യം ചെയ്ത ഏതോ തച്ചനെ കുരിശിൽ കയറ്റാനാണ് എന്റെ നിയോഗം. നസ്രത്തിന്റെ ജനിച്ച് ജറുസലേമിന്റെ പാതയോരങ്ങളിൽ തെണ്ടികളുടെ കൂടെനടന്ന ഏതോ ഒരു തച്ചനെ. അന്ന് ആദ്യമായിഈ ജന്മത്തോട് പോലും എനിക്ക് പുച്ഛം തോന്നി.
മൂത്ത തച്ചൻ കഴുക്കോലുമായി വന്ന് അളവു തുടങ്ങി. പല സ്ഥാലത്തും ഉളികൊണ്ട് വരകൾ വരച്ച് അടയാളപ്പെടുത്തി. കൂടെയുള്ള ഒരു ചെറുക്കനെ എന്തെല്ലാമോ പറഞ്ഞേൽപ്പിച്ചു. ചെറുക്കൻ പണി തുടങ്ങി. ആദ്യം പകുതിയ്ക്ക് മുകളിലായി രണ്ടായി മുറിച്ചു. മുറിച്ച ഭാഗം മിനുക്കാൻ തുടങ്ങി. എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്. ചുറ്റും മുഴങ്ങുന്ന ചുറ്റിയടിയുടെയും ചിന്തേരിന്റെയും ബഹളത്തിനിടയിൽ ഒന്നും വ്യക്തമല്ല, എങ്കിലും ചില ഗദ്യപ്പാട്ടുകളാണ് അവൻ പാടുന്നത് എന്ന് മനസ്സിലായി. തനിയെ ഓർമ്മയിൽ നിന്നും പെറുക്കിയെടുത്തതുപോലുണ്ട്.
"ഞാൻ കുരിശിൽ കയറ്റാൻ പോകുന്ന തച്ചനാണ് നായകൻ. അവൻ ദൈവപുത്രനാണത്രെ. മുക്കുവരുടെയും തച്ചന്മാരുടെയും നേതാവണത്രെ. എന്തൊക്കെ വിഡ്ഢിത്തരങ്ങൾ".
കുഞ്ഞുതച്ചൻ പിന്നെയും എന്തെല്ലാമോ പാടുന്നു.
"ദൈവനിഷേധികൾ".
മൂത്ത തച്ചന്റെ നിഴൽ കാണുമ്പോൾ ചെറുക്കൻ പിറുപിറുക്കൽ നിർത്തും. ചെറിയ കഷ്ണം വലിയ കഷ്ണത്തിന്റെ മീതെ വയ്ച്ചു കുരിശിന്റെ രൂപമാക്കി. ഇടയ്ക്ക് തടി ആണികളും ആപ്പുകളും വച്ച് കുരിശുറപ്പിച്ചു. മൂത്ത തച്ചൻ വന്ന് ബലം നോക്കി. ചില സ്ഥലങ്ങളിലെ ചിന്തേരിന്റെ പണിപ്പിഴ കാണിച്ചു മിനിസമാക്കാൻ പറഞ്ഞു. ചെറുക്കൻ പിന്നെയും പണിതുടങ്ങി. അധികം ചിന്തേരിട്ട് വൃത്തിയാക്കാനെന്നെക്കിട്ടില്ല. ആ ദൈവനിഷേധി തച്ചനെ തറയ്ക്കാനുള്ളതല്ലേ. ഇതൊക്കെ മതി. അവൻ മനസ്സിലോർത്തു.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാവിലെ എന്നെ എടുത്ത് തുടച്ചു പുറത്തു കൊണ്ട് വയ്ച്ചു . കുരിശിൽ കയറ്റേണ്ടവൻ തന്നെ ചുമന്നു കൊണ്ട് പോകണമത്രേ. ഹ.. ഹ...കൊള്ളാം. നല്ല ശിക്ഷ. കുറച്ചു കഴിഞ്ഞപ്പോൾ ഭടന്മാർ ആട്ടി തെളിച്ചു കൊണ്ട് ഒരു വൃകൃത രൂപത്തെ കൊണ്ടുവന്നു. ശോഷിച്ച ഒരു ചെറുപ്പക്കാരൻ. നീണ്ട മുടിയും ചെമ്പിച്ച താടിയും. ശരീരം മുഴുവൻ ചാട്ടവാറിന്റെ ചോരപ്പാടുകൾ. തൊടിയിലെ കല്ലുപാകിയ ചെറുഭിത്തിയിൽ താങ്ങിപ്പിടിച്ച് അയാളൊന്നെണീക്കാൻ ശ്രമിച്ചു. ഈ മനുഷ്യനാണ് എന്നെ പൊക്കി കാൽവരികുന്നിന്റെ മുകളിൽ എത്തിക്കാൻ പോകുന്നത്.നടന്നത് തന്നെ. ഞാൻ ഉള്ളികൊണ്ട് ചിരിച്ചു.
കുന്നുകയറ്റം ശ്രമകരം ആയിരുന്നു . എന്റെ ഭാരം ചുമക്കാൻ തച്ചൻ പയ്യൻ നന്നായി പാടുപെടുന്നുണ്ട്. ശിതികരണിയിലെ മൃതദേഹങ്ങൾ പോലെ തണുത്തു വിളറിയ ദേഹം. കിഴക്കൻ ദേശങ്ങളിൽ ചുറ്റി കറങ്ങിയ പോലുണ്ട്. നെറ്റിയിലെയും കവിളിലെയും വടുക്കൾ. ഉളി പിടിച്ച ശീലം തീരെ ഇല്ലെന്ന് തോന്നുന്നു. മൃദുലമായ തഴമ്പ് ഇല്ലാത്ത കൈപ്പത്തി. കൂർത്ത ഇളക്കുകല്ലുകൾ ചവിട്ടി പലതവണ അയാൾ വീണു. വീഴുമ്പോൾ ചാട്ടവാറുകൾ ഇരുവശങ്ങളിൽ നിന്നും പാഞ്ഞുവന്ന് പുറം പൊള്ളിച്ചു. ഓരോ അടിക്കും രക്തം തെറിച്ചു. പലയിടത്തും തച്ചന്റെ തൊലി പൊളിഞ്ഞു തൂങ്ങി. ദിശ തെറ്റിയ അടി എന്റെ മേലെയും പതിച്ചു. എന്തോ മനസ്സ് പതറുന്ന പോലെ . ചുറ്റും കൂടി കല്ലെടുത്തെറിയുന്ന തെരുവ് പിള്ളേർ. കാർക്കിച്ചു തുപ്പുന്ന ഗ്രാമപ്രമുഖരും പുരോഹിതരും. ഇടയ്ക്ക് ചുരുക്കം സാധാരണക്കാരായ ചിലർ വാവിട്ടു കരയുന്നു. വിയർപ്പ് ചാലുകീറിയ മുഖത്ത് ശാന്തഭാവം. തലയിലെ മുള്ളുകളിലെ ചോര താടി രോമങ്ങളിലൂടെ ഒഴുകുന്നു. എന്തെ ഇവൻ മന്ത്രവാദിയോ? മനസ്സ് കീഴടക്കുന്ന കണ്ണുകൾ! ദിശതെറ്റി കൂടുതൽ ചാട്ടകൾഎന്റെ മേൽ പതിക്കട്ടെ എന്നു ഞാൻ ആഗ്രഹിച്ചു. അതിൽ കുറവ് അവൻ സഹിച്ചാൽ മതിയല്ലോ!
കുരിശിൽ ഇവൻ തൂങ്ങി നില്ക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി. ആദ്യം മുകളിലെ ആകാശത്തേയ്ക്ക് നോക്കി പിതാവിനെ വിളിക്കുന്നുണ്ടായിരുന്നു. യാതൊരു മറുപടികളുമുണ്ടായില്ല. പതിയെ കഴുത്തിലെയും കൈയിലെയും എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേട്ടു. കഴുത്തു തൂങ്ങി. ശബ്ദം നിലച്ചു. വെട്ടി വിറച്ചിരുന്ന ശരീരം നിലച്ചു. നെഞ്ചിലെ താളം മാത്രം മുഴങ്ങുന്നുണ്ട്... അത് എന്റെ താളമായിത്തിർന്നിട്ട് അധികം നേരമായിട്ടില്ല. കുരിശ് നിലത്തിട്ട് അതിന് മേലെ കിടത്തി കൈകളിലും കാലിലും ആണി അടിച്ചു കയറ്റാൻ തുടങ്ങിയ നിമിഷം മുതൽ അതെന്റേയും കൂടെ വിങ്ങലാണ്. മാംസം തുളച്ചു രക്തത്തോടെ ആണി എന്റെ ശരീരത്തിൽ പ്രവേശിച്ച നിമിഷം! ഹൊ, വേരുപോയി വറ്റിവരണ്ട തടി ഞെരമ്പുകളിൽ അവന്റെ രക്തവും മാംസവും!കൂടെയുണ്ടായിരുന്നവർ പകുത്തെടുത്തതിനിപ്പുറം ബാക്കി വച്ച ആത്മാവും ശരീരവും പൂർണമായി എന്നിലേയ്ക്ക്. കൂടെ ആ മന്ദതാളവും.
ഒടുവിൽ കുരിശു പറിച്ച് ആണി വലിച്ചൂരി തച്ചന്റെ ശരീരം എന്നിൽ നിന്ന് വേർപെടുത്തി. ഞെരമ്പുകൾ മുറിഞ്ഞു പിന്നെയും ഞാൻ അനാഥനായി. രക്തക്കറ പുരണ്ട നിലം വിട്ട് തച്ചൻ മടങ്ങിയപ്പോഴാണ് യഥാർത്ഥത്തിൽ കുരിശേറ്റിയത് എന്നെയാണെന്ന് മനസ്സിലായത്. ഉയർന്ന് പോകുന്ന ആ ആത്മാവിനും ഓറഞ്ചുകലർന്ന തീനിറമായിരുന്നു. ചാരച്ചിറകുകളും...