Kadhajalakam is a window to the world of fictional writings by a collective of writers

പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

കൈയില്‍ നിവര്‍ത്തി പിടിച്ച കത്തുമായി അവള്‍ വാതിൽപ്പടിയിൽ ചാരിനിന്നു. വിശ്വസിക്കാനാവാത്തൊരു സ്വപ്നത്തിലാണ് താനിപ്പോഴും എന്ന് അവള്‍ക്കു തോന്നി. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഓര്‍മകളില്‍ നിന്നൊരു പതിനാറുകാരന്‍ തന്‍റെ മുന്നിലെത്തി നില്‍ക്കുന്നു, ഒരു കത്തിന്‍റെ രൂപത്തില്‍. രാധിക വീണ്ടും കൈയിലെ കത്തിലേക്ക് മുഖം താഴ്ത്തി.

"പ്രിയപ്പെട്ട രാധൂ..ഇപ്പോഴും അങ്ങനെ വിളിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടെന്നു കരുതുന്നു. ഞാന്‍ രഘുവാണ്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ നാടിനെയും കളിക്കൂട്ടുകാരിയും വിട്ടകന്ന് എനിക്ക് അറിയാത്തൊരു നാട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം കൂട് മാറി പോയ അതേ രഘു. ഇപ്പോഴും, എനിക്കോര്‍മയുള്ള മേല്‍വിലാസത്തില്‍ നീയുണ്ടാകും എന്ന പ്രതീക്ഷയാണെനിക്ക് ഈ കത്തെഴുതാനുള്ള ധൈര്യം. നിന്നിലേക്ക്‌ എത്താന്‍ എനിക്ക് ആകെയുള്ള പിടിവള്ളിയാണ് ഈ മേല്‍വിലാസം. . അച്ഛനമ്മമാര്‍ എന്നെ ഏല്‍പ്പിച്ച കടമകള്‍ ഒക്കെ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞു.പഠനം, ജോലി,പണം,അന്തസ്സ് എല്ലാം. പക്ഷെ, എന്‍റെ സംതൃപ്തികള്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്. രാധൂ...ഞാന്‍ വരികയാണ്. നിന്‍റെ അരികിലേക്ക്. നമ്മള്‍ കളിച്ചു നടന്ന പാടവും പറമ്പും കാവും കുളങ്ങളും ഇലഞ്ഞിമരച്ചുവടുമെല്ലാമാണെന്നെ ഇത്ര കാലം, ഇവിടെ പിടിച്ചു നിര്‍ത്താന്‍ പ്രേരണ നല്‍കിയത്.ഇനി എനിക്ക് അതെല്ലാം തിരികെ വേണം. പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒരു വലിയ കാലയളവ്‌ ആണെങ്കിലും നിന്നോടോത്തുള്ള ഓര്‍മകളെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. നിന്നോടൊപ്പം കൈ കൂപ്പി നിന്ന സന്ധ്യകളും കാവും ഞാന്‍ പറയാന്‍ മറന്ന പലതും ബാക്കി വച്ചിരിക്കുന്നു. അതെല്ലാം പറഞ്ഞു തീര്‍ക്കാനും, നിനക്കൊപ്പം ഒരിക്കല്‍ കൂടി, ഇനിയുള്ള സന്ധ്യകളില്‍ ഒപ്പം നടക്കാനും ഈ വരുന്ന ഏപ്രില്‍ ഇരുപത്തിനാലിന് നിന്‍റെ വീടിനു മുന്നില്‍ ഞാനുണ്ടാകും. സ്നേഹത്തോടെ....രഘു.

രാധിക ആ കത്ത് നെഞ്ചോടു ചേര്‍ത്തു. രഘു....!!പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അവനെന്നെ ഓര്‍ത്തിരിക്കുന്നു. അവള്‍ക്ക് സന്തോഷം അടക്കാന്‍ വയ്യാത്തത് പോലെ തോന്നി. ഇടക്കെപ്പോഴൊക്കെയോ ഓര്‍മകളില്‍ വെറുതേ വന്നു പോകുമെന്നല്ലാതെ തന്‍റെ ഓര്‍മകളില്‍ നിന്നും അവന്‍ മാഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ അവന്‍ ഇതാ തന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു..

"രാധികേ.."ഉമ്മറത്ത്‌ നിന്നു വിളി ഉയര്‍ന്നു. അവള്‍ കത്തെടുത്തു ബുക്കിനിടയില്‍ വച്ചിട്ട് ഉമ്മറത്തേക്ക് നടന്നു.

അമ്മ കസേരയില്‍ ഇരുന്നു അവളെ നോക്കി.

എന്താമ്മേ?!

"നീയിതെവിടെ പോയി, കുറെ നേരമായിട്ട് കണ്ടില്ലല്ലോ"?

"ഞാന്‍ അപ്പുറത്ത് ഉണ്ടായിരുന്നു.അമ്മക്ക് എന്തേലും വേണോ?!

"വേണ്ട, കാണാഞ്ഞത് കൊണ്ട് വിളിച്ചതാ.."

അവള്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു..

"മോളെ..?!! അവര്‍ വീണ്ടും വിളിച്ചു. രാധിക അമ്മയെ നോക്കി. അവര്‍ക്കെന്തോ പറയാനുണ്ട് എന്നവള്‍ക്ക് തോന്നി. അവള്‍ ചെന്നു അമ്മയുടെ അടുത്ത് നിലത്തിരുന്നു.

"പറഞ്ഞോ..എന്താ കാര്യം?!!

അമ്മ അവളുടെ മുടിയില്‍ തഴുകി . ഇന്നലെ ആ നാരായണി പറഞ്ഞ കാര്യം അമ്മ ആലോചിക്കട്ടെ. അവള്‍ അമ്മയുടെ കൈയില്‍ പിടിച്ചു സ്നേഹത്തോടെ അമര്‍ത്തി.

"അവര്‍ സ്ത്രീധനം വേണ്ടെന്നു പറഞ്ഞോ ?!"അമ്മയുടെ മുഖം മങ്ങുന്നത് അവള്‍ കണ്ടു..

"എന്‍റെ അമ്മക്കുട്ടീ..." അവള്‍ സ്നേഹത്തോടെ വിളിച്ചു.."ദേ..ഈ ഒരു ദിവസം കൂടി ക്ഷമിക്ക്..അത് കഴിഞ്ഞാല്‍ നിന്‍റെ എല്ലാ വിഷമവും മാറും." അതെന്താ എന്നര്‍ത്ഥത്തില്‍ അവര്‍ മകളുടെ മുഖത്തേക്ക് നോക്കി.

"അതൊക്കെ ഉണ്ട്.കണ്ടോ.." അവള്‍ എണീറ്റ്‌ അകത്തേക്ക് നടന്നു. മകള്‍ പോകുന്നതും നോക്കി അവര്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.

രാധിക അകത്തു ചെന്നു വീണ്ടും കത്തെടുത്തു, അതിലെ അക്ഷരങ്ങള്‍ക്ക് മേലെ വിരലോടിച്ചു. കത്ത് തിരികെ ബുക്കില്‍ തന്നെ വച്ചിട്ടവള്‍ ഭിത്തിയില്‍ തൂക്കിയിരുന്ന കലണ്ടറിലേക്ക് നോക്കി. ഇന്ന് ഏപ്രില്‍ ഇരുപത്തിമൂന്ന്. നാളെ ഇരുപത്തി നാല്. അവള്‍ വീണ്ടും കത്തെടുത്ത് അത് അയച്ച ഡേറ്റ് നോക്കി. മാര്‍ച്ച്‌ ഇരുപത്തിഎട്ട്. കത്ത് തന്‍റെ കൈയിലെത്താന്‍ വളരെയധികം വൈകിയിരിക്കുന്നു. അത് നന്നായി എന്നവള്‍ക്ക് തോന്നി.കാത്തിരുപ്പിന്‍റെ ദൈര്‍ഘ്യം കുറഞ്ഞു കിട്ടിയല്ലോ. അവള്‍ കട്ടിലില്‍ ഇരുന്നു കൊണ്ട് കൈയെത്തി ജനാല തുറന്നിട്ടു. ഓര്‍മകളില്‍ സ്വയം മറന്നിരിക്കാന്‍ അവളാഗ്രഹിച്ചു. പെട്ടെന്നെന്തോ ഓര്‍മ്മ വന്നത് പോലെ അവള്‍ എഴുന്നേറ്റു. മുറ്റത്തേക്ക് ഉള്ള പടികള്‍ ഇറങ്ങുമ്പോള്‍ അമ്മ പിന്നില്‍ നിന്നു ചോദിച്ചു.

"എവിടേക്കാ നീയ്?!

അവള്‍ നടക്കുന്നതിനിടയില്‍ തന്നെ തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു.

"പെട്ടെന്ന് വരാമമ്മേ"

അവള്‍ ഉത്സാഹത്തോടെ മുന്നോട്ട് നടന്നു. ചുവന്ന വെട്ടുകല്ലുകള്‍ പാകിയ പഴയ പടിക്കെട്ടുകള്‍ ഇറങ്ങിചെല്ലുന്നത് ഒരു തെങ്ങിന്‍തോപ്പിലെക്കാണ്. മുന്നിലെ വയലില്‍ നിന്നും വീശുന്ന നേരിയ കാറ്റില്‍ തെങ്ങോലകളില്‍ തൂങ്ങിയാടുന്ന കുരുവികൂടുകള്‍ ഇളകി. അവള്‍ അത് നോക്കി അല്‍പ നേരം നിന്നു. ചില കൂടുകളില്‍ നിന്നു ചെറിയ കിളികൊഞ്ചലുകള്‍ കേള്‍ക്കാം. പടിക്കെട്ടുകള്‍ക്ക് താഴെ, നടന്നു തെളിഞ്ഞ വഴിയെ അവള്‍ കുറച്ചു കൂടി നടന്നു. കുന്നിന്‍റെ മുകളിലെ കാവ് ആയിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ അല്പം നടന്നിട്ടവള്‍ ആലോചിച്ചു നിന്നു.

"വേണ്ട"....അവള്‍ മനസിലോര്‍ത്തു.."ഈ കാവിലേക്ക് ഇനി താന്‍ കടന്ന് ചെല്ലേണ്ടത് പ്രിയപ്പെട്ടൊരാളുടെ കൈ പിടിച്ചാണ്. ഓര്‍മ്മകളെ തിരികെപിടിക്കാന്‍".. അവള്‍ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു നടന്നു. രാത്രിയവള്‍ ആ കത്തും കൈയില്‍ പിടിച്ചു കൊണ്ടാണ് കിടന്നത്. ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നൊരു രാത്രി അതിന് മുന്‍പ് അവള്‍ക്കുണ്ടായിട്ടില്ല. അതിരാവിലെ തന്നെ അവള്‍ എഴുന്നേറ്റു അടുക്കള ജോലി എല്ലാം ഒതുക്കി. കുളിച്ചു കുറിയിട്ട് കണ്ണാടിക്കു മുന്നില്‍ നിന്നു തന്നെ സ്വയമൊന്നു വിലയിരുത്തി. "സുന്ദരിയായിട്ടുണ്ട്.." അവള്‍ മനസിലോര്‍ത്തു കൊണ്ട് ഊറി ചിരിച്ചു.

"മോളെ, ഒരു ചായ താടീ..."അമ്മയുടെ ശബ്ദം ഉമ്മറത്ത്‌ നിന്നുയര്‍ന്നു. അവള്‍ അടുക്കളയില്‍ കയറി ഉണ്ടാക്കി വച്ചിരുന്ന ചായ ചൂടാക്കി അമ്മയുടെ കൈയില്‍ കൊണ്ട് കൊടുത്തു. കസേരയില്‍ ചാഞ്ഞിരുന്ന് പത്രം മുഖത്തോട് ചേര്‍ത്ത് പിടിച്ചു വായിക്കുന്ന അമ്മയെ നോക്കി അവള്‍ തിണ്ണയിലെ അരമതിലിലേക്കിരുന്നു. വായന നിര്‍ത്തി അമ്മ അവളെ നോക്കി ധീര്‍ഘനിശ്വാസത്തോടെ പറഞ്ഞു "ഓരോ വാര്‍ത്തകള്‍ കാണുമ്പൊള്‍ പേടിയാവും. അപകടവാര്‍ത്തകള്‍ മാത്രമേ ഉള്ളൂ ഇപ്പോള്‍ പത്രം തുറന്നാല്‍.."

അവര്‍ വീണ്ടും പത്രം മുഖത്തേക്ക് അടുപ്പിച്ചു"എത്ര നല്ലൊരു ചെക്കന്‍. കൂടി പോയാല്‍ നിന്‍റെ പ്രായം കാണും രാധൂ..അമിത വേഗതയാണത്രേ അപകടകാരണം. ആ അമ്മയിത് എങ്ങനെ സഹിക്കുമോ , ആവോ..?!! അവര്‍ പത്രം മകള്‍ക്ക് നേരെ നീട്ടി. രാധിക അലോസരത്തോടെ അമ്മയെ നോക്കി. "അമ്മക്ക് രാവിലെ വേറെ ഒരു വാര്‍ത്തയും കിട്ടിയില്ലേ വായിക്കാന്‍"?! അമ്മയെ നോക്കി മുഖം വീര്‍പ്പിച്ചു കൊണ്ടവള്‍ മുറ്റത്തേക്കിറങ്ങി. തെങ്ങിന്‍ന്തോപ്പിലേക്കുള്ള പടികളില്‍ അവള്‍ ചെന്നിരുന്നു. താടിക്ക് കൈ കൊടുത്ത്, ഓര്‍മയിലുള്ള രഘുവിന്‍റെ രൂപം വരച്ചെടുക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ ദൂരേക്ക് നോക്കി...

മണ്ണിന്റെ തണുപ്പ്

മണ്ണിന്റെ തണുപ്പ്

 പട്ടം പോലെ

പട്ടം പോലെ