മകൻ
ഇന്ന് ഉണ്ണിയുടെ പിറന്നാളാണ്. മൂന്നുവർഷം മുൻപുവരെ സന്തോഷത്തോടെ ഞങ്ങൾ ഈ ദിവസം ആഘോഷിച്ചിരുന്നു. ഇന്നിപ്പോൾ അവനില്ല. ഒരു മാസമായി അവൻ വീട്ടിൽ വന്നിട്ട്. അവസാനം വന്ന ദിവസം അവന്റെ കുറെ തുണികളും പുസ്തകങ്ങളും എടുത്തുകൊണ്ട് പോയി, പൈസയും. എന്ന് വരുമെന്ന് ചോദിച്ചതിന് മറുപടിയില്ല. പണ്ട് വാതോരാതെ സംസാരിച്ച് എന്നെ ചിരിപ്പിച്ചിരുന്ന അവനിപ്പോൾ എന്നോട് സംസാരിക്കാൻ വയ്യാതായിരിക്കുന്നു. കോളേജിൽ ചേർന്നതിന് ശേഷമാണീ മാറ്റം. ആദ്യമൊന്നും ഇങ്ങനെയല്ലായിരുന്നു. രണ്ടാം വർഷമായപ്പോൾ മുതൽ അവനാകെ മാറി. സംസാരം കുറവ്. എപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കും. ഊണും ഉറക്കവുമില്ലാതെ തടിച്ച പുസ്തകങ്ങൾ വായിക്കും. കോളേജ് കഴിഞ്ഞ് വീട്ടിൽ വരാൻ താമസിച്ചു തുടങ്ങിയപ്പോളാണ് ഞാൻ അന്വേഷിച്ചത്. അപ്പോൾ അവന്റെ കൂട്ടുകാർ പറഞ്ഞത് അവൻ ഏതോ നക്സൽ സംഘത്തിൽ ചേർന്നെന്ന്. നക്സലോ എന്താ അത്. അറിയില്ല. എന്തോ അപകടമുണ്ടെന്ന് മനസിലായി. ഈ കുട്ടിക്കിതെന്താ പറ്റിയേ.
ഉച്ചക്ക് അവനിഷ്ടപ്പെട്ട മുളകുശ്യോം കോവക്ക മെഴുക്കുപുരട്ടിയും പായസവും ഉണ്ടാക്കി. അവൻ വരുമെന്ന് മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു. ഇല്ല, ഉച്ചക്കവൻ എത്തിയില്ല. അത്താഴത്തിനെങ്കിലുമാവൻ വരുമെന്ന് കരുതി സമാധാനിച്ചു. ഇന്നേദിവസം അവൻ വരാതെ ഞാൻ ജലപാനം ചെയ്യില്ലെന്ന് അവനറിയാം. കഴിഞ്ഞ കൊല്ലവും അവൻ താമസിച്ചാണെങ്കിലും എത്തിയിരുന്നു. വന്നു, സദ്യ ഉണ്ടു, പോയി. ഒന്നും സംസാരിച്ചില്ല.
ഉച്ച മുതലേ ആകെ മുടിപ്പുതച്ച ആകാശം. ഇന്ന് മഴപെയ്യും. റേഡിയോയിൽ പറഞ്ഞിരുന്നു. വിളക്ക് കത്തിച്ചു. വല്ലാത്ത കാറ്റ്. നാമം ജപിക്കാൻ മനസ്സിനൊരു സുഖം തോന്നുന്നില്ല. ആകെ ഒരു സങ്കടം. അവനുവേണ്ടിയാണ് ജീവിച്ചത്. അവന്റെ അച്ഛനും അമ്മയും മരിക്കുമ്പോ മൂന്ന് വയസ്സാണ് അവനു പ്രായം. അന്നുമുതൽ എനിക്കവനും അവനുഞാനുമെന്നോണം ജീവിച്ചു. ഒന്നിനും അവൻ വാശിപിടിച്ചിട്ടില്ല. അവനു വേണ്ടത് എന്തെന്ന് എനിക്കറിയാമായിരുന്നു. കോളേജിൽ ചേരാൻ പോയപ്പോ ഞാൻ വരുന്നില്ല എന്ന് പറഞ്ഞിട്ടും എന്നെയും കൊണ്ടവൻ പോയി. എല്ലാരേയും, 'അമ്മയാണ്' എന്നവൻ പരിചയപ്പെടുത്തി. അതെ പ്രസവിച്ചില്ലെന്നേ ഉള്ളു. ഞാനവന്റെ 'അമ്മ' തന്നെ.
ആരോടോ വാശിക്കെന്നോണം മഴ തകർത്തുപെയ്യുന്നു. കറന്റ് ഏഴുമണിക്ക് പോയതാണ്. ഈ മഴയിലും മിന്നലിലും കറന്റ് വരുമെന്ന് പ്രതീക്ഷിക്കണ്ട. മെഴുകുതിരി വെട്ടത്തിലിരുന്ന് പിന്നെയും ആലോചനയിൽ മുഴുകി. പെട്ടന്നാണ് ദൂരെ എവിടെയോ വലിയ ബഹളം നടക്കുന്ന ശബ്ദം കേട്ടത്. ഇടിമുഴക്കത്തിനിടയിലും അവ്യക്തമായ ശബ്ദം കേൾക്കാം. ആരോ കരയുകയാണ്. പെട്ടന്നുണ്ടായ മിന്നലിൽ വാതിൽ പടിയിൽ ഒരാൾരൂപം കണ്ടു. അതെ, എന്റെ കുട്ടിയല്ലെയത്? അവനെ ഏതിരുട്ടത്ത് കണ്ടാലും എനിക്ക് തിരിച്ചറിയാം. അവൻ മഴയിൽ കുളിച്ച് നിൽക്കുകയാണ്. വേഗമവനെ അകത്തുകയറ്റി തോർത്തെടുത്തു ഉച്ചിയിലെ മഴവെള്ളം തുടച്ചു.
"ആകെ നനഞ്ഞല്ലോ ഉണ്ണിയെ ".
അവനൊന്നും മിണ്ടിയില്ല. ഒന്ന് ചിരിച്ചു .
"അമ്മ ഉണ്ടിട്ടില്ല്യാലെ? വരൂ നമുക്കൊരുമിച്ചു കഴിക്കാം". അവൻ എന്നെയും കൊണ്ട് അടുക്കളയിലേയ്ക്ക് പോയി. രണ്ടു പാത്രത്തിൽ അവൻ തന്നെ ചോറുവിളമ്പി. മുളകുശ്യോം മെഴുക്കുപുരട്ടിയും കൂട്ടി ഒത്തിരിസന്തോഷത്തിൽ അവൻ കഴിക്കുകയാണ്. ഒരു ചെറിയ കിണ്ണത്തിൽ പായസവും കുടിച്ചു. ഊണുകഴിഞ്ഞു കിടക്കാനായി വന്നപ്പോൾ അവൻ എന്നെ ചേർത്തുപിടിച്ച് നെറുകയിൽ ഒരുമ്മ തന്നു. കുട്ടിക്കാലത്ത് അവൻ ഉമ്മ തന്നിട്ടേ ഉറങ്ങുമായിരുന്നുള്ളു. ആ പഴയ കുട്ടിയെ എനിക്കു തിരിച്ചുകിട്ടിയതുപോലെ. എന്നോടൊപ്പം കിടക്കണമെന്ന് അവൻ പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു കിടന്നു. കിടന്നപ്പോൾ തന്നെ അവൻ ഉറങ്ങി. എന്തെല്ലാമോ ആലോചിച്ച് മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ഞാനും.
രാവിലെ എഴുന്നേക്കാൻ ഒരുപാട് താമസിച്ചു. അവൻ കട്ടിലിൽ ഇല്ല. നേരത്തെ എഴുന്നേറ്റിരിക്കും. കുളിച്ചു. അടുക്കളയിൽ പോയി എനിക്കും അവനും ചായ ഇട്ടു . വരാന്തയിൽ കിടന്ന പത്രം എടുത്തു നിവർത്തി. ഇന്നും ഉണ്ട് മരണകണക്ക്. പോലീസ് എൻകൗണ്ടറിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. മൃതദേഹങ്ങളുടെ ചിത്രവും. അതിൽ ഉണ്ണിയുടെ മുഖശ്ചായയുള്ള ഒരു യുവാവ്. വേഗം മുറിയിൽ ചെന്ന് നോക്കി. ഇല്ല എന്റെ കുട്ടിയവിടില്ല. കുളിമുറിയിലും പുറത്തുമെല്ലാം നോക്കി. ഇല്ല.അവനവിടെങ്ങുമില്ല. അടുക്കളയിൽ ചെന്ന് നോക്കി. ഒരു പാത്രത്തിൽ ചോറും മുളകുശ്യോം മെഴുക്കുപുരട്ടിയും കിണ്ണത്തിൽ പായസവും. ഇന്നലെ അവനെല്ലാം കഴിച്ചതല്ലെ? എന്റെ കൂടെ കിടന്നുറങ്ങിയതല്ലേ?