ഇദ്‌ലിബിലെ അവസാനത്തെ മഴ
ഇദ്‌ലിബ് - എൻറെ മനസ്സിൻറെ വേദനയാണത്. അവിടെ ഇപ്പോൾ കാറ്റും വെളിച്ചവുമില്ല. കാർമേഘങ്ങളില്ല, മഞ്ഞുപെയ്യുന്ന രാവുകളില്ല. പിന്നെ ഒലിവുമരങ്ങളുടെ തണുത്ത സാന്ത്വനവുമില്ല.
കാല്പനികതയിൽ നിന്നു പോലും ഇദ്‌ലിബ് ഏറെ അകന്നിരിക്കുന്നു. ഓർമകളിലെ കൈകുഞ്ഞിന് തണലേകാനും, ഒലിവിന്റെ മാധുര്യം നുകരാനും ഇദ്‌ലിബ് ഇനി ഒരു പേരിനു മാത്രമെന്നത് പലപ്പോഴും തോന്നിപ്പോകും.
ഇദ്‌ലിബിലേക്കുള്ള നടപ്പാതയിൽ ചോരയുടെ മണം മാത്രം. തകർന്നടിഞ്ഞ കെട്ടിടങ്ങളും, കൊടിമരങ്ങളും വിതുമ്പിക്കരയുന്നതുപോലെ തോന്നി.
കുഞ്ഞിൻറെ കരച്ചിലിനു ഞാനപ്പോഴും കാതോർക്കുകയാണ്. ഏറെ നടന്നെത്തുമ്പോഴും അവൾ അടുത്തെവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന തോന്നൽ എപ്പോഴും ശരിയായിരുന്നു.
ഇദ്‌ലിബിലെ പൂന്തോട്ടങ്ങളിലും പഴങ്ങൾ മധുരിക്കുന്ന നാട്ടുമ്പുറങ്ങളിലും ഇപ്പോൾ പക്ഷികളൊ പൂമ്പാറ്റകളൊ ഇല്ല. അവിടെ കാവൽക്കാരില്ല, തെളിനീരുറവകളില്ല, പഴയ നാടൻ ശീലുകളില്ല.
അവിടുത്തെ മൂകതയിൽ ആ കുറുമ്പിക്കാരിയെ തിരയുകയായിരുന്നു മനസ്സപ്പോഴും.
"അങ്കിൾ ഇന്ന് ഒത്തിരി വൈകിയെന്നു തോന്നുന്നല്ലോ?"
അതിനുത്തരം പറയുന്നതിന് എത്രയോ മുമ്പുതന്നെ അവൾ വന്നു എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി.
അങ്കിൾ എന്ന് വിളിക്കാതെ തന്നെ അവളുടെ മുഖം പറയുന്നാണ്ടിയിരുന്നു, അവൾ കാത്തിരിക്കുകയാണെന്ന്. അവളെ എനിക്കും, എനിക്ക് അവളെയും അറിയാവുന്നതിലുമപ്പുറമായിരുന്നു എന്നുവേണം പറയാൻ.
ഇടക്കിടക്ക് അവളെൻറെ മുഖത്തേക്ക് എത്തി നോക്കുമ്പോഴൊക്കെ, ഒരു സമൂഹത്തിൻറെ മുഴുവൻ വേദനയും ആ നോട്ടത്തിൽ ഞാൻ നേരിട്ട് കണ്ടു. ആഴത്തിലുള്ള അവളുടെ കണ്ണുകളിൽ പഴയ കൗതുകത്തിൻറെയും നിഷ്കളങ്കതയുടെയും തുടിപ്പുകൾ ശേഷിപ്പുള്ളതുപോലെ. ആ വേദന അത്രക്കും എന്നെ ആ കൊച്ചു മനസ്സിലേക്കടുപ്പിക്കുകയായിരുന്നു.
"അറിയാലോ അല്ലെ, നമ്മളെങ്ങോട്ടാണ് നടക്കുന്നതെന്ന്?"
എല്ലാം ചോദ്യങ്ങൾ മാത്രം.
ഒലിവുമരങ്ങളുടെ താഴ്വരകളിൽ തകർന്നു കിടക്കുന്ന കോൺഗ്രീറ്റ് കൂമ്പാരങ്ങൾക്കിടയിലേക്കാണ് ഇത്തവണ അവളെന്നെ കൈപിടിച്ചു കൊണ്ടുപോകുന്നത്.
ഇരുളിൽ ഒന്നും തന്നെ തിരിച്ചറിയാതെ, ഒരു ചൂണ്ടുവിരൽപോലും കാണാതെ എത്ര സത്യമാണ് അവളുടെ കാൽവെപ്പുകൾ. അതിശയിപ്പിക്കുന്നതാണ്
അവളുടെ ഓരോ ഭാവങ്ങളും. എന്നെന്നേക്കുമായി നഷ്ടപ്പെട്ടതെന്തോ അവിടെ ഉണ്ടെന്നതാണ് അവളുടെ തോന്നൽ. എനിക്കും അങ്ങിനെത്തന്നെ തോന്നി.
കുറേനേരം കൈപിടിച്ച് നടന്നതിനുശേഷം, ചേർന്നുകിടക്കുന്ന മരത്തിനോടൊപ്പം അറിയാതെ അവൾ കിടന്നു.
ഒന്നും മനസ്സിലാകാതെ കുറെ നേരം ഇരുന്നെങ്കിലും അവളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാതിരുന്നില്ല. ഇരുളിൻറെ പാളികളിലൂടെ അവൾ എന്തോ എത്തിനോക്കുകയാണ്.
ഒരു കുഞ്ഞു പാവയെ അവൾ വലിച്ചെടുക്കുന്നത് ശ്രദ്ധിക്കാതെ പോയില്ല. പിന്നെ അതിൻറെ നിറവും കൂടെയുള്ള കീറിപ്പറിഞ്ഞ തുണികളും എല്ലാം അവൾക്കു പറയാനുള്ളത് മുഴുവനും മനസ്സിലാക്കിത്തന്നു.
അവളെ മാത്രമാക്കി ഒരു യുഗം അവസാനിക്കുകയായിരുന്നു എന്നത് സത്യം.
ചരിത്രം ഇദ്‌ലിബിൻറെ മാറിലുറങ്ങുമ്പോൾ, പുരോഗമനത്തിന്റെ ഈ നാഗരിത മറ്റൊരു ചരിത്രത്തിൻറെ ഭാഗവാക്കാകാനുള്ള തത്രപ്പാടിലാണ്. ഈ കുഞ്ഞും അതിൻറെ ഒഴുക്കിലൂടെ മെല്ലെ മെല്ലെ ഓളമിട്ടുകൊണ്ടിരുന്നു.
ഇരുളടയുന്നു. ചുറ്റും കാർമേഘങ്ങൾ മൂടിക്കെട്ടിയതുപോലെ.
ഇദ്‌ലിബിൻറെ മുഴുവൻ വിതുമ്പലും അതിലുണ്ട്. അത് ഒരു സമൂഹത്തിൻറെ മുഴുവൻ വിതുമ്പലാകാൻ നിമിഷങ്ങൾ പോലും ബാക്കിവെക്കാതെ മഴമേഘങ്ങൾ പെയ്തുകൊണ്ടേയിരുന്നു.
മഴയുടെ ആ കുത്തൊഴുക്കിൽ അവളുടെ കുഞ്ഞു മനസ്സും സ്വപ്നങ്ങളും ഒരഭയാർത്ഥിയുടെ വേഷമണിയുകയായിരുന്നു.
ഇദ്‌ലിബിലെ അവസാനത്തെ മഴ അതോടെ പെയ്തൊഴിയുകയായിരുന്നു.
---
കുറിപ്പ്: ഇദ്‌ലിബ് എന്നത് സിറിയയിലെ ഒരു പ്രദേശമാണ്, ഒലിവുമരങ്ങൾക്ക് പ്രശസ്‌തികെട്ട സ്ഥലം. ആഭ്യന്തര കലഹം ഇദ്‌ലിബിനെ നാമാവശേഷമാക്കിക്കഴിഞ്ഞു.