കഥാജാലകം

View Original

രൂപാന്തരം

തണുപ്പുള്ള കാറ്റ് ശക്തിയായി വീശിക്കൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടെ ഓടിവന്ന് മണൽത്തരികളെ പുണർന്നു ഓടിയൊളിക്കുന്ന തിരമാലകൾ. അനന്തമായ മണൽപരപ്പിൽ കിടക്കുന്ന അനേകായിരം ചത്ത കക്കകളുടെ നടുവിലാണ് ഇപ്പോൾ എൻ്റെ ഇരുത്തം! എന്റെ മുന്നിലിരുന്ന് മണൽ കൊട്ടാരമുണ്ടാക്കി വീണ്ടും വീണ്ടും പരാജയപ്പെടുന്ന വിമൽ..ഈ അഞ്ചുവയസ്സിൽ ഇത്രയും പോസിറ്റിവിറ്റി യുള്ള  ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല.. തകർന്നു പോയിട്ടും വീണ്ടും വീണ്ടും  അതേ മണലിൽ അവൻ കെട്ടിയുയർത്താൻ ശ്രമിക്കുന്ന മണൽ കൊട്ടാരങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. 

എവിടെയാണ് ശ്യാമ? വിമലിന് ഐസ്ക്രീം വാങ്ങാനായി പോയതാണവൾ. ഒരുപക്ഷേ മോനിഷ്ടപ്പെട്ട നിറങ്ങൾ തിരഞ്ഞെടുക്കയായിരിക്കും..എൻ്റെയും അവന്റേയും  ഇഷ്ടങ്ങൾ അത്രമേൽ ശ്രദ്ധിക്കുന്ന ഒരാളില്ല!

ചിന്തകളുടെ ഇരമ്പൽ ഏറിവരുന്നുണ്ടെങ്കിലും കടലിന്റെ ശബ്ദത്തിന് ഞാൻ കാതുകൂർപ്പിച്ചിരിക്കുകയാണ്! കളങ്കമില്ലാത്തെതെന്തും ഒരു കൈയ്യെത്തലിലൂടെ അവൾ സ്വന്തമാക്കും ..സ്വന്തമാക്കിയിട്ടുണ്ട് എന്നതിനാലാണത്! വിമലിനു പുറകിലായി ചുവന്ന ആകാശം തെളിഞ്ഞു കാണാം ..ചിത്രകാരനായ സൂര്യൻ കടലിനു ചാർത്തിക്കൊടുത്ത സമ്മാനമാണ് സന്ധ്യ. അവന്റെ നിറങ്ങൾ, നിറങ്ങളില്ലാത്തവൾക്ക് പകർന്നു നൽകി. പക്ഷെ ഭൂമിയിലെ ഏറ്റവും ക്ഷണികവും ഹതഭാഗ്യകരവുമായ നിമിഷവുമാണ് സന്ധ്യ! സൂര്യചന്ദ്രന്മാരെ ആവോളം സ്നേഹിച്ചിട്ടും അവരുടെയൊപ്പം ജീവിക്കാനാവാതെ മരിച്ച, ഒരു പകലിന്റെ ആത്മാവാണ് അവൾ.. അതാവാം ദുഃഖത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണങ്ങളിലൊന്നായി സന്ധ്യയെ സങ്കൽപ്പിക്കുന്നത്...

വിമലിന്റെ മണൽക്കൊട്ടാരം മുങ്ങിത്താഴുന്ന സൂര്യനെ മറച്ചിരിക്കുന്നു. സാമാന്യം വലുതു തന്നെ. ഏതൊരച്ഛനും അഭിമാനിക്കാവുന്ന ഒരു മകനായി  അവൻ വളർന്നുവരും എന്നെനിക്കു തോന്നി..

കയ്യിൽ ഒരു ഓറഞ്ച് ബിസ്ക്കറ്റിന്റെ കോണിൽ, മേഘങ്ങളുടെ പതുപതുപ്പ് തോന്നിക്കുന്ന വാനിലാ ഐസ്ക്രീമുമായി ശ്യാമ വന്നു.

"ഇതെന്തേ ഒന്നേ വാങ്ങിച്ചുള്ളൂ?" ഇവൾ എന്നും, എനിക്ക് വേണ്ടി രണ്ടെണ്ണം കൂടി വാങ്ങുന്നതല്ലേ.. എന്റെ ചോദ്യങ്ങൾ അവൾ ഗൗനിച്ചില്ല..വിമലിന്റെ  അരികിലായി കടലിനെ നോക്കി ഇരുന്നു .. കുറുമ്പ് മാറാത്ത മീശക്കാരൻ എന്ന അവളുടെ വിളിയും, എൻറെ കൈയ്യിൽ നിന്ന് ഐസ്ക്രീം കഴിച്ചിരുന്ന ഞങ്ങളുടെ സായാഹ്‌നങ്ങളുമോർത്തപ്പോൾ ഹൃദയത്തിലെവിടെയോ ഒരു വേദന..

ചുവന്ന ആകാശത്തിന്റെ പ്രതിഫലനം അവളുടെ മുഖത്ത് വീണിരിക്കുന്നു .. കടൽക്കാറ്റിൽ ഒതുക്കാനാവാത്ത ചുരുളൻ തലമുടിയിഴകളെ അവൾ ഗൗനിക്കുന്നേയില്ല .എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന ശ്യാമയോളം  സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല..പ്രായത്തിന്റെ പ്രാരാബ്ധങ്ങൾ മുഖത്തെ അലസമാക്കിയിട്ടുണ്ടെങ്കിലും നുണക്കുഴികൾ നിറഞ്ഞ അവളുടെ ചിരി മാത്രം മതി, കൊഴിഞ്ഞ ഊർജ്ജമൊക്ക വീണ്ടെടുക്കാൻ! ഒരു സുന്ദരിയുടെ വടിവുകളും മാസ്മരികതയുമൊന്നുമല്ലയവളെ ദേവസുന്ദരി ആക്കിയത്,അളവുകോലിട്ടളക്കാനാവാത്ത, പറഞ്ഞു ഫലിപ്പിക്കാനാവാത്ത, ഒരിഷ്ടക്കൂടുതലാണ്.. അതുകൊണ്ടാണ് അവളിൽ ഓരോതവണ കണ്ണു പതിക്കുമ്പോഴും ഞാൻ പ്രണയത്തിലാണ്ടുപോകുന്നത്.

അവധിദിവസങ്ങളിൽ, കടൽത്തീരങ്ങൾ ഞങ്ങൾക്കൊരു പതിവാണ് .അധികമൊന്നും സംസാരിക്കാതെ, വെറുതെയിങ്ങനെ കടലിനെ നോക്കിയിരുന്നു കണ്ണുകളെ  സംസാരിക്കാൻ വിടാറാണ് ഞങ്ങൾ ചെയ്യാറ്! ഈ കടലും അവളുടെ കണ്ണുകളും  ഒരുപോലെ രഹസ്യങ്ങൾ സൂക്ഷിക്കുന്നവയാണ്..ആഴങ്ങളിൽ ഇറങ്ങി നോക്കിയാൽ മാത്രം കണ്ടെത്താവുന്ന മുത്തുകളും പവിഴങ്ങളും അവയ്ക്കുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്.. തിരയില്ലാത്ത കടലും വാചാലമല്ലാത്ത പെണ്ണിൻറെ കണ്ണും ഒരുപോലെ അസഹനീയം തന്നെ.

വിമൽ  തന്റെ ഐസ്ക്രീം മുഴുവൻ കഴിച്ചിട്ട്, പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.. മണലുകോരിയും കളിക്കോപ്പുകളും ശ്യാമ കൊടുത്ത കവറിലിട്ട് അവൻ വീട്ടിലേക്കു പോകാനുള്ള തിടുക്കം കാണിച്ചു. അവൾ അതൊന്നും ഗൗനിക്കുന്നേയില്ല. അവൾ കടലിൻ്റെ ഇരമ്പൽ കേൾക്കുകയാണ്! അവളുടെ തിരമാലകൾ എണ്ണുകയാണ്! കടൽ വിട്ടുപോകുന്നത് ഒരു ബുദ്ധിമുട്ട് തന്നെയാണ്..മൗനമായി നമ്മുടെ മനസ്സ് വായിച്ചെടുക്കുന്ന ഒരു നല്ല സുഹൃത്താണ് കടൽ.  അവളുടെ ആഴങ്ങളിൽ കൊണ്ടുചെന്ന് നമ്മുടെ രഹസ്യങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്നു.. മുത്തുകളുടേയും പവിഴങ്ങളുടേയും കൂട്ടത്തിൽ എന്റേതും നിന്റേതും ആയ കുഞ്ഞു കുഞ്ഞു രഹസ്യങ്ങൾ മിന്നിത്തിളങ്ങുന്നു.

എഴുന്നേൽക്കാൻ ഭാവമില്ലാത്ത ശ്യാമയുടെ  കൈവിട്ട് വിമൽ ഓടിനടന്നു..കുഞ്ഞിക്കാലുകൾ വേച്ചുവേച്ച് പോകുന്നുണ്ടെങ്കിലും ഓട്ടം നിർത്താൻ അവൻ തയ്യാറല്ല. കുഴഞ്ഞും മറിഞ്ഞും കാലുവലിച്ചും കൊണ്ട് അവൻ ഓടാൻ ശ്രമിക്കുന്നു. ഇതിനിടയിൽ ശ്യാമ അവനെ കടന്നു പിടിച്ചു. ചെവിക്കൊരു കിഴുക്കു വച്ചുകൊടുത്തു .ഒപ്പം "ഓടിപ്പോയാൽ നിനക്കിനി നല്ല തല്ലുകിട്ടും "എന്നൊരു ശാസനയും..ചെവി തിരുമ്മി എണീറ്റ അവൻ്റെ കുഞ്ഞിക്കണ്ണ് കലങ്ങിയിരുന്നു.. ഇതുകണ്ട് കലിതുള്ളി നിന്നിരുന്ന അവൾ കാതു തിരുമ്മി കൊടുത്തിട്ട്,"അമ്മയ്ക്ക് മോനല്ലേ ഉള്ളൂ "എന്നൊരു പറച്ചിലും കെട്ടിപ്പിടുത്തവും.. ഇത് തന്നെയാണ് മിക്കപ്പോഴും ഇവരുടെ പതിവ്. ഒരു കാതിൽപിടുത്തം,  ഒരു ശാസന , ഒരു ഉണ്ണികരച്ചിൽ , ഒരമ്മയുമ്മ പിന്നെ കെട്ടിപ്പിടുത്തവും.

അവൾ അവനെ എടുത്തു നടന്നു തുടങ്ങി.. നൂറു നൂറു കഥകൾ പറയുന്നുണ്ട് ശ്യാമ. നുണക്കഥകൾ സത്യമാണെന്ന് വിശ്വസിച്ച് കണ്ണു വിടർത്തി വിമലിന്റെ തലയാട്ടലും കൂടെ നടക്കുന്നുണ്ട്..ഒരാണിന്റെ ഏറ്റവും വലിയ ഭാഗ്യം ജീവനോളം സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരു കുടുംബമാണ്- അതിനു മുന്നിലും പിന്നിലും ഇതുവരെ മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. 

ഇരുട്ടു പടർന്നു പിടിക്കുന്നു. സന്ധ്യയുടെ നിറങ്ങളിലും കറുപ്പ് പടർന്നു പിടിച്ചിരിക്കുന്നു .എത്രയും വേഗം വീടെത്തണം .ഞാനും എന്റെ നടത്തത്തിന്റെ വേഗത കൂട്ടി .പക്ഷെ അമ്മയും മോനും എന്നെക്കാൾ ഒരുപാട് മുന്നിലായിരുന്നു. പെട്ടെന്ന്, ഒതുക്കി നിർത്തിയിട്ടിരിക്കുന്ന ഒരു സ്കോർപ്പിയോ യുടെ മുന്നിൽ അവൾ നിന്നു.. ആരോടോ എന്തോ സംസാരിക്കുന്നതു പോലെ എനിക്ക് തോന്നി.വൃദ്ധനായ ഒരാൾ വിമലിനെ വാങ്ങി.ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി.

ശ്യാമ വണ്ടിയിൽ കയറി. ഞാൻ അടുത്തെത്താറായപ്പോഴേയ്ക്കും അത് വിട്ടു പോവുകയും ചെയ്തു "ശ്യാമേ ഞാൻ കയറിയില്ല" എന്നുറക്കെ വിളിച്ചിട്ടും അവൾ തിരിഞ്ഞു  നോക്കിയതുമില്ല..എന്നെ അന്വേഷിച്ചതുമില്ല ഇവൾക്കെന്തു പറ്റി? ചിരിച്ച മുഖവുമായി, യാത്രകൾക്കൊപ്പം വരാറുള്ള എന്റെ ശ്യാമയുടെ മുഖം കറുത്തിരിക്കുന്നു ..എൻ്റെ കണ്ണുകളെ വിട്ട്, കടലിനെ അവയിന്ന് അഭയംപ്രാപിച്ചു ..ആലോചിക്കാതെ, വീടെത്താനുള്ള വഴി നോക്കാം എന്ന് ഞാൻ കരുതി..ചോദിക്കണം. എന്നെ ഗൗനിക്കാത്ത അവളുടെ പിണക്കത്തിന്റെ കാരണം എന്താണെന്ന് ചോദിച്ചറിയണം...

കടലും കടൽത്തീരവും രാത്രിയുടെ ശാന്തതയിലേക്ക് നീങ്ങുന്നു .. തിരക്കുകൾ ഒഴിയുന്ന കടകളും, റോഡരികുകളും സമാധാനം തേടിയുള്ള മനുഷ്യൻ്റെ ഓട്ടപ്പാച്ചിലായി എനിക്ക് തോന്നി. ഒഴിഞ്ഞ റോഡരികിൽ ഒരു ബൈക്ക് നിർത്തിയിട്ടുണ്ട്. പിൻസീറ്റ് കാലിയാണ്. കാലികീശയും കൊണ്ട് ബസ്സ് കേറാൻ പറ്റില്ലല്ലോ. ലിഫ്റ്റ് ചോദിക്കാം..അയാൾ ഇടതടവില്ലാതെ ഫോണിൽ സംസാരിക്കുകയാണ്. ഞാൻ പിൻസീറ്റ് ചാരി നിന്നു .ശൃംഗാരം കലർന്ന അയാളുടെ സംസാരം ദീർഘിച്ചു പോയപ്പോൾ ഞാനയാളെ തൊട്ടുവിളിച്ചു:    

"സുഹൃത്തേ ബാലരാമപുരം വരെ ഒന്ന് ലിഫ്റ്റ് തരാമോ?"

തിരിഞ്ഞുനോക്കാതെ  പിന്നെയും അയാൾ മറുപുറത്തെ  കിളിക്കൊഞ്ചൽ കേട്ടിരുന്നു..ഒന്നോ രണ്ടോ തവണ പിന്നെയും ഞാൻ അയാളെ തൊട്ടുവിളിച്ചു:

"ചങ്ങാതി ഒരു ലിഫ്റ്റ് തന്നിരുന്നെങ്കിൽ.. രാത്രിയായി .. പേഴ്സ് എടുത്തിട്ടില്ല. .അതാണ്..അഡ്രസ്സ് പറഞ്ഞു തന്നാൽ മതി ..കാശ് എത്തിക്കാം.."

എന്നെല്ലാം ഞാൻ പുലമ്പിക്കൊണ്ടിരുന്നു. ഒരുപാട് നേരത്തിനുശേഷം ,എൻ്റെ സംസാരം മൂലം, ഫോണിന്റെ മറുതലയ്ക്കൽ മറുപടികൾ മുറിഞ്ഞുപോകുന്ന ദേഷ്യത്തിൽ, അയാൾ എന്നെ തിരിഞ്ഞുനോക്കി.

"നശിച്ച കാക്ക!! ഇതൊക്കെ എവിടുന്നു വരുന്നു!!! ചെവിയുടെ ഉള്ളിൽ കേറിയിരുന്നാ അതിന്റെ ക്രാ ക്രാ!!"

 എന്നുപറഞ്ഞ് ഹെൽമറ്റെടുത്ത് ഒരൊറ്റ വീശൽ! റോഡിനപ്പുറമുള്ള ചെളിവെള്ളത്തിൽ പോയി ഞാൻ വീണു.. പാതിയടഞ്ഞ കണ്ണുകൾ കൊണ്ട് ഒരു കറുത്ത പ്രതിബിംബത്തെ, പോസ്റ്റിലെ, അരണ്ട മഞ്ഞ വെളിച്ചത്തിൽ ഞാൻ കണ്ടു. ഒരു കറുത്ത കാക്ക!-ഞാനൊരു കാക്കയാണ്.അല്ല..ആയിരിക്കുന്നു!

കറുത്ത മരണത്തിൻ്റെ ബലിച്ചോറ് തിന്ന വലിയ ചിറകുള്ള ബലിക്കാക്ക!